പ്രഭാതം. പതിവുപോലെ സുന്ദരം. ഇളം തണുപ്പ്, കിളികള്‍ പാടുന്നു, ചെറിയ കാറ്റ്.
ഒരു ഒഴിവുദിവസത്തിന്റെ എല്ലാ തിരക്കുകളും.
അങ്ങിനെ ഞാന്‍ ഓടിനടക്കുമ്പോള്‍ ഇതാ “വീണിതല്ലോ കിടക്കുന്നു ധരണിയില്‍". എങ്ങിനെ എന്നു ചൊദിച്ചാല്‍ ഒരുത്തരമേയുള്ളൂ , മുകളില്‍ പറഞ്ഞപോലെ “അടി തെറ്റിയാല്‍ ........ ".
X-ray കാണുന്നതിനുമുന്‍പേ Doctor പറഞ്ഞുകഴിഞ്ഞു, എല്ലിനു് സ്ഥാനഭ്രംശം, 4 weeks plaster. minimum 4 weeks, അതാണല്ലോ ഇപ്പോഴത്തെ ഒരു രീതി.
ചുരുക്കി പറഞ്ഞാല്‍, ഞാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.
പെട്ടെന്നു് ഞാനൊരു VIP ആയപോലെ. ഈ പ്രദേശത്തുള്ളവര്‍ മുഴുവന്‍ വരുന്നു എന്നെ കാണാന്‍. പ്രായഭേദമെന്യേ - ചിലര്‍ കൂട്ടാന്‍ കൊണ്ടുവരുന്നു, ചിലര്‍ വെറുതെ ഇരിക്കുമ്പോള്‍ കഴിക്കാന്‍ എന്തെങ്കിലും (latest മസാലദോശ, ഇന്നലെ). പുളിയിഞ്ചിയും, ഉപ്പിലിട്ടതും വേറെ ചിലര്‍ -അതാവുമ്പോള്‍ വേറൊന്നുമില്ലെങ്കിലും ഒരു പിടി ചോറുണ്ണാമല്ലോ. ഒഴിവുസമയം കിട്ടുമ്പോള്‍ ഓടി വരുന്നു എന്റെ ബോറടി മാറ്റാന്‍ (പാവം വെറുതെ ഇരിക്ക്യല്ലേ).
“ഇങ്ങിനെ ആയതു് ദൈവാധീനം, കിലുക്കത്തിലെ (മറ്റു് പലതിലേയും പോലെ) ജഗതിയേപ്പോലെ ആയിരുന്നെങ്കിലോ", "കാലിലായതോണ്ട് നടക്കാനല്ലേ ബുധിമുട്ടുള്ളൂ, കയ്യിലായിരുന്നെങ്കിലോ", "മറ്റെന്തോ വരാനിരുന്നതാണു്, അതിങ്ങനെ ആയതു് ഭാഗ്യം", “ കാലക്കേട് ഇങ്ങിനെ തീര്‍ന്നൂന്നു് കരുതി സന്തോഷിക്ക്യല്ലേ വേണ്ടതു്"
എന്തിനു പറയുന്നൂ, എനിക്കും തോന്നിത്തുടങ്ങി, ഒരു ഷോടതി അടിച്ചപോലെ. അല്ലെങ്കില്‍ ഇതൊന്നും മറ്റാര്‍ക്കും ഇല്ലല്ലോ.
ആഴ്ചയില്‍ ഒരു ദിവസം വന്നിരുന്ന പണിക്കാരി എന്നും വരുന്നു (ചേച്ചിക്കു സുഖമില്ലല്ലോ).
അങ്ങിനെ അങ്ങിനെ രാത്രിയിലെ ചില മണിക്കൂറുകള്‍ ഒഴികെ എന്റെ വീടിപ്പോള്‍ സജീവം. ഞാന്‍ happy, വീട്ടുകാരും happy - ഒരു കറിയും തൈരും കൂട്ടി ഉണ്ടിരുന്നവര്‍ക്കിപ്പോള്‍, രണ്ട്‌മൂന്ന് കറിയുണ്ടു്, ഉപ്പിലിട്ടതുണ്ടു്.
