Friday, December 14, 2018

ഞാന്‍ കണ്ട യൂറോപ്പ് -- രണ്ടാം ഭാഗം

അടുത്ത ലക്‌ഷ്യം ആല്‍പ്സ് പര്‍വ്വതം.

പണ്ട് പന്തല്ലൂര്‍ സ്കൂളില്‍ സാമൂഹ്യപാടത്തില്‍ പഠിച്ച അതേ ആല്‍പ്സ് പര്‍വ്വതനിരകള്‍.  അന്ന് ആ മരബെഞ്ചിലിരുന്നു പഠിക്കുമ്പോള്‍ സങ്കല്പിച്ചിട്ടു പോലുമുണ്ടാവുമോ ഒരു ദിവസം അതിന്റെ നിറുകയില്‍ ഞാന്‍  പോവുമെന്ന്.  ഉണ്ടാവില്ല.

1200 കിലോമീറ്റര്‍ നീളത്തിലും 16000 അടി ഉയരത്തിലും  നീണ്ടുകിടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ പര്‍വ്വതനിര.  ആ യാത്ര തന്നെ ഒരു അനുഭവമാണ്.

പര്‍വ്വതത്തിലേക്കെത്തുന്ന ചെറിയ റോഡ്‌. ഇരുവശത്തും കൃഷിസ്ഥലങ്ങള്‍ . പച്ചക്കറികളും പഴങ്ങളും. കൊഴുത്തുരുണ്ട കന്നുകാലികളും കുതിരകളും മേഞ്ഞുനടക്കുന്നു.  കൊച്ചുകൊച്ചു വീടുകള്‍.  കന്യകയായ പ്രകൃതിയെ ഒന്ന് തൊട്ടുപോലും കളങ്കപ്പെടുത്തിയിട്ടില്ല ആരും .

മഞ്ഞുപുതച്ചു കിടക്കുന്നു എന്ന് പറയാന്‍ വയ്യ. ജൂണ്‍ മാസമായല്ലോ. മഞ്ഞ് ഉരുകിത്തുടങ്ങി.  വെള്ളപ്പുള്ളിയുള്ള പച്ചപ്പാവാട ഇട്ടപോലെ.  അവിടവിടെ മഞ്ഞ്.  അതിമനോഹരിയായ ആല്‍പ്സിന്റെ മുകളിലേക്ക് കയറാന്‍  കേബിള്‍ കാര്‍/റോപ് വേ ഉണ്ട്. കുത്തനെയുള്ള കയറ്റം.  മുകളിലെത്തിയാല്‍ ഏതോ അനന്തതയിലെത്തിപ്പെട്ടപോലെ. ചുറ്റും പ്രകൃതി മാത്രം.  കൈ കൊണ്ട് തൊടാവുന്നത്ര അടുത്ത് ആകാശം.

അവിടെ ആ അനന്തതയില്‍ നിന്നപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍.  അറിയില്ല. അരിച്ചുകയറുന്ന തണുപ്പ്.  മൂടല്‍മഞ്ഞ്.   ഒന്നും കാണാന്‍ വയ്യ.  വീട്ടില്‍ നിന്നും  നാട്ടില്‍ നിന്നും അകലെയകലെ.  ഭൂമിയില്‍ നിന്ന്  16000 അടി ഉയരത്തില്‍,  പ്രകൃതിയുടെ മടിത്തട്ടില്‍.  അതോ നിറുകയിലോ.  വാക്കുകള്‍  കൊണ്ട് പറയാനാവില്ല എനിക്കത്.

പാരിസ്
------------
ജര്‍മ്മനിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ വിമാനയാത്ര.

ഫ്രാന്‍സിന്‍റെ തലസ്ഥാനം.  കലാകാരന്മാര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഇടം.  കലകളുടെ, ഫാഷന്‍റെ തലസ്ഥാനം.  തിരക്ക് പിടിച്ച നഗരം.

ലോകമാഹാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറിന്‍റെ നാട്. വിശ്വപ്രസിദ്ധമായ  ശില്പ ങ്ങളുടെ, ചിത്രങ്ങളുടെ, കൊട്ടാരങ്ങളുടെ, മ്യൂസിയങ്ങളുടെ നാട്.  നോട്ടര്‍ ഡാം കത്തീഡ്രല്‍, മോണാലിസയുടെ ചിത്രം. ഒരുപാടുണ്ട് കാണാന്‍.


ആദ്യം പോയത്  ലോകമഹാത്ഭുതം, ഈഫല്‍ ടവര്‍ കാണാന്‍. 1989 ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പണി കഴിഞ്ഞു.  1000 അടി ഉയരത്തിലങ്ങിനെ തലയുയര്‍ത്തി നില്‍ക്കുന്നു ലോഹം കൊണ്ടൊരു മഹാത്ഭുതം.

ലോകമഹത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഞാന്‍ കണ്ടിട്ടുണ്ട്.  അത് സൌന്ദര്യത്തിന്റെ പ്രതീകമാണെങ്കില്‍,  ഇത് ഗാംഭീര്യത്തിന്‍റെ പ്രതീകം.

എത്രയെത്ര വര്‍ഷങ്ങള്‍ക്ക് മുന്‍പ്,  technology ഇത്രയു  പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്ത് ഈ പടുകൂറ്റന്‍ ഗോപുരം എങ്ങിനെ പണിതുയര്‍ത്തി?  എന്ത് മാത്രം മനുഷ്യ പ്രയത്നം വേണ്ടി വന്നിരിക്കും. എത്രയോ പേര്‍ ജീവന്‍ വെടിഞ്ഞിരിക്കും?

ഫ്രാന്‍സിസ് മാഷും വിലാസിനി  ടീച്ചറുമൊക്കെ (ഇവരൊക്കെ എന്റെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു)  ഉരുവിട്ട് പഠിപ്പിച്ച ഏഴ് ലോകമഹാത്ഭുതങ്ങളിലൊന്നിന്റെ മുന്‍പിലാണ് ഞാനിപ്പോള്‍.  ഇതൊരു സ്വപ്നമാണോ എന്ന് തോന്നിപ്പോയി. ടവറിന്റെ മുകളില്‍ കയറാന്‍ കഴിഞ്ഞില്ല. അതിന്നും  ഒരു നിരാശയായി ബാക്കി നില്‍ക്കുന്നു. കനത്ത  മഴയും മൂടല്‍മഞ്ഞും. ആരെയും കടത്തി വിടുന്നില്ല.Louvre Museum:

ലോകത്തിലെ ഏറ്റവും  വലിയ മ്യൂസിയം.  ഒരു പഴയ കാല രാജ കൊട്ടാരമാണിത്.  ഇപ്പോള്‍ Art Museum.  ശില്പങ്ങളുടെയും ചിത്രങ്ങളുടെയും ഒരു മായാപ്രപഞ്ചം.  ഇറ്റാലിയന്‍ ചിത്രകാരനായ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വ പ്രസിദ്ധമായ മോണാലിസ  ഇവിടെയാണ്‌.   1503-1504 ല്‍ ആണിത് വരച്ചത് എന്ന് കരുതപ്പെടുന്നു.


ഇനിയും ഒരുപാടുണ്ട്  കാണാന്‍.  ഫ്രാന്‍സിന്റെ പല ഭാഗത്തും മഴയും വെള്ളപ്പൊക്കവും . വിമാനത്താവളങ്ങള്‍ അടക്കാന്‍ തുടങ്ങുന്നു. തിടുക്കത്തില്‍ രക്ഷപ്പെട്ടു  പാരിസ് എയര്‍പോര്‍ട്ടിലെത്തി.   ജര്‍മ്മനിയിലേക്ക് മടങ്ങി.

തുടരും.. അടുത്തതില്‍ ഇറ്റലി, വത്തിക്കാന്‍.


എഴുത്തുകാരി.