മനസ്സിനെ ഒരുപാട് വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായി ഇന്നു്. എന്റെ സുഹൃത്തു് വന്നിരുന്നു, ഇന്നെന്നെ കാണാന്‍.
നമുക്കവളെ രാധിക എന്നു വിളിക്കാം. സര്‍ക്കാരുദ്യോഗസ്ഥയാണു്. കാണാന്‍ സുന്ദരി. എപ്പോഴും സന്തോഷവതിയായിട്ടേ അവളെ കാണാന്‍ പറ്റൂ. അവള്‍ ഉടുക്കുന്ന കോട്ടണ്‍ സാരികള്‍ കണ്ടാല്‍ കൊതിയാവും.എല്ലാ കാര്യത്തിലും അവളുണ്ട്. അമ്പലത്തിലെ കാര്യങ്ങളാണെങ്കിലും, തിരുവാതിരകളിയാണെങ്കിലും എന്തായാലും.
അവള്‍ പറയുന്നതു്, എനിക്കൊരുപാട് ദു:ഖമുണ്ട്. അതെന്റെ ഉള്ളിലിരുന്നോട്ടെ. അതുകണ്ട്` മറ്റുള്ളവര്‍ സന്തോഷിക്കണ്ട എന്നു്.പക്ഷേ ഇന്നവള്‍ കരഞ്ഞു, ഒരുപാട്. എന്നിട്ടു് പോകുന്നതിനുമുന്‍പ് ഒന്നും സംഭവിക്കാത്തതുപോലെ അവളുടെ മുഖം മൂടി എടുത്തണിയുകയും ചെയ്തു.
കുറച്ചു പുറകോട്ടു പോകാം. അവള്‍ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു.രാജീവ്. അയാള്‍ക്കും ഇഷ്ടമായിരുന്നു. രണ്ടുപേരും ഈ നാട്ടുകാര്‍ തന്നെ. വ്യത്യസ്ഥ ജാതിയില്‍ പെട്ടവര്‍.
ചില പ്രത്യേക കാരണങ്ങളാല്‍ അവര്‍ക്കു കല്യാണം കഴിക്കാന്‍ സാധിച്ചില്ല. അയാള്‍ അവളുടെ സമ്മതത്തോടുകൂടി തന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അവള്‍ക്കും കല്യാണത്തിനു മുന്‍പേ അറിയാമായിരുന്നു, രാജീവും രാധികയും തമ്മിലുള്ള അടുപ്പം.
രാധിക പക്ഷേ കല്യാണം കഴിച്ചില്ല.
രാജീവിനു കുട്ടികളായി.രാധിക അവരുടെ വീട്ടില്‍ പോകാറുണ്ട്. രാജീവിന്റെ ഭാര്യയും കുട്ടികളുമെല്ലാം അവളോട് വളരെ സ്നേഹത്തിലായിരുന്നു. കുട്ടികളെ അവള്‍ അവളുടെ വീട്ടില്‍ കൊണ്ടുപോകാറുണ്ട്. എന്തെങ്കിലും വിശേഷങ്ങളുണ്ടാവുമ്പോള്‍ അവളേയും വിളിക്കാറുണ്ടൂ്. ഒരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.
രാജീവിനു് ബിസിനസ്സ് ആണ്. അതില്‍ ക്ഷീണം വന്നപ്പോള്‍ അവളാണ് ഒരുപാടു് കാശ് സഹായിച്ചതു്.
ഇതിനിടയില്‍ അയാളുടെ ഭാര്യ കുറച്ചുകാലം പിണങ്ങി സ്വന്തം വീട്ടില്‍ പോയി നിന്നു. ആ സമയത്തു് രാജീവ് സുഖമില്ലാതെ ഹോസ്പിറ്റലില്‍ ആയിരുന്നപ്പോള്‍ കൂടി രാധികയാണു് കൂടെ നിന്നതും ശുശ്രൂഷിച്ചതും,ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ എന്നു പോലും നോക്കാതെ. ഭാര്യ തിരിഞ്ഞുപോലും നോക്കിയില്ല.
ഇപ്പോള്‍ ഭാര്യ തിരിച്ചു വന്നിരിക്കുന്നു. രാധികയോട് ഒരു ശത്രുവിനോടെന്നപോലെയാണിപ്പോള്‍.
