camera കേടുവന്നു (വെള്ളം കടന്നു.ഹോഗനക്കല്‍ പോയതിന്റെ ബാക്കിപത്രം-
കവറിലാക്കി പൊതിഞ്ഞൊക്കെ വച്ചിരുന്നു, എന്നാലും സംഭവിച്ചുപോയി). അതൊന്നു നന്നാക്കണമല്ലോ. എവിടെ കൊടുക്കും? ഇലക്ട്രീഷ്യന്‍ രവി വന്നപ്പോള്‍ പറഞ്ഞു, നമ്മുടെ അക്കരേലെ ഗോപാലേട്ടന്റെ മകന്‍ ദാസനില്ലേ, അവന്‍
നല്ല മിടുക്കനാത്രേ, കാമറ റിപ്പെയര്‍ ചെയ്യാന്‍. ആമ്പല്ലൂരാ. പക്ഷേ അവനിപ്പോള്‍ മൂവി കാമറകള്‍ മാത്രമേ നോക്കുന്നുള്ളൂ, അത്ര തിരക്കാത്രേ.(അക്കരെ എന്നു വച്ചാല്‍ പുഴക്കു് അക്കരെ.നെല്ലായിയുമായിട്ടു് കണക്ഷന്‍ ഉണ്ടാവും എങ്ങിനെയായാലും.ചിലര്‍ക്കൊക്കെ ഇപ്പഴും സ്വന്തം വഞ്ചി ഉണ്ട്, ഇക്കരെ കടക്കാന്‍. വളഞ്ഞു ചെങ്ങാലൂരു വഴി വരുന്നതിലും എത്രയോ എളുപ്പം. വഞ്ചി കടന്നു ഇക്കരെ എത്തിയാല്‍ NH 47 ആയി. തന്നെയല്ല, ഗോപാലേട്ടനു് ഇക്കരെ നെല്ലായിലു് കച്ചോടോം ഉണ്ടായിരുന്നു)
ശരി, എന്തായാലും, അമ്പല്ലൂരല്ലേ, ഒന്നു പോയി നോക്കാം. ഇനി ഇപ്പോ മൂവി കാമെറ അല്ലാത്തതുകൊണ്ട് നന്നാക്കിയില്ലെങ്കില്‍ തന്നെ, വേറെ എവിടെയാണ് നല്ല റിപ്പയറിങ്ങ് ഉള്ളതെന്നു ചോദിക്കാല്ലോ.
പോയി.ദാസനേയോ, അച്ചന്‍ ഗോപാലേട്ടനേയോ എനിക്കു നേരിട്ടു പരിചയമൊന്നുമില്ല. എന്നലും നെല്ലായിക്കാരി
ആണെന്നു പറഞ്ഞാല്‍ ഒരു പരിഗണന കിട്ടാതിരിക്കുമോ? പക്ഷേ ഒന്നുമുണ്ടായില്ല. ആരാ ദാസന്‍, ഞാന്‍ ചോദിച്ചു, ഞാന്‍ നെല്ലായില്‍ നിന്നാണെന്നു പറഞ്ഞു. അകത്തിരിക്കുകയായിരുന്ന ദാസന്‍ ഒന്നു് എണീറ്റുവന്നതുപോലുമില്ല. എനിക്കു തോന്നി, എന്തൊരു ജാഡ, ഒന്നു അടുത്തേക്കു വന്നാല്‍ എന്താണയാള്‍ക്ക്, എന്താ മനുഷ്യനു് ഇത്രയൊക്കെ മര്യാദ ഇല്ലാതാവുന്നതു് എന്നൊക്കെ ചിന്തിച്ചു കൂട്ടി.
എന്തോ ആവട്ടെ, കൌണ്ടറിലിരുന്ന ആള്‍ പറഞ്ഞു, നോക്കിയിട്ടു വിളിക്കാം. ശരി, അല്ലാതെ വേറൊന്നും ചെയ്യാനില്ലല്ലോ എനിക്കു്. ഒരാഴ്ച കഴിഞ്ഞു, വിളിച്ചു, “ മെമ്മറി“ യും കൊണ്ടു വരാന്‍ പറഞ്ഞു. അന്നു പോയപ്പോള്‍ ദാസന്‍ മാത്രമേയുള്ളൂ അവിടെ, മറ്റേയാള്‍ ഇല്ല. അതിട്ടു നോക്കി, വേറെ എന്തോ കൂടി പ്രശ്നമുണ്ടെന്നു പറഞ്ഞു.
അതു കഴിഞ്ഞ് എനിക്കതു തരാനായി ദാസന്‍ എഴുന്നേറ്റുവന്നു.
പാവം ദാസന്‍, രണ്ടു കാലുകളും തളര്‍ന്നതാണ്. വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നതു്. എന്നിട്ടെന്നോടു പറഞ്ഞു, ഞങ്ങളിപ്പോള്‍ സ്റ്റില്‍ കാമറ എടുക്കാറില്ല, പിന്നെ നെല്ലായീന്നാണെന്നു പറഞ്ഞതുകൊണ്ടാ, ഇതെടുത്തതു്.
ഒരു നിമിഷം എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി. ഞാനെന്തൊക്കെയാ ആ പാവത്തിനെ പറ്റി ആലോചിച്ചുകൂട്ടിയതു്?
എഴുത്തുകാരി.
Friday, November 30, 2007
എന്റെ ഇരുപത്തഞ്ചാമത്തെ പോസ്റ്റ് -- ചില മിഥ്യാ ധാരണകള്‍
Posted by Typist | എഴുത്തുകാരി at 11:14 PM 37 മറുമൊഴികള്‍
Wednesday, November 7, 2007
ഇന്നത്തെ തമാശ
രാവിലെ മോണിങ്ങ് വാക്കിനു പോയി വരുമ്പോള്‍, മേനോന്‍ ചേട്ടന്‍ വിളിച്ചുപറഞ്ഞു " ദേ ഇവിടെ ഇപ്പറത്ത് നിക്കണ ഒരു കുല പഴുത്തു തുടങ്ങി,കിളി തിന്നു പോണ്ട, അതു വേഗം വെട്ടി വച്ചേക്കു് " എന്നു്. രാധമ്മ അതു കേട്ടു വന്നു, ഉടനേ പറഞ്ഞൂ," പിണ്ടി ആര്‍ക്കും കൊടുക്കല്ലേ, എനിക്കു വേണം". ഓ ശരി തന്നേക്കാം, എന്നു ഞാനും പറഞ്ഞു.
ഞാന്‍ അതു വീട്ടില്‍ വന്നു പറഞ്ഞു, പിന്നെ തിരക്കില്‍ മറന്നും പോയി.
കുറേ കഴിഞ്ഞു ഞാന്‍ അമ്പലത്തില്‍ പോയപ്പോള്‍, മേനോന്‍ ചേട്ടനുണ്ട് അവിടെ. കമ്മിറ്റിക്കാരുമൊക്കെ ആയിട്ട് വേറേയും കുറച്ചുപേരുണ്ട്. എന്നോട് പറഞ്ഞു, എനിക്കൊരബദ്ധം പറ്റിയതാട്ടോ, രാവിലെ വെയിലിന്റെ ഗ്ലെയറുകൊണ്ട് എനിക്കു തോന്നിയതാ,പഴുത്തിട്ടൊന്നൂല്യാ എന്നു്. അതുപോരേ,തുടങ്ങിയില്ലേ എല്ലാരുംകൂടി മേനോന്‍ ചേട്ടനെ വാരാന്‍.
ഓ, സമ്മതിച്ചൂല്ലേ വയസ്സായെന്നു്, കണ്ണു ശരിക്കു കാണില്ലെന്നും, അബദ്ധം പറ്റുമെന്നൊക്കെ. (നമ്മുടെ കഥാനായകനു്‍ 60 വയസ്സു കഴിഞ്ഞു, എന്നാലും ഡൈ ഒക്കെ ചെയ്തു നല്ല ചുള്ളമണി ആയാണ് നടപ്പു്). തിരിച്ചൊന്നും പറയാനില്ല, നമ്മുടെ ചേട്ടന്.
തിരിച്ച് വീട്ടില്‍ വന്നപ്പോഴല്ലെ, പഴുത്തു തുടങ്ങിയ ഒന്നു രണ്ടു പടല കായ ഇരിക്കുന്നു, അടുക്കളയില്‍. ഞാനോടിപ്പോയി നോക്കി. വാഴയും, ബാക്കി പഴുക്കാത്ത കുലയും ഒന്നും സംഭവിക്കാത്തതുപോലെ അവിടെ നില്‍ക്കുന്നു.
നമ്മുടെ മേനോന്‍ ചേട്ടന്‍ രണ്ടാമതു് കണ്ടതു്, പടല ഉരിഞ്ഞശേഷമുള്ള കുലയായിരുന്നു.
പാവം പാവം മേനോന്‍ ചേട്ടന്‍!! ഇനി പറയാന്‍ പോയാല്‍ എന്നെ തല്ലാന്‍ വരും.
എഴുത്തുകാരി.
അടിക്കുറിപ്പ് -- പേരുകള്‍ മാത്രം സാങ്കല്പികം , സംഭവം സത്യം - 3-4 മണിക്കൂര്‍ മുന്‍പു നടന്നതു്
Posted by Typist | എഴുത്തുകാരി at 11:26 AM 26 മറുമൊഴികള്‍
Thursday, November 1, 2007
റിയാലിറ്റി ഷോ - മലയാളിയുടെ പുതിയ രോമാഞ്ചം
ടി വി യില്‍ ഒരു പരിപാടിയും അങ്ങിനെ സ്ഥിരമായി കാണുന്ന ശീലം എനിക്കില്ല( ന്യൂസ് ഒഴികെ). അവിടെ എത്തുന്ന നേരത്തു് ഇഷ്ടപ്പെട്ടതെന്തെങ്കിലും ഉണ്ടെങ്കില്‍ കാണും, നല്ല സിനിമകളുണ്ടെങ്കിലും, കാണും, അത്ര തന്നെ.
ഇന്നലെ, അതുപോലൊരു സമയത്ത്, പരസ്യത്തിന്റെ ഇടവേളയില്‍, ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്ന-
പ്പോഴാണ് അതു കണ്ടതു്. ഒരു ചാനലില്‍ ആകെ ശോകമൂകമായ ഒരു അന്തരീക്ഷം. അവതാരിക കരയുന്നൂ, participants കരയുന്നൂ, judges കരയുന്നൂ, കാണികള്‍ കരയുന്നൂ, എന്തിനു പറയുന്നു, വിഷാദം ഉറഞ്ഞുകൂടിയിരിക്കുന്നു എന്നൊക്കെ പറയാറില്ലേ (ഇല്ലേ പറയാറില്ലേ?) അതു പോലെ. അതിനു ചേര്‍ന്ന ഒരു back ground music ഉം.
സംഭവം ഇതാണ് - star singer നെ തിരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോ ആണ്. SMS വോട്ടിന്റെ അടിസ്ഥാനത്തില്‍, അന്നു് ഒരു പാട്ടുകാരന്‍ ഔട്ട് ആയിരിക്കയാണ്. ഒരു 20-22 വയസ്സു കാണും. അയാള്‍ തേങ്ങി തേങ്ങി കരയുകയാണ്. ബാക്കിയുള്ള പാട്ടുകാര്‍ എല്ലാരും കൂടി കെട്ടിപ്പിടിച്ചു് നിയന്ത്രണം വിട്ടു് കരയുന്നു. അവതാരികക്കു് ഒന്നും പറയാന്‍ കഴിയുന്നില്ല, തൊണ്ട ഇടറിയിട്ടു്. അതു കഴിഞ്ഞ് പുറത്തേക്കു വരുന്നു, എല്ലാരും കൂടി വീണ്ടും കൂട്ടക്കരച്ചില്‍. എത്രയോ പേര്‍ കണ്ടു കൊണ്ടിരിക്കുകയാണിതു്. (സത്യം പറയാല്ലോ, ആര്‍ക്കും സങ്കടം
വന്നുപോവും, ആ രംഗം കണ്ടാല്‍).
കേരളത്തിന്റെ പുതിയ മുഖമാണിതു്. ചാനലുകള്‍ മത്സരമാണ്. കണ്ണീര്‍ സീരിയലുകളെല്ലാം റിയാലിറ്റി ഷോകള്‍ക്കു് വഴിമാറിയിരിക്കയാണ്. സൂപ്പര്‍ ഡാന്‍സര്‍, സൂപ്പര്‍ സിങ്ങര്‍, സൂപ്പര്‍ ആക്റ്റര്‍, എല്ലാമുണ്ട്. വീട്ടമ്മമാര്‍ വിഷമിക്കേണ്ട, അവര്‍ക്കുമുണ്ട്, വനിതാരത്നവും, കുക്കറി ഷോ യുമെല്ലാം. ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും, തുറന്നു കാണിക്കാനും ഒരു അവസരം ഉണ്ടാകുന്നതു നല്ലതു തന്നെ. പക്ഷേ ലേശം അതിരു
കടക്കുന്നില്ലേ(ആരാണ് അതിരു നിശ്ചയിക്കുന്നതു് എന്നു് അല്ലേ) എന്നൊരു തോന്നല്‍. കുട്ടികളുടെ ജീവതലക്ഷ്യം തന്നെ ഇതായി മാറുന്നുവോ?
