Monday, December 6, 2010

ശാന്തമീ ജീവിതം.....

ഇതു് ലക്ഷ്മിയേടത്തിയുടെ കഥ. കഥയല്ല, ജീവിതം. ചേച്ചി ഒരു സാധാരണ വീട്ടമ്മ, ജോലിക്കൊന്നും പോയിട്ടില്ല. ഇപ്പോൾ 61 വയസ്സ്.

ഭർത്താവ് നേരത്തേ മരിച്ചു, 14 വർഷം മുൻപേ.  രണ്ടു കുട്ടികളും പഠിക്കുകയായിരുന്നു.  രണ്ടുപേരും നന്നായി പഠിച്ചിരുന്നതുകൊണ്ട്,  ഭർത്താവിന്റെ ജോലിയിൽ നിന്നു  കിട്ടിയ കുറച്ചു കാശുകൊണ്ട് അവരെ പഠിപ്പിച്ചു. ആർഭാടങ്ങളൊന്നുമില്ലാത്ത  സാധാരണ ജീവിതം.  മകൾ ഡോക്ടറായി, മകൻ എഞ്ചിനീയറും.

രണ്ടുപേരുടേയും കല്യാണം കഴിഞ്ഞു., അവർക്കു കുട്ടികളുമായി. എല്ലാവരും അമേരിക്കയിൽ.  അവർ അവിടെ സുഖമായി കഴിയുന്നു.

ലക്ഷ്മിയേടത്തി ഇവിടെയാണ്.  ഒറ്റക്കു്. നാട്ടിലുണ്ടായിരുന്ന വീട് വിറ്റ് ഇവിടെ  സ്വന്തമായിട്ടൊരു ഫ്ലാറ്റ് വാങ്ങി  തനിച്ച് കഴിയുന്നു. ഭർത്താവിന്റെ പെൻഷനുണ്ട്.

തിരക്കു പിടിച്ചൊരു നിഗമനത്തിൽ എത്താൻ വരട്ടെ. വളർത്തി വലുതാക്കിയ മക്കൾ അവരുടെ കാര്യം നോക്കി വയസ്സായ അഛനമ്മമാരെ ഒറ്റക്കാക്കി പോകുന്നു എന്നതാണല്ലോ ഇപ്പോൾ പലയിടത്തേയും   പ്രശ്നം. എന്നാൽ ഇവിടെ നേരെ  മറിച്ചാണ്.   

വളരെ സ്നേഹത്തോടെ ആ മക്കൾ വിളിക്കുന്നു അമ്മയെ,  കൂടെ വന്നു താമസിക്കാൻ. മക്കൾ വിളിക്കുമ്പോൾ ആ അമ്മക്കു പോകാതിരിക്കാനുമാവുന്നില്ല. 

പക്ഷേ ചേച്ചി പറയുന്നതു്, എനിക്കിവിടെയാണിഷ്ടം. മക്കളൊക്കെ സുഖമായി, സന്തോഷമായി കഴിയുന്നു എന്നറിഞ്ഞാൽ മതി. എനിക്കെന്തെങ്കിലുമാവശ്യം വരുമ്പോൾ  അവരോടിയെത്തുമെന്നറിയാം എനിക്കു്.  അതു മതി, ഞാൻ happy ആണ്.

മൂന്നു വർഷമായി ഇവിടെ. അതുകൊണ്ട് അത്യാവശ്യം കൂട്ടുകാരുണ്ട്, ഒന്നു പുറത്തേക്കു പോണമെന്നു തോന്നിയാൽ പോകാം.രാവിലെ എണീറ്റ് ഇന്ന്‌ ഒന്നു ഗുരുവായൂരു പോണമെന്നു തോന്നിയാൽ അതാവാം. ഇന്നെവിടേം പോകണ്ട ടി വി കണ്ടിരിക്കാൻ തോന്നിയാൽ അങ്ങനെ. ഒരു ദിവസം ഭക്ഷണം വക്കണ്ട എന്നു തോന്നിയാൽ വേണ്ട, പുറത്തുപോയി കഴിക്കാം.

എന്നാലും ചേച്ചി പോകുന്നു, മക്കളെ വിഷമിപ്പിക്കാൻ വയ്യാത്തതുകൊണ്ട്.  മൂന്നോ നാലോ മാസം കഴിയുമ്പോൾ തിരികെ  കൊണ്ടാക്കണമെന്ന കരാറിൽ.

