കഴിഞ്ഞ ജൂണില്‍ ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ ഒരു പാവം അമ്മയേയും മോളേയും പറ്റി പറഞ്ഞിരുന്നു.(അതു് ഇവിടെ). എനിക്കു വീണ്ടും ഇങ്ങിനെയൊരു പോസ്റ്റു് ഇടേണ്ടി വരുമെന്നൊട്ടു വിചാരിച്ചുമില്ല. പക്ഷേ എനിക്കു വീണ്ടും എഴുതേണ്ടി വന്നു.
അന്നു ഞാനെഴുതി “ആ അമ്മയും മോളും ഇടവഴിയിലും അമ്പലത്തിലുമൊക്കെ നടക്കുന്നതു എനിക്കിപ്പഴും കാണാം. അവരിനി ഒരു പക്ഷേ ഈ നാട്ടിലേക്കു വന്നില്ലെന്നും വരാം“.അന്നു ഞാന്‍ കരുതിയതു് സ്വന്തം വീട്ടിലല്ലെങ്കില്‍ പോലും അവര്‍ സുഖമായി ജീവിക്കുന്നുണ്ടല്ലോ എന്നാണു്.
കുറച്ചു ഫ്ലാഷ് ബാക്ക്-
അന്നു് അവരെ ഏതോ ഒരു ഒരു ആശ്രമത്തിലോ, പുവര്‍ ഹോമിലോ കൊണ്ടാക്കി, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുവന്നു. ഒരു പക്ഷേ അത്തരം സ്ഥാപനങ്ങളില്‍ താമസിക്കാനുള്ള പണം ചിലവാക്കാന്‍ പോലും ആ മകന്‍ തയ്യാറായിട്ടുണ്ടാവില്ല.
അങ്ങനെ അവരെ വീണ്ടും അമ്പലത്തിലുമൊക്കെ കണ്ടുതുടങ്ങി. അതിനിടയില്‍ മകള്‍ക്കു് ചെറിയ ചെറിയ അസുഖങ്ങള്‍. കൈ വേദന, കാല്‍ വേദന, അങ്ങിനെ.മാറി മാറി ഡോക്ടറെ കാണും. ഡോക്ടര്‍മാര്‍ പറയുന്നു, ഒന്നും ഇല്ലെന്നു്. അവസാനം ഒരു വഴിയുമില്ലാതെ അവര്‍ സുഖമില്ലെന്നു പറയുന്ന സ്ഥലത്തു് ബാന്റേജ് കെട്ടിക്കൊടുക്കും.
ആ അമ്മ പതുക്കെ പതുക്കെ അവശയാവുകയായിരുന്നു. മനസ്സിന്റെ വിഷമം കൊണ്ടാവും, എത്രയാന്നു് വച്ചിട്ടാ ഒരാള്‍ അനുഭവിക്ക്യാ.മുംബെയില്‍ വേറൊരു മകനുണ്ട്, ഒരു മകളും. മകള്‍ വളരെ വലിയ ഒരു ജോലിക്കാരിയാണ്. നാട്ടുകാര്‍ അവരെയൊക്കെ വിളിച്ച് അറിയിച്ചതാ ഇവിടത്തെ സ്ഥിതി. ഇത്ര അകലെയുള്ള ഞങ്ങളെന്തുചെയ്യും, അതൊക്കെ നിങ്ങള്‍ക്കു് നോക്കിക്കൂടെ, എന്ന മട്ടാണ് അവര്‍ക്കു്. നാട്ടിലും ഉണ്ട് ഒരു മകള്‍. അമ്മക്കു പെന്‍ഷന്‍ കിട്ടിയാല്‍ വാങ്ങാന്‍ വരുമെന്നല്ലാതെ
വേറൊരു ഗുണവുമില്ല.
