Friday, November 30, 2007

എന്റെ ഇരുപത്തഞ്ചാമത്തെ പോസ്റ്റ്‌ -- ചില മിഥ്യാ ധാരണകള്‍

camera കേടുവന്നു (വെള്ളം കടന്നു.ഹോഗനക്കല്‍ പോയതിന്റെ ബാക്കിപത്രം-
കവറിലാക്കി പൊതിഞ്ഞൊക്കെ വച്ചിരുന്നു, എന്നാലും സംഭവിച്ചുപോയി). അതൊന്നു നന്നാക്കണമല്ലോ. എവിടെ കൊടുക്കും? ഇലക്ട്രീഷ്യന്‍ രവി വന്നപ്പോള്‍ പറഞ്ഞു, നമ്മുടെ അക്കരേലെ ഗോപാലേട്ടന്റെ മകന്‍ ദാസനില്ലേ, അവന്‍
നല്ല മിടുക്കനാത്രേ, കാമറ റിപ്പെയര്‍ ചെയ്യാന്‍. ആമ്പല്ലൂരാ. പക്ഷേ അവനിപ്പോള്‍ മൂവി കാമറകള്‍ മാത്രമേ നോക്കുന്നുള്ളൂ, അത്ര തിരക്കാത്രേ.(അക്കരെ എന്നു വച്ചാല്‍ പുഴക്കു് അക്കരെ.നെല്ലായിയുമായിട്ടു് കണക്ഷന്‍ ഉണ്ടാവും എങ്ങിനെയായാലും.ചിലര്‍ക്കൊക്കെ ഇപ്പഴും സ്വന്തം വഞ്ചി ഉണ്ട്‌, ഇക്കരെ കടക്കാന്‍. വളഞ്ഞു ചെങ്ങാലൂരു വഴി വരുന്നതിലും എത്രയോ എളുപ്പം. വഞ്ചി കടന്നു ഇക്കരെ എത്തിയാല്‍ NH 47 ആയി. തന്നെയല്ല, ഗോപാലേട്ടനു് ഇക്കരെ നെല്ലായിലു് കച്ചോടോം ഉണ്ടായിരുന്നു)

ശരി, എന്തായാലും, അമ്പല്ലൂരല്ലേ, ഒന്നു പോയി നോക്കാം. ഇനി ഇപ്പോ മൂവി കാമെറ അല്ലാത്തതുകൊണ്ട്‌ നന്നാക്കിയില്ലെങ്കില്‍ തന്നെ, വേറെ എവിടെയാണ് നല്ല റിപ്പയറിങ്ങ് ഉള്ളതെന്നു ചോദിക്കാല്ലോ.

പോയി.ദാസനേയോ, അച്ചന്‍ ഗോപാലേട്ടനേയോ എനിക്കു നേരിട്ടു പരിചയമൊന്നുമില്ല. എന്നലും നെല്ലായിക്കാരി
ആണെന്നു പറഞ്ഞാല്‍ ഒരു പരിഗണന കിട്ടാതിരിക്കുമോ? പക്ഷേ ഒന്നുമുണ്ടായില്ല. ആരാ ദാസന്‍, ഞാന്‍ ചോദിച്ചു, ഞാന്‍ നെല്ലായില്‍ നിന്നാണെന്നു പറഞ്ഞു. അകത്തിരിക്കുകയായിരുന്ന ദാസന്‍ ഒന്നു് എണീറ്റുവന്നതുപോലുമില്ല. എനിക്കു തോന്നി, എന്തൊരു ജാഡ, ഒന്നു അടുത്തേക്കു വന്നാല്‍ എന്താണയാള്‍ക്ക്‌, എന്താ മനുഷ്യനു് ഇത്രയൊക്കെ മര്യാദ ഇല്ലാതാവുന്നതു് എന്നൊക്കെ ചിന്തിച്ചു കൂട്ടി.

