Friday, December 23, 2011

തണുപ്പ്......

എന്തൊരു തണുപ്പ്!.  രണ്ടു ദിവസമായി വെയിലു തീരെയില്ല. മൂടിക്കെട്ടി നിൽക്കുന്നു...  ആദ്യമായിട്ടല്ലേ ഇവിടെ.  ഈശ്വരാ ഇതിനിയും കൂടിക്കൂടി വരുമത്രേ.  എന്നിട്ടു കുറഞ്ഞുകുറഞ്ഞു വരുന്നതെന്നാണാവോ, അതറിയില്ല.

  ഇന്നലെ ഹരിദാസും സുമയും വന്നിരുന്നു.  ഞാൻ തണുപ്പെന്നു പറഞ്ഞപ്പോൾ സുമക്കു ചിരി  " തണുപ്പോ, ഇതോ, ഇതൊന്നുമായിട്ടില്ല അടുത്ത മാസമാവട്ടെ. അപ്പോ കാണാം. കിടക്കയൊക്കെ ഇങ്ങിനെ വെള്ളം വെള്ളം പോലിരിക്കും" .  അപ്പോ ഇതൊന്നുമല്ലേ ഇവിടത്തെ തണുപ്പ്.    പിന്നെ പറഞ്ഞതു സുമയായതുകൊണ്ട്, ഒരു അമ്പതു ശതമാനം മാർജിൻ കൊടുക്കാം. പകുതി വിശ്വസിച്ചാൽ മതി എന്നർഥം.  ഞാൻ പക്ഷേ സന്നാഹങ്ങളൊക്കെ  റെഡിയാക്കി വച്ചിട്ടുണ്ട്. സ്വെറ്ററുണ്ട്, ഷാളുണ്ട്, കമ്പിളിപ്പുതപ്പുണ്ട്.

പറയാൻ തുടങ്ങിയതു ഇതല്ല.  വിചിത്രയേക്കുറിച്ചാണ്. വിചിത്ര അടുത്തുള്ള വീടുകളിലൊക്കെ പണിക്കു പോവും. ഞാനും  വല്ലപ്പോഴും അത്യാവശ്യത്തിനു വിളിക്കാറുണ്ട്.  അവൾക്കു്  മക്കൾ 6.  മൂത്ത മകനു് 20 വയസ്സായിട്ടുണ്ടാവും.  അതിനു താഴെ വരിവരിയായി ബാക്കി അഞ്ചുപേർ.  അവൾക്കു  കഷ്ടി 40  കാണുമായിരിക്കും.  മകൻ അത്യാവശ്യം കൂലിപ്പണിക്കു പോയിത്തുടങ്ങി. ഭർത്താവ് പണിക്കു പോയാൽ പോയി, ഇല്ലെങ്കിലില്ല.  24 മണിക്കൂറും വെള്ളത്തിൽ. അവസാനം വിചിത്ര അയാളെ  അടിച്ചു പുറത്താക്കി. അടുത്തുള്ള ഒരു പണിതീരാത്ത കെട്ടിടത്തിന്റെ വാരാന്തയിലാണിപ്പോൾ   അയാൾ താമസം.

വിചിത്രയുടെ വീട്, കാടുപിടിച്ചു് കിടക്കുന്ന ഒരു സ്ഥലത്തിന്റെ നടുവിൽ കുറച്ചു സ്ഥലത്ത്  ഈ നീലക്കളറിലുള്ള ഷീറ്റ് ഇല്ലേ, അതു് വലിച്ചു കെട്ടിയ മേൽക്കൂര. താഴെയൊക്കെ മണ്ണ് തന്നെ.  ഒരു ദിവസം ആ താഴെയുള്ള പയ്യൻ കാലിൽ ഒരു കെട്ടും വച്ചു നടക്കുന്നു. അന്വേഷിച്ചപ്പോഴെന്താ, കാലിൽ എലി കടിച്ചതാണത്രേ. വളരെ നിസ്സാരമായിട്ടാ പറയുന്നെ. കുറച്ചു മഞ്ഞളും ചുണ്ണാമ്പുമൊക്കെ വച്ചു കെട്ടിയിട്ടുണ്ട്. ഡോക്ടറെ കാണിക്കണ്ടെ എന്നു ചോദിച്ചപ്പോൾ, ഇതിനിത്ര ഡോക്ടറെ  കാണിക്കാനെന്തിരിക്കുന്നു.എന്നു പറഞ്ഞിട്ടൊരു ചിരി.  ഞാനൊരു വിഡ്ഡിത്തം പറഞ്ഞപോലെ.  ഇതൊക്കെ ഇവിടെ പതിവാണെന്നു്.

കുറച്ചുനാൾ മുൻപത്തെ മറ്റൊരു  കഥ.  വിചിത്രയുടെ മൂത്ത മകൻ  രാത്രി കിടക്കുമ്പോൾ തല വക്കുന്നതു് ഷീറ്റ് വലിച്ചുകെട്ടാൻ ഇട്ടിട്ടുള്ള കല്ലിൽ.  ഇടക്ക്  ശബ്ദങ്ങളൊക്കെ കേക്കാറുണ്ടത്രേ.     നമ്മൾ ഓടൊക്കെ ഇളക്കി പുര മേയില്ലേ ഇടക്കു്, ഒരു ദിവസം അതുപോലെ ആ ഷീറ്റൊന്നു വലിച്ചുകെട്ടാൻ
കല്ലൊക്കെ ഇളക്കി മാറ്റിയപ്പോൾ അതിനകത്തു് നല്ല മൂർഖൻ പാമ്പ്, ഫാമിലി ആയിട്ട്. ഒന്നല്ല, രണ്ട്.  അതിനെ അടിച്ചുകൊന്നു് ഒരു ദിവസം മുഴുവൻ പ്രദർശിപ്പിക്കാൻ വച്ചിരുന്നത്രേ.

മൂർഖൻ പാമ്പിൽ തലവച്ചുറങ്ങുന്നവർക്കാണോ എലിയെ പേടി!.

സ്വെറ്ററിട്ട്, ഷാൾ പുതച്ച്, കട്ടിലിൽ  കിടന്നു് കമ്പിളിപ്പുതപ്പ് പുതച്ചുറങ്ങുന്ന ഞാൻ പറയുന്നു  തണുക്കുന്നുവെന്ന്.  വെറും ഷീറ്റ്  മാത്രം മേൽക്കൂരയുള്ള,  പാമ്പും എലിയും ഓടുന്ന വെറും നിലത്ത്  കൊച്ച  കുട്ടികളെയും കൊണ്ടു കിടന്നുറങ്ങുന്ന  വിചിത്രക്കും തണുക്കുന്നുണ്ടാവില്ലേ. വിചിത്രയുടെ  തണുപ്പിനാണോ എന്റെ തണുപ്പിനാണോ  തണുപ്പ് കൂടുതൽ.  അറിയില്ല.

എഴുത്തുകാരി.

Tuesday, November 29, 2011

എന്തു സുഖം!

ഹായ് എന്തു സുഖം, വെള്ളത്തിലിങ്ങനെ ഒഴുകി ഒഴുകി നടക്കാൻ. സ്വപനത്തിലല്ലാതെ  ശരിക്കും ഇങ്ങിനെ   കഴിയുമെന്നു് സ്വപ്നത്തിൽ  പോലും കരുതിയിട്ടില്ല.

പണ്ടൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്..  ആകാശത്തിൽ മേഘങ്ങളുടെ  ഇടയിൽക്കൂടിയും മുകളിൽ  കൂടിയുമൊക്കെ പറന്നു നടക്കുന്നതു്.. ആകാശത്ത് കൊട്ടാരവും രാജാവിനേയും  സ്വർണ്ണത്തൊങ്ങലുള്ള കടും നിറമുള്ള ഉടുപ്പുകളിട്ടു നർത്തനമാടുന്ന അപ്സരസ്സുകളേയുമൊക്കെ. ഉറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോഴും  ആ കണ്ടതൊന്നും മനസ്സിൽ നിന്നു പോയിട്ടുണ്ടാവില്ല.  (പിന്നെയാണറിയുന്നതു്  അന്നു രാവിലെ കണ്ട മഹാഭാരതത്തിലെ   രാജാവിന്റേയുംഅപ്സരസ്സുകളുടേയുമൊക്കെ  ഛായ തന്നെയായിരുന്നു എന്റെ  സ്വപന സുന്ദരിമാർക്കുമെന്നു്.).   സ്വപ്നത്തിലെങ്ക്ങ്കിലും അങ്ങിനെ പറന്നു  നടക്കാൻ കഴിഞ്ഞല്ലോ, രാജകൊട്ടാരമൊക്കെ കാണാൻ കഴിഞ്ഞല്ലോ എന്നു് സന്തോഷിച്ചിട്ടുണ്ട് അന്നു്.

അതൊക്കെ എത്രയോ  കാലം  മുൻപ്.  പക്ഷേ വെള്ളത്തിൽ ഒഴുകി നടക്കുന്നതിതുവരെ കണ്ടിട്ടില്ല.. അതും വെറും വെള്ളത്തിലൊന്നുമല്ല, നല്ല കിടക്കയിൽ  കിടന്നാണൊഴുകുന്നതു്.  നല്ല സുഖമുണ്ട്. പ്രഭാതമാണ്.  ഒരുപാട് കാഴ്ചകളുണ്ട് കാണാൻ.  രാജാവിനേയും സുന്ദരിമാരേയുമൊന്നും കണ്ടില്ല.  പക്ഷേ  കാടും മലയും കണ്ടു..   ഉദിച്ചുയരുന്ന സൂര്യനെ കണ്ടു.  വെള്ളത്തിലങ്ങനെ ഒഴുകി നടക്കുക, കാഴ്ചകൾ കാണുക.  ആകപ്പാടെ ഒരു സുഖം, മനസ്സിനൊരു സന്തോഷം.

ആരാ ബെല്ലടിക്കുന്നതു്,  അതോ മൊബൈലാണോ?  സുന്ദരമായ സ്വപ്നം മുറിഞ്ഞ ദേഷ്യത്തിൽ  ലോകത്തെ മുഴുവൻ ശപിച്ചുകൊണ്ട് കണ്ണ്  തുറന്നു.  ഒരു നിമിഷം കൊണ്ടെല്ലാം പിടികിട്ടി.  . ഒന്നും സ്വപ്നമായിരുന്നില്ല. എല്ലാം പച്ചവെള്ളം പോലെ  പരമാർത്ഥം.  കിടക്കയിൽ കിടന്നു് ഒഴുകി നടന്നുകൊണ്ട് ഉറങ്ങിയതും സ്വപ്നം കണ്ടതുമൊക്കെ.  മുറി മുഴുവൻ വെള്ളം.. കിടക്ക മുഴുവൻ നനഞ്ഞ്  ദേഹം വരെ നനഞ്ഞു തുടങ്ങിയിരിക്കുന്നു.  ഭാഗ്യം കട്ടിലിൽ  അല്ലായിരുന്നു ഉറങ്ങിയതു്. അല്ലെങ്കിൽ കട്ടിലു മുഴുവൻ മുങ്ങിയിട്ടുവേണ്ടേ ഒഴുകി നടക്കാൻ.  അപ്പോഴേക്കും ഫ്ലാറ്റ് മുഴുവൻ വെള്ളപ്പൊക്കമായേനേ!.