ചുരുക്കത്തില്‍ സംഗതി പരമസുഖം.
എഴുത്തുകാരി.
അടിക്കുറിപ്പു്: (1) ഇതു വയിച്ചിട്ടു് ആരും ചാടിക്കേറി വീഴല്ലേ, ഇതിനൊരു മറുവശം ഉണ്ട്, അതു് പിന്നെ.
(2) ഇന്നാണ് കുറേ നാളുകള്‍ക്കു ശേഷം computerന്റെ അടുത്തേക്കു വന്നതു്. അതുകൊണ്ടു് ബൂലോഗത്തിലെ latest developments ഒന്നും അറിയില്ല.
Monday, February 26, 2007
അടി തെറ്റിയാല്‍ ആനയും വീഴും -- പാഠഭേദം -- അടി ............. ഞാനും വീഴും
Posted by Typist | എഴുത്തുകാരി at 11:26 AM 14 മറുമൊഴികള്‍
Tuesday, February 13, 2007
valentine's Day -- ചില പ്രണയചിന്തകള്‍
പ്രണയികളുടെ ദിനം. അല്ലേ?. സ്വന്തം മനസ്സില്‍ മറ്റരോടോ, മറ്റെന്തിനോടോ തോന്നുന്ന കടുത്ത സ്നേഹം. അതു തന്നെയല്ലേ പ്രണയം? അത് ആണിനു് പെണ്ണിനോടോ മറിച്ചോ തന്നെ ആവണമെന്നുണ്ടോ?. പെട്ടെന്ന് മനസ്സിലേക്കോടിവരുന്നതു് അതാണെങ്കിലും.
ഞാനും പ്രണയിക്കുന്നു. എന്റെ പ്രണയിനി മറ്റാരുമല്ല, ഈ ഭൂമി, ഈ പ്രക്യ്‌തി. പകലത്തെ അധ്വാനത്തിന്റെ ക്ഷീണം മുഴുവന്‍ ഉറങ്ങിതീര്‍ത്തു്, രാവിലെ ഉറക്കമുണരുമ്പോള്‍, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു് പുറത്തു കടക്കുമ്പോള്‍, നമ്മളെ സ്വീകരിക്കുന്ന പ്രക്യ്‌തിയെ. ഇളം തണുപ്പുള്ള പ്രഭാതം, ചെറിയ കാറ്റ്, പക്ഷികള്‍ പറന്നു തുടങ്ങുന്നു, മുറ്റത്തു് വിരിഞ്ഞു നില്‍ക്കുന്ന പല നിറത്തിലുള്ള പൂക്കള്‍. എന്റെ മുറ്റത്തു് ഒരു പത്തിരുപത് നിറമെങ്കിലും എണ്ണാന്‍ കഴിയും എനിക്കു്.
(അതിനു വലിയ ഒരു garden ഒന്നും വേണ്ടാ, നമ്മുടെ പഴയ നന്തിയാര്‍വട്ടം, ചെമ്പരത്തി, മന്ദാരം,
തെച്ഛി, തുളസി, ഇതൊക്കെതന്നെ). എന്നും ഞാന്‍ അത്ഭുതപ്പെടുന്ന ഒന്നാണ്, ഇതേ നിറങ്ങള്‍
ഉണ്ടാക്കാന്‍ മനുഷ്യനു് എന്തു പാടുപെടണം?
ഇതാ, കിഴക്കുദിക്കില്‍ ഉദിച്ചുയുരുന്നു, പൊന്നുതമ്പുരാന്‍ (അതു കാണാന്‍ കന്യാകുമാരിയിലൊന്നും പോണ്ട). തോട്ടത്തില്‍ ഒന്നു കറങ്ങി ഒരു ചായ കുടിച്ചേയുള്ളൂ, ആകാശവാണിയില്‍ (അതാവുമ്പോള്‍ പണിയെടുക്കലും ഒന്നിച്ചു നടക്കൂല്ലോ) 7.35 ന്റെ ചലച്ചിത്രഗാനങ്ങള്‍ -- യേശുദാസ് പാടിയ ചില ഗാനങ്ങള്‍.
