Tuesday, July 17, 2007

ചില മഴക്കാല ചിന്തകള്‍

ഇന്നു് കര്‍ക്കിടകം ഒന്നു്.

മൂന്നു ദിവസമായി മഴ തകര്‍ത്തു പെയ്യുകയാണ്. കാക്ക പോലും പറക്കില്ല എന്നു പറയാറില്ലേ, അതുപോലെ ആകെ ഇരുണ്ടുമൂടി. ആരോടൊക്കെയോ ഉള്ള അമര്‍ഷം തീര്‍ക്കുന്നപോലെ. ഒന്നു പെയ്തു കഴിയുമ്പോഴേക്കും, ദ, വന്നൂ, ഇരുണ്ടുകൂടി മറ്റൊന്നു്.

ഞങ്ങളുടെ പുഴ -കുറുമാലി പുഴ - നിറഞ്ഞുതുടങ്ങി. ഇപ്പോള്‍ TV local channel ലും, റേഡിയോയിലും ഒക്കെ അറിയിപ്പു്‌ വന്നു തുടങ്ങിയിട്ടുണ്ട്‌. ചിമ്മിനി ഡാം നിറഞ്ഞതിനാല്‍, ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ പോകുന്നു, കുറുമാലി പുഴയുടെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കുക എന്നു്.

അമ്പലത്തില്‍ നിന്നു് ഇറങ്ങുന്നതു് പുഴയിലേക്കാണ്. ആണുങ്ങള്‍ക്കു വേറെ, പെണ്ണുങ്ങള്‍ക്കു വേറെ കടവുകള്‍ ഉണ്ട്‌. രാവിലെ ഞാന്‍ പോയപ്പോള്‍ 6-7 പടവു് കൂടി ഉണ്ടായിരുന്നു മുങ്ങാന്‍. വെള്ളം കൂടുന്നതിനു് ഞങ്ങളുടെ കണക്കു് അതാണ്. ഇനി എത്ര പടിയുണ്ട്‌ എന്നാണെല്ലാവരും ചോദിക്കുക. നോക്കി നില്‍ക്കുമ്പോള്‍ പടവുകളിലങ്ങനെ വെള്ളം വന്നു മൂടി മുങ്ങി പോവും.

ലേശം പുറകോട്ട്‌:
-----------------

ഞങ്ങളുടെ കുട്ടിക്കാലത്തു് ഞങ്ങള്‍ നീന്തിക്കടന്നിരുന്ന പുഴയാണതു് (പുഴ നിറഞ്ഞൊഴുകിയിരുന്ന സമയത്തല്ല, ഭയങ്കര ഒഴുക്ക് ആയിരിക്കും). പുഴ നീന്തി അക്കരെ എത്തിയാല്‍ എന്താ കിട്ടുക എന്നറിയ്യൊ? നീല നിറത്തില്‍ Apsara pencil ന്റെ ഒരു പെട്ടി. പെന്‍സില്‍ ഉണ്ടാവില്ല, പെട്ടി മാത്രം. പക്ഷേ അന്നതു് ബോംബേ യില്‍ ബന്ധുക്കളുള്ള ചിലര്‍ക്കു് മാത്രമുള്ള സ്വത്താണ്. അതുകൊണ്ട്‌ ഈ ലോകത്തിലെ ഏറ്റവും വില കൂടിയ വസ്തുവും അന്നു് അതാണു്.

ഇന്നു്, പുഴവക്കത്തു് വീടുള്ള കുട്ടികള്‍ക്കു പോലും നീന്താന്‍ അറിയില്ലെന്നു കേട്ടാല്‍ അല്‍ഭുതപ്പെടേണ്ടാ. അതിനു് അവരെയല്ല, അവരുടെ അഛനമ്മമാരെയാണ് പറയേണ്ടതു്.

വീണ്ടും വര്‍ത്തമാനകാലത്തിലേക്കു്
----------------------------------

ചിമ്മിനി ഡാം കൂടി തുറന്നുവിട്ടു തുടങ്ങിയാല്‍ പുഴ ഒന്നുകൂടി നിറയും. മഴക്കിപ്പോഴും ഒരു ശമനമില്ല. തുള്ളിക്കൊരുകുടം വച്ചു പെയ്യുന്നു.

മലയാളികളായ, പ്രവാസികളായ, എന്റെ ബൂലോഗ സുഹ്രുത്തുക്കളേ, നാട്ടിലെ മഴക്കാലം കാണാന്‍ കൊതി ആവുന്നു ഇല്ലേ?

ഞാന്‍ ഒന്നുകൂടി പോയി നോക്കിയിട്ടുവരാം, ഇനി എത്ര പടി കൂടി ഉണ്ടു് മുങ്ങാന്‍ എന്നു്.


എഴുത്തുകാരി.

Monday, July 16, 2007

ഒരമ്മയുടെ --അല്ലാ, ഒരുപാട്‌ അമ്മമാരുടെ ദു:ഖം

എന്റെ ഒരു സുഹ്രുത്ത്‌ വിഷമത്തോടെ എന്നോട്‌ പറഞ്ഞതാണിതു്.