വയസ്സായ അഛനേയും അമ്മയേയും മക്കൾ നോക്കുന്നില്ല എന്നതിൽ നിന്നൊരു മാറ്റമല്ലേ ഇതു്.  ഇതു നേരേ മറിച്ചാണല്ലോ. അതുകൊണ്ട്  അതിവിടെ പറഞ്ഞൂന്നു മാത്രം!.

PB060084

എഴുത്തുകാരി.

66 comments:

Typist | എഴുത്തുകാരി said...

ലക്ഷ്മിയേടത്തി നല്ലൊരു കുക്കറും കൂടിയാണേ. എന്നും ഒരു രണ്ടുമൂന്നു പ്രാവശ്യമെങ്കിലും വരും എന്റെ അടുത്തു്, പലപ്പോഴും കയ്യിലൊരു കൊച്ചു പാത്രവും, അതിനുള്ളിൽ എന്തെങ്കിലുമായിട്ട്.....

Kalavallabhan said...

ഇത് നല്ലതാണു.
ആവും വരെയും സ്വയം.
അതു കഴിയുമ്പോൾ
മറ്റുള്ളവരുടെ സഹായം വേണ്ടി വരുമ്പോൾ,
അതുണ്ടാവണം.

മൻസൂർ അബ്ദു ചെറുവാടി said...

അവഗണിക്കപ്പെടുന്നവരുടെ കഥ മാത്രം കേള്‍ക്കുമ്പോള്‍ ഇങ്ങിനെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കഥകളും പറയണം. രണ്ടും അറിയേണ്ടത് തന്നെയാണ്.
ഭംഗിയായി പറഞ്ഞു.

ശ്രീ said...

ശരിയാണ് ചെറുവാടി മാഷ് പറഞ്ഞതു പോലെ അവഗണനയുടെ കഥകള്‍ മാത്രം കേള്‍ക്കുന്ന ഇക്കാലത്ത് ഇതു പോലെ ഉള്ള കുടുംബങ്ങളും ഉണ്ടെന്ന് അറിയുന്നത് സന്തോഷം തന്നെ.

the man to walk with said...

സ്വതന്ത്രം ബോധം വളര്‍ന്നു വരുന്നു ..എന്തിനു സ്വന്തം താല്പര്യങ്ങള്‍ മാറ്റി വയ്ക്കണം ..
നന്നായി ..പോസ്റ്റ്‌

ജയരാജ്‌മുരുക്കുംപുഴ said...

valare karya maathra prasaktham.... aashamsakal............

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ലക്ഷ്മിയേടത്തിയിൽ ഞാനെന്റെ അമ്മയെയാണ് കാണുന്നത്...പലവട്ടം വിളിച്ചിട്ടും ഈ എഴുപതുകളിലും ആരേയും ബുദ്ധിമുട്ടിക്കാതെ ഒറ്റക്ക് സ്വന്തം കാര്യം നോക്കി, മക്കളുടേയും,മറ്റുള്ളവരുടേയും നന്മകൾ മാത്രം കാംക്ഷിച്ച് ,ഇട്ക്കെല്ലാം വന്നുപോകുന്ന മക്കൾ/മരുമക്കൾ/പേരമക്കൾ എന്നിവരെ നിറവയറൂട്ടി വീണ്ടും അവരുടെയൊക്കെ തിരിച്ച് വരവിന്റെ കാലൊച്ചകൾക്ക് കതോർത്തിരിക്കുന്നവൾ....!

നാട്ടിലൊക്കെയുള്ള ഇത്തരം വളരെ ദുർലഭമായുള്ള ഭാഗ്യവതികളെ കുറിച്ചുള്ള ഈ ‘ശാന്തമീ ജീവിതം‘എനിക്കിഷ്ട്ടമായി...കേട്ടൊ

Anonymous said...

ലക്ഷ്മിയേടത്തി നല്ലൊരു അമ്മയാണ്
അവരുടെ കുട്ടികളും നല്ലവരാണ്
അവരെ പരിചയപെടുത്തിയ ചേച്ചിയും ഗ്രേറ്റ്‌ തന്നെ

പിന്നെ ലക്ഷ്മിയേടത്തി പോയാല്‍ ചേച്ചി പട്ടിണിയാകുമോ എന്നൊരു പേടിയും ......

Unknown said...

ജീവിതവും, ലോകവും ഒരു വഴി പോകുമ്പോള്‍ മനസ്സാഗ്രഹിക്കുന്നത് ഈ സുഖം..... കെട്ടു പിണഞ്ഞ കൂടുംബ പശ്ചാതലത്തില്‍ നിന്നും സ്വതന്ത്രമായ ഒരിടം......നല്ല അവതരണം

വേണുഗോപാല്‍ ജീ said...

