Saturday, October 18, 2008

എന്താ ഞാന്‍ ഇങ്ങനെ!

ലക്ഷ്മി, അവളെന്റെ കൂട്ടുകാരിയാണ്.

ഞാന്‍ പറഞ്ഞിട്ടുണ്ടല്ലൊ, ഞങ്ങളിവിടെ ഒരു ചെറിയ ഒരു സംഘം ഉണ്ട്‌, കുടുംബശ്രീ അല്ല, അയല്‍ക്കൂട്ടമല്ല,ഒരു ചെറിയ ഒരു പരദൂഷണ കമ്മിറ്റി എന്നു വേണമെങ്കില്‍ പറയാം.സാമൂഹ്യസേവനമാണോ, അതുമല്ല. എന്നാലോ ഇവിടെ എന്തുണ്ടെങ്കിലും ഞങ്ങളുണ്ട്‌. ചോറൂണാവാം, അറുപതാം പിറന്നാളാവാം,വിള‍മ്പാന്‍ ഞങ്ങളുണ്ട്‌(വേണ്ടി വന്നാല്‍ പാചകത്തിനും ഒരു കൈ നോക്കാം), അമ്പലത്തിലെ ഉത്സവമാവാം,അതോടൊന്നിച്ചുള്ള അന്നദാനമാവാം, വിളക്കു കൊളുത്താനോ, മറ്റെന്തിനും ഞങ്ങളുണ്ട്‌. ഇവിടത്തെ അമ്പല കമ്മിറ്റിക്കാര്‍ ഞങ്ങളെപറ്റി പറഞ്ഞതെന്താന്നറിയ്വോ? ഞങ്ങളുടെ കൂട്ടായ്മ ഒരു വരദാനമാണെന്നു്, അവരുടെ പ്രവര്‍ത്തനങ്ങളില്‍.

പുരുഷന്മാരുടെ കയ്യില്‍നിന്നു്‍ സ്ത്രീകള്‍ക്ക് അങ്ങനെയൊരു കോമ്പ്ലിമെന്റ് കിട്ടുന്നതു് not so easy .അല്ലേ? (എന്റെ ബ്ലോഗ് സഹോദരന്മാര്‍ ക്ഷമിക്കണേ എന്നോട്‌).

ഞാന്‍ പറയാന്‍ പോകുന്നതു് അതൊന്നുമല്ല, നമുക്കു കാര്യത്തിലേക്കു കടക്കാം...

രണ്ടു ദിവസം മുമ്പ്‌
--------------
എന്താ ഞാന്‍ ഇങ്ങിനെയായതു്. എനിക്കവളോട്, ലക്ഷ്മിയോട്‌, വല്ലാതെ ചൂടായി സംസാരിക്കേണ്ടിവന്നു. രണ്ടു പേരുംകൂടി ചെയ്യാം എന്നു് ഏറ്റിരുന്ന ഒരു കാര്യം, അവള്‍ ഒന്നും ചെയ്യാതിരുന്നപ്പോള്‍, എല്ലാം ഞാന്‍ ഒറ്റക്കു ചെയ്യേണ്ടി വന്നപ്പോള്‍,ഞാന്‍ അറിയാതെ ചൂടായി, എന്തൊക്കെയോപറഞ്ഞുപോയി. ഞാന്‍ ഒന്നും പറയാതിരിക്കു‍കയായിരുന്നു. പക്ഷേ പറയാന്‍ ഞാന്‍ നിര്‍ബന്ധിതയായി എന്നു വേണം പറയാന്‍. ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരും സമ്മതിച്ചു, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നു്. അവള്‍ക്കും താന്‍ ചെയ്തതു് തെറ്റാണെന്നു മനസ്സിലാവായ്കയല്ല, പക്ഷേ സമ്മതിക്കാനൊരു പ്രയാസം. അവളും പറഞ്ഞു എന്തൊക്കെയോ.