കുറച്ചു നാള്‍ മുന്‍പു മകന്റെ വീട്ടില്‍ ഒരു ആഘോഷം/ ചടങ്ങു നടന്നു.(മകനും ഭാര്യയും മക്കളും കൂടി വേറെ താമസിക്കുകയാണല്ലോ)അതിനു മകന്‍ അവരെ കൊണ്ടുപോകാന്‍ തന്നെ ഉദ്ദേശിച്ചുട്ടുണ്ടാവില്ല. പക്ഷേ ആ മകള്‍ ദിവസങ്ങള്‍ക്കു മുന്‍പേ പോകാന്‍ തയ്യാറായി.എന്നോടു് കാണുമ്പോള്‍ ചോദിക്കും ചേട്ടന്‍ വിളിച്ചിട്ടില്ലേ, വരുന്നില്ലേ,എന്നു്. എന്നിട്ട് ആവേശത്തോടെ പറയും ഞങ്ങള്‍ പോകുന്നുണ്ടെന്നു്. എന്നിട്ടു തലേന്നുതന്നെ ഓട്ടോറിക്ഷ വിളിച്ചു് രണ്ടു പേരും കൂടി പോയി. അയാളൊട്ടും പ്രതീക്ഷിക്കതെയാണവരെത്തിയതു്. ആ ചടങ്ങില്‍ പോലും പങ്കെടുപ്പിക്കാതെ ആ ഓട്ടോറിക്ഷയില്‍ തന്നെ അവരെ തിരിച്ചയച്ചു.
ഇപ്പോള്‍ കുറച്ചുകൂടി കഷ്ടമാണു സ്ഥിതിപാവം ആ അമ്മ തീര്‍ത്തും അവശയായി.ഓര്‍മ്മയില്ല.ഞാന്‍ പോയിരുന്നു കാണാന്‍
എന്നെ മനസ്സിലായില്ല. മകള്‍ എന്തെങ്കിലും വയ്ക്കും, അല്ലെങ്കില്‍ അയലക്കക്കാര്‍ കൊണ്ടുകൊടുക്കുന്ന ചോറും കറിയുമെല്ലാം
ദിവസങ്ങളോളം സൂക്ഷിച്ചു വക്കുന്നു. അതു കേടു വന്നു നാറുന്നു. അതാണു് അമ്മക്കും കൊടുക്കുന്നതു്. അമ്മയ്ക്കു് ടോയ്ലറ്റില്‍ പോകാനുള്ള ഓര്‍മ്മയൊന്നുമില്ല. അതും പലപ്പോഴും വീട്ടിനുള്ളില്‍ തന്നെയാണ്.ഒന്നു കുളിപ്പിക്കാന്‍ ആരുമില്ല. മുറ്റത്തെത്തുമ്പോഴേ ദുര്‍ഗന്ധം വരുന്നു.അമ്മയുടെ തലയില്‍ നിറയെ പേന്‍, ദേഹത്തുകൂടി അരിച്ചു നടക്കുന്നുവത്രേ.
മകളാണെങ്കിലോ, 5 കിലോ പരിപ്പു്, 2-3 വലിയ കുപ്പി ഹോര്‍ലിക്സ് അതുപോലെ ബാക്കി എല്ലാം വാങ്ങിവക്കുന്നു, എന്തിനെന്നോ, അമ്മ മരിക്കുമ്പോള്‍ ആളുകളൊക്കെ വരില്ലേ, അവര്‍ക്കു് കൊടുക്കാനാത്രേ!!
ആരുമില്ല, അവരെ സഹായിക്കാന്‍. സാമ്പത്തിക ബുദ്ധിമുട്ടാണെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. നിങ്ങളോടൊക്കെ,എന്റെ ബൂലോഗസുഹൃത്തുക്കളോടു ചോദിച്ചിട്ടാണെങ്കില്‍ കൂടി അവരെ സഹായിക്കാമായിരുന്നു. പക്ഷേ ഇന്നും ഉണ്ട് ചുരുങ്ങിയതു് 10 സെന്റ് സ്ഥലവും സാമാന്യം നല്ല ഒരു വീടും. ചുരുങ്ങിയതു് ഒരു 15 ലക്ഷം രൂപക്കുള്ളതു്. പിന്നെ ചെറിയ ഒരു പെന്‍ഷനും.
പക്ഷേ ഇവിടെ അതല്ല, പ്രശ്നം - 5 മക്കളുണ്ടായിട്ടും (ഈ സുഖമില്ലാത്ത മകള്‍ക്കു പുറമേ) അവരെ നോക്കാന്‍ ആരുമില്ല.
