Sunday, October 25, 2009

സൌന്ദര്യമത്സരം

രാവിലെ പതിവു പ്രഭാതസന്ദര്‍ശനത്തിനിറങ്ങിയ ഞാന്‍ അത്ഭുതപ്പെട്ടുപോയി,  പതിവില്ലാത്തപോലെ എല്ലാരുമുണ്ടല്ലോ,  സൌന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു. അല്ല, അവരെ കുറ്റം പറയാനില്ല. അവര്‍ക്കും തോന്നിക്കാണും സൌന്ദര്യമത്സരങ്ങളുടേയും മോഹിപ്പിക്കുന്ന സമ്മാനങ്ങളുടേയും കാലമല്ലേ.  നമുക്കും ഒന്നായാലെന്താ എന്നു തോന്നിയാല്‍ എങ്ങിനെ കുറ്റപ്പെടുത്താനാവും?  ആയിക്കോട്ടെ.

വേനലില്ല, വര്‍ഷമില്ല, മഞ്ഞില്ല, മഴയില്ല എല്ലാക്കാലവും ഞങ്ങള്‍‍ക്കൊരുപോലെ. എന്നിട്ടും ആര്‍ക്കും ഒരു വിലയുമില്ല. ഇപ്പോള്‍ അതു കുറേശ്ശെ മാറി വരുന്നുണ്ട്.

ഇതില്‍ നിന്നു വിട്ടു നില്‍ക്കുന്ന കുറച്ചുപേരുമുണ്ട്. ഇന്നലെയുണ്ടായിരുന്നു, നാളെയുണ്ട്, ഇന്നു മാത്രമില്ല.അപ്പോള്‍  അതു പ്രതിഷേധമല്ലാതെ പിന്നെന്താണു്? ഇവരോടൊന്നും മത്സരിച്ചു ജയിക്കേണ്ട കാര്യം നമുക്കില്ലെന്ന തോന്നലോ (അതോ മത്സരിച്ചാലും ജയിക്കില്ലെന്ന വിശ്വാസമോ :))

അല്ല, ഇനി  മത്സരിച്ചു സൌന്ദര്യറാണിപ്പട്ടം കിട്ടി കിരീടമണിഞ്ഞിട്ടെന്തനിനാ? എന്തു സമ്മാനം കിട്ടാന്‍. എന്നും വെള്ളം കിട്ടുമായിരിക്കും. ഈ എഴുത്തുകാരി നിങ്ങളു വിചാരിക്കുന്നപോലെയല്ലാട്ടോ, ഞങ്ങള്‍ക്കൊന്നും ഒരു തുള്ളി വെള്ളം തരില്ല. ബാക്കിയുള്ളവര്‍ക്കൊക്കെ രണ്ടുനേരം വെള്ളം കൊടുക്കുമ്പോള്‍ അതിനൊക്കെ ചാണകപ്പൊടി, കടലപ്പിണ്ണാക്കു് എന്തൊക്കെയാ കൊടുക്കണേ. ഞങ്ങള്‍ പാവങ്ങള്‍ അവിടേന്നുമിവിടേന്നുമൊക്കെ മോഷ്ടിച്ചിങ്ങനെ കഴിഞ്ഞുകൂടുന്നു.എന്നാലും ഞങ്ങളൊരിക്കലും നിരാശപ്പെടുത്താറില്ല.

എല്ലാവരുമണിഞ്ഞൊരുങ്ങി തന്നെയാണു്. ചുവപ്പ്, കടും ചുവപ്പ്, മഞ്ഞ, ക്രീം എല്ലാമുണ്ട്. നീലയും പച്ചയും മാത്രമില്ല. (ഒന്നോര്‍ത്തുനോക്കൂ, പച്ച  നിറത്തില്‍ എന്നെ കണ്ടാല്‍ തമാശ തോന്നില്ലേ?)