ഇതിലെ ശരിയും തെറ്റും എനിക്കറിയില്ല.
പാവം രാധിക. അവള്‍ ഇന്നെന്നോടു പറഞ്ഞു, "എനിക്കാരോടും ഒന്നും പറയാന്‍ പോലും കഴിയില്ല, എല്ലാവരുടെ കണ്ണീലും ഞാന്‍ തെറ്റുകാരിയല്ലേ? നിനക്കെങ്കിലും എന്നെ മനസ്സിലാവില്ലേ? എനിക്കു തന്നെ അറിയാം ഞാന്‍ അയാളുടെ ആരാണ്? ആരുമല്ല. അങ്ങിനെ ഇഷ്ടപ്പെടാന്‍ പാകത്തില്‍ അയാളില്‍ എന്താണുള്ളതു് ,അതും എനിക്കറിയില്ല, എങ്കിലും എനിക്കയാളെ സ്നേഹിക്കാതിരിക്കാന്‍ കഴിയുന്നില്ലെടോ എന്നു്. "പക്ഷേ ഞാനൊരിക്കലും എന്റെ ഇഷ്ടം പുറത്തുകാണിച്ചിട്ടില്ല. തെറ്റായിട്ടൊന്നും ചെയ്തിട്ടുമില്ല.ആ ഇഷ്ടം എന്നുമെന്റെ മനസ്സില്‍ മാത്രമായിരുന്നു. എന്നിട്ടും എന്തിനെന്നെ ഒരു ശത്രുവിനെപ്പോലെ കാണുന്നു." ഞാനെന്താ അവളോട് പറയുക?
ഒന്നുകൂടി പറഞ്ഞു അവളെന്നോട്.(ഒരു വാശിപോലെ അവളൊറ്റക്കു് ഒരു വീടും പണിതിട്ടുണ്ട് ഇപ്പോള്‍. ആങ്ങളമാരുണ്ട്. അവര്‍ക്കൊക്കെ പക്ഷേ സ്വന്തം കുടുംബമായി)." ഈ പുതിയ വീട്ടിലും ഞാനൊറ്റക്കാണു്. എനിക്കൊരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തണമെന്നുണ്ട്, എന്റെ എന്നു പറയാന്‍ എനിക്കും വേണ്ടേ ഈ ഭൂമിയില്‍ ആരെങ്കിലും ". പക്ഷേ അവിടെയും വിധി അവള്‍ക്കെതിരാണ്. ഭാര്യയും ഭര്‍ത്താവും കൂടി അപേക്ഷിച്ചാലേ ദത്തെടുക്കല്‍ അനുവദിക്കുകയുള്ളൂവത്രേ.
കേട്ടിട്ട് ഒരു സിനിമാക്കഥ പോലെ തോന്നുന്നുണ്ടോ, പക്ഷേ അല്ല.
എനിക്കിതിലെ തെറ്റും ശരിയും അറിയില്ല കൂട്ടുകാരേ, പക്ഷേ എപ്പോഴും ചിരിച്ചുമാത്രം കണ്ടിട്ടുള്ള അവളുടെ കരഞ്ഞ മുഖം എന്റെ മനസ്സില്‍ നിന്നും പോകുന്നില്ല.
എഴുത്തുകാരി.
Wednesday, September 24, 2008
പാവം എന്റെ രാധിക
Posted by Typist | എഴുത്തുകാരി at 12:03 AM 56 മറുമൊഴികള്‍
Thursday, September 4, 2008
ചില ഓണ വിശേഷങ്ങള്‍ - ഇത്തിരി അതിബുദ്ധിയും
അത്തം വന്നു. ഓണം വന്നുകൊണ്ടിരിക്കുന്നു. കായ വറുക്കണ്ടേ? എന്തായാലും വീട്ടില്‍ നമ്മള്‍ തന്നെ ചെയ്യണം, എന്നാല്‍ പിന്നെ നമുക്കതൊരുമിച്ചായാലോ? ചിന്ത മുള പൊട്ടിയതു രാധികക്ക്. പൂരാടത്തിനും ഉത്രാടത്തിനുമൊക്കെ കായ വറുത്തു സമയം കളയാന്‍ നില്‍ക്കുന്നതു ഒരു പഴഞ്ചന്‍ ഏര്‍പ്പാടല്ലേ.
