Thursday, May 16, 2013

സംരക്ഷിക്കപ്പെടാന്‍ അവകാശങ്ങളില്ലാത്തവര്‍.........

ആരെയാണോ  ഞാനിന്നു  കണി കണ്ടതു്? അല്ല, ആരെ കാണാന്‍.  ഞാന്‍ മാത്രമുള്ള ഈ വീട്ടില്‍ എനിക്കു കണി കാണാനായിട്ടാരും വരില്ലല്ലോ. ഈ മുറിയിലൊരു കണ്ണാടിയില്ലാത്തതുകൊണ്ട് എന്നേത്തന്നെയാവാനും വഴിയില്ല.  സോ, ഞാനാരേയും കണി കണ്ടിട്ടില്ല.

രാവിലെ ചായ കുടിക്കുമ്പോള്‍ മിനി ( എന്റെ സഹായി, വര്‍ഷങ്ങളായിട്ട്)   വിളിച്ചു. ചേച്ചി, ഇന്നു നമുക്കു നെല്ലായിലെ പണി കഴിച്ചാലോ. ഇന്നെനിക്കൊഴിവാണ്. നാളെ മുതല്‍ തേപ്പ്‌ തുടങ്ങും. കെട്ടിടം പണി, വീട്ടുപണി, കല്യാണപ്പണി, പ്രസവം നോക്കല്‍,  ആശുപത്രിയില്‍ രോഗികള്‍ക്കു കൂട്ടിരിക്കല്‍, എന്നു വേണ്ടാ, അവള്‍ കൈവക്കാത്ത മേഖലകളില്ല.  As usual,  ഭര്‍ത്താവ് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കുടിക്കും,  എവിടേയെങ്കിലും വീണുകിടക്കും.  കുടുംബ ഭാരം അവളുടെ തലയില്‍. സ്കൂള്‍ തുറക്കാറായി.  പറ്റാവുന്നത്ര ദിവസം പണിക്കു പോണം.. ചുരുക്കത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സോ‍ാ‍ാ ബിസി. ഒരു ദിവസം ചേച്ചിക്കു വേണ്ടി ഒഴിവെടുത്തിരിക്കയാണ്.

അതുകൊണ്ട് പോയേ പറ്റൂ. എന്തൊക്കെ തിരക്കുണ്ടെങ്കിലും അതവിടെ നിക്കട്ടെ.  പോയി. വീട്ടിലേയും പറമ്പിലേയും  അത്യാവശ്യം പണികളൊക്കെ കഴിച്ചു..  ഒന്നുരണ്ട് പരിചയക്കാര്‍ വന്ന കൂട്ടത്തില്‍ ശശി വന്നപ്പോള്‍ പറഞ്ഞു, കൊടകരേന്നു് ഞാന്‍ രണ്ട് ചക്കയിട്ടൂട്ടോ. നല്ല ബെസ്റ്റ് ചക്ക.  ഒരെണ്ണം  വറുത്തു. ഒരെണ്ണം പഴുപ്പിക്കാന്‍ വച്ചിരിക്കുന്നു.  (കൊടകരയില്‍ ഒരു പറമ്പുണ്ട്. അതില്‍ ഒരു പ്ലാവും അതു നിറയെ ചക്കയും. ആവശ്യത്തിനു ചക്ക  ഇട്ടോളാന്‍ ഞാന്‍ പറഞ്ഞിരുന്നു ശശിയോട്).

അതു കേട്ടപ്പോള്‍ മിനിക്കും ഒരു മോഹം, ചേച്ചി നമുക്കും രണ്ട് ചക്കയിട്ട് വറുത്താലോ. വാങ്ങുമ്പോ ഒരു ചെറിയ പാക്കറ്റിനു് 30-40  രൂപയാണ് വില. ഞാന്‍ പറഞ്ഞു, ‘നമുക്ക്‌‘ വേണ്ടാ, തന്നെത്താന്‍ ആയിക്കോളൂ., ഞാന്‍ കൂടെ വരാം..  ഞാനാണെങ്കില്‍ അവിടത്തെ നേന്ത്രവാഴകളെ സന്ദര്‍ശിച്ചിട്ടൊരുപാട് നാളുമായി.