അടുത്ത ഫ്ലാറ്റിലെ    തെലുങ്കത്തി മാമിയായിരുന്നു ബെല്ലടിച്ചതു്.. മാമി മാത്രമായിരുന്നില്ല, കൂടെ മറ്റു പലമാമിമാരും മാമാമാരുമൊക്കെ ഉണ്ടായിരുന്നു.  ഞാനാരേം  നോക്കിയില്ല.  ഓടിപ്പോയി വെള്ളം വരുന്നതു് ഓഫ് ചെയ്തു. രാവിലെ 7 മണിക്കു വെള്ളം വരും.. എല്ലാവർക്കും സ്വന്തം സ്വന്തം ടാങ്കുകളുണ്ട്.  അതു നിറഞ്ഞാൽ നിറുത്തണം.. അല്ലെങ്കിൽ തലേന്നേ വെള്ളം ഓഫ് ചെയ്തു വക്കണം,  ഇതു രണ്ടും  ചെയ്തില്ല.. വെള്ളം ഒഴുകിയൊഴുകി താഴെ വരെ എത്തി. പാവം വെള്ളത്തിനെ കുറ്റം പറയാൻ പറ്റുമോ. മുറി മുഴുവൻ നിറഞ്ഞാൽ  ഒഴുകാതെ പിന്നെ.  ഇത്രയും നേരം ഒഴുകി  നടന്നതു ഞാനായിരുന്നെങ്കിൽ   ഇപ്പോൾ  ഒഴുകി നടക്കുന്നതു  വീട്ടിലെ ലൊട്ടുലൊടുക്കു സാധനങ്ങളായിരുന്നു..  ചൂലു മുതൽ പാത്രങ്ങൾ മുതൽ മൊബൈൽ ഫോൺ വരെ.

തെലുങ്കു പിന്നെ അറിയാത്തതുകൊണ്ട്  എന്തൊക്കെയാ അവരു പറഞ്ഞതെന്നറിയില്ല. തമിഴിൽ  അവർ പറഞ്ഞതൊക്കെ മനസ്സിലായി. പക്ഷേ മനസ്സിലായില്ലെന്നു ഭാവിച്ചു.  അതായിരുന്നു അപ്പോൾ സൈഫ്.  ആ നേരത്ത്  മലയാളം പറഞ്ഞാൽ പോലും എനിക്കറിയില്ലെന്നു പറഞ്ഞേനേ.  പറയുന്ന കാര്യങ്ങളൊക്കെ അത്ര  സന്തോഷത്തിലാണേയ്..അവരുടെ വീട്ടിനുള്ളിൽ വെള്ളം കടന്നാൽ പിന്നെ അവർക്കു സന്തോഷമില്ലാതിരിക്കുമോ  .

 മൂന്നാലു ദിവസത്തേക്കു പിന്നെ ഞാൻ വാതിലേ തുറന്നില്ല.  കുട്ടികളൊക്കെ  പിന്നെ എന്നെ കാണുമ്പോൾ തണ്ണി തണ്ണി എന്നു വിളിക്കുന്നപോലെ വെറുതെ ഒരു തോന്നൽ.


എഴുത്തുകാരി.



Friday, October 28, 2011

കരയണോ, ചിരിക്കണോ?


അന്നും പതിവുള്ള morning walk  കഴിഞ്ഞ് ഞാൻ  എന്റെ സ്ഥിരം ബെഞ്ചിലിരുന്നു.   അതാണെന്റെ പതിവു്. നല്ല ചുവന്ന നിറത്തിലുള്ള പൂക്കളാണവിടെ  മുഴുവന്‍.  ഇഷ്ടമുള്ള കുറേ പാട്ടുകളുണ്ട് എന്റെ മൊബൈലില്‍. ചിലപ്പോൾ അതു കേട്ടിരിക്കും.   അതുമല്ലെങ്കിൽ, മനസ്സിനെ  ഇഷ്ടമുള്ളിടത്തേക്കു മേയാന്‍ വിട്ടിട്ട് വെറുതേ ഇരിക്കും.  അന്നും  അതുപോലെ  മനസ്സിനെ അതിന്റെ വഴിക്കു വിട്ടിട്ട്, ഞാൻ പൂക്കളേയും കളിക്കാന്‍ വന്ന കുട്ടികളേയും നോക്കിയിരിക്കുകയായിരുന്നു.  പൂമ്പാറ്റകളേപ്പോലെ ഒരുപാട് കുട്ടികളുണ്ടായിരുന്നു അന്നു്.                                                            

ചാരു ബെഞ്ചിന്റെ അങ്ങേ അറ്റത്തിരുന്ന   ഭംഗിയുള്ള    പ്രിന്റഡ് സിൽക് സാരി ഉടുത്ത അവരെ നോക്കി ഞാനൊന്നു ചിരിച്ചു. സൗമ്യമായ മുഖം. രണ്ടൂ മൂന്നു ദിവസമായി എന്നും രാവിലെ കാണുന്നതല്ലേ. പതിവിനു വിപരീതമായി അവരും ചിരിച്ചു. പതിവിനു വിപരീതമായി എന്നു പറഞ്ഞതു്, സാധാരണ സ്ഥിരം  കാണുന്ന പലരോടും ചിരിച്ചിട്ടും ഇങ്ങോട്ടൊരു പ്രതികരണവും കിട്ടാറില്ല,  അതുകൊണ്ട് ഞാനാ പരിപാടി ഏകദേശം നിർത്തിയ മട്ടാണ്.

എന്തായാലും എനിക്കൊരു ചിരി പകരം കിട്ടി. എന്നോട് ചോദിച്ചു Dr.Latha  ആണോയെന്നു്. അതുപോലെ ഇരിക്കുന്നു എന്നു് .  അല്ലെന്നു പറഞ്ഞിട്ടും ചിരി മാഞ്ഞില്ല.   ബെഞ്ചിന്റെ രണ്ടറ്റത്തും ഇരുന്നിരുന്ന ഞങ്ങൾ  രണ്ടുപേരും പതുക്കെ നീങ്ങി  അടുത്തേക്കിരുന്നു. അതാണ് രാജി. രാജലക്ഷ്മി എന്ന രാജി.  തമിഴ്  നാട്ടുകാരിയാണ്..  എന്തുകൊണ്ടോ ചേച്ചി എന്നോ അക്കാ എന്നൊന്നും വിളിച്ചില്ല. ആദ്യം മാഡം ആയിരുന്നതു് പിന്നെ  രാജി  ആയി മാറി.. സംഭാഷണം ഇംഗ്ലീഷിലും തമിഴിലുമായി  പുരോഗമിച്ചു.

പിന്നെ എന്നും കാണും. രണ്ടു പേരും   പറഞ്ഞുവച്ച്   ഒരേ സമയത്തു വരാൻ തുടങ്ങി.  പാർക്കിന്റെ അടുത്തു തന്നെയാണ് രാജിയും താമസിക്കുന്നതു്.  ചില ദിവസം രാജി  പറയും, ഞാനിന്നു നല്ല പൊങ്കൽ ഉണ്ടാക്കിയിട്ടുണ്ട്. നീ  വാ, നമുക്കൊരുമിച്ച് കഴിക്കാം. ചില ദിവസം  breakfast  എന്റെ വീട്ടിലാവും. പുട്ട്    ഇഷ്ടമാണ് രാജിക്കു്.  കുറച്ചു ദിവസം കൊണ്ട്  രാജിക്കെന്നേയും എനിക്കു രാജിയേയും ഇഷ്ടമായി. എനിക്കതു് സാധാരണ  കഴിയാത്തതാണ്. അങ്ങനെ ആരുമായും പെട്ടെന്നടുക്കാൻ എനിക്കു കഴിയാറില്ല. രാജിക്കും ഇവിടെ കുറേ നാളായിട്ടും  കാര്യമായി  സുഹൃത്തുക്കളൊന്നുമില്ല. 

രാജി തമിഴ് നാട്ടുകാരി. ഹോട്ടൽ താജ് ൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ് .  ഒരുപാട്  രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താമസിച്ചിട്ടുണ്ട്. ഇപ്പഴും കൊല്ലത്തില്‍ 15 ദിവസം താജിൽ ഫ്രീ ആയി താമസിക്കാമത്രേ.  ഭർത്താവ് റിട്ടയർ ചെയ്തപ്പോൾ ബാംഗ്ലൂരിൽ  താമസമാക്കി.  ഭര്‍ത്താവ് മരിച്ചിട്ട് രണ്ടുമൂന്നു മാസമേ ആയുള്ളൂ. പെട്ടെന്നായിരുന്നു. (ഒരു പക്ഷേ തുല്യ ദു:ഖിതരായതുകൊണ്ടാവാം ഞങ്ങള്‍ പെട്ടെന്നടുത്തതു്)

രാജിക്കു രണ്ട്  മക്കൾ.  മകന്‍ ഭാര്യയുമായി വർഷങ്ങളായി ലണ്ടനിൽ.  മകള്‍    TCS ല്‍.  ബാംഗ്ലൂരിലായിരുന്നു. ഇപ്പോള്‍  അവളും ലണ്ടനില്‍. ഭർത്താവ് മരിച്ചപ്പോള്‍ അമ്മയെ തനിച്ചാക്കി പോകാൻ മക്കള്‍ക്കു വിഷമം. അതുകൊണ്ട് അമ്മക്കും  വിസക്ക്  apply  ചെയ്തിരിക്കയാണ്.   അമ്മക്കു വിസ കിട്ടി  അമ്മയേയും  കൂടെ കൊണ്ടുപോകാനായി  മകന്‍ തിരിച്ചുപോയിട്ടില്ല.

രാജിക്കു പോകാനൊട്ടും ഇഷ്ടമില്ല. സ്വന്തം ഫ്ലാറ്റ് ഉണ്ട്. എല്ലാ സൌകര്യങ്ങളുമുണ്ട്.  ഇഷ്ടം പോലെ പണമുണ്ട്.  എന്നോട് പറഞ്ഞു. എനിക്കാകെ ചെയ്യാനറിയുന്നതു് ട് വി കാണലാണ്. പിന്നെ പാചകവും.  ഭര്‍ത്താവുള്ളപ്പോള്‍ പറയുമായിരുന്നു കമ്പ്യൂട്ടര്‍ കുറച്ചെങ്കിലും  പഠിക്കാന്‍. ചെയ്തില്ല. മൌസ് പിടിക്കാന്‍ പോലും അറിയില്ല. കഴിഞ്ഞ 6 വര്‍ഷമായി  ATM കാര്‍ഡുണ്ട്. പക്ഷേ കാശെടുക്കാന്‍ അറിയില്ല. മൊബൈലില്‍  സിം മാറ്റിയിടാൻ അറിയില്ല.  അദ്ദേഹത്തിന്റെ നിഴലായി ജീവിക്കുകയായിരുന്നു.
  
 ആകെയുള്ള നേരം പോക്ക്  തമിഴ്  സീരിയലുകള്‍ കാണലാണ്.  അതു പോലും നടക്കില്ല അവിടെ ചെന്നാൽ. അവിടെ  സമയം വ്യത്യാസമാണല്ലോ.  അതിഭയങ്കര തണുപ്പ്.   ഇതിനൊക്കെ പുറമേ തമിഴ് ബ്രാഹ്മിനായ രാജിയുടെ മരുമകള്‍ ഒരു ക്രിസ്റ്റ്യന്‍‍ കുട്ടിയാണ്. എനിക്കവളെ  ഇഷ്ടമാണ്.  നല്ല കുട്ടിയാണ്. പക്ഷേ ഇനി  അവളുടെ  ഭക്ഷണരീതികളുമായി  പൊരുത്തപ്പെടാന്‍  കഴിയുമോ? ഒരുപാട് സംശയങ്ങൾ.   എന്തായാലും പോവുക തന്നെ എന്നു തീര്‍ച്ചപ്പെടുത്തി  വിസക്കു് അപേക്ഷിക്കുകയായിരുന്നു.  കുട്ടികൾ വിളിച്ചിട്ടു പോകാതിരിക്കാൻ വയ്യ.   ഒറ്റക്കു താമസിക്കാനും വയ്യ.

 ഭര്‍ത്താവ് മരിച്ച സ്ഥിതിക്കു  വിസ കിട്ടുമെന്നുറപ്പാണ്. വീട് വാടക്കു കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്തു.   പെട്ടികള്‍  പാക്ക് ചെയ്തു വച്ചു.