നല്ല കാര്യം..... അവര്‍ വിതച്ചതായിരിക്കും അവര്‍ കൊയ്യുന്നത്... അവരും അവരുടെ അച്ഛനെയും അമ്മയെയും നന്നായി നോക്കിയിരിക്കും.

ഒഴാക്കന്‍. said...

ചില എമ്പോക്കികള്‍ നോക്കുനില്ല എന്ന് പറ ചേച്ചി

നീലത്താമര said...

സന്തോഷദായകമായ ഒരു അനുഭവകഥ...

ഒഴാക്കന്റെ കമന്റ്‌ വായിച്ച്‌ ചിരിച്ചുപോയി... അതിലും സത്യമുണ്ടല്ലോ... ഇതേ വിഷയം തന്നെ ഞാനും ഒരു കുഞ്ഞു പോസ്റ്റ്‌ ആക്കിയിട്ടുണ്ട്‌ രണ്ട്‌ നാള്‍ മുമ്പ്‌...

ente lokam said...

കൊള്ളാം .അതും ഒരു യോഗം.അല്ല സന്തോഷം...
cooker അല്ലല്ലോ ..കുക്ക് എന്ന് തന്നെ അല്ലെ ഉദ്ദേശിച്ചത്?

faisu madeena said...

ഇത് പോലെ ഉള്ളതും പറയണം ...വെറും നെഗറ്റീവ് മാത്രം പോരാ ....താങ്ക്സ് എഴുത്തുകാരി

Typist | എഴുത്തുകാരി said...

Kalavallabhan,
ചെറുവാടി,
ശ്രീ,
the man to walk with,
jayaraj murukkumpuzha,
മുരളീമുകുന്ദൻ,
NaNcY,
പാലക്കുഴി,
Venugopal,

നന്ദി, എല്ലാവർക്കും.

Typist | എഴുത്തുകാരി said...

ഒഴാക്കൻ,

നീലത്താമര,

ente lokam, അതു ഞാനൊന്നു തമാശിച്ചു നോക്കിയതല്ലേ, ഏറ്റില്ല അല്ലേ!

faisu madeena, ഇനി അങ്ങനെയാവാട്ടോ.

ഈ വഴി വന്ന എല്ലാവർക്കും നന്ദി.

ഒരു നുറുങ്ങ് said...

അമ്മമാരുടെ ഒറ്റപ്പെടലുകളും നൊമ്പരങ്ങളും ഏറെ കേള്‍ക്കുന്നതിനിടയില്‍ തെളിനീരായി ഒഴുകിയെത്തി "ശാന്തമീ ജീവിതം.....” അണുകുടുംബം അണുബാധയായിത്തീരുന്ന പുതുലോകത്ത് സമാശ്വാസം നല്‍കുന്നു ലക്ഷ്മിയേടത്തിയുടെ ജീവിതശൈലി. അവര്‍ ഭാഗ്യലക്ഷ്മിയാണ്‍ ! ജീവിതത്തില്‍ സുകൃതം ചെയ്തവര്‍ക്കേ ഇങ്ങിനെ സൌഭാഗ്യം നേടാനാവൂ. ഒഴാക്കന്‍റെ പക്ഷത്താണ്‍ യാഥാര്‍ത്ഥ്യം എന്നതില്‍ രണ്ട് പക്ഷമില്ല.

അനില്‍@ബ്ലോഗ് // anil said...

രണ്ടായാലും ഒരു ജനറേഷന്‍ ഗാപ്പിന്റെ പ്രശ്നം ഉടലെടുക്കുന്നുണ്ട്. എന്തായാലും അമ്മക്കും മക്കള്‍ക്കും നല്ലത് വരട്ടെ.

Jazmikkutty said...

ente lokam, അതു ഞാനൊന്നു തമാശിച്ചു നോക്കിയതല്ലേ, ഏറ്റില്ല അല്ലേ!
:)
ezhuthukaaree nannaayi..

Anil cheleri kumaran said...

വെറുതെ പരാതി പരഞ്ഞ് ജീവിതം കളയുന്നില്ലല്ലോ അവര്‍. നന്നായി.

പട്ടേപ്പാടം റാംജി said...

