ഇതൊന്നു നോക്കൂ, എന്റെ കണിക്കൊന്ന മരം. ഇത്തിരിപ്പോന്ന ഓരോ ചെടിയിലും അതിനു താങ്ങാന്‍ പറ്റാത്തത്ര പൂവ്. ഇതില്‍ വേണമെങ്കില്‍ ഒരു ഇരുപത്തഞ്ചു കുല പൂവെങ്കിലും ഉണ്ടായിക്കൂടേ? വേണ്ടാ ഒരു പത്ത്, അഞ്ചു്, വെറും ഒരു കുല. ഇല്ല, മരുന്നിനൊരെണ്ണം പോലും.....
വാശിയാണ്, പ്രതിഷേധം. ഇനീപ്പോ അതെന്താന്നുവച്ചാ, നമുക്കു് ലേശം പുറകോട്ടുപോണം അധികമൊന്നും വേണ്ടാ, ഒരിത്തിരി.
കഴിഞ്ഞ വര്‍ഷം വിഷുവിനു കണ്ടോ, നിറയെ പൂത്തുലഞ്ഞ് മഞ്ഞപ്പട്ടും ചൂടിയുള്ള നില്പ്..
അമ്പലത്തില്‍ വരുന്നവര്‍, ആ വഴി പോകുന്നവര്‍ എല്ലാവരും ആവശ്യക്കാര്‍.
"എനിക്കു രണ്ടു തണ്ട് എടുത്തു വച്ചേക്കണേ" ദ്രൌപദിയമ്മ.
"ഇവിടേണ്ടല്ലോ അതോണ്ടിനി പൂവന്വേഷിച്ച് നടക്കണ്ടാ, ഭാഗ്യം” ലക്ഷ്മിയേടത്തി.
" എനിക്കുള്ളതു മാറ്റിവച്ചിട്ടുണ്ടല്ലോല്ലേ, നിന്നോടതു പ്രത്യേകിച്ചു പറയണ്ടാല്ലോ" ശാരദ ടീച്ചറ്.
" എന്റെ കാര്യം മറക്കണ്ടാട്ടോ" , എനിക്കൊരിത്തിരി പൂവ് , പേരിനു് ഒരു നാലു പൂവ് ഒരു എലേല്‍ പൊതിഞ്ഞ് വെള്ളം തളിച്ചു വച്ചേക്ക്". ദിവാരേട്ടന്‍.
തോട്ടി കൊണ്ടുവരാനോ പൊട്ടിക്കാനോ ആരുമില്ല. പിള്ളേരെ സംഘടിപ്പിച്ചു ഞാന്‍ തന്നെ ചെയ്യണം. അവര്‍ക്കു കൈനീട്ടവും കൊടുക്കണം. അല്ല, എനിക്കതൊക്കെ വല്യ ഇഷ്ടോള്ള കാര്യാണേ. അതുകൊണ്ട് അതു പ്രശ്നല്യ.
അങ്ങനെ എല്ലാരുടേം ഡിമാന്‍ഡ് കണ്ട് സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന പാട്ടും പാടി, എന്റെ പൂവാണല്ലോ ഈ അടുത്തുപുറത്തുള്ളവരൊക്കെ കണി കാണണേ എന്നഹങ്കരിച്ചു് കൊന്നയങ്ങോട്ടു വളറ്ന്നു. പരാതിയും തുടങ്ങി.
" അകലേന്ന് ഒന്നു തൊഴുതു പോവാംന്ന്വച്ചാല്‍ എങ്ങനെയാ, ഈ മരമല്ലേ, ഭഗവാനേം മറച്ചട്ട്. ", "എന്തിനാ ഇതിനെയിങ്ങനെ രാക്ഷസന്‍ പോലെ വളര്‍ത്തണതാവോ, വിഷുക്കാലത്ത് നാലു പൂവു കിട്ടൂന്നല്ലാതെ എന്താ കാര്യം!" ദീപസ്തംഭത്തില്‍ വിളക്ക് വെച്ചാ കാണില്യ, ഉത്സവത്തിനു് ലൈറ്റിട്ടാ കാണില്യ, മുറിക്കാണ്ട് വയ്യ., ഉത്സവമിങ്ങടുത്തു" മെയിന്‍ പരാതിക്കാരന്‍ ദിവാരേട്ടന്‍.
എല്ലാര്‍ക്കും ഉപദ്രവമായ കാര്യം ഇനി നമ്മളായിട്ടു ചെയ്യണ്ട. തടസ്സമുള്ള കൊമ്പു് മുറിച്ചോട്ടെ. മുറിക്കാന്‍ കേറിയതു് തങ്കപ്പന്‍..(തങ്കപ്പനെ ഞാന്‍ നേരത്തെ ഒന്നു കണ്ട് ആ വഴീലേക്കു നിക്കണതിന്റെ നീളം ഇത്തിരി കുറച്ചാ മതി,അവരു പറയണതൊന്നും കേക്കാന്‍ നിക്കണ്ടാ എന്നൊക്കെ ശട്ടം കെട്ടി).
