Wednesday, February 25, 2009

ഉത്സവപ്പിറ്റേന്ന്

ആളും അരങ്ങും ഒഴിഞ്ഞു.ആനപ്പിണ്ടത്തിന്റെ മണവും ആന ബാക്കി വച്ചു പോയ തെങ്ങിന്‍ പട്ട കഷണങ്ങളും മാത്രം... മറിഞ്ഞു കിടക്കുന്ന കതിനകള്‍.

ഇന്നലെ ആയിരുന്നു ആറാട്ട്‌. 5 ദിവസത്തെ ഉത്സവം കഴിഞ്ഞു.

ക്ഷേത്രം ഇന്നലെ -- ഒരോട്ട പ്രദക്ഷിണം.

ഒരറ്റത്ത് നിന്നു തുടങ്ങിയാല്‍, അമ്പലമുറ്റത്ത്‌ ബലൂണ്‍, പീപ്പി വില്പനക്കാരന്‍, വള, മാല, ലൊട്ടുലൊടുക്കു സാധനങ്ങള്‍. പീപ്പിക്കും ബലൂണിനും വേണ്ടി വാശിപിടിക്കുന്ന കുട്ടികള്‍. വഴി നിറയെ ട്യൂബ്‌ ലൈറ്റ്കള്‍. കമാനത്തില്‍ വര്‍ണ വിളക്കുകള്‍.

അകത്തേക്കു കടന്നാല്‍, ഒരു വശത്തു് കമ്മിറ്റിക്കാരുടെ കൂട്ടം ചേരലുകള്‍, അങ്ങോട്ടുമിങ്ങോട്ടും തിരക്കുപിടിച്ചു ഓടിനടക്കുന്നു, കക്ഷത്തിലെ ഒരിക്കലും താഴെ വയ്ക്കാത്ത ബാഗില്‍നിന്നു് കാശെടുത്ത്‌ കൊടുക്കുന്നു, കണക്കു തീര്‍ക്കുന്നു.. ഈ ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ചവര്‍ അവരാണെന്നു് തോന്നിപ്പോവും.

ഇനി, വഴിപാടു് കൌണ്ടര്‍ - ഭക്തജനങ്ങളുടെ തിരക്ക്‌ -- പുഷ്പാഞ്ജലി, നെയ്‌വിളക്കു്, പറ, വെടി വഴിപാടു് (വിളിച്ചു പറയല് പതിവില്ല)

അപ്പുറത്ത്‌ കലാപരിപാടികള്‍ നടക്കുന്ന സ്റ്റേജില്‍ “ഹലോ മൈക്ക്‌ ടെസ്റ്റിങ്ങ്‌, മൈക്ക്‌ ടെസ്റ്റിങ്ങ്‌" എപ്പഴുമെപ്പഴുമീ മൈക്ക്‌ എന്തിനാ ടെസ്റ്റ് ചെയ്യുന്നതെന്നയാള്‍ക്കുപോലും അറിയുമാ ആവോ!

അങ്ങേ അറ്റത്ത്‌ കതിനയും കരിമരുന്നുമായി വെടിക്കാരന്‍ ചേട്ടന്‍. വെടിയൊച്ച കേട്ടു കരയുന്ന കുട്ടികള്‍, ഒച്ച കേള്‍ക്കാതിരിക്കാന്‍ രണ്ടു ചൂണ്ടുവിരലും ചെവിയില്‍ തിരുകി കേറ്റിവച്ചു നടക്കുന്ന ചിലര്‍.

ദാ, അപ്പുറത്ത്‌ നില്‍ക്കുന്നു, നമ്മുടെ “ വൈലൂര്‍ പരമേശ്വരന്‍". അവനൊരു സ്വല്പം കുറുമ്പനാ. അനുസരണ ഇത്തിരി കുറവും. മെക്കിട്ടു് കേറാന്‍ ഒരു പാപ്പാനേയുമൊട്ടു സമ്മതിക്കുകയുമില്ല. പാപ്പാന്‍ എന്തൊക്കെ പറഞ്ഞാലും, അവനു സൌകര്യമുണ്ടെങ്കിലേ അവന്‍ കേ‍ക്കൂ. ചുറ്റും കുറെ കുട്ടികള്‍, പഴം കൊടുക്കുന്നു, ശര്‍ക്കര കൊടുക്കുന്നു (പകരം ആനവാല്‍ ചോദിച്ചു നോക്കുന്നൂ, പക്ഷേ രക്ഷയില്ല).