സുഖമായി സന്തോഷത്തോടെ കഴിയുന്ന കുടുംപങ്ങളും ധാരാളം ഉണ്ട്. പക്ഷെ അതെക്കാള്‍ കൂടുതല്‍ മറിച്ചാവുംപോള്‍ അതാണ്‌ കൂടുതല്‍ പറയുന്നതെന്ന് മാത്രം. ഇതുപോലെ നല്ല അമ്മമാരും മരുമക്കളും നമ്മുടെ ഇടയില്‍ ജീവിച്ചിരിപ്പുണ്ട്. ഇത്തരം സന്തോഷം എല്ലായിടത്തും പരക്കട്ടെ..
സന്തോഷം നല്‍കിയ പോസ്റ്റ്‌ ചേച്ചി.

Pushpamgadan Kechery said...

ഈ നദിയൊഴുകിത്തീരുവോളം സ്വരം നന്നായിത്തന്നെയിരിക്കണേയെന്ന് പ്രാര്‍ത്ഥിക്കുകയാവും അവരിലെ അമ്മ.
നല്ല പോസ്റ്റ്.
അഭിനന്ദനങ്ങള്‍...

പ്രയാണ്‍ said...

എല്ലാരും ഇങ്ങിനെയൊന്നു സന്തോഷിക്കാന്‍ പഠിച്ചിരുന്നെങ്കില്‍..........ഇതിവിടെ എഴുതിയതു നന്നായി എഴുത്തുകാരി..........ഈക്വാലിറ്റിക്കുവേണ്ടി പ്രസംഗിക്കുമ്പോള്‍തന്നെ കാലത്തിനൊപ്പം മാറാന്‍ നമുക്കും കഴിയണം.

ജീവി കരിവെള്ളൂർ said...

ലക്ഷ്മിയേടത്തി നാടും നഗരവുമൊക്കെ കറങ്ങി വരട്ടെ :)
എല്ലാം ഒരേ ലോകത്തില്‍ ഒരേ കാലത്ത് കാണുന്ന വ്യത്യസ്ത കാഴ്ചകള്‍ അല്ലാതെന്ത് പറയാന്‍ .എവിടെയെങ്കിലും എന്തെങ്കിലും കേട്ടാല്‍ അപ്പോ തന്നെ കലികാലവൈഭവം എന്നൊന്നും പറഞ്ഞൊഴിയാതെ നന്മ കാണാന്‍ ശ്രമിക്കാം നന്മ ചെയ്യാന്‍ ശ്രമിക്കാം, അല്ലേ !

ശ്രീനാഥന്‍ said...

ഇങ്ങ്നെയും ചിലതു വേണം നമുക്ക് ആശ്വസിക്കാൻ, എല്ലാ കുട്ടികളും മോശക്കാരല്ല, എല്ലാ അമ്മയും ദു:ഖിതയല്ല എന്നറിയുമ്പോൾ ‘ഹാ! മനുഷ്യൻ അത്ര മോശമല്ലാത്ത പദം ‘ എന്നു തോന്നുമല്ലോ! ഇഷ്ടമായി.

Typist | എഴുത്തുകാരി said...

ഒരു നുറുങ്ങ്,
അനിൽ,
jazmikkutty,
കുമാരൻ,
പട്ടേപ്പാടം റാംജി,
pushpamgad,
പ്രയാൺ,
ജീവി കരിവെള്ളൂർ,
ശ്രീനാഥൻ,

ശാന്തമീ ജീവിതം കാണാൻ വന്ന എല്ലാവർക്കും നന്ദി.

Pranavam Ravikumar said...

Nalla Post...Aashamsakal!

SUJITH KAYYUR said...

lakshmiyedathi manassil maayaathe kidakkunnu

smitha adharsh said...

ചില അമ്മമാര്‍ അങ്ങനെ തന്നെ.കഴിഞ്ഞ വര്‍ഷം ഞാന്‍ അമ്മയെ ദോഹയില്‍ കൊണ്ട് വന്നിരുന്നു.എങ്ങനെയോ ഒരു അറുപത് ദിവസം വീര്‍പ്പുമുട്ടി കഴിച്ചു കൂട്ടി.പിന്നെ,തോന്നി അമ്മ സ്വന്തം വീടിനെ മിസ്സ്‌ ചെയ്‌താല്‍ അമ്മയല്ലാതായിപ്പോകും എന്ന്.അതുപോലെ എത്ര അമ്മമാര്‍ ല്ലേ?
പിന്നെ,ഈ ഫോട്ടോ എവിടെയോ ഒരു കണ്ടു പരിചയം.തൃശ്ശൂരിലെ കാഴ്ച ബംഗ്ലാവിനടുത്തോ മറ്റോ ആണോ?

Typist | എഴുത്തുകാരി said...