“ഇപ്പഴേ വറുത്താല്‍ അതു് ഇത്തിരി നേരത്തേ ആവില്ലേ, ഓണമാകുമ്പോഴെക്കും എന്തെങ്കിലും ബാക്കി കാണുമോ“, ചിലരുടെ അസ്ഥാനത്തുള്ള സംശയങ്ങള്‍ “അതിനു നമ്മള്‍ നേരത്തേ ആ പണി കഴിച്ചു വക്കുന്നൂന്നല്ലേയുള്ളൂ.കാറ്റ് കടക്കാത്ത ഒരു ടിന്നിലിട്ടടച്ചു വച്ചാല്‍ പോരേ? എത്ര ദിവസം വേണെങ്കില്‍ ഇരിക്കില്യേ“ എന്ന അമ്മിണി ടീച്ചറുടെ ഉറപ്പിന്മേല്‍, നീണ്ട നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വിരാമമായി. ഒടുവില്‍ തീരുമാനമായി.ഉപ്പേരി വറവു് നേരത്തെ ആക്ക്ന്നെ. ഇനി വൈകിക്കണ്ട. അതിനു് അസംഖ്യം കാരണങ്ങളും .
രാധിക ചെന്നൈയില്‍ അമ്മയെ കാണാന്‍ പോകുന്നു.നാട്ടീന്ന് പോകുമ്പോള്‍ ഓണക്കാലത്തു കായ വറുത്തതു കൊണ്ടുപോണ്ടേ? ലക്ഷ്മിക്കു കുട്ടികള്‍ക്കു് സ്കൂളടച്ചാല്‍ ബാംഗ്ലൂരില്‍ ചേച്ചിയുടെ അടുത്തെത്തണം, നേരത്തെ തീരുമാനിച്ചതാ. ഉത്രാടത്തിനേ തിരിച്ചുവരൂ.
ആരുടേയും ഓണം ഷോപ്പിങ്ങ് ഒന്നും കഴിഞ്ഞിട്ടില്ല. സ്കൂളടച്ചിട്ടു വേണ്ടേ? തൃശ്ശൂര്‍ കല്യാണില്‍ (കല്യാണ്‍ സില്‍ക്സ്) എന്തോ ഒരു ഹങ്കാമ നടക്കുന്നു. 100 കാറുകളാ സമ്മാനം. തൊട്ടപ്പുറത്തു പുളിമൂട്ടില്‍. അവിടേയും സമ്മാനങ്ങളുടെ പെരുമഴ. ഇനി ഏറ്റവും ലേറ്റസ്റ്റ് ഇമ്മാനുവല്‍ സില്‍ക്സ്. തൃശ്ശൂരില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും ഇതിന്റെ പരസ്യമേയുള്ളൂ. അവിടെ പിന്നെ സാധനങ്ങളൊന്നും വാങ്ങിച്ചോളണമെന്നു തന്നെയില്ല. വെറുതെ വിസിറ്റ് ചെയ്താല്‍ മതിയത്രേ. വിസിറ്റ് ആന്റ് വിന്‍.കൂപ്പണ്‍ പൂരിപ്പിച്ച് പെട്ടിയിലിട്ടാല്‍ കിട്ടാന്‍ പോണതെന്താന്നറിയ്‌വോ, ഒരു ബെന്‍സ് കാര്‍.പുലിക്കളി, തിരുവാതിരക്കളി, ശിങ്കാരിമേളം, എന്നുവേണ്ടാ, സര്‍വ്വ ആഘോഷങ്ങളും ഉണ്ടവിടെ.
ആ പറഞ്ഞില്ല, തൃശ്ശൂരാട്ടോ ഞങ്ങടെ ഷോപ്പിങ്ങ് ആസ്ഥാനം. അതേ സാധനം അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കൊടകര പന്തല്ലൂക്കാരനില്‍ കിട്ടിയാലും ഞങ്ങള്‍ നെല്ലായിക്കാര്‍ക്ക് തൃശ്ശൂര്‍ക്കു പോയില്ലെങ്കില്‍ ഒരു സുഖമില്ല. എവിടുന്നാ ഓണക്കോടി എടുത്തേ എന്നു ചോദിക്കുമ്പോള്‍
കല്യാണില്‍ നിന്നു് അല്ലെങ്കില്‍ ഇമ്മാനുവലില്‍ നിന്നു് എന്നു് പറഞ്ഞില്ലെങ്കില് മോശമല്ലേ?