മൂത്ത മകന്‍ ജോലി ചെയ്യുന്നതു് ചാലക്കുടിയില്‍ - കേവലം 12 കിലോമീറ്റര്‍ മാത്രം അകലെ. സമുദായ സംഘടനകള്‍ക്കും ഇവിടെ ക്ഷാമമില്ല. നായന്മാര്‍ക്കു വേറെ, ബ്രാഹ്മണര്‍ക്കു വേറെ, അങ്ങിനെ അങ്ങിനെ. എന്തേ അവരൊന്നും ചെയ്യുന്നില്ല! അവരുടെ സംഘടനയില്‍ പെട്ട ഒരു അംഗം, അല്ലെങ്കില്‍ കുടുംബം ഈ ദുരിതം അനുഭവിക്കുമ്പോള്‍ അതും സ്വന്തം സംഘടനയില്പെട്ട മകന്റെ
അവഗണനമൂലം, ഒന്നുമില്ലേ അവര്‍ക്കു ചെയ്യാന്‍? ഒരു ചെറുവിരലനക്കാന്‍ ആരുമില്ല. ഞാനൊന്നു ചോദിക്കട്ടേ, എന്തിനാണീ ജാതി/സമുദായം തിരിച്ചുള്ള സംഘടനകള്‍. അതിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ലേ, ബുദ്ധിമുട്ടുകളില്‍ സഹായിക്കാനും. അതോ ആഘോഷങ്ങള്‍ക്കോ, അല്ലെങ്കില്‍ പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക് വാങ്ങി ജയിക്കുന്ന കുട്ടിക്കു സമ്മാനം കൊടുക്കാനോ, അല്ലെങ്കില്‍ പാവങ്ങള്‍ എന്നു അവര്‍ കരുതുന്ന കുറച്ചുപേര്‍ക്കു സാരി/സഹായധനം വിതരണം ചെയ്യാനോ !!
അതുമല്ലെങ്കില്‍, ജില്ലാ/സംസ്ഥാന കലോത്സവമൊക്കെ നടത്തി കലാപ്രതിഭകളെ കണ്ടെത്തി, നാടിന്റെ കാലാപാരമ്പര്യം ഉയര്‍ത്തിപിടിക്കാനോ. എന്തോ എന്റെ കൊച്ചുബുദ്ധിക്കൊന്നും മനസ്സിലാവുന്നില്ല.
അതിനേക്കാള്‍ എത്രയോ പരിഗണനയും അടിയന്തിര ശ്രദ്ധയും ആവശ്യപ്പെടുന്നതാണ് ഈ പ്രശ്നം.സ്വന്തം അമ്മയെ,സുഖമില്ലാത്ത ഒരനിയത്തിയെ, നോക്കാന്‍ പോലും സന്മനസ്സു കാണിക്കാത്ത ഒരു മകനെതിരെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നോ. ഞാന്‍ തന്നെ ഒരിക്കല്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തിയതാണിക്കാര്യം. എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നതു് അല്ലേ? ആവശ്യമില്ലാത്ത വയ്യാവേലികളൊക്കെ എന്തിനാ എടുത്തു തലയില്‍ വയ്ക്കുന്നതു്, അവര്‍ക്കാര്‍ക്കും,ഒരു പ്രശ്നവുമുണ്ടാവാത്തിടത്തോളം കാലം. ആഗോള പ്രശ്നങ്ങളില്‍ വരെ അഭിപ്രായവും പത്രപ്സ്താവനകളും കാണാം, നേതാക്കന്മാരുടെ. എവിടെപോയി അവരൊക്കെ?അല്ലാ അവരുടെയൊന്നും ശ്രദ്ധ പതിയാന്‍ മാത്രം പ്രാധാന്യമില്ലേ ഈ പ്രശ്നത്തിനു് ?
അനാഥരാണെങ്കില്‍,പാവങ്ങളെ സംരക്ഷിക്കുന്ന ഏതെങ്കിലും സംഘടനകളോട് ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാമായിരുന്നു. ഇതിപ്പോള്‍ അവര്‍ക്കു സ്വത്തു്ണ്ട്, മക്കളുണ്ട്. എന്തെങ്കിലും ചെയ്യാന്‍ ഒരുമ്പെട്ടാല്‍ എങ്ങിനെ വന്നു ഭവിക്കുക എന്നറിയില്ല. എനിക്കറിയാന്‍ ഞാന്‍ വെറുതെ ഇങ്ങ്നെ അമര്‍ഷം കൊള്ളുന്നതല്ലാതെ ഒരു കാര്യവുമില്ലെന്നു്. എന്നാലും കൂട്ടുകാരേ ഞാന്‍ നിങ്ങളോടല്ലാതെ ആരോടു പറയാന്‍ എന്റെ സങ്കടം?
