വീണ്ടും ഒരു സ്വല്പം നെല്ലായി പുരാണം (കടപ്പാട് വി മനസ്കന്‍)
ഇവിടെ ഒരു ചങ്ങാതികൂട്ടമുണ്ട്. ഒന്നാം ക്ലാസ്സ് മുതല്‍ എന്‍ജിനീയറിങ്ങ് വരെ പഠിക്കുന്നവരുണ്ട് കൂട്ടത്തില്‍. ഒരു 5-6 പേര്‍ ഇതിന്റെ ചുക്കാന്‍ പിടിക്കുന്നു, ബാക്കി ഈ ചുറ്റുവട്ടത്തുള്ള എല്ലാ കുട്ടികളും അംഗങ്ങളുമാണു്.കുട്ടികളുടെ ഒരു കൂട്ടായ്മ. വരിസംഖ്യയില്ല, ലിഖിത നിയമങ്ങളില്ല, ഏതെങ്കിലും സംഘടനയുമായി ഒരു ബന്ധവുമില്ലാ, ഈ 5-6 പേര്‍ തീരുമാനിക്കുന്നു, ബാക്കിയുള്ളവര്‍ അക്ഷരം പ്രതി അനുസരിക്കുന്നു.
നാട്ടിലെ എന്തിനും ഏതിനും അവരുണ്ട്. ഓണത്തിനു കുമ്മാട്ടികെട്ടും, ഓണസദ്യ ഒരുക്കും. ക്രിസ്മസ്/ന്യൂ ഇയര്‍ ആഘോഷിക്കും. ക്ഷേത്രത്തിലെ ഉത്സവത്തിനു പിരിവു നടത്താനും കൂപ്പണ്‍ വില്‍ക്കാനും അവര്‍ റെഡി. അവരെക്കൊണ്ടാവുന്ന ചില്ലറ സഹായം മറ്റുള്ളവര്‍ക്കു ചെയ്യാനും അവരുണ്ടാവും.
എല്ലാവര്‍ഷവും ന്യൂ ഇയര്‍ ആഘോഷിക്കുന്നതു് കൂട്ടത്തില്‍ ആരുടെയെങ്കിലും വീട്ടില്‍ വച്ചായിരിക്കും. എന്നാല്‍ ഇപ്രാവശ്യം നമുക്കതു പുറത്തു വച്ചായാലെന്താ? Executive committee കൂടി, തീരുമാനമായി. ശരി പോയേക്കാം. - അതിരപ്പിള്ളി, വാഴച്ചാല്‍.(ഈ ഭാഗത്തുള്ള എല്ലാരും മിനിമം 10 പ്രാവശ്യമെങ്കിലും പോയിട്ടുള്ള സ്ഥലാട്ടോ അതു്!!)ഞങ്ങള്‍ക്കു് വളരെ അടുത്തല്ലേ.
ഇനിയുമെത്ര ദൂരം.....
എല്ലാ ഒരുക്കങ്ങളും അവര്‍ തന്നെ. കാശു പിരിക്കല്‍, കൊണ്ടു പോകാനുള്ള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കല്‍ (തീര്‍ച്ചയായും ഈ കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണമുണ്ട്). കുട്ടികളാണല്ലോ ഓര്‍ഗനൈസ് ചെയ്യുന്നതു്, കാര്യങ്ങള്‍ ഭംഗിയാവുമോ എന്ന ചിന്ത പോലും ആര്‍ക്കുമില്ല എല്ലാരും റെഡി, 35 പേരുടെ ബസ്സില്‍ 48 പേര്‍. അധികവും കുട്ടികളാണു്. അങ്ങിനെ ഞങ്ങള്‍ പുറപ്പെട്ടു 28ആം തിയതി ഉച്ചക്ക്കു് 1 മണിക്കു്.സ്ഥലം കാണാനൊന്നുമല്ല. എല്ലാരും കൂടി ഒരു രസം അത്ര തന്നെ.
ക്ഷീണിച്ചുപോയി. മഴക്കാലം വരട്ടേ, ശരിയാക്കാം.
ആദ്യം തുമ്പൂര്‍ മുഴി, അതിനുശേഷം വാഴച്ചാല്‍ - അവിടെ safe ആയ ഒരു സ്ഥലത്തു് കുറേയധികം നേരം വെള്ളത്തില്‍ കളിച്ചു. കാര്യമായ തിരക്കുണ്ടായിരുന്നില്ല. അതിനുശേഷം ഭക്ഷണം- പൂരി വിത്ത് ചന്ന മസാല, വെജ് കട്ട്ലറ്റ്, ചായ (ഹോം മൈഡ് - രാവിലെ തുടങ്ങിയതാ ആ പണി).
അവസാനം അതിരപ്പിള്ളി. അവിടെ വച്ചു് ന്യൂ ഇയര്‍ കേക്ക് മുറിച്ചു (അതും ഒന്നു രണ്ടു പേര്‍ സ്പോണ്‍സര്‍ ചെയ്തതു്). കൂട്ടത്തില്‍ ഏറ്റവും പ്രായമായ ഒരു മുത്തശ്ശിയാണു് കേക്ക് മുറിച്ചതു്. ഡെല്‍ഹിയില്‍ നിന്നു വന്നതായിരുന്നു അവര്‍. വന്നില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ (അവര്‍ക്കു) എന്നാണവര്‍ ട്രിപ്പിനെപ്പറ്റി പറഞ്ഞതു്.
100 രൂപക്കു് ഇത്രയൊക്കെ പോരേ?
പ്രകാശം പരത്തുന്ന ഒരു നാളേക്കായി ഇന്നു ഞാന്‍ വിട ചൊല്ലുന്നു.
സ്ഥലം കാണുന്നതിനേക്കാള്‍ ആസ്വദിച്ചതു ബസ്സിലെ യാത്രയല്ലേ എന്നു പോലും തോന്നി. പാട്ട്, ഡാന്‍സ്, മിമിക്രി, കവിത ചൊല്ലല്‍, കടം കഥ
എന്നു വേണ്ടാ, ശരിക്കും അടിച്ചുപൊളിച്ചു. തിരിച്ചു നെല്ലായിലെത്തിയപ്പോള്‍ രാത്രി 8 മണി. എല്ലാര്‍ക്കും സങ്കടം ഇറങ്ങാറായല്ലോ എന്നോര്‍ത്തു്. അടുത്ത ട്രിപ്പ് എങ്ങോട്ടാവണം എന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
ഇതിലൊന്നും പെടാതെ ഇതൊക്കെ ഒരു അനാവശ്യ കാര്യമാണെന്ന മട്ടില്‍ സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന ചുരുക്കം കുട്ടികളും ഇവിടെ ഇല്ലാതില്ല.പഠിപ്പില്‍ അല്ലെങ്കില്‍ ടിവി കാണലില്‍ മാത്രം താത്പര്യമുള്ളവര്‍. അവര്‍ക്കു്, ഒരുപക്ഷേ അവരുടെ അഛനമ്മമാര്‍ക്കും കുട്ടിക്കാലം ആസ്വദിച്ചു നടക്കുന്ന ഈ കുട്ടികളോട് പുഛമാണോ എന്നു പോലും തോന്നിയിട്ടുണ്ട്. അവര്‍ അറിയുന്നില്ല എന്താണവര്‍ക്കു് നഷ്ടപ്പെടുന്നതെന്നു്.ജീവിതത്തിന്റെ സുവര്‍ണ്ണ കാലമാണ്‍് കഴിഞ്ഞു പോകുന്നതു്. അതു മനസ്സിലാക്കി കൊടുക്കുവാന്‍ അഛനമ്മമാര്‍ തയ്യാറാവുന്നുമില്ല.അതെന്തോ ആവട്ടെ. എന്തായാലും ഭൂരിഭാഗം കുട്ടികളും അങ്ങിനെ അല്ല എന്നതു തന്നെ ആശ്വാസം.
നല്ല ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ. ഞാന്‍ എല്ലാം എടുക്കുന്നുണ്ട്, നിങ്ങള്‍ എടുത്തില്ലെങ്കിലും കുഴപ്പമില്ല എന്നു പറഞ്ഞതുകൊണ്ട് ഞാന്‍ കാര്യമായിട്ടൊന്നും എടുത്തുമില്ല. പക്ഷേ നിര്‍ഭാഗ്യ വശാല്‍, അദ്ദേഹം എടുത്ത ഫോട്ടോസെല്ലാം അബദ്ധത്തില്‍ എങ്ങിനെയോ deleted ആയി പോയി. എന്നാലും ഞാന്‍ എടുത്ത ചില പടങ്ങള്‍ കൊടുക്കുന്നു.
---------
വാല്‍ക്കഷണം അല്ലെങ്കില്‍ അടിക്കുറിപ്പു്:-
നിരക്ഷരനായ സഞ്ചാരി എന്നോട് പറഞ്ഞിട്ടുണ്ട് ഇതൊന്നും (ഈ യാത്രാവിവരണമേയ്)അത്ര വല്യ കാര്യൊന്നും അല്ല, എവിടെ യാത്ര പോയാലും ലേശം പൊടിപ്പും തൊങ്ങലും മേമ്പൊടിയുമൊക്കെ ചേര്‍ത്ത് അതൊരു പോസ്റ്റ് ആയി കാച്ചിയേക്കണമെന്നു്. ഈ രംഗത്തെ തലതൊട്ടപ്പനല്ലേ, കേക്കാതെ പറ്റ്വോ?
-------------------------
WISH YOU ALL A VERY
HAPPY NEW YEAR.
-------------------------
എഴുത്തുകാരി.
Tuesday, December 30, 2008
ചങ്ങാതിക്കൂട്ടവും അതിരപ്പിള്ളി യാത്രയും
Posted by Typist | എഴുത്തുകാരി at 11:14 PM 34 മറുമൊഴികള്‍
Monday, December 22, 2008
മറന്നോ എന്നെ നിങ്ങള്‍?
ഞാന്‍ വീണ്ടും... നീണ്ട രണ്ടു മാസത്തിനുശേഷം!!!
(ഈ രണ്ടു മാസത്തെ അസാന്നിദ്ധ്യത്തിന്റെ 75% credit goes to BSNL. ബാക്കി 25% മാത്രം എനിക്കവകാശപ്പെട്ടതു്)
എന്റെ അസാന്നിദ്ധ്യം ആരും ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല (ശ്രീ അന്വേഷിച്ചിരുന്നൂട്ടോ). എന്തായാലും ഞാന്‍ തിരിച്ചുവരുന്നു. (പൂര്‍വ്വാധികം ശക്തിയായി എന്നൊക്കെ പറയണമെന്നുണ്ട്.പക്ഷേ എത്രത്തോളം എത്താന്‍ പറ്റുമെന്നൊരു ഏകദേശ ധാരണ ഉള്ളതുകൊണ്ട് അതു പറയുന്നില്ല).
ഞാന്‍ എന്റെ നെല്ലായിയെപ്പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട്. പക്ഷേ പറയാത്ത ഒന്നുണ്ട്. ഇവിടത്തെ ഫോണ്‍/നെറ്റ് കണക്ഷന്‍. വല്ലാത്ത കഷ്ടം തന്നെയാണേയ്.നാലു ദിവസം തികച്ചു് ഫോണ്‍/നെറ്റ് കണക്ഷന്‍ ഉണ്ടാകുക എന്നതൊരു ലോകമഹാത്ഭുതമാണിവിടെ. അങ്ങിനെയൊരു കാലം ഞങ്ങള്‍ മറന്നു. NH 47 വീതി കൂട്ടുന്നു, കമ്പി മോഷണം പോകുന്നു എന്നതൊക്കെയാണ് സ്ഥിരം കാരണങ്ങള്‍.
ഇപ്പോള്‍ ഇവിടെ ആര്‍ക്കുമാര്‍ക്കും ഒരു പരാതിയുമില്ല.എല്ലാരും മൊബൈലിലേക്കു മാറിക്കഴിഞ്ഞു. പക്ഷേ BSNL നെറ്റ് കണക്ഷന്‍ ഉള്ള പാവം ഞാന്‍ എന്തു ചെയ്യാന്‍!.കൂനിന്മേല്‍ കുരു എന്നപോലെ ഒരു വര്‍ഷത്തേക്കുള്ള തുക ഒരുമിച്ച് അടച്ചു് 'unlimited' ഉപയോഗത്തിനുള്ള connection ഉം എടുത്തു.
ഇപ്പോള്‍ ആകെ ചെയ്യാന്‍ കഴിയുന്നതു്, അവര്‍ പറയുന്നതൊക്കെ മിണ്ടാതെ കേട്ടിരുന്നു് സ്വന്തം നിസ്സഹായതയെപ്പറ്റി ഓര്‍ത്തോര്‍ത്ത് രോഷം കൊള്ളുക എന്നതുമാത്രം.
നെല്ലായിക്കാരന്‍ “കരിങ്കല്ല്“ ഇതേ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട് ഇവിടെ.
ആ, അതൊക്കെ പോട്ടെ. നല്ല (?) കുറച്ചു പടങ്ങള്‍ കാണാം.അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു മരവും പൂക്കളും. തൊട്ട് അപ്പുറത്തെ പറമ്പില്‍ നിന്നു്.
അകലെ ഒരു പൂമരം
എന്തു ഭംഗി നിന്നെ കാണാന്‍!!
സൂക്ഷിച്ചുനോക്കൂ, എന്നെ കാണാമോ? (ഒരു കൊച്ചു കിളിയിരിക്കുന്നു, മുകളില്‍)
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 5:00 PM 48 മറുമൊഴികള്‍
Saturday, October 18, 2008
എന്താ ഞാന്‍ ഇങ്ങനെ!
ലക്ഷ്മി, അവളെന്റെ കൂട്ടുകാരിയാണ്.
ഞാന്‍ പറഞ്ഞിട്ടുണ്ടല്ലൊ, ഞങ്ങളിവിടെ ഒരു ചെറിയ ഒരു സംഘം ഉണ്ട്, കുടുംബശ്രീ അല്ല, അയല്‍ക്കൂട്ടമല്ല,ഒരു ചെറിയ ഒരു പരദൂഷണ കമ്മിറ്റി എന്നു വേണമെങ്കില്‍ പറയാം.സാമൂഹ്യസേവനമാണോ, അതുമല്ല. എന്നാലോ ഇവിടെ എന്തുണ്ടെങ്കിലും ഞങ്ങളുണ്ട്. ചോറൂണാവാം, അറുപതാം പിറന്നാളാവാം,വിളമ്പാന്‍ ഞങ്ങളുണ്ട്(വേണ്ടി വന്നാല്‍ പാചകത്തിനും ഒരു കൈ നോക്കാം), അമ്പലത്തിലെ ഉത്സവമാവാം,അതോടൊന്നിച്ചുള്ള അന്നദാനമാവാം, വിളക്കു കൊളുത്താനോ, മറ്റെന്തിനും ഞങ്ങളുണ്ട്. ഇവിടത്തെ അമ്പല കമ്മിറ്റിക്കാര്‍ ഞങ്ങളെപറ്റി പറഞ്ഞതെന്താന്നറിയ്വോ? ഞങ്ങളുടെ കൂട്ടായ്മ ഒരു വരദാനമാണെന്നു്, അവരുടെ പ്രവര്‍ത്തനങ്ങളില്‍.
പുരുഷന്മാരുടെ കയ്യില്‍നിന്നു്‍ സ്ത്രീകള്‍ക്ക് അങ്ങനെയൊരു കോമ്പ്ലിമെന്റ് കിട്ടുന്നതു് not so easy .അല്ലേ? (എന്റെ ബ്ലോഗ് സഹോദരന്മാര്‍ ക്ഷമിക്കണേ എന്നോട്).
ഞാന്‍ പറയാന്‍ പോകുന്നതു് അതൊന്നുമല്ല, നമുക്കു കാര്യത്തിലേക്കു കടക്കാം...
