Wednesday, November 27, 2019

അവസ്ഥാന്തരങ്ങൾ......


ഉച്ചക്ക് ഊണിന് ഒരു ഓലൻ കൂടിയായോലോ എന്നൊരാലോചന.   ഒരു കൂട്ടാനുണ്ട്, ഉപ്പേരിയുണ്ട്. പലപ്പോഴും ഒരണ്ണംപോലും ഉണ്ടാക്കാത്ത  മടിച്ചിയാണു ഞാന്‍ സ്വതവേ.

ഇനി തുടങ്ങാം. കൊപ്പക്കായ ആണ് താരം.
(കപ്പങ്ങ,  ഓമക്ക അങ്ങിനെ  പല സ്ഥലങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഇതിനെ ഞാന്‍ പപ്പായ എന്നു പറയാം, അതല്ലേ സൌകര്യം).

നല്ല ചെനച്ച (എന്നു വച്ചാല്‍ നല്ല മൂപ്പായി പഴുക്കാന്‍ തുടങ്ങുന്ന സ്റ്റേജ്)  പപ്പായ. വേവിച്ച്, രണ്ടുമൂന്നു പച്ചമുളക് കീറിയിട്ട്,  ഇത്തിരി പച്ച വെളിച്ചെണ്ണയൊഴിച്ച്,  പിന്നെ   ഒരു പിടി  കറിവേപ്പില, അതിലിത്തിരി നാളികേരപ്പാല് കൂടി ഒഴിച്ചാലോ, എന്റമ്മേ, ഒന്നും പറയണ്ട,

അന്ന് മടി ഇത്തിരി കുറഞ്ഞ ദിവസമായിരുന്നു. എന്നാല്‍ പിന്നെ ഇന്ന് ഓലന്‍ വച്ചിട്ടു തന്നെ കാര്യം.  വച്ച കാല്‍  പുറകോട്ടില്ലല്ലോ.

മുറ്റത്തൊരു മരമുണ്ട്..പിന്നെ പറമ്പില്‍ വേറെ രണ്ടെണ്ണം കൂടി.  ഇഷ്ടം പോലെ കായയും.   ഇടക്കിടെ മാധവന്‍  വന്നു ഓരോ കൊട്ട നിറയെ  കൊണ്ടുപോകും..ഏതു വഴിക്കാണോ പോണേ, അവിടെയുള്ളവര്‍ക്ക് കൊടുക്കും.(എന്നു പറയുന്നു).

ഇന്ന് ഞാന്‍ തന്നെ ഒരെണ്ണം പറിച്ചെടുക്കാന്‍ തീരുമാനിച്ചു.   .മുറ്റത്തെ മരത്തില്‍ കായുണ്ട്.  പക്ഷേ കാണാനൊരു ഭാഗിയില്ല. നീളനാണ്, തടിയും  കുറവ്.   അപ്പോള്‍ അത്  വേണ്ട.  അപ്പുറത്തെ മരത്തില്‍  നല്ല സുന്ദരിക്കായകള്‍.   ഉരുണ്ടു തടിച്ചിട്ട്.   അത് മതി.

ഇവിടെ ഉണ്ടായിരുന്ന തോട്ടി എടുത്തു അവിടെ കൊണ്ടുപോയി പപ്പായ പറിച്ചു.  പപ്പായ വീണു. ഒന്നല്ല രണ്ടെണ്ണം.  ഇനിയെന്താ എഴുത്തുകാരി അതുകൊണ്ടുപോയി ഓലന്‍ വച്ച് കഴിച്ചിട്ടുണ്ടാവും . എല്ലാം  ശുഭം  എന്നു വിചാരിക്കാന്‍ വരട്ടെ. ഒന്നും ശുഭമായില്ല. പപ്പായവീണു.   തൊട്ട് പിന്നാലേ തോട്ടിയും. അസ്സല് കനമുള്ള നല്ല  ഇരുമ്പിന്റ്റെ  തോട്ടി.  കിറുകൃത്യം  എന്റെ കാലില്.

കറക്റ്റ് ഒരു വിരലില്. അങ്ങടൂല്യാ ഇങ്ങടൂല്യാ.  സ്വര്‍ഗ്ഗോം നരകോം ഒരുമിച്ച് കണ്ടു.   വീണു കിടക്കുന്ന പപ്പായകളെ ആദ്യം എടുത്തെറിഞ്ഞു. അപ്പോഴവയ്ക്ക് ഒരു സൌന്ദര്യോം ഇല്ലായിരുന്നു.

