Saturday, November 21, 2009

അന്നും ഇന്നും....

ഇരിങ്ങാലക്കുടക്കടുത്തൊരു പള്ളി. അവിടെ ഒരു മാമോദിസ. അതിനു് പോയതാണ്‌‍ ഞാന്‍. പതിവുപോലെ ഭക്ഷണത്തിന്റെ സമയത്തേ എത്തിയുള്ളൂ. അതൊരു സ്ഥിരം ശീലമാണ്‌.മാറ്റാന്‍ നോക്കിയിട്ടിതുവരെ കഴിയാത്തതു് :). വൈകിയതുകൊണ്ട് തിരക്കൊഴിഞ്ഞു അവരോട് സംസാരിക്കാന്‍ പറ്റി.

ഒരുപാട് സന്തോഷത്തിലാണ്‌‍, ആ അമ്മ.(കുഞ്ഞിന്റെ അമ്മയുടെ അമ്മ).  ആറു വര്‍ഷം മുന്‍പ് ‍ അനുഭവിച്ച സങ്കടത്തിന്റെ കഥ പറഞ്ഞു.‍.  സമൂഹത്തില്‍ ഉയര്‍ന്ന നിലയിലുള്ളവര്‍. ഭാര്യയും ഭര്‍ത്താവും നല്ല ജോലിക്കാര്‍. രണ്ടു കുട്ടികള്‍.

‍ ‍ നന്നായി പഠിക്കുന്ന മൂത്ത മകള്‍. പത്താം ക്ലാസ്സില്‍ 93%ല്‍ കൂടുതല്‍ മാര്‍ക്. പ്ലസ് ടു കഴിഞ്ഞു  entrance coaching നു പോയിരുന്ന സ്ഥിരം ബസ്സിലെ കിളിയുമായിട്ട് അടുപ്പമായി.  വീട്ടില്‍ നിന്നും ഒളിച്ചു പോയി റജിസ്റ്റര്‍ വിവാഹം കഴിച്ചു.ഒന്നിച്ചു താമസവുമായി. അതും കൃസ്ത്യന്‍ മതത്തിലല്ലാത്ത‍ ഒരാള്‍. ഇതുപോരേ ഒരു വിപ്ലവത്തിനു്. ബന്ധുക്കളെല്ലാവരും പറഞ്ഞു, നമ്മളെയൊക്കെ ഉപേക്ഷിച്ചുപോയതല്ലേ, കുടുംബത്തിനു നാണക്കേട് വരുത്തിവച്ചതല്ലേ അവള്‍ പോട്ടെ എന്നു്. ഭര്‍ത്താവു പോലും ആ കൂട്ടത്തിലായിരുന്നു..ആ അമ്മക്കു പക്ഷേ അവളങ്ങനെ പോട്ടേ എന്നു വക്കാന്‍ കഴിഞ്ഞില്ല.

ജാതിയോ മതമോ പോകട്ടെ, പതിനെട്ടു വയസ്സുള്ള, വെറും പ്ലസ് ടു മാത്രമുള്ള ഒരു ജോലി കിട്ടാന്‍ സാധ്യതയുള്ള പഠിപ്പുപോലുമില്ലാത്ത മകള്‍, അവനും അതേ അവസ്ഥ. ഒരു നല്ല ജോലി കിട്ടാനുള്ള വിദ്യാഭ്യാസം പോലുമില്ല. രണ്ടു വീട്ടുകാരുടേയും പള്ളിയുടേയും എല്ലാം ശത്രുത. .അവരെങ്ങനെ ജീവിക്കും. ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു സ്ഥിതി. സമ്പന്നതയില്‍ ജീവിച്ച  അവള്‍ക്കു ആലോചിക്കാന്‍ പോലും പറ്റാത്ത ഒരു സ്ഥിതിയായിരുന്നു ആ പയ്യന്റെ വീട്ടില്‍.. ഈ നിലയില്‍ ആ അമ്മ എന്തു ചെയ്യും!