എഴുത്തുകാരി.
Sunday, July 20, 2008
അമ്മേ, നിനക്കുവേണ്ടി......
Posted by Typist | എഴുത്തുകാരി at 10:07 AM 33 മറുമൊഴികള്‍
Saturday, July 12, 2008
എന്റെ പൂന്തോട്ടം
എന്നും രാവിലെ എഴുന്നേറ്റുവരുംപോള്‍ എത്ര പൂക്കളാണെന്നോ എന്നെ കാത്തു നില്‍ക്കുന്നതു്.പൂക്കള്‍ വിടര്‍ന്നുവരുന്നതേ ഉണ്ടാവൂ. പാതി വിടര്‍ന്ന പൂക്കള്‍. പല പല നിറത്തിലും തരത്തിലും. എന്നോട് Good Morning പറയുകയാണോ എന്നു തോന്നും. എന്റെ ദിവസം തുടങ്ങുന്നതു തന്നെ അവരോടൊത്താണു്. ഒരഞ്ചു മിനിറ്റെങ്കിലും അവിടെ കറങ്ങിയിട്ടേ എന്റെ പതിവുജോലികളിലേക്കു കടക്കാറുള്ളൂ. എന്നും ഞാന്‍ അത്ഭുതപ്പെടുന്ന ഒരു കാര്യമുണ്ട്.പ്രകൃതി എങ്ങിനെ ഇത്ര ഭംഗിയായി നിറങ്ങള്‍ കൊടുത്തിരിക്കുന്നു, ഇതളുകള്‍ക്കൊരു നിറം,അതിനുള്ളില്‍ വേറൊരു നിറം,ഒരേ ആകൃതി. ആര്‍ക്കാ, ഇതു കണ്ടാല്‍ മനസ്സില്‍ ഒരു സുഖം തോന്നാത്തതു?
അവയില്‍ ചിലതു് ഇതാ. നിങ്ങളും ഒന്നു കാണൂ.
എന്നെ അറിയില്ലേ, ഞാന്‍ ചെമ്പരത്തി.
ഞാനും ചെമ്പരത്തി തന്നെ. കുറച്ചുകൂടി പരിഷ്കാരിയാണെന്നു മാത്രം.
ഞാന്‍ നീല ശംഖുപുഷ്പം - വംശനാശത്തിന്റെ
വക്കിലാണെന്നു തോന്നുന്നു.
പേരറിയില്ല, പല നിറത്തിലും ഞാനുണ്ട്.
എന്നെ നിങ്ങള്‍ക്കറിയാല്ലോ, ഞാന്‍ പൂന്തോട്ടത്തിന്റെ റാണി,സുന്ദരി - റോസ്
ആരു പറഞ്ഞു, ഞാനല്ലേ അവളേക്കാള്‍ സുന്ദരി!
ഞാന്‍ പഴയ കാശിത്തുമ്പ തന്നെ. കളറൊന്നു ചെയ്ഞ്ചു ചെയ്തൂന്നു മാത്രം. ഒരു ചൈഞ്ച് ആര്‍ക്ക ഇഷ്ടമില്ലാത്തതു്?
എന്നെ നിങ്ങള്‍ക്കിഷ്ടമുള്ള പേരു വിളിച്ചോളൂ.
‘നമുക്കു പര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ തല്‍ക്കാലം മുന്തിരി വള്ളിയേയുള്ളൂ.
എന്നെ എന്തിനാ പൂന്തോട്ടത്തില്‍ പെടുത്തിയേ ആവോ, എഴുത്തുകാരിയോടു തന്നെ ചോദിക്കണം. എന്റെ ഭംഗി കണ്ടിട്ടാവും!!
പിന്നെ പിന്നെ, അവള
ല്ലേ വല്യ സുന്ദരി. കണ്ടാലും തോന്നും!
എന്റെ ഒരു ചേച്ചിയോ അനിയത്തിയോ മുകളിണ്ടല്ലോ.
