Sunday, December 23, 2012

ഒരു അപ്രഖ്യാപിത ബ്ലോഗ് മീറ്റ്

ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. തൃശ്ശൂരിലെ  വൃശ്ചികക്കാറ്റ്.  അതൊരു വല്ലാത്ത കാറ്റു തന്നെയാണേയ്.   രാവെന്നോ  പകലെന്നോ ഇല്ലാതെ.  എവിടുന്നാ ഇതിത്ര കൃത്യമായി വരുന്നതാവോ?  ഡിസംബര്‍ കഴിയുമ്പോള്‍ തനിയേ പോവും. വീണ്ടും വരും അടുത്ത വര്‍ഷം കിറുകൃത്യമായി.  ഏതു കലണ്ടറാവും നോക്കുന്നതു്.  മായന്‍ കലണ്ടറാണെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ കാറ്റിനെ നോക്കണ്ട.

അതൊക്കെ പോട്ടെ, അങ്ങനെയുള്ള ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, ഫോണ്‍ ബെല്ലടിക്കുന്നു. ആരായിരിക്കും?  ഫോണ്‍ എടുത്തു. ബിലാത്തിയില്‍ നിന്നാണെന്നു്. ബിലാത്തിയില്‍ നിന്നു് നല്ല പച്ച മലയാളത്തിലോ! നമുക്കു വെളുപ്പാന്‍ കാലത്ത് അവിടെ രാത്രിയാണെന്നോ അവര്‍ക്കു രാത്രിയാവുമ്പോള്‍ നമുക്കു പകലാണെന്നോ അങ്ങിനെയെന്തൊക്കെയോ ആണല്ലോ.   അതുകൊണ്ട് പിന്നെ സമയത്തിന്റെ കാര്യത്തില്‍  കൂടുതല്‍ ആലോചിച്ചില്ല.

 പറഞ്ഞുപിടിച്ചു വന്നപ്പഴല്ലേ കാര്യം പിടികിട്ടിയതു്. കക്ഷി  നമ്മുടെ ബിലാത്തിപ്പട്ടണം. ആശാന്‍ നാട്ടിലെത്തിയിട്ടുണ്ട്. എഴുത്തുകാരിയെ ഒന്നു കാണണം.   നാട്ടില്‍ വന്നാലത്തെ ഇദ്ദേഹത്തിന്റെ പ്രധാന വിനോദം  കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ബ്ലോഗര്‍മാരെയൊക്കെ  തിരഞ്ഞുപിടിച്ച് നേരിട്ടു കാണുക എന്നതാണെന്ന്‌ എവിടെയോ കേട്ടിട്ടുണ്ട്. എഴുത്തുകാരിയെ കാണാന്‍ താല്പര്യമുള്ള ഒരാള്‍ കൂടിയുണ്ടാവും കൂടെ, അതാരാണെന്നായി ഞാന്‍.  കൊല്ലേരി തറവാടി.

കാലം കുറേയായി ഒരു ബ്ലോഗ് മീറ്റ്  കൂടിയിട്ട്. ഇപ്പഴാര്‍ക്കുമങ്ങിനെയൊരു ചിന്തയേയില്ല. അതോ അതൊക്കെ ഓള്‍ഡ് ഫാഷനായിപ്പോയോ. എന്തായാലും  എനിക്കതു് വേഴാമ്പലിനു പുതുമഴ കിട്ടിയപോലെയായി.  എത്ര കാലമായി ഒരു ബ്ലോഗറെ ഒന്നു നേരില്‍  കണ്ടിട്ട്.   ഞാനുടനേ സമ്മതിച്ചു. സമയവും സ്ഥലവുമെല്ലാം തീരുമാനമായി. ഞാന്‍ കാത്തിരുന്നു. ആ ദിവസം നോക്കി ഒരു ആശുപത്രി യാത്ര. കൊടുങ്ങല്ലൂര്‍ക്കു്. അതാണെങ്കില്‍ പട്ടി ചന്തക്കു പോയ പോലെ ഏറ്റത്തിനങ്ങോട്ടും ഇറക്കത്തിനിങ്ങോട്ടും. രോഗിയെ കാണാന്‍ പറ്റിയില്ല. സ്റ്റിച് ഇടാന്‍ കൊണ്ടുപോയി. നാലഞ്ചു മണിക്കൂര്‍ കഴിയും റൂമിലേക്കു് തിരിച്ചുവരാന്‍. എനിക്കത്രനേരം വെയിറ്റ് ചെയ്യാനാവില്ലല്ലോ!  നമ്മുടെ ബ്ലോഗര്‍മാരുമായിട്ട് അപ്പോയിന്റ്മെന്റ് ഉള്ളതല്ലേ.  കൂട്ടിരിപ്പുകാരിയെ കണ്ടു, അന്വേഷണം കൈമാറാന്‍ പറഞ്ഞുപോന്നു.

എന്താ കൊടുക്കുക നമ്മുടെ ബ്ലോഗര്‍മാര്‍ക്കു്. മുരളിയും മുകുന്ദനുമൊക്കെയല്ലേ , എന്നാല്‍ പിന്നെ അവിലു തന്നെ ആയിക്കോട്ടേ എന്നു വച്ചു. (അല്ലാതെ പിന്നെ വേറെന്താ പെട്ടെന്നു തട്ടിക്കൂട്ടുക!). നെയ്യൊക്കെ ഒഴിച്ച് നല്ല കിടിലന്‍ അവില്‍ വിളയിച്ചതു്. (കഴിച്ചവരാരും അതു്  പറഞ്ഞില്ല. പക്ഷേ പറഞ്ഞില്ലെന്നു വച്ച് സത്യം സത്യമല്ലാതാകുന്നില്ലല്ലോ).

ബിലാത്തിപ്പട്ടണത്തെ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. ചെറായി മീറ്റിനു് കണ്‍കെട്ടും കൈകെട്ടുമൊക്കെയായിട്ട്  കയ്യിലെടുത്ത താരമല്ലേ! ഇനി   കൊല്ലേരി തറവാടി.  അതെന്തൊരു തറവാടിയാണോ എന്തോ. പേരു കേട്ടിട്ട്  കൊമ്പന്‍ മീശ വച്ച് തടിയനായ  ഒരു കാര്‍ന്നോരുടെ രൂപമാണ് മനസ്സില്‍  തെളിഞ്ഞതു്.  കാത്തുകാത്തിരുന്നു കണ്ണ് കഴച്ചു. അവസാനം ഒരു ഫോണ്‍ കാള്‍. ഏതു വഴിക്കു വന്നാലും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍കാര്‍  വഴി മുടക്കി വച്ചിരിക്കുന്നു.  Road closed.  അവസാനം മല മുഹമ്മദിന്റെ അടുത്തേക്കു പോവുക തന്നെ.. അവര്‍ ടൌണ്‍  ഹാളിന്റെ പുറകിലെ റോഡിലുണ്ട്.  ഞാന്‍ അങ്ങോട്ട് ഓടി.