അവള്‍ക്കു അവളുടേതായ ന്യായങ്ങളുണ്ടായിരുന്നു. ‘പറഞ്ഞിരുന്നൂന്നുള്ളതു് ശരിയാണ്. എന്നാലും ഒരു വാക്ക്‌ എന്നെ ഒന്നു ഓര്‍മ്മിപ്പിക്കാമായിരുന്നില്ലേ?‘ എന്ന അവളുടെ ചോദ്യത്തിലും ന്യായമില്ലാതില്ല. പക്ഷേ അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതൊന്നും എന്റെ തലയില്‍ കേറിയില്ലെന്നു് പറഞ്ഞാല്‍ മതിയല്ലോ!

അതു കഴിഞ്ഞു മറ്റെല്ലാവരും കൂടി ഞങ്ങളെ സമാധാനിപ്പിച്ചു. ഞങ്ങള്‍ പരസ്പരം തെറ്റ് പറഞ്ഞു. അതില്‍ ഒരാള്‍ പറഞ്ഞ കമന്റ് ആണ് എനിക്കിഷ്ടപ്പെട്ടതു്. “നമ്മുടെ ചങ്ങാതിക്കൂട്ടം കുട്ടികള്‍ പരസ്പരം തല്ലുകൂടുന്നില്ലേ, എന്നിട്ടു സ്നേഹമാവുന്നില്ലേ. നമ്മളും കുട്ടികളാണെന്നു വിചാരിച്ചാല്‍ മതി” എന്നു്. അന്നു് അങ്ങിനെ പിരിഞ്ഞു.


വീട്ടില്‍ വന്നിട്ടും ഞാന്‍ ഭയങ്കര അസ്വസ്ഥയായിരുന്നു. തെറ്റേതാ, ശരിയേതാ എന്നതല്ല. ഞാന്‍ എന്തിനിത്ര ദേഷ്യപ്പെട്ടു. സമാധാനപരമായിട്ടു പറയാമായിരുന്നില്ലേ കാര്യങ്ങള്‍! എങ്ങിനെയോ എന്റെ നിയന്ത്രണം വിട്ടുപോയി.സംഭവിച്ചുപോയി. എന്നിട്ടിപ്പോള്‍ മനസ്സു് വെറുതെ വേവലാതിപ്പെടുന്നു. ഇത്രയധികം കുറ്റബോധം തോന്നിയ സന്ദര്‍ഭം, ഈ അടുത്ത കാലത്തൊന്നും എനിക്കുണ്ടായിട്ടില്ല. അതു വേണ്ടായിരുന്നു എന്ന തോന്നലും. എന്തിനുവേണ്ടി ആയിരുന്നെങ്കില്‍‍ കൂടി, ഞാന്‍ ചെയ്തതു്/പറഞ്ഞതു് മറ്റൊരാളെ വിഷമിപ്പിച്ചല്ലോ എന്ന തോന്നലും, എല്ലാം കൂടി എനിക്കെന്തോ സഹിക്കാനാവുന്നില്ല.ആ ചിന്ത മനസ്സില്‍ നിന്നു പോവുന്നുമില്ല. എത്രയോ ശ്രമിച്ചിട്ടും മനസ്സു് അവിടെ നിന്നു് മാറാന്‍ കൂട്ടാക്കുന്നില്ല. അറിയാതെ ഒരു നിമിഷം എന്റെ നിയന്ത്രണം വിട്ടുപോയി.ഞാന്‍ ശപിക്കുന്നു ആ നിമിഷത്തെ! ശരിക്കുറങ്ങാന്‍ പോലും പറ്റിയില്ല എന്നു പറഞ്ഞാല്‍ അതു നുണയല്ല.


