എല്ലാം പതിവുപോലെ. പ്രഭാതമെത്തുന്നു, എന്റെ ചെടികളെല്ലാം പൂക്കുന്നു, കിളികള്‍ വരുന്നു, ശലഭങ്ങള്‍ വരുന്നു. കലപില കൂട്ടുന്നു. അവരോട് കുശലം ചോദിച്ചുകൊണ്ട് ദിവസം തുടങ്ങിയിരുന്ന എനിക്കു ഇന്നവരോട് ചോദിക്കാന്‍ ഒന്നുമില്ല. എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടതു്.
സിറ്റ് ഔട്ടിലെ രാവിലത്തെ ചായകുടിയും ഒപ്പം തലേന്നത്തെ ബാങ്കു വിശേഷങ്ങളും പറഞ്ഞു്, ബ്രേക്ഫാസ്റ്റ് റെഡിയാക്കിക്കോളൂ, ഞാനൊന്നു തറവാട്ടില്‍ പോയി വരാം എന്നു പറഞ്ഞിറങ്ങിപ്പോയ എന്റെ പ്രിയപ്പെട്ടവന്‍ വന്നില്ല. ഞാന്‍ കാത്തിരുന്നു ബ്രേക്ഫാസ്റ്റും ഉച്ചക്കു കൊണ്ടുപോവാനുള്ള ചോറും തയ്യാറാക്കി. വന്നില്ല ഇതുവരെ, ഇനി വരികയുമില്ല.
ആശുപത്രിയുടെ തണുത്ത ഇടനാഴിയില്‍ ചുമരിനിപ്പുറത്ത് നിസ്സഹായയായി കാത്തിരുന്നു ഞാന്‍. ചുമരിനപ്പുറത്ത് എന്നെ കാണാതെ, കുട്ടികളെ കാണാതെ, ഒന്നുമറിയാതെ, പതുങ്ങി പതുങ്ങി വരുന്ന മരണത്തെ കാത്തു കിടന്നയാള്‍ക്കു അടുത്തു കൂട്ടിരിക്കാന്‍ പോലുമായില്ല എനിക്കു്. ഒന്നും ഒന്നും കഴിഞ്ഞില്ല എനിക്കു്. ആ കയ്യൊന്നു പിടിച്ച് ഞാനുണ്ട് കൂടെ എന്നു പറയാന്‍, ആ നെറ്റിയിലൊരുമ്മ കൊടുത്ത് ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ. തീര്‍ത്തും തീര്‍ത്തും നിസ്സഹായയായി.
എന്നെ ഒന്നു കണ്ണു് തുറന്നു നോക്കിപോലുമില്ല.
പിന്നെ വന്നു. ബ്രേക് ഫാസ്റ്റ് കഴിക്കാനല്ല, നീ കാരണം ഇന്നും എനിക്കു വൈകി എന്നു ശകാരിച്ചുമില്ല. തുറക്കാത്ത കണ്ണും, മഞ്ഞുപോലെ തണുത്ത മുഖവുമായി.....
എന്നെ കൂടെ കൂട്ടാന്‍ പ്രിയപ്പെട്ട പലതിനേയും പലരേയും വേണ്ടെന്നു വച്ചിട്ടു്...... എന്തേ ഇത്ര വേഗം പോയി?
എഴുത്തുകാരി.