വളരെ കുറച്ചു കാലം മുമ്പു വരെ ഒരു വിഭാഗം അഛനമ്മമാരുടെ (പ്രത്യേകിച്ചു് അമ്മമാരുടെ) ലക്ഷ്യം മക്കളെ കലാതിലകവും കലാപ്രതിഭയും ഒക്കെ ആക്കലായിരുന്നു.(യുവജനോത്സവങ്ങളില്‍, രക്ഷിതാക്കള്‍ തമ്മിലുള്ള യുദ്ധം നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ). ഇന്നതെല്ലാം പഴയ കഥ. ആ സ്ഥാനം ഇന്നു റിയാലിറ്റി ഷോകള്‍ ഏറ്റെടുത്തിരിക്കുന്നു. കൈ നിറയെ സമ്മാനങ്ങള്‍, ബെന്‍സ് കാര്‍, സിറ്റിയില്‍ 40 ലക്ഷത്തിന്റെ ഫ്ലാറ്റ്, ഇതിനെല്ലാം പുറമേ, സിനിമയിലേക്കുള്ള ഓഫറുകളും.
ഒരു സ്റ്റേജ് കഴിഞ്ഞാല്‍ , participants എല്ലാം തന്നെ celebrities ആയി മാറുന്നു. അവരുടെ നാടു്, വീട്, അയല്‍ക്കാര്‍, പഠിപ്പിച്ച അധ്യാപകര്‍, തുടങ്ങി, നാട്ടുകാര്‍ വരെയുള്ളവരുമായി അഭിമുഖം, ആകെ ഒരു ഉത്സവലഹരി. ആനന്ദലബ്ധിക്കിനിയെന്തു വേണം!!
പാട്ടു മത്സരമായാല്‍ പോലും അതിലും വേണം ഡാന്‍സ്. പല ഡാന്‍സുകളും കാണുമ്പോള്‍, കുട്ടികളേക്കൊണ്ട് ഇത്രയൊക്കെ കാണിക്കണോ എന്നു തോന്നാറുണ്ട്. അമ്മമാര്‍ എങ്ങിനെ ഇതു അനുവദിക്കുന്നു എന്നും. ഏകദേശം മുഴുവനും തമിഴു് പാട്ടുകളാണു്. സാക്ഷാല്‍ ഡപ്പാംകുത്തു്. ശരീരമാകെ ഇളക്കിമറിച്ചു് ഉറഞ്ഞുതുള്ളുകയാണു്.
judges-- വളരെ പ്രശസ്തരായവര്‍ മുതല്‍ കണ്ടിട്ടോ കേട്ടിട്ടോ വരെ ഇല്ലാത്തവരും ഉണ്ട്. ചിലര്‍ കുട്ടികളോടു് അവരുടെ 'പെര്‍ഫോമന്‍സ്'നെ പറ്റി പറയുമ്പോള്‍ സങ്കടം തോന്നും, എന്തിനിതിനു നിന്നു കൊടുക്കുന്നു എന്നു്
എന്തായാലും കേരളത്തിന്റെ മാറുന്ന മുഖമാണിതു്.
എന്റെ കുഴപ്പം കൊണ്ടാണോ കൂട്ടുകാരേ, കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാതെ എനിക്കിങ്ങനെയൊക്കെ തോന്നുന്നതു്?. നിങ്ങള്‍ തന്നെ പറയൂ.
(പേടിയാവുന്നു, എല്ലാരും കൂടിയെന്നെ കല്ലെറിയല്ലേ!)
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 10:34 PM 27 മറുമൊഴികള്‍
Saturday, October 6, 2007
സഹയാത്രികനു് സ്നേഹപൂര്‍വം (ഒരു തുറന്ന കത്തു്)
പ്രിയപ്പെട്ട സഹയാത്രികാ,
ആദ്യം തന്നെ ഒരു ക്ഷമാപണം.
ഇന്നലെ രാത്രി ശ്രീ യുടെ കമെന്റ് കണ്ടു, 'ഇവിടെ' പോയി നോക്കാന്‍. എന്താണാവോ ഇവിടെ എന്നു് ആകാംക്ഷയോടെ നോക്കിയപ്പോള്‍, ദാ കിടക്കുന്നു എന്റെ " എഴുത്തോല" പുതിയ രൂപത്തിലും, ഭാവത്തിലും, സുന്ദരിയായി. ഓടിപ്പോയി അതെടുത്തു. തന്ന ആള്‍ക്കു് നന്ദിയൊക്കെ പിന്നെ പറയാം എന്നു വച്ചു. (അപ്പോഴേക്കും, എല്ലാവരും എടുത്തുകൊണ്ട് പോയിക്കഴിഞ്ഞിരുന്നു). ചില ' സാങ്കേതിക തടസ്സങ്ങളാല്‍', സഹയാത്രികനോടൊരു നന്ദി പോലും പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് പ്രിയപ്പെട്ട സ്നേഹിതാ, ക്ഷമിക്കില്ലേ എന്നോട്, ഓടി വന്നെടുത്തുകൊണ്ടുപോയിട്ട്, മിണ്ടാതിരുന്നതിനു്?
എന്റെ എഴുത്തോലക്കു ഏറ്റവും ഇണങ്ങുന്ന രൂപം/ഭാവം ഇതു തന്നെയല്ലേ? എവിടന്നു കിട്ടുന്നു മാഷേ, ഇത്ര നല്ല ആശയങ്ങള്‍? സത്യം പറയാല്ലോ, ഒരുപാട് സന്തോഷം തോന്നി. ഈ ബൂലോഗ കൂട്ടായ്മയില്‍ ഞാനും ആരോ ആണെന്ന തോന്നല്‍ (ഇത്രക്കൊക്കെ പറയാന്‍ എന്തിരിക്കുന്നു എന്നു തോന്നുമായിരിക്കും, പലര്‍ക്കും. പക്ഷേ ഞാന്‍ എന്റെ മനസ്സില്‍ തോന്നിയ വികാരം ഉറക്കെ പറഞ്ഞെന്നു മാത്രം).
പിന്നെ ഞങ്ങള്‍ പത്തു പേരും , ഞങ്ങളുടെ ഹൃദയവിശാലത ഒന്നു കൊണ്ട് മാത്രം ക്ഷമിച്ചിരിക്കുന്നു, അനുവാദം ചോദിക്കാതിരുന്നതിനു്, അല്ലേ കൂട്ടുകാരേ :))
ഇനി ഒരു രഹസ്യം. ഇതുവരെ കൊടുത്തതു് സാമ്പിള്‍. ഇതു കണ്ടിട്ടു്, ഡിമാന്‍ഡ് കൂടും, ആവശ്യക്കാരൊരുപാടുണ്ടാവും. അതുകൊണ്ട് ചെറിയ ഒരു ഫീസ് വച്ചാലോ? (പകുതി എനിക്കു്, ആശയം തന്നതു് ഞാനല്ലേ)
കത്തു് ചുരുക്കട്ടേ, സഹയാത്രികാ, നന്ദി, ഒരിക്കല്‍കൂടി.
സ്നേഹപൂര്‍വം,
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 4:19 PM 22 മറുമൊഴികള്‍
Sunday, September 30, 2007
എന്റെ മുറ്റത്തെ കിളിക്കൂട്`
കുറച്ചു ദിവസമായി , രണ്ടു കൊച്ചു കുരുവികള്‍ (ഏകദേശം രണ്ട് തീപ്പെട്ടിയുടെ അത്ര വലിപ്പമുണ്ടാവും) തൂക്കിയിട്ടിരിക്കുന്ന ചെടിച്ചട്ടിയില്‍ വന്നുപോകുന്നു. കൂടുകൂട്ടാനുള്ള ശ്രമത്തിലാണു്. ചെറിയ ഉണങ്ങിയ പുല്ലുകള്‍, നാരുകള്‍, വള്ളികള്‍, ഒരെണ്ണം പറന്നുപോയി കൊത്തിക്കൊണ്ടുവരും, മറ്റേകുരുവി ചട്ടിക്കുള്ളില്‍ ഇരുന്നുകൊണ്ട്` കൂടുണ്ടാക്കുന്നു. നല്ല കൌതുകമുള്ള കാഴ്ച. വൈകുന്നേരത്തോടെ കൂട് റെഡി. രണ്ടുമൂന്നു ദിവസം രണ്ട് കിളികളും ഇടക്കിടെ വരുമായിരുന്നു. ഞാന്‍ അവരെ ഉപദ്രവിക്കേണ്ടെന്നു കരുതി, ചെടികള്‍ക്കു വെള്ളം പോലും ഒഴിക്കാറില്ല.
പിന്നെ കുറച്ചു ദിവസം തീരെ കണ്ടില്ല. സിറ്റൌട്ടിന്റെ തൊട്ടുമുന്‍പില്‍ തന്നെയാണ് ഈ ചട്ടി. എപ്പോഴും ആള്‍പെരുമാറ്റം ഉള്ളതുകൊണ്ട് ഉപോക്ഷിച്ചു പോയിരിക്കും എന്നു കരുതി. എനിക്കു സങ്കടമായി. ചെടികള്‍ക്കു വീണ്ടും വെള്ളമൊഴിച്ചു തുടങ്ങി.
എന്തായാലും ഒന്നു നോക്കാം എന്നു കരുതി, ഇന്നു ഞാന്‍ പതുക്കെ ടോര്‍ച്ച് അടിച്ചുനോക്കിയപ്പോള്‍ അതിനുള്ളിലൊരു കുഞ്ഞു കുരുവി. അതിനു് ബുദ്ധിമുട്ടാകാത്ത തരത്തില്‍ അകലെ നിന്നുകൊണ്ട് എടുത്ത ഫോട്ടോ ആണിതു്. ഫോട്ടോയില്‍ നോക്കുമ്പോള്‍ ഒന്നല്ല, രണ്ടെണ്ണം കാണാം. ഇനിയും ഒരുപക്ഷേ കൂടുതല്‍ ഉണ്ടോ എന്നും അറിയില്ല.
നിങ്ങളും ഒന്നു നോക്കൂ.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 10:24 PM 23 മറുമൊഴികള്‍
Wednesday, September 19, 2007
പ്രകൃതിയുടെ വികൃതി
രാവിലെ കറി വയ്ക്കാന്‍ മുറിച്ചതാണ് കൊപ്പക്കായ (papaya) -- ചില സ്ഥലങ്ങളില്‍ ഇതിനെ കപ്പളങ്ങ, ഓമയ്ക്ക എന്നൊക്കെയാണ് പറയുന്നതു്.
സാധാരണ ഇതിന്റെ കുരു (മൂത്തതിന്റെ) കുരുമുളകുപോലെ കറുത്തു് മണിമണി ആയിട്ടായിരിക്കും.
എന്നാല്‍ ഇതൊന്നു നോക്കൂ. ഞാന്‍ ആദ്യമായിട്ടാണിങ്ങിനെ കാണുന്നതു്. എനിക്കു കൌതുകം തോന്നി. എന്നാല്‍ നിങ്ങളേക്കൂടി കാണിക്കാം എന്നു കരുതി.
ഒരു മുഴുത്ത കശുവണ്ടി പരിപ്പിന്റെ ഇരട്ടിയോളം വലിപ്പമുണ്ട്. കായുടെ സ്വാദിനോ, മരത്തിന്റെ ഇലയ്ക്കോ ഒന്നും ഒരു വ്യത്യാസവുമില്ല. പറമ്പില്‍ മറ്റൊരു മരമുണ്ട്. അതിലെ കായുടെ കുരു സാധാരണപോലെ തന്നെ. ഇതെന്താ ഇങ്ങിനെ? ആരെങ്കിലും ഒന്നു വിശദീകരിക്കാമോ?
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 4:58 PM 26 മറുമൊഴികള്‍
Monday, August 27, 2007
ഓണം, പൊന്നോണം
തിരുവോണാശംസകള്‍, എല്ലാവര്‍ക്കും.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 6:51 AM 10 മറുമൊഴികള്‍
Friday, August 17, 2007
ഓണം വരവായി.
ഒരോണം കൂടി. പൊന്നിന്‍ ചിങ്ങം വന്നു. ഇന്നു് ചിങ്ങം ഒന്നു്. അത്തവും ഇന്നുതന്നെ. മഴയൊക്കെ മാറി, നല്ല തെളിഞ്ഞ വെയില്‍. ഇനി പത്ത് നാള്‍ മാത്രം പൊന്നോണത്തിനു്.
മാവേലിത്തമ്പുരാനേ, ഞങ്ങള്‍ കാത്തിരിക്കുന്നൂ, പൂക്കളവുമൊരുക്കി, അങ്ങയെ വരവേല്‍ക്കാന്‍.
ഒരു നാടന്‍ പൂക്കളം, ചെമ്പരത്തിയും, ശംഖുപുഷ്പവും, മത്തപ്പൂവുമൊക്കെ കൊണ്ട്.
ആശംസകള്‍, എല്ലാ ബൂലോഗ സുഹ്രുത്തുക്കള്‍ക്കും.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 11:14 AM 23 മറുമൊഴികള്‍
Tuesday, July 17, 2007
ചില മഴക്കാല ചിന്തകള്‍
ഇന്നു് കര്‍ക്കിടകം ഒന്നു്.
മൂന്നു ദിവസമായി മഴ തകര്‍ത്തു പെയ്യുകയാണ്. കാക്ക പോലും പറക്കില്ല എന്നു പറയാറില്ലേ, അതുപോലെ ആകെ ഇരുണ്ടുമൂടി. ആരോടൊക്കെയോ ഉള്ള അമര്‍ഷം തീര്‍ക്കുന്നപോലെ. ഒന്നു പെയ്തു കഴിയുമ്പോഴേക്കും, ദ, വന്നൂ, ഇരുണ്ടുകൂടി മറ്റൊന്നു്.