ഇന്നു്:
-----
ഇന്നു ഞങ്ങള്‍ വിണ്ടും കണ്ടൂ, സംസാരിച്ചു. എന്റെ മനസ്സിലുണ്ടായിരുന്നതു മുഴുവന്‍ ഞാന്‍ പറഞ്ഞു അവളോട്‌. മനസ്സില്‍ ഉണ്ടായിരുന്നപോ‍ലെ പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റി എന്നു തോന്നുന്നില്ല. എന്നാലും ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ വച്ചു അങ്ങനെയൊന്നും പറയേണ്ടായിരുന്നു, മനസ്സില്‍ ഭയങ്കര കുറ്റബോധം, വിഷമം, ഞാന്‍ മറ്റൊരാളെ വേദനിപ്പിച്ചൂല്ലോ എന്ന തോന്നല്‍, എനിക്കെന്താ അതിനവകാശം? എന്റെ മനസ്സിലെ വികാരങ്ങള്‍ എനിക്കു പറ്റാവുന്ന തരത്തില്‍ ഞാന്‍ അവളോടു പറഞ്ഞു. അവളും പറഞ്ഞു, ഞാനും രണ്ടുദിവസമായിട്ടു പുറത്തിറങ്ങിയിട്ടുപോലുമില്ല.വീട്ടില്‍ മറ്റുള്ളവരോട് പോലും സംസാരിക്കാന്‍ കഴിയുന്നില്ല. നീ അതൊക്കെ പറഞ്ഞപ്പോള്‍ എനിക്കു മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. നമ്മുടെ മറ്റു കൂട്ടുകാരെ കാണാതിരിക്കാന്‍ ശ്രമിക്കുകയാണു് ഞാന്‍. അവരൊക്കെ എന്നെ ഒരു തെറ്റുകാരിയേപ്പോലെ നോക്കുന്നതായി എനിക്കു തോന്നുന്നു. നമ്മള്‍ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരല്ലേ. എന്നിട്ടെന്താ നമുക്കു പറ്റിയതു്? രണ്ടുപേരുടേയും കണ്ണു നിറഞ്ഞു. ഞാന്‍ ശരിക്കും കരഞ്ഞുപോയി. എനിക്കു പാവം തോന്നി, അവളോട്‌.

എന്തിനു പറയുന്നു രണ്ടുപേരും വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. എന്തായാലും ഇന്നു സംസാരിച്ചതിനു ശേഷം, വല്ലാത്ത ഒരു സമാധാനം തോന്നുന്നു. എന്നാലും അന്നു് എനിക്കു എന്തു പറ്റി, അതു വേണ്ടായിരുന്നു എന്ന തോന്നല്‍ ബാക്കി.

സത്യം പറഞ്ഞാല്‍ എന്റെയീ മുഖം എനിക്കുതന്നെ പുതിയതായിരുന്നു, ഇങ്ങനെയൊരു മുഖം എന്റെ ഉള്ളിലുണ്ടായിരുന്നു എന്നു് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല.ആരെയും വാക്കുകള്‍ കൊണ്ട്‌ പോലും വിഷമിപ്പിക്കാന്‍ എനിക്കാവില്ല എന്നു മനസ്സിലായി.ഞാന്‍ ഭയങ്കര strong ആണെന്നൊക്കെയാ കരുതിയിരുന്നെ. ബാക്കിയുള്ളവരുടെ വിചാരവും അങ്ങിനെ തന്നെ. ഞാന്‍ ഈ രണ്ടു ദിവസംകൊണ്ട്‌ അനുഭവിച്ച പ്രയാസം അവരാരും അറിഞ്ഞിട്ടില്ലല്ലോ. ഇപ്പോഴുമാ ചമ്മല്‍ എന്നെ വിട്ടുമാറിയിട്ടില്ല. ഞാന്‍ ശപിക്കുന്നു ആ നിമിഷത്തെ!

എഴുത്തുകാരി.

Thursday, October 9, 2008

ചില നാട്ടുവിശേഷങ്ങള്‍ - അമ്പലവും, ആലും ഓര്‍മ്മകളുമൊക്കെ

അറിയാല്ലോ, ഞാനൊരു നെല്ലായിക്കാരിയാണെന്നു്. പക്ഷേ എന്തേ ഞാന്‍ ഇതുവരെ നിങ്ങളോട് ഞങ്ങളുടെ ക്ഷേത്രത്തെ പറ്റി പറഞ്ഞില്ല!, അറിയില്ല. അവിടത്തെ ഉത്സവത്തെപറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്‌.(ഇവിടെ,ഇവിടേയും)മഹാമുനിമംഗലം ക്ഷേത്രം. അതാണ് ഞങ്ങളുടെ ക്ഷേത്രം.