ഒറ്റക്കു പൊരുതാന്‍ തന്നെ തിരുമാനിച്ചു. എല്ലാ ഭാഗത്തുനിന്നുള്ള എതിര്‍പ്പുകളേയും നേരിട്ടുകൊണ്ട്, സ്വന്തം ഭര്‍ത്താവിന്റെ പോലും പിന്തുണയില്ലാതെ. കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി    രണ്ടുപേരേയും   ബാംഗ്ലൂരില്‍‍ അയച്ചു പഠിപ്പിച്ചു. മകളെ നഴ്സിങ്ങിനും ‍പയ്യനെ ഹോട്ടല്‍ മാനേജ്മെന്റിനും.അക്കാലത്ത് അനുഭവിച്ച ദുരിതങ്ങള്‍ അവര്‍ പറയുന്നതു കേട്ടാല്‍ സങ്കടം തോന്നും. ഇവര്‍ കുട്ടിയെ ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കും. അവന്റെ വീട്ടുകാര്‍ തിരിച്ചുകൊണ്ടുവരും, അങ്ങനെ ‍ കണക്കില്ലാതെ.  രണ്ടുപേരും നന്നായി പഠിച്ചു, അവള്‍  B.Sc. നഴ്സ് ആയി. അവന്‍  ഹോട്ടല്‍ മാനേജ്മെന്റ് പാസ്സായി.(ഇപ്പോള്‍ എറണാകുളത്തെ  വലിയ ഒരു ഹോട്ടലിലെ മാനേജര്‍).  ലണ്ടനിലേക്കു പോകാനൊരുങ്ങുന്നു.    അവരുടെ കുട്ടിയുടെ മാമോദിസക്കാണ്‌‍ ഞാന്‍ പോയത്‌. കല്യാണം ശരിക്കു കഴിക്കാന്‍ പറ്റിയില്ലല്ലോ, അതുകൊണ്ടാണ്‌‍ മാമോദിസ കേമമായിട്ടു കഴിച്ചതു്. എല്ലാവര്‍ക്കും മരുമകനെ ഒന്നു പരിചയപ്പെടുത്താനും. .

ആ പയ്യനും ഇവരുടെ മതത്തില്‍ ചേര്‍ന്നു എന്നാണ്‌‍ മനസ്സിലായതു് (സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല). ഒരുപക്ഷേ അവനു തോന്നിയിരിക്കാം വെറും കിളിയായിരുന്ന തന്നെ പഠിപ്പിച്ചു  സമൂഹം     അംഗീകരിക്കുന്ന തരത്തില്‍  ആക്കിയതു് ഇവരല്ലേ എന്നു്. അതെന്തോ ആവട്ടേ,     അതിലേക്കു് ഞാന്‍ കടക്കുന്നില്ല.

ആ അമ്മയുടെ ഭാഗത്തുനിന്നുകൊണ്ടാണ്‌‍ ഞാന്‍  പറയുന്നതു്. അവര്‍  ഇതുപോലെ സന്തോഷിക്കുന്നതില്‍ തെറ്റുണ്ടോ, സന്തോഷിക്കുകയല്ലാ, സമാധാനിക്കുകയാണ്‌   എന്നതല്ലേ    ശരി. അവര്‍‍ ഒരു കാര്യം കൂടി പറഞ്ഞു. ഞാനെന്റെ മരുമകനോട് പറഞ്ഞിട്ടുണ്ട്. നിന്റെ അഛന്റേയും അമ്മയുടേയും കാര്യം കഴിഞ്ഞിട്ടേ നിനക്ക് ഞങ്ങളൊക്കെ ഉണ്ടാവാന്‍ പാടുള്ളൂ എന്നു്.

തിരിച്ചുപോന്നപ്പോള്‍  ഞാനൊരുപാട് ആലോചിച്ചു.ആ അമ്മയുടെ ഭാഗത്തുനിന്നു്. അന്നത്തെ മനസ്സിലെ ഇരുട്ടും ഇന്നത്തെ അവരുടെ  സമാധാനവും. എനിക്കവരെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുന്നു.

എഴുത്തുകാരി.

Friday, November 13, 2009

ഇതു ന്യായമോ!

പതിവുപോലൊരു യാത്ര. ഉച്ച സമയം. ബസ് സ്റ്റോപ്പില്‍ കാര്യമായിട്ടാരും ഇല്ല. ഒരു ബസ്സു കടന്നുപോയി ഞാനെത്തുന്നതിനുമുന്‍പേ, അതുകൊണ്ടാവും.. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അപ്പുറത്തുള്ള ചെറിയൊരു മരത്തിന്റെ ഇത്തിരി തണലിലാവും.. വലിയൊരു ആല്‍മരം, ആല്‍ത്തറയും തണലുമൊക്കെയായിട്ടിവിടെ ഉണ്ടായിരുന്നതു് അത്ര പഴയ ചരിത്രമൊന്നുമല്ല, ഏറിയാല്‍ രണ്ടു വര്‍ഷം. അതിനെ പറ്റി ഇവിടെ.