രണ്ടു ദിവസം മുമ്പ്
--------------
എന്താ ഞാന്‍ ഇങ്ങിനെയായതു്. എനിക്കവളോട്, ലക്ഷ്മിയോട്, വല്ലാതെ ചൂടായി സംസാരിക്കേണ്ടിവന്നു. രണ്ടു പേരുംകൂടി ചെയ്യാം എന്നു് ഏറ്റിരുന്ന ഒരു കാര്യം, അവള്‍ ഒന്നും ചെയ്യാതിരുന്നപ്പോള്‍, എല്ലാം ഞാന്‍ ഒറ്റക്കു ചെയ്യേണ്ടി വന്നപ്പോള്‍,ഞാന്‍ അറിയാതെ ചൂടായി, എന്തൊക്കെയോപറഞ്ഞുപോയി. ഞാന്‍ ഒന്നും പറയാതിരിക്കുകയായിരുന്നു. പക്ഷേ പറയാന്‍ ഞാന്‍ നിര്‍ബന്ധിതയായി എന്നു വേണം പറയാന്‍. ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരും സമ്മതിച്ചു, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നു്. അവള്‍ക്കും താന്‍ ചെയ്തതു് തെറ്റാണെന്നു മനസ്സിലാവായ്കയല്ല, പക്ഷേ സമ്മതിക്കാനൊരു പ്രയാസം. അവളും പറഞ്ഞു എന്തൊക്കെയോ.
അവള്‍ക്കു അവളുടേതായ ന്യായങ്ങളുണ്ടായിരുന്നു. ‘പറഞ്ഞിരുന്നൂന്നുള്ളതു് ശരിയാണ്. എന്നാലും ഒരു വാക്ക് എന്നെ ഒന്നു ഓര്‍മ്മിപ്പിക്കാമായിരുന്നില്ലേ?‘ എന്ന അവളുടെ ചോദ്യത്തിലും ന്യായമില്ലാതില്ല. പക്ഷേ അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതൊന്നും എന്റെ തലയില്‍ കേറിയില്ലെന്നു് പറഞ്ഞാല്‍ മതിയല്ലോ!
അതു കഴിഞ്ഞു മറ്റെല്ലാവരും കൂടി ഞങ്ങളെ സമാധാനിപ്പിച്ചു. ഞങ്ങള്‍ പരസ്പരം തെറ്റ് പറഞ്ഞു. അതില്‍ ഒരാള്‍ പറഞ്ഞ കമന്റ് ആണ് എനിക്കിഷ്ടപ്പെട്ടതു്. “നമ്മുടെ ചങ്ങാതിക്കൂട്ടം കുട്ടികള്‍ പരസ്പരം തല്ലുകൂടുന്നില്ലേ, എന്നിട്ടു സ്നേഹമാവുന്നില്ലേ. നമ്മളും കുട്ടികളാണെന്നു വിചാരിച്ചാല്‍ മതി” എന്നു്. അന്നു് അങ്ങിനെ പിരിഞ്ഞു.
വീട്ടില്‍ വന്നിട്ടും ഞാന്‍ ഭയങ്കര അസ്വസ്ഥയായിരുന്നു. തെറ്റേതാ, ശരിയേതാ എന്നതല്ല. ഞാന്‍ എന്തിനിത്ര ദേഷ്യപ്പെട്ടു. സമാധാനപരമായിട്ടു പറയാമായിരുന്നില്ലേ കാര്യങ്ങള്‍! എങ്ങിനെയോ എന്റെ നിയന്ത്രണം വിട്ടുപോയി.സംഭവിച്ചുപോയി. എന്നിട്ടിപ്പോള്‍ മനസ്സു് വെറുതെ വേവലാതിപ്പെടുന്നു. ഇത്രയധികം കുറ്റബോധം തോന്നിയ സന്ദര്‍ഭം, ഈ അടുത്ത കാലത്തൊന്നും എനിക്കുണ്ടായിട്ടില്ല. അതു വേണ്ടായിരുന്നു എന്ന തോന്നലും. എന്തിനുവേണ്ടി ആയിരുന്നെങ്കില്‍ കൂടി, ഞാന്‍ ചെയ്തതു്/പറഞ്ഞതു് മറ്റൊരാളെ വിഷമിപ്പിച്ചല്ലോ എന്ന തോന്നലും, എല്ലാം കൂടി എനിക്കെന്തോ സഹിക്കാനാവുന്നില്ല.ആ ചിന്ത മനസ്സില്‍ നിന്നു പോവുന്നുമില്ല. എത്രയോ ശ്രമിച്ചിട്ടും മനസ്സു് അവിടെ നിന്നു് മാറാന്‍ കൂട്ടാക്കുന്നില്ല. അറിയാതെ ഒരു നിമിഷം എന്റെ നിയന്ത്രണം വിട്ടുപോയി.ഞാന്‍ ശപിക്കുന്നു ആ നിമിഷത്തെ! ശരിക്കുറങ്ങാന്‍ പോലും പറ്റിയില്ല എന്നു പറഞ്ഞാല്‍ അതു നുണയല്ല.
ഇന്നു്:
-----
ഇന്നു ഞങ്ങള്‍ വിണ്ടും കണ്ടൂ, സംസാരിച്ചു. എന്റെ മനസ്സിലുണ്ടായിരുന്നതു മുഴുവന്‍ ഞാന്‍ പറഞ്ഞു അവളോട്. മനസ്സില്‍ ഉണ്ടായിരുന്നപോലെ പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റി എന്നു തോന്നുന്നില്ല. എന്നാലും ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ വച്ചു അങ്ങനെയൊന്നും പറയേണ്ടായിരുന്നു, മനസ്സില്‍ ഭയങ്കര കുറ്റബോധം, വിഷമം, ഞാന്‍ മറ്റൊരാളെ വേദനിപ്പിച്ചൂല്ലോ എന്ന തോന്നല്‍, എനിക്കെന്താ അതിനവകാശം? എന്റെ മനസ്സിലെ വികാരങ്ങള്‍ എനിക്കു പറ്റാവുന്ന തരത്തില്‍ ഞാന്‍ അവളോടു പറഞ്ഞു. അവളും പറഞ്ഞു, ഞാനും രണ്ടുദിവസമായിട്ടു പുറത്തിറങ്ങിയിട്ടുപോലുമില്ല.വീട്ടില്‍ മറ്റുള്ളവരോട് പോലും സംസാരിക്കാന്‍ കഴിയുന്നില്ല. നീ അതൊക്കെ പറഞ്ഞപ്പോള്‍ എനിക്കു മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. നമ്മുടെ മറ്റു കൂട്ടുകാരെ കാണാതിരിക്കാന്‍ ശ്രമിക്കുകയാണു് ഞാന്‍. അവരൊക്കെ എന്നെ ഒരു തെറ്റുകാരിയേപ്പോലെ നോക്കുന്നതായി എനിക്കു തോന്നുന്നു. നമ്മള്‍ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരല്ലേ. എന്നിട്ടെന്താ നമുക്കു പറ്റിയതു്? രണ്ടുപേരുടേയും കണ്ണു നിറഞ്ഞു. ഞാന്‍ ശരിക്കും കരഞ്ഞുപോയി. എനിക്കു പാവം തോന്നി, അവളോട്.
എന്തിനു പറയുന്നു രണ്ടുപേരും വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. എന്തായാലും ഇന്നു സംസാരിച്ചതിനു ശേഷം, വല്ലാത്ത ഒരു സമാധാനം തോന്നുന്നു. എന്നാലും അന്നു് എനിക്കു എന്തു പറ്റി, അതു വേണ്ടായിരുന്നു എന്ന തോന്നല്‍ ബാക്കി.
സത്യം പറഞ്ഞാല്‍ എന്റെയീ മുഖം എനിക്കുതന്നെ പുതിയതായിരുന്നു, ഇങ്ങനെയൊരു മുഖം എന്റെ ഉള്ളിലുണ്ടായിരുന്നു എന്നു് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല.ആരെയും വാക്കുകള്‍ കൊണ്ട് പോലും വിഷമിപ്പിക്കാന്‍ എനിക്കാവില്ല എന്നു മനസ്സിലായി.ഞാന്‍ ഭയങ്കര strong ആണെന്നൊക്കെയാ കരുതിയിരുന്നെ. ബാക്കിയുള്ളവരുടെ വിചാരവും അങ്ങിനെ തന്നെ. ഞാന്‍ ഈ രണ്ടു ദിവസംകൊണ്ട് അനുഭവിച്ച പ്രയാസം അവരാരും അറിഞ്ഞിട്ടില്ലല്ലോ. ഇപ്പോഴുമാ ചമ്മല്‍ എന്നെ വിട്ടുമാറിയിട്ടില്ല. ഞാന്‍ ശപിക്കുന്നു ആ നിമിഷത്തെ!
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 11:02 AM 45 മറുമൊഴികള്‍
Thursday, October 9, 2008
ചില നാട്ടുവിശേഷങ്ങള്‍ - അമ്പലവും, ആലും ഓര്‍മ്മകളുമൊക്കെ
അറിയാല്ലോ, ഞാനൊരു നെല്ലായിക്കാരിയാണെന്നു്. പക്ഷേ എന്തേ ഞാന്‍ ഇതുവരെ നിങ്ങളോട് ഞങ്ങളുടെ ക്ഷേത്രത്തെ പറ്റി പറഞ്ഞില്ല!, അറിയില്ല. അവിടത്തെ ഉത്സവത്തെപറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്.(ഇവിടെ,ഇവിടേയും)മഹാമുനിമംഗലം ക്ഷേത്രം. അതാണ് ഞങ്ങളുടെ ക്ഷേത്രം.
തൃശ്ശൂര്‍ നിന്നും എറണാകുളത്തേക്കു പോകുമ്പോള്‍ (തിരിച്ചും ആവാം) NH 47 ല്‍ പുതുക്കാടിനും കൊടകരക്കും ഇടക്കുള്ളൊരു കൊച്ചു സ്ഥലമാണ് നെല്ലായി. നെല്ലായി ബസ് സ്റ്റോപ്പില്‍ ഇറങ്ങി കിഴക്കോട്ടു നോക്കിയാല്‍ ക്ഷേത്രത്തിന്റെ കമാനം കാണാം. കമാനം കടന്നു നേരെ ചെന്നെത്തുന്നതു ക്ഷേത്രത്തില്‍. റോഡില്‍ നിന്നേ കാണാം.
കുറുമാലി പുഴയുടെ (ഇവിടെനിന്നും ഒഴുകിയാണതു് കുറുമാലിയില്‍ എത്തുന്നത്) തീരത്താണു് ക്ഷേത്രം. നരസിംഹമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. രാവിലെ ഉണ്ണികൃഷ്ണന്‍, നേരം ചെല്ലുംതോറും നരസിംഹമൂര്‍ത്തിയായി (ശാന്തനായ രൂപത്തില്‍) മാറിവരുന്നതായാണ് സങ്കല്പം.പേരു സൂചിപ്പിക്കുന്നതുപോലെ മുനിമാരുമായി ബന്ധപ്പെട്ടു കിടക്കുന്നു ഐതിഹ്യം. മുനിമാര്‍ മണല്‍കൊണ്ടും പിന്നീട് ശിലകൊണ്ടും ഉണ്ടാക്കിയ വിഗ്രഹത്തെ പൂജിച്ചിരുന്നു. പിന്നീട് കാലാന്തരത്തില്‍ ഇന്നത്തെ രീതിയില്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം.
ക്ഷേത്രത്തില്‍ നിന്നു് നേരിട്ടു് കടവിലേക്കിറങ്ങാം. ആണുങ്ങള്‍ക്കു വേറെ പെണ്ണുങ്ങള്‍ക്കു വേറെ കടവുകളുണ്ട്. ഇപ്പോഴും കുറേപേരൊക്കെ സ്ഥിരമായി പുഴയില്‍ കുളിക്കുന്നവരുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ പുഴയുടെ ഗതി മാറി കുറേശ്ശെകുറേശ്ശെയായി കടവില്‍ മണ്ണു കയറി കടവില്‍ നിന്നു് പുഴ നീങ്ങിപോയി. അതുകൊണ്ട് പെണ്ണുങ്ങളുടെ കടവു് മഴക്കാലത്തു് വെള്ളം കയറുമ്പോള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ.
ഓര്‍മ്മകള്‍ പാറി പറന്നു പോകുന്നു, പഴയകാലത്തേക്കു്. അന്നു ഞങ്ങള്‍ പുഴ നീന്തി കടക്കുമായിരുന്നു. അക്കരെയെത്തി അവിടെ നിന്നു് എന്തെങ്കിലുമൊരു തൂപ്പ് (ചെടി) പറിച്ചുകൊണ്ടുവരണം. വീണ്ടും നീന്തി ഇക്കരെയെത്തുമ്പോള്‍ സമ്മാനം. എന്താണെന്നല്ലേ അപ്സര പെന്‍സിലിന്റെ ഒഴിഞ്ഞ ഒരു ചെപ്പു്, അല്ലെങ്കില്‍ പല കളറില്‍ എഴുതാവുന്ന പെന്‍സില്‍ (എല്ലാം ബോംബെയില്‍ ബന്ധുക്കളുള്ളവര്‍ക്കു മാത്രം കിട്ടുന്നത്! എത്ര അമൂല്യമായ നിധി പോലെയാ അതൊക്കെ സൂക്ഷിച്ചു വച്ചിരുന്നത്!)
മണ്ഡലക്കാലമാകുമ്പോള്‍ രാവിലെ അഞ്ചിനും അഞ്ചരക്കുമൊക്കെ എഴുന്നേറ്റു പുഴയില്‍ പോയി മുങ്ങുന്നതു്, സോപ്പ് തേക്കലൊന്നുമില്ല, ആണ്‍കുട്ടികളുടെ ഒരു സെറ്റുണ്ട്, അവരേക്കാള്‍ മുന്‍പു് വൈലൂരമ്പലത്തില്‍ എത്തണം. പാടത്തുകൂടെ ഒരൊറ്റ ഓട്ടമാണ്‍. പാടത്തൊക്കെ കൃഷിയില്ലാത്ത സമയങ്ങളില്‍ മുതിര വിതച്ചിട്ടുണ്ടാവും. മൂക്കാത്ത മുതിര പൊട്ടിച്ചു തിന്നാന്‍ നല്ല രസമാണ്‍്. പിന്നെ നെല്ലിന്റെ കതിരു വലിച്ചെടുത്തു അതിന്റെ അറ്റത്തു ചവച്ചാല്‍ ഒരു തരം പാലുണ്ടാവും. എത്ര ചീത്ത കേട്ടിരിക്കുന്നു, എത്ര പ്രാവശ്യം തല്ലാന്‍ ഓടിപ്പിച്ചിരിക്കുന്നു.
ഇനിയുമുണ്ട് പലതും. പെണ്ണുങ്ങള്‍ കുളിക്കുമ്പോള്‍ ശബ്ദമുണ്ടാക്കാതെ നീന്തി അക്കരെ ചെന്നെത്തി നോക്കുന്ന വീരന്മാര്‍. ഒരു വിദ്വാന്റെ നരച്ച തല അയാള്‍ക്കു തന്നെ പലപ്പോഴും പാരയായിട്ടുമുണ്ട്.പക്ഷേ ആശാന്‍ അതുകൊണ്ട് പിന്‍വാങ്ങി എന്നൊന്നും ആരും കരുതണ്ട.
ഇന്നു വിജയദശമിയല്ലേ, വൈലൂര്‍ അമ്പലത്തില്‍ ഒന്നു പോയി. അപ്പോ തുടങ്ങിയതാ ഒരു നൊസ്റ്റാല്‍ജിക് മൂഡ്.
പാട്ടു് ഇടാന്‍ എനിക്കറിയില്ല. എന്നാലും എല്ലാരും ഈ സമയത്തു് മറക്കാതെ “ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ ..“ എന്ന പാട്ടു് എവിടുന്നെങ്കിലുമൊക്കെ സംഘടിപ്പിച്ചു കേള്‍ക്കുക.
എവിടെയോ തുടങ്ങി,കാട് കയറി എവിടൊക്കെയോ എത്തി അല്ലേ.ഇനി back to topic.
എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, ക്ഷേത്രം എന്ന സങ്കല്പത്തിനുള്ളില്‍ നിന്നു കൊണ്ടു തന്നെ, ഇവിടുത്തെ (ഈ ഒരു പ്രദേശത്തിന്റെയെങ്കിലും) മൊത്തം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ ക്ഷേത്രം. വനിതാ സമിതിയുണ്ട്, കുട്ടികളുടെ ചങ്ങാതികൂട്ടമുണ്ട്. ശരിക്കും ഭയങ്കര രസാട്ടോ. ക്ഷേത്രത്തിനു പിന്നില്‍ ഒരു ഊട്ടുപുരയുണ്ട്. ആരുടെയെങ്കിലും പിറന്നാള്‍ വന്നു. ഉടനെ തീരുമാനിച്ചു, ഒരു അന്നദാനം ആയാലോ. എന്നു വച്ചാല്‍ രാത്രിയില്‍ ഒരു കഞ്ഞിയും പുഴുക്കും, അല്ലെങ്കില്‍ ഇഡ്ഡലിയും സമ്പാറും. വെറുതെ ഒന്നു കൂടാനുള്ള ഒരു വഴി. അമ്മമാര്‍, അഛന്മാര്‍, കുട്ടികള്‍, ആകെ ഒരു 50-60 പേരുണ്ടാവും.ഞങ്ങളൊക്കെ കൂടി തന്നെ പാചകവും.( ഇന്നും ഉണ്ടായിരുന്നൂട്ടോ, കഞ്ഞിയും പുഴുക്കും അച്ചാറും.ദാ, ഇപ്പോ കഴിച്ചു വന്നേയുള്ളൂ).
വിഷുവന്നാലും ദീപാവലി വന്നാലും എല്ലാ ആഘോഷവും ഇവിടെ തന്നെ.കുട്ടികള്‍ വീട്ടില്‍ വാങ്ങുന്ന പടക്കവും സാധനങ്ങളുമെല്ലാം കൊണ്ടുവരും, എല്ലാവരും കൂടി ക്ഷേത്രമുറ്റത്തുവച്ചു് പൊട്ടിക്കും. ദീപാവലിയായാല്‍ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തു മുഴുവനും ദീപങ്ങളായിരിക്കും. ഇക്കൊല്ലത്തെ തിരുവോണത്തിനു പോലും ഞങ്ങള്‍ തീരുമാനിച്ചു,നമുക്കു് എല്ലാവര്‍ക്കും കൂടി ഒരുമിച്ചു ആയാലോ ഓണസദ്യ. മാങ്ങ, ചക്ക, നാളികേരം,ഇല എല്ലാം ആരെങ്കിലുമൊക്കെ കൊണ്ടുവരും. ഞങ്ങള്‍ തന്നെ വക്കും. ഇനിയിപ്പോ കുറേ നാളായി ഒത്തുചേരലിനൊരു അവസരം ഒത്തുവന്നില്ലെങ്കിലോ, എന്തെങ്കിലുമൊന്നു് - ഒരു ചെറിയ ഭജനയോ (ഇവിടത്തെ കുട്ടികളുടെ തന്നെ) മറ്റോ സംഘടിപ്പിക്കും. അപ്പോള്‍ അതോടനുബന്ധിച്ചു അന്നദാനവും ആവാലോ!!
ഉത്സവം മകരമാസത്തില്‍. 6 ദിവസം. ശരിക്കും നാട്ടിന്റെ തന്നെ ഒരു ഉത്സവം ആണതു്. കൂപ്പണ്‍ വില്പനയുടെ ചുമതല ചങ്ങാതികൂട്ടത്തിന്. അമ്പല കമ്മിറ്റി പ്രതീക്ഷിച്ചിരുന്നതിനേക്കള്‍ എത്രയോ കൂടുതല്‍ കാശു പിരിച്ചാല്‍ പ്രതിഫലമായി ഒരു ദിവസത്തെ ടൂര്‍. അവരും happy ഇവരും happy.
നോക്കൂ, എങ്ങിനെയുണ്ടെന്നു്, ഞങ്ങളുടെ നാടും അമ്പലവുമൊക്കെ. അടുത്ത ഉത്സവത്തിനു് തീര്‍ച്ചയായും വിളിക്കാട്ടോ.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 9:58 PM 49 മറുമൊഴികള്‍
Wednesday, September 24, 2008
പാവം എന്റെ രാധിക
മനസ്സിനെ ഒരുപാട് വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായി ഇന്നു്. എന്റെ സുഹൃത്തു് വന്നിരുന്നു, ഇന്നെന്നെ കാണാന്‍.
നമുക്കവളെ രാധിക എന്നു വിളിക്കാം. സര്‍ക്കാരുദ്യോഗസ്ഥയാണു്. കാണാന്‍ സുന്ദരി. എപ്പോഴും സന്തോഷവതിയായിട്ടേ അവളെ കാണാന്‍ പറ്റൂ. അവള്‍ ഉടുക്കുന്ന കോട്ടണ്‍ സാരികള്‍ കണ്ടാല്‍ കൊതിയാവും.എല്ലാ കാര്യത്തിലും അവളുണ്ട്. അമ്പലത്തിലെ കാര്യങ്ങളാണെങ്കിലും, തിരുവാതിരകളിയാണെങ്കിലും എന്തായാലും.
അവള്‍ പറയുന്നതു്, എനിക്കൊരുപാട് ദു:ഖമുണ്ട്. അതെന്റെ ഉള്ളിലിരുന്നോട്ടെ. അതുകണ്ട്` മറ്റുള്ളവര്‍ സന്തോഷിക്കണ്ട എന്നു്.പക്ഷേ ഇന്നവള്‍ കരഞ്ഞു, ഒരുപാട്. എന്നിട്ടു് പോകുന്നതിനുമുന്‍പ് ഒന്നും സംഭവിക്കാത്തതുപോലെ അവളുടെ മുഖം മൂടി എടുത്തണിയുകയും ചെയ്തു.
കുറച്ചു പുറകോട്ടു പോകാം. അവള്‍ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു.രാജീവ്. അയാള്‍ക്കും ഇഷ്ടമായിരുന്നു. രണ്ടുപേരും ഈ നാട്ടുകാര്‍ തന്നെ. വ്യത്യസ്ഥ ജാതിയില്‍ പെട്ടവര്‍.
ചില പ്രത്യേക കാരണങ്ങളാല്‍ അവര്‍ക്കു കല്യാണം കഴിക്കാന്‍ സാധിച്ചില്ല. അയാള്‍ അവളുടെ സമ്മതത്തോടുകൂടി തന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അവള്‍ക്കും കല്യാണത്തിനു മുന്‍പേ അറിയാമായിരുന്നു, രാജീവും രാധികയും തമ്മിലുള്ള അടുപ്പം.
രാധിക പക്ഷേ കല്യാണം കഴിച്ചില്ല.
രാജീവിനു കുട്ടികളായി.രാധിക അവരുടെ വീട്ടില്‍ പോകാറുണ്ട്. രാജീവിന്റെ ഭാര്യയും കുട്ടികളുമെല്ലാം അവളോട് വളരെ സ്നേഹത്തിലായിരുന്നു. കുട്ടികളെ അവള്‍ അവളുടെ വീട്ടില്‍ കൊണ്ടുപോകാറുണ്ട്. എന്തെങ്കിലും വിശേഷങ്ങളുണ്ടാവുമ്പോള്‍ അവളേയും വിളിക്കാറുണ്ടൂ്. ഒരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.
രാജീവിനു് ബിസിനസ്സ് ആണ്. അതില്‍ ക്ഷീണം വന്നപ്പോള്‍ അവളാണ് ഒരുപാടു് കാശ് സഹായിച്ചതു്.
ഇതിനിടയില്‍ അയാളുടെ ഭാര്യ കുറച്ചുകാലം പിണങ്ങി സ്വന്തം വീട്ടില്‍ പോയി നിന്നു. ആ സമയത്തു് രാജീവ് സുഖമില്ലാതെ ഹോസ്പിറ്റലില്‍ ആയിരുന്നപ്പോള്‍ കൂടി രാധികയാണു് കൂടെ നിന്നതും ശുശ്രൂഷിച്ചതും,ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ എന്നു പോലും നോക്കാതെ. ഭാര്യ തിരിഞ്ഞുപോലും നോക്കിയില്ല.
ഇപ്പോള്‍ ഭാര്യ തിരിച്ചു വന്നിരിക്കുന്നു. രാധികയോട് ഒരു ശത്രുവിനോടെന്നപോലെയാണിപ്പോള്‍.
ഇതിലെ ശരിയും തെറ്റും എനിക്കറിയില്ല.
പാവം രാധിക. അവള്‍ ഇന്നെന്നോടു പറഞ്ഞു, "എനിക്കാരോടും ഒന്നും പറയാന്‍ പോലും കഴിയില്ല, എല്ലാവരുടെ കണ്ണീലും ഞാന്‍ തെറ്റുകാരിയല്ലേ? നിനക്കെങ്കിലും എന്നെ മനസ്സിലാവില്ലേ? എനിക്കു തന്നെ അറിയാം ഞാന്‍ അയാളുടെ ആരാണ്? ആരുമല്ല. അങ്ങിനെ ഇഷ്ടപ്പെടാന്‍ പാകത്തില്‍ അയാളില്‍ എന്താണുള്ളതു് ,അതും എനിക്കറിയില്ല, എങ്കിലും എനിക്കയാളെ സ്നേഹിക്കാതിരിക്കാന്‍ കഴിയുന്നില്ലെടോ എന്നു്. "പക്ഷേ ഞാനൊരിക്കലും എന്റെ ഇഷ്ടം പുറത്തുകാണിച്ചിട്ടില്ല. തെറ്റായിട്ടൊന്നും ചെയ്തിട്ടുമില്ല.ആ ഇഷ്ടം എന്നുമെന്റെ മനസ്സില്‍ മാത്രമായിരുന്നു. എന്നിട്ടും എന്തിനെന്നെ ഒരു ശത്രുവിനെപ്പോലെ കാണുന്നു." ഞാനെന്താ അവളോട് പറയുക?
ഒന്നുകൂടി പറഞ്ഞു അവളെന്നോട്.(ഒരു വാശിപോലെ അവളൊറ്റക്കു് ഒരു വീടും പണിതിട്ടുണ്ട് ഇപ്പോള്‍. ആങ്ങളമാരുണ്ട്. അവര്‍ക്കൊക്കെ പക്ഷേ സ്വന്തം കുടുംബമായി)." ഈ പുതിയ വീട്ടിലും ഞാനൊറ്റക്കാണു്. എനിക്കൊരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തണമെന്നുണ്ട്, എന്റെ എന്നു പറയാന്‍ എനിക്കും വേണ്ടേ ഈ ഭൂമിയില്‍ ആരെങ്കിലും ". പക്ഷേ അവിടെയും വിധി അവള്‍ക്കെതിരാണ്. ഭാര്യയും ഭര്‍ത്താവും കൂടി അപേക്ഷിച്ചാലേ ദത്തെടുക്കല്‍ അനുവദിക്കുകയുള്ളൂവത്രേ.
കേട്ടിട്ട് ഒരു സിനിമാക്കഥ പോലെ തോന്നുന്നുണ്ടോ, പക്ഷേ അല്ല.
എനിക്കിതിലെ തെറ്റും ശരിയും അറിയില്ല കൂട്ടുകാരേ, പക്ഷേ എപ്പോഴും ചിരിച്ചുമാത്രം കണ്ടിട്ടുള്ള അവളുടെ കരഞ്ഞ മുഖം എന്റെ മനസ്സില്‍ നിന്നും പോകുന്നില്ല.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 12:03 AM 56 മറുമൊഴികള്‍
Thursday, September 4, 2008
ചില ഓണ വിശേഷങ്ങള്‍ - ഇത്തിരി അതിബുദ്ധിയും
അത്തം വന്നു. ഓണം വന്നുകൊണ്ടിരിക്കുന്നു. കായ വറുക്കണ്ടേ? എന്തായാലും വീട്ടില്‍ നമ്മള്‍ തന്നെ ചെയ്യണം, എന്നാല്‍ പിന്നെ നമുക്കതൊരുമിച്ചായാലോ? ചിന്ത മുള പൊട്ടിയതു രാധികക്ക്. പൂരാടത്തിനും ഉത്രാടത്തിനുമൊക്കെ കായ വറുത്തു സമയം കളയാന്‍ നില്‍ക്കുന്നതു ഒരു പഴഞ്ചന്‍ ഏര്‍പ്പാടല്ലേ.
“ഇപ്പഴേ വറുത്താല്‍ അതു് ഇത്തിരി നേരത്തേ ആവില്ലേ, ഓണമാകുമ്പോഴെക്കും എന്തെങ്കിലും ബാക്കി കാണുമോ“, ചിലരുടെ അസ്ഥാനത്തുള്ള സംശയങ്ങള്‍ “അതിനു നമ്മള്‍ നേരത്തേ ആ പണി കഴിച്ചു വക്കുന്നൂന്നല്ലേയുള്ളൂ.കാറ്റ് കടക്കാത്ത ഒരു ടിന്നിലിട്ടടച്ചു വച്ചാല്‍ പോരേ? എത്ര ദിവസം വേണെങ്കില്‍ ഇരിക്കില്യേ“ എന്ന അമ്മിണി ടീച്ചറുടെ ഉറപ്പിന്മേല്‍, നീണ്ട നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വിരാമമായി. ഒടുവില്‍ തീരുമാനമായി.ഉപ്പേരി വറവു് നേരത്തെ ആക്ക്ന്നെ. ഇനി വൈകിക്കണ്ട. അതിനു് അസംഖ്യം കാരണങ്ങളും .
രാധിക ചെന്നൈയില്‍ അമ്മയെ കാണാന്‍ പോകുന്നു.നാട്ടീന്ന് പോകുമ്പോള്‍ ഓണക്കാലത്തു കായ വറുത്തതു കൊണ്ടുപോണ്ടേ? ലക്ഷ്മിക്കു കുട്ടികള്‍ക്കു് സ്കൂളടച്ചാല്‍ ബാംഗ്ലൂരില്‍ ചേച്ചിയുടെ അടുത്തെത്തണം, നേരത്തെ തീരുമാനിച്ചതാ. ഉത്രാടത്തിനേ തിരിച്ചുവരൂ.
ആരുടേയും ഓണം ഷോപ്പിങ്ങ് ഒന്നും കഴിഞ്ഞിട്ടില്ല. സ്കൂളടച്ചിട്ടു വേണ്ടേ? തൃശ്ശൂര്‍ കല്യാണില്‍ (കല്യാണ്‍ സില്‍ക്സ്) എന്തോ ഒരു ഹങ്കാമ നടക്കുന്നു. 100 കാറുകളാ സമ്മാനം. തൊട്ടപ്പുറത്തു പുളിമൂട്ടില്‍. അവിടേയും സമ്മാനങ്ങളുടെ പെരുമഴ. ഇനി ഏറ്റവും ലേറ്റസ്റ്റ് ഇമ്മാനുവല്‍ സില്‍ക്സ്. തൃശ്ശൂരില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും ഇതിന്റെ പരസ്യമേയുള്ളൂ. അവിടെ പിന്നെ സാധനങ്ങളൊന്നും വാങ്ങിച്ചോളണമെന്നു തന്നെയില്ല. വെറുതെ വിസിറ്റ് ചെയ്താല്‍ മതിയത്രേ. വിസിറ്റ് ആന്റ് വിന്‍.കൂപ്പണ്‍ പൂരിപ്പിച്ച് പെട്ടിയിലിട്ടാല്‍ കിട്ടാന്‍ പോണതെന്താന്നറിയ്‌വോ, ഒരു ബെന്‍സ് കാര്‍.പുലിക്കളി, തിരുവാതിരക്കളി, ശിങ്കാരിമേളം, എന്നുവേണ്ടാ, സര്‍വ്വ ആഘോഷങ്ങളും ഉണ്ടവിടെ.
ആ പറഞ്ഞില്ല, തൃശ്ശൂരാട്ടോ ഞങ്ങടെ ഷോപ്പിങ്ങ് ആസ്ഥാനം. അതേ സാധനം അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കൊടകര പന്തല്ലൂക്കാരനില്‍ കിട്ടിയാലും ഞങ്ങള്‍ നെല്ലായിക്കാര്‍ക്ക് തൃശ്ശൂര്‍ക്കു പോയില്ലെങ്കില്‍ ഒരു സുഖമില്ല. എവിടുന്നാ ഓണക്കോടി എടുത്തേ എന്നു ചോദിക്കുമ്പോള്‍
കല്യാണില്‍ നിന്നു് അല്ലെങ്കില്‍ ഇമ്മാനുവലില്‍ നിന്നു് എന്നു് പറഞ്ഞില്ലെങ്കില് മോശമല്ലേ?