പാട് പെട്ടുണ്ടാക്കിയ അവില്‍  കളയാന്‍ പറ്റുമോ?  അതും പൊതിഞ്ഞു കയ്യിലെടുത്തു.    പണ്ട് കുചേലന്‍ കൃഷ്ണനെ കാണാന്‍ പോയ പോലെ. കണ്ടപ്പോള്‍ കൊല്ലേരി  ഒരു പാവം,  തടിയുമില്ല, കൊമ്പന്‍ മീശയുമില്ല. കൂടെ പ്രാണസഖി മാളുവുമുണ്ട്. ഞങ്ങള്‍ യാത്രയായി. മറ്റൊരു ബ്ലോഗ്ററെ കാണാന്‍. വീടറിയാമോ അല്ലെങ്കില്‍  ഒന്നു വിളിച്ചു ചോദിക്കണോ, എന്നു സംശയിച്ച എന്നോട്, ലണ്ടനില്‍ ചാരപ്പണി ചെയ്യുന്ന എന്നോടോ ഈ സില്ലി സില്ലി ക്വസ്റ്റ്യന്‍സ്, വാട് ഈസ് തിസ്,   എന്ന മട്ടില്‍ (എനിക്കതു മനസ്സിലായില്ലെന്നാ വിചാരം!)  എനിക്കസ്സലായിട്ടറിയാവുന്നതല്ലേ അവിടമൊക്കെ  എന്നു ബിലാത്തി. വീട് കണ്ടാല്‍ എനിക്കറിയാം എന്നു കൊല്ലേരി. സംശയലേശമില്ല ആര്‍ക്കും.  . സ്ഥലമെത്തിയപ്പഴോ  ഇവിടെ ഒരിടവഴി ഉണ്ടായിരുന്നല്ലോ,അതെവിടെപ്പോയി എന്നായി ബിലാത്തി (ഇടവഴി വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതാവും, അല്ല പിന്നെ).  അവസാനം ചോദിച്ചു  ചോ‍ാദിച്ച് വീടെത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍ കൊല്ലേരി, ആ ഇതുതന്നെ, വീടിതുതന്നെ. ഞാന്‍ പറഞ്ഞില്ലേ എനിക്കറിയാം. ഒരു വഴിക്കു കൊണ്ടുപോകാന്‍ പറ്റിയ  നല്ല ബെസ്റ്റ് പാര്‍ട്ടീസ്.

പ്രശാന്ത  സുന്ദരമായ ഒരു ഗ്രാമത്തില്‍, മനോഹരമായ ഒരു വീട്.

അതാണ്  നമ്മുടെ സാക്ഷാല്‍ വിനുവേട്ടന്റെ/നീലത്താമരയുടെ  വീട്.  നിറഞ്ഞ  ചിരിയോടെ നീലത്താമര. ലളിതമായ എന്നാല്‍ ഗംഭീരമായ് വീട്.

രസകരമായ കുറച്ചു നിമിഷങ്ങള്‍. ബിലാത്തിയുടെ ചില മാജിക് നുറുങ്ങുകള്‍,  അഞ്ചു  രൂപ  തന്നാല്‍ അതു് അഞ്ഞൂറ് ആക്കി തരാമോ എന്ന കൊല്ലേരിയുടെ മോഹത്തിനു്, അതു് അതിമോഹമല്ലേ മോനേ കൊല്ലേരി എന്നു ബിലാത്തി.  ബിലാത്തിപ്പട്ടണം,   കൊല്ലേരി തറവാടി, നീലത്താമര, എഴുത്തുകാരി എന്ന ഞാന്‍, തികച്ചും യാദൃശ്ചികമാവാം, എന്നാലും വഴി ചോദിച്ചുചോദിച്ച് ഞങ്ങളെ കൊണ്ടുപോയ ബിലാത്തിയുടെ ബന്ധുവായ ബ്ലോഗറായ  ഞങ്ങളുടെ സാരഥി, കൊല്ലേരിയുടെ മാളു, വിനുവേട്ടന്റെ മകന്‍, നീലത്താമരയുടെ അമ്മ. ഒരു മിനി ബ്ലോഗ് മീറ്റ് ആയില്ലേ.

വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ, അല്ല തീരുമാനത്തോടെ, ആ സുന്ദര സായാഹ്നത്തില്‍ വിട പറയുന്ന സായം സന്ധ്യയോടൊപ്പം ഞങ്ങളും തല്‍ക്കാലത്തേക്കു്  കൈവീശി പിരിഞ്ഞു.


എഴുത്തുകാരി.

Wednesday, November 28, 2012

ഒരു മണ്ടന്‍ സംശയം.....

അഞ്ചാം നിലയിലെ എന്റെ ഈ കൊച്ചു ബാല്‍ക്കണിയില്‍  വന്നിരുന്നു. കണ്ണടച്ചിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ തിക്കിത്തിരക്കി എത്തേണ്ടതാണ്. അതാ പതിവ്.  ഇന്നെന്തോ അതുണ്ടായില്ല.  ഒറ്റക്കിരുന്നൊന്നു കണ്ണടച്ചാല്‍ ഓടിവരുമായിരുന്ന ഓര്‍മ്മകള്‍ക്കും ഇന്നെന്താ ഒരു  പിണക്കം? ആഹ്ലാദം തരുന്ന,  നൊമ്പരമുണര്‍ത്തുന്ന, ഒരു ചെറു ചിരി സമ്മാനിക്കുന്ന, ഗൃഹാതുരത്വമുണര്‍ത്തുന്ന എത്രയോ ഓര്‍മ്മകള്‍. അവയൊക്കെയും കൈവിട്ടുവോ എന്നെ?  ഏയ് അതാവില്ല, പിണങ്ങി മാറി നില്‍ക്കയാവും. തിരിച്ചുവരും. അങ്ങനെയങ്ങ് പിണങ്ങിപ്പോകാന്‍  കഴിയുമോ എന്നോട്.