സാധാരണ ഒരു ബസ് സ്റ്റോപ്പ്. ഒരു പച്ചക്കറി കട. ഒരു ചായക്കട. വേറെ ഒന്നു രണ്ടു കടകള്‍. ഇത്രയുമുള്ള ഒരു ഗ്രാമത്തിലെ ടിപ്പിക്കല്‍ ബസ്റ്റോപ്പ്. കുറച്ചു ഓട്ടോ റിക്ഷകള്‍. അതിന്റെ ഡ്രൈവര്‍മാര്‍ കൂട്ടം കൂടി സൊറ പറഞ്ഞിരിക്കുന്നു. ഉച്ചയായതുകൊണ്ടാവും, കാര്യമായിട്ടാരുമില്ല. ഇനി ഒരു മൂന്നുനാലു മണിയാവണം അന്തരീക്ഷം സജീവമാവണമെങ്കില്‍.

ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്‍‍ തെക്കുഭാഗത്തുനിന്നു വന്ന ഒരു പെട്ടി ഓട്ടോറിക്ഷ വലത്തോട്ടു തിരിഞ്ഞു. റോഡുപണി (നാലുവരിപ്പാതയാക്കല്‍ - NH 47) നടക്കുന്നതുകൊണ്ട് അങ്ങനെ ഇടക്കൊന്നും തിരിയാനുള്ള സൌകര്യമില്ല. മിക്കവാറുമൊക്കെ വണ്‍ വേ ആയിക്കഴിഞ്ഞു.കുറേ അകലേ പോയിട്ടു് തിരിച്ചു വീണ്ടും പുറകിലേക്കു വരേണ്ടിവരും. അവിടെ തിരിയാം എന്നറിയാതെ, തിരിയാനുള്ള വഴി കണ്ടപ്പോള്‍ പെട്ടെന്നു തിരിഞ്ഞതാണോന്നറിയില്ല, സിഗ്നല്‍ ഇടാതെ പെട്ടെന്നാണതു തിരിഞ്ഞതു്. തൊട്ടുപുറകേ ഒരു കാര്‍ - ഇത്തിരി കൂടിയതു് ലാന്‍സറോ, ആക്സെന്റോ, സ്കോഡയോ അതുപോലെ എന്തോ ഒന്നു്, ചീറിപ്പാഞ്ഞു വരുന്നുണ്ടായിരുന്നു. വലിയ ശബ്ദത്തോടെ അതു ബ്രേക്കിട്ടു. പെട്ടി ഓട്ടോയില്‍ തട്ടിയില്ല, പകരം ഡിവൈഡര്‍ പോലെ എന്തോ ഒന്നുണ്ട്, അതില്‍ തട്ടി. കാറിനു് ചില്ലറ പരുക്കും പറ്റി. ഒരു ചെറുപ്പക്കാരനായിരുന്നു ഡ്രൈവര്‍. അയാള്‍ ഇറങ്ങിവന്നു, ഭയങ്കര ദേഷ്യത്തില്‍ (ദേഷ്യം വരാതിരിക്കുമോ) ഓട്ടോ ഡ്രൈവറോടെന്തോ പറഞ്ഞുകൊണ്ട്. പെട്ടി ഓട്ടോയിലെ ഡ്രൈവറും ‍ പുറത്തിറങ്ങി. അപ്പഴാ മനസ്സിലായതു് അതൊരു സ്ത്രീ ആയിരുന്നു. അപ്പോഴേക്കും ഓട്ടോറിക്ഷാ ചേട്ടന്മാരെല്ലാം ഓടിക്കൂടി. എന്തിനു പറയുന്നു, എല്ലാവരും പെട്ടി ഓട്ടോയുടെ ഭാഗത്ത്. സിഗ്നല്‍ കൊടുക്കാതെ തിരിഞ്ഞ പെട്ടി ഓട്ടോയുടെ തെറ്റ് തെറ്റല്ലെന്നായി. നാട്ടുകാരിയായതുകൊണ്ടോ, അവരുടെ കൂട്ടത്തില്‍ പെട്ട ആളായതുകൊണ്ടോ അതോ ഇനി സ്ത്രീയായതുകൊണ്ടോ! അറിയില്ല. മറിച്ചു ഒരു തെറ്റും ചെയ്യാത്ത കാറുകാരന്‍ കുറ്റക്കാരനും. കുറച്ചുനേരം തര്‍ക്കിച്ചിട്ടു പാവം കാറില്‍ കയറി പോയി.
ഇതു കണ്ടുകൊണ്ടിരുന്ന ഞങ്ങള്‍ രണ്ടു പേര്‍ ഇതെന്തു ന്യായംഎന്നു സ്വയം ചോദിച്ചുകൊണ്ട് പ്രതികരിക്കാതെ മിണ്ടാതിരുന്നു, അതാവും ബുദ്ധി എന്നു തോന്നിയതുകൊണ്ട്.