കഴിഞ്ഞില്ല, മോഡല്‍ സ്കൂള്‍ ഗ്രൌണ്ടില്‍ IRDP മേള. ചൂല്, കൊട്ട, മുറം തുടങ്ങി പുളിയിഞ്ചി, അച്ചാര്‍, പായസം വരെ ഉണ്ടവിടെ.
ശക്തന്‍ തമ്പുരാന്‍ മൈതാനത്തില്‍ സൂറത്ത് സാരി മേള. ഏതു സാരിയെടുത്താലും രൂപ 125 മാത്രം. അതും നിസ്സാര സാരികളൊന്നുമല്ലാട്ടോ.വിവിധ തരം ഷിഫോണ്‍, ജോര്‍ജ്ജറ്റു്, ക്രേപ്പ്. അതില്‍ കുറഞ്ഞൊന്നുമില്ല. വില്പന 3 ദിവസത്തേക്കു മാത്രം. ഇതിപ്പോ എത്രാമത്തെ 3 ദിവസമായി എന്നു മാത്രം അറിയില്ല.
സാരിക്കും ഡ്രസ്സിനും മാത്രമല്ലാ, മിക്സീ, വാഷിങ്ങ് മെഷീന്‍ എല്ലാത്തിനും ഉണ്ട്. നന്തിലത്തിന്റെ ഏതു ഷോറൂമിലും പോയി പര്‍ച്ചേസ് ചെയ്യൂ, സ്വന്തമാക്കൂ 3 ആള്‍ട്ടോ കാറുകള്‍.
ഇത്രയൊക്കെ ഞങ്ങളുടെ സ്വന്തം തൃശ്ശൂരില്‍ നടക്കുമ്പോള്‍ പോവാതിരിക്കാന്‍ പറ്റുമോ ഞങ്ങള്‍ക്ക്. ഇല്ല, കൊല്ലത്തില്‍ ആകെ കൂടി വരുന്ന ഒരേ ഒരോണമല്ലേ! ഇതൊനൊക്കെ സൌകര്യമായിട്ടും സമാധാനമായിട്ടും പോണമെങ്കില്‍, ഉപ്പേരി വറവൊക്കെ നേരത്തെ കഴിച്ചുവക്കണം.സംശയമേയില്ല.
കാരണങ്ങളൊക്കെ ക്ലിയര്‍ ആയില്ലേ, എല്ലാം ന്യായവും അല്ലേ.
അതുകൊണ്ട് ഞങ്ങള്‍ ഇന്നലെ കായ വറത്തു. 6 നല്ല കിണ്ണംകാച്ചി കുല, തോട്ടത്തില്‍ നിന്നു നേരെ വെട്ടിക്കൊണ്ടുവന്നതു്. ഓയില്‍ മില്ലില്‍ നിന്നു നല്ല ശുദ്ധമായ വെളിച്ചെണ്ണ സംഘടിപ്പിച്ചു. ശരദേടത്തിയാണ്
ചീഫ് കുക്ക്. പിന്നെ ജയ,രമണി, മീര, ലക്ഷ്മി, ശ്യാമ, രാധിക, ശ്രീദേവി,കിട്ടിയ അവസരം പാഴാക്കാതെ എല്ലാത്തിനും നേതാവായി അമ്മിണി ടീച്ചര്‍, പിന്നെ എഴുത്തുകാരിയായ ഈ ഞാനും. ശങ്കരേട്ടനും തിരുമേനിയുമുണ്ട് ഞങ്ങളെ സഹായിക്കാന്‍.(അയല്‍ക്കൂട്ടമോ, കുടുംബശ്രീയോ ഒന്നുമല്ലാട്ടൊ, ഞങ്ങള്‍ നാലഞ്ചു വെറും പാവം പരദൂഷണ കമ്മിറ്റിക്കാര്‍. അത്രേയുള്ളൂ). കുറച്ചുപേര്‍ കായ തൊലി കളയുന്നു, രണ്ടുമൂന്നു പേര്‍ ശര്‍ക്കരവരട്ടിക്കു അരിയുന്നു.വേറെ ചിലര്‍ വട്ടംവട്ടം അരിയുന്നു.ഒരല്പം നാട്ടുവര്‍ത്തമാനം, ഒരിത്തിരി പരദൂഷണം,ഉച്ചക്കു് കായത്തൊലിയും പയറും കൂട്ടി ഒരുപ്പേരിയും കഞ്ഞിയും. സംഭവം അടിപൊളി. അപ്പോ ഞങ്ങളുടെ കായ വറുക്കലും, പുളിയിഞ്ചി/അച്ചാര്‍ ഇത്യാദി നിര്‍മ്മാണവും കഴിഞ്ഞുവെന്നു് ചുരുക്കം.
(കാറ്റു് കടക്കാത്ത ടിന്നായാലും അതു തുറക്കാന്‍ പറ്റുമെന്നും ഒരു പ്രാവശ്യം തുറന്നാല്‍ പിന്നേം പിന്നേം തുറക്കുമെന്നും, അഞ്ചെട്ടു ദിവസം അങ്ങിനെ പിന്നേം പിന്നേം തുറന്നാല്‍ എന്തു സംഭവിക്കുമെന്നും അമ്മിണി ടിച്ചര്‍ പറഞ്ഞുതന്നില്ല, പാവം ഞങ്ങളറിഞ്ഞുമില്ല)
“എനിക്കും വേണമായിരുന്നു, എന്താ നിങ്ങള്‍ എന്നോടു പറയാഞ്ഞേ,എന്നു ചിലര്‍. “പുളിയിഞ്ചിയും ശര്‍ക്കരവരട്ടിയുമൊക്കെ അസ്സലായിട്ടുണ്ടല്ലൊ, കുറച്ചധികം ഉണ്ടാക്കിയാല്‍ ആവശ്യക്കാരുണ്ടാവും, നല്ല വിലക്കു വില്‍ക്കാം.“ എന്നു വേറെ ചിലര്‍.പ്രഥമന്‍ ഉണ്ടാക്കുമ്പോള്‍ എനിക്കും കൂടി വേണംട്ടോ, മറക്കല്ലേ (ഞങ്ങള്‍ക്കു് വേറെ പണിയൊന്നൂല്യല്ലോ, നാട്ടുകാര്‍ക്കു് പ്രഥമന്‍ ഉണ്ടാക്കി കൊടുക്കല്ലാണ്ട്!!) എന്നിത്യാദി കമെന്റുകള്‍ നെല്ലായിലെ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുമ്പോള്‍, ആഘോഷമായി ഉപ്പേരി വറുത്തു് ഒരു സംഭവമാക്കി മാറ്റിയ ഞങ്ങള്‍ ആലോചിക്കുന്നതു്, ഓണത്തിനു ഉപ്പേരിക്കെവിടെ പോകുമെന്നാണ്. മിണ്ടാന്‍ പറ്റ്വോ ആരോടെങ്കിലും. (ഒറങ്ങാന്‍ കള്ള് വേറെ കുടിക്കണമെന്നു പറഞ്ഞപോലെ, ഓണത്തിനു ഉപ്പേരി വേണമെങ്കില്‍ ഇനിയും വറക്കണം.അപ്പോള്‍ എബവ് മെന്‍ഷന്‍ഡ് കാരണങ്ങളെയൊക്കെ എന്തു ചെയ്യും, എവിടെ കൊണ്ടു വക്കും? ആലോചിച്ചിട്ടു് ഒരു എത്തും പിടിയുമില്ല)
വാല്‍ക്കഷണം - അതിന്റെ പടം എങ്കിലും ഇട്ട് ഞങ്ങളെ കൊതിപ്പിക്കാമായിരുന്നില്ലേ എഴുത്തുകാരീ എന്ന ചോദ്യം മുന്‍കൂട്ടി കണ്ട് അതിനുള്ള മറുപടി.സത്യമായിട്ടും, അതു് എന്റെ കാമറ പണിമുടക്കിയതുകൊണ്ടൊന്നുമല്ലാട്ടോ. നിങ്ങളോടുള്ള സ്നേഹം കൊണ്ട്, നിങ്ങള്‍ക്കു കൊതിയായാലോന്നു വച്ചിട്ടു തന്നെയാ.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 10:12 PM 43 മറുമൊഴികള്‍
Thursday, August 28, 2008
ഇതെന്തുപറ്റി എന്റെ കാലിനു്???
ഇതിപ്പോ ഒന്നര കൊല്ലത്തിനുള്ളില്‍ മൂന്നാം തവണയാണ് എന്റെ കാല് പണിമുടക്കുന്നതു്. എല്ലാം ഇടത്തേ കാലിനു്. എന്തായാലും പരുക്കിന്റെ കട്ടി കുറഞ്ഞു വരുന്നുണ്ട്.ആദ്യത്തെ പ്രാവശ്യം എല്ല് ഒടിഞ്ഞു.മൂന്നാഴ്ചക്കാലം പ്ലാസ്റ്ററൊക്കെയിട്ടു് ആഘോഷമായിട്ടാഘോഷിച്ചു.(അതു ഞാന്‍ ബൂലോഗരെയെല്ലാം അറിയിച്ചിരുന്നു - ഇവിടെ). രണ്ടാം വട്ടം , ഒടിഞ്ഞില്ല, അതിനു തൊട്ടു താഴെ, (അതാരേയും അറിയിച്ചില്ല), ഇതിപ്പോ വീണ്ടും. ഒന്നു തെറ്റിയാല്‍ മൂന്നു് എന്നല്ലേ, അതുകൊണ്ട് ഇതോടെ തീരുമായിരിക്കും.
പതിവുപോലെ സുന്ദരമായ പ്രഭാതം. അല്ലെങ്കിലും പ്രഭാതം എന്നാ സുന്ദരമല്ലാത്തതു്! പ്രത്യേകിച്ചു ചിങ്ങത്തിലെ പുലരികളാവുമ്പോള്‍. അത്തം ദാ, ഇങ്ങെത്തിക്കഴിഞ്ഞു. എന്തോ ഓണം എനിക്കെപ്പഴും ഒരു സന്തോഷം തന്നെയാണ്. എല്ലാരും പറയും, “ഇപ്പഴെന്തു ഓണം, ഒന്നൂല്യ. അന്നൊക്കെ എത്ര ദിവസം മുന്‍പു ഒരുക്കി തുടങ്ങണം. കായ വറുക്കണം, തൃക്കാക്കരയപ്പനുണ്ടാക്കണം. ഇപ്പോ അതു വല്ലതൂണ്ടോ, എല്ലാം റെഡിമൈഡ് അല്ലേ? അന്നു് കുട്ട്യോള്‍ക്കൊക്കെ ഓണത്തിനാ ഒരു കോടി ഉടുപ്പു കിട്ടുന്നതു്. ഇപ്പഴത്തെ കുട്ട്യോള്‍ക്കു് പുതിയ ഉടുപ്പിനുണ്ടോ ക്ഷാമം”
അങ്ങിനെ അങ്ങിനെ പോവും.
ഈ പറഞ്ഞതൊക്കെ ശരിയാണു്. എന്നാലും എനിക്കു സന്തോഷമാണ് ഓണക്കാലം. മനസ്സിന്റെ ഒരു തോന്നലാവാം. എല്ലാത്തിനും ഒരു ചന്തം വന്നപോലെ. അത്തമിങ്ങെത്തി കഴിഞ്ഞു, ഇനി നാലഞ്ചു നാള്‍ മാത്രം.
അല്ലാ, ഞാന്‍ ഇതെവിടെ എത്തി. പറയാന്‍ വന്നതു് ഇതൊന്നുമല്ലല്ലോ. പറയാം പറയാം. അങ്ങിനെ സുന്ദരമായ പ്രഭാതങ്ങളെ ഇഷ്ടപ്പെടുന്ന ഞാന്‍ മോഹിക്കാറുണ്ട് എന്റെ സിറ്റ് ഔട്ടില്‍ വെറുതെ ഇരിക്കാന്‍, എന്റെ തോട്ടത്തിലെ പൂക്കളെ കാണാന്‍, കിളികളെ കാണാന്‍ ,പുഴയില്‍ കുളിക്കാന്‍ പോകുന്നവരെ , അമ്പലത്തില്‍ തൊഴാന്‍ പോകുന്നവരെ (ഇതു രണ്ടും എന്റെ വീടിനടുത്താണ്)കാണാന്‍. പക്ഷേ എവിടെ? ഗേറ്റ് തുറക്കാന്‍ പോകുമ്പോള്‍, അല്ലെങ്കില്‍ പത്രം എടുക്കാന്‍ പോകുമ്പോള്‍, പുതുതായി വിരിഞ്ഞ പൂക്കളെ ഒരൊറ്റ നോട്ടം, ഇതോടെ തീരും പ്രഭാത ദര്‍ശനം. രാവിലെ നേരത്ത് മുറ്റത്തു കറങ്ങാന്‍ എവിടെ നേരം. പണികള്‍ അങ്ങിനെ വരി വരിയായി ക്യൂ നില്‍ക്കയല്ലേ?
ഇനി കാര്യത്തിലേക്കു്. ഇന്നു് മുകളില്‍ പറഞ്ഞ എന്റെ പ്രിയപ്പെട്ട കാഴ്ച്ചകളൊക്കെ കണ്ടു ഞാന്‍. എങ്ങിനെ എന്നല്ലേ.
ഒരിത്തിരി സമയം കിട്ടിയാല്‍ ഞാന്‍ ഒന്നുകില്‍ എന്റെ തോട്ടത്തില്‍ അല്ലെങ്കില്‍ പറമ്പിലേക്കിറങ്ങും.(എല്ലാം നിങ്ങളെ കാണിച്ചിട്ടുണ്ടല്ലോ പൂക്കളേയും, കപ്പയേയും, കാന്താരിമുളകിനേയുമൊക്കെ). നാളെ ഞാന്‍ ഭാര്യയേയും കൂട്ടി വന്നു് പണി കഴിക്കാം, ഓണായില്ലേ, മുറ്റത്തെ പുല്ല് ചെത്തണം, പറമ്പൊന്നു വൃത്തിയാക്കണം എന്നൊക്കെ പറഞ്ഞ് 100 രൂപയും വാങ്ങി പോയ തങ്കപ്പനെ പിന്നെ ഈ വഴിക്കു കണ്ടിട്ടില്ല. തങ്കപ്പനില്ലെങ്കിലെനിക്കു പുല്ലാ! ഞാന്‍ പോരേ ഇതിനൊക്കെ എന്ന മട്ടില്‍, വല്യ പണിക്കാരിയാണെന്ന ഭാവത്തില്‍ ഇറങ്ങി വെട്ടുകത്തിയും കൈക്കോട്ടുമായി. ഇതു കഴിഞ്ഞിട്ടു വേണം എല്ലാരോടും പറയാന്‍, ഞാനാ എന്റെ പറമ്പു മുഴുവന്‍ വൃത്തിയാക്കിയത്, എന്നൊക്കെ മനോരാജ്യം കണ്ടുകൊണ്ട് ചെടികള്‍ വെട്ടുന്നു, വൃത്തിയാക്കുന്നു, അങ്ങിനെ മുന്നേറിക്കൊണ്ടിരിക്കുന്നു. വെട്ടിയിട്ട ഒരു മരത്തിന്റെ (മരമൊന്നുമല്ല, വല്യ ചെടി) ചില്ലകള്‍ കുനിഞ്ഞു നിന്നു വെട്ടി മാറ്റുകയാണ്.
പിന്നെ ഒരു നിമിഷം ഞാന്‍ നോക്കിയപ്പോള്‍, ആഞ്ഞു വെട്ടിയതു് മരത്തിലല്ലാ, എന്റെ കാലില്‍ തന്നെയാണ്. ചോര പ്രളയം. ഒരു കഷണം അടര്‍ന്നു നില്‍ക്കുന്നു. വലിയ വിരലിന്റെ നഖത്തിന്റേയും വിരലിന്റേയും ജോയിന്റില്‍ തന്നെ. അതുകൊണ്ട് സ്റ്റിച്ച് ഇടാന്‍ പോലും വയ്യ. എങ്ങിനെ ഇത്ര കൃത്യമായിട്ടൊപ്പിച്ചെടുത്തു എന്നാ ഡോക്റ്ററുടെ ചോദ്യം. എല്ലാം കൂടി ഒതുക്കി കെട്ടിവച്ചു. വേദനയും സഹിച്ചു ഈ പാവം ഞാന്‍ (ഇപ്പോ വേദനയൊന്നും ഇല്യാട്ടോ).