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട സ്ഥലം, ഊട്ടുപുര. അവിടെ എപ്പോഴും ജനത്തിരക്കാണ്. മഴയത്ത്‌ പോലും ഒന്നു കേറി നില്ക്കാത്തവര്‍ കൂടി സജീവമാണീ ഉത്സവക്കാലത്ത്‌.

അമ്പലത്തിനുള്ളില്‍ മേല്‍ശാന്തിയും, കീഴ്ശാന്തിയും, തന്ത്രിയുമെല്ലാം --- മുഷിഞ്ഞ മുണ്ടും അതിനേക്കാള്‍ മുഷിഞ്ഞ പൂണൂലുമായിട്ട്‌.

ഉത്സവം കാണാനെന്ന പേരില്‍‍, പരദൂഷണം പറയാന്‍ അവിടവിടെയായി കൂടിനില്‍ക്കുന്ന കുറച്ചു് നാട്ടുകാര്‍.

(മറന്നോ വല്ലതും, ഏയ്, ഇല്ല)

ഇത്രയൊക്കെ കൂട്ടിവച്ചാല്‍ ഏകദേശം ഉത്സവപറമ്പായി. അതെല്ലാം ഇന്നലെ.

ഇന്നോ? ഒന്നുമില്ല, ആനപ്പിണ്ടവും, കാറ്റത്തു വരുന്ന അതിന്റെ മണവും മാത്രം.

ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരിക്കുന്നൂ, അടുത്ത മകരത്തിനായി.


എഴുത്തുകാരി.

വാല്‍ക്കഷണം അല്ലെങ്കില്‍ അടിക്കുറിപ്പു് അല്ലെങ്കില്‍ ക്ഷമാപണം: വായിച്ചപ്പോള്‍ എന്തെങ്കിലും തോന്നിയോ,ഇതു കണ്ടിട്ടുണ്ടെന്നോ, അടിച്ചുമാറ്റിയതാണെന്നോ, അങ്ങിനെ വല്ലതും? എവിടന്ന്!.

എഴുത്തുകാരിയാണെങ്കിലും എഴുതാന്‍ ഇത്തിരി മടിയാണേ. അതുകൊണ്ട് ചെറിയ ഒരു അടിച്ചുമാറ്റല്‍ ദാ, ഇവിടെ നിന്നു്.‌. ഞാന്‍ നോക്കിയപ്പോള്‍ പ്രത്യേകിച്ചൊരു മാറ്റവുമില്ല,ആന പോലും അവന്‍ തന്നെ.പിന്നെന്തിനാ വെറുതെ മിനക്കെടണേ? അന്നു ഞാന്‍ ഇത്രേം വലിയ എഴുത്തുകാരി ഒന്നും ആയിട്ടില്ലല്ലോ, അതുകൊണ്ട് ആരും കണ്ടിട്ടുമുണ്ടാവില്ല.
-------------

കുറച്ചു പടങ്ങള്‍ ഇടാം (സംശയിക്കണ്ട, അതു ഇക്കൊല്ലത്തെയാണേയ്!)


മഹാമുനിമംഗലം ക്ഷേത്രം - ഇവിടെയാണുത്സവം.ഞാന്‍ വൈലൂര്‍ പരമേശ്വരന്‍, ഇനി കുറച്ചു ദിവസം ഞാനിവിടെയാ..


എത്ര നേരമായി ഞാന്‍ റെഡിയായി നില്‍ക്കുന്നു, എവിടെ ശാന്തിക്കാരനും തിടമ്പും, കോലവുമൊക്കെ?


ശീവേലി - ആര്‍ക്കാ ഇപ്പോ ഇതൊക്കെ കാണാന്‍ താല്പര്യം!


ഇവിടെ താല്പര്യത്തിനും തിരക്കിനും ഒരു കുറവും ഇല്ല.


ഇനി അടുത്ത വര്‍ഷം വരാട്ടോ, പരമേശ്വരന്‍ വിട ചൊല്ലിപ്പോകുന്നു.

Sunday, February 15, 2009

മിഥ്യയാണെല്ലാം.....