 എനിക്കും സങ്കടമായി. എന്റെ വിഷമം ഞാന്‍ പറഞ്ഞില്ല.  അമ്മയെ ഒറ്റക്കു താമസിക്കാന്‍ വിടാതെ കൂടെ കൊണ്ടുപോകുന്ന മകന്റെ കൂടെയല്ലേ ആ അമ്മ പോകുന്നതു്.   സന്തോഷിക്കുകയല്ലേ വേണ്ടതു്.  അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു.

സാധാരണ ഞങ്ങള്‍  നടത്തം കഴിഞ്ഞാണ്  ബെഞ്ചില്‍ വന്നിരുന്നു സംസാരിക്കാറുള്ളതു്.  അന്നും ഞാന്‍ പതിവുപോലെ എന്റെ നടത്തം തുടങ്ങി. ഏന്നെ കാത്തിരുന്ന  രാജി പറഞ്ഞു,  നിക്ക്, നിക്ക്,  നടക്കാന്‍ വരട്ടെ.  അല്ലെങ്കില്‍‍ ഇന്നു നടക്കണ്ടാ. നമുക്കിരിക്കാം.  ബെഞ്ചില്‍ പോയി ഇരുന്നു.  എന്നോട്  ചോദിച്ചു, ഞാൻ കരയണോ ചിരിക്കണോ എന്നു്. എന്നിട്ടു പറഞ്ഞു, അല്ല, ഞാന്‍ ചിരിക്കാന്‍ തീരുമാനിച്ചു. എന്നു്.

  എനിക്കൊന്നും മനസ്സിലായില്ല. എന്തായാലും ചിരിക്കാനാണല്ലോ തീരുമാനിച്ചതു്. നന്നായി  എന്നു ഞാനും കരുതി.  ‍സംഭവം എന്താണെന്നുവച്ചാൽ  രാജിയുടെ വിസ  reject  ചെയ്തു. ഇവിടെ സ്വത്തുക്കളുണ്ടെന്നും, ബന്ധുക്കളുണ്ടെന്നും, മകന്‍ ധാരാളം കാശയുക്കുന്നുണ്ടെന്നും അങ്ങനെ എന്തൊക്കെയോ കാരണം പറഞ്ഞു്.
                                
അവസാനം ഇപ്പോള്‍ മകനും തീരുമാനിച്ചു. അമ്മയെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍, അമ്മയെ ഒറ്റക്കാക്കി പോകണ്ട,  അത്യാവശ്യം  കാശൊക്കെ സമ്പാദിച്ചിട്ടുണ്ടല്ലോ, ഇനി നാട്ടിലേക്കു തിരിച്ചുവരാം എന്നു്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. കല്യാണം കഴിഞ്ഞ്‌ പത്തു വര്‍ഷമായിട്ടും അവര്‍ക്കു കുട്ടികളില്ല. ഇനി നാട്ടിലെ ചികിത്സയും നോക്കാം എന്ന തീരുമാനത്തോടെ.  അപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.

അതാ രാജി ചോദിക്കുന്നതു്, വിസ കിട്ടാത്തതുകൊണ്ട് രാജിക്കു  ഇവിടെ നിന്നു  പോകണ്ട, മകൻ തിരിച്ചുവരികയും ചെയ്യുന്നു. അപ്പോൾ ഞാൻ ചിരിക്കുകയല്ലേ വേണ്ടതു്.   പക്ഷേ അവനു് പെട്ടെന്നു് എല്ലാം എനിക്കുവേണ്ടി അവസാനിപ്പിച്ച് വരുന്നതിൽ സങ്കടമുണ്ടാവില്ലേ. അതുകൊണ്ട്  ഞാൻ വിഷമിക്കണോ എന്നതാണ് രാജിയുടെ പ്രശ്നം.
 
മകന്‍ ലണ്ടനിലെ  കാര്യങ്ങള്‍ അവസാനിപ്പിച്ച് വരാന്‍ ഇപ്പോള്‍ അങ്ങോട്ട്  പോയിരിക്കുകയാണ്. മകന്‍ വരുന്നതുവരെ  രാജി ചെന്നൈയിലേക്കും പോയി. ബന്ധുക്കളെല്ലാം അവിടെയാണ്.  ദീപാവലി  കഴിഞ്ഞു് നവംബര്‍ ഒന്നാം തിയതി വരും.

ഞാനും കാത്തിരിക്കുന്നു, എന്റെ ഈ നഗരത്തിലെ ഒരേ ഒരു സുഹൃത്തിനെ.  

എഴുത്തുകാരി.                                            

Wednesday, October 5, 2011

സുഖമുള്ള ഓർമ്മകൾ.

ബൂലോഗരെല്ലാം  ചോദിക്കുന്നു, എന്താ എഴുത്തുകാരീ ഇതു്  എന്തു പറ്റി, എന്താ ഇപ്പോ ഒന്നും എഴുതാത്തേ, നിങ്ങളിങ്ങനെ കഴിവും ഭാവനയും വാരിക്കോരി കിട്ടിയിട്ടുള്ളവർ ഇങ്ങനെയായാൽ കഷ്ടമല്ലേ. ഇതൊന്നുമില്ലാത്ത ഞങ്ങൾ വരെ ആഴ്ചയിലൊരു പോസ്റ്റ് വച്ച് കാച്ചുന്നു കമെന്റാണെനിൽ ഇഷ്ടം പോലെ.ഉള്ള ഭാവന അങ്ങിനെ മുരടിപ്പിച്ചുകളയരുതേ. പിന്നെ ഭാവന  വരില്ല.

കണ്ടതു് സ്വപ്നമാണെങ്കിലും സംഗതി സത്യമാണല്ലോ!  എന്നാപ്പിന്നെ ഒരു പോസ്റ്റ് ഇട്ടിട്ടുതന്നെ കാര്യം. ഭാവന പോയിട്ട്  ബിന്ദു പണിക്കര്  വരെ ഈ വഴി തിരിഞ്ഞുനോക്കാറില്ലെന്നു്  തൽക്കാലം  ആരോടും പറയണ്ട.

എന്തായാലും തട്ടിക്കൂട്ടാം ഒരെണ്ണം. തുടങ്ങിയേക്കാം.  ഭാവന ഇൻ പ്ലെൻടി ഉള്ളതുകൊണ്ട് പ്രത്യേകിച്ചൊരു  തയ്യാറെടുപ്പൊന്നും  വേണ്ടല്ലോ. മുന്നിൽ കാണുന്നതെല്ലാം പോസ്റ്റല്ലേ.  വായനക്കാർ വായിച്ചു രോമാഞ്ചകഞ്ചുകം അണിയട്ടെ.

ദാ, തുടങ്ങുന്നൂട്ടോ.

 പുറത്തു നല്ല മഴ.  അതിൽ തന്നെ തുടങ്ങിയാലോ?

മാനം കറുത്തിരുണ്ടു.   മഴയുടെ ഇരമ്പം കേൾക്കാം.   മഴ ഒറ്റക്കാണ് വന്നതു്.  എന്നുവച്ചാൽ കൂട്ടിനു്  ഇടി, മിന്നൽ, കാറ്റ് ഇത്യാദി  അകമ്പടികളൊന്നുമില്ലെന്നു് സാരം.   ഇതു് ഏതെങ്കിലുമൊന്നു്   കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ എനിക്കു ഇത്രക്കിഷ്ടമാവില്ലായിരുന്നു. ആ പറഞ്ഞതിനെയൊക്കെ ഭയങ്കര പേടിയാണെനിക്കു്. എന്തിനാന്നറിയില്ല, എന്നാലും വെറുതേ ഒരു പേടി.

നാട്ടിലെ മഴയല്ലാട്ടോ. ഞാനതിനു നാട്ടിലല്ലല്ലോ, അകലെയല്ലേ. മുറ്റമില്ല, മുറ്റത്ത് കെട്ടി നിൽക്കുന്ന  ചായനിറമുള്ള വെള്ളമില്ല, മഴ പെയ്തൊരുപാട്` കഴിഞ്ഞിട്ടും  വെള്ളം ഇറ്റിറ്റുവീഴുന്ന ഇലഞ്ഞിമരമില്ല.

വേണ്ടാ, എന്തിനാ അതൊക്കെ. മനസ്സു് നിറയെ ഓർമ്മകളുണ്ടല്ലോ.

അപ്പോ ശരി ഒരു ഫ്ലാഷ് ബാക് - നാട്ടിലെ ഒരു മഴദിവസം.

"എത്ര നേരായി ഈ മഴ തുടങ്ങിയിട്ട്, ഒന്നു പുറത്തക്കിറങ്ങാൻ കൂടി പറ്റാതെ" ഒരു കുട    തര്വോ മോളേ.  മഴയത്ത് നിന്നു  കയറിവന്ന  അമ്മിണിയമ്മ. മഴക്കാലമാണെന്നും കയ്യിലൊരു കുട  കരുതുന്നതിൽ തെറ്റൊന്നുമില്ലെന്നും  ഒരിക്കലും  ഓർക്കാറില്ല അവർ. എന്നിട്ടും കുറ്റം മഴക്കു്.

തലയിലും ദേഹത്തുകൂടിയും ഒഴുകുന്ന വെള്ളവും നനഞ്ഞ മുണ്ടുമായി പറമ്പിൽ നിന്നു് ഓടിക്കയറി വരുന്നു  തങ്കപ്പൻ. ഒരു ബീഡിയെടുത്തു ചുണ്ടിൽ വക്കാൻ നോക്കുമ്പോൾ, ബീഡിയും തീപ്പെട്ടിയുമെല്ലാം നനഞ്ഞിരിക്കും. ആ നേരത്ത് ഇടവഴിയിൽ കൂടി  ചായക്കടയിൽ പാലു കൊടുത്ത് പോകുന്ന ഗോപിയോ, വെറുതേ  വായ്നോട്ടത്തിനിറങ്ങിയ  ചന്ദ്രേട്ടനോ  വരും.   ഒരു ബീഡി വാങ്ങി കത്തിച്ച്,  തുടങ്ങും നാട്ടുവർത്തമാനം രണ്ടാളും കൂടി. നാണിയമ്മ ആൾറെഡി  ഉണ്ടല്ലോ.

 പന്തല്ലൂർ വഴിയിലൊരു മരം വീണതു്, വേണുമാഷിന്റെ മോൾടെ കല്യാണാലോചന, ആലിന്റെ പൊത്തിലൊരു മൂർഖനെ കണ്ടതു്, പാടത്തു് വെള്ളം പൊങ്ങിയതിന്റെ കഷ്ടനഷ്ടങ്ങൾ, അങ്ങിനെ ഒന്നും രൺടും മൂന്നും നാലും പറഞ്ഞിരിക്കുമ്പോൾ ദാ വരുന്നു കൊച്ചുപെണ്ണ്. അപ്പുറത്തെ വീട്ടിലെ പണി കഴിഞ്ഞു പോണ പോക്കാണ്. കയ്യിൽ പന്തല്ലൂക്കാരൻ സിൽക്സിന്റെ കവർ.  അതിൽ കുറച്ചു മാങ്ങയുണ്ട്. ഒരു  കഷണം ചക്കയും.  നല്ല മൂവാണ്ടൻ മാങ്ങ. കണ്ടപ്പോൾ കൊതിയായി രണ്ടെണ്ണം ഞാനുമെടുത്തു. കൊച്ചുപെണ്ണും സദസ്സിലൊരംഗമായി.    അടുത്ത ആളും എത്തി. സാമി. ഇവിടെ  കേബിൾ കിട്ടുന്നുണ്ടോന്നു നോക്കാൻ വന്നതാ. കൂട്ടത്തിൽ  പറമ്പുപണിക്കു് തങ്കപ്പനെ  ബുക്ക് ചെയ്യാനും.

എന്തിനു പറയുന്നു, എല്ലാരും കൂടി ഒരു സഭ കൂടല്. സിറ്റൗട്ടിലും കാർപോർച്ചിലുമൊക്കെയായിട്ട്.  ഇടവഴിയിൽ പോകുന്നവരും വരുന്നവരും  ഇവിടത്തെ ഒച്ച കേട്ടിട്ട് ചിലപ്പോൾ ഒന്നു നിക്കും, എന്തെങ്കിലുമൊന്നു  പറയും. എല്ലാരും തണുത്തു വിറച്ചിരിക്കയല്ലേ എന്നു കരുതി  ഞാനിത്തിരി കട്ടൻ കാപ്പിയിടും എല്ലാർക്കും.