തൃശ്ശൂര്‍ നിന്നും എറണാകുളത്തേക്കു പോകുമ്പോള്‍ (തിരിച്ചും ആവാം) NH 47 ല്‍ പുതുക്കാടിനും കൊടകരക്കും ഇടക്കുള്ളൊരു കൊച്ചു സ്ഥലമാണ് നെല്ലായി. നെല്ലായി ബസ് സ്റ്റോപ്പില്‍ ഇറങ്ങി കിഴക്കോട്ടു നോക്കിയാല്‍ ക്ഷേത്രത്തിന്റെ കമാനം കാണാം. കമാനം കടന്നു നേരെ ചെന്നെത്തുന്നതു ക്ഷേത്രത്തില്‍. റോഡില്‍ നിന്നേ കാണാം.

കുറുമാലി പുഴയുടെ (ഇവിടെനിന്നും ഒഴുകിയാണതു് കുറുമാലിയില്‍ എത്തുന്നത്‌) തീരത്താണു് ക്ഷേത്രം. നരസിംഹമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. രാവിലെ ഉണ്ണികൃഷ്ണന്‍, നേരം ചെല്ലുംതോറും നരസിംഹമൂര്‍ത്തിയായി (ശാന്തനായ രൂപത്തില്‍) മാറിവരുന്നതായാണ് സങ്കല്പം.പേരു സൂചിപ്പിക്കുന്നതുപോലെ മുനിമാരുമായി ബന്ധപ്പെട്ടു കിടക്കുന്നു ഐതിഹ്യം. മുനിമാര്‍ മണല്‍കൊണ്ടും പിന്നീട്‌ ശിലകൊണ്ടും ഉണ്ടാക്കിയ വിഗ്രഹത്തെ പൂജിച്ചിരുന്നു. പിന്നീട് കാലാന്തരത്തില്‍ ഇന്നത്തെ രീതിയില്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ക്ഷേത്രത്തില്‍ നിന്നു് നേരിട്ടു് കടവിലേക്കിറങ്ങാം. ആണുങ്ങള്‍ക്കു വേറെ പെണ്ണുങ്ങള്‍ക്കു വേറെ കടവുകളുണ്ട്. ഇപ്പോഴും കുറേപേരൊക്കെ സ്ഥിരമായി പുഴയില്‍ കുളിക്കുന്നവരുണ്ട്‌. കാലത്തിന്റെ കുത്തൊഴുക്കില്‍ പുഴയുടെ ഗതി മാറി കുറേശ്ശെകുറേശ്ശെയായി കടവില്‍ മണ്ണു കയറി കടവില്‍ നിന്നു് പുഴ നീങ്ങിപോയി. അതുകൊണ്ട്‌ പെണ്ണുങ്ങളുടെ കടവു് മഴക്കാലത്തു് വെള്ളം കയറുമ്പോള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ.

ഓര്‍മ്മകള്‍ പാറി പറന്നു പോകുന്നു, പഴയകാലത്തേക്കു്. അന്നു ഞങ്ങള്‍ പുഴ നീന്തി കടക്കുമായിരുന്നു. അക്കരെയെത്തി അവിടെ നിന്നു് എന്തെങ്കിലുമൊരു തൂപ്പ് (ചെടി) പറിച്ചുകൊണ്ടുവരണം. വീണ്ടും നീന്തി ഇക്കരെയെത്തുമ്പോള്‍ സമ്മാനം. എന്താണെന്നല്ലേ അപ്സര‍ പെന്‍സിലിന്റെ ഒഴിഞ്ഞ ഒരു ചെപ്പു്, അല്ലെങ്കില്‍ പല കളറില്‍ എഴുതാവുന്ന പെന്‍സില്‍ (എല്ലാം ബോംബെയില്‍ ബന്ധുക്കളുള്ളവര്‍ക്കു മാത്രം കിട്ടുന്നത്‌! എത്ര അമൂല്യമായ നിധി പോലെയാ അതൊക്കെ സൂക്ഷിച്ചു വച്ചിരുന്നത്‌!)