ഞങ്ങളുടെ പുഴ -കുറുമാലി പുഴ - നിറഞ്ഞുതുടങ്ങി. ഇപ്പോള്‍ TV local channel ലും, റേഡിയോയിലും ഒക്കെ അറിയിപ്പു് വന്നു തുടങ്ങിയിട്ടുണ്ട്. ചിമ്മിനി ഡാം നിറഞ്ഞതിനാല്‍, ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ പോകുന്നു, കുറുമാലി പുഴയുടെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കുക എന്നു്.
അമ്പലത്തില്‍ നിന്നു് ഇറങ്ങുന്നതു് പുഴയിലേക്കാണ്. ആണുങ്ങള്‍ക്കു വേറെ, പെണ്ണുങ്ങള്‍ക്കു വേറെ കടവുകള്‍ ഉണ്ട്. രാവിലെ ഞാന്‍ പോയപ്പോള്‍ 6-7 പടവു് കൂടി ഉണ്ടായിരുന്നു മുങ്ങാന്‍. വെള്ളം കൂടുന്നതിനു് ഞങ്ങളുടെ കണക്കു് അതാണ്. ഇനി എത്ര പടിയുണ്ട് എന്നാണെല്ലാവരും ചോദിക്കുക. നോക്കി നില്‍ക്കുമ്പോള്‍ പടവുകളിലങ്ങനെ വെള്ളം വന്നു മൂടി മുങ്ങി പോവും.
ലേശം പുറകോട്ട്:
-----------------
ഞങ്ങളുടെ കുട്ടിക്കാലത്തു് ഞങ്ങള്‍ നീന്തിക്കടന്നിരുന്ന പുഴയാണതു് (പുഴ നിറഞ്ഞൊഴുകിയിരുന്ന സമയത്തല്ല, ഭയങ്കര ഒഴുക്ക് ആയിരിക്കും). പുഴ നീന്തി അക്കരെ എത്തിയാല്‍ എന്താ കിട്ടുക എന്നറിയ്യൊ? നീല നിറത്തില്‍ Apsara pencil ന്റെ ഒരു പെട്ടി. പെന്‍സില്‍ ഉണ്ടാവില്ല, പെട്ടി മാത്രം. പക്ഷേ അന്നതു് ബോംബേ യില്‍ ബന്ധുക്കളുള്ള ചിലര്‍ക്കു് മാത്രമുള്ള സ്വത്താണ്. അതുകൊണ്ട് ഈ ലോകത്തിലെ ഏറ്റവും വില കൂടിയ വസ്തുവും അന്നു് അതാണു്.
ഇന്നു്, പുഴവക്കത്തു് വീടുള്ള കുട്ടികള്‍ക്കു പോലും നീന്താന്‍ അറിയില്ലെന്നു കേട്ടാല്‍ അല്‍ഭുതപ്പെടേണ്ടാ. അതിനു് അവരെയല്ല, അവരുടെ അഛനമ്മമാരെയാണ് പറയേണ്ടതു്.
വീണ്ടും വര്‍ത്തമാനകാലത്തിലേക്കു്
----------------------------------
ചിമ്മിനി ഡാം കൂടി തുറന്നുവിട്ടു തുടങ്ങിയാല്‍ പുഴ ഒന്നുകൂടി നിറയും. മഴക്കിപ്പോഴും ഒരു ശമനമില്ല. തുള്ളിക്കൊരുകുടം വച്ചു പെയ്യുന്നു.
മലയാളികളായ, പ്രവാസികളായ, എന്റെ ബൂലോഗ സുഹ്രുത്തുക്കളേ, നാട്ടിലെ മഴക്കാലം കാണാന്‍ കൊതി ആവുന്നു ഇല്ലേ?
ഞാന്‍ ഒന്നുകൂടി പോയി നോക്കിയിട്ടുവരാം, ഇനി എത്ര പടി കൂടി ഉണ്ടു് മുങ്ങാന്‍ എന്നു്.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 2:26 PM 10 മറുമൊഴികള്‍
Monday, July 16, 2007
ഒരമ്മയുടെ --അല്ലാ, ഒരുപാട് അമ്മമാരുടെ ദു:ഖം
എന്റെ ഒരു സുഹ്രുത്ത് വിഷമത്തോടെ എന്നോട് പറഞ്ഞതാണിതു്.
ജോലിക്കു് പോകുന്ന ഒരമ്മ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ എന്തു മാത്രം ബുദ്ധിമുട്ടിയിരിക്കും
എന്നു് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം ചിറകിനടിയില്‍ ഒളിപ്പിച്ചു വച്ചു് വളര്‍ത്തിയിരുന്ന
ആ കുട്ടികള്‍ പെട്ടെന്നൊരു ദിവസം വളര്‍ന്നുവലുതായതുപോലെ. ഡ്രസ്സിന്റെ കാര്യം മുതല്‍, hair-style ന്റെ കാര്യവരെ, ഏതൊരു കൊച്ചുകാര്യത്തിനും അമ്മയുടെ പിന്നാലെ നടന്നിരുന്ന അവള്‍ക്കു് ,അല്ലെങ്കില്‍ അവനുസ്വന്തമായ തീരുമാനങ്ങളാവുന്നൂ, സ്വന്തമായ ലോകം ഉണ്ടാവുന്നൂ.
അമ്മയുടെ ചില അഭിപ്രായങ്ങള്‍, അമ്മ ചെയ്യുന്ന ചില കാര്യങ്ങള്‍ തെറ്റാണെന്നു് തോന്നി തുടങ്ങുന്നു.
അതു് വേണ്ടായിരുന്നു, അല്ലെങ്കില്‍, അതിങ്ങനെ ആവാമായിരുന്നില്ലേ എന്ന അമ്മയുടെ അഭിപ്രായ-
ത്തിനു്, ഏയ് അതുകൊണ്ടെന്താ കുഴപ്പം എന്നാവും മറുപടി.
അവരുടെ ലോകം വികസിക്കുകയാണ്. പക്ഷേ വെറും സാധാരണക്കാരിയായ ആ അമ്മയ്ക്കോ,
സ്വന്തം മക്കള്‍ക്കു ചുറ്റും കറങ്ങിയിരുന്ന ആ ലോകം ചുരുങ്ങി ചുരുങ്ങി വരുന്നതുപോലെ.
കാലത്തിന്റെ അനിവാര്യതയാണതു് . ഈ ലോകം ഉള്ളിടത്തോളം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്യും. അവള്‍ക്കും അറിയാം അതെല്ലാം. പക്ഷേ ആ അവസ്ഥ നേരേ മുമ്പില്‍ വന്നു്
നില്‍ക്കുമ്പോള്‍ ഒരു തേങ്ങല്‍. അത്രയേയുള്ളൂ.
അവള്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല, അതിനോട് പൊരുത്തപ്പെടുകയുമാണ്. But, ആ transition
period കുറച്ചു് സങ്കടകരം ആയിരിക്കും എന്നു് മാത്രം.
ഇതു് എന്റെ ആ കൂട്ടുകാരിയുടെ മാത്രം പ്രശ്നമാവില്ല, മറിച്ചു് എല്ലാ അമ്മമാരും, ഒരിക്കലല്ലെങ്കില്‍, മറ്റൊരിക്കല്‍ കടന്നുപോകാനിടയുള്ള ഒരു stage ആയിരിക്കും എന്നു് തോന്നിയതുകൊണ്ട് ഒന്നുറക്കെ
പറഞ്ഞെന്നുമാത്രം.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 6:18 PM 7 മറുമൊഴികള്‍
Tuesday, July 10, 2007
എളുപ്പത്തില്‍ ഒരു രസം
പുറത്തു് നല്ല മഴ. തണുപ്പും. നല്ല ചൂടു ചോറും തക്കാളി രസവും. പെട്ടെന്നുണ്ടാക്കാം.
ഇതാ തുടങ്ങിക്കോളൂ.
- തുവര പരുപ്പു് (ഒരു പിടി) വേവിച്ചു് വക്കുക.
- അതില്‍ രണ്ടു് തക്കാളി അരിഞ്ഞിടുക.
- വളരെ കുറച്ചു് പുളി പിഴിഞ്ഞതും ചേര്‍ക്കുക.
ഇതു് തിളക്കുമ്പോള്‍, -
- മല്ലിപ്പൊടി : 2 സ്പൂണ്‍
- കുരുമുളക് : 8-10 എണ്ണം
- ചുവന്ന മുളക് : 1 എണ്ണം
- ജീരകം : കുറച്ചു്
- വെളുത്തുള്ളി : 3-4 അല്ലി.
- കറിവേപ്പില : 2 തണ്ടു്.
ഇതെല്ലാം കൂടി നന്നായി ചതച്ച്/അരച്ചു് ഒഴിക്കുക.
മല്ലി ഇലയും അരിഞ്ഞിടുക. തിളപ്പിക്കുക. കടുകു് പൊട്ടിക്കുക.
തക്കാളി രസം റെഡി. എന്താ എളുപ്പമല്ലേ?
(ആവശ്യത്തിനു് ഉപ്പു് ഇടാന്‍ മറക്കരുതു്).
----------------------------------------------------------------------------------
വാല്‍ക്കഷണം:- ഒന്നു രണ്ടു പ്രാവശ്യം പരീക്ഷിച്ചതിനുശേഷമേ ചിലപ്പോള്‍
ശരിയായ "രസ"ത്തില്‍ എത്തുകയുള്ളൂ.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 1:56 PM 7 മറുമൊഴികള്‍
Thursday, June 28, 2007
മണ്ഡരിക്കു് മരുന്ന്/ഉമിക്കരി
വേറെ എന്തോ ജോലിത്തിരക്കിലായിരുന്നു. കോളിങ്ങ് ബെല്‍ അടിക്കുന്നതു്കേട്ടു വാതില്‍ തുറന്നു. ഒരു സ്ത്രീ. കണ്ട ഉടനെ അവര്‍ ചോദിക്കുന്നൂ, എത്ര തെങ്ങുണ്ട് ഇവിടെ, കായ്ക്കുന്നതെത്ര, കായ്ക്കാത്തതെത്ര, അതില്‍ മണ്‍ഡരി ഉള്ളതു് എത്ര എണ്ണമുണ്ട്?
Polio കുത്തിവയ്പെടുക്കാന്‍ പാകത്തിലുള്ള കുട്ടികളുണ്ടോ, പെണ്‍കുട്ടികള്‍ എത്ര പേര്‍ ഉണ്ട്, അതില്‍ സ്കൂളില്‍ പോകാത്തവരുണ്ടോ, ചിക്കുന്‍ ഗുനിയയുടെ കാലമായപ്പോള്‍, പഞ്ചായത്തു് /ആരോഗ്യവകുപ്പില്‍ നിന്നും supply ചെയ്യുന്ന കൊതുകിനുള്ള മരുന്നു് ഫ്രീ ആയി തരാന്‍ വരുന്നവര്‍, ആ ഛായയില്‍പ്പെട്ട ഒരു സ്ത്രീ. പോളിയസ്റ്റര്‍ സാരി, വീര്‍ത്ത വയറുള്ള ഒരു ബാഗു്, കയ്യിലൊരു കുട, ഒരു ചെറിയ പുസ്തകം, പേന, ഇതാണവരുടെ സ്ഥിരം ഛായ.
അവര്‍ പറഞ്ഞു, agri-horticulture unit ല്‍ നിന്നും വരികയാണ്, മണ്ഡരി ബാധിച്ച തെങ്ങിനുള്ള മരുന്നു് കൊണ്ടുവന്നതാണ്, ഒരു പാക്കറ്റിനു് 50 രൂപ. മൂന്നു തെങ്ങിനു` തികയും. തെങ്ങിന്റെ മണ്ടയില്‍ ഇടണം. നാളെ അവരുടെ പണിക്കാരെ കൊണ്ടുവന്നു് അവര്‍ തന്നെ ഇട്ടു തരും. ഒരു തെങ്ങിനു് 5 രൂപ വച്ചു് അയാള്‍ക്കു കൊടുക്കണം. അപ്പുറത്തെ സാവിത്രിയമ്മ, രാജേട്ടന്‍, രാമന്‍ നായരു് എല്ലാവരും 5 പാക്കറ്റ് 3 പാക്കറ്റ് ഒക്കെ വാങ്ങിയിട്ടുണ്ട്. ഞാനും കരുതി, ഈ പ്രദേശം മുഴുവന്‍ മണ്ഡരി മാറിയിട്ടു് എന്റെ തെങ്ങിന്റെ മാത്രം മാറിയില്ലെങ്കില്‍ മോശമല്ലേ, വാങ്ങിക്കളയാം എന്നു് വച്ചു. അപ്പോഴും മനസ്സിലിരുന്നാരോ വിളിച്ചുപറഞ്ഞു, ഒന്നു മതി. വാങ്ങാന്‍ ഒരു ഗൂഡോദ്ദേശവും കൂടി ഉണ്ടായിരുന്നൂന്നു് കൂട്ടിക്കോളൂ. 2-3 തെങ്ങിന്റെ തേങ്ങ ഉണങ്ങിവീണുതുടങ്ങി. കേറുന്നവര്‍ക്കു് എന്തെങ്കിലുമിത്തിരി കൂടുതല്‍ കൊടുത്തു് ആ ഉണങ്ങിയ കുലയും കൂടി വെട്ടി ഇടീക്കാം.