കാപ്പിയും കുടിച്ച് ബീഡിയും വലിച്ച് എല്ലാരും പതുക്കെ എണീറ്റു തുടങ്ങുമ്പഴാവും പാട്ടിയുടെ വരവു്. ഒരു ചെമ്പരത്തിക്കൊമ്പ്, അല്ലെങ്കിൽ ആ മഞ്ഞ പൂവിന്റെ ഒരു കൊമ്പ്.  " നല്ല മൂത്ത കൊമ്പ്  നോക്കി ഒരെണ്ണം എനിക്കു വെട്ടി താ തങ്കപ്പാ".  എല്ലാ കൊല്ലവും കൊണ്ടുപോണതൊക്കെ എവിടെയാണാവോ.  അതൊക്കെ  വെച്ചു പിടിപ്പിച്ചിരുന്നെങ്കിൽ  ഒരു പൂങ്കാവനമായേനേ.

 ഇത്തിരി നാട്ടുവർത്തമാനം, ഒരിത്തിരി പരദൂഷണം.  എല്ലാർക്കും സന്തോഷം.

എന്റെ ആ കൊച്ചുഗ്രാമം വിട്ടൊരു ജീവിതം എനിക്കുണ്ടാകുമെന്ന് ഓർത്തതേയില്ല.  ശാരദ ടീച്ചർ പറഞ്ഞതുപോലെ നമ്മുടെ സുഖവും ദു:ഖവും ഉണ്ടാക്കുന്നതു് നമ്മളു തന്നെയാ മോളേ.  സുഖമാണെന്നു വിചാരിച്ചാൽ സുഖം, ദു:ഖമാണെന്നു വിചാരിച്ചാൽ ദു:ഖം. എല്ലാം നമ്മുടെ മനസ്സിലാ.

എനിക്കു സുഖമാണ്, സന്തോഷമാണ്.  നഷ്ടപ്പെട്ട  സൗഭാഗ്യങ്ങളെ ഓർത്ത് കേഴാതെ ഇനിയും ബാക്കിയുള്ള സൗഭാഗ്യങ്ങളെ നെഞ്ചോട് ചേർക്കുന്നു,  ഞാൻ.

എഴുത്തുകാരി.

Thursday, July 28, 2011

ഒരൊറ്റ നിമിഷം കൊണ്ട്......

ല്ല ഭംഗിയായി, ഉഷാറായി വളരുന്ന ഒരു കൂവളം. അതിനു് ഞാന്‍ വെള്ളമൊഴിക്കും. ദൈവത്തിന്റെ ചെടിയല്ലേ എന്നും പറഞ്ഞു്, അപ്പുറത്തെ പാട്ടിയും വെള്ളമൊഴിക്കും. അതങ്ങനെ സന്തോഷമായി, ഉഷാറായി വളര്‍ന്നു നില്‍ക്കുന്ന കാലം. ഒരു ദിവസം കാറ്റത്തോ അതോ കുട്ടികള്‍ കളിച്ചിട്ടോ എങ്ങനെയാന്നറിയില്ല, അതൊന്നു മറിഞ്ഞുവീണു. ഒരു പരുക്കും പറ്റിയില്ല.  തല ഉയര്‍ത്തി നിന്നിരുന്നതു് ഒന്നു കിടന്നൂന്നു മാത്രം.  അതോ ഇനിയിപ്പോ കാലം കുറേയായില്ലേ ഈ നില്പ് നിക്കുന്നു, ഇനിയും ഒരുപാട് കാലം നിക്കാനുള്ളതല്ലേ, കുറച്ചൊന്നു കിടന്നു  റെസ്റ്റ്  എടുക്കാം എന്നു കരുതിയിട്ടോ,  കക്ഷി ഒന്നു കിടന്നു. (സംഭവം അതൊന്ന്വല്ല  കടയിൽ മണ്ണില്ല, പകരം കുഴിയായി. വേരൊക്കെ പുറത്തു്. അതാണ്  പാവം വീണതു്.)

പറിച്ചുനടലിനു  മുൻപ്, വെറുതേ ഒരു ദിവസം എടുത്തതു്.                                                                  

അന്നു വൈകീട്ടാ ഞാനതു കണ്ടതു്. നാളെ ശരിയാക്കാം കടക്കലിത്തിരി മണ്ണൊക്കെ ഇട്ട്, ഒരു ഊന്നു കൊടുത്ത് കെട്ടി ശരിപ്പെടുത്തിയെടുക്കാം.  ഇന്നുകൂടി പാവം അതു കിടന്നു റെസ്റ്റ് എടുത്തോട്ടെ എന്നു കരുതി ഞാനുറങ്ങി.പിറ്റേന്ന്   പതിവുപോലെ വെള്ളമൊഴിച്ചുകൊടുത്തിട്ട് ഞാനതിനോടൊരു സുല്ല് പറഞ്ഞു. ഞാന്‍ നാളെ വന്നു എഴുന്നേല്പിച്ച് നിര്‍ത്തിക്കോളാം ഇന്നു് തിരക്കായിട്ട് ഞാനൊരിടം വരെ പോവുന്നു. നിനക്കു സങ്കടമൊന്നുമില്ലല്ലോന്നു ചോദിച്ചപ്പോള്‍ പറഞ്ഞു, ഏയ് എനിക്കിതാപ്പോ ഇഷ്ടായേ. ഭാരം താങ്ങി നിക്കണ്ടാല്ലോ, ഒന്നോ രണ്ടൊ ദിവസം കൂടി ഞാനിങ്ങനെ കിടന്നു റെസ്റ്റെടുത്തോളാം എന്നു്. ഞാന്‍ സമാധാനായിട്ട് പോയി വന്നു.

അതിനും പിറ്റേന്നു് രാവിലെ ഞാന്‍  പതിവുപോലെ ചായയും കൊണ്ട് എന്റെ കിളിവാതിലിനരികില്‍ വന്നിരുന്നു. അതാണെന്റെ പുറത്തേക്കുള്ള വഴി. അതു ചാടി കടന്നിട്ടുവേണം മുറ്റത്തെത്താന്‍. അല്ലെങ്കില്‍ ഒരു മൈല്‍ വളഞ്ഞ്പോണം.  എന്റെ  ചിന്തകളുമായി ഞാനങ്ങിനെ ഇരിക്കുമ്പോള്‍ ദാ വരുന്നു  സാമി. കൂടെ സന്തതസഹചാരിയായ  സ്റ്റൂള്‍,(സ്വന്തം തടി തന്നെ താങ്ങി നടക്കാന്‍ വയ്യ, എന്നാലും സ്റ്റൂളും താങ്ങിയാണ് എപ്പോഴും നടപ്പു്. എപ്പോ വേണെങ്കിലും ഇട്ടിരിക്കാല്ലോ. ആ കൊച്ചു സ്റ്റൂളിനോട് നമുക്ക്‌ സങ്കടം തോന്നും.)    ഒരു പണിക്കാരന്‍, പണിക്കാരന്റെ കയ്യിലൊരു കയ്ക്കോട്ട്, പിന്നൊരു ചാക്കു്, അതിൽ വളം.   ഓ അപ്പോ എനിക്കു മാത്രമല്ല, ചെടികളോടിഷ്ടം.ഞാനിവിടന്നു പോയാലും സാമി നോക്കിക്കോളും ഇവരെയൊക്കെ. സമാധാനായി.‍   സാമി ഇന്നലെ  പതിവു സര്‍ക്കീട്ടിനു് വന്നപ്പോള്‍ ചെടി മറഞ്ഞുകിടക്കുന്നതു കണ്ടു കാണും. എനിക്കു ബഹുമാനം തോന്നി. എത്ര പ്രോംപ്റ്റാ.  എന്നേപ്പോലെ സുല്ല്‌  പറഞ്ഞില്ലല്ലോ. നന്നായി, പണിക്കാരന്‍ ചെയ്യുമ്പോള്‍ കുറച്ചുകൂടി നന്നാവും.

രണ്ടുപേരും ചെടിയുടെ ചുറ്റുമിരുന്നു. പണിക്കാരന്‍ താഴെ. സാമി സ്റ്റൂളില്‍.   അവര്‍ പണി തുടങ്ങി. കൂവളം കിളിവാതിലിനിടയിലൂടെ എന്നെ ഒന്നു നോക്കി, പറഞ്ഞു, കണ്ടോ കണ്ടോ എന്നോടിഷ്ടമുള്ളവര്‍ വേറേയുമുണ്ട്..  ഞാനൊന്നും പറഞ്ഞില്ല, ചിരിച്ചു.

അവർ  പണി തുടങ്ങി.  അങ്ങനെ ഞാന്‍ നോക്കിയിരിക്കുമ്പോ,  ‍ഒരു നിമിഷനേരം കൊണ്ട്, എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുന്‍പ്, നമ്മുടെ കൂവളച്ചെടിയതാ പണിക്കാരന്റെ കയ്യിൽ.  ഞാൻ സ്തംഭിച്ചുനിന്നുപോയി. ചതിച്ചല്ലോ ഭഗവാനേ. എന്തു വിഡ്ഡിത്താ ഈ കാട്ടിയതു്! ഇത്രയും വളര്‍ന്ന ഒരു ചെടി പറിച്ചെടുക്കുകയോ. ഒരു നിമിഷം കൊണ്ടെല്ലാം കഴിഞ്ഞു.  തൊട്ടപ്പുറത്ത്, അതെ തൊട്ടപ്പുറത്ത്, വേറൊരു വല്യ കുഴി കുഴിച്ചു. ചാരവും വളവും ഇട്ടു. ഈ ചെടിയെ ആ കുഴിയില്‍ വച്ചു. വെള്ളമൊഴിച്ചു. എനിക്കു മനസ്സിലായി, സംഭവം പിശകായെന്നു്.  അതു കഴിഞ്ഞു സാമി എഴുന്നേറ്റു.  ചുറ്റും നോക്കി. എന്നെ കണ്ടു.    നിങ്ങളൊക്കെ ഇവിടെ ഉണ്ടായിട്ടെന്തിനാ,എവിടേയും എന്റെ കണ്ണെത്തണം. ഇതും മനസ്സില്‍ പറഞ്ഞു് സ്റ്റൂളും  താങ്ങി  സാമി പോയി.

 എനിക്കു ദേഷ്യോം സങ്കടോം ഒക്കെ വന്നു.എന്നാലും ഇങ്ങനെയുണ്ടൊ മനുഷ്യമ്മാരു്. കോമണ്‍സെന്‍സ് എന്നു പറഞ്ഞ സാധനം ഇല്ലേ ഇവര്‍ക്കൊന്നും. ആ പണിക്കാരനെങ്കിലും പറയായിരുന്നില്ലേ, ഈ ചൂടില്‍ ഇതു പറിച്ചുനട്ടാല്‍ പിടിക്കില്ലെന്നു്. മാറ്റി നടുന്നതു്  ഒരു കാര്യത്തിനായിരുന്നെങ്കില്‍, വലുതാവുമ്പോള്‍ ഏതിനെങ്കിലും തടസ്സമാ‍വുമെന്നോ മറ്റോ. ഇതു് അതൊന്നുമല്ല, പഴയതിന്റെ തൊട്ടടുത്തു തന്നെ.

ഇനിയിപ്പോ സാമിയോടും അതു വല്ല സ്വകാര്യമോ മറ്റോ പറഞ്ഞോ ആവോ, കുറേ നാളായി ഇവിടെ ഇങ്ങനെ ഒരേ നില്പ് നിന്നിട്ട് ബോറടിക്കുന്നൂന്നോ മറ്റോ. അല്ലാതെ എന്താ പറയുക.
അവരു പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ പോയി  ഒന്നു കാണാന്‍. പാവം അതെന്നെ നോക്കി, ഞാന്‍ അതിനേം.  ഒന്നും പറഞ്ഞില്ല രണ്ടാളും.ഇനി എന്തു പറയാന്‍!