ബാള്‍സം - ഞങ്ങള്‍ ഒരുപാട് നിറക്കാരുണ്ടിവിടെ. ഇവിടത്തെ main attraction ഉം ഞങ്ങള്‍ തന്നെ.
എന്റെ ഉള്ളില്‍ എന്നേക്കാള്‍ വലിയ വണ്ടുകള്‍ കടന്നുകൂടും. അതാണെന്റെ പ്രശ്നം.
പൂച്ചവാലന്‍ - കണ്ടാല്‍ തോന്നില്ലേ?
നല്ല ഭംഗിയാ എന്നെ കാണാന്‍, കുഞ്ഞു കുഞ്ഞു പൂക്കളാണെങ്കിലും.
എന്താന്നറിയില്ല, എല്ലാരും എന്നെ ഈച്ചപ്പൂ എന്നാ വിളിക്കുന്നേ.
ബാള്‍സം - വേറൊരു തരം.
വെള്ള റോസ് - ഞാന്‍ പരിശുദ്ധിയുടെ പര്യായം.
എങ്ങിനെയുണ്ടെന്റെ തോട്ടം, കൊള്ളാമോ. ഇനിയുമുണ്ട്. അതു പിന്നെ.
അഭിപ്രായം അറിയിക്കണേ!
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 10:57 PM 39 മറുമൊഴികള്‍
Tuesday, July 1, 2008
വിശ്വസിച്ചാലും ഇല്ലെങ്കിലും ............
രണ്ടുമൂന്നു് ദിവസങ്ങള്‍ക്കു മുന്‍പു സംഭവിച്ചതാണിതു്(എന്റെ വീടിനു് ഒരു നാലഞ്ചു വീട് അപ്പുറത്തു്). ഇപ്പോള്‍ നെല്ലായിലെ ഒരു സംസാരവിഷയവും. വിശ്വസിക്കാന്‍ പ്രയാസമാണ്, എന്നാലും വിശ്വസിച്ചേ പറ്റൂ, എന്തുകൊണ്ടെന്നാല്‍ സംഗതി പരമസത്യമാണ്. കഥ (അല്ലാ സംഭവം) ഇതാണ്.
നാലുകെട്ടും, തട്ടിനുമീതെ തട്ടും പമ്പുംകാവും എല്ലാം ഉള്ള ഒരു പഴയ തറവാട്. ഗൃഹനാഥന്‍ അന്നു സ്ഥലത്തില്ല. ഭാര്യയും 3 മക്കളും. ചെറിയ കുട്ടിക്കു പ്രായം 1 മാസം. കൂട്ടിനു് അവിടെ സഹായത്തിനു വരുന്ന ഒരു സ്ത്രീയും.
രംഗം 1
-----
സന്ധ്യക്കു 7 മണി. കുട്ടികള്‍ ടിവി കാണുന്നു.(സന്ധ്യക്കു നാമം ചൊല്ലല്‍ ഇപ്പോള്‍ വംശനാശം വന്നുപോയ ഒരേര്‍പ്പാടാണല്ലോ).
ഒരാള്‍ അബദ്ധത്തില്‍ മുകളിലേക്കൊന്നു നോക്കിയപ്പോള്‍ അതാ ഓടിന്റെ ഇടയിലൊരു പാമ്പു്. ബഹളമായി. സന്ധ്യക്കു ഞങ്ങളുടെ
നെല്ലായി സെന്ററില്‍ ഒരു മാതിരി തരക്കേടില്ലാത്ത തിരക്കാണേയ്. ചുമട്ടുതൊഴിലാളികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, പരദൂഷണം തൊഴിലാക്കിയവര്‍,അത്യാവശ്യം വായ്നോട്ടക്കാര്‍, അങ്ങിനെ അങ്ങിനെ. അതില്‍ ചിലരെങ്കിലും, പണിയൊക്കെ കഴിഞ്ഞു, ചെറുതായിട്ടൊന്നു മിനുങ്ങി അത്യാവശ്യം ഒരു നല്ല മൂഡിലായിരിക്കും. പിന്നെ ഞങ്ങള്‍,നെല്ലായിക്കാര്‍ക്കൊരു ഗുണമുണ്ട്. ഒരാവശ്യം വന്നാല്‍ എല്ലാരും കക്ഷി-ജാതി-മത ഭേദമെന്യേ ഓടിവരും. അയലക്കത്തുകാരും കൂടി. അതുവരെയൊക്കെ പാമ്പിനു കാത്തിരിക്കാന്‍ പറ്റ്വോ. അതു അതിന്റെ പാട്ടിനു് പോയി. അന്വേഷിച്ചു കണ്ടുപിടിച്ചു (ആവശ്യംനമ്മുടെ ആയിപ്പോയില്ലേ). അതിനെ തല്ലിക്കൊന്നു.നല്ല എനമാ,“ ദേഹത്തു ചുറ്റു്/കെട്ടുള്ളതാ, ഒന്നു തൊട്ടാമതി. കിട്ടീല്ലോ, ഇനി ആ കുട്യോളേം കൊണ്ട് സമാധാനായിട്ടുറങ്ങാലോ”.