ഒരു പാക്കറ്റ് എന്നു പറഞ്ഞപ്പോഴും അവര്‍ക്ക് ദേഷ്യമോ വിഷമമോ ഇല്ല. നാളെ വണ്ടിയിലാണ് കൊണ്ടുവരുന്നതു്, കൂടുതല്‍ ഉണ്ടാവും, വേണമെങ്കില്‍ അപ്പോള്‍ എടുക്കാല്ലോ. 50 രൂപ വാങ്ങി, രണ്ട് പൊതി, ഒന്നു് ഉമിക്കരി പോലൊന്നു്, 1 കിലോ ഉണ്ടാവും, പിന്നെ ഒരു ചെറിയ പാക്കറ്റ്, പഞ്ചസാര പോലെ. അവരുടെ പേരു് പറഞ്ഞു. ലത. പേരെഴുതി ഒപ്പിട്ട റസീറ്റ് തന്നു. ഫോണ്‍ നമ്പറൊക്കെയുണ്ട്. ഞാനും കൂടെ ഉണ്ടാവും എന്നും പറഞ്ഞു. നല്ല മഴയാണെങ്കില്‍, തെങ്ങില്‍ കേറാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് മഴയാണെങ്കില്‍, നാളെ വന്നില്ലെങ്കിലും പേടിക്കേണ്ട എന്നു് പറഞ്ഞു. പിന്നെ കുട്ടികള്‍ക്കു കിട്ടാത്തതരത്തില്‍ വയ്ക്കണം, പഞ്ചസാരയാണെന്നു കരുതി എടുത്താലോ, സ്നേഹപൂര്‍വം ഉപദേശിച്ചു.
വൈകീട്ടു കണ്ടപ്പോള്‍ പരസ്പരം എല്ലാരും ചോദിച്ചൂ, ഒരുവിധം പേരൊക്കെ വാങ്ങിയിട്ടുണ്ട്, എല്ലാരും സുഖമായി, സന്തോഷമായി ഉറങ്ങി അന്നു് രാത്രി. നമ്മുടെ നാടൊരു “മണ്ഡരി വിമുക്ത ദേശം” ആവാന്‍ പോവുകയല്ലേ.
പിറ്റേന്ന് ആരും വന്നില്ല, മഴയായിരുന്നു. അപ്പോള്‍ പേടീക്കേണ്ട കാര്യമില്ലല്ലോ. അതിനും പിറ്റേന്നും മഴ ആയിരുന്നു. അതുകൊണ്ട്`, അന്നും പേടിച്ചില്ല. മൂന്നാം ദിവസവും കാണാതായപ്പോള്‍ ഒന്നു ഫോണ്‍ ചെയ്തുനോക്കാം എന്നു് കരുതി, പാക്കറ്റും, റസീറ്റും ഒക്കെ എടുത്തുനോക്കി. അതു് ഫോണ്‍ നമ്പര്‍ അല്ല, വേറെ എന്തൊക്കെയോ നമ്പാര്‍ ആണ്. Head office തന്നെ കേരളത്തില്‍ 5-6 സ്ഥലത്തുണ്ട്. :)
അന്നു് 3-4 സ്ത്രീകള്‍ ഇറങ്ങിയിട്ട്`, ഒരു പ്രദേശം മൊത്തം കബളിപ്പിച്ചുപോയി. എന്റെ ചുറ്റുമുള്ള വീടുകളില്‍ തന്നെ, ഒരു 20 പാക്കറ്റ് വാങ്ങിയിട്ടുണ്ട്. രൂപ് 1000 ആയില്ലേ?
ഉമിക്കരിയും പഞ്ചസാരയും ഇപ്പോഴും ലതചേച്ചിയേയും തെങ്ങുകയറ്റക്കാരനേയും കാത്തിരിക്കുന്നു. (ഉമിക്കരി ആണെന്നുറപ്പുണ്ടെങ്കില്‍, പല്ല് തേക്കാമായിരുന്നു)
ഒരു ഗുണമുണ്ടായി. അത്ര എളുപ്പത്തിലൊന്നും എന്നെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ലെന്നുള്ള ആ അഹങ്കാരം പോയിക്കിട്ടി. നാട്ടുകാരു മുഴുവന്‍ അതറിയുകയും ചെയ്തു.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 2:31 PM 4 മറുമൊഴികള്‍
Sunday, June 24, 2007
Wednesday, June 6, 2007
ചില നാട്ടു വിശേഷങ്ങള്‍ --1
എന്റെ നാട്ടില്‍ ഉണ്ടായ , മനസ്സിനു വിഷമമുണ്ടാക്കിയ ഒരു സംഭവമാണു് ഞാന്‍ പറയുന്നതു
ആമുഖമായി പറയട്ടേ, ഇതു് കഥയോ വെറും തമാശയോ അല്ല, 100 ശതമാനം സത്യമായ ചില വസ്തുതകള്‍.
ഭൂതകാലം:
-------
വര്‍ഷങ്ങള്‍ക്കുമുന്‍പു്, ഒരു പാവം മനുഷ്യന്‍. നമുക്കു രാമന്‍ എന്നു് വിളിക്കാം. ഒരു ഉയര്‍ന്ന ഓഫീസറുടെ പാചകക്കാരനായിരുന്നു. അദ്ദേഹം retire ചെയ്യുന്നതിനു്മുന്‍പു് ഈ രാമനെ ആ Dept. ല്‍ തന്നെ ഒരു പ്യൂണായി
നിയമിച്ചു. ഭാര്യ, 6 മക്കള്‍. ഒരു ശിപായിയായ അയാള്‍ എത്ര ബുദ്ധിമുട്ടിയിട്ടാവും, ഈ 6 മക്കളെ വളര്‍ത്തിയിട്ടുണ്ടാവുക. പെന്‍ഷന്‍ പറ്റുന്നതിനുമുന്‍പേ അദ്ദേഹം മരിച്ചു. പാവം ആ അമ്മ. നിസ്സാരമായ പെന്‍ഷന്‍ കൊണ്ടും, പറമ്പില്‍ നിന്നു കിട്ടുന്നതുകൊണ്ടുമൊക്കെ (ഏകദേശം50 സെന്റുണ്ടാവും),മക്കളെ വളര്‍ത്തി. 3 പെണ്‍ മക്കളെ കല്യാണം കഴിച്ചയച്ചു. മൂത്ത ആള്‍ക്കു്, അച്ചന്റെ ജോലി തന്നെ കിട്ടി, 18 വയസ്സായപ്പോള്‍. മറ്റേ മകനും ജോലി കിട്ടി. അവരും കല്യാണം കഴിച്ചു. ബുദ്ധിക്കു് ചെറിയ തകരാറുള്ള മകളും അമ്മയും കൂടി ജീവിച്ചുപോന്നു.
വര്‍ത്തമാനകാലം:
-------------
മകനു് വീട്ടില്‍നിന്നു് പോയിവരാവുന്ന സ്ഥലത്താണ് ജോലി. എന്നിട്ടും അയാള്‍ അമ്മയുടേയും ഈ സുഖമില്ലാത്ത സഹോദരിയുടേയും കൂടെ താമസിക്കാതെ, ജോലിസ്ഥലത്തു് പോയി താമസിച്ചു. അമ്മയും (അമ്മക്കിപ്പോള്‍ വയസ്സ് 75 എങ്കിലും ആയിരിക്കും) സുഖമില്ലാത്ത മകളും കൂടി ഇവിടെ വീട്ടില്‍. അതിനിടയില്‍, വീടും, വീടിന്റെ ചുറ്റുമുള്ള കുറച്ചു സ്ഥലവും ഒഴികെ ബാക്കിയുള്ളതൊക്കെ വിറ്റു. ആ കാശു മുഴുവന്‍ മക്കള്‍ കൊണ്ടുപോയിട്ടുണ്ടാവണം.
ആ അമ്മ പാവം, അമ്പലത്തിലോ, കടയിലോ എവിടെ പോകുമ്പോഴും, മോളെ കൂടെ കൂട്ടണം. ഒറ്റക്കു് വീട്ടിലിരുത്തി പോകാന്‍ പറ്റില്ലല്ലോ. (മോള്‍ടെ പ്രായം ഏകദേശം 40). അമ്മക്കും സുഖമില്ലാതായി തുടങ്ങി. ഏകദേശം ഒരു കൊല്ലത്തോളമായി മകളുടെ അസുഖം കുറച്ചു കൂടുതലായി, അമ്മയെ ദേഹോപദ്രവം വരെ ചെയ്യാന്‍ തുടങ്ങി. എന്നിട്ടും അവര്‍ സഹിച്ചു. അവസാനം മകള്‍, നാട്ടുകാരെ വരെ ചീത്ത പറഞ്ഞുതുടങ്ങിയപ്പോള്‍, എന്നിട്ടും തിരിഞ്ഞുനോക്കാത്ത മകനെ നാട്ടുകാരും ചീത്തപറഞ്ഞുതുടങ്ങിയപ്പോള്‍, അയാള്‍ പെങ്ങളെ മാനസിക വിഭ്രാന്തിയുള്ളവര്‍ക്കുവേണ്ടിയുള്ള ഏതോ സ്ഥാപനത്തില്‍ കൊണ്ടാക്കിയിരിക്കുകയാണിപ്പോള്‍.
അതിനുവേണ്ട ചിലവു് ആരു വഹിയ്ക്കും എന്ന തര്‍ക്കം ഒരു വശത്തു്.
ഇനി അമ്മയെ എന്തു ചെയ്യും? ഒറ്റക്കു വീട്ടില്‍ നിര്‍ത്താന്‍ പറ്റില്ല. ഒരാഴ്ച അയാളുടെ കൂടെ താമസിപ്പിച്ചു. അതു് കഴിഞ്ഞു, നാട്ടിലെ വീട്ടില്‍ ഒറ്റക്കു കൊണ്ടുവന്നു വിട്ടു. സുഖമില്ലാത്ത മകളെ അകലെ കൊണ്ടുവിട്ടതോടുകൂടി, പാവം ആ സ്ത്രീ ഒന്നുകൂടി അവശയായി. അയല്‍ വക്കത്തു പോയി കിടക്കും രാത്രി. അവര്‍ തന്നെ ഭക്ഷണവും കൊടുക്കും. ഒരു ദിവസം മകന്‍ വന്നു കൊണ്ടുപോയി, മൂത്ത മകളുടെ അടുത്ത് കൊണ്ടാക്കിയിരിക്കുകയാണെന്നു് പറയുന്നു.
അമ്മയെ ആരു് നോക്കണം എന്നതാണ് ഇപ്പോഴത്തെ തര്‍ക്കം. ആ അമ്മയെ മുന്നിലിരുത്തിക്കൊണ്ട് അമ്മയെ നോക്കാനുള്ള അവരുടെ ബുദ്ധിമുട്ടുകള്‍ നിരത്തുന്നതുകേട്ടപ്പോള്‍, കണ്ണ് നിറഞ്ഞ്പോയി. ഇനിയും ചുരുങ്ങിയതു് ഒരു
5-6 ലക്ഷത്തിന്റെ സ്വത്തു് (വീടും പറമ്പും) അവരുടെ പേരിലുണ്ട്. ചെറിയ ഒരു പെന്‍ഷനും. ജോലിയുള്ള രണ്ട് ആണ്‍ മക്കളും. എന്നിട്ടും അവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
ആ അമ്മയും മകളും ഇടവഴിയിലും, അമ്പലത്തിലുമൊക്കെ , നടക്കുന്നതു് എനിക്കു് കാണം ഇപ്പോഴും. പാവം ആ
അമ്മ, ആ മകളും. അവരിനി ഒരു പക്ഷേ ഈ നാട്ടിലേക്കു തന്നെ വന്നില്ലെന്നു് വരാം.
നോവലിലോ സിനിമയിലോ ഒക്കെ മാത്രമേ ഇങ്ങിനെയൊക്കെ ഉണ്ടാവൂ എന്നാണ് ഞാന്‍ ധരിച്ചിരുന്നതു്. അല്ലാ, നമുക്കു ചുറ്റും തന്നെ ഉണ്ടു്.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 4:32 PM 16 മറുമൊഴികള്‍
Wednesday, May 23, 2007
ഇന്നലെ എനിക്കു പറ്റിയ ഒരു അബദ്ധം
എനിക്കു് അത്യാവശ്യമായി കുറച്ചു papers(documents) വേണമായിരുന്നു. എന്റെ കയ്യില്‍ അതില്ല. സുഹ്രുത്തിന്റെ കയ്യിലുണ്ട്. സുഹ്രുത്തിന്റെ വീട് ഇരിങ്ങാലക്കുടക്കടുത്ത്. അയാള്‍ പറഞ്ഞൂ, നീ എന്റെ വീട് വരെ വന്നു് ബുദ്ധിമുട്ടണ്ട, (ബുദ്ധിമുട്ട്
ആര്‍ക്കു്!!) ഇരിങ്ങാലക്കുട bus stand ല്‍ വന്നാല്‍ മതി എന്നു് .ഞാനവിടെ വരാം. അവിടെ വച്ചു് സാധനം കൈമാറി അടുത്ത ബസ്സില്‍ എനിക്കിങ്ങോട്ടു തിരിച്ചുവരാല്ലൊ. സമയമൊക്കെ പറഞ്ഞുറപ്പിച്ചു. 4 മണി, വൈകീട്ട്. ഞാന്‍ നല്ല സാരിയൊക്കെ ഉടുത്തു്, ഒരു സ്റ്റൈലന്‍ “കുട്ടിബാഗു് “ ഒക്കെ ഇട്ടു് ഇറങ്ങി. നന്തിക്കര 10 മിനിട്ടു് നിന്നു. 'HOLY MOTHER' (ബസ്സ്) വന്നു.1/2 മണിക്കൂറൂ കൊണ്ട് ഇരിങ്ങാലക്കുട എത്തി. സുഹ്രുത്തു് കാത്തു് നില്‍ക്കുന്നു. papers തന്നു. എനിക്കവിടെ മറ്റൊന്നും ചെയ്യാനില്ല. അപ്പോഴേക്കും, 'HOLY MOTHER' തന്നെ തിരിച്ചു് വരാന്‍ (ആമ്പല്ലൂര്‍ക്കു്) തയ്യാറായി നില്‍ക്കുന്നു. ഡ്രൈവറും കണ്ടക്റ്ററും എല്ലാം ചോദിച്ചൂ, ഇപ്പോള്‍ ഇങ്ങോട്ടു വന്നല്ലേയുള്ളൂ എന്നു്. കൈയിലെ papers കാണിച്ചിട്ടു പറഞ്ഞൂ, ദാ, ഇതു വാങ്ങാനായി വന്നതാണ്.