-----------------
വായന‍ മരിച്ചു മരിച്ചു എന്നു പറഞ്ഞാരെങ്കിലും കരയുന്നുണ്ടോ ഇവിടെ. ഇല്ലേ, എന്നാലെനിക്കു തോന്നിയതാവും. ഞാനിന്നലെ തൃശ്ശൂര്‍ ഡിസി ബുക്സില്‍ പോയപ്പോള്‍ അവിടെ ഒരു പൂരത്തിന്റെ തിരക്കു്. (പൂരത്തിന്റെ എന്നൊക്കെ വെറുതെ പറഞ്ഞതാട്ടോ. എന്നാലും ഇഷ്ടം പോലെ ആളുണ്ടായിരുന്നു). എല്ലാ പ്രായത്തിലും പെട്ടവര്‍. ഗൈഡുകള്‍ വാങ്ങുന്നവരുണ്ട്,പുസ്തകം തിരഞ്ഞുപിടിച്ചു വാങ്ങുന്നവരുണ്ട്, ലിസ്റ്റ് കൊണ്ടുവന്നിട്ടു വാങ്ങുന്നവരുണ്ട്. ഞാനും വാങ്ങി മൂന്നാലു പുസ്തകങ്ങള്‍.
അതിലൊന്നു് “ആമേന്‍”. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിലും വിമല കോളേജിലുമൊക്കെ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ജെസ്മി എഴുതിയതു്.
ബൂലോഗത്ത് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം കൂടിയാണതു്. നമ്മുടെ സുനില്‍ കൃഷ്ണന്‍ ഒരു വിശദമായ പോസ്റ്റ് ഇട്ടിരുന്നു. അതിവിടെ.അന്നു വിചാരിച്ചതാ വായിക്കണമെന്നു്‌. കന്യാസ്ത്രീ മഠത്തിന്റെ കൂറ്റന്‍ മതില്‍ക്കെട്ടില്‍ നിന്നും പുറത്തുകടന്ന അവര്‍ പറയുന്നതെന്താണെന്നറിയാനൊരു കൌതുകം. എന്നും പുറത്തുനിന്നു കണ്ട് അത്ഭുതപ്പെട്ടിരുന്നൊരു ലോകമാണതു്. വില 100 രൂപ. വിമല കോളേജില്‍ അവരോടൊപ്പം ജോലിചെയ്തിട്ടുള്ള എന്റെ ഒരു സുഹൃത്തുമായി ഇതിനേപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. വായിച്ചു തുടങ്ങിയിട്ടേയുള്ളൂ.

എഴുത്തുകാരി.

Thursday, November 5, 2009

കണക്കെഴുത്തും, അമ്മിണിക്കുട്ടിയും

രണ്ടു ദിവസത്തെ കണക്കുണ്ട് എഴുതാന്‍. അല്ലെങ്കില്‍ ചോദ്യം വരുമല്ലോ.  ഇന്നലെ ആയിരം രൂപ വച്ചിട്ടിത്രവേഗം  കഴിഞ്ഞോ? കൃത്യായിട്ടെഴുതി വച്ചാല്‍ മണി മണിയായിട്ടു പറയാല്ലോ. കണക്കു നോട്ടോന്നൂല്യ, എന്നാലുമുണ്ട് ഇടക്കൊരു ചോദ്യം. എല്ലാത്തിലും തന്റെ കണ്ണു ചെല്ലുന്നു എന്നു് പാവം അമ്മിണിക്കുട്ടിയെ ബോദ്ധ്യപ്പെടുത്താനാവും.  ചിലപ്പോള്‍ അവള്‍ മന:പൂര്‍വ്വം പറയാതിരിക്കും.  ദേഷ്യപ്പെടാനും കുറ്റപ്പെടുത്താനുമൊക്കെ  നിന്നു കൊടുക്കും.അതൊക്കെ അവരുടെ ഒരവകാശമല്ലേ.  പാവം എന്നോടല്ലാതെ മറ്റാരോടാ ഈ ഞാനെന്ന ഭാവം കാണിക്കുക. ഓഫീസില്‍ പറ്റുമോ, അവരു പോയി പണി നോക്കാന്‍ പറയില്ലേ?