                
 ആ ഒരു വെളുത്ത കല്ല് വച്ചിട്ടില്ലേ, അവിടെ ആയിരുന്നു അതു്.
                                             
ഒരാഴ്ച കഴിഞ്ഞു. ഇപ്പോള്‍ ഇതാണിതിന്റെ അവസ്ഥ. പിടിക്കില്ലെന്നുറപ്പു്. പാവം കൂവളം. എന്നാലും ഇതിത്തിരി കടുപ്പായിപ്പോയില്ലേ
.
കണ്ടുകണ്ടങ്ങിരിക്കുന്ന നേരത്ത് കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍!

എഴുത്തുകാരി.

Wednesday, May 18, 2011

ചുവന്ന റോസാപ്പൂക്കൾ

ഒരു ദിവസം ഞാനും മോളും കൂടി ഒരിടത്ത് പോയി വരുന്നു. സ്ഥലം ചെന്നൈ മഹാനഗരം.  ഇവിടെ എത്തിയിട്ട് അധിക ദിവസമായില്ല.

ഒരു ജംഗ്ഷനാണ്.  ബസ്സുകളും കാറുകളുമൊക്കെ  സിഗ്നൽ കാത്തുകിടക്കുന്നു. എ സി ബസ്സിലായിരുന്നു. ഡോർ  ഒന്നു തുറന്നു തന്നിരുന്നെങ്കിൽ ഇറങ്ങാമായിരുന്നു എന്നു മനസ്സിൽ കരുതി കൺഡക്റ്ററെ നോക്കി ഒന്നു ചിരിച്ചുനോക്കി. സ്നേഹമുള്ള കൺട്ക്ടറായിരുന്നു.  ഡോർ തുറന്നു തന്നു.   പകരമായി  സ്നേഹമുള്ള ഒരു ചിരി തിരികെ കൊടുത്തു. വെയിലത്ത് ഇത്രേം വഴി നടക്കാതെ കഴിഞ്ഞല്ലോ.

ചെന്നൈയിലും സ്നേഹമുള്ളവരൊക്കെ ഉണ്ട്,  എന്നോർത്ത് പുളകം കൊണ്ട് അങ്ങിനെ നടന്നു  തുടങ്ങി. താഴേക്കൊന്നു നോക്കിയപ്പോൾ റോഡിൽ നല്ല ചുവന്ന റോസാപ്പൂക്കൾ. പൂ, അതും ചുവന്നു തുടുത്ത റോസാപ്പൂ കണ്ടിട്ട്  കാണാതെ പോകുന്നതെങ്ങനെ? എന്നെക്കൊണ്ടാവില്ല..

ഞാൻ കുനിഞ്ഞെടുത്തു, ഒരെണ്ണം.  ഇതു വേണ്ടാ, ഇതിന്റെ ഇതളുകൾ ഒടിഞ്ഞിട്ടുണ്ട്. അപ്പുറത്ത് വേറേം ഉണ്ടല്ലോ. പിന്നെന്തിനാ ഇതു്? നല്ലതു നോക്കി ഒരു രണ്ടുമൂന്നെണ്ണം എടുത്തു.  പൂ കച്ചവടക്കാരൻ സൈക്കിളിൽ കൊണ്ടുപോകുമ്പോൾ കൊട്ട മറിഞ്ഞതാവും.

റോസ് മാത്രമല്ല, ചെട്ടിമല്ലിയുമുണ്ട്. മഞ്ഞയും ചുവപ്പുമൊക്കെ. ഞാൻ മോളോട് പറഞ്ഞു,  മോളേ, നല്ല മൂത്തതു നോക്കി  രണ്ടുമൂന്നെണ്ണം എടുത്തോ. വീട്ടിൽ കൊണ്ടുപോയി പാവാം. ഇത്തിരി മുറ്റമൊക്കെയുണ്ട്. അതിൽ മൂന്നാലു ചെടികൾ വച്ചിട്ടുമുണ്ട്. ഇനിയും ചെടികൾ എങ്ങിനെ സംഘടിപ്പിക്കും  എന്നു കരുതിയിരിക്കുമ്പഴാ നിനച്ചിരിക്കാതെ ഇതിങ്ങനെ മുന്നിൽ വീണുകിടക്കുന്നതു്. ദൈവത്തിന്റെ ഓരോരോ കളികൾ!  കാശു കൊടുത്ത് ചെടി വാങ്ങുന്ന ശീലമില്ലല്ലോ. നാട്ടിൽ ഓരോ വീട്ടിലും തെണ്ടിയാണല്ലോ ചെടികൾ സംഘടിപ്പിക്കാറ്. ഇതിപ്പോ ദാ നല്ല മൂത്ത വിത്ത്, മഞ്ഞയും ചുവപ്പും. നല്ല രണ്ടുമൂന്നു റോസാ‍പ്പൂക്കളും. അതാ പറഞ്ഞതു്, ദൈവത്തിന്റെ ഓരോരോ കളികൾ. അവിടെ ഇറക്കിത്തന്ന കൺടക്റ്റർക്കും, മറിഞ്ഞുപോയ പൂക്കൾ വാരിയെടുക്കാതെ അവിടെത്തന്നെ ഇട്ടിട്ടുപോയ പൂക്കാരനേയും മനസ്സിൽ നന്ദിയോടെ സ്മരിച്ചു.

പറ്റാവുന്നതൊക്കെ എടുത്ത് നടക്കാൻ തുടങ്ങിയപ്പോൾ വെറുതേ ഒരു തോന്നൽ ആരൊക്കെയോ നോക്കുന്നുണ്ടോ എന്നു്. ഏയ്, തോന്നലാവും, എന്തിനാ നമ്മളെയിപ്പോ നോക്കണേ,  താഴെ വീണുകിടന്നിരുന്ന രണ്ടുമൂന്നു പൂവെടുത്തൂന്നല്ലേയുള്ളൂ, വേറൊന്നും ഞാൻ ചെയ്തിട്ടില്ല. അതും  വീണു കിടന്നിരുന്നതല്ലേ. റോസപ്പൂവിനെ ഇടക്കൊന്നു വാസനിച്ചു നടന്നു തുടങ്ങി. അപ്പഴും തോന്നി, അല്ല എന്തോ പ്രശ്നമുണ്ട്, അവരൊക്കെ നോക്കുന്നുണ്ട്.

ശങ്കിച്ച് ശങ്കിച്ച്  നടന്നുതുടങ്ങിയപ്പോൾ അടുത്ത കടയിലെ ഒരാൾ (ഇതേതു കോത്താഴത്തിൽ നിന്നു വരുന്നതാണപ്പ എന്നു തമിഴിൽ  വിചാരിച്ചുകൊണ്ട്,  അതെങ്ങിനെ മനസ്സിലായി  എന്നു ചോദിച്ചാൽ,  മനസ്സിലായി, അത്ര തന്നെ)  അടുത്തേക്കു  വരുന്നു, എന്നിട്ട് പറയുന്നു എന്നമ്മാ ഇതു്, അന്ത പൂക്കൾ എടുക്ക കൂടാത്‌.

സംഭവം എന്താന്നുവച്ചാല്, മരിച്ച ഒരാളുടെ ശവം കൊണ്ടുപോയപ്പോൾ (മരിക്കാത്ത ഒരാളുടെ ശവം കൊണ്ടുപോവുമോ എന്ന മറുചോദ്യം വേണ്ടാ. ഒന്നു ക്ലിയറാക്കി പറഞ്ഞൂന്നു മാത്രം!)  വഴി നീളെ ഇട്ടുപോയതാണാ പൂക്കൾ.  ഇവിടെ അങ്ങിനെയാണ്, കൊട്ടും മേളവും പടക്കം പൊട്ടിക്കലും, വഴിനീളെ പൂവെറിയലും ഒക്കെയായിട്ട് ആഘോഷമായിട്ടാണ് ലാസ്റ്റ് ജേണി. ഇപ്പഴല്ലേ അതൊക്കെ പിടികിട്ടുന്നതു്.

പൂക്കൾ താഴെയിട്ടിട്ട് വേഗം സ്ഥലം വിട്ടു. രണ്ടു പൂക്കൾ  കണ്ടപ്പോൾ ഇത്ര ആക്രാന്തം കാണിക്കേണ്ട  വല്ല കാര്യമുണ്ടായിരുന്നോ.

എഴുത്തുകാരി.

Thursday, April 14, 2011

ഓർമ്മയിലൊരു വിഷു

ഇതൊന്നു നോക്കൂ, എന്റെ കണിക്കൊന്ന മരം.   ഇത്തിരിപ്പോന്ന  ഓരോ ചെടിയിലും അതിനു താങ്ങാന്‍ പറ്റാത്തത്ര പൂവ്.  ഇതില്‍ വേണമെങ്കില്‍ ഒരു ഇരുപത്തഞ്ചു കുല പൂവെങ്കിലും ഉണ്ടായിക്കൂടേ? വേണ്ടാ ഒരു  പത്ത്, അഞ്ചു്, വെറും ഒരു കുല.  ഇല്ല, മരുന്നിനൊരെണ്ണം പോലും.....

kanikonna

വാശിയാണ്, പ്രതിഷേധം. ഇനീപ്പോ അതെന്താന്നുവച്ചാ, നമുക്കു് ലേശം പുറകോട്ടുപോണം അധികമൊന്നും വേണ്ടാ, ഒരിത്തിരി.

കഴിഞ്ഞ വര്‍ഷം വിഷുവിനു കണ്ടോ, നിറയെ പൂത്തുലഞ്ഞ്‌ മഞ്ഞപ്പട്ടും ചൂടിയുള്ള നില്പ്.‍.

P3310009

അമ്പലത്തില്‍ വരുന്നവര്‍, ആ വഴി പോകുന്നവര്‍ എല്ലാവരും ആവശ്യക്കാര്‍.

"എനിക്കു രണ്ടു തണ്ട് എടുത്തു വച്ചേക്കണേ" ദ്രൌപദിയമ്മ.

"ഇവിടേണ്ടല്ലോ അതോണ്ടിനി പൂവന്വേഷിച്ച് നടക്കണ്ടാ, ഭാഗ്യം” ലക്ഷ്മിയേടത്തി.

" എനിക്കുള്ളതു  മാറ്റിവച്ചിട്ടുണ്ടല്ലോല്ലേ, നിന്നോടതു പ്രത്യേകിച്ചു പറയണ്ടാല്ലോ" ശാരദ ടീച്ചറ്.

" എന്റെ കാര്യം മറക്കണ്ടാട്ടോ" ,  എനിക്കൊരിത്തിരി പൂവ് , പേരിനു് ഒരു നാലു പൂവ്‌  ഒരു എലേല്‍ പൊതിഞ്ഞ്  വെള്ളം തളിച്ചു വച്ചേക്ക്‌".  ദിവാരേട്ടന്‍.

തോട്ടി കൊണ്ടുവരാനോ പൊട്ടിക്കാനോ ആരുമില്ല.  പിള്ളേരെ സംഘടിപ്പിച്ചു ഞാന്‍ തന്നെ ചെയ്യണം. അവര്‍ക്കു കൈനീട്ടവും കൊടുക്കണം. അല്ല, എനിക്കതൊക്കെ വല്യ ഇഷ്ടോള്ള കാര്യാണേ. അതുകൊണ്ട്  അതു  പ്രശ്നല്യ.

അങ്ങനെ എല്ലാരുടേം ഡിമാന്‍ഡ് കണ്ട്  സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന പാട്ടും പാടി, എന്റെ പൂവാണല്ലോ ഈ അടുത്തുപുറത്തുള്ളവരൊക്കെ  കണി കാണണേ എന്നഹങ്കരിച്ചു് കൊന്നയങ്ങോട്ടു വളറ്ന്നു.  പരാതിയും തുടങ്ങി.

