തിരക്കു പിടിച്ച് ഒരു സ്ഥലത്തേക്കു പോകാന്‍ നിക്കുമ്പഴാ ബെല്ലടിച്ചതു്. ആരാണെന്നു നോക്കിയപ്പോള്‍ മിനി .
എന്താ മിനി, ഞാന്‍ ചോദിച്ചു.
അവള്‍ പറഞ്ഞു വെറുതെ, ചേച്ചിയെ കാണാന്‍. ഞാന്‍ ഇനിനു മുന്‍പും രണ്ടു പ്രാവശ്യം വന്നിരുന്നു. അന്നൊന്നും ചേച്ചി ഉണ്ടായിരുന്നില്ല.
അങ്ങനെ മൂന്നു പ്രാവശ്യം എന്നെ കാണാന്‍ വരണമെങ്കില്‍ അതു വെറും വെറുതെയാവില്ല.
ഇനി ഈ മിനി ആരാണെന്നല്ലേ, പറയാം. ഒരു ലേശം ഫ്ലാഷ് ബാക്ക്.
ഒരു രണ്ടുകൊല്ലം മുന്‍പു വരെ അവളായിരുന്നു എന്നെ സഹായിക്കാന്‍ വന്നിരുന്നതു്. അതും നീണ്ട 6-7 വര്‍ഷം. വീട്ടിനുള്ളിലെ അടിച്ചുതുടക്കല്‍, തുണികള്‍ കഴുകല്‍, എനിക്കെന്തെങ്കിലും സാധനങ്ങള്‍ വേണമെങ്കില്‍ വാങ്ങിക്കൊണ്ടുവന്നു തരും. എന്റെ പൂന്തോട്ടത്തില്‍ വളം ഇടാനോ ചട്ടികള്‍ മാറ്റിവക്കാനോ സഹായിക്കും. വേണമെങ്കില്‍ പറമ്പു നനക്കും. വളരെ അത്മാര്‍ഥമായിട്ടായിരുന്നു അവളെല്ലാം ചെയ്തതു്.
അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന കാലം.
ഭര്‍ത്താവു് പണിക്കു പോവില്ല, പോയാല്‍ തന്നെ കിട്ടിയ കാശിനെല്ലാം കുടിക്കും. രണ്ടു കുട്ടികള്‍. മറ്റു രണ്ടു വീടുകളില്‍ കൂടി അവള്‍ പണിക്കു പോയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകളെല്ലാം അവളെന്നോട് പറയാറുണ്ടായിരുന്നു.
സര്‍ക്കാരില്‍നിന്നു കിട്ടുന്ന കാശു കൊണ്ടാണ്‍ വീട് പണിതിട്ടുള്ളത്. ചുമരൊക്കെ പണിതു. കിട്ടിയ കാശു തികയാഞ്ഞിട്ടോ അതോ അതു വേറെ എന്തിനെങ്കിലും എടുത്തിട്ടൊ എനിക്കറിയില്ല, മേല്‍ക്കൂര പണിതിട്ടില്ല. മുകളില്‍ ആകാശം. അതിന്റെ സൈഡില്‍ ഓലകൊണ്ട് ചാച്ചുകെട്ടിയിട്ടാണ്‍ താമസം.
മഴക്കാലത്തു ചിലപ്പോള്‍ വന്നിട്ട് പറയും. താഴെ ഇറങ്ങിയിട്ടാ ഇടി വെട്ടിയേ,വെള്ളം വീഴാത്ത ഒരു സ്ഥലമില്ല,മക്കളേം കെട്ടിപ്പിടിച്ച് ഇരുന്നിട്ടാ നേരം വെളുപ്പിച്ചതു്. രാത്രിയാവുമ്പോള്‍ പേടിയാവുന്നു എന്നു്. ഷീറ്റ് (ടെറസ് വീടുകളുടെ മുകളിലൊക്കെ അടിക്കുന്നില്ലേ ഇപ്പോള്‍, അതു്)അടിച്ചാലും മതിയായിരുന്നു ചേച്ചി എന്നൊക്കെ. എനിക്കു പാവം തോന്നും.
ഞാന്‍ പറഞ്ഞു, അതിന്റെ കാര്യങ്ങളൊക്കെ അന്വേഷിക്കൂ, നമുക്കെന്തെങ്കിലും ചെയ്യാം എന്നു്.
കുറച്ചു കാശ് ആങ്ങളമാര്‍ കൊടുത്തു, കുറച്ചെന്തോ ഒരു കുറിയില്‍ നിന്നു് എടുത്തു. ബാക്കി ഞാനും കൊടുത്തു. അങ്ങനെ വീടിനു് മേല്‍ക്കൂരയായി. വാതിലില്ലായിരുന്നു. പരിചയമുള്ള ഒരു കടയില്‍ നിന്നു അതും സംഘടിപ്പിച്ചു കൊടുത്തു. ഏകദേശം 7000 രൂപയോളം എന്റെ കയ്യില്‍ നിന്നു ചിലവായി.
ഈ കാശു സഹായിച്ചപ്പോള്‍ ഞാന്‍ അതുകടമായിട്ടല്ല കൊടുത്തതു്. ഒരു വര്‍ഷത്തില്‍ എന്റെ ചെറിയ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക് ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്കു നീക്കിവക്കാറുണ്ട്. അതു നന്നായി ഉപയേഗിക്കപ്പെടും എന്നുറപ്പുള്ള സ്ഥാപനങ്ങള്‍ക്ക് കൊടുക്കും. ഇത് അവള്‍ക്കു് ഉപകരിക്കട്ടെ എന്നു കരുതി എന്നു മാത്രം. അവളോട് ഞാന്‍ അതിനേപ്പറ്റി ഒന്നും പറഞ്ഞുമില്ല. കടമാണെന്നോ സഹായമാണെന്നോ ഒന്നും.
