Thursday, September 19, 2019

പട്ടി മാര്‍ക്കറ്റില്‍ പോയ പോലെ...

നിസ്സാരമായ ചില കാര്യങ്ങള്‍  അങ്ങനെയാണ്,  തല കുത്തി നിന്നാലും നടക്കില്ല. അത് അതിന്റെ വഴിക്കേ നടക്കൂ.

എന്താണെന്നല്ലേ. പറയാം. ഇന്ന് രാവിലത്തെ കഥയാണ്. കേട്ടോളൂ.

തൃശൂര്‍ വരെ ഒന്ന് പോണം.

കുറച്ച് കാര്യങ്ങളുണ്ട്.  നീട്ടി നീട്ടി വയ്ക്കുന്നു.  മടി, മഴ, ഓണം, അങ്ങനെ കാരണങ്ങള്‍ പലതുണ്ട്.  പല പ്രാവശ്യമായി എന്നെ പറ്റിക്കാന്‍ ശ്രമിക്കുന്ന , യൂറോപ്പ് യാത്രയുടെ ബാക്കിപത്രമായ ഒരു 20 യുറോ നോട്ട് കയ്യിലുണ്ട്.  അതും ഒന്ന്  മാറണം. ഏകദേശം  നമ്മുടെ 50 രൂപ നോട്ട് പോലിരിക്കുമല്ലോ ഒരിക്കല്‍ ഒരു  അബദ്ധം പറ്റി. അതും ബസ്സില്‍ . കണ്ടക്ടറുടെ പുച്ഛം നിറഞ്ഞ നോട്ടം. ഇതെവിടുന്നു വരുന്നെടാ എന്ന മട്ടില്‍.  ഇനിയും അത് വയ്യ.  കുറച്ചു കാശു കിട്ടിയാല്‍ അതും ആയല്ലോ.  പിന്നെയുമുണ്ട്  അല്ലറ ചില്ലറ കാര്യങ്ങള്‍ വേറെ..

വല്യ മഴക്കുള്ള ലക്ഷണം ഒന്നും കാണുന്നില്ല.

ബസ് സ്റ്റോപ്പില്‍ തന്നേയുള്ള ശശിയുടെ കടയിലൊന്നു കയറി.  ഫാന്‍ കറങ്ങുന്നില്ല, ലൈറ്റ്കത്തുന്നില്ല,  പതിവ് പ്രശ്നങ്ങള്‍ തന്നെ. പരാതി ബോധിപ്പിച്ചു.  ശരിയാക്കാം എന്ന ഉറപ്പും കിട്ടി.

ദാ വരുന്നു ഒരു ബസ്‌.  ഈയിടെയായിട്ട് ഓടിച്ചാടി കയറലൊന്നും പതിവില്ല. മുന്നില്‍ വന്നു നിന്നാല്‍ കയറും, അതും സീറ്റ് ഉണ്ടെങ്കില്‍ മാത്രം. അങ്ങിനെയൊക്കെയാണ്  ഇപ്പഴത്തെ ഒരു രീതി. നമ്മുടെ ചൊല്ല്  ശരിയാവണമെങ്കില്‍ ഇന്നങ്ങിനെയൊന്നും ആയാല്‍ പറ്റില്ലല്ലോ. അതുകൊണ്ടാവും ,  ആ പതിവും മറി കടന്ന് ഓടി ബസ്സില്‍ക്കയറി.  ബോര്‍ഡും നോക്കിയില്ല. വരാനുള്ളത്  KSRTC  പിടിച്ചായാലും വരണമല്ലോ. ഇഷ്ടമുള്ള  സൈട് സീറ്റും കിട്ടി.  ഇനി സുഖം. ഒരു നാല്‍പതു മിനിറ്റ്.  കാഴ്ചകളും കണ്ടങ്ങിനെ ഇരിക്കാം.

ദാ വരുന്നു കണ്ടക്ടര്‍. " ഒരു തൃശൂര്‍". പറഞ്ഞപ്പോള്‍ പറയുന്നു ഇത് മണ്ണുത്തിയാണല്ലോ  എന്ന്. ആയിക്കോട്ടെ.  ഒരു ആമ്പല്ലൂര്‍ തരാന്‍ പറഞ്ഞു. അപ്പോഴേക്കും നല്ല  ബെസ്റ്റ് മഴയും.  ബസ്സിറങ്ങി സ്റ്റാന്‍ഡില്‍ കയറി നില്‍ക്കുമ്പോഴേക്കും മുഴുവന്‍  നനഞ്ഞു കുളിച്ചു.  ഒരൊന്നന്നര മഴ.  അവിടെ ഇരുന്ന് സുഖമായി മഴ കണ്ടു.  ബസ്സുകള്‍ വരുന്നു, പോകുന്നു. പിന്നെ ഞാന്‍ ഭയങ്കര  മിടുക്കിയല്ലേ. അതുകൊണ്ട്  കുടയും എടുത്തിട്ടില്ല.

തൃശൂര്‍ മഴ ഉണ്ടോ എന്നറിയാന്‍ ഒരു സുഹൃത്തിനെ വിളിച്ചു. കക്ഷി ഫോണ്‍ എടുക്കുന്നുമില്ല.  അവസാനം രണ്ടും കല്പിച്ചു ഞാന്‍ ഒരു തീരുമാനത്തിലെത്തി. ഇന്നിനി പോകുന്നില്ല.  ഒരു മാള   ബസ് വന്നു. അതില്‍ കയറി തിരിച്ചിങ്ങ് പോന്നു.

ചുരുക്കത്തില്‍ പറഞ്ഞാല്‍ പട്ടി മാര്‍ക്കറ്റില്‍ പോയപോലെ, അല്ലെങ്കില്‍, അച്ഛന്‍ പറഞ്ഞു കൊച്ചിക്ക്‌ പോകാന്‍. ഏറ്റത്തിന് അങ്ങടും പോയി എറക്കത്തിന് ഇങ്ങടും വന്നപോലെ.

എലക്ട്രീഷ്യനെ   കാണാന്‍ പോവാതിരുന്നെങ്കില്‍, ബസ്സില്‍ ഓടിക്കയറാതിരുന്നെങ്കില്‍,  ബസ്സിന്റെ ബോര്‍ഡ് ഒന്ന് വായിച്ചിരുന്നെങ്കില്‍, ഒരു  കുട കയ്യില്‍ കരുതിയിരുന്നെങ്കില്‍, എല്ലാം  മാറി മറിഞ്ഞേനെ.  പക്ഷെ എങ്ങനെ? വരാനുള്ളത് വഴിയില്‍ തങ്ങുമോ?

അതാ പറയണേ,  ചില കാര്യങ്ങള്‍ അങ്ങനെയാണ്. തല കുത്തി നിന്നാലും നടക്കില്ല.അത്ര തന്നെ.

.......................

വാല്‍ക്കഷണം: ഒന്നാം  യൂറോപ്പ് യാത്രയുടെ മൂന്നാം ഭാഗം, മൂന്നാം യാത്ര കഴിഞ്ഞെത്തിയിട്ടും ഇതുവരെ പോസ്റ്റ് ചെയ്തില്ല. ചെയ്യാം. എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ.


എഴുത്തുകാരി.