" അകലേന്ന് ഒന്നു തൊഴുതു പോവാംന്ന്വച്ചാല്‍ എങ്ങനെയാ, ഈ മരമല്ലേ, ഭഗവാനേം മറച്ചട്ട്. ",   "എന്തിനാ ഇതിനെയിങ്ങനെ രാക്ഷസന്‍ പോലെ വളര്‍ത്തണതാവോ,  വിഷുക്കാലത്ത് നാലു‍ പൂവു കിട്ടൂന്നല്ലാതെ എന്താ  കാര്യം!" ദീപസ്തംഭത്തില്‍ വിളക്ക് വെച്ചാ കാണില്യ,  ഉത്സവത്തിനു് ലൈറ്റിട്ടാ കാണില്യ, മുറിക്കാണ്ട് വയ്യ., ഉത്സവമിങ്ങടുത്തു" മെയിന്‍ പരാതിക്കാരന്‍ ദിവാരേട്ടന്‍.‍

എല്ലാര്‍ക്കും ഉപദ്രവമായ കാര്യം ഇനി നമ്മളായിട്ടു ചെയ്യണ്ട. തടസ്സമുള്ള കൊമ്പു്  മുറിച്ചോട്ടെ.  മുറിക്കാന്‍ കേറിയതു് തങ്കപ്പന്‍..(തങ്കപ്പനെ ഞാന്‍  നേരത്തെ ഒന്നു കണ്ട് ആ വഴീലേക്കു നിക്കണതിന്റെ നീളം ഇത്തിരി കുറച്ചാ മതി,അവരു പറയണതൊന്നും കേക്കാന്‍ നിക്കണ്ടാ എന്നൊക്കെ ശട്ടം കെട്ടി).

മുകളില്‍ തങ്കപ്പന്‍. താഴെ ദിവാരേട്ടനും കൂട്ടരും.  ഇരുന്നു നോക്കിയാല്‍  നിരന്നു കാണണം എന്ന പ്രകൃതക്കാരനാണ് തങ്കപ്പന്‍.. ഉള്ളിലാണെങ്കില്‍‍ രാവിലേ അകത്താക്കിയ രണ്ടു കുപ്പി. താഴേന്നുള്ള പ്രോത്സാഹനം.  അതിനിടയില്‍ എന്റെ ശട്ടം കെട്ടലൊക്കെ കാറ്റില്‍ പറന്നു പോയി.മതി മതി എന്നുള്ള എന്റെ  ദീനരോദനം അലിഞ്ഞലിഞ്ഞുപോയി.  അവസാനം ഒറ്റ കൊമ്പില്ല, തടി മാത്രം ബാക്കി.

വൈകുന്നേരത്തെ ചീത്ത വേറെ. " എന്താ ഈ ചെയ്തുവച്ചിരിക്കണേ,   എന്നെ കുറ്റം പറയാന്‍ നല്ല മിടുക്കാണല്ലോ. എന്നിട്ടിപ്പഴോ"  ‍ മോള്‍ക്കാണെങ്കില്‍ അതു കേട്ടിട്ട് എന്താ ഒരു സന്തോഷം!

പിറ്റേന്നു തുടങ്ങി പുതിയ കൂമ്പു വരാന്‍. ഞാന്‍ പറഞ്ഞു, ദാ കണ്ടില്ലേ വെറ്തേ എന്നെ കുറ്റം പറഞ്ഞു. എന്തു സ്പീഡിലാ വളരണേ. വിഷുവിനു് ഇഷ്ടം പോലെ പൂ കിട്ടും.

വളര്‍ന്നു, വേണെങ്കില്‍ മിനിമം ഒരു പത്തിരുപത്തഞ്ചു കുല പൂവുണ്ടാകാന്‍ പാകത്തിലൊക്കെ. പക്ഷേ ഒറ്റ പൂ ഉണ്ടായില്ലെന്നു മാത്രം!

ഇന്നു രാവിലെ ദിവാരേട്ടന്‍ വന്നിട്ടു്, "മോളേ മറക്കണ്ടാട്ടോ എന്റെ പങ്ക്‌  ഒരേല് പൊതിഞ്ഞ് ഇത്തിരി വെള്ളം തളിച്ചു വച്ചേക്കു്". എനിക്കു് വല്ല മന്ത്രവിദ്യയുമുണ്ടോ അയാള്‍ക്ക്‍ ആകാശത്തു നിന്നു് പൂവ് എടുത്തു കൊടുക്കാന്‍ .  വച്ചിട്ടുണ്ട് ഞാന്‍.  നാലു തണ്ട് ഇല പൊതിഞ്ഞു വെള്ളം തളിച്ചു വക്കും. വീട്ടില്‍ ചെന്നു തുറന്നു നോക്കട്ടെ. അല്ല പിന്നെ....

എന്തായാലും എന്റെ പ്രിയപ്പെട്ട കണിക്കൊന്നേ, എനിക്കിഷ്ടായി നിന്നെ. 

ഒരു കുലയെങ്കിലും നീ പൂത്തിരുന്നെങ്കില്‍  എനിക്കു നിന്നെ ഇത്രക്കിഷ്ടമാവില്ലായിരുന്നു. വാശി കാണിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം.

എഴുത്തുകാരി.

വാൽക്കഷണം:- ഓർമ്മയിലേക്കൊരു തിരിഞ്ഞുനോട്ടം. കഴിഞ്ഞ ഏപ്രിൽ 14 നു് ഞാനിട്ട പോസ്റ്റ്.  ഒരു വർഷം. എന്തൊക്കെ മാറ്റങ്ങൾ.  അറിയില്ല ഇക്കൊല്ലം എന്റെ കണിക്കൊന്ന മരം പൂത്തോ അതോ പ്രതിഷേധത്തിൽ തന്നെയാണോ എന്നു്.   എന്റെ പൂ  കണി വക്കാനും കണി കാണാനുംഎഴുത്തുകാരി ഇവിടെ ഇല്ലല്ലോ   പിന്നെ  ഞാനെന്തിനാ പൂക്കുന്നതു് എന്നു ചോദിച്ചാൽ ഞാനെന്തു പറയും?

Friday, April 1, 2011

എന്നാലും അതെന്തിനായിരുന്നു?

എന്നാലും എന്തിനവളതു ചെയ്തു.  എന്നെ ഒരുപാട് നാളായി അലട്ടുന്ന  ചോദ്യം. ഒരായിരം വട്ടം എന്നോട് തന്നെ ചോദിച്ച ഇനി ഒരിക്കലും ഉത്തരം കിട്ടില്ലെന്നുറപ്പുള്ള ആ ചോദ്യം. ഇന്നലെ ആ രണ്ടു കുട്ടികളെ കണ്ടപ്പോൾ അവർ ഓടി അടുത്തുവന്നു വിശേഷങ്ങളൊക്കെ ചോദിച്ചപ്പോൾ, വീണ്ടും മനസ്സു് ചോദിക്കുന്നു, വല്ലാത്ത ഒരസ്വസ്ഥതയോടെ, എന്നാലും എന്തിനാ കുട്ടി നീ അതു ചെയ്തതു്?

അവൾ രാധിക. എന്റെ അയൽവക്കത്ത്, ലക്ഷ്മിയേടത്തിയുടെ മരുമകളായി വന്നവൾ. ഹരിയുടെ ഭാര്യ. നല്ല മിടുക്കി കുട്ടി, സുന്ദരിയും, നന്നായി പഠിച്ചിട്ടുമുണ്ട്. സൌമ്യമായ പ്രകൃതം, ഒരുപാട് ബഹളമൊന്നുമില്ല. അമ്പലത്തിൽ പോകുമ്പോഴോ വരുമ്പോഴോ കണ്ടാൽ ഒന്നു ചിരിക്കും, എന്തെങ്കിലും ഒരു കുശലം.അതിൽ കൂടുതലില്ല.

കുറച്ചുകാലം നാട്ടിലുണ്ടായിരുന്നു. പിന്നെ രണ്ടുമൂന്നു വർഷം  എറണാകുളത്തായിരുന്നു, എന്തോ ബിസിനസ്സായിട്ട്. അപ്പോഴൊന്നും അവൾ ജോലിക്കു പോയിരുന്നില്ല. 

ബിസിനസ്സിൽ എന്തോ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. ഒരു മൂന്നു നാലു വർഷം മുൻപ്‌ അവർ  ദുബായിലേക്കു പോയി. സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടാവാം,നന്നായി പഠിച്ച അവളും അവിടെ ജോലിക്കു പോയിത്തുടങ്ങി.

ഇതിനിടയിൽ മറ്റൊരു ദുരന്തം പോലെ ഹരിക്കു് അസുഖം. ബ്രെയിൻ ട്യൂമറോ അതുപോലെ  ഇത്തിരി കൂടിയ അസുഖം. എറണാകുളം അമൃതയിലെ ചികിത്സയായിരുന്നു. ഒന്നു രണ്ടു ഓപ്പറേഷനൊക്കെ കഴിഞ്ഞു. അതിനും നല്ലൊരു തുക ചിലവായി. ചികിത്സയുടെ സൌകര്യത്തിനായി ഹരിയും കുട്ടികളും(ഒരാൾ ഏഴിലും ഒരാൾ രണ്ടിലും) നാട്ടിലും അവൾ തന്നെ അവിടേയും. കുടുംബത്തിന്റെ ഏക വരുമാനം അവളുടെ ജോലിയായിരുന്നു.

ഇടക്കു നാട്ടിൽ വന്നപ്പോഴും ഞാൻ കണ്ടിരുന്നു. ഒരാഴ്ച പോലും ഉണ്ടായിരുന്നില്ല. പോവുന്നതിന്റെ തലേന്ന് കണ്ടപ്പോൾ പറഞ്ഞു, “നേരമില്ല ചേച്ചീ, നാളെ പോണം, ഇനിയും കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്” എന്നു്.

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ്  അക്ഷരാർത്ഥത്തിൽ എന്റെ ഗ്രാമത്തെ മുഴുവൻ നടുക്കിയ ആ വാർത്ത വന്നതു്. രാധിക ആത്മഹത്യ ചെയ്തു. ദുബായിൽ  കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയിട്ട്. നാട്ടിൽ നിന്നു തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം.

എന്തിനായിരിക്കും അവളതു് ചെയ്തിട്ടുണ്ടാവുക. . ഒരമ്മയായ എനിക്കറിയാം, അത്ര മേൽ എന്തെങ്കിലും ഇല്ലാതെ അഛൻ പോലും ഉണ്ടാവുമെന്നുറപ്പില്ലാത്ത  ആ പിഞ്ചുകുട്ടികളെ  തനിച്ചാക്കി, ഒരമ്മക്കു പോകാൻ കഴിയില്ല.  എല്ലാവർക്കുമെന്നപോലെ അവൾക്കും അറിയാമായിരുന്നല്ലോ  ഹരി അധികനാളിനി ഉണ്ടാവില്ലെന്നു്.

നാട്ടിൽ വന്നപ്പോഴാവുമോ താമസിച്ചിരുന്ന വീട് പോലും നഷ്ടപ്പെട്ടു എന്നറിഞ്ഞതു്. ഭർത്താവിന്റെ ചികിത്സ, ഒരുപാട് കടങ്ങൾ, വാങ്ങിയ കടങ്ങൾ തിരിച്ചുകൊടുക്കാൻ പറ്റാത്ത അവസ്ഥ, താൻ ഒറ്റക്കവിടെ ബുദ്ധിമുട്ടിയിട്ട് എങ്ങും എത്തുന്നില്ലെന്ന തോന്നലോ. ഭർത്താവ് കൂടെയില്ലാത്ത സുന്ദരിയായ അവൾക്ക് (പ്രായം മുപ്പത്തിയേഴോ മുപ്പത്തിയെട്ടോ കാണുമായിരിക്കും) ജോലിസ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ, സാമ്പത്തിക പ്രശ്നങ്ങളെന്തെങ്കിലും ജോലിയെ ബാധിച്ചിരുന്നോ, ഒന്നും ഒന്നും അറിയില്ല.