സത്യന്‍ അന്തിക്കാടാണെന്നു തോന്നുന്നൂ, ഒരിക്കല്‍ പറഞ്ഞു, ദാസേട്ടന്‍ ജീവിക്കുന്ന ഈ കാലത്തു് ജീവിക്കാന്‍ സാധിച്ചതുതന്നെ ഒരു ഭാഗ്യമായി കരുതുന്നൂ, എന്നു്. എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണതു്. ദാസേട്ടന്‍ പാടുന്നൂ,
“ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹ്യ്‌ദയങ്ങളുണ്ടോ ............. ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി ........."
ഇത്ര സുന്ദരമായ ഈ ഭൂമിയെ, ഈ പ്രക്യ്‌തിയെ, പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കാ കഴിയുക?
(തീരെ വിക്യ്‌തമായ പ്രക്യ്‌തിയുമുണ്ടാവാം, അപ്പുറത്തു്).
ഞാനൊരു പാവം നെല്ലായിക്കാരിയാണേയ്. ബ്ലോഗന്മാര്‍ നല്ലൊരു പങ്കു് കടലിന്നക്കരെയാണെന്നു് തോന്നുന്നു. അവരുടെ പ്രഭാതവും പ്രക്യ്`തിയുമെല്ലാം എങ്ങിനെയാണെന്നു് അറിയില്ലാ, എനിക്കു്.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 5:21 PM 5 മറുമൊഴികള്‍
Wednesday, February 7, 2007
ഉത്സവപ്പിറ്റേന്ന്
ആളും അരങ്ങും ഒഴിഞ്ഞു. ആനപിണ്ടത്തിന്റെ മണവും, ആന ബാക്കി വച്ചു പോയ തെങ്ങിന്‍പട്ട കഷണങ്ങളും മാത്രം. മറിഞ്ഞു കിടക്കുന്ന കതിനകള്‍.
ഇന്നലെ ആയിരുന്നു ആറാട്ട്. 5 ദിവസത്തെ ഉത്സവം കഴിഞ്ഞു.
ക്ഷേത്രം ഇന്നലെ -- ഒരോട്ട പ്രദക്ഷിണം.
ഒരറ്റത്ത് നിന്നു തുടങ്ങിയാല്‍, അമ്പലമുറ്റത്ത് ബലൂണ്‍, പീപ്പി വില്പനക്കാരന്‍, വള, മാല, ലൊട്ടുലൊടുക്കു സാധനങ്ങള്‍. പീപ്പിക്കും ബലൂണിനും വേണ്ടി വാശിപിടിക്കുന്ന കുട്ടികള്‍. വഴി നിറയെ ട്യൂബ് ലൈറ്റ്കള്‍. കമാനത്തില്‍ വര്‍ണ വിളക്കുകള്‍.
അകത്തേക്കു കടന്നാല്‍, ഒരു വശത്തു് കമ്മിറ്റിക്കാരുടെ കൂട്ടം ചേരലുകള്‍, അങ്ങോട്ടുമിങ്ങോട്ടും തിരക്കുപിടിച്ചു ഓടിനടക്കുന്നു, കക്ഷത്തിലെ ഒരിക്കലും താഴെ വയ്ക്കാത്ത ബാഗില്‍നിന്നു് കാശെടുത്ത് കൊടുക്കുന്നു. ഈ ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ചവര്‍ അവരാണെന്നു് നമുക്കു
തോന്നിപ്പോവും ആ നിമിഷത്തില്‍.