സ്മിതാ,കാഴ്ചബംഗ്ലാവിനടുത്തല്ല, കാഴ്ചബംഗ്ലാവിനുള്ളിൽ തന്നെ :)

പാവത്താൻ said...

വളരെ നന്നായി ഈ ജീവിത ചിത്രം.
ചുള്ളിക്കാടിന്റെ ചിദംബരസ്മരണയില്‍ ഇതു പോലെ ഒരു അഛനേയും അമ്മയേയും കുറിച്ചു പറഞ്ഞിട്ടുള്ളതോര്‍ക്കുന്നു...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:) :) :)

Manoraj said...

മനസ്സില്‍ നന്മ അവശേഷിക്കുന്നവര്‍ ഇനിയും ഉണ്ട് എന്നത് തന്നെ വലിയ കാര്യമല്ലേ ചേച്ചി.എന്തായാലും അ ലക്ഷ്മിയേച്ചിക്കും മക്കള്‍ക്കും നല്ലത് വരട്ടെ..

Rare Rose said...

എല്ലാം പോസിറ്റീവായെടുക്കുന്നൊരാളെ പോലെയുണ്ട് ഈ ലക്ഷ്മിയേടത്തി.മക്കള്‍ക്കൊപ്പം ലക്ഷ്മിയേടത്തി സന്തോഷമായിരിക്കട്ടെ..

keraladasanunni said...

ബഹുജനം പലവിധം എന്ന ചൊല്ല് എത്ര അന്വര്‍ത്ഥം. എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുന്ന മക്കളേയും മരുമക്കളേയും വരുന്നവരോടൊക്കെ കുറ്റപ്പെടുത്തി പറയുന്ന രക്ഷിതാക്കളും ഉണ്ട്. ലക്ഷ്മിയേടത്തി നന്മ നിറഞ്ഞ ആളാണ്.

jyo.mds said...

ഇത് തന്നെയാണ് നല്ലത്-കഴിയുന്നതും മക്കളെ ആശ്രയിക്കാതെ,ബുദ്ധിമുട്ടിക്കാതെ ഒരു independent life.

Unknown said...

ഇരുട്ടില്‍ ഒരു തുള്ളി വെളിച്ചം!

ഹരിശ്രീ said...

Nalla Post...Aashamsakal

:)

എന്‍.ബി.സുരേഷ് said...

എല്ലാ കമന്റുകൾക്കുമുള്ള മറുപറ്റി പോലെ ആ മരമ നിൽക്കുന്നുണ്ട്. വയസ്സായ എല്ലാ മനുഷ്യരും മണ്ണിൽ വേരിറങ്ങി തിടം വച്ച മരങ്ങളെപ്പോലെ.
ജന്മദിനം ആഘോഷിക്കാനുള്ളതല്ല എന്തെന്നാൽ ഓരോ ജന്മദിനവും നമ്മളെ മരണത്തിലേക്കടുപ്പിക്കുന്നു എന്ന് ഓഷോ പറഞ്ഞത് പ്രായമായവരെ ഉപേക്ഷിക്കുന്ന മക്കൾ ഓർത്തിരുന്നാൽ നല്ലത്.

എന്നാലും ഇവിടെ ഒരു വിരുന്നുകാരിയായിട്ടെങ്കിലും മക്കൾ അമ്മയെ ക്ഷണിക്കുന്നുണ്ടല്ലോ. ആശ്വാസം.

ജിമ്മി ജോൺ said...

എഴുത്തേച്ചി... ലക്ഷ്മിയേടത്തിയെക്കുറിച്ച് വായിച്ചപ്പോള്‍ ഓര്‍മ്മവന്നത് എന്‍റെ വല്യമ്മയെ (അച്ഛന്റെ അമ്മ) കുറിച്ചാണ്.. തന്റെ ഭര്‍ത്താവിന്റെ മരണ ശേഷം എത്രയോ വര്‍ഷങ്ങള്‍ പുള്ളിക്കാരി ഒറ്റയ്ക്കായിരുന്നു വാസം... തറവാട് ഒറ്റയ്ക്കിട്ട് മക്കളുടെ കൂടെ പോകാനുള്ള മടി... വൈകുന്നേരങ്ങളിലെ കാവലാള്‍പ്പണി ഈയുള്ളവന് കിട്ടുകയും ചെയ്തു... :)

ലക്ഷ്മിയേടത്തി സന്തോഷ - സമാധാനത്തോടെ ഇനിയും ഏറെ നാളുകള്‍ ജീവിക്കട്ടെ...

Vayady said...