ഉടനേ കിച്ചന്‍ ആന്‍ഡ് അതര്‍ വര്‍ക്സ്, ഹാന്‍ഡ് ഓവര്‍ ചെയ്യപ്പെട്ടു. ഓടിനടന്നു പണിയെടുത്ത് കാല് അവിടേം ഇവിടേം തട്ടിയാല്‍ പ്രശ്നായല്ലോ, സൂക്ഷിച്ചിരിക്ക്യല്ലേ നല്ലതു്? ഓണല്ലേ വരണതു്.
ചുരുക്കത്തില്‍ ഒരു മൂന്നു നാലു ദിവസത്തെ പ്രഭാത ദര്‍ശനം തരപ്പെട്ടൂന്നു പറഞ്ഞാല്‍ മതിയല്ലോ.രാവിലെ സിറ്റ് ഔട്ടില്‍ വന്നിരിക്കാം. ചായ അവിടെ കൊണ്ടു തരും.വല്യ വേദനയൊന്നൂല്യ, എന്നാലും ഉള്ളപോലെയൊക്കെ ഭാവിച്ചു ഞാന്‍ സുഖമായിട്ടവിടെ ഇരിക്കും. എന്റെ ഓട്ടം കണ്ടിട്ടു് ദൈവം തന്ന ഒരു കമ്പല്‍സറി റെസ്റ്റ് ആണോ എന്തോ!
എഴുത്തുകാരി.
വാല്‍ക്കഷണം - ഇന്നലെ എന്നെ കാണാന്‍ വന്ന ഒരു സുഹൃത്തിന്റെ മകന്‍ പറഞ്ഞതു് “ഇപ്പഴും ഈ കാലില്‍ തന്നെയാ, ഇടക്കൊരു ചൈഞ്ചു് ഒക്കെ ആവാട്ടോ” എന്നു്.
Posted by Typist | എഴുത്തുകാരി at 2:30 PM 41 മറുമൊഴികള്‍
Thursday, August 14, 2008
ഞാനും പോയി ഒരു യാത്ര
ബ്ലോഗിലെ യാത്രാവിവരണത്തിനു് സമ്മാനം കിട്ടിക്കൊണ്ടിരിക്കുന്ന കാലമല്ലേ(അടിക്കുറിപ്പു് നോക്കുക), എന്നാല്‍ ഞാനും എഴുതിയേക്കാം ഒരെണ്ണം എന്നു വച്ചു. പക്ഷേ യാത്ര പോകാതെ എങ്ങിനെ വിവരണം ഒപ്പിക്കും?
ഞാനും പുറപ്പെട്ടു. ആരുമാലോചിച്ചു ബുദ്ധിമുട്ടണ്ട, ആന്‍ഡമാനിലേക്കോ, ആഫ്രിക്കയിലേക്കോ ഒന്നുമല്ല. വെറുതെ നെല്ലായി മുതല്‍ തൃശ്ശൂരു വരെ. (എന്താ അതു യാത്രയല്ലേ!!)
അദ്ധ്യായം ഒന്നു്:
-----------
നെല്ലായില്‍ നിന്നു് ഒരു KSRTC ശകടത്തില്‍ കയറുന്നു. ഭാഗ്യവശാല്‍ ഒരു സീറ്റും കിട്ടി. രണ്ടു സ്റ്റോപ്പ് അപ്പുറ്ത്തു നന്തിക്കരയില്‍നിന്നും ഒരു വല്യപ്പനും വല്യമ്മയും കയറി. അവരും ഇരുന്നു. കുറുമാലിയില്‍നിന്നു് വേറൊരു ചേച്ചിയും കയറി. ഇപ്പോള്‍ കഥാപാത്രങ്ങളെല്ലാം രംഗപ്രവേശം ചെയ്തുകഴിഞ്ഞു.( ഇനിയും പലരും കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. അവരൊന്നും നമ്മുടെ കഥേടെ നാലയലത്തു വരില്ല). അവര്‍ പരിചയക്കാരാണ്. സന്തോഷമായി രണ്ടു കൂട്ടര്‍ക്കും. ഭാണ്‍ഡക്കെട്ടഴിച്ചു, വര്‍ത്തമാനത്തിന്റെ. വല്യമ്മ ചേച്ചിയോട് - നീ എവിടക്കാ?
ചേച്ചി - തൃശ്ശൂര്‍ക്കാ
വല്യമ്മ - എന്താ വിശേഷിച്ചു?
ചേച്ചി - ഏയ് വെറുതെ
വല്യമ്മ - വെറുതെയാ?
ചേച്ചി - ആ.
വല്യമ്മ - ഇതെന്നു തുടങ്ങി? (എന്നു വച്ചാല്‍ വെറുതെ തൃശ്ശൂര്‍ക്കു പോക്കു എന്നു തുടങ്ങി എന്നു സാരം)
ചേച്ചി - ചിരി മാത്രം. മറുപടിയില്ല.
പിന്നെ കുറേ വിശേഷങ്ങള്‍ എക്സ്ചേന്‍ജ്ജ് ചെയ്തു. എന്നിട്ടും തൃശ്ശൂരെത്തുന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ചേച്ചി വല്യമ്മയോട് - അമ്മാമ്മ എവിടെപ്പോയിട്ടാ.
വല്യമ്മ പറഞ്ഞു (വല്യമ്മ ആരാ മോള്!) ദാ, ഇവട വരെ. ഞങ്ങളെ നോക്കി കണ്ണിറുക്കി ഒരു ചിരിയും. എന്നിട്ടു കൂട്ടിചേര്‍ത്തു ‘അങ്ങ്നനെയായാ പറ്റ്വോ.
എങ്ങിനേണ്ട്, എങ്ങിനേണ്ട് (ഇന്നസന്റ് സ്റ്റൈലില്‍ വായിക്കണം!)
അദ്ധ്യായം രണ്ട്:
-----------
തൃശ്ശൂരെത്തി. ബ്രൈറ്റ് ലൈറ്റിന്റെ ഒരു ടോര്‍ച്ച് കത്തുന്നില്ല.പോസ്റ്റ് ഓഫീസ് റോഡില്‍ അതു നന്നാക്കുന്ന ഒരു കടയുണ്ടെന്നു് എന്റെ സുഹൃത്തു പറഞ്ഞിരുന്നു. അവിടെ പോയപ്പോള്‍ അവര്‍ പറഞ്ഞു നന്നാക്കി തരാം. ടോര്‍ച്ച് നോക്കി. പിന്നെ പറഞ്ഞു, അല്ലെങ്കില്‍ വേണ്ടാ, കുറച്ചുകൂടി പോയിട്ടു വേറൊരു കടയുണ്ട്. അവിടെ കൊടുത്താല്‍ നിസ്സാര കാശു മതി, അവര്‍ വീട്ടിലെത്തിച്ചു തരും. ആ കടയിലേക്കുള്ള വഴി പറഞ്ഞുതന്നു. നേരെ പോണം. എന്നിട്ട് ആദ്യത്തെ വലത്തേക്കുള്ള റോഡ്. അങ്ങോട്ടു പോവരുതു്. അവിടെ വട്ടത്തിലൊരു കെട്ടിടം കാണും. “കാളിന്ദി” ന്നാണ് കടേടെ പേരു്. എന്നോടു ചോദിച്ചു, കട മനസ്സിലായോന്നു്. ഞാന്‍ കണ്ടുപിടിച്ചോളാമെന്നു പറഞ്ഞു നടന്നു തുടങ്ങിയപ്പോള്‍ ആ കടയിലെ ഒരു ജോലിക്കാരന്‍ (എന്നു തോന്നുന്നു) പറഞ്ഞു. ഞാന്‍ ആ വഴി പോകുന്നുണ്ട്, ഞാന്‍ കാണിച്ചു തരാമെന്നു്. ഞാന്‍ അയാളുടെ പിന്നാലെ പോയി. അപാര സ്പീഡായിരുന്നു ചേട്ടനു്, ഒപ്പമെത്താന്‍ ഞാന്‍ ബുദ്ധിമുട്ടി.
അദ്ധ്യായം മൂന്നു്:
-----------
വട്ടത്തിലുള്ള കെട്ടിടം വന്നു. അവിടെയുണ്ട് “കാളിന്ദി”. എന്റെ മാര്‍ഗ്ഗദര്‍ശി അവരോടു വിളിച്ചു പറഞ്ഞിട്ടാ പോയതു്, ദാ ഒരാളു വന്നിരിക്കുന്നു. (അതു് ബ്രൈറ്റ്ലൈറ്റിന്റെ കളക്ഷന്‍ സെന്റര്‍ ആയിരിക്കണം) ടോര്‍ച്ച് വാങ്ങി, ചാര്‍ജ്ജര്‍ വാങ്ങി, എന്റെ അഡ്രസ്സും ഫോണ്‍ നമ്പറുമെല്ലാം എഴുതിവാങ്ങി. കടയുടമസ്ഥനാണോന്നറിയില്ലാ, നോക്കട്ടെ എന്നു പറഞ്ഞു അതും കൊണ്ടുപോയി. ഇത്തിരി കഴിഞ്ഞു കത്തുന്ന ടോര്‍ച്ചുമായി പുറത്തേക്കു വന്നു. എന്തോ നിസ്സാര കേസായിരുന്നു. അവര്‍ക്കു തന്നെ ശരിയാക്കാവുന്നതു്. ഒരു മിനിമം 100 രൂപയെങ്കിലും ആ വഴിക്കു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എത്രയായി എന്നു ചോദിച്ചപ്പോള്‍ ഏയ്, ഒന്നും വേണ്ട എന്നു പറഞ്ഞു. ഒരു 25-50 ഒക്കെ സുഖമായിട്ടു വാങ്ങാമായിരുന്നു.
അദ്ധ്യായം 4:
---------
ഇനി അടുത്ത യാത്ര ഒരു ഹോസ്പിറ്റലിലേക്കു്. ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്കു ഒരു പെന്‍ ഹോസ്പിറ്റല്‍ ഉണ്ട്. ഒരുമാതിരിപെട്ട പേന രോഗങ്ങള്‍ക്കെല്ലാം ചികിത്സ അവിടെ കിട്ടും. ഹൃദയം, കരള്‍ എന്നുവേണ്ട, കിഡ്നി വരെ മാറ്റിവക്കാനുള്ള സംവിധാനങ്ങളുണ്ട്. സ്പെയര്‍ പാര്‍ട്സിനും മറ്റെവിടേയും പോണ്ട. ഞാനും കൊണ്ടുപോയി 5-6 രോഗികളെ. ജലദോഷപ്പനി മുതല്‍ മാറാരോഗം എന്നു ഞാന്‍ കരുതിയിരുന്നതു വരെ. കിടത്തി ചികിത്സ വേണ്ടവര്‍ക്കു അതുമാവാം. അവിടെ ഏല്പിച്ചു പോരാം.ഡോക്റ്റര്‍ പറയുന്ന ദിവസം പോയാല്‍ കൊണ്ടുപോരാം.ഒരുപാടുകാലമായിട്ടു ആ ഒറ്റ ഡോക്ടറേയുള്ളൂ അവിടെ. പേന മെഡിക്കല്‍ കോളേജില്‍ സീറ്റു കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണൊ എന്തോ പുതിയ ആരും വന്നിട്ടില്ല. തീരെ കത്തിയല്ല, 5 പേനക്കും കൂടി 25 രൂപയേ ആയുള്ളൂ.
മടക്കയാത്ര:
---------
വേറെയും ഒന്നു രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു സ്വപ്നേടെ അടുത്തുള്ള സ്റ്റോപ്പില്‍ ചാലക്കുടി ബസ്സില്‍ കയറി ഇരുന്നു. പ്രിയപ്പെട്ട സൈഡ് സീറ്റില്‍. കാഴ്ച്ചയൊക്കെ കണ്ടു പോവാല്ലോ. പോലീസിന്റെ അനൌണ്‍സ്മെന്റ് -‘റൌണ്ടില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ ഉടനേ മാറ്റേണ്ടതാണ്. തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേയിരുന്നു. കുറച്ചു പോലീസുകാരേയും കണ്ടു. ഞാന്‍ ഇവിടെ വന്നപ്പോള്‍ ഇവിടേം ബോംബു ഭീഷണീയായോ എന്റെ വടക്കുന്നാഥാ എന്നു വിളിച്ചുപോയി. ചായ കുടിക്കാന്‍ പോയ ഡ്രൈവര്‍ ഓടി വന്നു, ഡബിള്‍ ബെല്ലു കിട്ടി. അങ്ങിനെ എന്റെ മടക്കയാത്രയും തുടങ്ങി.(എന്തിനായിരുന്നു ആ പോലീസ് അനൌണ്‍സ്മെന്റു് എന്നിപ്പഴും മനസ്സിലായിട്ടില്ല).
കലക്കീല്ലേ യാത്രാവിവരണം? സമ്മാനം തരണമെന്നുള്ളവര്‍ മടിക്കാതെ കടന്നു വരൂ.
എഴുത്തുകാരി.
അടിക്കുറിപ്പ് : നമ്മുടെ നിരക്ഷരന്‍ജിക്കും പ്രിയ ഉണ്ണികൃഷ്ണനും World Malayalee Council സംഘടിപ്പിച്ച യാത്രാവിവരണ ബോഗ് മത്സരത്തില്‍ സമ്മാന്നം കിട്ടിയിരിക്കുന്നു. അതില്‍ നിന്നു് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയതാണേയ്.
Posted by Typist | എഴുത്തുകാരി at 10:39 AM 34 മറുമൊഴികള്‍
Tuesday, August 5, 2008
സ്മാരകശിലകള്‍
എപ്പഴും തൃശ്ശൂര്‍ക്കു പോകുമ്പോള്‍ ശ്രദ്ധിക്കാറുള്ളതാ ഇതു്. ഈ ചിത്രത്തിന്റെ കൌതുകം കൊണ്ടാ, നിങ്ങളേക്കൂടി കാണിക്കാം എന്നു വച്ചതു്. പക്ഷേ നമ്മള്‍ കാണാന്‍ മറന്നു പോകുന്ന ഒന്നുകൂടി ഉണ്ടിതില്‍-നാമാവശേഷമായി-
കൊണ്ടിരിക്കുന്ന ഓട്ടുകമ്പനികള്‍.
"നെല്ലായില്‍നിന്നും (ചാലക്കുടീന്നോ,കൊടകരേന്നോ ആയാലും മതീട്ടോ)തൃശ്ശൂര്‍ക്കു പോകുമ്പോള്‍ ആമ്പല്ലൂര്‍ ജങ്ങ്ഷനില്‍ വലത്തുഭാഗത്തു് മുകളിലേക്കു നോക്കിയാല്‍ എന്നെ കാണാം"
"ഹാവൂ, മനുഷ്യന്റെ കോടാലി ഇവിടെത്തില്ലല്ലോ, ആകാശം കൈയെത്തി പിടിക്കാമോന്നു നോക്കട്ടെ."
നന്തിക്കര, കുറുമാലി, മണലി ഭാഗങ്ങളായിരുന്നു ഓട്ടുകമ്പനികളുടെ കേന്ദ്രം. ഒരുപാടു് ഉണ്ടായിരുന്നു.ബസ്സില്‍ പോകുമ്പോള്‍ രസകരമായ കാഴ്ചയായിരുന്നു, ഇതിന്റെ പുകക്കുഴല്‍ കാണുന്നതും, എണ്ണുന്നതും.ഇപ്പോള്‍ രണ്ടോ മൂന്നോ കാണുമായിരിക്കും.ബാക്കി എല്ലാം പോയി. അതൊക്കെ എവിടെപോയി, എങ്ങിനെ പോയി ,എന്തുകൊണ്ട് ഇല്ലാതായി എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല. ഇപ്പോള്‍ ഒന്നോ രണ്ടോ ബാക്കിയുണ്ട്. എന്നാ അതും ഇല്ലാതാവുന്നതെന്നറിയില്ല.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 3:31 PM 44 മറുമൊഴികള്‍
Sunday, July 20, 2008
അമ്മേ, നിനക്കുവേണ്ടി......