അതൊക്കെ പോട്ടെ. ഇനി ജഡ്ജിമാര്‍ക്ക്‌ ഞാന്‍ എവിടെപ്പോകും? പിന്നെ ഒരു സെലിബ്രിറ്റി ജഡ്ജ് വേണം. എലിമിനേഷന്‍ റൌണ്ടില്‍ ശോകമൂകമായ, ബ്ലാക് ആന്‍ഡ്  വൈറ്റ് അന്തരീക്ഷം വേണം. സമ്മാനം കിട്ടാത്തവര്‍ക്കെന്നോട് പരിഭവമാകും.

വേണ്ടാ, അതൊന്നും വേണ്ട, ആ ചുമതല ഞാന്‍ നിങ്ങളെ ഏല്പിക്കുന്നു. നിങ്ങളായിക്കോളൂ അതൊക്കെ.

സമ്മാനം -  ഒരു ദിവസം സമൃദ്ധിയായി വെള്ളം. 

ഇവരാണു്‍ മത്സരാര്‍ത്ഥികള്‍:-

PA240008

PA250008

PA250004

PA250012

PA240010

PA250015

PA240004

PA240005

PA250018

PA240001

എഴുത്തുകാരി.

Friday, October 16, 2009

ഓര്‍മ്മകളുടെ തുടിതാളം...

കേട്ടുമറന്ന എന്തോ ഒന്നു് കേട്ടുകൊണ്ടാണിന്നു് കണ്ണു തുറന്നതു്. ഒരു നിമിഷം സംശയിച്ചു, സ്വപ്നമായിരുന്നോ, പഴയതെന്തെങ്കിലും ഓര്‍ത്തു കിടന്നിട്ടു്. ഏയ്, അല്ല.

ഇന്നലെ ഉച്ചക്കു പോയതാണു് കറന്റ്.  ഇതുവരെ വന്നില്ല. എന്തോ കൂടിയ കേടായിരിക്കണം. അല്ലെങ്കില്‍ ഈ നേരം കൊണ്ട് ജോയ് ശരിയാക്കിയേനേ. അതുകൊണ്ട് വീണ്ടും ആ പ്രത്യേക താളത്തിലുള്ള ശബ്ദം കേള്‍ക്കാന്‍ സാധിച്ചു, അതിനൊപ്പം അയവിറക്കാന്‍ കുറേ പഴയ  ഓര്‍മ്മകളും.

ശബ്ദം എന്താണെന്നല്ലേ?  കിണറില്‍ നിന്നു വെള്ളം കോരിയെടുക്കുന്ന ശബ്ദം. അതെന്താ ഇത്ര മാത്രം പറയാന്‍ എന്നാണെങ്കില്‍, ഉണ്ട്, പറയാനുണ്ട്.

എത്രയോ കാലം ഈ ശബ്ദം കേട്ടുകൊണ്ടാണുണര്‍ന്നിട്ടുള്ളതു്, നേരം പരപരാ വെളുക്കുന്നതിനു മുന്‍പേ. തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നു്, അമ്പലത്തില്‍ നിന്നു്. ബക്കറ്റ് കിണറിലേക്കിട്ട്‌ ഒരഞ്ചാറു പ്രാവശ്യം തുടിക്കണം, എന്നിട്ടു വേണം കോരിയെടുക്കാന്‍. രാവിലെ ആദ്യം ബക്കറ്റില്‍ കോരിയെടുക്കുന്ന വെള്ളം കളയണം.(അതെന്തിനാണെന്നു് ഇന്നുമറിയില്ല). ഈ തുടിയിലൂടെ വെള്ളം കോരുമ്പോള്‍ ഒരു  പ്രത്യേക താളമാണതിനു്, സംഗീതം പോലെ.നിറഞ്ഞു കിടക്കുന്ന വെള്ളത്തില്‍ ബക്കറ്റിട്ടു തുടിച്ചു കോരിയെടുക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തന്നെയാണു്.