മൂവാണ്ടന്‍ മാവില്‍ ഇനിയും ബാക്കിയുണ്ട് കുറച്ചു മാങ്ങ. അതു മുഴുവന്‍ പൊട്ടിച്ചു.  പ്രിയൂര്‍ മാവില്‍ കുറേയധികമുണ്ട്. അതില്‍ നിന്നു രണ്ടുമൂന്നെണ്ണവും. പിന്നെ ഒരു പടല നേന്ത്രക്കായും.  ഒരു ബിഗ് ഷോപ്പറില്‍ അവള്‍  അതെല്ലാം പാക് ചെയ്തു തന്നു. അത്യാവശ്യം ഭാരമായി അപ്പോള്‍ തന്നെ.

നെല്ലായി പണികള്‍ കഴിഞ്ഞ്‌ കൊടകര  പറമ്പിലെത്തി. വാഴകള്‍ക്ക്  ഒന്നുംകൂടിയൊക്കെ ഒന്നു സ്മാര്‍ട്ട് ആവാം. വാഴകള്‍ക്കിടയില്‍ നിറയേ ചീര, തനിയേ മുളച്ചതു്. പ്ലാവില്‍ ചക്ക ഇഷ്ടം പോലെ. അടുത്ത വീട്ടിലെ ഷീല വന്നു. ഞങ്ങള്‍ രണ്ടാളും കൂടി കുറച്ചു ചീര നുള്ളിയെടുത്തു. ആ നേരം കൊണ്ട് മിനിയും ഉണ്ണികൃഷ്ണനും(കൊടകരയില്‍ നിന്നും വിളിച്ച ഓട്ടോ ഡ്രൈവര്‍) കൂടി, ഒരു അരിവാള്‍ തോട്ടിയൊക്കെ സംഘടിപ്പിച്ച്,  ചക്ക പറിച്ചു.  നാലെണ്ണം മിനിക്കു്, ഒരെണ്ണം ഉണ്ണികൃഷ്ണനു്.

ഓട്ടോറിക്ഷയില്‍ കൊടകരയെത്തി ബാഗ് ബസ്സില്‍ കയറ്റിവച്ചുതന്നു മിനി.. കാര്യങ്ങളെല്ലാം ഭംഗിയായ സന്തോഷത്തില്‍ കാഴ്ച കണ്ട് ഞാനിരുന്നു.  ഇനിയിപ്പോ തൃശ്ശൂരിറങ്ങി ഒരു ഓട്ടോ വിളിച്ചു പോയാല്‍ മതിയല്ലോ.  എല്ലാം ശുഭം.



കുരിയച്ചിറ കഴിഞ്ഞപ്പോള്‍ തുടങ്ങി കുറേശ്ശെ ബ്ലോക്. എനിക്കു തിരക്കൊന്നുമില്ലല്ലോ, പോകുമ്പോള്‍ പോട്ടെ.  ഞാന്‍ അപ്പോഴും എന്റെ മനോരാജ്യത്തിലാണ്. നിരങ്ങി നിരങ്ങി  ശക്തന്‍ സ്റ്റാന്‍ഡ് വരെയെത്തി. പെട്ടെന്ന്   കണ്ടക്ടര്‍ തിരക്കു കൂട്ടുന്നു, ഇറങ്ങ്, ഇറങ്ങ്..  എന്താ കാര്യം എന്നു മനസ്സിലായില്ല. ഒന്നു മനസ്സിലായി ബസ്സിനി റൌണ്ടിലേക്കെന്നല്ല, ഒരിടത്തും പോവുന്നില്ല.  അവിടന്നോട്ടോ വിളിച്ചാല്‍ കാശിത്തിരി കൂടുമല്ലോന്നോര്‍ത്തുകൊണ്ട് എന്റെ ബാഗും കൊണ്ട് ഞാനിറങ്ങി.