തനിച്ച് ജീവിക്കാന്‍ കഴിയുന്ന കാലത്തോളം ആരേയും ആശ്രയിക്കാതിരിക്കുനതാണ്‌ തന്നെയാണ്‌ നല്ലത്. ലക്ഷ്മിയേടത്തിയെ ഞങ്ങള്‍ ബൂലോകരുടെ സ്നേഹാന്വേഷണം അറിയിക്കുക.

Typist | എഴുത്തുകാരി said...

Pranavam Ravikumar,

സുജിത് കയ്യൂർ,

സ്മിതാ,

പാവത്താൻ,

വെള്ളായണി വിജയൻ,

Manoraj,

Rare Rose,

keraladasanunni,

നന്ദി, എല്ലാവർക്കും.

Typist | എഴുത്തുകാരി said...

jyo,

നന്ദു,

ഹരിശ്രീ,

സുരേഷ്,

ജിമ്മി ജോൺ,

Vayady,

ലക്ഷ്മിയേടത്തിയുടെ വിശേഷങ്ങളറിയാൻ വന്ന എല്ലാവർക്കും നന്ദി.

ബിന്ദു കെ പി said...

അതെ, വായാടി പറഞ്ഞതുപോലെ കഴിയുന്നിടത്തോളം ആരേയും ആശ്രയിക്കാതെ ജീവിക്കുന്നതാണ് നല്ലത്. ലക്ഷിയേടത്തിയേപ്പോലെ അതിൽ സന്തോഷം കണ്ടെത്താനും ശ്രമിക്കണമെന്നു മാത്രം.

കൊല്ലേരി തറവാടി said...

എഴുത്തുകാരി ചേച്ചി... ലക്ഷ്മിയേടത്തിയെപ്പോലെ ഭാഗ്യം ചെയ്തവര്‍ വിരളമാണ്‌ ഇക്കാലത്ത്‌. മക്കള്‍ അവരോടൊപ്പം ചെല്ലുവാന്‍ ക്ഷണിച്ചല്ലോ... അത്‌ തന്നെ വലിയ കാര്യം.

എന്റെ പുതിയ പോസ്റ്റില്‍ എഴുത്തുകാരി ചേച്ചിയേയും ഒരു കഥാപാത്രമാക്കിയിട്ടുണ്ട്‌... സമയമുള്ളപ്പോള്‍ സന്ദര്‍ശിച്ച്‌ അഭിപ്രായം ഇടുമല്ലോ...

Typist | എഴുത്തുകാരി said...

ബിന്ദു, അതെ, പറ്റാവുന്നിടത്തോളം ഒറ്റക്കു പിടിച്ചു നിൽക്കുന്നതു തന്നെ നല്ലതു്.

കൊല്ലേരി തറവാടി, ഞാൻ അവിടെ പോയിരുന്നൂട്ടോ. നന്ദി.

Aarsha Abhilash said...

എഴുത്തുകാരീ, ആദ്യമായാണ് ഇവിടെ എത്തിയത്. എന്റെ ബ്ലോഗില്‍ എത്തിയതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ഈ ലേഖനം വളരെ ഇഷ്ടമായി, കാരണം ഇത് ഞങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതാണ്. രണ്ടുപേരുടെയും അമ്മമാര്‍ക്ക് വീട് വിട്ടു നില്‍ക്കാന്‍ പറ്റില്ല. ഒന്നോ രണ്ടോ മാസം കടിച്ചു പിടിച്ചു നില്കാമെന്നല്ലാതെ സ്ഥിരമായൊരു പറിച്ചു നടല്‍ വയ്യ തന്നെ.വീടും,അയല്‍ക്കാരും,വിളക്കും,അമ്പലവും ഒക്കെ വിട്ടു.... സ്നേഹം ഇല്ലഞ്ഞിട്ടല്ല...,അവരെ കൊണ്ട് കഴിയാഞ്ഞിട്ടാണ്. നമ്മള്‍ മക്കള്‍ക്കും ആഗ്രഹം ഉണ്ടെങ്ങിലും നാട്ടില്‍ നില്‍ക്കാന്‍ കഴിയുന്നില്ല.... ഫ്ലാറ്റും,ഇടുങ്ങിയ മുറികളും ,ശ്വാസം മുട്ടിക്കുന്ന തിരക്കും നമുക്കെ സഹിക്കാന്‍ പറ്റുന്നില്ല.എന്തിനു വെറുതെ പാവം ,വയസായ അവരുടെ സന്തോഷം കൂടി കൂടെ കൊണ്ട് വന്നു കെടുത്തുന്നു.. ലക്ഷിമെയടതിയോടു കുറച്ചു നാള്‍ നിന്നിട്ട് തിരികെ പോന്നോളാന്‍ പറയു :)

വീകെ said...