അവര്‍ക്ക്‌ എത്ര പെട്ടെന്നു കഴിഞ്ഞു എല്ലാം മറക്കാന്‍. അല്ലെങ്കില്‍ തന്നെ കഴിഞ്ഞുപോയതിനെക്കുറിച്ചു എന്തിനോര്‍ക്കുന്നു അല്ലേ? എന്നിട്ടുമെന്തേ എനിക്കുമാത്രം അതിനു കഴിയുന്നില്ല?

ഇന്നലെ വരെ ഞാന്‍ ആരെല്ലാമോ ആയിരുന്നു. അല്ലെങ്കില്‍ ഞാന്‍ ആയിരുന്നു എല്ലാം.(എന്നു ഞാന്‍ വെറുതെ കരുതി).എന്തിനും ഏതിനും വേണമായിരുന്നു ഞാന്‍. ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ എല്ലാം എങ്ങോ പോയി. എന്തേ എല്ലാരും ഇങ്ങിനെ!

പെട്ടെന്നൊരു ദിവസം ആരുമല്ലാതായപോലെ.ഒരുപാട് പേരുണ്ട്‌ ചുറ്റും. എന്നിട്ടും ആള്‍ക്കൂട്ടത്തില്‍ തനിയെ.വലിയൊരു തുരുത്തില്‍ എന്നെ ഒറ്റക്കാക്കി പോയോ എല്ലാരും? അതിനുമാത്രം എന്തു തെറ്റു ചെയ്തു ഞാന്‍? അറിയില്ല.
എന്റെ കാര്യങ്ങള്‍ പോലും മറന്നല്ലേ ഞാനെല്ലാം ചെയ്തിരുന്നതു്. എന്നിട്ടുമെന്തേ ഇങ്ങിനെ, ഇത്ര പെട്ടെന്നു എല്ലാം മറക്കാന്‍ കഴിയുന്നു.മനസ്സിലാവുന്നില്ലേ എന്നെ ആര്‍ക്കും (അതോ എനിക്കു തന്നെയാണോ എന്നെ മനസ്സിലാവാത്തതു്).

അറിയാതെ കണ്ണ് നിറയുന്നു.ആരെങ്കിലും വരും എന്നു കരുതി.പക്ഷേ വന്നില്ല ആരും. എല്ലാവരും എന്നെ ഒറ്റക്കാക്കി പോയ്ക്കളഞ്ഞു. ഇനി വരില്ല അല്ലേ? എന്നിട്ടും എന്തിനു ഞാന്‍ കാത്തിരിക്കുന്നു, എന്നെ കൂടെ കൂട്ടാന്‍ അവര്‍ തിരിച്ചുവരുമെന്നു്. ഇനി വന്നാലും എനിക്കു് പോകാന്‍ കഴിയുമോ അവരോടൊപ്പം, ഇല്ലല്ലോ.

എന്നെ വിട്ടു പോകുന്നവര്‍ പോട്ടെ, എനിക്കു പ്രിയപ്പെട്ടവര്‍ വേറെയുമുണ്ടല്ലോ. എന്നും എപ്പഴും എന്റെ കൂടെ നില്‍ക്കാന്‍. അതു മതി എനിക്കു്. എന്നാലും സങ്കടം വരുന്നൂട്ടോ.

എഴുത്തുകാരി.

Thursday, February 5, 2009

മനസ്സിലാവാത്ത മനസ്സു്

അത്യാവശ്യമായി ഒരു കവര്‍ പോസ്റ്റ് ചെയ്യാനുണ്ടായിരുന്നു. രാവിലെ തന്നെ‍ തൃശ്ശൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ പോയി. ‍ സ്റ്റാമ്പ്‌ വാങ്ങാന്‍ കൌണ്ടറില്‍ നില്‍‍ക്കുമ്പോള്‍ അവിടെ നിന്നിരുന്ന ഒരാള്‍ പറഞ്ഞു, 5 രൂപയുടെ സ്റ്റാമ്പ് എന്റെ കയ്യിലുണ്ട്. അതു ഞാന്‍ തരാം. അത്രയും കുറച്ചു കൌണ്ടറില്‍ നിന്നു വാങ്ങിയാല്‍ മതി എന്നു്.