കഴിഞ്ഞ ജൂണില്‍ ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ ഒരു പാവം അമ്മയേയും മോളേയും പറ്റി പറഞ്ഞിരുന്നു.(അതു് ഇവിടെ). എനിക്കു വീണ്ടും ഇങ്ങിനെയൊരു പോസ്റ്റു് ഇടേണ്ടി വരുമെന്നൊട്ടു വിചാരിച്ചുമില്ല. പക്ഷേ എനിക്കു വീണ്ടും എഴുതേണ്ടി വന്നു.
അന്നു ഞാനെഴുതി “ആ അമ്മയും മോളും ഇടവഴിയിലും അമ്പലത്തിലുമൊക്കെ നടക്കുന്നതു എനിക്കിപ്പഴും കാണാം. അവരിനി ഒരു പക്ഷേ ഈ നാട്ടിലേക്കു വന്നില്ലെന്നും വരാം“.അന്നു ഞാന്‍ കരുതിയതു് സ്വന്തം വീട്ടിലല്ലെങ്കില്‍ പോലും അവര്‍ സുഖമായി ജീവിക്കുന്നുണ്ടല്ലോ എന്നാണു്.
കുറച്ചു ഫ്ലാഷ് ബാക്ക്-
അന്നു് അവരെ ഏതോ ഒരു ഒരു ആശ്രമത്തിലോ, പുവര്‍ ഹോമിലോ കൊണ്ടാക്കി, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുവന്നു. ഒരു പക്ഷേ അത്തരം സ്ഥാപനങ്ങളില്‍ താമസിക്കാനുള്ള പണം ചിലവാക്കാന്‍ പോലും ആ മകന്‍ തയ്യാറായിട്ടുണ്ടാവില്ല.
അങ്ങനെ അവരെ വീണ്ടും അമ്പലത്തിലുമൊക്കെ കണ്ടുതുടങ്ങി. അതിനിടയില്‍ മകള്‍ക്കു് ചെറിയ ചെറിയ അസുഖങ്ങള്‍. കൈ വേദന, കാല്‍ വേദന, അങ്ങിനെ.മാറി മാറി ഡോക്ടറെ കാണും. ഡോക്ടര്‍മാര്‍ പറയുന്നു, ഒന്നും ഇല്ലെന്നു്. അവസാനം ഒരു വഴിയുമില്ലാതെ അവര്‍ സുഖമില്ലെന്നു പറയുന്ന സ്ഥലത്തു് ബാന്റേജ് കെട്ടിക്കൊടുക്കും.
ആ അമ്മ പതുക്കെ പതുക്കെ അവശയാവുകയായിരുന്നു. മനസ്സിന്റെ വിഷമം കൊണ്ടാവും, എത്രയാന്നു് വച്ചിട്ടാ ഒരാള്‍ അനുഭവിക്ക്യാ.മുംബെയില്‍ വേറൊരു മകനുണ്ട്, ഒരു മകളും. മകള്‍ വളരെ വലിയ ഒരു ജോലിക്കാരിയാണ്. നാട്ടുകാര്‍ അവരെയൊക്കെ വിളിച്ച് അറിയിച്ചതാ ഇവിടത്തെ സ്ഥിതി. ഇത്ര അകലെയുള്ള ഞങ്ങളെന്തുചെയ്യും, അതൊക്കെ നിങ്ങള്‍ക്കു് നോക്കിക്കൂടെ, എന്ന മട്ടാണ് അവര്‍ക്കു്. നാട്ടിലും ഉണ്ട് ഒരു മകള്‍. അമ്മക്കു പെന്‍ഷന്‍ കിട്ടിയാല്‍ വാങ്ങാന്‍ വരുമെന്നല്ലാതെ
വേറൊരു ഗുണവുമില്ല.
കുറച്ചു നാള്‍ മുന്‍പു മകന്റെ വീട്ടില്‍ ഒരു ആഘോഷം/ ചടങ്ങു നടന്നു.(മകനും ഭാര്യയും മക്കളും കൂടി വേറെ താമസിക്കുകയാണല്ലോ)അതിനു മകന്‍ അവരെ കൊണ്ടുപോകാന്‍ തന്നെ ഉദ്ദേശിച്ചുട്ടുണ്ടാവില്ല. പക്ഷേ ആ മകള്‍ ദിവസങ്ങള്‍ക്കു മുന്‍പേ പോകാന്‍ തയ്യാറായി.എന്നോടു് കാണുമ്പോള്‍ ചോദിക്കും ചേട്ടന്‍ വിളിച്ചിട്ടില്ലേ, വരുന്നില്ലേ,എന്നു്. എന്നിട്ട് ആവേശത്തോടെ പറയും ഞങ്ങള്‍ പോകുന്നുണ്ടെന്നു്. എന്നിട്ടു തലേന്നുതന്നെ ഓട്ടോറിക്ഷ വിളിച്ചു് രണ്ടു പേരും കൂടി പോയി. അയാളൊട്ടും പ്രതീക്ഷിക്കതെയാണവരെത്തിയതു്. ആ ചടങ്ങില്‍ പോലും പങ്കെടുപ്പിക്കാതെ ആ ഓട്ടോറിക്ഷയില്‍ തന്നെ അവരെ തിരിച്ചയച്ചു.
ഇപ്പോള്‍ കുറച്ചുകൂടി കഷ്ടമാണു സ്ഥിതിപാവം ആ അമ്മ തീര്‍ത്തും അവശയായി.ഓര്‍മ്മയില്ല.ഞാന്‍ പോയിരുന്നു കാണാന്‍
എന്നെ മനസ്സിലായില്ല. മകള്‍ എന്തെങ്കിലും വയ്ക്കും, അല്ലെങ്കില്‍ അയലക്കക്കാര്‍ കൊണ്ടുകൊടുക്കുന്ന ചോറും കറിയുമെല്ലാം
ദിവസങ്ങളോളം സൂക്ഷിച്ചു വക്കുന്നു. അതു കേടു വന്നു നാറുന്നു. അതാണു് അമ്മക്കും കൊടുക്കുന്നതു്. അമ്മയ്ക്കു് ടോയ്ലറ്റില്‍ പോകാനുള്ള ഓര്‍മ്മയൊന്നുമില്ല. അതും പലപ്പോഴും വീട്ടിനുള്ളില്‍ തന്നെയാണ്.ഒന്നു കുളിപ്പിക്കാന്‍ ആരുമില്ല. മുറ്റത്തെത്തുമ്പോഴേ ദുര്‍ഗന്ധം വരുന്നു.അമ്മയുടെ തലയില്‍ നിറയെ പേന്‍, ദേഹത്തുകൂടി അരിച്ചു നടക്കുന്നുവത്രേ.
മകളാണെങ്കിലോ, 5 കിലോ പരിപ്പു്, 2-3 വലിയ കുപ്പി ഹോര്‍ലിക്സ് അതുപോലെ ബാക്കി എല്ലാം വാങ്ങിവക്കുന്നു, എന്തിനെന്നോ, അമ്മ മരിക്കുമ്പോള്‍ ആളുകളൊക്കെ വരില്ലേ, അവര്‍ക്കു് കൊടുക്കാനാത്രേ!!
ആരുമില്ല, അവരെ സഹായിക്കാന്‍. സാമ്പത്തിക ബുദ്ധിമുട്ടാണെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. നിങ്ങളോടൊക്കെ,എന്റെ ബൂലോഗസുഹൃത്തുക്കളോടു ചോദിച്ചിട്ടാണെങ്കില്‍ കൂടി അവരെ സഹായിക്കാമായിരുന്നു. പക്ഷേ ഇന്നും ഉണ്ട് ചുരുങ്ങിയതു് 10 സെന്റ് സ്ഥലവും സാമാന്യം നല്ല ഒരു വീടും. ചുരുങ്ങിയതു് ഒരു 15 ലക്ഷം രൂപക്കുള്ളതു്. പിന്നെ ചെറിയ ഒരു പെന്‍ഷനും.
പക്ഷേ ഇവിടെ അതല്ല, പ്രശ്നം - 5 മക്കളുണ്ടായിട്ടും (ഈ സുഖമില്ലാത്ത മകള്‍ക്കു പുറമേ) അവരെ നോക്കാന്‍ ആരുമില്ല.
മൂത്ത മകന്‍ ജോലി ചെയ്യുന്നതു് ചാലക്കുടിയില്‍ - കേവലം 12 കിലോമീറ്റര്‍ മാത്രം അകലെ. സമുദായ സംഘടനകള്‍ക്കും ഇവിടെ ക്ഷാമമില്ല. നായന്മാര്‍ക്കു വേറെ, ബ്രാഹ്മണര്‍ക്കു വേറെ, അങ്ങിനെ അങ്ങിനെ. എന്തേ അവരൊന്നും ചെയ്യുന്നില്ല! അവരുടെ സംഘടനയില്‍ പെട്ട ഒരു അംഗം, അല്ലെങ്കില്‍ കുടുംബം ഈ ദുരിതം അനുഭവിക്കുമ്പോള്‍ അതും സ്വന്തം സംഘടനയില്പെട്ട മകന്റെ
അവഗണനമൂലം, ഒന്നുമില്ലേ അവര്‍ക്കു ചെയ്യാന്‍? ഒരു ചെറുവിരലനക്കാന്‍ ആരുമില്ല. ഞാനൊന്നു ചോദിക്കട്ടേ, എന്തിനാണീ ജാതി/സമുദായം തിരിച്ചുള്ള സംഘടനകള്‍. അതിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ലേ, ബുദ്ധിമുട്ടുകളില്‍ സഹായിക്കാനും. അതോ ആഘോഷങ്ങള്‍ക്കോ, അല്ലെങ്കില്‍ പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക് വാങ്ങി ജയിക്കുന്ന കുട്ടിക്കു സമ്മാനം കൊടുക്കാനോ, അല്ലെങ്കില്‍ പാവങ്ങള്‍ എന്നു അവര്‍ കരുതുന്ന കുറച്ചുപേര്‍ക്കു സാരി/സഹായധനം വിതരണം ചെയ്യാനോ !!
അതുമല്ലെങ്കില്‍, ജില്ലാ/സംസ്ഥാന കലോത്സവമൊക്കെ നടത്തി കലാപ്രതിഭകളെ കണ്ടെത്തി, നാടിന്റെ കാലാപാരമ്പര്യം ഉയര്‍ത്തിപിടിക്കാനോ. എന്തോ എന്റെ കൊച്ചുബുദ്ധിക്കൊന്നും മനസ്സിലാവുന്നില്ല.
അതിനേക്കാള്‍ എത്രയോ പരിഗണനയും അടിയന്തിര ശ്രദ്ധയും ആവശ്യപ്പെടുന്നതാണ് ഈ പ്രശ്നം.സ്വന്തം അമ്മയെ,സുഖമില്ലാത്ത ഒരനിയത്തിയെ, നോക്കാന്‍ പോലും സന്മനസ്സു കാണിക്കാത്ത ഒരു മകനെതിരെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നോ. ഞാന്‍ തന്നെ ഒരിക്കല്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തിയതാണിക്കാര്യം. എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നതു് അല്ലേ? ആവശ്യമില്ലാത്ത വയ്യാവേലികളൊക്കെ എന്തിനാ എടുത്തു തലയില്‍ വയ്ക്കുന്നതു്, അവര്‍ക്കാര്‍ക്കും,ഒരു പ്രശ്നവുമുണ്ടാവാത്തിടത്തോളം കാലം. ആഗോള പ്രശ്നങ്ങളില്‍ വരെ അഭിപ്രായവും പത്രപ്സ്താവനകളും കാണാം, നേതാക്കന്മാരുടെ. എവിടെപോയി അവരൊക്കെ?അല്ലാ അവരുടെയൊന്നും ശ്രദ്ധ പതിയാന്‍ മാത്രം പ്രാധാന്യമില്ലേ ഈ പ്രശ്നത്തിനു് ?
അനാഥരാണെങ്കില്‍,പാവങ്ങളെ സംരക്ഷിക്കുന്ന ഏതെങ്കിലും സംഘടനകളോട് ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാമായിരുന്നു. ഇതിപ്പോള്‍ അവര്‍ക്കു സ്വത്തു്ണ്ട്, മക്കളുണ്ട്. എന്തെങ്കിലും ചെയ്യാന്‍ ഒരുമ്പെട്ടാല്‍ എങ്ങിനെ വന്നു ഭവിക്കുക എന്നറിയില്ല. എനിക്കറിയാന്‍ ഞാന്‍ വെറുതെ ഇങ്ങ്നെ അമര്‍ഷം കൊള്ളുന്നതല്ലാതെ ഒരു കാര്യവുമില്ലെന്നു്. എന്നാലും കൂട്ടുകാരേ ഞാന്‍ നിങ്ങളോടല്ലാതെ ആരോടു പറയാന്‍ എന്റെ സങ്കടം?
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 10:07 AM 33 മറുമൊഴികള്‍
Saturday, July 12, 2008
എന്റെ പൂന്തോട്ടം
എന്നും രാവിലെ എഴുന്നേറ്റുവരുംപോള്‍ എത്ര പൂക്കളാണെന്നോ എന്നെ കാത്തു നില്‍ക്കുന്നതു്.പൂക്കള്‍ വിടര്‍ന്നുവരുന്നതേ ഉണ്ടാവൂ. പാതി വിടര്‍ന്ന പൂക്കള്‍. പല പല നിറത്തിലും തരത്തിലും. എന്നോട് Good Morning പറയുകയാണോ എന്നു തോന്നും. എന്റെ ദിവസം തുടങ്ങുന്നതു തന്നെ അവരോടൊത്താണു്. ഒരഞ്ചു മിനിറ്റെങ്കിലും അവിടെ കറങ്ങിയിട്ടേ എന്റെ പതിവുജോലികളിലേക്കു കടക്കാറുള്ളൂ. എന്നും ഞാന്‍ അത്ഭുതപ്പെടുന്ന ഒരു കാര്യമുണ്ട്.പ്രകൃതി എങ്ങിനെ ഇത്ര ഭംഗിയായി നിറങ്ങള്‍ കൊടുത്തിരിക്കുന്നു, ഇതളുകള്‍ക്കൊരു നിറം,അതിനുള്ളില്‍ വേറൊരു നിറം,ഒരേ ആകൃതി. ആര്‍ക്കാ, ഇതു കണ്ടാല്‍ മനസ്സില്‍ ഒരു സുഖം തോന്നാത്തതു?
അവയില്‍ ചിലതു് ഇതാ. നിങ്ങളും ഒന്നു കാണൂ.
എന്നെ അറിയില്ലേ, ഞാന്‍ ചെമ്പരത്തി.
ഞാനും ചെമ്പരത്തി തന്നെ. കുറച്ചുകൂടി പരിഷ്കാരിയാണെന്നു മാത്രം.
ഞാന്‍ നീല ശംഖുപുഷ്പം - വംശനാശത്തിന്റെ
വക്കിലാണെന്നു തോന്നുന്നു.
പേരറിയില്ല, പല നിറത്തിലും ഞാനുണ്ട്.
എന്നെ നിങ്ങള്‍ക്കറിയാല്ലോ, ഞാന്‍ പൂന്തോട്ടത്തിന്റെ റാണി,സുന്ദരി - റോസ്
ആരു പറഞ്ഞു, ഞാനല്ലേ അവളേക്കാള്‍ സുന്ദരി!
ഞാന്‍ പഴയ കാശിത്തുമ്പ തന്നെ. കളറൊന്നു ചെയ്ഞ്ചു ചെയ്തൂന്നു മാത്രം. ഒരു ചൈഞ്ച് ആര്‍ക്ക ഇഷ്ടമില്ലാത്തതു്?
എന്നെ നിങ്ങള്‍ക്കിഷ്ടമുള്ള പേരു വിളിച്ചോളൂ.
‘നമുക്കു പര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ തല്‍ക്കാലം മുന്തിരി വള്ളിയേയുള്ളൂ.