എനിക്കു നിന്നെ മനസ്സിലാവുന്നില്ലല്ലോ. എന്നാലും എങ്ങിനെ കഴിഞ്ഞു നിനക്കതിനു്?  എന്തിനായിരുന്നു  കുട്ടീ അതു്?  അഛൻ പോലും ഉണ്ടാവില്ലെന്നുറപ്പുള്ള ഈ ലോകത്തിൽ ആ പിഞ്ചു കുഞ്ഞുങ്ങളെ  ആരെ ഏല്പിച്ചിട്ടാ നീ പോയതു്?  അവരെ തനിച്ചാക്കി പോകാൻ മാത്രം എന്തായിരുന്നു നിന്റെ മനസ്സിനെ മഥിച്ചിരുന്നതു്?

ഒരു നിമിഷത്തിന്റെ തീരുമാനത്തിൽ  ചെയ്തതോ അതോ നാട്ടിൽ വന്നുപോയിട്ട് ചെയ്യാൻ കരുതിക്കൂട്ടി വച്ചിരുന്നതോ. ഒന്നും അറിയില്ല. ഒന്നിനും   ഇനി  ഉത്തരവുമില്ല.

ഇന്നലെ ആ കുട്ടികൾ ഇടവഴിയിൽ സൈക്കിൾ ചവിട്ടി കളിക്കുന്നു. അവർക്കറിയാം  അവർക്കമ്മയില്ലെന്നും അഛൻ എന്തോ മോശമായ അവസ്ഥയിലാണെന്നും.

എഴുത്തുകാരി.

അടിക്കുറിപ്പ് : ഇതു് ഞാൻ എഴുതിവച്ചിട്ടു കുറച്ചു ദിവസമായി. പോസ്റ്റ് ചെയ്തില്ല. ഇപ്പോൾ ഹരിയും മരിച്ചിട്ട് ഒരു മാസമാവുന്നു.

Tuesday, March 8, 2011

ചില തൃശ്ശൂർ കാഴ്ചകൾ

വടക്കെ സ്റ്റാൻഡിലുള്ള ഇൻഡ്യൻ കോഫീ ഹൌസിന്റെ മുൻപിലൂടെ നടന്നപ്പോൾ ക്ലണ്ണിൽ പെട്ടതു്.  ഇൻഡ്യൻ കോഫീ ഹൌസ് എന്നു കേൾക്കുമ്പോൾ തന്നെ അവിടത്തെ ചുവന്ന നിറമുള്ള മസാലയുള്ള മസാലദോശയാവും  ഓർമ്മ വരുന്നതു്. പിന്നെ എനിക്കേറ്റവും ഇഷ്ടം അവിടത്തെ വെജിറ്റബിൾ കട്ലറ്റും. വായിൽ വെള്ളം നിറയുന്നുണ്ടോ? ഉണ്ടാവും.

ഇതു് എരുക്കു്. പണ്ടൊക്കെ നാട്ടിൽ ധാരാളം ഉണ്ടായിരുന്നു.  ഇപ്പോൾ വേലിയുമില്ല, റോഡുവക്കത്ത് ചെടികളുമില്ല.അതുകൊണ്ട് വളരെ അപൂർവ്വമായേ കാണുന്നുള്ളൂ ഇത്തരം ചെടികളൊക്കെ. ഇതിന്റെ പൂവിന്റെ നടുവിലുള്ള ഭാഗം കൊണ്ട് കളിക്കുമായിരുന്നു പണ്ട്.

കോഫി ഹൌസിന്റെ നേരെ മുന്നിൽ. വേറെ ഒരു ചെടി പോലുമില്ല ആ ഭാഗത്തൊന്നും. എല്ലാം നശിച്ചുപോയിരിക്കുന്നു. കാർ പാർക്കിങ്ങ് ആണ്. എങ്ങിനെ ഈ ഒരു ചെടി മാത്രം  രക്ഷപ്പെട്ടു നിക്കുന്നോ ആവോ, തീയിട്ടിട്ടുപോലും?

18022011641

ഇനിയും  എത്രനാൾ ?

 

18022011645

ഇതു് പണ്ട് നമ്മുടെ നാട്ടുമാവിന്റെ ചോട്ടിലിരുന്നു ചിരിച്ച, അതേ  നന്ത്യാർവട്ടം.നന്ത്യാർവട്ടപ്പൂവ് കണ്ടിട്ടുണ്ട്, ചെടി കണ്ടിട്ടുണ്ട്. പക്ഷേ നന്ത്യാർവട്ടമരം കണ്ടിട്ടില്ലല്ലോ. എന്നാലിതാ കണ്ടോളൂ.  ഇതും  വടക്കേ സ്റ്റാൻഡിലെ കോഫീ ഹൌസിന്റെ ഏകദേശം ഓപ്പോസിറ്റ് വോഡഫോണിന്റെ ഒരു കടയുണ്ട്. അതിന്റെ മുൻപിൽ നിന്നും.

 25012011629

ഇതു് തൃശ്ശൂർ പുഷ്പപ്രദർശനത്തിൽ കണ്ടതു്. കണ്ടില്ലേ ഹൃദയഹാരിയായ സുഗന്ധം ഹൃദയകാരിയായ സുകന്ദ  മായി മാറിയതു്. എത്രയോ പേർ വായിക്കുന്നതാണിതു്. എന്നിട്ടും ഇതൊന്നും, കാണാതെ ഇതുപോലെ അവിടെ കൊണ്ടുവന്നു വച്ചവരെ സമ്മതിക്കാതെ വയ്യ.

PB060074

ചന്തമുള്ള രണ്ടിണക്കുരുവികൾ. തൃശ്ശൂർ മൃഗശാലയിൽ നിന്നു്. ഒന്നിന്റെ പിന്നാലെ ഒന്നു് ഇങ്ങിനെ കുണുങ്ങിക്കുണുങ്ങി പോകുന്നു.  മൃഗശാല പോകുന്നു പോകുന്നു എന്നു കേട്ട് തുടങ്ങിയിട്ടു കാലം കുറച്ചായി. പോകുന്നതിനു മുൻപ് ഒന്നു ചെന്നു കണ്ടേക്കാമെന്നു കരുതി.

 

 moon 003

ഇതൊരു പുലർകാല ചിത്രം. അമ്പിളി അമ്മാവൻ. ഇത്ര വെളുപ്പിനേയുള്ള അമ്പിളി അമ്മാവനെ ആരും കണ്ടിട്ടുണ്ടാവില്ല. ബ്രാഹ്മമുഹൂർത്തം എന്നൊക്കെ പറയില്ലേ, അതു തന്നെ ഇതു്.

വെളുപ്പിനു് നാലു മണിക്കു് എടുത്തതു്. ഒരു ദിവസം ഉറക്കത്തിൽ നിന്നുണർന്നു് നോക്കിയപ്പോൾ  മുറിയിൽ നല്ല വെളിച്ചം. ജനൽ തുറന്നപ്പോൾ പൂർണ്ണചന്ദ്രനും നല്ല നിലാവും. എന്നാൽ മൊബൈലിൽ ഒന്നെടുത്തുനൊക്കിയാലോ എന്നു തോന്നി എടുത്തതാണിതു് എന്റെ ബാൽക്കണിയിൽ നിന്നു്.

ഇനിയുമുണ്ട് തൃശ്ശൂർ വിശേഷങ്ങൾ. ഒന്നുകൂടി പറഞ്ഞിട്ടു നിർത്താം. ഇക്കൊല്ലം നേരത്തേ വന്നു വിഷു. നാട്ടിലെങ്ങും കണിക്കൊന്നപ്പൂവാണ്‌.  എല്ലാ കൊന്നയും പൂത്തു.

IMG_4649-1

വിഷുവിനു് ഇനിയും  ഒരു മാസത്തിലേറെയുള്ളപ്പോൾ അതെങ്ങിനെ എഴുത്തുകാരിക്കുമാത്രം വിഷു നേരത്തേ എന്നാണെങ്കിൽ, തെറ്റിയതു് എനിക്കല്ല.  കണിക്കൊന്നക്കു നേരം തെറ്റിയതോ,അതോ കാലത്തിനു തെറ്റു പറ്റിയതോ, അതോ ഈ വിഷുവിനു എഴുത്തുകാരി നാട്ടിലുണ്ടാവില്ലെന്നറിഞ്ഞ് നേരത്തേ വന്നതോ!

എഴുത്തുകാരി.

Friday, February 4, 2011

നെല്ലായി രാജ്യം!

വീണ്ടും ഒരു പതിവു യാത്ര.  ഓന്ത് ഓടിയാൽ വേലിയോളം എന്നു പറഞ്ഞപോലെ ഒരു നെല്ലായി- തൃശ്ശൂർ അല്ലെങ്കിൽ തൃശ്ശൂർ- നെല്ലായി. അത്ര തന്നെ.

തൃശ്ശൂർ വടക്കേ സ്റ്റാൻഡ്. രാവിലെ പതിനൊന്ന്‌ പതിനൊന്നര.. വല്യ തിക്കും തിരക്കും ബഹളമൊന്നുമില്ല.. അതൊക്കെയുള്ളവർ നേരത്തെ പോയിക്കഴിഞ്ഞു. .അവിടേം ഇവിടേം മാത്രം യാത്രക്കാർ. ഞാനെന്റെ പ്രിയപ്പെട്ട സൈഡ് സീറ്റിൽ.

കൺഡക്ടർ ചായ കുടിക്കുന്നു, ഡ്രൈവർ ബീഡി വലിക്കുന്നു. ഇതൊക്കെ കഴിഞ്ഞു പതുക്കെ വണ്ടി(ആനവണ്ടിയാണേയ്) വിട്ടു. അടുത്തത് സ്വപ്ന. അവിടേം ഇത്തിരിനേരം. ചിലർ  കാഴ് ച കണ്ടിരിക്കുന്നു. ചിലർ മൊബൈലിൽ.

കണ്ണ് ചെന്നെത്തിയതു റോഡിനപ്പുറത്തെ  മരങ്ങളിൽ (തേക്കിൻകാട്ടിൽ -അതിനുതാഴെയാണ് സ്ഥിരം പൂക്കച്ചവടം). എല്ലാ മരത്തിലുമുണ്ട് നാലഞ്ചു പക്ഷിക്കൂട്. മരത്തിന്റെ തുഞ്ചത്ത് ചുള്ളിക്കൊമ്പു പോലുള്ള കൊച്ചുകൊച്ചു കൊമ്പിലാ കൂട് കൂട്ടിയിരിക്കുന്നതു്. ഇലകളും കാര്യമായിട്ടില്ല. കാറ്റത്താടുന്നു. ശക്തിയായ കാറ്റുണ്ട്. പറയുന്നതു് വൃശ്ചികക്കാറ്റെന്നാണെങ്കിലും, വൃശ്ചികം കഴിഞ്ഞ്, ധനുവും  മകരവും കഴിഞ്ഞ് കുംഭം വരാറായി. എന്നാലും കാറ്റ് വൃശ്ചികക്കാറ്റു തന്നെ. നമ്മളേത്തന്നെ പറത്തിക്കൊണ്ടുപോകുന്ന കാറ്റ്. ഈ കാറ്റത്തും ആ കൊച്ചുകൊച്ചു കിളിക്കൂടുകൾ എങ്ങിനെ വീഴാതിരിക്കുന്നു! അല്ലെങ്കിൽ തന്നെ പ്രകൃതിയുടെ ഏതു കാര്യമാ നമ്മളെ അത്ഭുതപ്പെടുത്താത്തതു്, അല്ലേ!