ബാഗിനെന്താ  ഒരു  കനം കൂടുതലു പോലെ.  നോക്കിയപ്പോള്‍ അതിനുള്ളില്‍ ഇരിക്കുന്നു ഒരു കഷണം ചക്ക. ചേച്ചിയോടുള്ള സ്നേഹക്കൂടുതലുകൊണ്ട്  മിനി പറ്റിച്ച പണി.. ഒരു    ഓട്ടോക്കാരനോട് ചോദിച്ചു അയാള്‍ തലയാട്ടി. ഇല്ലെന്നു്. രണ്ടാമത്തെയാളും മൂന്നാമത്തേയാളും ഇല്ലെന്നു പറഞ്ഞപ്പോള്‍ അതു വെറുമൊരു ഇല്ല അല്ലെന്നു മനസ്സിലായി. പോലീസുകാര്‍ ഒറ്റ വണ്ടിയും  അവിടെ നിന്നു കടത്തി വിടുന്നില്ലത്രേ.   NGO  യൂണിയന്റെ സുവര്‍ണ്ണജൂബിലി സമ്മേളനത്തിന്റെ പ്രകടനം. കാല്‍ നട യാത്രക്കാര്‍ക്കു   മാത്രം പോകാം.നഗരം ചെങ്കൊടിയുടെ പിടിയില്‍.

നഗരത്തില്‍ നിന്നും, നഗരത്തിലേക്കും പോകേണ്ടവരുടെ തിരക്കു്,  ഓടാതെ കിടക്കുന്ന ഓട്ടോകളും ബസ്സുകളും. ശക്തനില്‍ ആകെ തിരക്കു്.   ഓഫീസ് വിട്ടു വരുന്നവര്‍, എന്നേപ്പോലെ ഭാരവും വഹിച്ച് വരുന്നവര്‍, നടക്കാന്‍ വയ്യാത്തവര്‍.  എല്ലാവര്‍ക്കും മുന്‍പില്‍  രണ്ടേരണ്ട്   ഓപ്ഷന്‍സ്. ഒന്നുകില്‍,  പ്രകടനവും പൊതുയോഗവുമൊക്കെ കഴിഞ്ഞു, പ്രകടനക്കാരൊക്കെ പിരിഞ്ഞുപോയി  നഗരം സാധാരണ നിലയിലാകുന്നതുവരെ, അതായതു് മണിക്കൂറുകള്‍ എവിടേയെങ്കിലുമിരിക്കാം  അല്ലെങ്കില്‍ രാത്രിയാവുന്നതിനു മുന്‍പ് വീട്ടിലെത്തണമെങ്കില്‍ നടക്കാം. ഞാന്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു. എന്റെ സ്ഥിരം ഹാന്‍ഡ് ബാഗും   മാങ്ങയും ചീരയും കായയും  നിറച്ച ബാഗും(ഭാരം 8 കിലോ, വീട്ടില്‍ വന്ന ഉടനേ  ഭാരം എത്രയുണ്ടെന്നു നോക്കി ) തൂക്കി, രണ്ട് കയ്യിലും മാറി മാറി  പിടിച്ച് ഞാന്‍ നടന്നു, നഗരത്തിന്റെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്തേക്കു്.  50 മിനിറ്റ്. എന്നേപ്പോലെ ആയിരങ്ങളും ലക്ഷ്യത്തിലെത്താന്‍ നടന്നുകൊണ്ടേയിരുന്നു. നഗരത്തിലെത്താന്‍ , എത്തിയവര്‍ പുറത്തേക്കു പോകാന്‍.

അപ്പോഴും പ്രകടനം അവസാനിച്ചിരുന്നില്ല,  നേടിയെടുത്ത  അവകാശങ്ങള്‍ സംരക്ഷിക്കുമെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്, നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവര്‍ മുന്നേറിക്കൊണ്ടിരുന്നു.


എഴുത്തുകാരി.





Friday, May 10, 2013

ചില കൌതുക കാഴ്ചകള്‍...

ജീവിക്കാന്‍ വേണ്ടി  എന്തൊക്കെ വേഷങ്ങള്‍ കെട്ടണം?

നാട്ടിലിപ്പോള്‍ എല്ലാ പണികളും, തെങ്ങുകയറ്റം മുതല്‍ കിണറ് കുഴിക്കല്‍ വരെ, സ്ത്രീകള്‍ ചെയ്തു തുടങ്ങി.  പക്ഷേ മരം വെട്ട്, അതും ഉയരമുള്ള മരത്തില്‍ കയറി. അതില്ലെന്നു തോന്നുന്നു. എന്തായാലും ഞാന്‍ കണ്ടിട്ടില്ല.

