Thursday, January 20, 2011

കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം...

ഇന്നോർക്കുമ്പോൾ തമാശ. അന്നെത്രപേരാ തീ തിന്നതു്.  അതിന്റെ തുടക്കക്കാരി ഈ ഞാനും!

മൂന്നാലു ദിവസമായി  മമ്മിയെ കണ്ടിട്ട്. എന്നാലൊന്നു പോയി നോക്കിയിട്ടുവരാം എന്നു കരുതി പോയതാണ് മമ്മിയുടെ അടുത്തു്.. (മമ്മി എങ്ങനെ എല്ലാർക്കും മമ്മിയായതെന്നറിഞ്ഞുകൂടാ. ആ സൌമ്യമായ മുഖം കണ്ടിട്ടാവുമോ. കൊച്ചു കുട്ടികൾ മുതൽ       പ്രായമുള്ളവർ വരെ മമ്മി എന്നു തന്നെയാ വിളിക്കുന്നതു്. വയസ്സ് 65 നും 70 നും ഇടക്കു്, പേര് എലിസബെത്ത്, ആലപ്പുഴക്കാരി)

എന്തോ  ലീനയുടെ കാര്യം പറഞ്ഞപ്പോൾ  മമ്മി പറഞ്ഞു, ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് . പക്ഷേ ഇതുവരെ  ശരിക്കൊന്നു  പരിചയപ്പെടാൻ കഴിഞ്ഞില്ല.. ലീനയുടെ അമ്മയും വന്നിട്ടുണ്ടിപ്പോൾ. നമുക്കൊന്നു പോയാലോ. ഞാൻ പറഞ്ഞു.  okay,  പോയേക്കാം എന്നു്.  നല്ല കാര്യങ്ങൾ  വച്ചു താമസിപ്പിക്കരുതെന്നല്ലേ.

രണ്ടുപേരും കൂടി ലീനയുടെ വീട്ടിൽ പോയി.  വാതിൽ തുറന്നപ്പോൾ ദേവിച്ചേച്ചിയും ഉണ്ടവിടെ. പതിവു കുശലാന്വേഷണത്തിനു വന്നതാണ്.  കക്ഷി എന്നും എല്ലായിടത്തും ഓടിയെത്തും. അപ്പോൾ ഞങ്ങൾ നാലഞ്ചു പേരായി അവിടെ.  ലീന, ലീനയുടെ അമ്മ (ഭാനുമതി അമ്മ), ദേവിച്ചേച്ചി, മമ്മി പിന്നെ ഈ ഞാനും,  ഇത്തിരി കഴിഞ്ഞപ്പോൾ ഷീ‍ബയും വന്നു.

പരിചയപ്പെടലിൽ തുടങ്ങി, കുശലാന്വേഷണം കഴിഞ്ഞു, പരദൂഷണം വരെയെത്തി കാര്യങ്ങൾ.  തൃശ്ശൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാജസ്ഥാൻ ഹാൻഡിക്രാഫ്റ്റ് എക്സിബിഷൻ, അലങ്കാര മത്സ്യപ്രദർശനം, എന്നിങ്ങനെ  വിശാലമായി പടർന്നു പന്തലിച്ചുകൊണ്ടിരുന്നു  ചർച്ചാവിഷയങ്ങൾ. കണ്ടവർ കാണാത്തവരോട്  അതിലുള്ള കണ്ണാടി പിടിപ്പിച്ച  ഹാൻഡ് ബാഗുകളേപ്പറ്റി, ഭംഗിയുള്ള മാലകളേപ്പറ്റി,  പുറം ചെറിയാനുള്ള വടിയേപ്പറ്റി  (സത്യമാണേ, അതു കണ്ടപ്പോൾ എന്താണെന്നറിയാത്തതുകൊണ്ട് ഞാനുംചോദിച്ചു), കണ്ടാൽ കൊതിയാവുന്ന മീനുകളേപ്പറ്റി, 20,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെപ്പറ്റി, പൊടിപ്പും തൊങ്ങലും വച്ച് വച്ചുകാച്ചുന്നു.

നാട്ടിൽ നിന്നു കൊണ്ടുവന്ന കപ്പ പുഴുങ്ങിയതും കായ വറുത്തതുമൊക്കെ പ്ലേറ്റിൽ നിന്നു് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

അവസാനം കാര്യങ്ങൾക്കൊരു തീരുമാനമായി.  സുപ്രധാനമായ ഒന്നു രണ്ടു തീരുമാനങ്ങളെടുത്തു.