അണലി അല്ലെങ്കില്‍ വെള്ളിക്കെട്ടന്‍ ആയിരിക്കാം. തേക്കിലപുള്ളി എന്നൊരു നാടന്‍ പേരും പറയുന്നുണ്ട്.
രംഗം -2
------
സമയത്തിനെത്താതെ പോയ ചിലരൊക്കെ അപ്പോഴേക്കും എത്തി, നിരാശയോടെ. അവര്‍ക്കു ഒരു demonstration കാണിച്ചുകൊടുക്കാന്‍ കയ്യുയര്‍ത്തിയ ആള്‍ കൈ താഴ്ത്തുന്നില്ല, എന്തു പറ്റിയതാന്നു നോക്കിയപ്പഴെന്താ, അതാ അവിടെ മറ്റൊരു പാമ്പു്. വീണ്ടും വിളി പോയി. ഉത്സാഹമായി എല്ലാരും വന്നു.ഇപ്രാവശ്യം ആളു കൂടി.പാമ്പു് തുടങ്ങി ഒളിച്ചുകളി. ഓടിന്റെ മുകളില്‍, താഴെ, കഴുക്കോലിനിടയില്‍, പാത്തിയില്‍ അങ്ങിനെ അങ്ങിനെ.പട്ടാളത്തിലെ മമ്മൂട്ടി സ്റ്റൈലില്‍ ചിലര്‍ പുരപ്പുറത്തു കയറി, ബാക്കിയുള്ളവര്‍ വടിയും കുന്തവുമെടുത്തു റെഡിയായി നിന്നു. അവസാനം പാമ്പു തോറ്റു, മനുഷ്യന്‍ ജയിച്ചു. അതിനേയും തല്ലിക്കൊന്നു.എല്ലാവരും വീണ്ടും പോയി.
രംഗം-3
------
ഇത്രയുമായപ്പോഴെക്കും രാത്രി 12 മണി കഴിഞ്ഞു.കുട്ടികളൊന്നും കഴിച്ചിട്ടില്ല. അവര്‍ക്കെന്തെങ്കിലും കൊടുക്കണ്ടേ. പേടിയുണ്ട്, എന്നാലും സമാധാനമുണ്ടു്. കണ്ടതിനെ കൊന്നീട്ടുണ്ടല്ലൊ, ഇനി പേടിക്കണ്ടല്ലോ. പക്ഷേ കൂട്ടുകാരേ, അടുക്കളയില്‍ പാലെടുക്കാന്‍ പോയ അമ്മ പോയപോലെ തിരിച്ചുവരുന്നു, അതാ അവിടെ മൂന്നാമതൊരെണ്ണം. അതും ഓടിനിടയില്‍.പിരിഞ്ഞുപോയവര്‍ വീണ്ടും വന്നു, അപ്പോള്‍ എല്ലാരും ഇല്ല, കുറച്ചുപേര്‍ കുറഞ്ഞു.ഉത്സാഹവും കുറഞ്ഞു. സമയം രാത്രി 2 മണി ആണെന്നോര്‍ക്കണം. ഒന്നാമതും രണ്ടാമതും ചെയ്തതെല്ലാം വീണ്ടും ഒരാവര്‍ത്തി കൂടി.ഓപ്പറേഷന്‍ പാമ്പുപിടിത്തം. പക്ഷേ ഇപ്രാവശ്യം ഒരു വ്യത്യാസം മാത്രം. പാമ്പിനെ കൊല്ലാന്‍ പറ്റിയില്ല, ഒരടി കിട്ടി. എന്നാലും അവന്‍(അല്ലെങ്കില്‍ അവള്‍) ജീവനും കൊണ്ട് ഓടി. എല്ലാവരും ക്ഷീണിച്ചു. ഇനി ഇന്നു വയ്യാ, രാവിലെയാവാം, അമ്മയും കുട്ടികളും അപ്പുറത്തെ വീട്ടില്‍ പോയി കിടക്കട്ടേ എന്നു തീരുമാനിച്ചു് എല്ലാരും സ്വന്തം വീടുകളിലേക്കു പോയി. അപ്പോള്‍ സമയം രാത്രി 2 മണി കഴിഞ്ഞു.
