Wednesday, November 28, 2012

ഒരു മണ്ടന്‍ സംശയം.....

അഞ്ചാം നിലയിലെ എന്റെ ഈ കൊച്ചു ബാല്‍ക്കണിയില്‍  വന്നിരുന്നു. കണ്ണടച്ചിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ തിക്കിത്തിരക്കി എത്തേണ്ടതാണ്. അതാ പതിവ്.  ഇന്നെന്തോ അതുണ്ടായില്ല.  ഒറ്റക്കിരുന്നൊന്നു കണ്ണടച്ചാല്‍ ഓടിവരുമായിരുന്ന ഓര്‍മ്മകള്‍ക്കും ഇന്നെന്താ ഒരു  പിണക്കം? ആഹ്ലാദം തരുന്ന,  നൊമ്പരമുണര്‍ത്തുന്ന, ഒരു ചെറു ചിരി സമ്മാനിക്കുന്ന, ഗൃഹാതുരത്വമുണര്‍ത്തുന്ന എത്രയോ ഓര്‍മ്മകള്‍. അവയൊക്കെയും കൈവിട്ടുവോ എന്നെ?  ഏയ് അതാവില്ല, പിണങ്ങി മാറി നില്‍ക്കയാവും. തിരിച്ചുവരും. അങ്ങനെയങ്ങ് പിണങ്ങിപ്പോകാന്‍  കഴിയുമോ എന്നോട്.

കുറച്ചു നടന്നിട്ടുവരാം.  താഴേക്കിറങ്ങി. വെറുതേ   ഒന്നു കറങ്ങി വന്നു, സ്വിമ്മിങ് പൂളിന്റെ കരയിലിരുന്നു.നല്ല നീല നിറത്തിലുള്ള വെള്ളം. കാറ്റടിക്കുമ്പോള്‍ തണുക്കുന്നു. തണുപ്പ് നേരത്തേ തുടങ്ങിയോ? ഷോള്‍ എടുക്കാമായിരുന്നു.

ചുറ്റുമുള്ള തോട്ടത്തില്‍ ഇഷ്ടം പോലെ ചെടികളും പൂക്കളും.  നമ്മുടെ നാടന്‍ പൂക്കളെല്ലാമുണ്ട്. ചുവന്ന ചെമ്പരത്തി, വെള്ള ചെമ്പരത്തി, പല നിറത്തിലുള്ള റോസാപ്പൂക്കള്‍,  വെള്ളയും ചുവപ്പും  പാലപൂക്കള്‍,  മഞ്ഞക്കോളാമ്പി, വാസന പരത്തുന്ന മദിരാശി മുല്ല എല്ലാമുണ്ട്,

 പൂക്കാത്ത ചെടികളാണ് കൂടുതല്‍.  നല്ല ഭംഗിയായി വെട്ടിയൊതുക്കിയിരിക്കുന്നു. പൂക്കാന്‍ ഇഷ്ടമില്ലാത്തതോ, അതോ ഇനി വേണ്ടെന്നുവച്ചിട്ടോ. എന്റെ മനസ്സിലെ ഈ മണ്ടന്‍ സംശയം മനസ്സിലാക്കിയിട്ടെന്നപോലെ, അവരെന്റെ കാതിലൊരു സ്വകാര്യം പോലെ പറഞ്ഞതിങ്ങനെ.

എന്നുമെന്നും ഇങ്ങിനെ പൂത്തിട്ടെന്തിനാ, ആരും ഒരു പൂ പോലും പറിക്കുന്നില്ല, ഒരു ദിവസം മുഴുവന്‍ വെറുതേ നിന്നിട്ട് കൊഴിഞ്ഞുപോകാനോ. പൂക്കള്‍ക്കുമുണ്ടാവില്ലേ മോഹങ്ങള്‍. ഏതെങ്കിലും ഒരു സുന്ദരി ഒന്നു തലയില്‍ ചൂടാന്‍, അല്ലെങ്കില്‍ ഒരു ദേവന്റെ പാദങ്ങളില്‍ അര്‍പ്പിക്കപ്പെടാന്‍, അതുമല്ലെങ്കില്‍ മിനിമം ഒരു  വീടിന്റെ പൂപ്പാത്രത്തിലുമെങ്കിലുമെത്തിപ്പെടാന്‍.

 ഈ ചെമ്പരത്തിയൊക്കെ എന്തിനാ ഇങ്ങനെ പൂത്തുലഞ്ഞു നിക്കുന്നതു്, മഞ്ഞെന്നോ, മഴയെന്നോ ഇല്ലാതെ. ആരും ഒരു നിമിഷം നിന്നു് അതിന്റെ ഭംഗി ഒന്നാസ്വദിക്കുന്നതു  കൂടിയില്ല. സങ്കടം തോന്നുന്നുണ്ടാവില്ലേ. ഉണ്ടാവും, തീര്‍ച്ചയായും. എന്നാലും വര്‍ഷങ്ങളായുള്ള ചട്ടക്കൂടില്‍ നിന്നു പുറത്തുകടക്കുന്നതെങ്ങനെ എന്നോര്‍ത്താവും മറക്കാതെ ഒരു ചടങ്ങുപോലെ എന്നുമിങ്ങനെ പൂക്കുന്നതു്.. എന്തായാലും ഞങ്ങളതിനില്ല.

തിരിച്ചുനടന്നു വീട്ടിലേക്കു്. ഈ വിപ്ലവചിന്ത ആളിപ്പടര്‍ന്നാല്‍, ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുകടക്കാന്‍  എല്ലാ ചെടികളും ധൈര്യം കാണിക്കുന്ന ഒരു കാലം വന്നാല്‍, നിറങ്ങളില്ലാത്ത ഒരു ലോകത്തായിപ്പോവില്ലേ നമ്മള്‍ എന്നപേടിയോടെ.

എഴുത്തുകാരി.