Wednesday, March 7, 2007

അടി തെറ്റിയാല്‍ ആനയും വീഴും ( ഞാനും വീഴും) - രണ്ടാം ഭാഗം

വെയില്‍ ചാഞ്ഞു തുടങ്ങുന്ന വൈകുന്നേരങ്ങളില്‍, മുറ്റത്തെ പേരയുടേയും, മാവിന്റേയും തണലത്ത്‌ കിളികള്‍. കൂടണയാനുള്ള ഒരുക്കത്തിലാവും. ഇളം കാറ്റുമുണ്ടാവും. പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്‌ ഈ സമയത്തു് ഈ പൂമുഖത്തു് ദാസേട്ടന്റെ എത്ര കേട്ടാലും മതിവരാത്ത കുറേ പഴയ നല്ല പാട്ടുകളും കേട്ടങ്ങിനെ ഇരിക്കാന്‍ എന്തു രസമായിരുന്നൂ, അല്ലെങ്കില്‍, ഇടക്കൊരു ചായയൊക്കെ കുടിച്ചു് ഒരു നല്ല നോവലും വായിച്ചങ്ങനെ ഇരിക്കാന്‍. ?

പക്ഷേ എങ്ങിനെ. തിരക്കല്ലേ? അങ്ങിനെ ഇരുന്നു ചിലവാക്കാന്‍ സമയമെവിടെ?

ഇപ്പോഴിതാ, ഒരു തിരക്കുമില്ല, എല്ലാ സമയവും കൂടി എന്റെ മുന്നില്‍ വന്നു താണുവണങ്ങി നിന്നുകൊണ്ടു് (പണ്ടത്തെ Air-India മഹാരാജാവിനേപ്പോലെ -ഇപ്പോഴുണ്ടോ - അറിയില്ല) പറയുകയാണ് , “ at your service, നോവല്‍ വായിക്കണോ, പാട്ടു കേള്‍ക്കണോ , പ്രക്യ്യ്‌തി കണ്ടാസ്വദിച്ചങ്ങനെ വെറുതെ ഇരിക്കണോ, ആയിക്കോളൂ, ഞങ്ങള്‍ തയ്യാര്‍ എന്ന മട്ടില്‍.

സമയം എന്റെ മുന്നിലങ്ങിനെ വിനീതവിധേയദാസനായിട്ടു്, എന്താ എന്നെകൊണ്ട്‌ ചെയ്യിപ്പിക്കുന്നത്‌ എന്നു ചോദിച്ചു തുടങ്ങിയിട്ടു് രണ്ടാഴ്ചയായി. എന്നിട്ടു ഞാനെത്ര പുസ്തകം വായിച്ചു? എത്ര പാട്ട് കേട്ടൂ‍?

പാട്ട്‌ പലപ്പോഴും കേട്ടു, വെയില്‍ ചാഞ്ഞ സായന്തനങ്ങളില്‍ പൂമുഖത്തിരുന്നല്ലാ, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലിരുന്നുകൊണ്ടാണെന്നുമാത്രം.

പക്ഷേ പുസ്തകവായന - ഒറ്റയിരുപ്പിന് ഒരു നോവല്‍ വായിച്ചുതീര്‍ക്കുന്ന ഞാന്‍ വായിച്ചതു് ഒരേ ഒരു നോവല്‍ - 'രണ്ടാമൂഴം'. (വായന മൂന്നാമൂഴമോ, നാലാമൂഴമോ , എന്തായാലും രണ്ടാം ഊഴമല്ല). driksakshikal (ഉണ്ണിക്യ്‌ഷ്ണന്‍ തിരുവാഴിയോട്‌) പകുതിയാക്കി വച്ചിട്ടുണ്ടു്. കേശവദേവിന്റെ പങ്കലാക്ഷീടെ ഡയറി അടുത്തു കൊണ്ടുവച്ചിട്ടുണ്ടു്.

ബ്ലോഗുവായനയും കാര്യമായിട്ടൊന്നുമുണ്ടായില്ല. TV കണ്ടോ എന്നു ചോദിച്ചാല്‍ 4-5 പഴയ നല്ല സിനിമകള്‍ കണ്ടു.

എന്തായാലും ഒന്നെനിക്കു മനസ്സിലായി. ഏതോ ഒരു മഹാന്‍ (?) പറഞ്ഞപോലെ, "free time is a state of mind". വെറുതെ സമയം മുന്‍പിലുണ്ട്‌ എന്നതുകൊണ്ടുമാത്രം നമ്മള്‍ക്കിഷ്ടമുള്ള്തു ചെയ്യാന്‍ കഴിഞ്ഞോളണമെന്നില്ല, അതിനു മറ്റെന്തോ കൂടി വേണം. ഞാന്‍ ഉദ്ദേശിച്ചതു് വ്യക്തമായോ എന്നറിയില്ല, പക്ഷേ എനിക്കിങ്ങനെയേ പറയാന്‍ അറിയൂ.

(പിന്നെ ഈ സമയമെല്ലാം ഞാന്‍ എന്തു ചെയ്തു എന്നല്ലേ? ചെറിയ തോതില്‍ പരദൂഷണം എന്നു് വേണമെങ്കില്‍ പറയാം (ആരെങ്കിലും ഉണ്ടാവും മാറി മാറി).

എഴുത്തുകാരി.