ഇതു കറ്റാര്‍ വാഴ. ഒരു ഔഷധ സസ്യം.
ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പറയുന്നതു്. പണ്ടു മുതലേ എണ്ണ കാച്ചാന്‍ ഉപയോഗിക്കാറുണ്ട്. പനങ്കുല പോലെ തലമുടി വളരാനും, എണ്ണക്കറുപ്പിനും. (ഞാൻ എണ്ണ കാച്ചിയിട്ടുമില്ല, തേച്ചിട്ടുമില്ല!). അതു മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. ഇപ്പഴാണ് ഇതിനു് ഇത്രയധികം ഗുണങ്ങളുണ്ടെന്നു് അറിയുന്നതു്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്കു മണമില്ലല്ലോ! മണമില്ലെങ്കിലും മുറ്റത്ത് ചട്ടികളിൽ വച്ചാൽ കാണാനും നല്ല ഭംഗിയാ.
നല്ലൊരു moisturiser ആണത്രെ. വിവെല്‍ സോപ്പിന്റെ പരസ്യത്തില്‍ കാണുന്നില്ലേ, അതു തന്നെ ഇതു്.
ഇല മുറിച്ചാല്‍ ഉള്ളില്‍ ജെല്‍ പോലെയിരിക്കും, tranasparent ആണ്. മുറിവ്, പൊള്ളല്‍, എല്ലാത്തിനും നല്ലതാണത്രേ. ഇതു് മുറിച്ചിട്ട് വെറുതേ മുഖത്ത് തടവിയാൽ നല്ലതു് - മുഖകാന്തിക്കു്.
എനിക്കിത്രയൊക്കെയേ അറിയൂ.കൂടുതല്‍ അറിവുള്ളവര്‍ പറയൂ,.
എന്തായാലും എനിക്കറിയാവുന്ന ഒന്നുണ്ട്. നല്ല വിലയുണ്ടിതിനു്. വേരോടെ വലിച്ച് മണ്ണ് കഴുകി കൊടുക്കണം. ഇവിടെ പിന്നെ വൈദ്യശാലക്കു കുറവില്ലല്ലോ. 'കാളൻ നെല്ലായി' അല്ലേ! അധികമുണ്ടെങ്കിൽ അവർ വന്നു കൊണ്ടുപോകും. നല്ല വലിപ്പമുള്ള ഒരെണ്ണം മൂന്നു നാലു കിലോയൊക്കെ വരും. കിലോവിന് ഏകദേശം പത്തുരൂപ.
ഒരു ദിവസം പാല്‍ക്കാരന്‍ ഗോപിയേട്ടനുമായി സംസാരിച്ചപ്പോഴാണ് ഇതിനേപ്പറ്റി പറയുന്നതു്. അവരുടെ വീട്ടില്‍ പറമ്പിലും ടെറസ്സിലുമൊക്കെയായിട്ട് പത്തുമുന്നൂറ് ചട്ടിയിലുണ്ട്. ഞാന്‍ പോയി നോക്കി. കാണാന്‍ തന്നെ നല്ല ഭംഗി.
ഇതു് ഗോപിയേട്ടന്റെ തോട്ടം (ടെറസിൽ)
എനിക്കും തോന്നി ഒന്നു പരീക്ഷിച്ചാലെന്താ എന്നു്. ഗോപിയേട്ടനോട് പറഞ്ഞ് പത്തു തൈ വാങ്ങി. 30 രൂപ കൊടുത്തിട്ട്. അതൊക്കെ വലുതായി എനിക്കെത്രയോ ഇരട്ടി കിട്ടി. അതിന്റെ കുട്ടികളാ ഇപ്പോള്‍ ഉള്ളതു്. വലുതു് വലിച്ചു കൊടുക്കുമ്പോള്‍ താഴെ കൊച്ചു ചെടികള്‍ മുളച്ചിട്ടുണ്ടാവും. അതു് വേറെ ചട്ടിയിലോ ചാക്കിലോ നടണം. ചാണപ്പൊടി അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുത്താല്‍ വേഗം വളരും. ദാ, നോക്കൂ-
ഇനി ഇതൊക്കെ വായിച്ചിട്ട് ആർക്കെങ്കിലും കറ്റാർ വാഴ വച്ചുപിടിപ്പിക്കണമെന്നു തോന്നിയാൽ തൈ ഞാൻ തരാം, കാശൊന്നും വേണ്ട, എല്ലാരും സുന്ദരികളും സുന്ദരന്മാരും ആവട്ടെ.
എഴുത്തുകാരി.