കുറച്ചു നടന്നിട്ടുവരാം.  താഴേക്കിറങ്ങി. വെറുതേ   ഒന്നു കറങ്ങി വന്നു, സ്വിമ്മിങ് പൂളിന്റെ കരയിലിരുന്നു.നല്ല നീല നിറത്തിലുള്ള വെള്ളം. കാറ്റടിക്കുമ്പോള്‍ തണുക്കുന്നു. തണുപ്പ് നേരത്തേ തുടങ്ങിയോ? ഷോള്‍ എടുക്കാമായിരുന്നു.

ചുറ്റുമുള്ള തോട്ടത്തില്‍ ഇഷ്ടം പോലെ ചെടികളും പൂക്കളും.  നമ്മുടെ നാടന്‍ പൂക്കളെല്ലാമുണ്ട്. ചുവന്ന ചെമ്പരത്തി, വെള്ള ചെമ്പരത്തി, പല നിറത്തിലുള്ള റോസാപ്പൂക്കള്‍,  വെള്ളയും ചുവപ്പും  പാലപൂക്കള്‍,  മഞ്ഞക്കോളാമ്പി, വാസന പരത്തുന്ന മദിരാശി മുല്ല എല്ലാമുണ്ട്,

 പൂക്കാത്ത ചെടികളാണ് കൂടുതല്‍.  നല്ല ഭംഗിയായി വെട്ടിയൊതുക്കിയിരിക്കുന്നു. പൂക്കാന്‍ ഇഷ്ടമില്ലാത്തതോ, അതോ ഇനി വേണ്ടെന്നുവച്ചിട്ടോ. എന്റെ മനസ്സിലെ ഈ മണ്ടന്‍ സംശയം മനസ്സിലാക്കിയിട്ടെന്നപോലെ, അവരെന്റെ കാതിലൊരു സ്വകാര്യം പോലെ പറഞ്ഞതിങ്ങനെ.

എന്നുമെന്നും ഇങ്ങിനെ പൂത്തിട്ടെന്തിനാ, ആരും ഒരു പൂ പോലും പറിക്കുന്നില്ല, ഒരു ദിവസം മുഴുവന്‍ വെറുതേ നിന്നിട്ട് കൊഴിഞ്ഞുപോകാനോ. പൂക്കള്‍ക്കുമുണ്ടാവില്ലേ മോഹങ്ങള്‍. ഏതെങ്കിലും ഒരു സുന്ദരി ഒന്നു തലയില്‍ ചൂടാന്‍, അല്ലെങ്കില്‍ ഒരു ദേവന്റെ പാദങ്ങളില്‍ അര്‍പ്പിക്കപ്പെടാന്‍, അതുമല്ലെങ്കില്‍ മിനിമം ഒരു  വീടിന്റെ പൂപ്പാത്രത്തിലുമെങ്കിലുമെത്തിപ്പെടാന്‍.

 ഈ ചെമ്പരത്തിയൊക്കെ എന്തിനാ ഇങ്ങനെ പൂത്തുലഞ്ഞു നിക്കുന്നതു്, മഞ്ഞെന്നോ, മഴയെന്നോ ഇല്ലാതെ. ആരും ഒരു നിമിഷം നിന്നു് അതിന്റെ ഭംഗി ഒന്നാസ്വദിക്കുന്നതു  കൂടിയില്ല. സങ്കടം തോന്നുന്നുണ്ടാവില്ലേ. ഉണ്ടാവും, തീര്‍ച്ചയായും. എന്നാലും വര്‍ഷങ്ങളായുള്ള ചട്ടക്കൂടില്‍ നിന്നു പുറത്തുകടക്കുന്നതെങ്ങനെ എന്നോര്‍ത്താവും മറക്കാതെ ഒരു ചടങ്ങുപോലെ എന്നുമിങ്ങനെ പൂക്കുന്നതു്.. എന്തായാലും ഞങ്ങളതിനില്ല.

തിരിച്ചുനടന്നു വീട്ടിലേക്കു്. ഈ വിപ്ലവചിന്ത ആളിപ്പടര്‍ന്നാല്‍, ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുകടക്കാന്‍  എല്ലാ ചെടികളും ധൈര്യം കാണിക്കുന്ന ഒരു കാലം വന്നാല്‍, നിറങ്ങളില്ലാത്ത ഒരു ലോകത്തായിപ്പോവില്ലേ നമ്മള്‍ എന്നപേടിയോടെ.

എഴുത്തുകാരി.

Wednesday, August 29, 2012

എന്താ ഞാനിങ്ങനെ...

ഇന്നു തിരുവോണം.

അങ്ങിനെ പ്രത്യേകിച്ചൊരു  സന്തോഷവും തോന്നിയില്ല.  ഒരു പതിവു ദിവസം.   രാവിലത്തെ ചായകുടി, വിശദമായ പത്രപാരായണം. ഓണമായിട്ട് അടുക്കളയില്‍ പ്രത്യേകിച്ച്  ഒന്നും ഒരുക്കാനില്ലല്ലോ. എനിക്കു മാത്രമായിട്ടെന്തു ഓണസദ്യ?  ആദ്യമായിട്ട് എന്റെ ഒറ്റക്കുള്ള ഓണം.

ഫോണ്‍ ബെല്ലടിക്കുന്നു.  മോളാണെങ്കില്‍ നേരത്തെ വിളിച്ചതാണല്ലോ, ഇതാരാണാവോ, ഓണത്തിരക്കിനിടയില്‍, എന്നെ ഓര്‍ക്കാന്‍, വിളിക്കാന്‍. ആരായിരിക്കും അതിനു നേരം കണ്ടെത്തിയതെന്നോര്‍ത്ത് ഫോണ്‍ എടുത്തപ്പോള്‍,  രാജി, ബാംഗ്ലൂര്‍ നിന്നു്.   എപ്പഴും രാജിയാ എന്നെ വിളിക്കുന്നതു്.  ഞാന്‍  അങ്ങോട്ട് വിളിക്കാറില്ല.  മറന്നിട്ടല്ല, ഇഷ്ടമില്ലാഞ്ഞിട്ടല്ല.  വിളിക്കാം വിളിക്കാം എന്നു പറയുന്നതല്ലാതെ എന്തോ ഞാനതു ചെയ്യാറില്ല. എന്നിട്ടും  തമിഴ് നാട്ടുകാരിയായ, ഓണമില്ലാത്ത, ഒറ്റക്കു കഴിയുന്ന, മനസ്സില്‍ ഒരുപാട് സങ്കടങ്ങള്‍ പേറുന്ന രാജി ഓര്‍മ്മവച്ച് എന്നെ വിളിച്ചിരിക്കുന്നു ഓണത്തിനു്. സന്തോഷം തോന്നുന്നു, കൂടെ കുറ്റബോധവും. എന്തേ ഞാനവരെയൊന്നും തിരിച്ചോര്‍ക്കുന്നില്ല.