മിക്കവാറും അമ്മമാരും അഛന്മാരും ലക്ഷ്മിചേച്ചിയുടെ ചിന്ത തന്നെയാണ്.

ഇവിടെ ‘ലക്ഷ്മിയേടത്തി’യെപ്പോലുള്ളവർ മാത്രമായിരുന്നെങ്കിൽ.....!!
പക്ഷെ, രക്ഷകർത്താക്കളുടെ മുതൽ തട്ടിപ്പറിക്കാൻ നിൽക്കാത്ത മക്കളും ഉണ്ടായിരുന്നെങ്കിൽ.....!!

എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ ഈ വരച്ചുകാട്ടൽ...

OAB/ഒഎബി said...

ആ ഏടത്തിക്ക് ഇങ്ങനെ കഴിയുന്നതില്‍ സന്തോഷമേ കാണൂ.

എന്നാല്‍ ചില നാട്ടുകാരായ മൊരടന്മാര്‍ പറഞ്ഞുണ്ടാക്കും
"ആ പാവം തള്ളേനെ ഒറ്റക്കിട്ട്......"

കുറിപ്പ് നന്നായി ട്ടൊ.

റീനി said...

പുഴ എപ്പോഴും ഒരു ദിശയിലേക്കല്ലെ ഒഴുകു. എന്നാലും വെള്ളം ചുറ്റും പരക്കാതിരിക്കില്ലല്ലോ!

ഹംസ said...

ലക്ഷ്മിയേടത്തിയെ കുരിച്ച് വായിച്ചപ്പോള്‍ അവര്‍ ഭാഗ്യമുള്ള അമ്മയെന്ന് തന്നെ തോന്നി.. തന്‍റെ ഇഷ്ടത്തിനനുസരിച്ചൊരു ജീവിതം തിരഞ്ഞെടുക്കുന്നതിനു അവര്‍ക്ക് കഴിയുന്നു.. ....

ചില മക്കള്‍ അമ്മമാരെ കൂടെ കൊണ്ട് പോവും അത് നാട്ടുകാര്‍ എന്തു പറയും എന്ന് ചിന്തിച്ചായിരിക്കും എന്നു മാത്രം ... ഇവിടെ മക്കള്‍ സ്നേഹപൂര്‍വ്വം തന്നെ അമ്മയെ വിളിക്കുന്നു ... നല്ല മക്കള്‍ തന്നെ

poor-me/പാവം-ഞാന്‍ said...

ലക്ഷ്മിയേടത്തി നല്ലൊരു കുക്കറും കൂടിയാണേ.
You told she got no pressure, then how will she work?!!!
I am a fan of lakskmiyedaththi..
Let me form an fans' association

poor-me/പാവം-ഞാന്‍ said...

a fans"

കുഞ്ഞായി | kunjai said...

എഴുത്തുകാരി:ഇങ്ങനെയുള്ള അമ്മമാരെക്കുറിച്ച് കേള്‍ക്കാന്‍ കഴിയുന്നത് തന്നെ നല്ല കാര്യം.

എവിടെയാണെങ്കിലും അവര്‍ സന്തോഷത്തോടെ ഇരിക്കട്ടെ

ശ്രീ said...

ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍ ചേച്ചീ

കണ്ണനുണ്ണി said...

എനിക്കീ കഥ ഒരു ഓര്‍മ്മപെടുത്തലായി ആണ് തോനുന്നത് ചേച്ചി

Gopakumar V S (ഗോപന്‍ ) said...

നല്ല ഒരു പ്അരിചയപ്പെടുത്തലായി ചേച്ചീ...

പുതുവത്സരാശംസകള്‍

നികു കേച്ചേരി said...

എല്ലായിടത്തും എത്തിവരുന്നതേയുള്ളു..

ആ മരത്തിനടുത്ത് കാണുന്നത്..
ഹോസ്റ്റൽ അല്ലേ MTI !!!!!!!!

ജയരാജ്‌മുരുക്കുംപുഴ said...

maathruka aakkan pattiya jeevitham.... hridayam niranja puthu valsara aashamsakal....

lekshmi. lachu said...

കാലത്തിനൊപ്പം മാറാന്‍ നമുക്കും കഴിയണം. ഇതു പോലെ ഉള്ള കുടുംബങ്ങളും ഉണ്ടെന്ന് അറിയുന്നത് സന്തോഷം തന്നെ.

