നീ യാത്ര പറഞ്ഞു പോവുകയാണില്ലേ? എന്തു പറ്റി നിനക്കു്? ഇത്ര നാളും നല്ല ഉത്സാഹത്തോടെ, സന്തോഷത്തോടെ നിന്നിട്ട് പെട്ടെന്നെന്താ ഇങ്ങനെ! ഞങ്ങളാരും ഒരു തെറ്റും ചെയ്തില്ലല്ലോ. പിന്നെന്തിനീ പരിഭവം?
എത്രയോ കാലങ്ങളായി നീ അറിയാതെ എന്തെങ്കിലും ഒന്നു നടന്നിട്ടുണ്ടോ ഈ വീട്ടില്‍. നീ കാണാതെ ഒരാളും ഇവിടെ കടന്നുവരാറുപോലുമില്ല. നിനക്കറിയാമായിരുന്നല്ലോ ഇല്ലേ എല്ലാര്‍ക്കും നിന്നെ ഇഷ്ടമായിരുന്നെന്നു്.
എത്ര പേരാ നിന്നെ തേടി വരാറുള്ളതു്. അടക്കാകുരുവി മുതല്‍ ചെമ്പോത്തും അണ്ണാറക്കണ്ണനും വരെ. നീ ആരേയും നിരാശപ്പെടുത്തിയിട്ടുമില്ല!
നിന്നില്‍ ചുറ്റിപ്പിണഞ്ഞു മുല്ലവള്ളിയുണ്ടായിരുന്നില്ലേ, നിനക്കു കൂട്ടായിട്ട്.
ഞാന്‍ തന്നെ നട്ടുവളര്‍ത്തിയെടുത്തതാണു് നിന്നെ. ഒന്നാം സ്ഥാനം നിനക്കായിരുന്നു. എനിക്കു പ്രിയപ്പെട്ട പൂച്ചെടികള്‍ പോലും നിന്റെ പിന്നിലായിരുന്നു. ഒന്നുകൂടി മോടിപിടിപ്പിക്കാനെന്നപോലെ ഭംഗിയുള്ള കൊച്ചുകൊച്ചു പൂച്ചട്ടികള്‍ തൂക്കിയിടുമായിരുന്നല്ലോ നിന്റെ കൊമ്പില്‍.
ഈ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര പഴങ്ങളാ നീ തന്നതു്. ഒരു കുഞ്ഞു തോട്ടി പോലുമില്ലാതെ, തട്ടും പുറത്തു്, എന്തിനു് കിണറിന്റെ വക്കത്തു കേറിയാല്‍ വരെ പൊട്ടിക്കാമായിരുന്നു നിന്റെ പഴങ്ങള്‍.
നീയല്ലേ പലപ്പോഴും എന്നോട് കുസൃതി കാണിച്ചതു്. നാളെയാവട്ടെ എന്നു കരുതി വക്കുന്ന പഴങ്ങള്‍ നീ ഞാന്‍ കാണാതെ കിളികള്‍ക്കും അണ്ണാറക്കണ്ണെനുമൊക്കെ കൊടുക്കും, എന്നെ വിഡ്ഡിയാക്കിക്കൊണ്ട്. ഈ കിളികള്‍ക്ക് കൊടുക്കാതെ അതൊക്കെ ഒന്നു പൊതിഞ്ഞു കെട്ടിവക്കാന്‍ എല്ലാരും എത്ര പറഞ്ഞു എന്നോട്. എന്നിട്ടും ഞാനതു ചെയ്തില്ല. നിനക്കതാണിഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്നു വച്ചു. എനിക്കും ഇഷ്ടമായിരുന്നു ആ കലപില കൂട്ടല്‍. വെയില്‍ ചായുന്ന വൈകുന്നേരങ്ങളില്‍ ഞാനെന്റെ പൂമുഖത്ത് വന്നിരിക്കുമായിരുന്നു അതു കേള്‍ക്കാന്‍. നീയും കുരുവികളുമായുള്ള കിന്നാരം.ഞാന്‍ കേക്കാറുണ്ടായിരുന്നു നീ പറയുന്നതു്, നാളെയും വന്നോളൂ ഞാന്‍ തരാം, എഴുത്തുകാരി അറിയണ്ടാ എന്നു്. നീ കരുതി ഞാനതൊന്നും അറിഞ്ഞില്ലെന്നു്. എല്ലാം ഞാനറിഞ്ഞിരുന്നൂട്ടോ.
എന്റെ മുറ്റത്തെ ഉണങ്ങിത്തുടങ്ങുന്ന പേരമരം.
പൂമുഖത്തേക്കു വരെ നീ പടര്‍ന്നു കയറിയപ്പോള്‍ ഒരു കുഞ്ഞു ചില്ല ഞാന്‍ വെട്ടി. ആ ഒരു തെറ്റല്ലേ നിന്നോട് ഞാന്‍ ചെയ്തിട്ടുള്ളൂ. അതും വര്‍ഷങ്ങള്‍ക്കു മുന്‍പ്.
രാവിലെ അടിച്ചിട്ട മുറ്റം മുഴുവന്‍ നീ ഇലകള്‍ കൊഴിച്ചിടുമായിരുന്നു, ഇല്ലേ? എന്നിട്ടും ഞനെപ്പഴെങ്കിലും പരിഭവിച്ചിട്ടുണ്ടോ നിന്നോട്?
കുറച്ചു മുന്‍പ് ഒന്നുരണ്ടു കൊമ്പുകള്‍ ഒടിഞ്ഞുവീണപ്പോഴും ഞാന്‍ പേടിച്ചു. ഇത്രയും കാലമായപ്പോള്‍ അതില്‍നിന്നൊക്കെ രക്ഷപ്പെട്ടെന്നു കരുതി സന്തോഷിച്ചിരിക്കയായിരുന്നു. എല്ലാം വെറുതെയായിരുന്നൂല്ലേ!
എനിക്കു ശരിക്കും സങ്കടം വരുണുണ്ട്, ട്ടോ. എന്നും കണികണ്ടിരുന്ന നീ ഇനി എത്ര നാള്‍. പട്ടിയെ, പൂച്ചയെ,പശുവിനെ ചികിത്സിക്കാനാളുണ്ട്. നിന്നെ പിടിച്ചുനിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിച്ചു ഞാന്‍. ഇല്ലത്രേ. നീ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്നു്. ഒന്നിനും സമയം തന്നില്ലല്ലോ നീ എന്നാലും. വെറുതെ നോക്കിനില്‍ക്കയല്ലാതെ ഞാനെന്തു ചെയ്യാന്‍.........
എഴുത്തുകാരി.