അന്നൊക്കെ എല്ലാ വീട്ടിലുമുണ്ടാവും അടുക്കളക്കിണര്‍. വീട്ടിനുള്ളില്‍ നിന്നു നേരിട്ടു വെള്ളം കോരാം. ഒരു അര വാതിലുണ്ടാവും. അതിലൂടെ. രാത്രി ആ വാതിലടക്കാന്‍‍ കയറിനു കടക്കാന്‍ പാകത്തില്‍  ചെറിയൊരു വിടവുണ്ടാവും  വാതിലില്‍. വെള്ളം കോരിക്കോരി കിണറിന്റെ ആ ഭാഗം തേഞ്ഞു പോയിട്ടുണ്ടാവും.ഇന്നു് അങ്ങനെ അടുക്കളക്കിണര്‍ എന്ന ഒരു സങ്കല്പമേ ഇല്ലല്ലോ, അതിന്റെ ആവശ്യവുമില്ല. ‍ എവിടെയെങ്കിലും ഒരു കിണറും പമ്പുമുണ്ടായാല്‍ പോരെ? വെള്ളം ടാങ്കിലെത്തും.

പഴമകള്‍ മുഴുവന്‍ വഴി മാറിക്കഴിഞ്ഞിട്ടില്ലാത്ത, മച്ചും തട്ടിന്‍പുറവും, കുഞ്ഞുകുഞ്ഞു കുടുസ്സുമുറികളുമുള്ള ഈ വീട്ടില്‍ ഒരു സ്മാരകമെന്നപോലെ ഇപ്പഴും അതു ബാക്കി നില്പുണ്ട് (ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും). അതിതാ ഇവിടെ.

PA150009 

PA150010

( ഞങ്ങളിതിനെ തുടി എന്നാണു് പറയുന്നതു്. വേറെ എന്തെങ്കിലും പേരുണ്ടോ എന്നറിയില്ല)

മരത്തിന്റെ ഒരു വളയം. അതില്‍ അഴിയായി ഉറപ്പിച്ചിരിക്കുന്ന മരക്കഷണങ്ങള്‍. കയറിന്റെ ഒരു തുമ്പ് ബക്കറ്റില്‍. മറ്റേ അറ്റം തുടിയില്‍. ബക്കറ്റ് കിണറിലേക്കിടുമ്പോള്‍  കയര്‍ അഴിഞ്ഞുകൊണ്ടേയിരിക്കും.  വെള്ളം നിറച്ചു തിരിച്ചു കയറ്റുമ്പോള്‍ വളയത്തില്‍ ചുറ്റിക്കൊണ്ടും. ഇനി അധികനാള്‍ കാണാന്‍ ഇടയില്ലാത്ത ഇതൊന്നു നിങ്ങളെക്കൂടി കാണിക്കമെന്നു കരുതി.

എത്രയോ വര്‍ഷങ്ങള്‍ പഴക്കമുണ്ടതിനു്, എത്രയോ കൈകള്‍ അതിലൂടെ വെള്ളം കോരിയിരിക്കും!

എഴുത്തുകാരി.

Friday, October 2, 2009

എന്റെ നന്ദിനിക്കുവേണ്ടി...

ഇന്നെന്താ കാലത്തേ മഴയാണല്ലോ. എന്താണാവോ കാലം തെറ്റിയ ഒരു മഴ? തുലാവര്‍ഷമാണെങ്കില്‍ വൈകുന്നേരങ്ങളില്‍ വാദ്യഘോഷമായിട്ടല്ലേ വരവു്. അല്ലെങ്കിലിപ്പോ ഞാന്‍ മാത്രമായിട്ടെന്തിനാ നേരോ കാലോം നോക്കണെ എന്നാവും മഴയുടെ പക്ഷം. എന്തായാലും ചിണുങ്ങന്‍ മഴയൊന്ന്വല്ല, നല്ല ശക്തിയായിട്ടു തന്നെയാ പുറപ്പാട്.