എന്നെ എന്തിനാ പൂന്തോട്ടത്തില്‍ പെടുത്തിയേ ആവോ, എഴുത്തുകാരിയോടു തന്നെ ചോദിക്കണം. എന്റെ ഭംഗി കണ്ടിട്ടാവും!!
പിന്നെ പിന്നെ, അവള
ല്ലേ വല്യ സുന്ദരി. കണ്ടാലും തോന്നും!
എന്റെ ഒരു ചേച്ചിയോ അനിയത്തിയോ മുകളിണ്ടല്ലോ.
ബാള്‍സം - ഞങ്ങള്‍ ഒരുപാട് നിറക്കാരുണ്ടിവിടെ. ഇവിടത്തെ main attraction ഉം ഞങ്ങള്‍ തന്നെ.
എന്റെ ഉള്ളില്‍ എന്നേക്കാള്‍ വലിയ വണ്ടുകള്‍ കടന്നുകൂടും. അതാണെന്റെ പ്രശ്നം.
പൂച്ചവാലന്‍ - കണ്ടാല്‍ തോന്നില്ലേ?
നല്ല ഭംഗിയാ എന്നെ കാണാന്‍, കുഞ്ഞു കുഞ്ഞു പൂക്കളാണെങ്കിലും.
എന്താന്നറിയില്ല, എല്ലാരും എന്നെ ഈച്ചപ്പൂ എന്നാ വിളിക്കുന്നേ.
ബാള്‍സം - വേറൊരു തരം.
വെള്ള റോസ് - ഞാന്‍ പരിശുദ്ധിയുടെ പര്യായം.
എങ്ങിനെയുണ്ടെന്റെ തോട്ടം, കൊള്ളാമോ. ഇനിയുമുണ്ട്. അതു പിന്നെ.
അഭിപ്രായം അറിയിക്കണേ!
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 10:57 PM 39 മറുമൊഴികള്‍
Tuesday, July 1, 2008
വിശ്വസിച്ചാലും ഇല്ലെങ്കിലും ............
രണ്ടുമൂന്നു് ദിവസങ്ങള്‍ക്കു മുന്‍പു സംഭവിച്ചതാണിതു്(എന്റെ വീടിനു് ഒരു നാലഞ്ചു വീട് അപ്പുറത്തു്). ഇപ്പോള്‍ നെല്ലായിലെ ഒരു സംസാരവിഷയവും. വിശ്വസിക്കാന്‍ പ്രയാസമാണ്, എന്നാലും വിശ്വസിച്ചേ പറ്റൂ, എന്തുകൊണ്ടെന്നാല്‍ സംഗതി പരമസത്യമാണ്. കഥ (അല്ലാ സംഭവം) ഇതാണ്.
നാലുകെട്ടും, തട്ടിനുമീതെ തട്ടും പമ്പുംകാവും എല്ലാം ഉള്ള ഒരു പഴയ തറവാട്. ഗൃഹനാഥന്‍ അന്നു സ്ഥലത്തില്ല. ഭാര്യയും 3 മക്കളും. ചെറിയ കുട്ടിക്കു പ്രായം 1 മാസം. കൂട്ടിനു് അവിടെ സഹായത്തിനു വരുന്ന ഒരു സ്ത്രീയും.
രംഗം 1
-----
സന്ധ്യക്കു 7 മണി. കുട്ടികള്‍ ടിവി കാണുന്നു.(സന്ധ്യക്കു നാമം ചൊല്ലല്‍ ഇപ്പോള്‍ വംശനാശം വന്നുപോയ ഒരേര്‍പ്പാടാണല്ലോ).
ഒരാള്‍ അബദ്ധത്തില്‍ മുകളിലേക്കൊന്നു നോക്കിയപ്പോള്‍ അതാ ഓടിന്റെ ഇടയിലൊരു പാമ്പു്. ബഹളമായി. സന്ധ്യക്കു ഞങ്ങളുടെ
നെല്ലായി സെന്ററില്‍ ഒരു മാതിരി തരക്കേടില്ലാത്ത തിരക്കാണേയ്. ചുമട്ടുതൊഴിലാളികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, പരദൂഷണം തൊഴിലാക്കിയവര്‍,അത്യാവശ്യം വായ്നോട്ടക്കാര്‍, അങ്ങിനെ അങ്ങിനെ. അതില്‍ ചിലരെങ്കിലും, പണിയൊക്കെ കഴിഞ്ഞു, ചെറുതായിട്ടൊന്നു മിനുങ്ങി അത്യാവശ്യം ഒരു നല്ല മൂഡിലായിരിക്കും. പിന്നെ ഞങ്ങള്‍,നെല്ലായിക്കാര്‍ക്കൊരു ഗുണമുണ്ട്. ഒരാവശ്യം വന്നാല്‍ എല്ലാരും കക്ഷി-ജാതി-മത ഭേദമെന്യേ ഓടിവരും. അയലക്കത്തുകാരും കൂടി. അതുവരെയൊക്കെ പാമ്പിനു കാത്തിരിക്കാന്‍ പറ്റ്വോ. അതു അതിന്റെ പാട്ടിനു് പോയി. അന്വേഷിച്ചു കണ്ടുപിടിച്ചു (ആവശ്യംനമ്മുടെ ആയിപ്പോയില്ലേ). അതിനെ തല്ലിക്കൊന്നു.നല്ല എനമാ,“ ദേഹത്തു ചുറ്റു്/കെട്ടുള്ളതാ, ഒന്നു തൊട്ടാമതി. കിട്ടീല്ലോ, ഇനി ആ കുട്യോളേം കൊണ്ട് സമാധാനായിട്ടുറങ്ങാലോ”.
അണലി അല്ലെങ്കില്‍ വെള്ളിക്കെട്ടന്‍ ആയിരിക്കാം. തേക്കിലപുള്ളി എന്നൊരു നാടന്‍ പേരും പറയുന്നുണ്ട്.
രംഗം -2
------
സമയത്തിനെത്താതെ പോയ ചിലരൊക്കെ അപ്പോഴേക്കും എത്തി, നിരാശയോടെ. അവര്‍ക്കു ഒരു demonstration കാണിച്ചുകൊടുക്കാന്‍ കയ്യുയര്‍ത്തിയ ആള്‍ കൈ താഴ്ത്തുന്നില്ല, എന്തു പറ്റിയതാന്നു നോക്കിയപ്പഴെന്താ, അതാ അവിടെ മറ്റൊരു പാമ്പു്. വീണ്ടും വിളി പോയി. ഉത്സാഹമായി എല്ലാരും വന്നു.ഇപ്രാവശ്യം ആളു കൂടി.പാമ്പു് തുടങ്ങി ഒളിച്ചുകളി. ഓടിന്റെ മുകളില്‍, താഴെ, കഴുക്കോലിനിടയില്‍, പാത്തിയില്‍ അങ്ങിനെ അങ്ങിനെ.പട്ടാളത്തിലെ മമ്മൂട്ടി സ്റ്റൈലില്‍ ചിലര്‍ പുരപ്പുറത്തു കയറി, ബാക്കിയുള്ളവര്‍ വടിയും കുന്തവുമെടുത്തു റെഡിയായി നിന്നു. അവസാനം പാമ്പു തോറ്റു, മനുഷ്യന്‍ ജയിച്ചു. അതിനേയും തല്ലിക്കൊന്നു.എല്ലാവരും വീണ്ടും പോയി.
രംഗം-3
------
ഇത്രയുമായപ്പോഴെക്കും രാത്രി 12 മണി കഴിഞ്ഞു.കുട്ടികളൊന്നും കഴിച്ചിട്ടില്ല. അവര്‍ക്കെന്തെങ്കിലും കൊടുക്കണ്ടേ. പേടിയുണ്ട്, എന്നാലും സമാധാനമുണ്ടു്. കണ്ടതിനെ കൊന്നീട്ടുണ്ടല്ലൊ, ഇനി പേടിക്കണ്ടല്ലോ. പക്ഷേ കൂട്ടുകാരേ, അടുക്കളയില്‍ പാലെടുക്കാന്‍ പോയ അമ്മ പോയപോലെ തിരിച്ചുവരുന്നു, അതാ അവിടെ മൂന്നാമതൊരെണ്ണം. അതും ഓടിനിടയില്‍.പിരിഞ്ഞുപോയവര്‍ വീണ്ടും വന്നു, അപ്പോള്‍ എല്ലാരും ഇല്ല, കുറച്ചുപേര്‍ കുറഞ്ഞു.ഉത്സാഹവും കുറഞ്ഞു. സമയം രാത്രി 2 മണി ആണെന്നോര്‍ക്കണം. ഒന്നാമതും രണ്ടാമതും ചെയ്തതെല്ലാം വീണ്ടും ഒരാവര്‍ത്തി കൂടി.ഓപ്പറേഷന്‍ പാമ്പുപിടിത്തം. പക്ഷേ ഇപ്രാവശ്യം ഒരു വ്യത്യാസം മാത്രം. പാമ്പിനെ കൊല്ലാന്‍ പറ്റിയില്ല, ഒരടി കിട്ടി. എന്നാലും അവന്‍(അല്ലെങ്കില്‍ അവള്‍) ജീവനും കൊണ്ട് ഓടി. എല്ലാവരും ക്ഷീണിച്ചു. ഇനി ഇന്നു വയ്യാ, രാവിലെയാവാം, അമ്മയും കുട്ടികളും അപ്പുറത്തെ വീട്ടില്‍ പോയി കിടക്കട്ടേ എന്നു തീരുമാനിച്ചു് എല്ലാരും സ്വന്തം വീടുകളിലേക്കു പോയി. അപ്പോള്‍ സമയം രാത്രി 2 മണി കഴിഞ്ഞു.
പിറ്റേന്നു രാവിലെയായി. പേടിയുണ്ടെങ്കിലും, വീട്ടില്‍ വരാതെ കഴിയില്ലല്ലോ, വന്നു. അതാ, അവരെ സ്വാഗതം ചെയ്യാനെന്നപോലെ ഉമ്മറത്തുതന്നെ ഒരെണ്ണം. തലേന്നു പരിക്കുപറ്റിയവനല്ലാ, ഇതു പുതിയ ഒരാളാണെന്നു പറയുന്നു. എല്ലാം പഴയപോലെ. ദാരുണമായി അതിനേയും വധിച്ചു.
മൂന്നാമന്‍ എവിടെ പോയെന്നു് ഇപ്പോഴും ഒരു പിടിയില്ല. അടിച്ചവന്‍ ഇന്നും പേടിച്ചുവിറച്ചിരിക്കുന്നു. പാമ്പിനു പകയുണ്ടത്രേ.നോവിച്ചുവിട്ടതല്ലേ, എത്ര കാലം കഴിഞ്ഞാലും അതോര്‍ത്തിരിക്കുമെന്നു്.
ഇപ്പോള്‍ നാലാളു കൂടിയാല്‍ നാട്ടിലെ സംസാരവിഷയം ഇതാണ്. കുറ്റം പറയാന്‍ പറ്റുമോ?
“തട്ടുമ്പുറത്തു അവറ്റക്കു നല്ല സുഖല്ലേ, പെറ്റുപെരുകിയിരിക്കും” എന്നൊരു കൂട്ടര്‍.
“റോഡുപണിക്കു വേണ്ടി പഴയ കെട്ടിടങ്ങളും, മതിലും, വേലിയുമൊക്കെ പൊളിക്ക്യല്ലേ, താമസിക്കാനൊരിടം തേടി വന്നതാവും”
എന്നു മറ്റു ചിലര്‍ (പാമ്പുകള്‍ക്കു മാളമൊക്കെ പണ്ടു് - അവര്‍ക്കും മടുത്തിട്ടുണ്ടാവും അതൊക്കെ ).
ഏറെ പിന്തുണ ഇതിനാണ് - “പാമ്പുംകാവുള്ള വീടല്ലേ, വൃത്തീം ശുദ്ധോം ഒന്നൂണ്ടാവില്യ, അവര്‍ക്കൊന്നും
കൊടുക്കണൂണ്ടാവില്യാ, പിന്നെങ്ങിനെ കാണിക്കാതിരിക്കും”.
എഴുത്തുകാരി.
വാല്‍ക്കഷണം:- എന്റെ കൂട്ടുകാരേ, എന്നെ വിശ്വസിക്കണം, അതിശയോക്തി ഒട്ടുമില്ല, ഒരു രാത്രിയില്‍ നാലു പാമ്പുകള്‍. ഞാനറിഞ്ഞില്ല, പിറ്റേന്നാ അറിഞ്ഞതു്, അപ്പോഴെക്കും ശവസംസ്ക്കാരം വരെ കഴിഞ്ഞു. അല്ലെങ്കില്‍ ഫോട്ടോ എങ്കിലും എടുത്തു നിങ്ങളെ കാണിച്ചേനേ.
നിങ്ങളുടെ യുക്തിയില്‍ എന്തെങ്കിലും തോന്നുന്നുണ്ടോ ഇതിനെ പറ്റി?
Posted by Typist | എഴുത്തുകാരി at 9:24 AM 45 മറുമൊഴികള്‍
Tuesday, June 17, 2008
കപ്പയും കാന്താരി മുളകും, പിന്നെ ജാതിയും
ഇന്നു് കാര്യമായ മഴയില്ല.അല്ലെങ്കിലും ഈ വര്‍ഷം മഴക്കാലം എന്ന തോന്നലുണ്ടാവാന്‍ പാകത്തില്‍ മഴ പെയ്തിട്ടില്ല, ഇതുവരെ - ഇടവപ്പാതി കഴിഞ്ഞു മിഥുനമായി, എന്നിട്ടും. എന്തോ മഴക്കു പെയ്യാനൊരു മടിപോലെ. മൂടിക്കെട്ടി വരുന്നതല്ലാതെ പെയ്യുന്നില്ല. എന്നാല്‍ തീരെ ഇല്ലാതെയുമില്ല.
എന്തായാലുംമഴ തോര്‍ന്നനേരത്തു് പറമ്പിലേക്കൊന്നിറങ്ങി.അപ്പോള്‍ കിട്ടിയതാണിതൊക്കെ. ചൂടോടെ പോസ്റ്റുന്നു.
ഈ പടം നമ്മുടെ ശ്രീക്കുട്ടനു് ( ശ്രീയുടെ കപ്പമോഷണം)
കപ്പയും കാന്താരിമുളകു ചമ്മന്തിയും അല്ലെങ്കില്‍ കപ്പയും കഞ്ഞിയും !!.. എന്തു കോമ്പിനേഷന്‍ അല്ലേ!!- ഒരു സാധാരണ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും ഇതു തന്നെയായിരിക്കില്ലേ? കൊതിപ്പിക്കാന്‍ പറയുന്നതല്ലാട്ടോ. (എന്നാലും എനിക്കറിയാം പലരുടേയും വായിലിപ്പോള്‍ കപ്പലോടിക്കാം).
നോക്കൂ, എന്തു കരുതലോടെയും ഭംഗിയോടെയുമാ പ്രകൃതി ആ വിത്തിനെ സൂക്ഷിച്ചിരിക്കുന്നതെന്നു്.
എന്തു ഭംഗി നിന്നെ കാണാന്‍.......... .
ഒറ്റക്കു് ഒരെണ്ണം മാറി ഇരിക്കുന്നതു കണ്ടോ(മുകളിലത്തെ പടത്തില്‍), ആശാനു് കശുവണ്ടിയുടെ ഛായയില്ലേ, സൂക്ഷിച്ചുനോക്കിയാല്‍. (ആരോടും പറയണ്ട, അടുത്തൊരു കശുമാവുണ്ടേയ്)
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 6:20 PM 30 മറുമൊഴികള്‍
Friday, June 6, 2008
മാറുന്ന മുഖങ്ങള്‍, മുഖഛായകള്‍
എന്റെ നാടിന്റെ പഴയ മുഖം എവിടെ പോയി? പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ മനുഷ്യനെന്നപോലെ നാടിനും മാറാതിരിക്കാനാവില്ലല്ലോ അല്ലേ?