മണ്ഡല‍ക്കാലമാകുമ്പോള്‍ രാവിലെ അഞ്ചിനും‍ അഞ്ചരക്കുമൊക്കെ എഴുന്നേറ്റു പുഴയില്‍ പോയി മുങ്ങുന്നതു്, സോപ്പ്‌ തേക്കലൊന്നുമില്ല, ആണ്‍കുട്ടികളുടെ ഒരു സെറ്റുണ്ട്‌, അവരേക്കാള്‍ മുന്‍പു് വൈലൂരമ്പലത്തില്‍ എത്തണം. പാടത്തുകൂടെ ഒരൊറ്റ ഓട്ടമാണ്‍. പാടത്തൊക്കെ കൃഷിയില്ലാത്ത സമയങ്ങളില്‍ മുതിര വിതച്ചിട്ടുണ്ടാവും. മൂക്കാത്ത മുതിര പൊട്ടിച്ചു തിന്നാന്‍ നല്ല രസമാണ്‍്. പിന്നെ നെല്ലിന്റെ കതിരു വലിച്ചെടുത്തു അതിന്റെ അറ്റത്തു ചവച്ചാല്‍ ഒരു തരം പാലുണ്ടാവും. എത്ര ചീത്ത കേട്ടിരിക്കുന്നു, എത്ര പ്രാവശ്യം തല്ലാന്‍ ഓടിപ്പിച്ചിരിക്കുന്നു.

ഇനിയുമുണ്ട്‌ പലതും. പെണ്ണുങ്ങള്‍ കുളിക്കുമ്പോള്‍ ശബ്ദമുണ്ടാക്കാതെ നീന്തി അക്കരെ ചെന്നെത്തി നോക്കുന്ന വീരന്മാര്‍. ഒരു വിദ്വാന്റെ നരച്ച തല അയാള്‍ക്കു തന്നെ പലപ്പോഴും പാരയായിട്ടുമുണ്ട്‌.പക്ഷേ ആശാന്‍ അതുകൊണ്ട്‌ പിന്‍വാങ്ങി എന്നൊന്നും ആരും കരുതണ്ട.


ഇന്നു വിജയദശമിയല്ലേ, വൈലൂര്‍ അമ്പലത്തില്‍ ഒന്നു പോയി. അപ്പോ തുടങ്ങിയതാ ഒരു നൊസ്റ്റാല്‍ജിക് മൂഡ്.

പാട്ടു് ഇടാന്‍ എനിക്കറിയില്ല. എന്നാലും എല്ലാരും ഈ സമയത്തു് മറക്കാതെ “ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ ..“ എന്ന പാട്ടു് എവിടുന്നെങ്കിലുമൊക്കെ സംഘടിപ്പിച്ചു കേള്‍ക്കുക.

എവിടെയോ തുടങ്ങി,കാട് കയറി എവിടൊക്കെയോ എത്തി അല്ലേ.ഇനി back to topic.

എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌, ക്ഷേത്രം എന്ന സങ്കല്പത്തിനുള്ളില്‍ നിന്നു കൊണ്ടു തന്നെ, ഇവിടുത്തെ (ഈ ഒരു പ്രദേശത്തിന്റെയെങ്കിലും) മൊത്തം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ ക്ഷേത്രം. വനിതാ സമിതിയുണ്ട്‌, കുട്ടികളുടെ ചങ്ങാതികൂട്ടമുണ്ട്‌. ശരിക്കും ഭയങ്കര രസാട്ടോ. ക്ഷേത്രത്തിനു പിന്നില്‍ ഒരു ഊട്ടുപുരയുണ്ട്‌. ആരുടെയെങ്കിലും പിറന്നാള്‍ വന്നു. ഉടനെ തീരുമാനിച്ചു, ഒരു അന്നദാനം ആയാലോ. എന്നു വച്ചാല്‍ രാത്രിയില്‍ ഒരു കഞ്ഞിയും പുഴുക്കും, അല്ലെങ്കില്‍ ഇഡ്ഡലിയും സമ്പാറും. വെറുതെ ഒന്നു കൂടാനുള്ള ഒരു വഴി. അമ്മമാര്‍, അഛന്മാര്‍, കുട്ടികള്‍, ആകെ ഒരു 50-60 പേരുണ്ടാവും.ഞങ്ങളൊക്കെ കൂടി തന്നെ പാചകവും.( ഇന്നും ഉണ്ടായിരുന്നൂട്ടോ, കഞ്ഞിയും പുഴുക്കും അച്ചാറും.ദാ, ഇപ്പോ കഴിച്ചു വന്നേയുള്ളൂ).