രാവിലത്തെ തിരക്കും ബഹളവുമൊക്കെ കഴിഞ്ഞു.  ഇനിയുള്ള കുറച്ചു മണിക്കൂറുകള്‍ എനിക്കു മാത്രം സ്വന്തം. 

പതിവുള്ള കാര്യങ്ങളൊന്നും നടന്നില്ല.തോട്ടത്തില്‍ പോയില്ല, പൂക്കളെ കണ്ടില്ല, പരിഭവിക്കട്ടെ എല്ലാരും എന്നോട്. എന്റെ കൂട്ടുകാരും -  കുഞ്ഞുകുരുവികള്‍, അണ്ണാരക്കണ്ണന്മാര്‍, പൂത്താങ്കീരികള്‍, ആരും വന്നില്ല. മഴയല്ലേ, കൂട്ടിനുള്ളില്‍ ഒതുങ്ങി ഇരിപ്പാവും.

പത്രം കയ്യിലെടുത്തു.  ഇതവളല്ലേ, എന്റെ നന്ദിനി, ചിരിച്ചുകൊണ്ട്..........

ഓ, ഇന്നു്, ഞാനതു മറന്നുപോയോ?‍

ആദ്യമായിട്ടുള്ള ഹോസ്റ്റല്‍ ജീവിതം. വീട്ടില്‍ നിന്നകന്നു്..പുതിയ ഉത്തരവാദിത്തങ്ങള്‍. .  അത്ര പെട്ടെന്നങ്ങനെ ആരുമായും അടുക്കുന്ന ശീലവുമില്ലെനിക്കു്. പറയാന്‍ മാത്രം സുഹൃത്തുക്കളുമില്ല.ഗൌരവക്കാരിയാണെന്നൊരു പേരും  വീണു കിട്ടിയിട്ടുണ്ട്‌. .

ആദ്യത്തെ ഒന്നു രണ്ടു ദിവസം അവളെനിക്കു കാത്തുനിന്നു. പിന്നെ അതൊരു ശീലമായി.   രാവിലെയും വൈകീട്ടും ഒരുമിച്ചായി പോകുന്നതും വരുന്നതും. ഞാന്‍ വന്നതു് അവള്‍ക്കൊരു ആശ്വാസമായെന്നു  തോന്നി .

മുറുക്കി ചുവപ്പിച്ചു്, തൂങ്ങിയ കാതില്‍ ചുവന്ന കടുക്കനിട്ട, ചേല ചുറ്റിയ ചെല്ലാത്തായില്‍ നിന്നു് മുല്ലപ്പൂ വാങ്ങും. വണ്ടികളില്‍ കൊണ്ടുനടക്കുന്ന പുഴുങ്ങിയ കപ്പലണ്ടിയും ചോളവും വാങ്ങും, അതും കൊറിച്ചു് ഞങ്ങളങ്ങനെ നടക്കും വൈകുന്നേരങ്ങളില്‍. ആടി തള്ളുപടിയില്‍ കുമരനിലും ശ്രീരാജേശ്വരിയിലും, പോയി പട്ടു സാരികള്‍ വാങ്ങില്ല, വെറുതെ കണ്ടുപോരും.ഒരുപാടൊരുപാട് കാര്യങ്ങള്‍ പറഞ്ഞു്, ദു:ഖങ്ങളും സന്തോഷങ്ങളും പറഞ്ഞു്,  എത്ര ദൂരം നടന്നിരിക്കുന്നു. അങ്ങിനെ മൂന്നു വര്‍ഷങ്ങള്‍.

