പേരു കേട്ടിട്ടാരും ഞെട്ടണ്ട. ഇത്തിരി weight ആയിക്കോട്ടേന്നു കരുതിയാ.
ഞാനൊരു പുതിയ സംരംഭത്തിനിറങ്ങിയാലോ ന്നൊരാലോചന, ഒരു പച്ചക്കറിത്തോട്ടം. പുതിയത്, സംരംഭം എന്നൊക്കെ ഒരു ഒരു ഇത് നു വേണ്ടി പറയുന്നതാണേ. ഒക്കെ ഇവിടെയുള്ളതു തന്നെ. എന്നാലും എല്ലാത്തിനേയും ഈ പുതിയ പദ്ധതിയുടെ കുടക്കീഴില്‍ കൊണ്ടുവരുന്നു. എങ്ങനേണ്ട്, എങ്ങനേണ്ട്! പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്. അതു തന്നെ സംഭവം.
അത്യാവശ്യം സഹായത്തിന് തങ്കപ്പനുണ്ട്. അമരക്കൊരു പന്തലിടാനോ, ഇഞ്ചിക്കോ മഞ്ഞളിനോ തടമെടുക്കാനോ ഒക്കെ. ഈ തങ്കപ്പന്‍ ഒരു തങ്കപ്പന്‍ തന്നെയാണേയ്. ആള്‍ നിസ്സാരക്കാരനല്ല. പ്രീ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. തൃശ്ശൂര്‍ കേരളവര്‍മ്മയില്‍ പഠിക്കുമ്പോള്‍ ഒപ്പിച്ച കുരുത്തക്കേടുകള്‍ കുറേയേറെ. ലേഡീസ് ഹോസ്റ്റലിലെ പെണ്‍പിള്ളേരുടെ മുറിയിലേക്കു് പച്ചിലപ്പാമ്പിനെ ഇട്ടതു്, ടീച്ചറെ ചോദ്യം ചോദിച്ച് മുട്ടു കുത്തിച്ചതു്, അത്യാവശ്യം രാഷ്ടീയം, അന്നു കൂടെ പഠിച്ച ശശികല ഡോക്ടറായതു്, ഒരുപാട് കാലത്തിനുശേഷം കണ്ടിട്ടും അവര്‍ക്കു തങ്കപ്പനെ മനസ്സിലായതു്, അങ്ങനെ വീരസാഹസങ്ങള്‍ എത്രയെത്രയോ. ഒരു ദിവസം മൂന്നോ നാലോ കുപ്പി കള്ള്. ബീഡി എത്ര കെട്ടാണോ അറിയില്ല.
ഇനി ആശാന്റെ പ്രവര്‍ത്തന രീതി. കയ്ക്കോട്ടു കൊണ്ട് രണ്ടു പ്രാവശ്യം കിളക്കും. എന്നിട്ടു ബീഡി ഒന്നു കത്തിക്കും. രണ്ടു വലി കഴിഞ്ഞാല്‍ അതു മതിലിന്റെ മുകളില്‍ വച്ചിട്ടു മുണ്ടൊന്നു അഴിച്ചുടുക്കും. അതും കഴിഞ്ഞാല്‍ പിന്നെ വയറൊക്കെ തടവി ഒരാലോചനയാണ്. അതിങ്ങനെ തുടരും. വിലക്കയറ്റം തുടങ്ങി, മാന്ദ്യം മുതല്‍ പിണറായിയുടെ വീടും കടന്നു് ആഗോളതാപനം, കോപ്പന്‍ഹേഗന്‍ ഉച്ചകോടി വരെ ആവാം. ആലോചന കഴിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റിയുള്ള ചര്‍ച്ചയാവും. നമ്മളു മാറിനിന്നിട്ടും കാര്യമില്ല. വഴിയില്‍ കൂടി പോകുന്നവരുണ്ടല്ലോ, അവര്‍ക്കു ചര്‍ച്ചിക്കാനെന്ത് കുഴപ്പം, കൂലി കൊടുക്കുന്നതു നമ്മളല്ലേ! ഇതും കഴിഞ്ഞാല്‍ വീണ്ടും കയ്ക്കോട്ട് കയ്യിലെടുക്കും. അപ്പോഴേക്കും ബീഡി കെട്ടുപോയിട്ടുണ്ടാവും. വീണ്ടും കത്തിക്കും, എല്ലാം പഴയ ഓര്‍ഡറില്‍ മാറ്റമില്ലാതെ. എന്നാലും വിളിച്ചാല്‍ വരും. വിളിച്ചില്ലെങ്കിലും വരും, വേറെ പണിയില്ലെങ്കില്‍, കള്ള് കുടിക്കാന്‍ കാശ് തികയില്ലെങ്കില്‍. നമുക്കു അമരക്കൊരു പന്തലിട്ടാലോ അല്ലെങ്കില്‍ കുറച്ചു കൊള്ളി(കപ്പ) കുത്തിയാലോന്നു ചോദിച്ചു്.