ഇഷ്ടമുള്ള side seat ല്‍ കയറി ഇരുന്നു. വലിയ തിരക്കില്ല, നല്ല സ്പീഡിലാ വരുന്നതു്. എന്റെ മടിയില്‍ പേപ്പര്‍ ഉണ്ട്` അതിനുമീതെ ബാഗുമുണ്ട്. സ്റ്റൈലന്‍ ബാഗ് ആണല്ലോ, അതില്‍ കൊള്ളില്ല.
പറപ്പൂക്കരയൊക്കെ കഴിഞ്ഞു. ബസ്സില്‍ ഒരു ബഹളം, എല്ലാവരും എന്നെ നോക്കുന്നു, എന്തോ പറയുന്നു. ഞാനൊന്നും അറിഞ്ഞില്ല. നോക്കുമ്പോള്‍ എന്റെ കയ്യിലെ പേപ്പേര്‍സ് കാണുന്നില്ല, അതു പുറത്തേക്കു് പറന്നുപോയി. അപ്പോഴേക്കും ബസ്സു് കുറേ പോയിരുന്നു. ബസ്സു് നിര്‍ത്തി. ഞാന്‍ വിചാരിച്ചു, അവര്‍ പൊയ്ക്കോട്ടേ, ഞാന്‍ എന്റെ കടലാസുമൊക്കെ എടുത്തു് അടുത്ത ബസ്സില്‍ വരാമെന്നു്. പക്ഷേ അപ്പോഴേക്കും, കിളി ഓടിക്കഴിഞ്ഞിരുന്നൂ, കുറേ വഴിയുണ്ട്. ഇറങ്ങാതെ സീറ്റില്‍ ഇരിക്കാന്‍ എനിക്കൊരു k.b. (കുറ്റബോധം). എന്റെ കാര്യത്തിനല്ലേ. ഞാനും ഇറങ്ങി ഓടി. കുറച്ചു് ചെന്നപ്പോഴേക്കും, കിളി പേപ്പറും എടുത്തു് തിരിച്ചോടി തുടങ്ങി. ഞാനും ഓടി, towards bus. അല്ലെങ്കില്‍, എനിക്കുവേണ്ടി വീണ്ടും കാത്തുനില്‍ക്കേണ്ടി വരില്ലേ. അങ്ങിനെ ഞാനും കിളിയും കൂടി ഓടി ഓടി ബസ്സില്‍ കേറി. ബസ്സു് വിട്ടു. കണ്ടക്റ്റര്‍ ചിരിച്ചൂ, ഡ്രൈവര്‍ പതുക്കെ കണ്ണീറൂക്കി കാണിച്ചു (അതിന്റെഅര്‍ഥം ഇപ്പോഴും മനസ്സിലായിട്ടില്ല). യാത്രക്കാരുടെ പ്രതികരണം ഞാന്‍ പിന്നെ ശ്രദ്ധിച്ചതേയില്ല. ഇവരാരും ബുദ്ധിമുട്ടിയിട്ടില്ലാ, പാവം കിളിയല്ലേ ഈ കണ്ട വഴിയൊക്കെ ഓടിയതു്. പാവം കിതച്ചുകൊണ്ടെന്നോടു പറഞ്ഞു, ചേച്ചീ, ഈ കൊച്ചു കടലാസുപോലും ചേച്ചിക്കു പിടിക്കാന്‍ പറ്റില്ലേ എന്നു്. എനിക്കൊന്നുമില്ല, അങ്ങോട്ടൂ പറയാന്‍.
കഴിഞ്ഞില്ല കഷ്ടകാലം. ക്രിത്യം ഞങ്ങള്‍ ഗേറ്റില്‍ (level cross) എത്തിയപ്പോള്‍ ഗേറ്റടച്ചു. കിളി വീണ്ടും," ഈ ചേച്ചി കാരണം കൊണ്ടാ, ഞങ്ങള്‍ക്കു ഒരു ദിവസവും ഗേറ്റട കിട്ടാറില്ല, പുതുക്കാട് എത്തേണ്ട നേരമായി". എല്ലാം കേട്ടു ഞാന്‍ മിണ്ടാതിരുന്നു. അവസാനം ഇറങ്ങാന്‍ നേരത്തു് എല്ലാവരും കേള്‍ക്കേ എനിക്ക് free ആയിട്ടൊരു ഉപദേശവും തന്നു. ഇനിയെങ്കിലും ഇതു കളയാതെ പിടിച്ചോളൂ ട്ടോ ചേച്ചീ എന്നു്.
അയാള്‍ക്കതു പറയാം.ചേച്ചി കടലാസൊക്കെ എടുത്തു് പതുക്കെ, അടുത്ത ബസ്സില്‍ വന്നോളൂ , ഞങ്ങള്‍ പോട്ടേ, എന്നു് പറഞ്ഞില്ലല്ലോ. എന്താണ് സംഭവിച്ചതു് എന്നു് ഞാന്‍ പോലും അറിയുന്നതിനുമുന്‍പേ അയാള്‍ ഓടിക്കഴിഞ്ഞിരുന്നൂ, അതെടുക്കാന്‍. അയാളോട് ഞാനൊരു നന്ദിവാക്കു് പോലും പറഞ്ഞില്ല, മനസ്സില്‍ സ്നേഹവും നന്ദിയുമൊക്കെ ഒരുപാട് തോന്നിയെങ്കിലും. ഒന്നും പറയാവുന്ന ഒരു സന്ദര്‍ഭമായിരുന്നില്ല.
അവിടെയുമില്ലേ നന്മയുടെ ഒരു അംശം?
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 4:53 PM 14 മറുമൊഴികള്‍
Friday, April 13, 2007
ചില കല്യാണ വിശേഷങ്ങള്‍/ചിന്തകള്‍
അയല്‍വക്കത്ത് ഒരു കല്യാണം, ഞാനും പോയിരുന്നു. അപ്പോള്‍ കണ്ട/തോന്നിയ ചില കാര്യങ്ങള്‍:-
പണ്ടൊക്കെ (അത്ര പണ്ട്പണ്ടൊന്നുമല്ല, ഒരു 3-4 കൊല്ലം മുമ്പു വരെ) നാട്ടിലെ ഒരു വീട്ടില്‍ കല്യാണമായല്‍, അതിനു ചുറ്റുമുള്ള വീടുകളിലെല്ലാം തന്നെ അതു ഒരു ആഘോഷമായിരുന്നു.
കല്യാണത്തലേന്നു് വീട് അലങ്കരിക്കണം, welcome Board വക്കണം, രണ്ടു ഭാഗത്തും കുലവാഴയും ചെന്തെങ്ങിന്‍കുലയും തൂക്കണം . അപ്പുറത്ത്, സദ്യയുടെ തിരക്കു്. പേരുകേട്ട ഒരു ദഹണ്ണക്കാരനുണ്ടാവും, അയാളുടെ ഒന്നോ രണ്ടോ സഹായികളും. ബാക്കിയെല്ലം, നാട്ടുകാരുതന്നെ.കഷണം നുറുക്കണം, നാളികേരം ചിരവണം, അടയുണ്ടാക്കണം, പാലു പിഴിയണം. രാത്രി 2 മണി വരെയെങ്കിലും എല്ലാരും ഉണ്ടാവും.
ഇനി അടുത്ത ദിവസം. കല്യാണത്തിനു രാവിലെ കാപ്പിയും പലഹാരവും കൊടുക്കല്‍, സദ്യ വിളമ്പല്‍, അങ്ങിനെ അങ്ങിനെ. ഇതെല്ലാം കൂട്ടുകാരുടേയും, അയലക്കക്കരുടേയുമെല്ലാം വളരെ താല്പര്യത്തോടെ ചെയ്യുന്ന ഒരു അവകാശം കൂടിയായിരുന്നു.
ഇതൊക്കെ അന്നു്. ഇന്നോ?
ഇന്നു് മിക്കവാറും കല്യാണങ്ങളൊന്നും വീട്ടിലല്ല, എല്ലാം 'Hall' ല്‍ ആണു്. മൊത്തത്തില്‍ കരാര്‍ കൊടുക്കാം, വീതിച്ചു കൊടുക്കണമെങ്കില്‍ അതുമാവാം. എല്ലാത്തിനും അവരുടെ ആള്‍ക്കാര്‍ ഉണ്ടു്. വിളമ്പാന്‍ uniform ഉം തലപ്പാവും ഒക്കെ വച്ചവര്‍. എല്ലത്തിനും fixed rate. നാട്ടുകാര്‍ക്കു്, എന്തിനു വീട്ടുകാര്‍ക്കുവരെ പ്രവേശനമില്ല. ആരും ഒന്നും അറിയണ്ട. കൈ കഴുകി ഇരുന്നാല്‍ മതി, ഭക്ഷണം കഴിക്കണം, പോണം. അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒന്നും ഒരു role ഉം ഇല്ല. അവരുടെയൊക്കെ സന്തോഷകരമായ ഒരു അവകാശമല്ലേ നഷ്ടപ്പെടുന്നതു്? ഒരു കൂട്ടായ്മയും.
ഇനി കുറച്ചു് പിന്നാമ്പുറം.ഇത്ര glamour ഇല്ലാത്ത വേറേ ചിലതു കൂടി വേണമല്ലോ കല്യാണം ഭംഗി ആവാന്‍.കല്യാണം hall ല്‍ ആണെങ്കിലും, അതിഥികള്‍ കുറച്ചു് വീട്ടിലും ഉണ്ടാവുമല്ലോ. അവര്‍ക്കു ഭക്ഷണമെല്ലാം hallല്‍ നിന്നു കൊണ്ടുവരും. അവരൊക്കെ കഴിച്ച എച്ചിലില എടുക്കല്‍, plate കഴുകല്‍, മേശ തുടക്കല്‍, പാത്രം കഴുകല്‍ ഇതിനൊന്നും 'event management' കാരില്ല, ഇപ്പോഴും. നമ്മുടെ പാവം പെണ്ണുങ്ങളേയുള്ളൂ. അതിലൊരാളെ നമുക്കു രാധ എന്നു വിളിക്കാം.
ഇനി മുകളില്‍ പറഞ്ഞ കല്യാണം. ആഭരണം (സ്വര്‍ണ്ണം) - 80 പവന്‍, സ്ത്രീധനം അതിനനുസരിച്ചുണ്ടാവണം ക്രിത്യം എത്രയാന്നറിഞ്ഞൂടാ, beautician - 5000/-, മൊത്തം ചിലവു് 10-12 ലക്ഷം വരും. ഇവിടെയും ഉണ്ടായിരുന്നൂ, ഒരു രാധ. അവള്‍ക്കു 400 രൂപ കൊടുക്കണോ 500 രൂപ കൊടുക്കണോ എന്നു തര്‍ക്കം. എങ്ങിനെയുണ്ട് കൂട്ടുകാരേ?
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 1:17 PM 7 മറുമൊഴികള്‍
Tuesday, April 10, 2007
സന്മനസ്സുള്ളവര്‍ക്ക് ഭൂമിയില്‍ സമാധാനം
പെസഹ വ്യാഴം. പതിവുപോലെ ഉറങ്ങാന്‍ കിടന്നു. രാത്രി 1 മണി. Phone bell അടിക്കുന്നു. എടുക്കുന്നതിനുമുന്‍പേ ഒരു ഉല്‍ക്കണ്ഠ. രാത്രി 12 മണിക്കുശേഷവും രാവിലെ 5-6 മണിക്കും മുന്‍പുള്ള phone call ഒന്നും അത്ര സന്തോഷ്ഗകരമാവാറില്ലല്ലോ. ഇതിനപവാദമാകുന്നതു്, ബുദ്ധിമുട്ടിച്ചേ തീരൂ എന്നു വാശിയുള്ള ചില സുഹ്രുത്തുക്കളാവും, രാത്രി 12 മണിക്കു തന്നെ Happy New Year ഉം Happy Birthday യും ഒക്കെ പറയുന്നവര്‍.