ഇനി, വഴിപാടു് കൌണ്ടര്‍ - ഭക്തജനങ്ങളുടെ തിരക്ക് -- പുഷ്പാഞ്ജലി, നെയ്‌വിളക്കു്, പറ, വെടി വഴിപാടു് (വിളിച്ചു പറയല് പതിവില്ല)
അപ്പുറത്ത് കലാപരിപാടികള്‍ നടക്കുന്ന സ്റ്റേജില്‍ “ഹലോ മൈക്ക് ടെസ്റ്റിങ്ങ്, മൈക്ക് ടെസ്റ്റിങ്ങ്" എപ്പഴുമെപ്പഴുമീ മൈക്ക് എന്തിനാ ടെസ്റ്റ് ചെയ്യുന്നതെന്തിനാണെന്നയാള്‍ക്കേ അറിയൂ.
അങ്ങേ അറ്റത്ത് കതിനയും കരിമരുന്നുമായി വെടിക്കാരന്‍ ചേട്ടന്‍. വെടിയൊച്ച കേട്ടു കരയുന്ന കുട്ടികള്‍, ഒച്ച കേള്‍ക്കാതിരിക്കാന്‍ രണ്ടു ചൂണ്ടുവിരലും ചെവിയില്‍ തിരുകി കേറ്റിവച്കു നടക്കുന്ന ചിലര്‍.
ദാ, അപ്പുറത്ത് നില്‍ക്കുന്നു, നമ്മുടെ “ വൈലൂര്‍ പരമേശ്വരന്‍". അവനൊരു സ്വല്പം കുറുമ്പനാ. അനുസരണ ഇത്തിരി കുറവും. മെക്കിട്ടു് കേറാന്‍ ഒരു പാപ്പാനേയുമൊട്ടു സമ്മതിക്കുകയുമില്ല. പാപ്പാന്‍ എന്തൊക്കെ പറഞ്ഞാലും, അവനു സൌകര്യമുണ്ടെങ്കിലേ അവന്‍ കേള്‍ക്കൂ. ചുറ്റും കുറെ കുട്ടികള്‍, പഴം കൊടുക്കുന്നു, ശര്‍ക്കര കൊടുക്കുന്നു (പകരം ആനവാല്‍ ചോദിച്ചു നോക്കുന്നൂ, പക്ഷേ കിട്ടുന്നില്ല)
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട സ്ഥലം, ഊട്ടുപുര. അവിടെ എപ്പോഴും ജനത്തിരക്കാണ്. മഴയത്ത് പോലും ഒന്നു കേറി നില്‍ക്കത്തവര്‍ കൂടി സജീവമാണീ ഉത്സവക്കാലത്ത്.
അമ്പലത്തിനുള്ളില്‍ , മേല്‍ശാന്തിയും, കീഴ്ശാന്തിയും, തന്ത്രിയുമെല്ലാം --- മുഷിഞ്ഞ മുണ്ടും അതിനേക്കാള്‍ മുഷിഞ്ഞ പൂണൂലുമായിട്ട്.
ഉത്സവം കാണാനും, പരദൂഷണം പറയാനുമായി അവിടവിടെയായി കൂടിനില്‍ക്കുന്ന കുറച്ചു് നാട്ടുകാര്‍.
(മറന്നോ വല്ലതും, ഏയ്, ഇല്ല)
ഇത്രയൊക്കെ കൂട്ടിവച്ചാല്‍ ഏകദേശം ഉത്സവപറമ്പായി. അതെല്ലാം ഇന്നലെ.
ഇന്നോ? ഒന്നുമില്ല, ആനപിണ്ടവും, കാറ്റത്തു വരുന്ന അതിന്റെ മണവും മാത്രം.
ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരിക്കുന്നൂ, അടുത്ത മകരത്തിനായി.
എഴുത്തുകാരി.
അടിക്കുറിപ്പു് -- (1) ഇപ്രാവശ്യത്തെ ഏറ്റവും ജനപ്രിയ പരിപാടി എന്തായിരുന്നെന്നോ -
നെല്ലായി വനിതകള്‍ അവതരിപ്പിച്ച ‘തിരുവാതിര കളി’.
(2) വല്ലാതെ ബോറാവുന്നുണ്ടോ എന്റെ പുരാണം?