പിറ്റേന്നു രാവിലെയായി. പേടിയുണ്ടെങ്കിലും, വീട്ടില്‍ വരാതെ കഴിയില്ലല്ലോ, വന്നു. അതാ, അവരെ സ്വാഗതം ചെയ്യാനെന്നപോലെ ഉമ്മറത്തുതന്നെ ഒരെണ്ണം. തലേന്നു പരിക്കുപറ്റിയവനല്ലാ, ഇതു പുതിയ ഒരാളാണെന്നു പറയുന്നു. എല്ലാം പഴയപോലെ. ദാരുണമായി അതിനേയും വധിച്ചു.
മൂന്നാമന്‍ എവിടെ പോയെന്നു് ഇപ്പോഴും ഒരു പിടിയില്ല. അടിച്ചവന്‍ ഇന്നും പേടിച്ചുവിറച്ചിരിക്കുന്നു. പാമ്പിനു പകയുണ്ടത്രേ.നോവിച്ചുവിട്ടതല്ലേ, എത്ര കാലം കഴിഞ്ഞാലും അതോര്‍ത്തിരിക്കുമെന്നു്.
ഇപ്പോള്‍ നാലാളു കൂടിയാല്‍ നാട്ടിലെ സംസാരവിഷയം ഇതാണ്. കുറ്റം പറയാന്‍ പറ്റുമോ?
“തട്ടുമ്പുറത്തു അവറ്റക്കു നല്ല സുഖല്ലേ, പെറ്റുപെരുകിയിരിക്കും” എന്നൊരു കൂട്ടര്‍.
“റോഡുപണിക്കു വേണ്ടി പഴയ കെട്ടിടങ്ങളും, മതിലും, വേലിയുമൊക്കെ പൊളിക്ക്യല്ലേ, താമസിക്കാനൊരിടം തേടി വന്നതാവും”
എന്നു മറ്റു ചിലര്‍ (പാമ്പുകള്‍ക്കു മാളമൊക്കെ പണ്ടു് - അവര്‍ക്കും മടുത്തിട്ടുണ്ടാവും അതൊക്കെ ).
ഏറെ പിന്തുണ ഇതിനാണ് - “പാമ്പുംകാവുള്ള വീടല്ലേ, വൃത്തീം ശുദ്ധോം ഒന്നൂണ്ടാവില്യ, അവര്‍ക്കൊന്നും
കൊടുക്കണൂണ്ടാവില്യാ, പിന്നെങ്ങിനെ കാണിക്കാതിരിക്കും”.
എഴുത്തുകാരി.
വാല്‍ക്കഷണം:- എന്റെ കൂട്ടുകാരേ, എന്നെ വിശ്വസിക്കണം, അതിശയോക്തി ഒട്ടുമില്ല, ഒരു രാത്രിയില്‍ നാലു പാമ്പുകള്‍. ഞാനറിഞ്ഞില്ല, പിറ്റേന്നാ അറിഞ്ഞതു്, അപ്പോഴെക്കും ശവസംസ്ക്കാരം വരെ കഴിഞ്ഞു. അല്ലെങ്കില്‍ ഫോട്ടോ എങ്കിലും എടുത്തു നിങ്ങളെ കാണിച്ചേനേ.
നിങ്ങളുടെ യുക്തിയില്‍ എന്തെങ്കിലും തോന്നുന്നുണ്ടോ ഇതിനെ പറ്റി?
Posted by Typist | എഴുത്തുകാരി at 9:24 AM 45 മറുമൊഴികള്‍