ഞാന്‍ സമ്മതിച്ചു, കൌണ്ടറിലെ ആളോട് ഞാന്‍ പറഞ്ഞിരുന്നതില്‍ നിന്നു് 5 രൂപ കുറച്ചു മതി എന്നു പറയുകയും ചെയ്തു. പക്ഷേ പെട്ടെന്നൊരു നിമിഷത്തില്‍ എനിക്കു തോന്നി അതു വേണ്ട. ഞാന്‍ അയാളോട് പറഞ്ഞു, എനിക്കു വേണ്ടാ, ഞാന്‍ ഇവിടെനിന്നു തന്നെ വാങ്ങിച്ചോളാം. കൌണ്ടറിലെ ആളോട് ഞാന്‍ ആദ്യം പറഞ്ഞത്ര തന്നെ വേണം എന്നു പറഞ്ഞപ്പോള്‍, അയാളൊരു നോട്ടം, എന്താ വട്ടുണ്ടോ എന്നു ചോദിക്കാതെ ചോദിക്കുന്നതുപോലെ.

മറ്റൊരു കൌണ്ടറില്‍ വച്ചു ഞാന്‍ ആ മനുഷ്യനെ വീണ്ടും കണ്ടുമുട്ടി. അയാള്‍ പറഞ്ഞു, “മാഡം, ഒരു ഹെല്പിങ്ങ് മെന്റാലിറ്റി ഒക്കെ വേണ്ടേ? ഞാന്‍ ഈ സ്റ്റാമ്പില്‍ എന്തു കൃത്രിമമാ കാണിക്കുന്നതു്“ എന്നൊക്കെ. ഞാന്‍ പറഞ്ഞു, എനിക്കു കാരണം ഉണ്ട്‌,പക്ഷേ അതു പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലാവില്ല,അതുകൊണ്ട് ഞാന്‍ പറയുന്നില്ല എന്നു്. അയാളും വിചാരിച്ചു കാണും വട്ടാണെന്നു്.പുഛത്തില്‍ ഒന്നു ചിരിച്ചു അയാള്‍. ഈ 5 രൂപയുടെ സ്റ്റാമ്പില്‍ ആര്‍ക്കും മനസ്സിലാവാത്ത എന്തു കാരണമാണാവോ ഒളിച്ചിരിക്കുന്നതു് എന്ന മട്ടില്‍.‍

എന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്ക് വേണ്ടിയുള്ള, ഏറ്റവും പ്രധാനപ്പെട്ട രേഖകള്‍ ആയിരുന്നു അതു്. റജിസ്റ്റേഡ് ആയിട്ടു അയക്കാനും പാടില്ല. ഒരു കൊച്ചു റിസ്ക് പോലും എടുക്കാന്‍ കഴിയില്ല എനിക്കു്. അതു വാങ്ങി ഒട്ടിച്ചു വന്നിരുന്നെങ്കില്‍, എന്റെ മന:സമാധാനം നഷ്ടപ്പെടാന്‍ അതു മതി.
അതു തന്നെ കാരണം.

ഇതു ഞാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിനു മനസ്സിലാവുമോ? നിങ്ങള്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടോ എന്റെ മനസ്സു്?
.................

നെല്ലായിക്കാര്‍ കാത്തിരുന്ന മകരമാസമെത്തി. എന്താണെന്നല്ലേ, ഞങ്ങളുടെ ഉത്സവം.മറ്റന്നാള്‍ കൊടിയേറ്റം. ഇനി 6 നാള്‍ തിരക്കു തന്നെ. ക്ഷേത്രം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അവസാനമിനുക്കുപണിയിലാണു്. ആന വൈലൂര്‍ പരമേശ്വരന്‍ തന്നെ (ഒരാ‍നയേയുള്ളൂ). അല്പസ്വല്പം കുറുമ്പുണ്ടെങ്കിലും ഞങ്ങള്‍ക്കിഷ്ടമാണവനെ.

നെല്ലായിലൊരു നൃത്തവിദ്യാലയവും സംഗീതവിദ്യാലയവും അതില്‍ പഠിക്കുന്ന കുറേ കുട്ടികളും ഉള്ളതുകൊണ്ട് ഗംഭീര നൃത്തനൃത്യങ്ങള്‍ക്കും സംഗീതസന്ധ്യകള്‍ക്കും വലിയ ബുദ്ധിമുട്ടില്ല. (പാട്ട് മാഷ്ക്കും ഡാന്‍സ് മാഷ്ക്കും ചുളുവില്‍ കുറച്ചു അരങ്ങേറ്റവും നടത്തി ദക്ഷിണയും വാങ്ങാം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നല്ലേ?)

എല്ലാരേയും ക്ഷണിക്കുന്നു.


എഴുത്തുകാരി.‍