എന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ അവസാനിക്കുന്നില്ല.

ഇതാ വീണ്ടു, ഫോണ്‍ അടിക്കുന്നു.  വിളിക്കുന്നതു് എന്റെ മറ്റൊരു സുഹ്രുത്ത്.  ഉത്തരാഞ്ചല്‍ ഡെറാഡൂണില്‍ നിന്നു്. ഗംഗാപ്രസാദ് ബഹുഗുണ. നമ്മുടെ ഓണം ഓര്‍മ്മവച്ചു വിളിക്കുന്ന അവരെല്ലാം എന്റെ  ബാംഗ്ലൂര്‍ കൂട്ടുകാര്‍. പാര്‍ക്കില്‍ പലപ്പോഴായി   നടക്കാന്‍ വന്നു്,  ഒരു കൈവീശല്‍, അല്ലെങ്കില്‍ ഒരു good morning മാത്രം പറഞ്ഞു കടന്നു പോയിരുന്ന അവരെയൊക്കെ ഒരു കൂട്ടായ്മയിലേക്ക് നയിക്കാന്‍ തുടക്കമിട്ടതു ഞാനായിരുന്നു എന്നു് അവര്‍ പറയുന്നു.. തമിഴ് നാട്ടുകാരിയായ രാജി, ഉത്തരാഞ്ചലില്‍ നിന്നുള്ള ബഹുഗുണയും ഭാര്യയും,  ഹരിയാനക്കാരന്‍ സായിറാം,  സുബ്രമണ്യം, ബാംഗ്ലൂരില്‍ നിന്നു തന്നെയുള്ള ഗീത......  എന്തുകൊണ്ടോ മലയാളികള്‍ ആരും ഉണ്ടായിരുന്നില്ല.

 സായിറാം എന്നെ വിളിച്ചില്ല, ഇങ്ങോട്ട് വിളിക്കുന്നതിനു മുന്‍പ് ഞാനങ്ങോട്ട് വിളിക്കട്ടെ.

അവരെല്ലാം അവിടെത്തന്നെയുണ്ട്.  എന്നെ എന്റെ സുഹ്രുത്തുക്കള്‍ ഓര്‍ക്കുന്നു ഇപ്പോഴും. അവര്‍ എന്നെ വല്ലാതെ മിസ്സ് ചെയ്യുന്നതായി പറയുന്നു.  അപ്പോള്‍ ഞാനൊരു നല്ല സുഹ്രുത്തായിരുന്നിരിക്കും അവര്‍ക്ക് അല്ലേ. ആണെന്നവര്‍ പറയുന്നു. അവിടെയായിരുന്നെങ്കില്‍ ഇന്നു ഞാന്‍ തീര്‍ച്ചയായും  അവര്‍ക്കൊരു ഓണസദ്യ കൊടുത്തേനേ...

ഞാന്‍  തിരിച്ചെത്തി നാട്ടില്‍.  തീര്‍ച്ചയായും സന്തോഷമുണ്ട്. പക്ഷേ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു, ബാംഗ്ലൂരിനെ, എല്ലാ പ്രഭാതങ്ങളിലും ഞാന്‍ നടക്കാറുള്ള  AECS ലേ ഔട്ടിലെ പാര്‍ക്കിനെ, ഈ ദിവസത്തെ ഒന്നുരണ്ട് ഫോണ്‍കോളുകള്‍ കൊണ്ട് ഈ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എനിക്കു തരുന്ന എന്റെ പാര്‍ക്ക് ഫ്രന്റ്സിനെ....അതൊരു വല്ലാത്ത ഫീലിങ്ങ് ആണ്. നിങ്ങള്‍ക്കതു മനസ്സിലാവുന്നുണ്ടോ എന്നെനിക്കറിയില്ല. മനസ്സിനു സന്തോഷം തോന്നാനും വിഷാദം തോന്നാനും അത്ര വലിയ കാരണമൊന്നും വേണ്ടാ എനിക്കു്.

 അല്ലെങ്കില്‍ വിരസമാവുമായിരുന്ന എന്റെ ഈ ദിവസത്തെ സന്തോഷം നിറച്ചുതന്ന കൂട്ടുകാരേ, നന്ദി നിങ്ങള്‍ക്കു്, മലയാളം അറിയാത്ത നിങ്ങളിതു് വായിക്കുന്നില്ല എങ്കില്‍ പോലും.

എഴുത്തുകാരി.


Tuesday, July 17, 2012

കഥയല്ലിതു്, പച്ചയായ ജീവിതം…….

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ മുകുന്ദനെ കാണുന്നതു്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്  വീട്ടിലെ  സ്ഥിരം ആളായിരുന്നു മുകുന്ദന്‍‍.  കറന്റ് ചാറ്ജ് ‍അടക്കാന്‍, മോട്ടര്‍ കേടുവരുമ്പോള്    നന്നാക്കാന്‍ ആളെക്കൊണ്ടുവരുവാന്‍, തേങ്ങ ഇടീക്കാന്‍,  ഇതിനൊക്കെ പുറമേ ഞാന്‍  ബാങ്കില്‍ നിന്നു ‍ നേരം വൈകി വരുന്ന ദിവസങ്ങളില്‍ അഛനു‍ കൂട്ടിരിക്കാന്‍ എല്ലാം മുകുന്ദനുണ്ടായിരുന്നു.  

കുറേ വൈകിയാണ് മുകുന്ദന്റെ കല്യാണം കഴിഞ്ഞതു്.  രണ്ട് കുട്ടികള്‍. ഒരു മകനും ഒരു മകളും. വീട്ടിലെ ഭാഗം കഴിഞ്ഞപ്പോള്‍ ഭാഗത്തില്‍ കിട്ടിയ  നെല്ലായിലെ സ്ഥലം വിറ്റിട്ട്  ഉള്ളിലേക്കു മാറി കുറച്ചു സ്ഥലം വാങ്ങി ഒരു കൊച്ചു വീടും വച്ചു.  പിന്നെ ഈ ഭാഗത്തേക്കധികം വരാതായി.  വീടിനടുത്തു തന്നെയുള്ള കാളന്‍ ലോനപ്പേട്ടന്റെ വലിയ പറമ്പിന്റെ കാര്യസ്ഥനായി കൂടി. വല്ലപ്പോഴും ഒന്നു കാണാറുണ്ട്. അത്ര തന്നെ.  മോള്‍ടെ കല്യാണമായപ്പോള്‍ ക്ഷണിച്ചു.  ഞാന്‍ പോയിരുന്നു. എന്നേക്കൊണ്ടാവുന്ന  ചെറിയ സഹായവും ചെയ്തു. അതു‍ കഴിഞ്ഞു ആറേഴു വര്‍ഷങ്ങള്‍ കഴിഞ്ഞു.