തെക്കന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പോറ്റിയുടെ മകള്‍. താഴെ അനിയത്തിയും അനിയനും. അവള്‍ക്കു് ജോലി കിട്ടിയപ്പോള്‍ അവളുടെ ചുമലിലായി ഭാരം മുഴുവന്‍. അനിയത്തിയെ പഠിപ്പിച്ചു, കല്യാണം കഴിച്ചുകൊടുത്തു, അനിയനെ പഠിപ്പിച്ചു, അവനു ജോലിയായി. ഇതെല്ലാം കഴിഞ്ഞിട്ടു അവള്‍ കൂടെ ജോലി ചെയ്തിരുന്ന കൃസ്ത്യന്‍ മതത്തില്‍ പെട്ട ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു.  2 കുട്ടികള്‍.  എല്ലാം ഉപേക്ഷിച്ചു തന്റെയൊപ്പം വന്ന അവളുടെ കണ്ണു നിറയാന്‍ അനുവദിക്കാത്ത ഭര്‍ത്താവു്.

എന്നിട്ടും എന്തോ ഒന്നു് അവളെ അലട്ടിയിരുന്നു. കല്യാണത്തിനു ശേഷം, അവരാരും, അമ്മയോ അഛനോ പോലും അവളെ അന്വേഷിച്ചില്ല. അഛന്‍ മരിച്ചിട്ടുപോലും അറിയിച്ചുമില്ല. അവളെന്നോട് ചോദിക്കും, അത്ര വലിയ മഹാപരാധമാണൊ ഞാന്‍ ചെയ്തതു്,  അവരുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ടല്ലേ ഞാനൊരു  ജീവിതം കണ്ടെത്തിയതു് അതിത്ര വലിയ  തെറ്റാണോ എന്നു്. ഇതു പറയാന്‍ മറ്റാരും ഉണ്ടായിരുന്നില്ല അവള്‍ക്കു്.  ഇങ്ങനെ ഒരു ദു:ഖം തന്റെ ഉള്ളില്‍ ഉണ്ടാവുന്നതു തന്നെ അത്രയേറെ തന്നെ ഇഷ്ടപ്പെടുന്ന ഭര്‍ത്താവിനോട് ചെയ്യുന്ന അനീതിയായിട്ടാണവള്‍ക്കു തോന്നിയതു്. എന്നിട്ടും പാവം അവള്‍ക്കതില്‍നിന്നു മോചനം കിട്ടിയുമില്ല.

ഇതെല്ലാം ഒരുപാട് വര്‍ഷങ്ങള്‍ക്കുമുന്‍പ്‌. പിന്നെ ഞങ്ങള്‍ പല സ്ഥലങ്ങളിലായി. ഇടക്കു വിളിക്കും, വല്ലപ്പോഴുമൊന്നു കാണും. ചിലപ്പോള്‍‍ പിണങ്ങും, പിന്നെ കാണുമ്പോള്‍ പിണങ്ങിയിരുന്നു എന്ന കാര്യം തന്നെ മറന്നിരിക്കും.. പക്ഷേ എന്നും ആ  തേങ്ങല്‍ അവളുടെ മനസ്സിലുണ്ടായിരുന്നു.

4 വഷങ്ങള്‍ക്കു മുന്‍പൊരു ദിവസം. അവള്‍ വിളിച്ചു. ഒരു ചെറിയ പനി. ആശുപത്രിയിലാണെന്നു പറഞ്ഞു. നീ ലീവെടുത്തൊന്നും വരണ്ട, ഞായറാഴ്ച വന്നാല്‍ മതി, എനിക്കു നിന്നോടെന്തൊക്കെയോ പറയാനുണ്ടെന്നും പറഞ്ഞു.ഞായറാഴ്ച വരെ അവള്‍ കാത്തുനിന്നില്ല. അതിനുമുന്‍പേ പോയി.   എനിക്കൊന്നു  കാണാന്‍ കഴിഞ്ഞില്ല, ഒരുപാട് കാര്യങ്ങള്‍ എന്നോട് പറയാന്‍ ബാക്കി വച്ചിട്ട്‌, ഇനിയൊരിക്കലും പറയാനാവാതെ അവള്‍‍ പോയി.....

ഇന്നു നാലു വര്‍ഷം തികയുന്നു. രണ്ടു തുള്ളി കണ്ണീര്‍ അവള്‍ക്കുവേണ്ടി........

എഴുത്തുകാരി.