കഥയിലേക്കു തിരിച്ചുവരാം. ഫോണ്‍ എടുത്തു. നാട്ടില്‍ തന്നെ കുറച്ചകലെയുള്ള ഒരു അമ്മയാണ്. സംഭവം ഇതാണ്. അവരുടെ മകന്‍ ഒന്നോ രണ്ടോ ദിവസം മുന്‍പു് ഇറ്റലിയിലേക്ക് പോയിരുന്നു. തല്‍കാലം ആ മകനെ നമുക്കു രാജു എന്നു വിളിക്കാം. പോയതു് ജോലി അന്വേഷിച്ചാണ്. വിസിറ്റിങ്ങ് വിസയില്‍. പ്രായം 35. ഭാര്യയും2 മക്കളും ഉണ്ട്. അമ്മയും, സുഖമില്ലാത്ത അച്ചനും. ഈ രാജൂ ഒറ്റക്ക് Germany യിലെ Munich Railway Station ല്‍ പെട്ടുപോയി. Train , miss ആയി എന്നാണ് പറയുന്നതു്. English കാര്യമായിട്ടറിയില്ല, German ഉം ഇല്ല. ആദ്യമായിട്ട് പുറത്തേക്ക് പോയതാണ്. രാജു വീട്ടിലേക്കു വിളിച്കു ഭാര്യയോട് പറയുന്നൂ, എന്നെ എങ്ങിനെയെങ്കിലും ഇവിടെനിന്നു് ഒന്നു രക്ഷപ്പെടുത്തു എന്നു്. ചുരുക്കത്തില്‍, അവര്‍ പറയുന്നത് ഇതാണ് നിങ്ങളുടെ ഒരു close relative Germany യില്‍ ഇല്ലേ, അവനോട് വിളിച്ചു പറഞ്ഞു എന്തെങ്കിലും ചെയ്യൂ എന്നു്.
ഉടനേ വിളിച്ചു, Munich ലേക്ക്. Telephone card ല്‍ ആകെ ഉള്ളതു് 18 രൂപ. Mobile കിട്ടുന്നില്ല, വീട്ടിലെ phone ഉം കിട്ടുന്നില്ല. പക്ഷേ ഓരോ call നും 2 രൂപ വച്ചു കുറയുകയും ചെയ്യുന്നു. അങ്ങിനെ അങ്ങിനെ 6 രൂപ ആയി.
ഇതിനിടയില്‍ net ല്‍ ഉണ്ടോ എന്നും നോക്കുന്നുണ്ട്. പക്ഷേ എപ്പോഴും offline. രാതി 31/2 വരെ നോക്കി. നോ രക്ഷ. ഇവിടെ 31/2 ആയപ്പോള്‍ അവിടെ 12 മണി ആയിട്ടുണ്ടാവുമല്ലോ. ഉറങ്ങിയിട്ടുണ്ടാവും. ഇതിനിടയില്‍, പാവം രാജുവിന്റെ ഭാര്യയുടെ phone 5 മിനിട്ടില്‍ ഒരിക്കല്‍ വരുന്നുണ്ട്`. എന്തായി കിട്ടിയോ, കിട്ടിയോ എന്നു ചോദിച്ച്. രാജു അവിടെ ഒറ്റക്കാണെന്നു പറഞ്ഞ് കരയുന്നു. പക്ഷേ എനിക്കൊന്നും ചെയ്യാനില്ല, അവരോടൊന്നും പറയാനും കഴിയുന്നില്ല.
ഒന്നും സംഭവിക്കാതെ ആ രാത്രി കടന്നുപോയി, പിറ്റേന്നു് രാവിലെ ആയി, അതായതു് ദു:ഖവെള്ളി.ശരിക്കും ദു:ഖം തോന്നി.പാവം രാജുവിന്റെ ഭാര്യ വീണ്ടും വിളിക്കുന്നു. കട തുറന്ന ഉടനേ പോയി telephone card വാങ്ങി വന്നു. രാജുവിനെ ഇവിടെനിന്നു contact ചെയ്യാന്‍ ഒരു മാര്‍ഗ്ഗവുമില്ല, ആളുടെ കയ്യില്‍ അതിനുള്ള ഫോണ്‍ സംവിധാനങ്ങള്‍ ഇല്ല. അവിടെനിന്നു വിളിക്കുമ്പോള്‍ കിട്ടുന്ന വിവരങ്ങളേയുള്ളു. അവസാനം രാജുവിന്റെ ഭാര്യ പറഞ്ഞു, ഇവിടത്തെ സമയം 12 മണിക്കു, ഇറ്റലിക്കു വീണ്ടുമൊരു train ഉണ്ട്. അതില്‍ രാജുവിനു് പോകാന്‍ പറ്റും എന്നു്. സമാധാനമായി. ഇനി പേടിക്കേണ്ടല്ലോ.
12 മണി കഴിഞ്ഞു. പക്ഷേ രാജുവിനു് ആ train ലും പോകാന്‍ പറ്റിയില്ല. എങ്ങോട്ട് പോകുന്ന train
ആണെന്നൊന്നും അറിയാന്‍ പറ്റുന്നില്ലത്രേ. വീണ്ടും അവര്‍ ഞങ്ങളെ വിളിച്ചു തുടങ്ങി, ഞങ്ങള്‍ Germany യിലേക്കും. അവസാനം പകല്‍ 1 മണിയോടുകൂടി, ഞങ്ങളുടെ 'close relative' നെ കിട്ടി.
ആകെ കൊടുക്കാനുള്ള information (ഭാര്യക്കു അറിയാവുന്നതു്) ചുവന്ന ഒരു തൊപ്പിയുണ്ട്, കയ്യിലൊരു bag ഉണ്ട്`, ഒരു പെട്ടിയുണ്ട്. ഏതു platform ആണെന്നോ, മറ്റൊന്നും അറിയില്ല. Munich പോലൊരു സ്ഥലത്തെ Railway station ല്‍ നിന്നു് (39 platform ഉണ്ടത്രേ അവിടെ) ഈ മിനിമം details വച്ചുകൊണ്ട് എങ്ങിനെ ഒരാളെ കണ്ടുപിടിക്കും? അറിയില്ല.
നമ്മുടെ relative എന്തു ചെയ്തു? Information കിട്ടിയ ഉടനെ station ലേക്കു് പുറപ്പെട്ടു. (ഭാഗ്യത്തിനു് അയാളുടെ സ്ഥലത്തുനിന്നു് 20 മിനിറ്റ് യാത്രയേ ഉള്ളുവത്രേ ഈ സ്റ്റേഷനിലേക്കു്). നമ്മുടെ നാട്ടിലെ ഉത്സവപ്പറമ്പുകളില്‍ കുട്ടികളെ കാണാതാവുമ്പോള്‍ ചെയ്യാറുള്ളതുപോലെയ്യുള്ള “വിളിച്ചുപറയല്‍” അവിടെ ഉണ്ടോ എന്നറിയില്ല, ഇനി അഥവാ, ഉണ്ടെങ്കില്‍ തന്നെ നമ്മുടെ രാജുവിനു മനസ്സിലാവുമോ എന്നും അറിയില്ല. പിന്നെ ചെയ്യാവുന്നതു` ഒന്നേയുള്ളു. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടി ഓടി അന്വേഷിക്കുക.
ഭാഗ്യത്തിനു് അഞ്ചാമത്തെ platform ല്‍ നില്‍ക്കുന്നു, നമ്മുടെ കഥാനായകന്‍.. രക്ഷകന്‍ അദ്ദേഹത്തെ കാണുന്നു, വീട്ടിലേക്കു കൊണ്ട്`പോകുന്നു, ഒരു ദിവസം അവിടെ താമസിച്ചു , അടുത്ത ദിവസം ഇറ്റലിയിലേക്കു train കയറ്റി വിടുന്നു.
നാട്ടില്‍ അമ്മയും, അച്ചനും, ഭാര്യയും happy. അവര്‍ ഇപ്പോള്‍ ആ രക്ഷകനെ വിളിക്കുന്നതു് "ദൈവദൂതന്‍" എന്നാണ്. ഭാര്യ പറഞ്ഞതു് ദൈവദൂതനേപ്പോലെ ഈ രക്ഷകന്‍ വന്നില്ലായിരുന്നെങ്കില്‍, എന്റെ രാജു കഴിഞ്ഞേനേ എന്നാണ്.
അങ്ങിനെ 12 മണിക്കൂര്‍ നേരത്തെ operation, success.
ഒന്നോര്‍ത്തുനോക്കൂ, ആ മാനസികാവസ്ഥയില്‍, ഒരു രാത്രി മുഴുവന്‍, കേരളത്തിലെ കൊടും ചൂടില്‍നിന്നു പോയ ഒരാള്‍, അവിടെ 5-6 ഡിഗ്രി തണുപ്പില്‍, അതിനുള്ള തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ, ആരെങ്കിലും രക്ഷപ്പെടുത്താന്‍ വരുമെന്ന യാതൊരു ഉറപ്പും ഇല്ലാതെ, ശരിക്കു ഭക്ഷണം പോലും ഇല്ലാതെ കഴിച്ചുകൂട്ടുക.
അവസാനം അവര്‍ എന്റെ വീട്ടില്‍ വന്നു, രാജുവിനെ കണ്ടു chatting ഉം നടത്തി, അമ്മയും ഭാര്യയും സമാധാനമായി പോയി. സുഖമില്ലാത്ത അച്ചന്‍ അതിനുശേഷമാണത്രേ ഭക്ഷണം പോലും കഴിച്ചതു്.
അവര്‍ സമാധാനമായി , സന്തോഷമായി ദു:ഖവെള്ളിയാഴ്ചയുടെ പ്രദക്ഷിണത്തിലും പങ്കെടുത്തു.
ഈ ഈസ്റ്റര്‍ ദിവസങ്ങളില്‍, ഒരു നല്ല കാര്യത്തില്‍, ഒരു കണ്ണിയാവാനെങ്കിലും എനിക്കും കഴിഞ്ഞല്ലോ എന്നോര്‍ത്തു ഞാനും സന്തോഷിക്കുന്നു.
എഴുത്തുകാരി.
അടിക്കുറിപ്പു്: (1) പേര് മാത്രം സാങ്കല്പികം, ബാക്കിയെല്ലാം സത്യം.
(2) ഈ ദൈവദൂതനായി വന്ന രക്ഷകന്‍ identity വെളിപ്പെടുത്താന്‍ താല്പര്യം
ഇല്ലെന്നു പറഞ്ഞതുകൊണ്ട്` പേരു് പറയുന്നില്ല. എന്തായാലും ഒരു ബ്ലോഗര്‍ ആണ്.
Posted by Typist | എഴുത്തുകാരി at 4:33 PM 9 മറുമൊഴികള്‍
Wednesday, March 7, 2007
അടി തെറ്റിയാല്‍ ആനയും വീഴും ( ഞാനും വീഴും) - രണ്ടാം ഭാഗം
വെയില്‍ ചാഞ്ഞു തുടങ്ങുന്ന വൈകുന്നേരങ്ങളില്‍, മുറ്റത്തെ പേരയുടേയും, മാവിന്റേയും തണലത്ത് കിളികള്‍. കൂടണയാനുള്ള ഒരുക്കത്തിലാവും. ഇളം കാറ്റുമുണ്ടാവും. പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട് ഈ സമയത്തു് ഈ പൂമുഖത്തു് ദാസേട്ടന്റെ എത്ര കേട്ടാലും മതിവരാത്ത കുറേ പഴയ നല്ല പാട്ടുകളും കേട്ടങ്ങിനെ ഇരിക്കാന്‍ എന്തു രസമായിരുന്നൂ, അല്ലെങ്കില്‍, ഇടക്കൊരു ചായയൊക്കെ കുടിച്ചു് ഒരു നല്ല നോവലും വായിച്ചങ്ങനെ ഇരിക്കാന്‍. ?
പക്ഷേ എങ്ങിനെ. തിരക്കല്ലേ? അങ്ങിനെ ഇരുന്നു ചിലവാക്കാന്‍ സമയമെവിടെ?
ഇപ്പോഴിതാ, ഒരു തിരക്കുമില്ല, എല്ലാ സമയവും കൂടി എന്റെ മുന്നില്‍ വന്നു താണുവണങ്ങി നിന്നുകൊണ്ടു് (പണ്ടത്തെ Air-India മഹാരാജാവിനേപ്പോലെ -ഇപ്പോഴുണ്ടോ - അറിയില്ല) പറയുകയാണ് , “ at your service, നോവല്‍ വായിക്കണോ, പാട്ടു കേള്‍ക്കണോ , പ്രക്യ്യ്‌തി കണ്ടാസ്വദിച്ചങ്ങനെ വെറുതെ ഇരിക്കണോ, ആയിക്കോളൂ, ഞങ്ങള്‍ തയ്യാര്‍ എന്ന മട്ടില്‍.
സമയം എന്റെ മുന്നിലങ്ങിനെ വിനീതവിധേയദാസനായിട്ടു്, എന്താ എന്നെകൊണ്ട് ചെയ്യിപ്പിക്കുന്നത് എന്നു ചോദിച്ചു തുടങ്ങിയിട്ടു് രണ്ടാഴ്ചയായി. എന്നിട്ടു ഞാനെത്ര പുസ്തകം വായിച്ചു? എത്ര പാട്ട് കേട്ടൂ?