 സംഭവം പിശകായി.    കാലിന് വണ്ണം കൂടിക്കൂടി വരുന്നു.

എല്ല് ഒടിഞ്ഞു അല്ലെങ്കില്‍  ചിന്നല്‍.  വിരലിന്ടെ  തുമ്പത്തായതുകൊണ്ട് പ്ലാസ്റ്ററല്ല,  വേറെന്തോ ഒരു സൂത്രപ്പണി.  ഒരാഴ്ച കഴിഞ്ഞു.  ആ കെട്ടഴിച്ചു. വല്യ വേദനയില്ല.  അത്യാവശ്യം പാല്‍ വാങ്ങല്‍, എ‌ടി‌എം,   ചെടികള്‍ക്കിത്തിരി വെള്ളമൊഴിക്കല്‍  ഒക്കെ തുടങ്ങി.

കാലിനും വിരലിനുമൊന്നും അതിഷ്ടായില്ല.. വേദന, നീര്. വിരലായാലും വിരലിന്റെ അറ്റമായാലും സൂത്രപ്പണിയൊന്നും നടക്കില്ല.  വീണ്ടും നിര്‍ബന്ധിത വിശ്രമം.  അല്ലെങ്കില്‍ പിടിച്ച് പ്ലാസ്റ്റര് ഇടുമെന്ന ഭീഷണി.  ചുരുക്കത്തില്‍  വീട്ടുതടങ്കല്‍ ഇനിയും. ഒരു  രണ്ടാഴ്ച.

പക്ഷേ ഒന്നുണ്ട്. സ്നേഹമുള്ളവരാട്ടോ എന്റെ അയൽവാസികൾ.  എന്നും രാവിലെ ബ്രേക്ഫാസ്റ്റും കൊണ്ട് വരും രാധ ചേച്ചി.  ഇഡ്ഡലി വിത്ത് ചട്ട്ണി, പൊങ്കല്‍, കോക്കനട്ട് റൈസ്. അങ്ങിനെ പോകുന്നു മെനു. ഉച്ചക്ക്  മണി ചേച്ചി. സാമ്പാര്‍, കൂര്‍ക്ക മെഴുക്ക് പുരട്ടി.   വേണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല!  ഞങ്ങൾ അങ്ങിനെയാണ്.

ഉർവ്വശീ ശാപം ഉപകാരം എന്നു കരുതണോ, അതോ,   അയ്യോ ഇങ്ങനെയായല്ലോ  എന്നു കരുതണോ എന്ന ആശയക്കുഴപ്പത്തിലാണ്  ഞാനിപ്പോള്‍.

ഒരാഴ്ച അങ്ങിനെ കഴിയട്ടെ അല്ലേ. തല്‍ക്കാലം  ഹാപ്പി ആയിട്ട്  പൂവ്വാ.

Thursday, November 14, 2019

എന്നാലും ...

കുറച്ച് പ്രായമുള്ളൊരു  ടീച്ചര്‍. എന്റെ നാട്ടുകാരിയല്ല.   കുറച്ചു കാലം മുന്‍പ് ഇവിടെ അടുത്ത് കുറച്ച് സ്ഥലം വാങ്ങി. താമസം പഴയ സ്ഥലത്ത് തന്നെ.  മകന്‍ പുറത്താണ്.  ദുബായിലോ  മറ്റൊ.

പറമ്പില്‍   നിറയെ വാഴകള്‍.  അധികവും റോബസ്റ്റ .  ഇടക്ക് ടീച്ചര്‍ നേരിട്ട് വരും. ചിലപ്പോള്‍ പണിക്കാരന്‍ വരും. വാഴക്കുലകള്‍ വെട്ടിക്കൊണ്ടുപോകും. പറമ്പില്‍ വരുമ്പോള്‍ ഇവിടേം വരും. ഒരു കാപ്പികുടിക്കും. കുറച്ച്  നേരം വിശേഷങ്ങള്‍ പറഞ്ഞിരിക്കും.

