Wednesday, November 3, 2010

ഇതു് ജീവിതം.......

ഇല്ല, എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല.  അങ്ങനെ വിശ്വസിക്കാനാ എനിക്കിഷ്ടം.

പോക്കുവെയിലുണ്ട്, കറങ്ങിനടക്കുന്ന കള്ളക്കാറ്റുണ്ട്. കൈ എത്തും ദൂരത്തിൽ നിറയെ കായ്ച്ചു നിക്കുന്ന തെങ്ങ്, നല്ല ഉഷാറായിട്ട്.  മണ്ഡരിയൊന്നും ഈ വഴിക്കു വന്നിട്ടില്ലെന്നു തോന്നുന്നു.വീട്ടിലെ അണ്ണാറക്കണ്ണന്റെ ചേട്ടനോ അനിയനോ, അമ്മാവനോ ഒക്കെയുണ്ടിവിടെ.  അംഗസംഖ്യ ഇത്തിരി കുറവാണെന്നു മാത്രം

പറന്നുപോകുന്ന പറവകളെ കുറച്ചുകൂടി അടുത്തുകാണാം. ഞാൻ   കുറേക്കൂടി  ഉയരത്തിലാണല്ലോ!.   മഴ കനത്തു പെയ്യുമ്പോൾ  കൈ കൊണ്ട് തൊടാം. തുമ്പികൾ പാറി നടക്കുന്നതു കാണാം.  ഒന്നു രണ്ടു പ്രാവുകളും വരുന്നുണ്ട് ഇടക്കിടെ.

ഈ ലോകത്തിലെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സിറ്റൌട്ടിനു പകരം ഒരു കുഞ്ഞു ബാൽക്കണിയുണ്ട്. എനിക്കിരുന്നു കാറ്റുകൊള്ളാനോ,  പാട്ടു കേക്കാനോ, പിന്നെ വായിക്കാനോ, അതുമല്ലെങ്കിൽ വെറുതേ കണ്ണടച്ചിരുന്നു സ്വപ്നം കാണാനോ...

എന്നെ തലോടുന്ന കാറ്റെന്നോട് പറയുന്നു,  ഞങ്ങളൊക്കെയുണ്ടല്ലോ ഇവിടെ, എന്നു്.  

ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി ഈ പുതിയ ജീവിതത്തെ.  പ്രതീക്ഷിച്ചതായിരുന്നില്ല ഇങ്ങനെ ഒരു  കൂടുമാറ്റം. എങ്കിലും... ജീവിതത്തിലാദ്യമായി എന്റെ കൊച്ചുഗ്രാമം വിട്ടൊരു ജീവിതം....

എന്റെ പോസ്റ്റുകളിൽ എനിക്കെന്നും എഴുതാൻ  എന്റെ നാട്ടുവിശേഷങ്ങളല്ലേ ഉണ്ടായിരുന്നുള്ളൂ. രാമേട്ടനും മേനോൻ സാറും ലക്ഷ്മിയേടത്തിയും, ഇന്ദുവും, രാധികയുമൊക്കെ.... പിന്നെ എന്റെ പേരയും കണിക്കൊന്നയും ചെമ്പരത്തിയും മുതൽ മുറ്റത്തെ ചട്ടികളിൽ കൂടു കൂട്ടിയിരുന്ന കുഞ്ഞു കിളികൾ വരെ.

ഇനി അവരൊന്നുമില്ല,  പകരം ഇവിടെ എനിക്കു ദേവിച്ചേച്ചിയുണ്ട്, ഇനി പുറകോട്ട് തിരിഞ്ഞുനോക്കണ്ട കുട്ടീ, മുൻപിലേക്കു മാത്രം നോക്കൂ എന്നുപദേശിക്കാൻ. രാത്രിയോ പകലോ എന്നു നോക്കണ്ട, എപ്പോ വേണെങ്കിലും വിളിച്ചോളൂ, ഞാനോടിവരാം എന്നു പറയാൻ സന്ധ്യച്ചേച്ചിയുണ്ട്.  ഷീബയുണ്ട്, ബീനയുണ്ട്.  ചിക്കുമോനുണ്ട്. എന്നെങ്കിലും വീട്ടിൽ പോവുമ്പോൾ വാഴപ്പിണ്ടിക്കും ചേമ്പിൻ തണ്ടിനും പച്ചമുളകിനും കറിവേപ്പിലക്കും      വേണ്ടി കാത്തിരിക്കാൻ ഇവരൊക്കെയുണ്ട്.  പല പല കാരണങ്ങൾ കൊണ്ട് ഇവിടെ ചേക്കേറിയിരിക്കുന്നവർ.  ചിലരുടെ സ്വന്തം,  മറ്റു ചിലർ എന്നേപ്പോലെ  ഒരു ഇടത്താവളമായിട്ടു്.

ഇവിടെ ഒറ്റക്കല്ല, എന്നൊരു തോന്നൽ. ഉറങ്ങാൻ കഴിയുന്നു, ഒരു തേങ്ങ വീണാൽ, കരിയില അനങ്ങിയാൽ, എവിടെയോ ഒരു പട്ടി കുരച്ചാൽ, പേടിക്കാതെ.

ഞാനെന്റെ ദു:ഖങ്ങൾക്കും വിഷമങ്ങൾക്കും അവധി കൊടുക്കുന്നു.

അറിയാം ഇതൊരു ഇടത്താവളം മാത്രമാണെന്നു്.   പുതിയൊരു  താവളം തേടിയുള്ള യാത്രയിൽ  ഒരിത്തിരി നേരം ഇവിടെ.

എഴുത്തുകാരി.