കുറച്ചു നാളുകളായി ഞാനും പലായനത്തിലായിരുന്നല്ലോ.  വിവരമൊന്നും അറിയാറില്ല. ഇതിനിടയില്‍ എപ്പഴോ ഞാനറിഞ്ഞിരുന്നു,  മകളുടെ കല്യാണത്തില്‍ എന്തോ പ്രശ്നമാണെന്നും ഡൈവോഴ്സിനുള്ള കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കയാണെന്നും.  വളരെ നേരത്തേ  കല്യാണം കഴിഞ്ഞു.   ‍  

ഒരു മാസം മുന്‍പ് ഞാന്‍ മുകുന്ദന്റെ വീട്ടില്‍ പോയിരുന്നു.   മുകുന്ദനെ കണ്ടിട്ട് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.ഒരു ഭ്രാന്തനേപ്പോലെ. എന്നോടൊന്നും മിണ്ടിയില്ല, പരിചയം പോലും കാണിച്ചില്ല. ഭാര്യ, രാധ വന്നു, ‍  എന്നോട് ചോദിച്ചു, ഒന്നും അറിഞ്ഞില്ലേ എന്ന്. പുതിയ വിവരങ്ങള്‍ ഒന്നും എനിക്കറിയില്ലായിരുന്നു. 

ഞങ്ങളുടെ സുധി പോയെന്നു പറഞ്ഞുകരഞ്ഞപ്പോഴും എനിക്കു മുഴുവന്‍ പിടികിട്ടിയില്ല. മകന്‍ സുധി, ഒരു വര്‍ഷം മുന്‍പ് വെള്ളത്തില്‍ പോയി മരിച്ചു. ഇരുപത്തഞ്ചില്‍ താഴെയേ വരൂ പ്രായം.  കൂടുതലൊന്നും ഞാന്‍ ചോദിച്ചില്ല. എന്തു ചെയ്യണം, എന്തു പറയണം എന്നറിയാത്ത ഒരവസ്ഥയിലായി ഞാന്‍. 

ആ മൌനത്തില്‍നിന്നു്, ആ അന്തരീക്ഷത്തില്‍ നിന്നു  ഒന്നു പുറത്ത് കടക്കുന്നതെങ്ങനെ എന്നറിയാതെ  പകച്ചുനില്‍ക്കുമ്പോള്‍,  മുറ്റത്തു കളിക്കുന്നു മിടുക്കിയായ  അഞ്ചാറുവയന്സ്സുള്ള ഒരു പെണ്‍കുട്ടി.  അവളോടെന്തെങ്കിലും പറഞ്ഞ് അന്തരീക്ഷത്തിന്റെ കനമൊന്നു കുറക്കാം എന്നു കരുതി പേരെന്താ മോളേ എന്നു ചോദിച്ച എനിക്കു  കിട്ടിയതു് അടുത്ത ഇടിത്തീ. ഉത്തരം പറഞ്ഞതു് മോളല്ല, അമ്മയാണ്, അവള്‍ക്കു മിണ്ടാന്‍ പറ്റില്ല എന്നു്.

എന്തു പറഞ്ഞാണ് ഞാന്‍ അവിടെ നിന്നിറങ്ങിയതെന്നെനിക്കു  തന്നെ അറിയില്ല.

പത്തിരുപത്തഞ്ചു വയസ്സ്കുമ്പോഴേക്കും ഒരു കുട്ടിയുമായി ഡൈവോഴ്സു ചെയ്ത  മകള്‍ വീട്ടില്‍. ശരിക്കു പറഞ്ഞാല്‍ ഇപ്പോള്‍ കല്യാണപ്രായം ആകുന്നതേയുള്ളൂ അവള്‍ക്കു്.  അവളുടെ മകള്‍ക്കിപ്പോള്‍ അഞ്ചാറു വയസ്സുണ്ട്. കൂടുതല്‍ പഠിച്ചിട്ടുമില്ല. അതുകൊണ്ട് വലിയ ജോലിയൊന്നും പ്രതീക്ഷിക്കണ്ട.   ആ കൊച്ചുകുട്ടിക്കാണെങ്കിലോ മിണ്ടാനും കഴിയില്ല. ഇപ്പോളിതാ ഒരേ ഒരു മകനും മരിച്ചു.‍

ഇതിനെയെന്താ വിളിക്കേണ്ടതു്, വിധിയുടെ ക്രൂരതയെന്നോ മുജ്ജന്മപാപമെന്നോ…. അറിയില്ല.

 

എഴുത്തുകാരി.

Monday, April 2, 2012

നഷ്ടമാവുന്ന വേരുകള്‍….

പുഴക്കരയിലൊരു വീട്.  വീട്ടില്‍നിന്നിറങ്ങാം  പുഴക്കടവിലേക്കു്.  പണ്ടൊക്കെ ഒരു  ചെറിയ വഞ്ചിയുണ്ടാവുമായിരുന്നു അക്കരെയുള്ള മിക്ക വീടുകളിലും. എല്ലാവര്‍ക്കും അറിയാം  വഞ്ചി തുഴയാന്‍. ‍ തോണി തുഴഞ്ഞ് ഇക്കരെയെത്തിയാല്‍ നെല്ലായി സിറ്റിയായി. ഇവിടത്തെ അങ്ങാടിയില്‍ കിട്ടാത്തതൊന്നുമില്ല.‍   ഉപ്പ്  തൊട്ട് കര്‍പ്പൂരം വരെ എല്ലാമുണ്ട്