എന്തോ ആവട്ടെ, കൌണ്ടറിലിരുന്ന ആള്‍ പറഞ്ഞു, നോക്കിയിട്ടു വിളിക്കാം. ശരി, അല്ലാതെ വേറൊന്നും ചെയ്യാ‍നില്ലല്ലോ എനിക്കു്. ഒരാഴ്ച കഴിഞ്ഞു, വിളിച്ചു, “ മെമ്മറി“ യും കൊണ്ടു വരാന്‍ പറഞ്ഞു. അന്നു പോയപ്പോള്‍ ദാസന്‍ മാത്രമേയുള്ളൂ അവിടെ, മറ്റേയാള്‍‍ ഇല്ല. അതിട്ടു നോക്കി, വേറെ എന്തോ കൂടി പ്രശ്നമുണ്ടെന്നു പറഞ്ഞു.
അതു കഴിഞ്ഞ്‌ എനിക്കതു തരാനായി ദാസന്‍ എഴുന്നേറ്റുവന്നു.

പാവം ദാസന്‍, രണ്ടു കാലുകളും തളര്‍ന്നതാണ്. വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നതു്.‍ എന്നിട്ടെന്നോടു പറഞ്ഞു, ഞങ്ങളിപ്പോള്‍ സ്റ്റില്‍ കാമറ എടുക്കാറില്ല, പിന്നെ നെല്ലായീന്നാണെന്നു പറഞ്ഞതുകൊണ്ടാ, ഇതെടുത്തതു്.

ഒരു നിമിഷം എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി. ഞാനെന്തൊക്കെയാ ആ പാവത്തിനെ പറ്റി ആലോചിച്ചുകൂട്ടിയതു്?


എഴുത്തുകാരി.

Wednesday, November 7, 2007

ഇന്നത്തെ തമാശ

രാവിലെ മോണിങ്ങ് വാക്കിനു പോയി വരുമ്പോള്‍, മേനോന്‍ ചേട്ടന്‍ വിളിച്ചുപറഞ്ഞു " ദേ ഇവിടെ ഇപ്പറത്ത് നിക്കണ ഒരു കുല പഴുത്തു തുടങ്ങി,കിളി തിന്നു പോണ്ട, അതു വേഗം വെട്ടി വച്ചേക്കു് " എന്നു്. രാധമ്മ അതു കേട്ടു വന്നു, ഉടനേ പറഞ്ഞൂ," പിണ്ടി ആര്‍ക്കും കൊടുക്കല്ലേ, എനിക്കു വേണം". ഓ ശരി തന്നേക്കാം, എന്നു ഞാനും പറഞ്ഞു.

ഞാന്‍ അതു വീട്ടില്‍ വന്നു പറഞ്ഞു, പിന്നെ തിരക്കില്‍ മറന്നും പോയി.

കുറേ കഴിഞ്ഞു ഞാന്‍ അമ്പലത്തില്‍ പോയപ്പോള്‍, മേനോന്‍ ചേട്ടനുണ്ട് അവിടെ. കമ്മിറ്റിക്കാരുമൊക്കെ ആയിട്ട് വേറേയും കുറച്ചുപേരുണ്ട്‌. എന്നോട്‌ പറഞ്ഞു, എനിക്കൊരബദ്ധം പറ്റിയതാട്ടോ, രാവിലെ വെയിലിന്റെ ഗ്ലെയറുകൊണ്ട്‌ എനിക്കു തോന്നിയതാ,പഴുത്തിട്ടൊന്നൂല്യാ എന്നു്. അതുപോരേ,തുടങ്ങിയില്ലേ എല്ലാരുംകൂടി മേനോന്‍ ചേട്ടനെ വാരാന്‍.
ഓ, സമ്മതിച്ചൂല്ലേ വയസ്സായെന്നു്, കണ്ണു ശരിക്കു കാണില്ലെന്നും, അബദ്ധം പറ്റുമെന്നൊക്കെ. (നമ്മുടെ കഥാനായകനു്‍ 60 വയസ്സു കഴിഞ്ഞു, എന്നാലും ഡൈ ഒക്കെ ചെയ്തു നല്ല ചുള്ളമണി ആയാണ് നടപ്പു്). തിരിച്ചൊന്നും പറയാനില്ല, നമ്മുടെ ചേട്ടന്.


തിരിച്ച് വീട്ടില്‍ വന്നപ്പോഴല്ലെ, പഴുത്തു തുടങ്ങിയ ഒന്നു രണ്ടു പടല കായ ഇരിക്കുന്നു, അടുക്കളയില്‍. ഞാനോടിപ്പോയി നോക്കി. വാഴയും, ബാക്കി പഴുക്കാത്ത കുലയും ഒന്നും സംഭവിക്കാത്തതുപോലെ അവിടെ നില്‍ക്കുന്നു.