പാട്ട് പലപ്പോഴും കേട്ടു, വെയില്‍ ചാഞ്ഞ സായന്തനങ്ങളില്‍ പൂമുഖത്തിരുന്നല്ലാ, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലിരുന്നുകൊണ്ടാണെന്നുമാത്രം.
പക്ഷേ പുസ്തകവായന - ഒറ്റയിരുപ്പിന് ഒരു നോവല്‍ വായിച്ചുതീര്‍ക്കുന്ന ഞാന്‍ വായിച്ചതു് ഒരേ ഒരു നോവല്‍ - 'രണ്ടാമൂഴം'. (വായന മൂന്നാമൂഴമോ, നാലാമൂഴമോ , എന്തായാലും രണ്ടാം ഊഴമല്ല). driksakshikal (ഉണ്ണിക്യ്‌ഷ്ണന്‍ തിരുവാഴിയോട്) പകുതിയാക്കി വച്ചിട്ടുണ്ടു്. കേശവദേവിന്റെ പങ്കലാക്ഷീടെ ഡയറി അടുത്തു കൊണ്ടുവച്ചിട്ടുണ്ടു്.
ബ്ലോഗുവായനയും കാര്യമായിട്ടൊന്നുമുണ്ടായില്ല. TV കണ്ടോ എന്നു ചോദിച്ചാല്‍ 4-5 പഴയ നല്ല സിനിമകള്‍ കണ്ടു.
എന്തായാലും ഒന്നെനിക്കു മനസ്സിലായി. ഏതോ ഒരു മഹാന്‍ (?) പറഞ്ഞപോലെ, "free time is a state of mind". വെറുതെ സമയം മുന്‍പിലുണ്ട് എന്നതുകൊണ്ടുമാത്രം നമ്മള്‍ക്കിഷ്ടമുള്ള്തു ചെയ്യാന്‍ കഴിഞ്ഞോളണമെന്നില്ല, അതിനു മറ്റെന്തോ കൂടി വേണം. ഞാന്‍ ഉദ്ദേശിച്ചതു് വ്യക്തമായോ എന്നറിയില്ല, പക്ഷേ എനിക്കിങ്ങനെയേ പറയാന്‍ അറിയൂ.
(പിന്നെ ഈ സമയമെല്ലാം ഞാന്‍ എന്തു ചെയ്തു എന്നല്ലേ? ചെറിയ തോതില്‍ പരദൂഷണം എന്നു് വേണമെങ്കില്‍ പറയാം (ആരെങ്കിലും ഉണ്ടാവും മാറി മാറി).
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 12:32 PM 4 മറുമൊഴികള്‍
Monday, February 26, 2007
അടി തെറ്റിയാല്‍ ആനയും വീഴും -- പാഠഭേദം -- അടി ............. ഞാനും വീഴും
പ്രഭാതം. പതിവുപോലെ സുന്ദരം. ഇളം തണുപ്പ്, കിളികള്‍ പാടുന്നു, ചെറിയ കാറ്റ്.
ഒരു ഒഴിവുദിവസത്തിന്റെ എല്ലാ തിരക്കുകളും.
അങ്ങിനെ ഞാന്‍ ഓടിനടക്കുമ്പോള്‍ ഇതാ “വീണിതല്ലോ കിടക്കുന്നു ധരണിയില്‍". എങ്ങിനെ എന്നു ചൊദിച്ചാല്‍ ഒരുത്തരമേയുള്ളൂ , മുകളില്‍ പറഞ്ഞപോലെ “അടി തെറ്റിയാല്‍ ........ ".
X-ray കാണുന്നതിനുമുന്‍പേ Doctor പറഞ്ഞുകഴിഞ്ഞു, എല്ലിനു് സ്ഥാനഭ്രംശം, 4 weeks plaster. minimum 4 weeks, അതാണല്ലോ ഇപ്പോഴത്തെ ഒരു രീതി.
ചുരുക്കി പറഞ്ഞാല്‍, ഞാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.
പെട്ടെന്നു് ഞാനൊരു VIP ആയപോലെ. ഈ പ്രദേശത്തുള്ളവര്‍ മുഴുവന്‍ വരുന്നു എന്നെ കാണാന്‍. പ്രായഭേദമെന്യേ - ചിലര്‍ കൂട്ടാന്‍ കൊണ്ടുവരുന്നു, ചിലര്‍ വെറുതെ ഇരിക്കുമ്പോള്‍ കഴിക്കാന്‍ എന്തെങ്കിലും (latest മസാലദോശ, ഇന്നലെ). പുളിയിഞ്ചിയും, ഉപ്പിലിട്ടതും വേറെ ചിലര്‍ -അതാവുമ്പോള്‍ വേറൊന്നുമില്ലെങ്കിലും ഒരു പിടി ചോറുണ്ണാമല്ലോ. ഒഴിവുസമയം കിട്ടുമ്പോള്‍ ഓടി വരുന്നു എന്റെ ബോറടി മാറ്റാന്‍ (പാവം വെറുതെ ഇരിക്ക്യല്ലേ).
“ഇങ്ങിനെ ആയതു് ദൈവാധീനം, കിലുക്കത്തിലെ (മറ്റു് പലതിലേയും പോലെ) ജഗതിയേപ്പോലെ ആയിരുന്നെങ്കിലോ", "കാലിലായതോണ്ട് നടക്കാനല്ലേ ബുധിമുട്ടുള്ളൂ, കയ്യിലായിരുന്നെങ്കിലോ", "മറ്റെന്തോ വരാനിരുന്നതാണു്, അതിങ്ങനെ ആയതു് ഭാഗ്യം", “ കാലക്കേട് ഇങ്ങിനെ തീര്‍ന്നൂന്നു് കരുതി സന്തോഷിക്ക്യല്ലേ വേണ്ടതു്"
എന്തിനു പറയുന്നൂ, എനിക്കും തോന്നിത്തുടങ്ങി, ഒരു ഷോടതി അടിച്ചപോലെ. അല്ലെങ്കില്‍ ഇതൊന്നും മറ്റാര്‍ക്കും ഇല്ലല്ലോ.
ആഴ്ചയില്‍ ഒരു ദിവസം വന്നിരുന്ന പണിക്കാരി എന്നും വരുന്നു (ചേച്ചിക്കു സുഖമില്ലല്ലോ).
അങ്ങിനെ അങ്ങിനെ രാത്രിയിലെ ചില മണിക്കൂറുകള്‍ ഒഴികെ എന്റെ വീടിപ്പോള്‍ സജീവം. ഞാന്‍ happy, വീട്ടുകാരും happy - ഒരു കറിയും തൈരും കൂട്ടി ഉണ്ടിരുന്നവര്‍ക്കിപ്പോള്‍, രണ്ട്‌മൂന്ന് കറിയുണ്ടു്, ഉപ്പിലിട്ടതുണ്ടു്.
ചുരുക്കത്തില്‍ സംഗതി പരമസുഖം.
എഴുത്തുകാരി.
അടിക്കുറിപ്പു്: (1) ഇതു വയിച്ചിട്ടു് ആരും ചാടിക്കേറി വീഴല്ലേ, ഇതിനൊരു മറുവശം ഉണ്ട്, അതു് പിന്നെ.
(2) ഇന്നാണ് കുറേ നാളുകള്‍ക്കു ശേഷം computerന്റെ അടുത്തേക്കു വന്നതു്. അതുകൊണ്ടു് ബൂലോഗത്തിലെ latest developments ഒന്നും അറിയില്ല.
Posted by Typist | എഴുത്തുകാരി at 11:26 AM 14 മറുമൊഴികള്‍
Tuesday, February 13, 2007
valentine's Day -- ചില പ്രണയചിന്തകള്‍
പ്രണയികളുടെ ദിനം. അല്ലേ?. സ്വന്തം മനസ്സില്‍ മറ്റരോടോ, മറ്റെന്തിനോടോ തോന്നുന്ന കടുത്ത സ്നേഹം. അതു തന്നെയല്ലേ പ്രണയം? അത് ആണിനു് പെണ്ണിനോടോ മറിച്ചോ തന്നെ ആവണമെന്നുണ്ടോ?. പെട്ടെന്ന് മനസ്സിലേക്കോടിവരുന്നതു് അതാണെങ്കിലും.
ഞാനും പ്രണയിക്കുന്നു. എന്റെ പ്രണയിനി മറ്റാരുമല്ല, ഈ ഭൂമി, ഈ പ്രക്യ്‌തി. പകലത്തെ അധ്വാനത്തിന്റെ ക്ഷീണം മുഴുവന്‍ ഉറങ്ങിതീര്‍ത്തു്, രാവിലെ ഉറക്കമുണരുമ്പോള്‍, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു് പുറത്തു കടക്കുമ്പോള്‍, നമ്മളെ സ്വീകരിക്കുന്ന പ്രക്യ്‌തിയെ. ഇളം തണുപ്പുള്ള പ്രഭാതം, ചെറിയ കാറ്റ്, പക്ഷികള്‍ പറന്നു തുടങ്ങുന്നു, മുറ്റത്തു് വിരിഞ്ഞു നില്‍ക്കുന്ന പല നിറത്തിലുള്ള പൂക്കള്‍. എന്റെ മുറ്റത്തു് ഒരു പത്തിരുപത് നിറമെങ്കിലും എണ്ണാന്‍ കഴിയും എനിക്കു്.
(അതിനു വലിയ ഒരു garden ഒന്നും വേണ്ടാ, നമ്മുടെ പഴയ നന്തിയാര്‍വട്ടം, ചെമ്പരത്തി, മന്ദാരം,
തെച്ഛി, തുളസി, ഇതൊക്കെതന്നെ). എന്നും ഞാന്‍ അത്ഭുതപ്പെടുന്ന ഒന്നാണ്, ഇതേ നിറങ്ങള്‍
ഉണ്ടാക്കാന്‍ മനുഷ്യനു് എന്തു പാടുപെടണം?
ഇതാ, കിഴക്കുദിക്കില്‍ ഉദിച്ചുയുരുന്നു, പൊന്നുതമ്പുരാന്‍ (അതു കാണാന്‍ കന്യാകുമാരിയിലൊന്നും പോണ്ട). തോട്ടത്തില്‍ ഒന്നു കറങ്ങി ഒരു ചായ കുടിച്ചേയുള്ളൂ, ആകാശവാണിയില്‍ (അതാവുമ്പോള്‍ പണിയെടുക്കലും ഒന്നിച്ചു നടക്കൂല്ലോ) 7.35 ന്റെ ചലച്ചിത്രഗാനങ്ങള്‍ -- യേശുദാസ് പാടിയ ചില ഗാനങ്ങള്‍.
സത്യന്‍ അന്തിക്കാടാണെന്നു തോന്നുന്നൂ, ഒരിക്കല്‍ പറഞ്ഞു, ദാസേട്ടന്‍ ജീവിക്കുന്ന ഈ കാലത്തു് ജീവിക്കാന്‍ സാധിച്ചതുതന്നെ ഒരു ഭാഗ്യമായി കരുതുന്നൂ, എന്നു്. എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണതു്. ദാസേട്ടന്‍ പാടുന്നൂ,
“ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹ്യ്‌ദയങ്ങളുണ്ടോ ............. ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി ........."
ഇത്ര സുന്ദരമായ ഈ ഭൂമിയെ, ഈ പ്രക്യ്‌തിയെ, പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കാ കഴിയുക?
(തീരെ വിക്യ്‌തമായ പ്രക്യ്‌തിയുമുണ്ടാവാം, അപ്പുറത്തു്).
ഞാനൊരു പാവം നെല്ലായിക്കാരിയാണേയ്. ബ്ലോഗന്മാര്‍ നല്ലൊരു പങ്കു് കടലിന്നക്കരെയാണെന്നു് തോന്നുന്നു. അവരുടെ പ്രഭാതവും പ്രക്യ്`തിയുമെല്ലാം എങ്ങിനെയാണെന്നു് അറിയില്ലാ, എനിക്കു്.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 5:21 PM 5 മറുമൊഴികള്‍
Wednesday, February 7, 2007
ഉത്സവപ്പിറ്റേന്ന്
ആളും അരങ്ങും ഒഴിഞ്ഞു. ആനപിണ്ടത്തിന്റെ മണവും, ആന ബാക്കി വച്ചു പോയ തെങ്ങിന്‍പട്ട കഷണങ്ങളും മാത്രം. മറിഞ്ഞു കിടക്കുന്ന കതിനകള്‍.
ഇന്നലെ ആയിരുന്നു ആറാട്ട്. 5 ദിവസത്തെ ഉത്സവം കഴിഞ്ഞു.
ക്ഷേത്രം ഇന്നലെ -- ഒരോട്ട പ്രദക്ഷിണം.
ഒരറ്റത്ത് നിന്നു തുടങ്ങിയാല്‍, അമ്പലമുറ്റത്ത് ബലൂണ്‍, പീപ്പി വില്പനക്കാരന്‍, വള, മാല, ലൊട്ടുലൊടുക്കു സാധനങ്ങള്‍. പീപ്പിക്കും ബലൂണിനും വേണ്ടി വാശിപിടിക്കുന്ന കുട്ടികള്‍. വഴി നിറയെ ട്യൂബ് ലൈറ്റ്കള്‍. കമാനത്തില്‍ വര്‍ണ വിളക്കുകള്‍.