സാമിയുടെ പലചരക്കു കട, റേഷന്‍ പീടിക, വാസുവിന്റെ  മുറുക്കാന്‍ കട/പെട്ടിക്കട, രാമന്‍ കുട്ടിനായരുടെ ചായപ്പീടിക, രാവുണ്ണിയുടെ ബാര്‍ബര്‍ ഷാപ്പ്,  ശിവരാമന്റെ  തുന്നല്‍ക്കട. നടുവില്‍ ബസ്സ് സ്റ്റോപ്പും  തണല്‍  വിരിച്ചു നില്‍കുന്ന ആലും ആല്‍ത്തറയും. അതിനു താഴെയാണ് നാട്ടിലെ കൂട്ടം കൂടലു മുഴുവനും.  നിരവധി പൂവണിഞ്ഞതും പൂവണിയാത്തതുമായ പ്രണയങ്ങള്‍ക്കു നിശബ്ദസാക്ഷി. ഇത്തിരി അങ്ങോട്ട് നീങ്ങിയാല്‍ വടക്കേ നെല്ലായില് കള്ള് ഷാപ്പ്. ഇത്രേയുള്ളൂ നെല്ലായി അങ്ങാടി. അതുപോലുമില്ലാത്ത അക്കരെക്കാര്‍ക്ക്   ഇതൊരു സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ.  സ്ത്രീകളും കുട്ടികളുമെല്ലാം വഞ്ചി തുഴഞ്ഞ് വരും. അമ്പലക്കടവില്‍  വഞ്ചി കെട്ടിയിട്ട്, നെല്ലായി സൂപ്പര്‍ മാര്‍ക്കറ്റും, അതു പോരെങ്കില്‍ ഇത്തിരീം കൂടി വല്യ  കൊടകരേലോ പുതുക്കാടോ പോയി  വരുമ്പോഴേക്കും ഇക്കരെയുള്ള കുട്ടികള്‍ക്കു്   ഇത്തിരി നേരം   വഞ്ചിയും കളിക്കാം.

ഇതൊക്കെ പഴങ്കഥ.  തല്‍ക്കാലം   ഓര്‍മ്മകളെ  അവിടെ നിര്‍ത്തിയിട്ട് ഞാന്‍ തിരിച്ചുവരാം. അയവിറക്കലൊക്കെ പിന്നെയാവാം.

പറഞ്ഞുവന്നതിതൊന്നുമല്ല, തമാശയുമല്ല, വേരുകള്‍ നഷ്ടപ്പെടുന്ന ഒരുപാട് അഛന്മാരുടെ, അമ്മമാരുടെ കഥ.‍

പുഴക്കരയില്‍ ഒന്നര ഏക്കര്‍ സ്ഥലം.   അതിനു നടുവിലൊരു വീട്. അതില്‍  മാവുകള്‍ പലതരം- സുന്ദരി മാവ്, തൊലികയ്പന്‍, കിളിച്ചുണ്ടന്‍,   വല്യ വല്യ ചക്ക മരങ്ങള്‍  (എന്നു വച്ചാല്‍ പ്ലാവ് തന്നെ) , പേരക്ക, കടച്ചക്ക (ശീമച്ചക്ക), കുടപ്പുളി, ഇരുമ്പന്‍ പുളി, നെല്ലി, അരിനെല്ലി, എല്ലാമുണ്ട്.  തെങ്ങ്, കവുങ്ങ്, ജാതി എന്നിവയും. പ്ലാശ്, പുളി എല്ലാമുണ്ട്, ചുരുക്കത്തില്‍ പണ്ടത്തെ ഒരു പറമ്പില്‍ എന്തൊക്കെയുണ്ടാവുമോ, അതൊക്കെയുണ്ട്.  ആ അമ്മയുടെ  ഭാഷയില്‍ പറഞ്ഞാല്‍ ഒരു മഴ പെയ്താല്‍  പഴുത്ത ചക്കേം മാങ്ങേം വീണീട്ട് ചളിപിളിയാവും. ചവിട്ടീട്ട് നടക്കാന്‍ വയ്യാണ്ടാവും.   

അതിനു നടുവിലാണ് വീട്. 5 പെണ്മക്കള്‍ അവര്‍ക്ക് താഴെ ഒരു മകനും.  വീട് നിറയേ ആളുകള്‍. കല്യാണം കഴിച്ചുകൊണ്ട് വന്നു്  പത്ത്നാല്പത്തഞ്ച് വര്‍ഷം അവരവിടെ ജീവിച്ചു. പ്രായം 70 കഴിഞ്ഞു.  മൂത്ത പെണ്മക്കളുടെ മക്കളുടേയൊക്കെ കല്യാണം കഴിഞ്ഞുതുടങ്ങി. 4 വര്‍ഷം മുന്‍പ് ഭര്‍ത്താവു മരിച്ചപ്പോള്‍ നാട് വിട്ട് അവര്‍ക്കീ നഗരത്തിലേക്കു ചേക്കേറേണ്ടിവന്നു. മകനും ഭാര്യയും ഈ നഗരത്തിലെ ഐ ടി ജീവനക്കാര്‍.   അവര്‍ ഇവിടെ ഒരു പ്ലോട്ട്  വാങ്ങി വീട് പണിയാനുള്ള ഒരുക്കത്തിലാണ്. അടുത്തൊന്നും നാട്ടിലേക്കു തിരിച്ചുപോകാമെന്ന പ്രതിക്ഷയില്ലല്ലോ.

നാട്ടിലെ സ്ഥലത്തിന്റെ കച്ചവടം  ശരിയായിരിക്കുന്നു. നല്ല വില കൊടുത്ത് (ഒരു കോടി) അതു വാങ്ങാന്‍ ഒരാള്‍ വന്നിരിക്കുന്നു. കരാറെഴുതി സമയം പോലും വേണ്ടാ, എത്രയും വേഗം ആധാരം നടത്താന്‍  തയ്യാറുള്ള ഒരാള്‍.  അത്രയധികം ഇഷ്ടമായത്രേ ആ സ്ഥലം.  എങ്ങിനെ ഇഷ്ടമാവാതിരിക്കും, കേട്ടിട്ട് എനിക്കു തന്നെ ഇഷ്ടം തോന്നുന്നു. (ഇഷ്ടമേയുള്ളൂ, കാശില്ല).

അവരിപ്പോള്‍ നാട്ടില്‍ പോയിരിക്കയാണ്, അതുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിനു്.  അതു മാത്രമല്ല, നാട്ടില്‍ അമ്പലത്തില്‍ ഉത്സവമാണ്.  ഈ വര്‍ഷം കൂടി  എല്ലാരും കൂടി ആ വീട്ടില്‍ ഒത്തുകൂടാന്‍. പെണ്മക്കളോടും പേരക്കുട്ടികളോടുമൊക്കെ വരാന്‍ പറഞ്ഞിരിക്കയാണ്.  ഇനി അവിടെ  ആഘോഷങ്ങളില്ലല്ലോ അവര്‍ക്കു്. 

