Sunday, September 30, 2007

എന്റെ മുറ്റത്തെ കിളിക്കൂട്‌`

കുറച്ചു ദിവസമായി , രണ്ടു കൊച്ചു കുരുവികള്‍ (ഏകദേശം രണ്ട്‌ തീപ്പെട്ടിയുടെ അത്ര വലിപ്പമുണ്ടാവും) തൂക്കിയിട്ടിരിക്കുന്ന ചെടിച്ചട്ടിയില്‍ വന്നുപോകുന്നു. കൂടുകൂട്ടാനുള്ള ശ്രമത്തിലാണു്. ചെറിയ ഉണങ്ങിയ പുല്ലുകള്‍, നാരുകള്‍, വള്ളികള്‍, ഒരെണ്ണം പറന്നുപോയി കൊത്തിക്കൊണ്ടുവരും, മറ്റേകുരുവി ചട്ടിക്കുള്ളില്‍ ഇരുന്നുകൊണ്ട്` കൂടുണ്ടാക്കുന്നു. നല്ല കൌതുകമുള്ള കാഴ്ച. വൈകുന്നേരത്തോടെ കൂട്‌ റെഡി. രണ്ടുമൂന്നു ദിവസം രണ്ട്‌ കിളികളും ഇടക്കിടെ വരുമായിരുന്നു. ഞാന്‍ അവരെ ഉപദ്രവിക്കേണ്ടെന്നു കരുതി, ചെടികള്‍ക്കു വെള്ളം പോലും ഒഴിക്കാറില്ല.

പിന്നെ കുറച്ചു ദിവസം തീരെ കണ്ടില്ല. സിറ്റൌട്ടിന്റെ തൊട്ടുമുന്‍പില്‍ തന്നെയാണ് ഈ ചട്ടി. എപ്പോഴും ആള്‍പെരുമാറ്റം ഉള്ളതുകൊണ്ട്‌ ഉപോക്ഷിച്ചു പോയിരിക്കും എന്നു കരുതി. എനിക്കു സങ്കടമായി. ചെടികള്‍ക്കു വീണ്ടും വെള്ളമൊഴിച്ചു തുടങ്ങി.

എന്തായാലും ഒന്നു നോക്കാം എന്നു കരുതി, ഇന്നു ഞാന്‍ പതുക്കെ ടോര്‍ച്ച് അടിച്ചുനോക്കിയപ്പോള്‍ അതിനുള്ളിലൊരു കുഞ്ഞു കുരുവി. അതിനു് ബുദ്ധിമുട്ടാകാത്ത തരത്തില്‍ അകലെ നിന്നുകൊണ്ട്‌ എടുത്ത ഫോട്ടോ ആണിതു്. ഫോട്ടോയില്‍ നോക്കുമ്പോള്‍ ഒന്നല്ല, രണ്ടെണ്ണം കാണാം. ഇനിയും ഒരുപക്ഷേ കൂടുതല്‍ ഉണ്ടോ എന്നും അറിയില്ല.

നിങ്ങളും ഒന്നു നോക്കൂ.






എഴുത്തുകാരി.

Wednesday, September 19, 2007

പ്രകൃതിയുടെ വികൃതി

രാവിലെ കറി വയ്ക്കാന്‍ മുറിച്ചതാണ് കൊപ്പക്കായ (papaya) -- ചില സ്ഥലങ്ങളില്‍ ഇതിനെ കപ്പളങ്ങ, ഓമയ്ക്ക എന്നൊക്കെയാണ് പറയുന്നതു്.

സാധാരണ ഇതിന്റെ കുരു (മൂത്തതിന്റെ) കുരുമുളകുപോലെ കറുത്തു് മണിമണി ആയിട്ടായിരിക്കും.
എന്നാല്‍ ഇതൊന്നു നോക്കൂ. ഞാന്‍ ആദ്യമായിട്ടാണിങ്ങിനെ കാണുന്നതു്. എനിക്കു കൌതുകം തോന്നി. എന്നാല്‍ നിങ്ങളേക്കൂടി കാണിക്കാം എന്നു കരുതി.




ഒരു മുഴുത്ത കശുവണ്ടി പരിപ്പിന്റെ ഇരട്ടിയോളം വലിപ്പമുണ്ട്‌. കായുടെ സ്വാദിനോ, മരത്തിന്റെ ഇലയ്ക്കോ ഒന്നും ഒരു വ്യത്യാസവുമില്ല. പറമ്പില്‍ മറ്റൊരു മരമുണ്ട്‌. അതിലെ കായുടെ കുരു സാധാരണപോലെ തന്നെ. ഇതെന്താ ഇങ്ങിനെ? ആരെങ്കിലും ഒന്നു വിശദീകരിക്കാമോ?



എഴുത്തുകാരി.