ചെന്തെങ്ങിന്റെ തേങ്ങ വാങ്ങാന്‍  ചില നഴ്സറിക്കാര്‍ വരും.  വിത്തിനായിട്ട്.  അവര്‍ തന്നെ കയറി ഇടും.  നല്ല വിലയും കിട്ടും.   ടീച്ചറുടെ  പറമ്പിലും ഉണ്ടൊരു ചെന്തെങ്ങ്.  അത്  കണ്ടപ്പോള്‍  അവര്‍ക്കതും കിട്ടിയാല്‍ കൊള്ളാം.  ഞാന്‍ പറഞ്ഞു, അതിനെന്താ . ഞാന്‍  ചോദിക്കാമല്ലോ. ടീച്ചര്‍ക്കും കാശ് കിട്ടിക്കോട്ടെ.  ടീച്ചറെ വിളിച്ചു ചോദിച്ചു.  ഇത് പിന്നെ പതിവായി.  വിളിച്ചു സമ്മതം ചോദിക്കണം ( സമ്മതം ഉറപ്പാണ്,  എന്നാലും ചോദിക്കാതെ പാടില്ലല്ലോ) . ഞാന്‍ ആ പറമ്പില്‍ പോയി എണ്ണം നോക്കണം , കാശു വാങ്ങി സൂക്ഷിക്കണം, ടീച്ചര്‍ വരുമ്പോള്‍ കൊടുക്കണം. അതൊന്നും നോ പ്രോബ്ലം. രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കലല്ലേ.

മണ്ണുത്തിയിലൊന്ന് പോണമെന്ന് ഒരു ഉള്‍വിളി വന്നു ഇടക്കെനിക്ക്.  തെങ്ങിന്‍ തൈകള്‍, വാഴക്കന്നുകള്‍, അങ്ങനെ പലതും വാങ്ങണം.  (വല്യ കര്‍ഷക ശ്രീമതി ആണെന്നാ എന്റെ ഒരു ഭാവം. പക്ഷേ ഒന്നൂല്യാട്ടോ. ആകെ‌ ഒരിരുപത് സെന്‍റ് സ്ഥലോം കുറച്ച് തെങ്ങും വാഴയും മാത്രം).    കുട്ടി പോവുമ്പോ ഞാനും കൂടി വരാം. എനിക്കും വാങ്ങണം ചിലതൊക്കെ, ഒറ്റക്കൊന്നും പോവാന്‍ വയ്യ   എന്നായി ടീച്ചര്‍.  അതിനെന്താ ഞാന്‍ കൊണ്ടുപോകാം എന്നു ഞാനും.  പരോപകാരമാണല്ലോ  എന്റെ  ജീവിതലക്ഷ്യം!

എന്റെ വീട്  അമ്പലത്തിന് അടുത്താണ്.  അതുകൊണ്ട്  ടീച്ചര്‍ക്ക് വേറെയുമുണ്ടൊരു ഉപകാരം.   പലപ്പോഴും വിളിച്ചു പറയും, കുട്ടീ,  തിരുവോണത്തിന് ഒരു  പായസം  ചീട്ടാക്കി വക്കണേ.  എന്റെ കയ്യിലെ കാശു കൊടുത്ത്  അതും ഞാന്‍ ചെയ്യും.  ദോഷം പറയരുതല്ലോ  കാശൊക്കെ കിറുകൃത്യമായിട്ട്  തരും. 

കാര്യങ്ങള്‍ ഇങ്ങനെ വളരെ ഭംഗിയായി പോയിക്കൊണ്ടിരിക്കുന്ന  സമയത്ത്  എന്റെ പറമ്പ് പണിക്ക്  പുതിയ ഒരാളെത്തി. തമിഴന്‍ മുത്തു.

( ഗോവിന്ദന്‍   പണിത് പണിത്, പറമ്പില്‍ നേരെ നില്‍ക്കുന്ന ഒറ്റ വാഴപോലും, ഇല്ലാ.  ആശാന്‍ കൂലി വാങ്ങി പോകാന്‍ നോക്കി നില്‍ക്കും  വാഴകള്‍  മറിഞ്ഞു വീഴാന്‍ .  നേരെ നില്‍ക്കുന്നതിനേക്കാള്‍  കമിഴ്ന്നു കിടക്കുന്ന വാഴകളാണ്  കൂടുതല്‍.  കുലച്ചതും കുലക്കാത്തതുമായി. 

എന്നാ പിന്നെ പണിക്കാരനെ ഒന്നു  മാറ്റിക്കളയാം എന്ന  തീരുമാനത്തിന്റെ പുറത്താണ്  തമിഴന്‍ മുത്തുവിന്റ്റെ  രംഗപ്രവേശം). 