നമ്മുടെ മേനോന്‍ ചേട്ടന്‍ രണ്ടാമതു് കണ്ടതു്, പടല ഉരിഞ്ഞശേഷമുള്ള കുലയായിരുന്നു.

പാവം പാവം മേനോന്‍ ചേട്ടന്‍!! ഇനി പറയാന്‍ പോയാല്‍ എന്നെ തല്ലാന്‍ വരും.



എഴുത്തുകാരി.

അടിക്കുറിപ്പ്‌ -- പേരുകള്‍ മാത്രം സാങ്കല്പികം , സംഭവം സത്യം - 3-4 മണിക്കൂര്‍ മുന്‍പു നടന്നതു്

Thursday, November 1, 2007

റിയാലിറ്റി ഷോ - മലയാളിയുടെ പുതിയ രോമാഞ്ചം

ടി വി യില്‍ ഒരു പരിപാടിയും അങ്ങിനെ സ്ഥിരമായി കാണുന്ന ശീലം എനിക്കില്ല( ന്യൂസ് ഒഴികെ). അവിടെ എത്തുന്ന നേരത്തു് ഇഷ്ടപ്പെട്ടതെന്തെങ്കിലും ഉണ്ടെങ്കില്‍ കാണും, നല്ല സിനിമകളുണ്ടെങ്കിലും, കാണും, അത്ര തന്നെ.

ഇന്നലെ, അതുപോലൊരു സമയത്ത്‌, പരസ്യത്തിന്റെ ഇടവേളയില്‍, ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്ന-
പ്പോഴാണ് അതു കണ്ടതു്. ഒരു ചാനലില്‍ ആകെ ശോകമൂകമായ ഒരു അന്തരീക്ഷം. അവതാരിക കരയുന്നൂ, participants കരയുന്നൂ, judges കരയുന്നൂ, കാണികള്‍ കരയുന്നൂ, എന്തിനു പറയുന്നു, വിഷാദം ഉറഞ്ഞുകൂടിയിരിക്കുന്നു എന്നൊക്കെ പറയാറില്ലേ (ഇല്ലേ പറയാറില്ലേ?) അതു പോലെ. അതിനു ചേര്‍ന്ന ഒരു back ground music ഉം.

സംഭവം ഇതാണ് - star singer നെ തിരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോ ആണ്. SMS വോട്ടിന്റെ അടിസ്ഥാനത്തില്‍, അന്നു് ഒരു പാട്ടുകാരന്‍ ഔട്ട് ആയിരിക്കയാണ്. ഒരു 20-22 വയസ്സു കാണും. അയാള്‍ തേങ്ങി തേങ്ങി കരയുകയാണ്. ബാക്കിയുള്ള പാട്ടുകാര്‍ എല്ലാരും കൂടി കെട്ടിപ്പിടിച്ചു് നിയന്ത്രണം വിട്ടു് കരയുന്നു. അവതാരികക്കു് ഒന്നും പറയാന്‍ കഴിയുന്നില്ല, തൊണ്ട ഇടറിയിട്ടു്. അതു കഴിഞ്ഞ്‌ പുറത്തേക്കു വരുന്നു, എല്ലാരും കൂടി വീണ്ടും കൂട്ടക്കരച്ചില്‍. എത്രയോ പേര്‍ കണ്ടു കൊണ്ടിരിക്കുകയാണിതു്. (സത്യം പറയാല്ലോ, ആര്‍ക്കും സങ്കടം
വന്നുപോവും, ആ രംഗം കണ്ടാല്‍).