അകത്തേക്കു കടന്നാല്‍, ഒരു വശത്തു് കമ്മിറ്റിക്കാരുടെ കൂട്ടം ചേരലുകള്‍, അങ്ങോട്ടുമിങ്ങോട്ടും തിരക്കുപിടിച്ചു ഓടിനടക്കുന്നു, കക്ഷത്തിലെ ഒരിക്കലും താഴെ വയ്ക്കാത്ത ബാഗില്‍നിന്നു് കാശെടുത്ത് കൊടുക്കുന്നു. ഈ ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ചവര്‍ അവരാണെന്നു് നമുക്കു
തോന്നിപ്പോവും ആ നിമിഷത്തില്‍.
ഇനി, വഴിപാടു് കൌണ്ടര്‍ - ഭക്തജനങ്ങളുടെ തിരക്ക് -- പുഷ്പാഞ്ജലി, നെയ്‌വിളക്കു്, പറ, വെടി വഴിപാടു് (വിളിച്ചു പറയല് പതിവില്ല)
അപ്പുറത്ത് കലാപരിപാടികള്‍ നടക്കുന്ന സ്റ്റേജില്‍ “ഹലോ മൈക്ക് ടെസ്റ്റിങ്ങ്, മൈക്ക് ടെസ്റ്റിങ്ങ്" എപ്പഴുമെപ്പഴുമീ മൈക്ക് എന്തിനാ ടെസ്റ്റ് ചെയ്യുന്നതെന്തിനാണെന്നയാള്‍ക്കേ അറിയൂ.
അങ്ങേ അറ്റത്ത് കതിനയും കരിമരുന്നുമായി വെടിക്കാരന്‍ ചേട്ടന്‍. വെടിയൊച്ച കേട്ടു കരയുന്ന കുട്ടികള്‍, ഒച്ച കേള്‍ക്കാതിരിക്കാന്‍ രണ്ടു ചൂണ്ടുവിരലും ചെവിയില്‍ തിരുകി കേറ്റിവച്കു നടക്കുന്ന ചിലര്‍.
ദാ, അപ്പുറത്ത് നില്‍ക്കുന്നു, നമ്മുടെ “ വൈലൂര്‍ പരമേശ്വരന്‍". അവനൊരു സ്വല്പം കുറുമ്പനാ. അനുസരണ ഇത്തിരി കുറവും. മെക്കിട്ടു് കേറാന്‍ ഒരു പാപ്പാനേയുമൊട്ടു സമ്മതിക്കുകയുമില്ല. പാപ്പാന്‍ എന്തൊക്കെ പറഞ്ഞാലും, അവനു സൌകര്യമുണ്ടെങ്കിലേ അവന്‍ കേള്‍ക്കൂ. ചുറ്റും കുറെ കുട്ടികള്‍, പഴം കൊടുക്കുന്നു, ശര്‍ക്കര കൊടുക്കുന്നു (പകരം ആനവാല്‍ ചോദിച്ചു നോക്കുന്നൂ, പക്ഷേ കിട്ടുന്നില്ല)
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട സ്ഥലം, ഊട്ടുപുര. അവിടെ എപ്പോഴും ജനത്തിരക്കാണ്. മഴയത്ത് പോലും ഒന്നു കേറി നില്‍ക്കത്തവര്‍ കൂടി സജീവമാണീ ഉത്സവക്കാലത്ത്.
അമ്പലത്തിനുള്ളില്‍ , മേല്‍ശാന്തിയും, കീഴ്ശാന്തിയും, തന്ത്രിയുമെല്ലാം --- മുഷിഞ്ഞ മുണ്ടും അതിനേക്കാള്‍ മുഷിഞ്ഞ പൂണൂലുമായിട്ട്.
ഉത്സവം കാണാനും, പരദൂഷണം പറയാനുമായി അവിടവിടെയായി കൂടിനില്‍ക്കുന്ന കുറച്ചു് നാട്ടുകാര്‍.
(മറന്നോ വല്ലതും, ഏയ്, ഇല്ല)
ഇത്രയൊക്കെ കൂട്ടിവച്ചാല്‍ ഏകദേശം ഉത്സവപറമ്പായി. അതെല്ലാം ഇന്നലെ.
ഇന്നോ? ഒന്നുമില്ല, ആനപിണ്ടവും, കാറ്റത്തു വരുന്ന അതിന്റെ മണവും മാത്രം.
ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരിക്കുന്നൂ, അടുത്ത മകരത്തിനായി.
എഴുത്തുകാരി.
അടിക്കുറിപ്പു് -- (1) ഇപ്രാവശ്യത്തെ ഏറ്റവും ജനപ്രിയ പരിപാടി എന്തായിരുന്നെന്നോ -
നെല്ലായി വനിതകള്‍ അവതരിപ്പിച്ച ‘തിരുവാതിര കളി’.
(2) വല്ലാതെ ബോറാവുന്നുണ്ടോ എന്റെ പുരാണം?
Posted by Typist | എഴുത്തുകാരി at 1:53 PM 9 മറുമൊഴികള്‍
Friday, February 2, 2007
നെല്ലായി പുരാണം ****
(വിശലേട്ടോ, പേടിക്കേണ്ട, പാരയാവില്ല)
“കാളന്‍ നെല്ലായി” എന്നു കേള്‍ക്കാത്തവര്‍ എന്നു് കേള്‍ക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ ഈ
ഭൂമി മലയാളത്തില്‍. ആ നെല്ലായി തന്നെ ഈ നെല്ലായി.
കുറുമാലി പുഴയുടെ തീരത്തു് ത്രിശുരിനും ചാലക്കുടിക്കുമിടയില്‍, ക്രിത്യമായി പറഞ്ഞാല്‍ പുതുക്കടിനും കൊടകരക്കും (അതേ “കൊടകര പുരാണം" fame തന്നെ) നടുവില്‍. കുഗ്രാമമൊന്നുമല്ല, unlimited internet facility ഉണ്ട്, 2-3 ബ്ലോഗന്മാര്‍ ഉണ്ട്` സ്വന്തമായിട്ടു് (കരിങ്കല്ല്, അതുല്യ, പിന്നെ ഈ ഞാനും). ഗ്രാമത്തിന്റെ വിശുദ്ധി(അങ്ങിനെ ഒന്നുണ്ടെന്നു് എല്ലാരും പറയുന്നു) മുഴുവനായി കൈമോശം വന്നിട്ടില്ല. നല്ല കിടിലന്‍ കഥാപാത്രങ്ങളും ഉണ്ടിവിടെ. അതൊക്കെ വഴിയേ.
അവിടെ പുഴയോരത്ത്, NH 47 ന്റെ വളരെ അടുത്ത്, “മഹാമുനിമംഗലം" ക്ഷേത്രം. പുഴക്കടവുണ്ടു്, ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും separate.. നടുവിലേക്കു നീന്തിച്കെന്നു്, ആരുമറിയാതെ, കുളിസീന്‍
കണ്ടാസ്വദിച്ചിരുന്ന വീരന്മാരുണ്ടായിരുന്നത്രേ.
അതൊക്കെ പൊട്ടേ. ഈ ക്ഷേത്രത്തിലെ ഉത്സവം -- 6 ദിവസം -- അതാണീ നടിന്റെ ഉത്സവം.
തട്ടുപൊളിപ്പന്‍ കലാപരിപാടികല്‍ ഒന്നുമില്ല. ഇന്നാട്ടുകാരുടെ കൊച്ച് കൊച്ച് തട്ടിക്കൂട്ട് പരിപാടികള്‍. ഭജന, ചാക്യാര്‍ കൂത്ത്, വനിതാരത്നങ്ങളുടെ തിരുവാതിര കളി, etc. etc. കാശു് ചിലവാക്കാന്‍ വലിയ താല്പര്യമില്ല, എന്നര്‍ഥം. സൌജന്യമായിട്ടാണെങ്കില്‍, വിരോധവുമില്ല. പക്ഷേ ഗ്രാമം, ഒരു കൊച്ചു പ്രദേശം മുഴുവനും, മനസ്സുകൊണ്ടു് അതാഘോഷിക്കുന്നു. ആറാട്ട് (അവസാന ദിവസം) ആവുമ്പോഴേക്കും, ഇനി ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന തോന്നല്‍.
ആ ഉത്സവലഹരിയിലാണിപ്പോള്‍, ഞങ്ങള്‍ നെല്ലയിക്കാര്‍.
പോരുന്നോ കൂടെ കൂടാന്‍?
എഴുത്തുകാരി.
****(1) കടപ്പാട് -- വിശാലമനസ്കന്‍.
(2) കൊടകര പുരാണത്തിന്റെ പ്രതീക്ഷയില്‍ തുടങ്ങല്ലേ, അതൊരു വല്ലാത്ത range ആണേയ്
Posted by Typist | എഴുത്തുകാരി at 12:44 PM 12 മറുമൊഴികള്‍
Saturday, January 27, 2007
കടലിലേക്കൊരു യാത്ര
പുറത്തുനിന്നു കണ്ടിട്ടൂള്ളതല്ലാതെ ഇതുവരെ കടലിന്റെ നടുവില്‍നിന്നു കടലിനെ കണ്ടിട്ടില്ല. ഇന്നലെ അതുണ്ടായി.
ഞങ്ങള്‍ 50 പേരടങ്ങുന്ന സംഘം (സ്ഥലം - കൊച്ചി, സമയം വൈകുന്നേരം 5.30) കയറുന്നൂ
“സാഗരറാണി” യില്‍.
“സാഗരറാണി” കപ്പല്‍ എന്നൊന്നും വിളിച്ചൂടാ, ഒരു വലിയ ബോട്ടു് എന്നു പറയാം. എന്നാലും
കപ്പല്‍ എന്നു പറയാനാണെനിക്കിഷ്ടം.
കപ്പല്‍ നീങ്ങിത്തുടങ്ങി. കടല്‍ ശാന്തമായിരുന്നു (മുന്‍പരിചയം ഉള്ളവര്‍ ക്ഷമിക്കുക, കപ്പലില്‍ നമ്മുടെ കന്നിയാത്രയാണേയ്). “റാണി” മന്ദം മന്ദം പോവുന്നു. അസ്തമയ സൂര്യന്‍ യാത്ര പറയാതെ മേഘങ്ങ്ള്‍ക്കിടയില്‍ മറഞ്ഞു. അങ്ങിനെ അങ്ങിനെ ഞങങള്‍ പുറംകടലിലെത്തി.
10 km വരെ പോയി. ചുറ്റും വെള്ളം മാത്രം.
open air ല്‍ കടല്‍ കാണണ്ട എന്നാണെങ്കില്‍, air conditioned room ല്‍ സുഖമായിരുന്നു്
ജാലകത്തിലൂടെ കാണാം.
അപ്പോഴേക്കും കലാ (പ) പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. അവര്‍ ഒരുക്കുന്ന പരിപാടികള്‍ക്കു
പുറമേ നമുക്കും ആവാം, അറിയാമെങ്കില്‍ (അറിയില്ലെങ്കിലും, തൊലിക്കട്ടി ഉണ്ടായാലും മതി)
അവരുടെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ക്കു ശേഷം, ഒരു ആശ്വാസമഴ പോലെ, ഇതാ വരുന്നൂ,
“ചന്ദന മണിവാതില്‍ പാതി ചാരി “(വേണുഗോപാല്‍) . ഞങങളുടെ ഇടയില്‍ നിന്നൊരാള്‍. പറയാതെ വയ്യ, വളരെ വളരെ നന്നായിട്ടു പാടി.
അതിനിടയിലെപ്പോഴൊ, ഞങ്ങള്‍ കരയിലേക്കു തിരിച്ചു വന്നു തുടങ്ങിയിരുന്നു, ആരും അറിഞ്ഞില്ല.
കരയോടടുത്തപ്പോഴാണറിയുന്നതു്. സമയം 7.30. രണ്ടു മണിക്കൂര്‍ കടന്നുപോയിരിക്കുന്നു.
സാഗരറാണിയോടു യാത്ര പറഞ്ഞു നടന്നു.
ബ്ലോഗന്മാരേ, പോയാലോ ഒരു ട്രിപ്?
എഴുത്തുകാരി.
അടിക്കുറിപ്പു് അല്ലെങ്കില്‍ വാല്‍ക്കഷണം:- “വീര്യം കൊണ്ടുപോകലും കഴിക്കലും allowed ആണ്.
Posted by Typist | എഴുത്തുകാരി at 9:55 PM 10 മറുമൊഴികള്‍
Wednesday, January 10, 2007
ഒരു സ്വകാര്യ ദു:ഖം
തെളിഞഞ ദിവസം, ഇളം തണുപ്പുള്ള് വ്രിസ്ചിക കാറ്റ് (ധനുമാസമായിട്ടും).
മനസ്സു വല്ലാതെ തേങ്ഗുന്നു. അറിയാം എന്തിനാണെന്നു്. പ്രിയപ്പെട്ടവര്‍, കുറച്ചു
കാലത്തേക്കാണെങ്കിലും അകലെയ്ക്കു പോകുമ്പൊഴുള്ള വിങ്ങല്‍. തനിചചായപൊലെ.
ഇല്ല, എനിക്കറിയാം, ഞാന്‍ പഴയ ഞാന്‍ ആവും, within days, and I will be back
to u.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 11:41 AM 7 മറുമൊഴികള്‍
Sunday, January 7, 2007
ഒന്നാം രാഗം പാടി....
അടുത്ത രാഗങ്ങള്‍ക്കായി കാതോര്‍ത്തിരിക്കൂ ബൂലോഗരേ :)
- എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 3:36 PM 12 മറുമൊഴികള്‍