SUJITH KAYYUR said...

puthiya post idoo

ഹന്‍ല്ലലത്ത് Hanllalath said...

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇവിടെ എത്തിയത്.
പഴയ പലരും ബ്ലോഗിങ് നിറുത്തിയത് കണ്ടു വല്ലാത്ത വിഷമം തോന്നി.
ചേച്ചിയും എഴുതുന്നില്ല എന്നാണു കരുതിയിരുന്നത്. വന്നപ്പോള്‍ ബ്ലോഗ്‌ കണ്ടപ്പോള്‍ സന്തോഷം.. :)

ഈ കുറിപ്പില്‍ പറഞ്ഞതിനെപ്പറ്റി,
ഒറ്റ വായനയില്‍ ഒന്നുമില്ല..
രണ്ടാം വായനയില്‍ ഉണ്ടോ ?
ഉണ്ട്..
അച്ഛന്‍ അമ്മ
അല്ലെങ്കില്‍ ബന്ധങ്ങള്‍ കടപ്പാടുകള്‍ ഒക്കെ
'അറുപഴഞ്ചന്‍ സെന്റി ഡയലോഗുകള്‍ ' ആയി മാറിയ കാലത്ത്
അമ്മയെ പരിചരിക്കുക എന്നാ ലക്ഷ്യത്തോടെ കൂടെ വിളിക്കുന്നു എന്ന് കേട്ടാല്‍ സന്തോഷം
എന്നാല്‍ സ്ഥിരമായി അവിടെ നിന്നാല്‍ പരസ്പരം പൊരുത്തപ്പെട്ടു പോകാന്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകും.
അവിടെയാണ് അമ്മയ്ക്കും മക്കളെയും മക്കള്‍ക്ക്‌ അമ്മയെയും മടുക്കുന്നത്.
സ്വന്തം നാട്, പരിചയക്കാര്‍, ശീലങ്ങള്‍ ഇവയൊക്കെ പെട്ടെന്നൊരു ദിവസം
അതും ശീലങ്ങള്‍ മാറ്റാന്‍ കഴിയാത്ത പ്രായത്തില്‍ മാറ്റണം എന്ന് വന്നാല്‍ ഏത് മനുഷ്യനും മനപ്രയാസങ്ങള്‍ ഉണ്ടാകും
അതിന്റെ പ്രതിഫലനം ഉണ്ടാകുന്നതു കൂടെ ഉള്ളവരോടുള്ള പെരുമാറ്റത്തില്‍ ആയിരിക്കും.
ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ അവരുടെ തീരുമാനം ഏറ്റവും പക്വവും ബുദ്ധിപൂര്‍വ്വവും ആണെന്നാണ്‌ എന്റെ അഭിപ്രായം.
പരസ്പരം കുറ്റങ്ങള്‍ ഉണ്ടാക്കപ്പെടും മുമ്പേ,. മടുക്കും മുമ്പേ തിരിച്ചു നാട്ടിലേക്ക്,..
പുതുമ മാറാതെ മക്കളുടെ കൂടെയും...

ആ അമ്മയ്ക്ക് നന്മകള്‍ നേരുന്നു..

Echmukutty said...

ഇങ്ങനെയുള്ളവരും ഉണ്ട്.
കുറിപ്പ് വളരെ നന്നായി.
അഭിനന്ദനങ്ങൾ.

Typist | എഴുത്തുകാരി said...

സ്നേഹപൂർവ്വം ശ്യാമ,
വികെ,
ഒഎബി,
റീനി,
ഹംസ,
പാവം ഞാൻ,
കുഞ്ഞായി
ശ്രീ,
കണ്ണനുണ്ണി,
ഗോപൻ,

എല്ലാവർക്കും നന്ദി.

Typist | എഴുത്തുകാരി said...

nikukechery, അതെയല്ലോ, എങ്ങനെ കണ്ടുപിടിച്ചൂ?

jayarajmurukkumpuzha,
lekshmi,
സുജിത് കയ്യൂർ,
Hanllalath, അതെ, പഴയ കൂട്ടുകാർ പലരേയും ഇപ്പോൾ കാണുന്നില്ല.

Echmukutty,

ഈ ശാന്തമായ ജീവിതം കാണാൻ ഇവിടെ വന്ന എല്ലാവർക്കും നന്ദി.

മുബാറക്ക് വാഴക്കാട് said...

adipoli....
congrats..........
ഈ എഴുത്തുകാരിയുടെ തൂലികക്കു ദീ൪ഘായുസ്സ് നേരുന്നു...