കഴിഞ്ഞില്ല, മോഡല്‍ സ്കൂള്‍ ഗ്രൌണ്ടില്‍ IRDP മേള. ചൂല്, കൊട്ട, മുറം തുടങ്ങി പുളിയിഞ്ചി, അച്ചാര്‍, പായസം വരെ ഉണ്ടവിടെ.
ശക്തന്‍ തമ്പുരാന്‍ മൈതാനത്തില്‍ സൂറത്ത് സാരി മേള. ഏതു സാരിയെടുത്താലും രൂപ 125 മാത്രം. അതും നിസ്സാര സാരികളൊന്നുമല്ലാട്ടോ.വിവിധ തരം ഷിഫോണ്‍, ജോര്‍ജ്ജറ്റു്, ക്രേപ്പ്. അതില്‍ കുറഞ്ഞൊന്നുമില്ല. വില്പന 3 ദിവസത്തേക്കു മാത്രം. ഇതിപ്പോ എത്രാമത്തെ 3 ദിവസമായി എന്നു മാത്രം അറിയില്ല.
സാരിക്കും ഡ്രസ്സിനും മാത്രമല്ലാ, മിക്സീ, വാഷിങ്ങ് മെഷീന്‍ എല്ലാത്തിനും ഉണ്ട്. നന്തിലത്തിന്റെ ഏതു ഷോറൂമിലും പോയി പര്‍ച്ചേസ് ചെയ്യൂ, സ്വന്തമാക്കൂ 3 ആള്‍ട്ടോ കാറുകള്‍.
ഇത്രയൊക്കെ ഞങ്ങളുടെ സ്വന്തം തൃശ്ശൂരില്‍ നടക്കുമ്പോള്‍ പോവാതിരിക്കാന്‍ പറ്റുമോ ഞങ്ങള്‍ക്ക്. ഇല്ല, കൊല്ലത്തില്‍ ആകെ കൂടി വരുന്ന ഒരേ ഒരോണമല്ലേ! ഇതൊനൊക്കെ സൌകര്യമായിട്ടും സമാധാനമായിട്ടും പോണമെങ്കില്‍, ഉപ്പേരി വറവൊക്കെ നേരത്തെ കഴിച്ചുവക്കണം.സംശയമേയില്ല.
കാരണങ്ങളൊക്കെ ക്ലിയര്‍ ആയില്ലേ, എല്ലാം ന്യായവും അല്ലേ.
അതുകൊണ്ട് ഞങ്ങള്‍ ഇന്നലെ കായ വറത്തു. 6 നല്ല കിണ്ണംകാച്ചി കുല, തോട്ടത്തില്‍ നിന്നു നേരെ വെട്ടിക്കൊണ്ടുവന്നതു്. ഓയില്‍ മില്ലില്‍ നിന്നു നല്ല ശുദ്ധമായ വെളിച്ചെണ്ണ സംഘടിപ്പിച്ചു. ശരദേടത്തിയാണ്
ചീഫ് കുക്ക്. പിന്നെ ജയ,രമണി, മീര, ലക്ഷ്മി, ശ്യാമ, രാധിക, ശ്രീദേവി,കിട്ടിയ അവസരം പാഴാക്കാതെ എല്ലാത്തിനും നേതാവായി അമ്മിണി ടീച്ചര്‍, പിന്നെ എഴുത്തുകാരിയായ ഈ ഞാനും. ശങ്കരേട്ടനും തിരുമേനിയുമുണ്ട് ഞങ്ങളെ സഹായിക്കാന്‍.(അയല്‍ക്കൂട്ടമോ, കുടുംബശ്രീയോ ഒന്നുമല്ലാട്ടൊ, ഞങ്ങള്‍ നാലഞ്ചു വെറും പാവം പരദൂഷണ കമ്മിറ്റിക്കാര്‍. അത്രേയുള്ളൂ). കുറച്ചുപേര്‍ കായ തൊലി കളയുന്നു, രണ്ടുമൂന്നു പേര്‍ ശര്‍ക്കരവരട്ടിക്കു അരിയുന്നു.വേറെ ചിലര്‍ വട്ടംവട്ടം അരിയുന്നു.ഒരല്പം നാട്ടുവര്‍ത്തമാനം, ഒരിത്തിരി പരദൂഷണം,ഉച്ചക്കു് കായത്തൊലിയും പയറും കൂട്ടി ഒരുപ്പേരിയും കഞ്ഞിയും. സംഭവം അടിപൊളി. അപ്പോ ഞങ്ങളുടെ കായ വറുക്കലും, പുളിയിഞ്ചി/അച്ചാര്‍ ഇത്യാദി നിര്‍മ്മാണവും കഴിഞ്ഞുവെന്നു് ചുരുക്കം.