ഇന്നലെ ആ അമ്മ എന്നോടൊരുപാട് നേരം സംസാരിച്ചു. (നാട്ടില്‍ ഞങ്ങള്‍ ഒരു പുഴയുടെ (കുറുമാലിപ്പുഴ) അക്കരേയും ഇക്കരേയുമായിരുന്നു.  ഇവിടെ ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവും). അമ്മക്കറിയാം ഇനി തനിച്ചവിടെ നാട്ടില്‍ ചെന്നു നില്‍ക്കാനാവില്ലെന്നു്, ഇനിയുള്ള തന്റെ ജീവിതം ഇവിടെയാണെന്നു്. അല്ലെങ്കിലും രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ നാട്ടില്‍ പോകാറുള്ളൂ. അതും രണ്ടോ മൂന്നോ ദിവസം. ‍എന്നാലും നാട്, അവിടെ സ്വന്തമായിട്ടൊരു വീട്  ഉണ്ട്, എന്ന ആ തോന്നല്‍ തന്നെ ഇല്ലാതാവുക എന്നു വച്ചാല്‍! ഇനി ഇപ്പോള്‍ അതും  വേണ്ടല്ലോ. അമ്മയുടെ ഭാഷയില്‍ കൊടുത്ത പെണ്മക്കളുടെ വീട്ടില്‍  ചെന്നു നിക്കണതു് മോശമല്ലേ?

ആരെ എപ്പോ കണ്ടാലും മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യമല്ലേ, ഇനി എന്നാ നാട്ടില്‍ പോവുന്നേ എന്നു്.‍ അല്ലെങ്കില്‍ ഓണത്തിനു്, വിഷുവിനു് നാട്ടില്‍ പോവുന്നില്ലേ എന്നു്. ‍ഇനി  അങ്ങനെ ഒരു ചോദ്യത്തിനേ പ്രസക്തി ഇല്ലെന്നു വന്നാല്‍!

പെണ്മക്കള്‍ക്കൊക്കെ എന്തെങ്കിലും കൊടുക്കണം, എന്നാലും ബാക്കിയുണ്ടാവും. അതുകൊണ്ട് ഒരു ചെറിയ വീട് അവിടെ വാങ്ങാന്‍ ഞാനവനോട് പറഞ്ഞിട്ടുണ്ട്.   അതു കേക്കുമായിരിക്കും എന്ന മോഹത്തിലാണ് ആ അമ്മ.

ആ മകന്‍ അതു കേക്കുമായിരിക്കും, ഇല്ലേ?

 

എഴുത്തുകാരി.

Monday, January 23, 2012

ആരും അറിയാത്ത കഥ

പണ്ട് പണ്ട്, ഒരു  രാജകൊട്ടാരം.  മഹാരാജാവ്, മഹാരാജ്ഞി.  മഹാരാജകുമാരി. ചിറകുള്ള കുതിരപ്പുറത്ത് പറന്നുവരുന്ന രാജകുമാരനില്ല ഈ കഥയിൽ.

രാജകുമാരി സുന്ദരി, മിടുമിടുക്കി,ആവശ്യത്തിലധികം കുറുമ്പും.   ആരും കാട് കയറണ്ടാ, പ്രായം മധുരപ്പതിനേഴും പതിനെട്ടുമൊന്നുമല്ല.  വെറും അഞ്ചോ ആറോ അല്ലെങ്കിൽ ഏഴോ എട്ടോ. എല്ലാവരുടേയും ഓമനയാണവൾ.  ഒരു  കുസൃതിക്കുടുക്ക.

ഇനി കഥയിലേക്കു്....

അന്നു്      എല്ലാവർക്കുമൊന്നും  മീശ വക്കാൻ അനുവാദമില്ല  (പണ്ട് പണ്ടാണേയ്).  മഹാരാജാക്കന്മാർക്കാവാം.  വേണമെങ്കിൽ ഗുരുക്കന്മാർക്കുമാവാം.   പക്ഷേ  ശിഷ്യന്മാർക്ക്, ഒരു കാരണവശാലും അതു് അനുവദിക്കപ്പെട്ടിട്ടില്ല.  ബഹുമാനക്കുറവാണത്രേ അതു്. കൊലകൊമ്പന്മാരായ അമ്മാവന്മാരുടെ മുൻപിൽ മീശ വച്ചു ചെല്ലാൻ മരുമക്കൾ  ധൈര്യപ്പെട്ടിട്ടും അധികകാലം ആയില്ലെന്നു തോന്നുനു.

അങ്ങിനെയിരിക്കുന്ന കാലത്ത്,  നമ്മുടെ കൊച്ചുരാജകുമാരിക്കൊരു കുറുമ്പു തോന്നി.  കൊട്ടാരത്തിലെ ഗുരുവിന്റെ  ശിഷ്യൻ  നല്ല ഉറക്കം.   അവൾ അവനൊരു സുന്ദരൻ  മീശ വരച്ചുകൊടുത്തു.  പാവം ഒന്നുമറിഞ്ഞില്ല.  ഉണർന്നെണീറ്റ്  നേരേ ചെന്നതു ഗുരുവിന്റെ മുൻപിൽ. പോരേ പൂരം.

സംഭവം പ്രശ്നമായി, പ്രശ്നം ഗുരുതരമായി. എന്തു്,  ഇത്തിരിപ്പോന്ന ഇവൻ  തന്നേക്കാൾ വലിയ മീശ വക്കുകയോ. ഗുരുനിന്ദയല്ലേ ഇതു്.  നെവർ, ഇതനുവദിക്കാൻ വയ്യ.  ആകെ പ്രശ്നമായി.  മാനഹാനി സഹിക്കാൻ വയ്യാതെ പാവം ശിഷ്യൻ ജീവിതം അവസാനിപ്പിച്ചു.  പക്ഷേ വെറുതെ അങ്ങിനെ അങ്ങ്  പോയാലോ.  അതിലെന്തോന്നു ത്രിൽ.  അന്നൊക്കെ സൗകര്യം പോലെ എടുത്ത് പ്രയോഗിക്കാൻ ഒരായുധമുണ്ടല്ലോ, ശാപം.  നമ്മുടെ ശിഷ്യനും പ്രയോഗിച്ചു അതിലൊരെണ്ണം. ആരാണോ ഇതു ചെയ്തതു്,  അവൻ/അവൾ  ആവശ്യമില്ലാതെ പഴി കേൾക്കാൻ ഇടവരട്ടെ---------

കാലം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.  അവളുടെ കുസൃതി കൂടുന്നതല്ലാതെ കുറയുന്നില്ല.