Posted by Typist | എഴുത്തുകാരി at 1:53 PM 9 മറുമൊഴികള്‍
Friday, February 2, 2007
നെല്ലായി പുരാണം ****
(വിശലേട്ടോ, പേടിക്കേണ്ട, പാരയാവില്ല)
“കാളന്‍ നെല്ലായി” എന്നു കേള്‍ക്കാത്തവര്‍ എന്നു് കേള്‍ക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ ഈ
ഭൂമി മലയാളത്തില്‍. ആ നെല്ലായി തന്നെ ഈ നെല്ലായി.
കുറുമാലി പുഴയുടെ തീരത്തു് ത്രിശുരിനും ചാലക്കുടിക്കുമിടയില്‍, ക്രിത്യമായി പറഞ്ഞാല്‍ പുതുക്കടിനും കൊടകരക്കും (അതേ “കൊടകര പുരാണം" fame തന്നെ) നടുവില്‍. കുഗ്രാമമൊന്നുമല്ല, unlimited internet facility ഉണ്ട്, 2-3 ബ്ലോഗന്മാര്‍ ഉണ്ട്` സ്വന്തമായിട്ടു് (കരിങ്കല്ല്, അതുല്യ, പിന്നെ ഈ ഞാനും). ഗ്രാമത്തിന്റെ വിശുദ്ധി(അങ്ങിനെ ഒന്നുണ്ടെന്നു് എല്ലാരും പറയുന്നു) മുഴുവനായി കൈമോശം വന്നിട്ടില്ല. നല്ല കിടിലന്‍ കഥാപാത്രങ്ങളും ഉണ്ടിവിടെ. അതൊക്കെ വഴിയേ.
അവിടെ പുഴയോരത്ത്, NH 47 ന്റെ വളരെ അടുത്ത്, “മഹാമുനിമംഗലം" ക്ഷേത്രം. പുഴക്കടവുണ്ടു്, ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും separate.. നടുവിലേക്കു നീന്തിച്കെന്നു്, ആരുമറിയാതെ, കുളിസീന്‍
കണ്ടാസ്വദിച്ചിരുന്ന വീരന്മാരുണ്ടായിരുന്നത്രേ.
അതൊക്കെ പൊട്ടേ. ഈ ക്ഷേത്രത്തിലെ ഉത്സവം -- 6 ദിവസം -- അതാണീ നടിന്റെ ഉത്സവം.
തട്ടുപൊളിപ്പന്‍ കലാപരിപാടികല്‍ ഒന്നുമില്ല. ഇന്നാട്ടുകാരുടെ കൊച്ച് കൊച്ച് തട്ടിക്കൂട്ട് പരിപാടികള്‍. ഭജന, ചാക്യാര്‍ കൂത്ത്, വനിതാരത്നങ്ങളുടെ തിരുവാതിര കളി, etc. etc. കാശു് ചിലവാക്കാന്‍ വലിയ താല്പര്യമില്ല, എന്നര്‍ഥം. സൌജന്യമായിട്ടാണെങ്കില്‍, വിരോധവുമില്ല. പക്ഷേ ഗ്രാമം, ഒരു കൊച്ചു പ്രദേശം മുഴുവനും, മനസ്സുകൊണ്ടു് അതാഘോഷിക്കുന്നു. ആറാട്ട് (അവസാന ദിവസം) ആവുമ്പോഴേക്കും, ഇനി ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന തോന്നല്‍.
ആ ഉത്സവലഹരിയിലാണിപ്പോള്‍, ഞങ്ങള്‍ നെല്ലയിക്കാര്‍.
പോരുന്നോ കൂടെ കൂടാന്‍?
എഴുത്തുകാരി.
****(1) കടപ്പാട് -- വിശാലമനസ്കന്‍.
(2) കൊടകര പുരാണത്തിന്റെ പ്രതീക്ഷയില്‍ തുടങ്ങല്ലേ, അതൊരു വല്ലാത്ത range ആണേയ്
Posted by Typist | എഴുത്തുകാരി at 12:44 PM 12 മറുമൊഴികള്‍