തെറ്റ് (ഇനിയിപ്പോ തെറ്റല്ലെങ്കിലും) സമ്മതിച്ചു കൊടുത്ത് , പറയാനുള്ളതൊക്കെ മിണ്ടാതെ കേട്ടുനിന്നാല്‍  സന്തോഷാവും (അമ്മിണിക്കുട്ടി ഉള്ളില്‍ ചിരിക്കും) അതിന്റെ ഒരു പങ്കു്(സന്തോഷത്തിന്റെയേയ്) നമുക്കു തന്നെയാ തിരിച്ചുകിട്ടുക. അമ്മിണിക്കുട്ടീടെ അനുഭവത്തീന്നു പറയ്യാണേ. ഇനി വല്ലപ്പോഴും ഇത്തിരി ദേഷ്യപ്പെടേ ചീത്തപറയ്യേ ചെയ്താലെന്താ, അമ്മിണിക്കുട്ടിക്കൊരു സങ്കടോമില്ല എത്ര ബുദ്ധിമുട്ടിയിട്ടാ പോയി ജോലി ചെയ്തു തന്റേം മക്കളുടേം കാര്യമൊക്കെ നോക്കുന്നതു്, ഒന്നിനുമൊരു കുറവില്ലാതെ.താനിവിടെ വീട്ടില്‍ തന്റെ ഇഷ്ടത്തിനും സൌകര്യത്തിനുമല്ലേ എല്ലാം ചെയ്യുന്നതു്. ഇപ്പോ പലരും പറയുന്നപോലെ ഒപ്പത്തിനൊപ്പമോ (വേറെ എന്തോ ഒരു പേരുണ്ടല്ലോ, ആ എന്തോ ആവട്ടെ) അതില്‍ കൂടുതലോ  ഒന്നും വേണ്ടാ തനിക്കു്.  ഇതൊക്കെ വായിച്ചിട്ടിനി ആര്‍ക്കെങ്കിലും അമ്മിണിക്കുട്ടിയോട് ദേഷ്യം വരുമോ ആവോ? എന്നാലും സാരല്യ. 

അതൊക്കെ പോട്ടെ. കാടും മലയും കേറി കേറി എവിടേക്കാ ഈ പോണേ? പറയാന്‍ വന്ന കാര്യം മറന്നു. രാവിലത്തെ ഒരു കാര്യം പറയാനാ വന്നതു്.

കണക്കെഴുതുന്ന ഡയറിയും പേനയും കണക്കെഴുത്തുകഴിഞ്ഞു വായിക്കാന്‍ പുസ്തകവും പത്രവുമൊക്കെയായിട്ടു പൂമുഖത്തു വന്നിരുന്നപ്പോ കാടുകയറിപ്പോയ ചിന്തകളാ ഈ പറഞ്ഞതൊക്കെ.  150 രൂപയുടെ കുറവ്. തിരിച്ചും മറിച്ചും, മറിച്ചും, തിരിച്ചും, നോക്കിയിട്ടും, നോ രക്ഷ.