വണ്ടി വീണ്ടും വിട്ടു. ബാക്ക് സീറ്റിൽ ഇത്തിരി പ്രായമുള്ള ഒരു സ്ത്രീ ഇരിക്കുന്നുണ്ട് ഒറ്റക്ക്‌. പെട്ടിയും ബാഗുമൊക്കെയുണ്ട്. ഏതോ യാത്ര കഴിഞ്ഞു വരുന്നപോലെ.  പാലിയക്കര കഴിഞ്ഞപ്പോൾ പെട്ടെന്നവർ ‌ ബഹളം  വച്ചു എനിക്കിവിടെ ഇറങ്ങണമെന്നു പറഞ്ഞ്. ബെല്ലടിച്ചു. ചോദിച്ചുപിടിച്ചുവന്നപ്പോൾ അവർക്കിറങ്ങേണ്ടതു് ചാലക്കുടിയാണ്. അവർക്കെങ്ങിനെ പാലിയക്കര ചാലക്കുടിയായി തോന്നിയതെന്നറിഞ്ഞൂടാ.

ഇതൊക്കെ കേട്ട് എന്റെ അടുത്തിരിക്കുന്ന ചേടത്തി ഉറക്കത്തിൽ നിന്നെണീറ്റ് ഒരു കമെന്റ് “ഇനി എന്തോരം രാജ്യം കഴിഞ്ഞിട്ടു വേണം ചാലക്കുടിയെത്താൻ“. എല്ലാരേം ചിരിപ്പിച്ചിട്ടു അതൊന്നും മൈൻഡ് ചെയ്യാതെ ചേടത്തി ഉറക്കം കണ്ടിന്യൂ ചെയ്തു.

ബാക്ക് സീറ്റിലെ വല്യമ്മ എന്നാലും ഇടക്കിടെ ചാലക്കുടി ചാലക്കുടി എന്നു പറഞ്ഞോണ്ടിരുന്നു. ഉറക്കത്തിലും കയ്യിലുള്ള  കൊന്തയിൽ വിരലുകൾ  നീക്കിക്കൊണ്ടിരിക്കുന്ന ചേടത്തി ഇടക്ക് ഞെട്ടിയുണർന്ന് അവരെയൊന്നു പറ്റിക്കും. പുതുക്കാടാവുമ്പോൾ പറയും ഇപ്പോ ആമ്പല്ലൂർ രാജ്യമേ ആയിട്ടുള്ളൂ. എന്നിട്ടെന്നെ നോക്കി ഒന്നു കണ്ണിറുക്കും. എഗൈൻ കണ്ടിരുന്ന സ്വപ്നത്തിലേക്കു തിരിച്ചുപോവും.

അങ്ങനെയങ്ങനെ നെല്ലായി വന്നു. ഞാൻ ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോൾ ചേടത്തി കണ്ണ് തുറന്നു. എന്നിട്ടെന്നോടൊരു ചോദ്യം“മോൾടെ രാജ്യം വന്നോ?” എന്നു്.

PB060052

കിളിക്കൂട് ഇതിലല്ല, ഇതു് വെറുതേ ഒരു മരം തൃശ്ശൂർ  മൃഗശാലയിലെ..

എഴുത്തുകാരി.

Thursday, January 20, 2011

കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം...

ഇന്നോർക്കുമ്പോൾ തമാശ. അന്നെത്രപേരാ തീ തിന്നതു്.  അതിന്റെ തുടക്കക്കാരി ഈ ഞാനും!

മൂന്നാലു ദിവസമായി  മമ്മിയെ കണ്ടിട്ട്. എന്നാലൊന്നു പോയി നോക്കിയിട്ടുവരാം എന്നു കരുതി പോയതാണ് മമ്മിയുടെ അടുത്തു്.. (മമ്മി എങ്ങനെ എല്ലാർക്കും മമ്മിയായതെന്നറിഞ്ഞുകൂടാ. ആ സൌമ്യമായ മുഖം കണ്ടിട്ടാവുമോ. കൊച്ചു കുട്ടികൾ മുതൽ       പ്രായമുള്ളവർ വരെ മമ്മി എന്നു തന്നെയാ വിളിക്കുന്നതു്. വയസ്സ് 65 നും 70 നും ഇടക്കു്, പേര് എലിസബെത്ത്, ആലപ്പുഴക്കാരി)

എന്തോ  ലീനയുടെ കാര്യം പറഞ്ഞപ്പോൾ  മമ്മി പറഞ്ഞു, ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് . പക്ഷേ ഇതുവരെ  ശരിക്കൊന്നു  പരിചയപ്പെടാൻ കഴിഞ്ഞില്ല.. ലീനയുടെ അമ്മയും വന്നിട്ടുണ്ടിപ്പോൾ. നമുക്കൊന്നു പോയാലോ. ഞാൻ പറഞ്ഞു.  okay,  പോയേക്കാം എന്നു്.  നല്ല കാര്യങ്ങൾ  വച്ചു താമസിപ്പിക്കരുതെന്നല്ലേ.

രണ്ടുപേരും കൂടി ലീനയുടെ വീട്ടിൽ പോയി.  വാതിൽ തുറന്നപ്പോൾ ദേവിച്ചേച്ചിയും ഉണ്ടവിടെ. പതിവു കുശലാന്വേഷണത്തിനു വന്നതാണ്.  കക്ഷി എന്നും എല്ലായിടത്തും ഓടിയെത്തും. അപ്പോൾ ഞങ്ങൾ നാലഞ്ചു പേരായി അവിടെ.  ലീന, ലീനയുടെ അമ്മ (ഭാനുമതി അമ്മ), ദേവിച്ചേച്ചി, മമ്മി പിന്നെ ഈ ഞാനും,  ഇത്തിരി കഴിഞ്ഞപ്പോൾ ഷീ‍ബയും വന്നു.

പരിചയപ്പെടലിൽ തുടങ്ങി, കുശലാന്വേഷണം കഴിഞ്ഞു, പരദൂഷണം വരെയെത്തി കാര്യങ്ങൾ.  തൃശ്ശൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാജസ്ഥാൻ ഹാൻഡിക്രാഫ്റ്റ് എക്സിബിഷൻ, അലങ്കാര മത്സ്യപ്രദർശനം, എന്നിങ്ങനെ  വിശാലമായി പടർന്നു പന്തലിച്ചുകൊണ്ടിരുന്നു  ചർച്ചാവിഷയങ്ങൾ. കണ്ടവർ കാണാത്തവരോട്  അതിലുള്ള കണ്ണാടി പിടിപ്പിച്ച  ഹാൻഡ് ബാഗുകളേപ്പറ്റി, ഭംഗിയുള്ള മാലകളേപ്പറ്റി,  പുറം ചെറിയാനുള്ള വടിയേപ്പറ്റി  (സത്യമാണേ, അതു കണ്ടപ്പോൾ എന്താണെന്നറിയാത്തതുകൊണ്ട് ഞാനുംചോദിച്ചു), കണ്ടാൽ കൊതിയാവുന്ന മീനുകളേപ്പറ്റി, 20,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെപ്പറ്റി, പൊടിപ്പും തൊങ്ങലും വച്ച് വച്ചുകാച്ചുന്നു.

നാട്ടിൽ നിന്നു കൊണ്ടുവന്ന കപ്പ പുഴുങ്ങിയതും കായ വറുത്തതുമൊക്കെ പ്ലേറ്റിൽ നിന്നു് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

അവസാനം കാര്യങ്ങൾക്കൊരു തീരുമാനമായി.  സുപ്രധാനമായ ഒന്നു രണ്ടു തീരുമാനങ്ങളെടുത്തു.

തീരുമാനം (1)നാളെത്തന്നെ എല്ലാരും കൂടി പ്രദർശനം കാണാൻ പോകുന്നു.  തൃശ്ശൂർക്കാരി ഞാൻ മാത്രം.  ബാക്കിയുള്ളവരൊക്കെ കണ്ണൂർ, കോഴിക്കോട്, തുടങ്ങി ആലപ്പുഴ തിരുവനന്തപുരം മുതലായ വിദൂര ദേശങ്ങളിലുള്ളവർ.. അതുകൊണ്ട്, പട നയിക്കുന്നതു ഞാൻ തന്നെ.

തീരുമാനം (2) നമ്മൾ ഇങ്ങനെയായാൽ പോരാ, ഇടക്കൊക്കെ  ഇതുപോലൊന്നു കൂടണം. (ഏയ് പരദൂഷണത്തിനാണെന്നോ,  ഞങ്ങൾ അത്തരക്കാരല്ലാട്ടോ).

ചർച്ചയും പ്ലേറ്റിലെ സാധനങ്ങളും ഏതാണ്ടവസാനിച്ചു. മണി 6 കഴിഞ്ഞു.   സഭ പിരിഞ്ഞു.   പുറത്തുവന്നു നോക്കിയപ്പോൾ ആകെ ഒരു ബഹളം പോലെ. എന്തോ സംഭവിച്ചിട്ടുണ്ട്, തീർച്ച. അല്ലെങ്കിൽ  എന്താ എല്ലാരും കൂടി. അതോ ഇനി ഞങ്ങൾ കൂടിയ  പോലെ അവരുമൊന്നു കൂടിയതാണോ?  ഏയ്, അതാവാൻ വഴിയില്ല ഈ നേരത്ത്. എന്തോ ഒരു പ്രശ്നം ഉണ്ട്.

പ്രശ്നം  അന്വേഷിച്ചു ചെന്ന ഞങ്ങളെ എല്ലാരും കൂടി തല്ലിക്കൊന്നില്ലെന്നു മാത്രം.   സംഗതി അത്ര നിസ്സാരമല്ല.  മമ്മിയുടെ   മകൻ(ജോലി ഫെഡറൽ ബാങ്കിൽ)  വിളിച്ചിട്ടു  മമ്മി ഫോണെടുക്കുന്നില്ല. വേഗം വീട്ടിൽ വന്നു. നോക്കിയപ്പോൾ   വാതിൽ പൂട്ടിയിരിക്കുന്നു. തുറക്കുന്നില്ല.. മൊബൈൽ  അടിക്കുന്നുണ്ട്, എടുക്കുന്നുമില്ല.  ഒരിക്കലല്ല, പലവട്ടം. വാച്ച്മാൻ ഉറപ്പിച്ച് പറയുന്നു, പുറത്തേക്കൊന്നും പോയിട്ടില്ലെന്നു്. ഒരീച്ച പോലും പുറത്തേക്കോ അകത്തേക്കോ താനറിയാതെ കടക്കില്ല. പിന്നെയല്ലേ മമ്മി.  മമ്മി എങ്ങോട്ടും പോകാറുമില്ല. എന്നാലും പോകാനിടയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചു.എവിടേയും മമ്മിയില്ല.  പരിഭ്രമിക്കാതെന്തു ചെയ്യും!

ഏകദേശം ഒരു തീരുമാനത്തിലെത്തി നിൽക്കുകയാണവർ, വാതിൽ പൊളിക്കാൻ. അപ്പഴാണ് ഞങ്ങളുടെ വരവു്.  വളരെ സന്തോഷമാ‍യിട്ട്.  ദേഷ്യം വരാതിരിക്കുന്നതെങ്ങനെ?

പാവം മമ്മി, മൊബൈൽ കൊണ്ടുപോകാൻ മറന്നു. അതിത്രേം വലിയൊരു അപരാധമായി തീരുമെന്നു് കരുതിയില്ല. കിട്ടുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറായി നിൽക്കുകയാണ് ഞങ്ങൾ. പെട്ടെന്ന്‌ ,പണ്ടൊരു കുട്ടി പറഞ്ഞില്ലേ  രാജാവ് നഗ്നനാണെന്നു്, അതുപോലെ എവിടെ നിന്നോ ആരോ ഒരു ചിരി തുടങ്ങിവച്ചു , പിന്നെ അതൊരു കൂട്ടച്ചിരിയായി മാറി.

എന്നാലും മമ്മിക്ക് വീട്ടിൽ പോയിട്ട് അത്യാവശയ്ത്തിനുള്ളതു കിട്ടിയിട്ടുണ്ടാവും, അതുറപ്പ്‌.

fish 002

fish 007

ഓറഞ്ച് മീനും വെള്ള പ്രാവും (എന്റെ മൊബൈലിൽ എടുത്തതാണേ)

എഴുത്തുകാരി.