രാധികക്കു പല്ല് വേദന. പുല്ലന്‍ ഡോക്റ്ററെ കാണണം (പല്ലനല്ല, പുല്ലന്‍ തന്നെ) ബുക്ക് ചെയ്തിട്ടുണ്ട്. ജലദോഷത്തിന്റെ കഥ പറഞ്ഞപോലെ, ബുക്ക് ചെയ്താല്‍ 60 മിനിറ്റ്, അല്ലെങ്കില്‍ ഒരു മണിക്കൂര്‍ അത്രേയുള്ളൂ വ്യത്യാസം. കൂട്ടിനു ഞാനും പോണം. എനിക്കും ഇത്തിരി കാര്യമുണ്ട് ചാലക്കുടിയില്‍ പോയിട്ട്. ഒരു വെടിക്കു രണ്ടു പക്ഷി.
ഒരു മണിക്കൂര്‍ കഴിഞ്ഞു. പിന്നേം കഴിഞ്ഞു. അവളെ അകത്തേക്കു വിളിച്ചു. ഞാനിങ്ങനെ വരുന്നവരേം പോകുന്നവരേം നോക്കി ഇരിപ്പ് തന്നെ. കുറേപ്പേര്‍ പോകുന്നു, പുതിയവര്‍ വരുന്നു. പിന്നെന്താ എ സി യാണ്, ടി വി യുണ്ട്.
കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു പത്തുമുപ്പത്തഞ്ചു വയസ്സുള്ള ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നിട്ടു പറഞ്ഞു.
ചേച്ചി ഒന്നങ്ങ്ട് മാറി ഇരുന്നേ.
അപ്പുറത്ത് വേറെ സീറ്റുകള്‍ കാലിയുണ്ട്. എന്നിട്ടും ഇയാള്‍ക്കെന്താ ഇവിടെത്തന്നെ ഇരിക്കണമെന്നിത്ര നിര്‍ബ്ബന്ധം? ടി വി യാണെങ്കില്‍ എവിടെയിരുന്നാലും നന്നായിട്ടു കാണാം. ആ, എന്തായാലും എണീറ്റു പോവാനൊന്നുമല്ലല്ലോ പറഞ്ഞതു്, നോക്കാം. ഞാന്‍ മിണ്ടാതെ അപ്പുറത്തെ കസേരയിലേക്കു മാറിയിരുന്നു.
അയാള്‍ ഞാന്‍ കൊടുത്ത കസേരയിലിരുന്നു, തൊട്ടടുത്തിരുന്ന ആളോട് ചോദിച്ചു,
ടീച്ചറേ, ടീച്ചര്‍ക്കെന്നെ മനസ്സിലായോ?
ടീച്ചര്‍ സൂക്ഷിച്ചുനോക്കി. ടീച്ചര്‍ക്കു മനസ്സിലായിട്ടില്ലെന്നു് എനിക്കു മനസ്സിലായി.
ടീച്ചറേ ഞാന്‍ ജോസ്, എട്ടില് ടീച്ചറ്ടെ ക്ലാസ്സിലെ.....
ടീച്ചര്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
ഓര്‍മ്മയില്ലേ ടീച്ചര്‍ക്ക് എന്നേം സുനിലിനേം. മറക്കാന്‍ വഴീല്യല്ലോ. ഒളിച്ചിരുന്നു ബീഡി വലിച്ചത് കണ്ടുപിടിച്ചതു്, ക്ലാസ്സീന്നു പുറത്താക്കിയതു്., അപ്പനെ വിളിച്ചോണ്ട് വരാന്‍ പറഞ്ഞതു്.. എന്നിട്ടു്..
ടാ ജോസൂട്ടിയല്ലേടാ നീ. എന്റെ മാതാവേ, ഇപ്പഴാടാ എനിക്കു പിടിത്തം കിട്ടിയേ.ആ കോലന്‍ ചെക്കനാ ഈ കാണണേ.
രണ്ടു പേരും രണ്ടു കയ്യും കൂട്ടിപ്പിടിച്ചു.
നീയെന്താടാ ചെയ്യണേ?
ഞാന്‍ തോറ്റു ടീച്ചറേ പത്തില്, പിന്നെ എഴുതീല്യ.. അപ്പന്റെ കൂടെ കടേല് കൂടി.. ഇപ്പോ തരക്കേടില്യ.
(അതെനിക്കും മനസ്സിലായി, ചങ്ങല പോലത്തെ ഒരു കൈചെയിനല്ലേ കയ്യില്‍ കിടക്കുന്നതു്)
പിന്നെന്തിനു പറയുന്നു, തുടങ്ങിയില്ലേ രണ്ടുപേരും കൂടി കഴിഞ്ഞ പത്തിരുപതു വര്‍ഷത്തെ കഥകള്‍, തനി നാടന്‍ തൃശ്ശൂര്‍ ഭാഷയില്‍. എന്തൊക്കെ കഥകളാ അവര്‍ ഓര്‍ത്തെടുത്തതു്. ഉറക്കെ ഉറക്കെ പൊട്ടിച്ചിരികള്‍. ടീച്ചറ് ഇടക്കു ഞങ്ങളെ നോക്കിയും പറയും ജോസൂട്ടിയുടെ പഴയ വീരചരിതങ്ങള്‍. എന്തിനു പറയുന്നു,ആരും ടി വി കാണാതായി. എല്ലാവരും അവരുടെ കൂടെ കൂടി. രസകരമായ കുറേ നിമിഷങ്ങള്‍.തീര്‍ച്ചയായും റോസിലി ടീച്ചര്‍ക്കു സന്തോഷം തോന്നിയിട്ടുണ്ടാവും.
അയാള്‍ക്കു വേണമെങ്കില്‍ ആ പഴയ ടീച്ചറെ കണ്ടിട്ട് കാണാത്ത മട്ടിലിരിക്കാമായിരുന്നു. അല്ലെങ്കില്‍ വെറുതെ ഒന്നു ചിരിച്ചു് അവസാനിപ്പിക്കാമായിരുന്നു. ഇല്ലേ?
എങ്കില്‍, എത്ര സുന്ദരമിനിഷങ്ങളാ നഷ്ടപ്പെടുമായിരുന്നതു്!
എഴുത്തുകാരി.