  അതും  കണ്ടു,  ബാംഗ്ലൂരില്‍. പേടിച്ചിട്ടാ ഫോട്ടോ എടുത്തതു്. എന്തിനാ ഏതിനാ എന്നൊക്കെ ചോദിച്ച് പ്രശ്നമുണ്ടാക്കിയാല്‍ പാടായില്ലേ. ചിലപ്പോള്‍ അവരൊത്തുകൂടും. പറഞ്ഞു മനസ്സിലാക്കാമെന്നു വച്ചാല്‍ ഭാഷയും പിടിയില്ല. ഭര്‍ത്താവ് പണിക്കു  പോകും, കിട്ടുന്ന കാശും അതിലധികവും ചാരായം കുടിക്കും.  മക്കള്‍ക്കെന്തെങ്കിലും കൊടുക്കണ്ടേ, അതിനു് ഈ അമ്മ തന്നെ ഇറങ്ങിയാലേ പറ്റൂ. മരം വെട്ടെങ്കില്‍ മരം വെട്ട്. അയാള്‍ വരുന്നതിനു മുന്‍പ് ഉണ്ടാക്കി കൊടുക്കണം കുഞ്ഞുങ്ങള്‍ക്കു് കഞ്ഞി.



ഇനി ഇതൊന്നു നോക്കൂ. കുറേ നാളത്തെ പ്രവാസത്തിനുശേഷം വീട്ടിലത്തിയപ്പോള്‍, ഗെയ്റ്റ് തുറക്കുന്നതിനു മുന്‍പേ കണ്ടൂ, നിറയേ  വെളുത്ത കുഞ്ഞുകുഞ്ഞു പൂക്കള്‍, കുലകുലയായി. ഇതേതു ചെടിയാണപ്പാ, ഒരു  പിടിയും കിട്ടിയില്ല.. ആര്‍ച്ചില്‍ പടര്‍ത്തിയിരുന്നതു് എവര്‍ഗ്രീന്‍ ആയിരുന്നല്ലോ. അതിന്റെ പൂക്കളാണോ. ഏയ് അല്ല. എന്നോ ഒരു ചെറിയ കിഴങ്ങ് ശതാവരി കൊണ്ടു നട്ടിരുന്നു, ആര്‍ച്ചിന്റെ മറുതലയില്‍.മഴ പെയ്തപ്പോള്‍ മുളച്ചതാവും. എവര്‍ഗ്രീനിനെയൊക്കെ നിഷ്പ്രഭമാക്കി അതു വളര്‍ന്നു വലുതായിരിക്കുന്നു. നിറയേ പൂക്കളും.  ഞാനാദ്യമായിട്ടു കാണുകയാ ശതാവരി പൂക്കുന്നതു്.



ഇതു് ജോസേട്ടന്റെ കടയില്‍ കണ്ടതു്. നല്ല ചൂടല്ലേ, സംഭാരത്തിനിപ്പോല്‍ നല്ല ഡിമാന്റും.  ഇനി പേരിന്റെ പിന്നിലെ കഥ. തുടക്കത്തില്‍ സംഭാരം തിങ്കളാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ എല്ലാ ദിവസവും ആക്കിയപ്പോള്‍ പേരുമാറ്റിയില്ല.  പകരം പേരിനൊരു വാലുകൂടി വച്ചു.  സംഭവം ഉഷാര്‍. (കഥ ഞാന്‍ ഊഹിച്ചതാണേയ്, ആരും പറഞ്ഞതല്ല)



നല്ല ചൂടല്ലേ, ഇത്തിരി സംഭാരം ഉണ്ടാക്കി നിങ്ങളുമൊന്നു  കുടിച്ചു നോക്കൂ.. (പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇലയുണ്ടെങ്കില്‍ ഒന്നുരണ്ടെണ്ണം,  പിന്നെ മാങ്ങയുണ്ടെങ്കില്‍ ഒന്നു രണ്ടു കഷ്ണങ്ങളിട്ട്,  ഉപ്പുമിട്ട്, (മോരൊഴിക്കാന്‍   മറക്കല്ലേ)  മിക്സിയിലിട്ട് പതുക്കെ   ഒന്നടിച്ചിട്ട് (അമ്മിയില്‍ വച്ച് ചതച്ചാലും മതി). ഒന്നുരണ്ട് ഗ്ലാസ് കുടിക്കാം ഇല്ലേ? എന്താ രസം!

എഴുത്തുകാരി.