പുതിയ പണിക്കാരനെ മാക്സിമം  യൂട്ടിലൈസ് ചെയ്യണമല്ലോ, പിന്നെ ഞാനൊരു മഹാ കൃഷിക്കാരിയുമല്ലേ,  കംപ്ലീറ്റ് വാഴ വയ്ക്കാം.  എന്റെ  പറമ്പിലുള്ള കന്നുകള്‍ വച്ചു.  അപ്പുറത്തെ പറമ്പില്‍ നിന്ന് അഞ്ചെട്ടു പൂവന്‍ കന്ന്,  മണി ചേച്ചിയുടെ പറമ്പില്‍ നിന്ന് രണ്ടു മൂന്നു ഏറാടന്‍ കന്നുകള്‍.(അവിടെയൊന്നും ആളില്ലാട്ടോ.  എല്ലാം ഓവര്‍ ഫോണ്‍). ചോദിച്ചപ്പോള്‍  ആവശ്യമുള്ളത്  ഇളക്കി  എടുത്തോളാന്‍  പറഞ്ഞു).  പണിക്കാരനെ കിട്ടുമ്പോഴല്ലേ ചെയ്യാന്‍ പറ്റൂ.

വടക്കന്‍ കദളി, പാളയംകോടന്‍,  ഇത് രണ്ടും ആള്‍റെഡി ഉണ്ട്.      ഇപ്പോഴിതാ എറാടനും,  പൂവനും കിട്ടി.   അപ്പൊ ചെറിയ ഒരു അതിമോഹം. രണ്ടു റോബസ്റ്റയും  കൂടിയായാലോ. അത് മേല്പറഞ്ഞ ടീച്ചറുടെ പറമ്പിലേയുള്ളൂ.  ഇഷ്ടം പോലെ ഉണ്ട് താനും.  ഞാന്‍ ചോദിച്ചാല്‍ തരാതിരിക്കില്ല,  എന്നാലും ഒന്നു ചോദിക്കണമല്ലോ. അതല്ലേ അതിന്റെ ഒരു ശരി.

വിളിച്ചു.  വിശേഷങ്ങളൊക്കെ ചോദിച്ചു.  ആവശ്യം പറഞ്ഞു." ഞാന്‍ രണ്ടു റോബസ്റ്റ കന്ന് എടുത്തോട്ടെ പറമ്പീന്ന്".

"എന്തിനാ കുട്ടീ ചോദിക്കണേ, എത്രയാ വേണ്ടേന്നുവച്ചാ എടുത്തൂടെ" എന്ന മറുപടി പ്രതീക്ഷിച്ചു നിന്ന എനിക്ക് കിട്ടിയ മറുപടി ഇതായിരുന്നു. .

"കുട്ടി, അതിനിപ്പൊ മോന്‍ വന്നിട്ടുണ്ടല്ലോ.  അവനിവിടെ ഉള്ളപ്പോള്‍, അവനോടു ചോദിക്കാതെ ഞാനെങ്ങനെയാ  തരണേ,  അവനോടൊന്ന് ചോദിക്കട്ടേട്ടോ"  എന്ന്.  രണ്ടു വാഴക്കന്ന് തരാന്‍ മോന്റെ സമ്മതം വേണമെന്ന്.  ഞാന്‍ പറഞ്ഞു. .ശരി  അങ്ങനെ  ആയിക്കോട്ടെ ടീച്ചറേ എന്ന്.

കുറേകഴിഞ്ഞ് വീണ്ടും  വിളിച്ചിട്ട് പറഞ്ഞു, അല്ലെങ്കില്‍ കുട്ടി ഒരെണ്ണം എടുത്തോളൂ  എന്ന്. അതിനു മോന്‍റെ സമ്മതം കിട്ടിയോ എന്നു ഞാന്‍ ചോദിച്ചില്ല.  ഞാന്‍ പറഞ്ഞു.  വേണ്ട,  എനിക്ക് വേറെ കിട്ടി എന്ന്.  റോബസ്റ്റ പഴം തിന്നില്ലാന്ന് വച്ച്  ആകാശം ഇടിഞ്ഞു  വീഴാനൊന്നും പോണില്ലല്ലൊ.

സാരല്യ. ടീച്ചര്‍ക്ക്  ഞാന്‍ വച്ചിട്ടുണ്ട്.  ഇനിയും ചെന്തെങ്ങുകാരന്‍  വരും,  ഞാന്‍  മണ്ണുത്തിക്ക് പോകൂം, തിരുവോണം വരും, പാല്‍പ്പായസോം ഉണ്ടാവും.  അല്ല പിന്നെ എന്നോടാ കളി.


എഴുത്തുകാരി.