ഞങ്ങളുടെ നാടിന്റെ, നെല്ലായിയുടെ ഒരു land mark ആയിരുന്നു പടറ്ന്നു പന്തലിച്ച ആ ആലും ഭംഗിയായി കെട്ടിയ ആല്‍ത്തറയും. ചുരുങ്ങിയതു് 70 വറ്ഷമെങ്കിലും പ്രായമുണ്ടായിരുന്നിരിക്കും ആ ആല്‍ മുത്തശ്ശിക്കു്.
ഒരു രണ്ടു മാസം മുമ്പു വരെ അതവിടെ തലയുയര്‍ത്തി നിന്നിരുന്നു, ഞാനറിയാതെ ഇവിടെ ഒന്നും നടക്കില്ല എന്ന മട്ടില്‍. എന്നാല്‍ ഇന്നില്ല.
ഒരു നാടിന്റെ മുഴുവന്‍ രഹസ്യങ്ങള്‍ നിശ്ശബ്ദയായി കണ്ടു നിന്നിരുന്നു. അതായിരുന്നു, ബസ്സ് സ്റ്റോപ്പ്. ബസ്സു കാത്തു നിന്നവര്‍ക്കു തണലേകി, എത്രയോ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വേദിയായി, ഒരു വശത്തു് ചെറുപ്പക്കാരുടെ, മറുവശത്തു പ്രായമായവരുടെ, സംഘം ചേര്‍ന്നുള്ള ചര്‍ച്ചകള്‍, അങ്ങിനെ എന്തെല്ലാം എന്തെല്ലാം.
ഇതിനെല്ലാം പുറമേ എത്രയോ സഫലവും വിഫലവുമായ പ്രേമങ്ങള്‍ അരങ്ങേറിയിരിക്കുന്നു, ആ തണലില്‍.സഫലമായവര്‍ കുഞ്ഞുങ്ങളേയും കൊണ്ട് വീണ്ടും ആ തണലില്‍ വന്നപ്പോള്‍ (ബസ്സ്റ്റോപ്പ് ആയിരുന്നല്ലോ) പഴയ കാലങ്ങള്‍ അയവിറക്കിയിരിക്കാം.
അങ്ങിനെ എത്രയെത്ര കഥകള്‍. ഇന്നു് അതെല്ലാം ഓര്‍മ്മകള്‍ മാത്രം. വെറും പഴങ്കഥ. ഇന്നു ആ ആല്‍മുത്തശ്ശിയുടെ അടയാളം പോലുമില്ല, പകരം പുതിയ റോഡ് വന്നുകൊണ്ടിരിക്കയാണ്. ധ്രുതഗതിയില്‍ പുരോഗമിക്കുന്നു, പണികള്‍.
വരും തലമുറയ്ക്കു പണ്ട് പണ്ട് ഇവിടെ ഒരു ആല്‍മരം ഉണ്ടായിരുന്നു എന്നു പറഞ്ഞുകൊടുക്കാം.
വികസനം വേണ്ടെന്നല്ലാ, ആവശ്യവുമാണു്. എന്നാലും, പരിസ്ഥിതി ദിനമായ ഇന്നു്, പുതിയ മരങ്ങള്‍ വച്ചു പിടിപ്പിക്കാനുള്ള ആഹ്വാനം കേട്ടപ്പോള്‍ അറിയാതെ മനസ്സിലേക്കോടി വന്നുപോയി ആ ആല്‍മരം.
എവിടെ പോയിരിക്കും, അതില്‍ ചേക്കേറിയിരുന്ന കിളികളത്രയും?
വാല്‍ക്കഷണം: നീണ്ട രണ്ടര മാസമായി ഞാന്‍ ഈ ബ്ലോഗുലോകത്തുനിന്നു, പോയിട്ട്, ചില പ്രത്യേക സാഹചര്യങ്ങളാല്‍. അത്ര നല്ല ബ്ലോഗറൊന്നും ആയിരുന്നുമില്ല. എന്നിട്ടും, ചില ബൂലോഗ സുഹൃത്തുക്കളൊക്കെ അന്വേഷിച്ചിരുന്നു, എവിടെപ്പോയി ഈ എഴുത്തുകാരി എന്നു്. സന്തോഷമുണ്ട് കൂട്ടുകാരേ.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 12:02 AM 20 മറുമൊഴികള്‍
Wednesday, March 19, 2008
വീണ്ടും പ്രഭാതം
പതിവിലും സുന്ദരമായ പ്രഭാതം. രണ്ടു ദിവസത്തെ മഴക്കുശേഷം, പ്രകൃതി ഒന്നു കൂടി സുന്ദരിയായപോലെ. ഇളം വെയില്‍, ചെറിയ കാറ്റ്, എന്റെ മുറ്റത്തു് നിറയെ പൂക്കള്‍- ചെത്തി, ചെമ്പരത്തി (പല നിറത്തിലും), നന്ത്യാര്‍വട്ടം, കാശിത്തുമ്പ (പുതിയ പേരു് ബാള്‍സം), പിന്നെ പണ്ടില്ലാത്ത, പേരറിയാത്ത കുറേ പൂക്കളും.
തുമ്പികള്‍ പറന്നുയരുന്നു, പൂമ്പാറ്റകള്‍ പാറിനടക്കുന്നു.
അണ്ണാരക്കണ്ണന്റെ കീ കീ ശബ്ദം, പക്ഷികള്‍ കല പില കൂട്ടിത്തുടങ്ങി, അതില്‍ വിഷുപക്ഷിയുണ്ട്, പൂത്താങ്കീരിയുണ്ട്, ചെമ്പോത്തുണ്ട്, കുഞ്ഞു കുരുവികളുണ്ട്. ചക്കയും, മാങ്ങയും ഒക്കെ പഴുത്തു തുടങ്ങി. അതുകൊണ്ട് അവര്‍ക്കൊക്കെ സുഖമാണിവിടെ.
പക്ഷേ ഇതെല്ലാം പതിവുള്ളതല്ലേ? എന്നിട്ടുമെന്തേ ഇന്നത്തെ പ്രഭാതത്തിനിത്തിരി സൌന്ദര്യം കൂടുതല്‍?
രാവിലെ വിളിച്ചുണര്‍ത്തിയ ടെലിഫോണിലൂടെ കേട്ട കുറച്ചു വാക്കുകളാവുമോ ഇന്നത്തെ പ്രഭാതത്തിനിത്തിരി കൂടുതല്‍ ചന്തം കൊടുത്തതു്?
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 8:22 AM 19 മറുമൊഴികള്‍
Sunday, March 16, 2008
വേനലില്‍ ഒരു മഴ
മഴ തോര്‍ന്നിട്ടില്ല, സമയം രാവിലെ 6 മണി. ഇപ്പോഴും ഇരുട്ടാണ്. പ്രകൃതി കുളിച്ചു ഈറനുടുത്തു നില്‍ക്കുന്നു. ഇന്നലത്തെ ചൂടിന്റെ മടുപ്പില്‍ നിന്നു കുളിരുള്ള ഒരു പ്രഭാതം.
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം എന്നല്ലേ? കുംഭമാസത്തിന്റെ അവസാന യാമങ്ങളില്‍ തുടങ്ങിയ മഴ, മീനത്തിലും തുടരുന്നു. മീനത്തില്‍ മഴ പെയ്താല്‍ എന്താണെന്നറിയില്ല.
എന്തായാലും ഇനി ഒരു മാസം കൂടി മാത്രം, മറ്റൊരു വിഷുവിനു്. ഇക്കൊല്ലം ധാരാളം ചക്കയുണ്ട്, മാങ്ങയുണ്ട്, കണിക്കൊന്നകള്‍, നേരത്തേ പൂവിട്ടൂ തുടങ്ങി, വിഷുപ്പക്ഷിയുടെ ശബ്ധം (പഴയ പോലെ ഇല്ലെങ്കിലും), ഇടക്കൊക്കെ കേട്ടുതുടങ്ങി.
ഇതൊക്കെതന്നെയല്ലേ, ഒരു മലയാളിക്കു പ്രതീക്ഷിക്കാനുള്ളതു്.......
നാട്ടിലില്ലാത്ത ബൂലോഗ സുഹൃത്തുക്കളേ, നിങ്ങളും വരൂ, ഇക്കൊല്ലത്തെ വിഷുവിനു് നാട്ടീലേക്കു്.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 11:47 AM 14 മറുമൊഴികള്‍
Saturday, February 9, 2008
തേങ്ങുന്ന മനസ്സിന്റെ ചിരി
മനസ്സിലെവിടെയോ ഒരു വിഷാദം ബാക്കി നില്‍ക്കുന്നു. എന്താണെന്നല്ലേ, പറയാം.
ഇന്നു പഴയ ഒരു കുടുംബ സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും വന്നിരുന്നു. മലപ്പുറത്തെ പ്രസിദ്ധമായ ഇല്ലത്തെ ഒരു പാവം തിരുമേനി. 5-6 വര്‍ഷം വേദം പഠിച്ചിട്ടുണ്ട്. ധാരാളം വായിക്കുന്ന, നല്ല അറിവുള്ള ഒരു സാധു മനുഷ്യന്‍.
Education Dept.ല്‍ നിന്നും 2 വര്‍ഷം മുന്‍പ് റിട്ടയര്‍ ചെയ്തു. ഭാര്യ ടീച്ചറായിരുന്നു. അവരും കഴിഞ്ഞ കൊല്ലം റിട്ടയര്‍ ആയി. ഈ ഭാഗത്തെ ഏതോ സ്കൂളിലായിരുന്നു, അതുമായി ബന്ധപ്പെട്ട ഒരു കടലാസ് ശരിയാക്കാന്‍ ഇരിങ്ങാലക്കുടക്കു വന്നതാണ്.
അദ്ദേഹത്തിന്റേയും ഭാര്യയുടെയും അഛനുമമ്മയും മരിച്ചിരിക്കുന്നു. അവര്‍ക്കു മക്കളുമില്ല.ഒന്നുരണ്ടു പ്രാവശ്യം ഇതു പറയുകയും ചെയ്തു, എന്നിട്ടു പതിവുപോലെ ഉറക്കെ ചിരിച്ചു, അതൊരനുഗ്രഹമാണെന്ന പോലെ, അല്ലെങ്കില്‍, അവര്‍ക്കതില്‍ ഒരു സങ്കടവുമില്ലെന്നു് നമ്മളെ ബോധ്യപ്പെടുത്തുന്ന മട്ടില്‍.
ധാരാളം സംസാരിച്ചു. ഇവിടത്തെ കാര്യങ്ങളെല്ലാം അന്വേഷിച്ചു. തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു. പുതിയ സിനിമകളെപ്പറ്റിവരെ സംസാരിച്ചു. ഇന്നു പോകണ്ട എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവിടെ ചെന്നിട്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള മട്ടില്‍ തിരക്കഭിനയിച്ചു.
പിന്നെ പോകാന്‍ നേരത്തെപ്പോഴോ മനസ്സു് അറിയാതെ തുറന്നുപോയ ഒരു നിമിഷത്തില്‍, അദ്ദേഹം പറഞ്ഞു, "ജീവിതം തന്നെ മടുത്തിരിക്കുന്നു, വല്ലാത്ത ഒരു ഏകാന്തത, ഒന്നിനും ഒരു അര്‍ഥമില്ലാത്തപോലെ". ഞാന്‍ കണ്ടു, ആ പതിവു ചിരി അപ്പോള്‍ മാത്രം ആ മുഖത്തില്ലായിരുന്നു.
അതു കഴിഞ്ഞും അദ്ദേഹം ചിരിച്ചു. പക്ഷേ, എനിക്കെന്തോ പിന്നെ പഴയപോലെ ചിരിക്കാന്‍ കഴിഞ്ഞില്ല. ആ കുറച്ചു വാക്കുകളിലൂടെ,അന്തരീക്ഷത്തിനു മൊത്തം ഒരു കനം വച്ചപോലെ. അവര്‍ അനുഭവിക്കുന്ന ആ കടുത്ത ഏകാന്തത അതിന്റെ എല്ലാ അര്‍ഥത്തിലും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു.
അവര്‍ യാത്ര പറഞ്ഞു പോയിട്ടും, ഒരു വിഷാദം ഇവിടെ തങ്ങിനില്‍ക്കുന്നു, ഇപ്പോഴും. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍, ഞാനതു മറക്കും. പക്ഷേ അവര്‍? അവരേപ്പോലെ മറ്റെത്രയോ പേര്‍.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 9:47 PM 28 മറുമൊഴികള്‍
Tuesday, January 22, 2008
വീണ്ടും ഒരു ഉത്സവക്കാലം
കുറേക്കാലമായി നമ്മുടെ ഭൂലോഗത്തു നടക്കുന്ന ഒന്നും അറിയാറില്ല, ഞാനൊന്നും പറയാറുമില്ല. പല പല പ്രശ്നങ്ങള്‍.
പക്ഷേ ബ്ലോഗിങ്ങ് ഒരു ശീലമാക്കിയ നമുക്കങ്ങിനെ അതു വേണ്ടെന്നു വക്കാന്‍ പറ്റുമോ? ഇല്ലല്ലോ. അതുകൊണ്ട് ഞാനൊരു അതിസാഹസത്തിനു വരെ ഒരുമ്പെട്ടു. ഇംഗ്ലീഷിലൊരെണ്ണം കാച്ചി. വേണമെങ്കില്‍, സ്വകാര്യമായിട്ടു പറഞ്ഞു തരാം, അതെവിടെയാണെന്നു്.
2008 ലെ ആദ്യത്തെ പോസ്റ്റ് ആണു്. അതുകൊണ്ട്, ഞാനിപ്പോള്‍ നേരുന്നു, എന്റെ എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും , പുതുവത്സരാശംസകള്‍.
ഇനി കാര്യത്തിലേക്കു്. ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരുന്ന മകരമാസമെത്തി.(സമയം അനുവദിക്കുമെങ്കില്‍, കഴിഞ്ഞ ഫെബ്രുവരിയിലെ എന്റെ “ഉത്സവപിറ്റേന്നു്” ഒന്നു നോക്കൂ). വീണ്ടും ഒരു ഉത്സവക്കാലം. ഇന്നു കൊടിയേറ്റം. ഇനിയുള്ള
6 നാളുകള്‍ ഞങ്ങള്‍ നാട്ടുകാര്‍ക്കു തിരക്കുതന്നെ. (അത്ര കേമാന്നൊന്നും കരുതണ്ടാ, ട്ടോ) ഒരാന,
അതു സ്ഥിരം വൈലൂര്‍ പരമേശ്വരന്‍. വൈലൂരപ്പനും, നെല്ലായി മഹാമുനിമംഗലത്തപ്പനും, അയലക്കക്കരാണല്ലോ, അതുകൊണ്ട് ചെറിയ ഒരു discount ഉണ്ടത്രേ ഈ ആനക്കാര്യത്തില്‍. അതുകൊണ്ട് അത്ര നിസ്സാരമല്ലാത്ത അവ്ന്റെ കുറുമ്പും, കാലിന്റെ ചെറിയ ഒരു പ്രശ്നവുമെല്ലാം ഞങ്ങളങ്ങു ക്ഷമിക്കുന്നു.
പിന്നെ ഞങ്ങളൊക്കെ തന്നെ തട്ടിക്കൂട്ടുന്ന ചില ചില്ലറ പരിപാടികള്‍. ഇവിടെയുള്ള നൃത്തം പഠിക്കുന്ന കുട്ടികളുടെ “ഗംഭീര നൃത്തനൃത്യങ്ങള്‍”, പാട്ടു പഠിക്കുന്ന കുട്ടികളുടെ “സംഗീതസന്ധ്യകള്‍”, വനിതകളുടെ തിരുവാതിരകളി, ചങ്ങാതിക്കൂട്ടത്തിന്റെ വിവിധ പരിപാടികള്‍, അങ്ങിനെയങ്ങിനെ.
ക്ഷേത്രത്തിലെ ഉത്സവം എന്നതിനെക്കാളേറെ, ഞങ്ങളെല്ലാവര്‍ക്കും ഒത്തു കൂടാന്‍ കിട്ടുന്ന നാലഞ്ചു ദിവസങ്ങള്‍. ഞങ്ങള്‍ക്കെത്രയും പ്രിയപ്പെട്ടതാണീ ദിവസങ്ങള്‍.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളെയും ഞാന്‍ ക്ഷണിക്കുന്നു.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 2:52 PM 22 മറുമൊഴികള്‍