ആരാ ഗേറ്റ് കടന്നുവരുന്നതു്. പതിവുപോലെ കുടുംബശ്രീ പ്രോഡക്റ്റ്, സേല്‍സ് ഗേള്‍. ചെറുപ്പക്കാരികളാ പതിവ്, ഇന്നിത്തിരി പ്രായമുള്ള സ്ത്രീ ആണല്ലോ അതും തനിച്ചു്. അച്ചാര്‍-കറിപൌഡര്‍ ആണോ, അതോ, നൈറ്റിയോ? (പച്ചവെള്ളത്തില്‍, അല്ല ചൂടുവെള്ളത്തില്‍  വീണ പൂച്ചയാ താനിക്കാര്യത്തില്‍. കഴിഞ്ഞ തവണ വാങ്ങിയ  നൈറ്റി ഒന്നു നനച്ചപ്പോള്‍  മദാമ്മമാരിടുന്ന  കുട്ടിയുടുപ്പായി രൂപാന്തരം പ്രാപിച്ചു!). ഇന്നതൊന്ന്വല്ല,   ഈച്ചയും കൊതുകും വരില്ല, ചെടിക‍ള്‍ക്കു തളിച്ചാല്‍  പ്രാണിശല്യം ഉണ്ടാവില്ല.. അതും  വേണ്ട, ഇനി അതു തളിച്ചിട്ടുവേണം പൂമ്പാറ്റകള്‍ കൂടി വരാതാവാന്‍. അവരു കൂടിയല്ലേ  ഈ ഭൂമിയുടെ അവകാശികള്‍. എന്നാരോ പറഞ്ഞിട്ടില്ലേ, ഉവ്വ്.

ഇതൊന്നും വേണ്ടെന്നു പറഞ്ഞാല്‍ ഇത്തിരി ദേഷ്യത്തോടെയാണെങ്കിലും  അവരു പോകാറാ പതിവു്. ഇന്നു  പോയില്ല, പകരം ആ ബാഗ് മാറ്റിവച്ചിട്ട് പടിയില്‍ ഇരുന്നു. വെറ്റിലപ്പൊതി എടുത്തൊന്നു മുറുക്കി. എന്നിട്ടു പറയ്യാ  കൈ നോക്കി ഫലം പറയാമെന്നു്. അമ്മിണിക്കുട്ടിക്ക് വല്യ മോഹമുണ്ടായിരുന്നു കാര്യങ്ങളറിയാന്‍. നോക്കാന്‍. പക്ഷേ  അതു മതി  അഛനും മക്കള്‍ക്കും പിന്നെ കളിയാക്കാന്‍. എന്നാല്‍ അവരോട് പറയേണ്ടെന്നുവച്ചാലോ, അതമ്മിണിക്കുട്ടിക്കൊട്ടു പറ്റൂല്ല്യ.

ടീച്ചറാണല്ലേന്നൊരു ചോദ്യം. (ഉവ്വ്, ടീച്ചര്‍ പോയിട്ട് ടീച്ചറുടെ  ഭാര്യയാവാന്‍  പോലും ‍ പറ്റിയില്ല.) അപ്പോ ടീച്ചറുടെ ഒരു ലുക്ക് ഒക്കെയുണ്ടല്ലേ!

മടിച്ചു നിന്നപ്പോള്‍‍ അവര്‍ പറഞ്ഞു, എന്തിനാ കൈ കാണണേ, മുഖം കണ്ടാലറിയാല്ലോ  മനസ്സിലൊരുപാട് കാര്യങ്ങളുണ്ട് പറയാന്‍, നാലാളറിയണംന്നു മോഹോണ്ട്,  സംശയിക്കണ്ടാ,ഉത്സാഹിച്ചോളൂ, നടക്കുംന്നു്. എഴുതേം വായിക്കേമൊക്കെ ചെയ്യണ ആളല്ലേ എന്നു്. പോരേ പൂരം, എന്നാലും ഇങ്ങനേണ്ടോ, എങ്ങനെയാ ഇവര്‍ക്കു മനസ്സിലാവണേ മനസ്സിലുള്ളതു്. എത്രയെത്ര കാര്യങ്ങളാ പറയാനുള്ളതു്. എല്ലാരുമെഴുതണ പോലെ എഴുതാനൊന്നും അറിയില്യ, ആരെങ്കിലും കളിയാക്യാലോന്നൊരു പേടിയും.അതു കൊണ്ടല്ലേ മടിച്ചു നിക്കണേ.

എന്നാലും സാരല്യാ, ഇനി ഇങ്ങനെയായാ പറ്റില്ല, ഒന്നുകൂടി ഉഷാറാവണം.വിഷുവിനും സംക്രാന്തിക്കും മാത്രായാല്‍ പോരാ. അതെ, ബ്ലോഗിന്റെ കാര്യം തന്നെയാ പറയണെ.

.............................

പാവം അമ്മിണിക്കുട്ടി.  അല്ലേ?

എഴുത്തുകാരി.