മറ്റൊരു ദിവസം.....

 കൊട്ടാരത്തിലെ പുരോഹിതന്മാർക്കു്   വെറുതേ കണ്ട് മോഹിക്കാമെന്നല്ലാതെ, പെണ്ണെന്ന വർഗ്ഗത്തിനെ  അബദ്ധത്തിൽ പോലും ഒന്നു തൊടാൻ  പാടില്ലത്രേ.   അതിനി ഒരു കൊച്ചുപെൺകുട്ടിയായാൽ പോലും. പെണ്ണാണോ, രക്ഷയില്ല.  അവളുണ്ടോ വിടുന്നു. എന്നെ തൊടല്ലേ എന്നെ  തൊടല്ലേ എന്നു പറഞ്ഞുനടന്ന ഈ വകുപ്പിൽ പെട്ട  ഒരു കക്ഷിയെ  അവൾ പിന്നിൽനിന്നുപോയി ഒന്നു പതുക്കെ തൊട്ടുപോലും.  ദാ വരുന്നു  ശാപം നമ്പർ ടൂ.  അവൾ   നല്ല കാര്യം ചെയ്താൽ പോലും ആരും അതറിയാതെ പോട്ടെ.

പാവം കുട്ടി, അവളിതൊന്നും അറിയുന്നില്ല. അവൾ വളർന്നു.  ആരും കണ്ടാൽ കൊതിക്കുന്ന രാജകുമാരിയായി.  കല്യാണപ്രായമായി, കല്യാണവും കഴിച്ചു, ആരെയാണെന്നല്ലേ, സാക്ഷാൽ ദശരഥ മഹാരാജാവു്,അയോദ്ധ്യാരാജൻ.  ഇപ്പോൾ മനസ്സിലായോ രാജകുമാരി ആരാണെന്നു്. സാക്ഷാൽ കൈകേയി. ചക്രവർത്തിക്കു് ഏറ്റവും പ്രിയപ്പെട്ടവളായി മാറിയ കൈകേയി അങ്ങിനെ  അയോദ്ധ്യയിലെത്തി. ഇനിയൊക്കെ ചരിത്രം, പുരാണം,എല്ലാവർക്കും അറിയുന്ന കഥ.

കാലചക്രം ഉരുണ്ടുരുണ്ട് പോയി. ഗംഗയിലെ വെള്ളം ഒരുപാടൊരുപാട് ഒഴുകിപ്പോയി. വസന്തം, ശിശിരമൊക്കെ പലപ്രാവശ്യം വന്നുപോയി.   രാമ, ലക്ഷ്മണ, ഭരത, ശത്രഘ്നൻ മാരൊക്കെ വളർന്നു വലുതായി. രാമന്റെ പട്ടാഭിഷേകമായി.  ആ നേരത്താണല്ലോ നമ്മുടെ കഥാനായിക ചുവപ്പുകൊടി കാണിച്ചതും, ഭരതനെ രാജാവാക്കണമെന്ന ഡിമാൻഡ് വച്ചതും,  രാമനെ കാട്ടിലേക്കയച്ചതും.   രാമൻ  പോയി, കൂടെ ലക്ഷ്മണനും സീതയും. ദശരഥൻ പുത്രദു:ഖം താങ്ങാനാവാതെ   മരിച്ചു.   ഇതിനെല്ലാം കാരണക്കാരിയായ കൈകേയിയെ എല്ലാവരും വെറുത്തു.

 ഭരതൻ പോലും ലജ്ജിച്ചൂ, ഈ അമ്മയുടെ വയറ്റിൽ  പിറന്നല്ലോ എന്നോർത്ത് .  14 വർഷം കഴിഞ്ഞു,  രാമൻ വന്നു. ആദ്യം പോയതു് കൈകേയി അമ്മയുടെ അടുത്ത്.  കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു.  എന്താ കാര്യം.  രാമനു മാത്രം അറിയാമായിരുന്നത്രേ കൈകേയി 14 വർഷം മുൻപ്  അങ്ങിനെ ഒരു ഡിമാൻഡ് വച്ചതിന്റെ റീസൺ.  ജ്യോതിഷപ്രകാരം, ആ സമയത്ത്   സിംഹാസനത്തിലിരിക്കുന്ന ആൾ മരിക്കുമായിരുന്നു.   അതിൽ നിന്നു രാമനെ രക്ഷിക്കാനുള്ള ഒരു സൂത്രമായിരുന്നു  വനവാസം ഡിമാൻഡൊക്കെ. രാമനെ കാട്ടിലേക്കയച്ചിട്ട്  ഭരതൻ  രാജാവാകാൻ സമ്മതിക്കില്ല എന്നും ഉറപ്പായിരുന്നു കൈകേയിക്കു്.  സോ  അതും  നോ പ്രോബ്ലം.

പക്ഷേ കഥയിലെ രണ്ട് വില്ലനമാരില്ലേ, പണ്ടത്തെ ശാപങ്ങൾ.  അവരാണ് പണി പറ്റിച്ചതു്. കൈകേയി ഈ ചെയ്ത നല്ല കാര്യം ആരും അറിഞ്ഞുമില്ല, എല്ലാവരുടേയും പഴി കേൾക്കേണ്ടിയും വന്നു.  പാവം കൈകേയി,  ഒരു ദുഷ്ടകഥാപാത്രമായി  മാറി.

കഥ കഴിഞ്ഞു. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ? അധികമാരും കേട്ടിരിക്കാൻ വഴിയില്ലെന്നു തോന്നി, അതാ അതിവിടെ പറഞ്ഞതു്.  ഞാനീയടുത്താ ഈ കഥ കേട്ടതു്. വായിച്ചിട്ടുമില്ല ഇതുവരെ. ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ  പലതും പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ ശ്രീധരേട്ടനാ പറഞ്ഞതു്, നീ ഇങ്ങനെയൊരു കഥ് കേട്ടിട്ടുണ്ടോ എന്നു്.

ഇനിയൊരു മുൻകൂർ ജാമ്യം:  അറിയാല്ലോ  കഥയിൽ ചോദ്യമില്ല.  എന്നാലും ചോദ്യങ്ങളുള്ളവർക്ക് ചോദിക്കാം.. പക്ഷേ  ഉത്തരങ്ങളില്ല എന്റെ കയ്യിൽ.  കൂടുതൽ അറിയാവുന്നവർ പറയട്ടെ. 

എഴുത്തുകാരി.