ജോലിക്കു് പോകുന്ന ഒരമ്മ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ എന്തു മാത്രം ബുദ്ധിമുട്ടിയിരിക്കും
എന്നു് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം ചിറകിനടിയില്‍ ഒളിപ്പിച്ചു വച്ചു് വളര്‍ത്തിയിരുന്ന
ആ കുട്ടികള്‍ പെട്ടെന്നൊരു ദിവസം വളര്‍ന്നുവലുതായതുപോലെ. ഡ്രസ്സിന്റെ കാര്യം മുതല്‍, hair-style ന്റെ കാര്യവരെ, ഏതൊരു കൊച്ചുകാര്യത്തിനും അമ്മയുടെ പിന്നാലെ നടന്നിരുന്ന അവള്‍ക്കു് ,അല്ലെങ്കില്‍ അവനുസ്വന്തമായ തീരുമാനങ്ങളാവുന്നൂ, സ്വന്തമായ ലോകം ഉണ്ടാവുന്നൂ.

അമ്മയുടെ ചില അഭിപ്രായങ്ങള്‍, അമ്മ ചെയ്യുന്ന ചില കാര്യങ്ങള്‍ തെറ്റാണെന്നു് തോന്നി തുടങ്ങുന്നു.
അതു് വേണ്ടായിരുന്നു, അല്ലെങ്കില്‍, അതിങ്ങനെ ആവാമായിരുന്നില്ലേ എന്ന അമ്മയുടെ അഭിപ്രായ-
ത്തിനു്, ഏയ് അതുകൊണ്ടെന്താ കുഴപ്പം എന്നാവും മറുപടി.

അവരുടെ ലോകം വികസിക്കുകയാണ്. പക്ഷേ വെറും സാധാരണക്കാരിയായ‍‍ ആ അമ്മയ്ക്കോ,
സ്വന്തം മക്കള്‍ക്കു ചുറ്റും കറങ്ങിയിരുന്ന ആ ലോകം ചുരുങ്ങി ചുരുങ്ങി വരുന്നതുപോലെ.

കാലത്തിന്റെ അനിവാര്യതയാണതു് . ഈ ലോകം ഉള്ളിടത്തോളം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്യും. അവള്‍ക്കും അറിയാം അതെല്ലാം. പക്ഷേ ആ അവസ്ഥ നേരേ മുമ്പില്‍ വന്നു്
നില്‍ക്കുമ്പോള്‍ ഒരു തേങ്ങല്‍. അത്രയേയുള്ളൂ.

അവള്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല, അതിനോട്‌ പൊരുത്തപ്പെടുകയുമാണ്. But, ആ transition
period കുറച്ചു് സങ്കടകരം ആയിരിക്കും എന്നു് മാത്രം.


ഇതു് എന്റെ ആ കൂട്ടുകാരിയുടെ മാത്രം പ്രശ്നമാവില്ല, മറിച്ചു് എല്ലാ അമ്മമാരും, ഒരിക്കലല്ലെങ്കില്‍, മറ്റൊരിക്കല്‍ കടന്നുപോകാനിടയുള്ള ഒരു stage ആയിരിക്കും എന്നു് തോന്നിയതുകൊണ്ട്‌ ഒന്നുറക്കെ
പറഞ്ഞെന്നുമാത്രം.എഴുത്തുകാരി.

Tuesday, July 10, 2007

എളുപ്പത്തില്‍ ഒരു രസം

പുറത്തു് നല്ല മഴ. തണുപ്പും. നല്ല ചൂടു ചോറും തക്കാളി രസവും. പെട്ടെന്നുണ്ടാക്കാം.
ഇതാ തുടങ്ങിക്കോളൂ.

- തുവര പരുപ്പു് (ഒരു പിടി) വേവിച്ചു് വക്കുക.
- അതില്‍ രണ്ടു് തക്കാളി അരിഞ്ഞിടുക.
- വളരെ കുറച്ചു് പുളി പിഴിഞ്ഞതും ചേര്‍ക്കുക.

ഇതു് തിളക്കുമ്പോള്‍, -

- മല്ലിപ്പൊടി : 2 സ്പൂണ്‍
- കുരുമുളക്‌ : 8-10 എണ്ണം
- ചുവന്ന മുളക്‌ : 1 എണ്ണം
- ജീരകം : കുറച്ചു്
- വെളുത്തുള്ളി : 3-4 അല്ലി.
- കറിവേപ്പില : 2 തണ്ടു്.

ഇതെല്ലാം കൂടി നന്നായി ചതച്ച്‌/അരച്ചു് ഒഴിക്കുക.
മല്ലി ഇലയും അരിഞ്ഞിടുക. തിളപ്പിക്കുക. കടുകു് പൊട്ടിക്കുക.

തക്കാളി രസം റെഡി. എന്താ എളുപ്പമല്ലേ?

(ആവശ്യത്തിനു് ഉപ്പു് ഇടാന്‍ മറക്കരുതു്).

----------------------------------------------------------------------------------
വാല്‍ക്കഷണം:- ഒന്നു രണ്ടു പ്രാവശ്യം പരീക്ഷിച്ചതിനുശേഷമേ ചിലപ്പോള്‍
ശരിയായ "രസ"ത്തില്‍ എത്തുകയുള്ളൂ.എഴുത്തുകാരി.