Wednesday, March 19, 2008

വീണ്ടും പ്രഭാതം

പതിവിലും സുന്ദരമായ പ്രഭാതം. രണ്ടു ദിവസത്തെ മഴക്കുശേഷം, പ്രകൃതി ഒന്നു കൂടി സുന്ദരിയായപോലെ. ഇളം വെയില്‍, ചെറിയ കാറ്റ്‌, എന്റെ മുറ്റത്തു് നിറയെ പൂക്കള്‍- ചെത്തി, ചെമ്പരത്തി (പല നിറത്തിലും), നന്ത്യാര്‍വട്ടം, കാശിത്തുമ്പ (പുതിയ പേരു് ബാള്‍സം), പിന്നെ പണ്ടില്ലാത്ത, പേരറിയാത്ത കുറേ പൂക്കളും.

തുമ്പികള്‍ പറന്നുയരുന്നു, പൂമ്പാറ്റകള്‍ പാറിനടക്കുന്നു.

അണ്ണാരക്കണ്ണന്റെ കീ കീ ശബ്ദം, പക്ഷികള്‍ കല പില കൂട്ടിത്തുടങ്ങി, അതില്‍ വിഷുപക്ഷിയുണ്ട്‌, പൂത്താങ്കീരിയുണ്ട്‌, ചെമ്പോത്തുണ്ട്‌, കുഞ്ഞു കുരുവികളുണ്ട്‌. ചക്കയും, മാങ്ങയും ഒക്കെ പഴുത്തു തുടങ്ങി. അതുകൊണ്ട്‌ അവര്‍ക്കൊക്കെ സുഖമാണിവിടെ.

പക്ഷേ ഇതെല്ലാം പതിവുള്ളതല്ലേ? എന്നിട്ടുമെന്തേ ഇന്നത്തെ പ്രഭാതത്തിനിത്തിരി സൌന്ദര്യം കൂടുതല്‍?

രാവിലെ വിളിച്ചുണര്‍ത്തിയ ടെലിഫോണിലൂടെ കേട്ട കുറച്ചു വാക്കുകളാവുമോ ഇന്നത്തെ പ്രഭാതത്തിനിത്തിരി കൂടുതല്‍ ചന്തം കൊടുത്തതു്?


എഴുത്തുകാരി.

Sunday, March 16, 2008

വേനലില്‍ ഒരു മഴ

മഴ തോര്‍ന്നിട്ടില്ല, സമയം രാവിലെ 6 മണി. ഇപ്പോഴും ഇരുട്ടാണ്. പ്രകൃതി കുളിച്ചു ഈറനുടുത്തു നില്‍ക്കുന്നു. ഇന്നലത്തെ ചൂടിന്റെ മടുപ്പില്‍ നിന്നു കുളിരുള്ള ഒരു പ്രഭാതം.

കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം എന്നല്ലേ? കുംഭമാസത്തിന്റെ അവസാന യാമങ്ങളില്‍ തുടങ്ങിയ മഴ, മീനത്തിലും തുടരുന്നു. മീനത്തില്‍ മഴ പെയ്താല്‍ എന്താണെന്നറിയില്ല.

എന്തായാലും ഇനി ഒരു മാസം കൂടി മാത്രം, മറ്റൊരു വിഷുവിനു്. ഇക്കൊല്ലം ധാരാളം ചക്കയുണ്ട്‌, മാങ്ങയുണ്ട്‌, കണിക്കൊന്നകള്‍, നേരത്തേ പൂവിട്ടൂ തുടങ്ങി,‌ വിഷുപ്പക്ഷിയുടെ ശബ്ധം (പഴയ പോലെ ഇല്ലെങ്കിലും), ഇടക്കൊക്കെ കേട്ടുതുടങ്ങി.

ഇതൊക്കെതന്നെയല്ലേ, ഒരു മലയാളിക്കു പ്രതീക്ഷിക്കാനുള്ളതു്.......

നാട്ടിലില്ലാത്ത ബൂലോഗ സുഹൃത്തുക്കളേ, നിങ്ങളും വരൂ, ഇക്കൊല്ലത്തെ വിഷുവിനു് നാട്ടീലേക്കു്.


എഴുത്തുകാരി.