മുകളില്‍ തങ്കപ്പന്‍. താഴെ ദിവാരേട്ടനും കൂട്ടരും. ഇരുന്നു നോക്കിയാല്‍ നിരന്നു കാണണം എന്ന പ്രകൃതക്കാരനാണ് തങ്കപ്പന്‍.. ഉള്ളിലാണെങ്കില്‍ രാവിലേ അകത്താക്കിയ രണ്ടു കുപ്പി. താഴേന്നുള്ള പ്രോത്സാഹനം. അതിനിടയില്‍ എന്റെ ശട്ടം കെട്ടലൊക്കെ കാറ്റില്‍ പറന്നു പോയി.മതി മതി എന്നുള്ള എന്റെ ദീനരോദനം അലിഞ്ഞലിഞ്ഞുപോയി. അവസാനം ഒറ്റ കൊമ്പില്ല, തടി മാത്രം ബാക്കി.
വൈകുന്നേരത്തെ ചീത്ത വേറെ. " എന്താ ഈ ചെയ്തുവച്ചിരിക്കണേ, എന്നെ കുറ്റം പറയാന്‍ നല്ല മിടുക്കാണല്ലോ. എന്നിട്ടിപ്പഴോ" മോള്‍ക്കാണെങ്കില്‍ അതു കേട്ടിട്ട് എന്താ ഒരു സന്തോഷം!
പിറ്റേന്നു തുടങ്ങി പുതിയ കൂമ്പു വരാന്‍. ഞാന്‍ പറഞ്ഞു, ദാ കണ്ടില്ലേ വെറ്തേ എന്നെ കുറ്റം പറഞ്ഞു. എന്തു സ്പീഡിലാ വളരണേ. വിഷുവിനു് ഇഷ്ടം പോലെ പൂ കിട്ടും.
വളര്‍ന്നു, വേണെങ്കില്‍ മിനിമം ഒരു പത്തിരുപത്തഞ്ചു കുല പൂവുണ്ടാകാന്‍ പാകത്തിലൊക്കെ. പക്ഷേ ഒറ്റ പൂ ഉണ്ടായില്ലെന്നു മാത്രം!
ഇന്നു രാവിലെ ദിവാരേട്ടന്‍ വന്നിട്ടു്, "മോളേ മറക്കണ്ടാട്ടോ എന്റെ പങ്ക് ഒരേല് പൊതിഞ്ഞ് ഇത്തിരി വെള്ളം തളിച്ചു വച്ചേക്കു്". എനിക്കു് വല്ല മന്ത്രവിദ്യയുമുണ്ടോ അയാള്‍ക്ക്‍ ആകാശത്തു നിന്നു് പൂവ് എടുത്തു കൊടുക്കാന്‍ . വച്ചിട്ടുണ്ട് ഞാന്‍. നാലു തണ്ട് ഇല പൊതിഞ്ഞു വെള്ളം തളിച്ചു വക്കും. വീട്ടില്‍ ചെന്നു തുറന്നു നോക്കട്ടെ. അല്ല പിന്നെ....
എന്തായാലും എന്റെ പ്രിയപ്പെട്ട കണിക്കൊന്നേ, എനിക്കിഷ്ടായി നിന്നെ.
ഒരു കുലയെങ്കിലും നീ പൂത്തിരുന്നെങ്കില്‍ എനിക്കു നിന്നെ ഇത്രക്കിഷ്ടമാവില്ലായിരുന്നു. വാശി കാണിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം.
എഴുത്തുകാരി.
വാൽക്കഷണം:- ഓർമ്മയിലേക്കൊരു തിരിഞ്ഞുനോട്ടം. കഴിഞ്ഞ ഏപ്രിൽ 14 നു് ഞാനിട്ട പോസ്റ്റ്. ഒരു വർഷം. എന്തൊക്കെ മാറ്റങ്ങൾ. അറിയില്ല ഇക്കൊല്ലം എന്റെ കണിക്കൊന്ന മരം പൂത്തോ അതോ പ്രതിഷേധത്തിൽ തന്നെയാണോ എന്നു്. എന്റെ പൂ കണി വക്കാനും കണി കാണാനുംഎഴുത്തുകാരി ഇവിടെ ഇല്ലല്ലോ പിന്നെ ഞാനെന്തിനാ പൂക്കുന്നതു് എന്നു ചോദിച്ചാൽ ഞാനെന്തു പറയും?