(കാറ്റു് കടക്കാത്ത ടിന്നായാലും അതു തുറക്കാന്‍ പറ്റുമെന്നും ഒരു പ്രാവശ്യം തുറന്നാല്‍ പിന്നേം പിന്നേം തുറക്കുമെന്നും, അഞ്ചെട്ടു ദിവസം അങ്ങിനെ പിന്നേം പിന്നേം തുറന്നാല്‍ എന്തു സംഭവിക്കുമെന്നും അമ്മിണി ടിച്ചര്‍ പറഞ്ഞുതന്നില്ല, പാവം ഞങ്ങളറിഞ്ഞുമില്ല)
“എനിക്കും വേണമായിരുന്നു, എന്താ നിങ്ങള്‍ എന്നോടു പറയാഞ്ഞേ,എന്നു ചിലര്‍. “പുളിയിഞ്ചിയും ശര്‍ക്കരവരട്ടിയുമൊക്കെ അസ്സലായിട്ടുണ്ടല്ലൊ, കുറച്ചധികം ഉണ്ടാക്കിയാല്‍ ആവശ്യക്കാരുണ്ടാവും, നല്ല വിലക്കു വില്‍ക്കാം.“ എന്നു വേറെ ചിലര്‍.പ്രഥമന്‍ ഉണ്ടാക്കുമ്പോള്‍ എനിക്കും കൂടി വേണംട്ടോ, മറക്കല്ലേ (ഞങ്ങള്‍ക്കു് വേറെ പണിയൊന്നൂല്യല്ലോ, നാട്ടുകാര്‍ക്കു് പ്രഥമന്‍ ഉണ്ടാക്കി കൊടുക്കല്ലാണ്ട്!!) എന്നിത്യാദി കമെന്റുകള്‍ നെല്ലായിലെ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുമ്പോള്‍, ആഘോഷമായി ഉപ്പേരി വറുത്തു് ഒരു സംഭവമാക്കി മാറ്റിയ ഞങ്ങള്‍ ആലോചിക്കുന്നതു്, ഓണത്തിനു ഉപ്പേരിക്കെവിടെ പോകുമെന്നാണ്. മിണ്ടാന്‍ പറ്റ്വോ ആരോടെങ്കിലും. (ഒറങ്ങാന്‍ കള്ള് വേറെ കുടിക്കണമെന്നു പറഞ്ഞപോലെ, ഓണത്തിനു ഉപ്പേരി വേണമെങ്കില്‍ ഇനിയും വറക്കണം.അപ്പോള്‍ എബവ് മെന്‍ഷന്‍ഡ് കാരണങ്ങളെയൊക്കെ എന്തു ചെയ്യും, എവിടെ കൊണ്ടു വക്കും? ആലോചിച്ചിട്ടു് ഒരു എത്തും പിടിയുമില്ല)
വാല്‍ക്കഷണം - അതിന്റെ പടം എങ്കിലും ഇട്ട് ഞങ്ങളെ കൊതിപ്പിക്കാമായിരുന്നില്ലേ എഴുത്തുകാരീ എന്ന ചോദ്യം മുന്‍കൂട്ടി കണ്ട് അതിനുള്ള മറുപടി.സത്യമായിട്ടും, അതു് എന്റെ കാമറ പണിമുടക്കിയതുകൊണ്ടൊന്നുമല്ലാട്ടോ. നിങ്ങളോടുള്ള സ്നേഹം കൊണ്ട്, നിങ്ങള്‍ക്കു കൊതിയായാലോന്നു വച്ചിട്ടു തന്നെയാ.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 10:12 PM 43 മറുമൊഴികള്‍