വിഷുവന്നാലും ദീപാവലി വന്നാലും എല്ലാ ആഘോഷവും ഇവിടെ തന്നെ.കുട്ടികള്‍ വീട്ടില്‍ വാങ്ങുന്ന പടക്കവും സാധനങ്ങളുമെല്ലാം കൊണ്ടുവരും, എല്ലാവരും കൂടി ക്ഷേത്രമുറ്റത്തുവച്ചു് പൊട്ടിക്കും. ദീപാവലിയായാല്‍ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തു മുഴുവനും ദീപങ്ങളായിരിക്കും. ഇക്കൊല്ലത്തെ തിരുവോണത്തിനു പോലും ഞങ്ങള്‍ തീരുമാനിച്ചു,നമുക്കു് എല്ലാവര്‍ക്കും കൂടി ഒരുമിച്ചു ആയാലോ ഓണസദ്യ. മാങ്ങ, ചക്ക, നാളികേരം,ഇല എല്ലാം ആരെങ്കിലുമൊക്കെ കൊണ്ടുവരും. ഞങ്ങള്‍ തന്നെ വക്കും. ഇനിയിപ്പോ കുറേ നാളായി ഒത്തുചേരലിനൊരു അവസരം ഒത്തുവന്നില്ലെങ്കിലോ, എന്തെങ്കിലുമൊന്നു് - ഒരു ചെറിയ ഭജനയോ (ഇവിടത്തെ കുട്ടികളുടെ തന്നെ) മറ്റോ സംഘടിപ്പിക്കും. അപ്പോള്‍ അതോടനുബന്ധിച്ചു അന്നദാനവും ആവാലോ!!

ഉത്സവം മകരമാസത്തില്‍. 6 ദിവസം. ശരിക്കും നാട്ടിന്റെ തന്നെ ഒരു ഉത്സവം ആണതു്. കൂപ്പണ്‍ വില്പനയുടെ ചുമതല‍ ചങ്ങാതികൂട്ടത്തിന്. അമ്പല കമ്മിറ്റി പ്രതീക്ഷിച്ചിരുന്നതിനേക്കള്‍ എത്രയോ കൂടുതല്‍ കാശു പിരിച്ചാല്‍ പ്രതിഫലമായി ഒരു ദിവസത്തെ ടൂര്‍. അവരും happy ഇവരും happy.

നോക്കൂ, എങ്ങിനെയുണ്ടെന്നു്, ഞങ്ങളുടെ നാടും അമ്പലവുമൊക്കെ. അടുത്ത ഉത്സവത്തിനു് തീര്‍ച്ചയായും വിളിക്കാട്ടോ.


 
Posted by Picasa
തലയുയര്‍ത്തി നില്‍ക്കുന്ന കൊടിമരം.


 
Posted by Picasa
ഇന്നു വിജയദശമി. ദീപങ്ങള്‍ മിഴി തുറന്നപ്പോള്‍


 
Posted by Picasa
ക്ഷേത്രത്തിന്റെ സൈഡ് വ്യൂ.


 
Posted by Picasa
എനിക്കൊരുപാട്‌ വയസ്സായീട്ടോ. എന്നാലും ഇങ്ങനെ നിക്കുണൂന്നുമാത്രം.


 
Posted by Picasa
നെല്ലായിലേക്കൊഴുകിയെത്തുന്ന കുറുമാലി പുഴ


 
Posted by Picasa
എത്രയോ തരുണീമണികള്‍ നീരാടിയിരുന്ന കടവാണിതു്! എല്ലാം ഓര്‍മ്മകള്‍ മാത്രം!


 
Posted by Picasa
ആകാശത്തേക്കുള്ള പടികളൊന്നുമല്ലിതു്, പുഴയിലേക്കിറങ്ങാനുള്ളതാ.


 
Posted by Picasa
ഇനി ഞാന്‍ പോട്ടേ, താണ്ടാന്‍ ഇനിയുമെത്രയോ ദൂരം


എഴുത്തുകാരി.