ഉപയോഗിക്കാതിരുന്ന ഒന്നു രണ്ടു കസേരകള്‍, ഞാന്‍ പുതിയ ടിവി വാങ്ങിയപ്പോള്‍ മാറ്റിവച്ചിരുന്നു BPL ന്റെ നല്ല ഒരു കളര്‍ ടി വി (റിമോട്ട് ഇല്ലെന്നു മാത്രം) ഇതെല്ലാം ഞാന്‍ കൊടുത്തു.
അവള്‍ക്കു സന്തോഷമായി. എനിക്കും.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ചാലക്കുടിയില്‍ ഒരു ആശുപത്രിയില്‍ ജോലി കിട്ടി. വൃത്തിയാക്കലും കഴുകലുമൊക്കെ. അവിടത്തെ ഒന്നു രണ്ടു ഡോക്ടര്‍മാരുടെ വീട്ടിലും പോയിത്തുടങ്ങി. പിന്നെ വരവ് ഇടക്കു മാത്രമായി. പതുക്കെ അതും ഇല്ലാതായി.
എനിക്കു വല്ലാത്ത സങ്കടം തോന്നി. അവള്‍ വരാത്തതിലല്ല്ല, അവള്‍ക്കു ഇത്തരത്തില്‍ എന്നോട് പെരുമാറാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത്. എന്നോടൊന്നു പറഞ്ഞിട്ടെങ്കിലും പോകാമായിരുന്നില്ലേ..അന്നൊക്കെ അവളുടെ കാര്യം പറയുമ്പോള്‍ എന്റെ കണ്ണില്‍ വെള്ളം നിറയും. പിന്നെ ഒന്നുരണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്. ഒന്നു ചിരിക്കും. അത്ര തന്നെ. അങ്ങോട്ടുമിങ്ങോട്ടും ഒരു വഴക്കോ ഒന്നുമുണ്ടായില്ല.
എനിക്കു സഹായത്തിനു വേറൊരാളെ കിട്ടി.
ഫ്ലാഷ് ബാക്ക് കഴിഞ്ഞു, ഇനി വര്‍ത്തമാനകാലത്തിലേക്ക്.
ഇപ്പോള്‍ അവള്‍ എന്നെ കാണാന്‍ വന്നതെന്തിനാണെന്നോ, അവള്‍ക്കിപ്പോള്‍ ഒരു സമാധാനമില്ലത്രേ. ചേച്ചിയോട് പെരുമാറിയത് തീരെ ശരിയായില്ല, കുറ്റബോധം തോന്നുന്നു. കാശിനു ബുദ്ധിമുട്ടില്ല. എന്നാലും ചേച്ചിയുടെ വീട്ടിലെ പണിയെടുക്കണം. അല്ലെങ്കില്‍ അതൊരു തെറ്റായിട്ടു തോന്നുന്നു എന്നു്.
ഞാന്‍ പറഞ്ഞു എനിക്കു വേറൊരാളുണ്ടല്ലോ . (മകളുടെ പ്രസവം അടുത്തതുകൊണ്ട് ഇനി ഒന്നുരണ്ടാഴ്ച കൂടിയേ അവര്‍ വരൂ). അവള്‍ പറയുന്നതു് എനിക്കു മുറ്റം മാത്രമെങ്കിലും അടിക്കാന്‍ തരണം. ചേച്ചി വേണ്ടെന്നു പറഞ്ഞാലും ഞാന്‍ വന്നു മുറ്റമെങ്കിലും അടിച്ചിട്ടു പോകും എന്നു്.
എന്തായിരിക്കും അവള്‍ക്കിപ്പോള്‍ ഇങ്ങനെ പറയാന്‍/തോന്നാന്‍ കാരണം? എനിക്കു തോന്നുന്നു അവള്‍ പറയുന്നതു് അത്മാര്‍ഥമായിട്ടു തന്നെയായിരിക്കും എന്നാണ്.. അവര്‍ക്കും ഉണ്ടായിക്കൂടെ ചെയ്തതു തെറ്റാണെന്ന തോന്നലും കുറ്റബോധവുമൊക്കെ..
ഇനിയും പറ്റിക്കില്ലെന്നെന്താണുറപ്പെന്നാണ് ഇവിടെ മറ്റുള്ളവരുടെ ചോദ്യം. രണ്ടുകൊല്ലം കഴിഞ്ഞിട്ടിപ്പഴെന്താ ഇങ്ങനെ ഒരു മനം മാറ്റം. കുറ്റബോധം,മണ്ണാങ്കട്ട എന്നൊക്കെ വെറുതെ പറയുന്നതല്ലേ, എന്തെങ്കിലും സൂത്രം കണ്ടിരിക്കും, അതാണിപ്പോള്‍ വന്നിരിക്കുന്നതു്, എന്തു പറഞ്ഞാലും എല്ലാം മുഖവിലക്കെടുക്കുന്ന ശീലമാണല്ലോ എനിക്ക് എന്നൊക്കെ.
ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ. നിങ്ങള്‍ക്കെന്താ തോന്നുന്നതു്?
എഴുത്തുകാരി.