തീരുമാനം (1)നാളെത്തന്നെ എല്ലാരും കൂടി പ്രദർശനം കാണാൻ പോകുന്നു.  തൃശ്ശൂർക്കാരി ഞാൻ മാത്രം.  ബാക്കിയുള്ളവരൊക്കെ കണ്ണൂർ, കോഴിക്കോട്, തുടങ്ങി ആലപ്പുഴ തിരുവനന്തപുരം മുതലായ വിദൂര ദേശങ്ങളിലുള്ളവർ.. അതുകൊണ്ട്, പട നയിക്കുന്നതു ഞാൻ തന്നെ.

തീരുമാനം (2) നമ്മൾ ഇങ്ങനെയായാൽ പോരാ, ഇടക്കൊക്കെ  ഇതുപോലൊന്നു കൂടണം. (ഏയ് പരദൂഷണത്തിനാണെന്നോ,  ഞങ്ങൾ അത്തരക്കാരല്ലാട്ടോ).

ചർച്ചയും പ്ലേറ്റിലെ സാധനങ്ങളും ഏതാണ്ടവസാനിച്ചു. മണി 6 കഴിഞ്ഞു.   സഭ പിരിഞ്ഞു.   പുറത്തുവന്നു നോക്കിയപ്പോൾ ആകെ ഒരു ബഹളം പോലെ. എന്തോ സംഭവിച്ചിട്ടുണ്ട്, തീർച്ച. അല്ലെങ്കിൽ  എന്താ എല്ലാരും കൂടി. അതോ ഇനി ഞങ്ങൾ കൂടിയ  പോലെ അവരുമൊന്നു കൂടിയതാണോ?  ഏയ്, അതാവാൻ വഴിയില്ല ഈ നേരത്ത്. എന്തോ ഒരു പ്രശ്നം ഉണ്ട്.

പ്രശ്നം  അന്വേഷിച്ചു ചെന്ന ഞങ്ങളെ എല്ലാരും കൂടി തല്ലിക്കൊന്നില്ലെന്നു മാത്രം.   സംഗതി അത്ര നിസ്സാരമല്ല.  മമ്മിയുടെ   മകൻ(ജോലി ഫെഡറൽ ബാങ്കിൽ)  വിളിച്ചിട്ടു  മമ്മി ഫോണെടുക്കുന്നില്ല. വേഗം വീട്ടിൽ വന്നു. നോക്കിയപ്പോൾ   വാതിൽ പൂട്ടിയിരിക്കുന്നു. തുറക്കുന്നില്ല.. മൊബൈൽ  അടിക്കുന്നുണ്ട്, എടുക്കുന്നുമില്ല.  ഒരിക്കലല്ല, പലവട്ടം. വാച്ച്മാൻ ഉറപ്പിച്ച് പറയുന്നു, പുറത്തേക്കൊന്നും പോയിട്ടില്ലെന്നു്. ഒരീച്ച പോലും പുറത്തേക്കോ അകത്തേക്കോ താനറിയാതെ കടക്കില്ല. പിന്നെയല്ലേ മമ്മി.  മമ്മി എങ്ങോട്ടും പോകാറുമില്ല. എന്നാലും പോകാനിടയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചു.എവിടേയും മമ്മിയില്ല.  പരിഭ്രമിക്കാതെന്തു ചെയ്യും!

ഏകദേശം ഒരു തീരുമാനത്തിലെത്തി നിൽക്കുകയാണവർ, വാതിൽ പൊളിക്കാൻ. അപ്പഴാണ് ഞങ്ങളുടെ വരവു്.  വളരെ സന്തോഷമാ‍യിട്ട്.  ദേഷ്യം വരാതിരിക്കുന്നതെങ്ങനെ?

പാവം മമ്മി, മൊബൈൽ കൊണ്ടുപോകാൻ മറന്നു. അതിത്രേം വലിയൊരു അപരാധമായി തീരുമെന്നു് കരുതിയില്ല. കിട്ടുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറായി നിൽക്കുകയാണ് ഞങ്ങൾ. പെട്ടെന്ന്‌ ,പണ്ടൊരു കുട്ടി പറഞ്ഞില്ലേ  രാജാവ് നഗ്നനാണെന്നു്, അതുപോലെ എവിടെ നിന്നോ ആരോ ഒരു ചിരി തുടങ്ങിവച്ചു , പിന്നെ അതൊരു കൂട്ടച്ചിരിയായി മാറി.

എന്നാലും മമ്മിക്ക് വീട്ടിൽ പോയിട്ട് അത്യാവശയ്ത്തിനുള്ളതു കിട്ടിയിട്ടുണ്ടാവും, അതുറപ്പ്‌.

fish 002

fish 007

ഓറഞ്ച് മീനും വെള്ള പ്രാവും (എന്റെ മൊബൈലിൽ എടുത്തതാണേ)

എഴുത്തുകാരി.