കേരളത്തിന്റെ പുതിയ മുഖമാണിതു്. ചാനലുകള്‍ മത്സരമാണ്. കണ്ണീര്‍ സീരിയലുകളെല്ലാം റിയാലിറ്റി ഷോകള്‍ക്കു് വഴിമാറിയിരിക്കയാണ്. സൂപ്പര്‍ ഡാന്‍സര്‍, സൂപ്പര്‍ സിങ്ങര്‍, സൂപ്പര്‍ ആക്റ്റര്‍, എല്ലാമുണ്ട്‌. വീട്ടമ്മമാര്‍ വിഷമിക്കേണ്ട, അവര്‍ക്കുമുണ്ട്‌, വനിതാരത്നവും, കുക്കറി ഷോ യുമെല്ലാം. ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും, തുറന്നു കാണിക്കാനും ഒരു അവസരം ഉണ്ടാകുന്നതു നല്ലതു തന്നെ. പക്ഷേ ലേശം അതിരു
കടക്കുന്നില്ലേ(ആരാണ് അതിരു നിശ്ചയിക്കുന്നതു് എന്നു് അല്ലേ) എന്നൊരു തോന്നല്‍. കുട്ടികളുടെ ജീവതല‍ക്ഷ്യം തന്നെ ഇതായി മാറുന്നുവോ?

വളരെ കുറച്ചു കാലം മുമ്പു വരെ ഒരു വിഭാഗം അഛനമ്മമാരുടെ (പ്രത്യേകിച്ചു് അമ്മമാരുടെ) ലക്ഷ്യം മക്കളെ കലാതിലകവും കലാപ്രതിഭയും ഒക്കെ ആക്കലായിരുന്നു.(യുവജനോത്സവങ്ങളില്‍, രക്ഷിതാക്കള്‍ തമ്മിലുള്ള യുദ്ധം നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ). ഇന്നതെല്ലാം പഴയ കഥ. ആ സ്ഥാനം ഇന്നു റിയാലിറ്റി ഷോകള്‍‍ ഏറ്റെടുത്തിരിക്കുന്നു. കൈ നിറയെ സമ്മാനങ്ങള്‍, ബെന്‍സ് കാര്‍, സിറ്റിയില്‍ 40 ലക്ഷത്തിന്റെ ഫ്ലാറ്റ്, ഇതിനെല്ലാം പുറമേ, സിനിമയിലേക്കുള്ള ഓഫറുകളും.

ഒരു സ്റ്റേജ് കഴിഞ്ഞാല്‍ , participants എല്ലാം തന്നെ celebrities ആയി മാറുന്നു. അവരുടെ നാടു്, വീട്‌, അയല്‍ക്കാര്‍, പഠിപ്പിച്ച അധ്യാപകര്‍, തുടങ്ങി, നാട്ടുകാര്‍ വരെയുള്ളവരുമായി അഭിമുഖം, ആകെ ഒരു ഉത്സവലഹരി. ആനന്ദലബ്ധിക്കിനിയെന്തു വേണം!!

പാട്ടു മത്സരമായാല്‍ പോലും അതിലും വേണം ഡാന്‍സ്. പല ഡാന്‍സുകളും കാണുമ്പോള്‍, കുട്ടികളേക്കൊണ്ട്‌ ഇത്രയൊക്കെ കാണിക്കണോ എന്നു തോന്നാറുണ്ട്‌. അമ്മമാര്‍ എങ്ങിനെ ഇതു അനുവദിക്കുന്നു എന്നും. ഏകദേശം മുഴുവനും തമിഴു് പാട്ടുകളാണു്. സാക്ഷാല്‍ ഡപ്പാംകുത്തു്. ശരീരമാകെ ഇളക്കിമറിച്ചു് ഉറഞ്ഞുതുള്ളുകയാണു്.

judges-- വളരെ പ്രശസ്തരായവര്‍ മുതല്‍ കണ്ടിട്ടോ കേട്ടിട്ടോ വരെ ഇല്ലാത്തവരും ഉണ്ട്‌. ചിലര്‍ കുട്ടികളോടു് അവരുടെ 'പെര്‍ഫോമന്‍സ്'നെ പറ്റി പറയുമ്പോള്‍ സങ്കടം തോന്നും, എന്തിനിതിനു നിന്നു കൊടുക്കുന്നു എന്നു്

എന്തായാലും കേരളത്തിന്റെ മാറുന്ന മുഖമാണിതു്.

എന്റെ കുഴപ്പം കൊണ്ടാണോ കൂട്ടുകാരേ, കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാതെ എനിക്കിങ്ങനെയൊക്കെ തോന്നുന്നതു്?. നിങ്ങള്‍ തന്നെ പറയൂ.

(പേടിയാവുന്നു, എല്ലാരും കൂടിയെന്നെ കല്ലെറിയല്ലേ!)



എഴുത്തുകാരി.