എന്തേ നീ വന്നില്ല ഇതുവരെ? എത്ര നാളായി കാത്തിരിക്കുന്നു.. പിണക്കമാണല്ലേ? നിനക്കറിയില്ലേ ഇവിടെല്ലാര്‍ക്കും നിന്നെ ഒരുപാടൊരുപാട് ഇഷ്ടമാണെന്നു്. എന്തിനാണീ പരിഭവം, എന്തിനാണീ പിണക്കം. പറയൂ എന്തു ചെയ്യണം നിന്റെ പിണക്കം തീര്‍ക്കാന്‍. ഞാന്‍ മാത്രല്ല, എത്ര ആളാ നിന്നെ കാത്തിരിക്കണേന്നറിയ്യോ?
അറിയാം, ഒരുപാട് തെറ്റുചെയ്തിട്ടുണ്ട് നിന്നോട്, ചെയ്തുകൊണ്ടേയിരിക്കുന്നു. കുറച്ചുപേര്‍ ചെയ്യുന്ന തെറ്റിനു് നീ ദേഷ്യം തീര്‍ക്കുന്നത് എല്ലാരോടുമല്ലേ? നിന്നെ കുറ്റപ്പെടുത്തുകയല്ല, സങ്കടം കൊണ്ടു പറഞ്ഞുപോയതാ.
എന്തൊക്കെ അസൌകര്യങ്ങളാണെന്നോ നീ വന്നാല്‍.എന്നാലും വല്യ ഇഷ്ടാ എല്ലാര്‍ക്കും നിന്നെ. നിനക്കും അതറിയാല്ലോ ഇല്ലേ?
ഇടവപ്പാതിയില്‍ എത്താറുള്ള നീ എന്തേ മിഥുനപ്പാതിയായിട്ടും വരാത്തതു്? ഒരുക്കങ്ങള്‍ കാണുമ്പോള്‍ വരുമെന്നു് തോന്നും. പക്ഷേ എവിടെ? വരാതെ മാഞ്ഞു മാഞ്ഞു പോകയല്ലേ? അകലേന്നേ ഇരമ്പിക്കൊണ്ടു വരുന്ന നിന്നെ കാണാന്‍ കൊതിയായിത്തുടങ്ങി. പറയൂ എന്തു പ്രായശ്ചിത്തം ചെയ്യണം, നിന്നോട്.
സ്കൂള്‍ തുറക്കുമ്പോഴേ മുടങ്ങാതെ എത്താറുള്ള നിനക്കിതെന്തു പറ്റി? സമയോം കാലോമൊക്കെ മറന്നോ? നീ വരും വരും എന്നു കരുതി എന്തൊക്കെ ഒരുക്കങ്ങള്‍ ചെയ്തു ഞങ്ങള്‍!.എന്നിട്ടു നീയാണെങ്കില്‍ വരുണൂല്യ. ഞങ്ങളെ ഇങ്ങനെ നിരാശപ്പെടുത്തണോ? ഇതു കുറേ കഷ്ടാട്ടോ.
എന്തേ രാത്രി രാത്രി മാത്രം വന്നിട്ടു പോകുന്നു, അതും പേരിനു്! ഒളിച്ചുകളിയാണല്ലേ? എങ്ങും പോയിട്ടില്ല, കാണാമറയത്തു തന്നെ ഉണ്ടെന്നു് പറയാതെ പറയുകയല്ലേ? നീ സമയത്തിനു വന്നില്ലെങ്കില്‍ എന്തൊക്കെ പ്രശ്നങ്ങളാ ഉണ്ടാവ്വാ ഇവിടെ. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയില്യാന്നു ഭാവിക്കയാ അല്ലേ?
അതോ ഇനി നീയും നിന്റെ വരവ് നീട്ടി വച്ചിരിക്കയാണോ? ബൂലോഗമീറ്റിനു വരാന്‍. നിന്നെ കാണാന്‍ ഞങ്ങളേക്കാള്‍ കൊതിക്കുന്ന ഒരുപാട് പ്രവാസികളെ ഒരുമിച്ചു് കാണാല്ലോ, അല്ലേ? ആയിക്കോളൂ, ഒരു വിരോധോല്യ. അവരെ കാണാന്‍ വന്നോളൂ, അതു തന്നെയാ വേണ്ടതു്. സന്തോഷായിട്ടു സ്വീകരിക്കാം.. എന്നാലും ഇത്തിരി നേരത്തേ വന്നൂന്നു വച്ചു് കുഴപ്പമൊന്നും ഇല്ലല്ലോ.
സത്യായിട്ടു പറയ്യാ, ഇനിയും വന്നില്ലെങ്കില്‍ സങ്കടാവും ഞങ്ങള്‍ക്കു്, പിണങ്ങേം ചെയ്യും.(പിണങ്ങ്വൊന്നും ഇല്യാട്ടോ, വെറുതെ പറഞ്ഞതാ, അത്രക്കിഷ്ടാ നിന്നെ. ഒന്നു വന്നാ മതി).
എല്ലാര്‍ക്കും വേണ്ടിയാ ഞാനിതൊക്കെ പറയണേ, കേട്ടില്യാന്നു വക്കരുതു്. വേഗം വരണട്ടോ.
എഴുത്തുകാരി.