പാല്‍ക്കാരന്‍ ഗോപി ഉണക്കച്ചാണകം, അത്യാവശ്യം വിത്തുകള്‍ എല്ലാം സപ്ലേ ചെയ്യാമെന്നേറ്റിട്ടുണ്ട്. ശേഖരന്‍ കോവക്കയുടെ വള്ളി കൊണ്ടുതന്നു. പത്രക്കാരനോട് പറഞ്ഞിട്ടുണ്ട് കര്‍ഷകശ്രീ ജനുവരി മുതല്‍ തരാന്‍. എന്നു വച്ചാല്‍ വെറുതെ തമാശക്കല്ല, ഉഷാറായിട്ടു തന്നെയാണെന്നു ചുരുക്കം. കുറച്ചു വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ ബൂലോഗത്തുനിന്നൊരു കര്‍ഷകശ്രീമതി ഉദിച്ചുയരില്ലെന്നാരു കണ്ടു! (അതുവരെ ബൂലോഗത്തുണ്ടാവുമോ ആവോ)
അപ്പോ കൂട്ടുകാരേ, ഞാന്‍ ആരംഭിച്ചോട്ടെ ഐശ്വര്യമായി. എന്തായാലും പുതിയ പദ്ധതിയുടെ കുടക്കീഴില്‍ ഉള്‍പ്പെടുത്തിയ ചിലരെ ഒന്നു പരിചയപ്പെട്ടാലോ.. വരൂ വരൂ..
വിത്തിനു്... നല്ല വയലറ്റ് നിറമായിരുന്നു.
പൂവിട്ടു തുടങ്ങി. പ്രാണികളും വന്നു തുടങ്ങി...
വലുതാണെന്നാ കരുതിയേ, ഉണ്ടായപ്പോള്‍ ചെറുതു്....
ഇതു വെള്ളരി, കുഞ്ഞിലേ പൂവിട്ടു.
അപ്പുറത്തു ഇതിന്റെ അമ്മ മരം വേറെയുണ്ട്. എത്തിനോക്കുന്നതു സായാഹ്നസൂര്യന്‍.
ഇതുമുണ്ട് രണ്ടുമൂന്നു വെറൈറ്റികള്‍.
തക്കാളി തന്നെ മുളച്ചതാ, എന്നാലും മൂന്നാലെണ്ണം ഉണ്ടായി.
കപ്പ അല്ലെങ്കില്‍ കൊള്ളി (ഇവിടെ എല്ലാം 3 അല്ലെങ്കില്‍ 4 ഇന്‍ വണ്‍, ഒറ്റക്കൊന്നുമില്ല.
കാന്താരി, എവിടെ നോക്കിയാലും ഇതു തന്നെ....
മത്തങ്ങ മുളകു്. നല്ല എരിവായതുകൊണ്ട് ആറ്‍ക്കും വേണ്ട...
മല്ലിയിലക്കൊരു പകരക്കാരി, പാരിസ് മല്ലി.
വേറെ എന്തുണ്ടായിട്ടെന്താ, ഇതില്ലാതെ.
പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ അളയിലെന്നു പറഞ്ഞപോലെ, ഇനിയും ബാക്കിയുണ്ട് ഐറ്റംസ്, അമര, കോവക്ക, കുമ്പളം, etc. അതു പിന്നെ.
എഴുത്തുകാരി.