Thursday, August 28, 2008

ഇതെന്തുപറ്റി എന്റെ കാലിനു്???

ഇതിപ്പോ ഒന്നര കൊല്ലത്തിനുള്ളില്‍ മൂന്നാം തവണയാണ് എന്റെ കാല് പണിമുടക്കുന്നതു്. എല്ലാം ഇടത്തേ കാലിനു്. എന്തായാലും പരുക്കിന്റെ കട്ടി കുറഞ്ഞു വരുന്നുണ്ട്‌.ആദ്യത്തെ പ്രാവശ്യം എല്ല്‌ ഒടിഞ്ഞു.മൂന്നാഴ്ചക്കാലം പ്ലാസ്റ്ററൊക്കെയിട്ടു് ആഘോഷമായിട്ടാഘോഷിച്ചു.(അതു ഞാന്‍ ബൂലോഗരെയെല്ലാം അറിയിച്ചിരുന്നു - ഇവിടെ). രണ്ടാം വട്ടം , ഒടിഞ്ഞില്ല, അതിനു തൊട്ടു താഴെ, (അതാരേയും അറിയിച്ചില്ല), ഇതിപ്പോ വീണ്ടും. ഒന്നു തെറ്റിയാല്‍ മൂന്നു് എന്നല്ലേ, അതുകൊണ്ട്‌ ഇതോടെ തീരുമായിരിക്കും.

പതിവുപോലെ സുന്ദരമായ പ്രഭാതം. അല്ലെങ്കിലും പ്രഭാതം എന്നാ സുന്ദരമല്ലാത്തതു്! പ്രത്യേകിച്ചു ചിങ്ങത്തിലെ പുലരികളാവുമ്പോള്‍. അത്തം ദാ, ഇങ്ങെത്തിക്കഴിഞ്ഞു. എന്തോ ഓണം എനിക്കെപ്പഴും ഒരു സന്തോഷം തന്നെയാണ്. എല്ലാരും പറയും, “ഇപ്പഴെന്തു ഓണം, ഒന്നൂല്യ. അന്നൊക്കെ എത്ര ദിവസം മുന്‍പു ഒരുക്കി തുടങ്ങണം. കായ വറുക്കണം, തൃക്കാക്കരയപ്പനുണ്ടാക്കണം. ഇപ്പോ അതു വല്ലതൂണ്ടോ, എല്ലാം റെഡിമൈഡ് അല്ലേ? അന്നു് കുട്ട്യോള്‍ക്കൊക്കെ ഓണത്തിനാ ഒരു കോടി ഉടുപ്പു കിട്ടുന്നതു്. ഇപ്പഴത്തെ കുട്ട്യോള്‍ക്കു് പുതിയ ഉടുപ്പിനുണ്ടോ ക്ഷാമം”
അങ്ങിനെ അങ്ങിനെ പോവും.

ഈ പറഞ്ഞതൊക്കെ ശരിയാണു്. എന്നാലും എനിക്കു സന്തോഷമാണ് ഓണക്കാലം. മനസ്സിന്റെ ഒരു തോന്നലാവാം. എല്ലാത്തിനും ഒരു ചന്തം വന്നപോലെ. അത്തമിങ്ങെത്തി കഴിഞ്ഞു, ഇനി നാലഞ്ചു നാള്‍ മാത്രം.

അല്ലാ, ഞാന്‍ ഇതെവിടെ എത്തി. പറയാന്‍ വന്നതു് ഇതൊന്നുമല്ലല്ലോ. പറയാം പറയാം. അങ്ങിനെ സുന്ദരമായ പ്രഭാതങ്ങളെ ഇഷ്ടപ്പെടുന്ന ഞാന്‍ മോഹിക്കാറുണ്ട്‌ എന്റെ സിറ്റ് ഔട്ടില്‍ വെറുതെ ഇരിക്കാന്‍, എന്റെ തോട്ടത്തിലെ പൂക്കളെ കാണാന്‍, കിളികളെ കാണാന്‍ ,പുഴയില്‍ കുളിക്കാന്‍ പോകുന്നവരെ , അമ്പലത്തില്‍ തൊഴാന്‍ പോകുന്നവരെ (ഇതു രണ്ടും എന്റെ വീടിനടുത്താണ്)കാണാന്‍. പക്ഷേ എവിടെ? ഗേറ്റ് തുറക്കാന്‍ പോകുമ്പോള്‍, അല്ലെങ്കില്‍‍ പത്രം എടുക്കാന്‍ പോകുമ്പോള്‍, പുതുതായി വിരിഞ്ഞ പൂക്കളെ ഒരൊറ്റ നോട്ടം, ഇതോടെ തീരും പ്രഭാത ദര്‍ശനം. രാവിലെ നേരത്ത്‌ മുറ്റത്തു കറങ്ങാന്‍ എവിടെ നേരം. പണികള്‍ അങ്ങിനെ വരി വരിയാ‍യി ക്യൂ നില്‍ക്കയല്ലേ?

ഇനി കാര്യത്തിലേക്കു്. ഇന്നു് മുകളില്‍ പറഞ്ഞ എന്റെ പ്രിയപ്പെട്ട കാഴ്ച്ചകളൊക്കെ കണ്ടു ഞാന്‍. എങ്ങിനെ എന്നല്ലേ.

ഒരിത്തിരി സമയം കിട്ടിയാല്‍ ഞാന്‍‍ ഒന്നുകില്‍ എന്റെ തോട്ടത്തില്‍ അല്ലെങ്കില്‍ പറമ്പിലേക്കിറങ്ങും.(എല്ലാം നിങ്ങളെ കാണിച്ചിട്ടുണ്ടല്ലോ പൂക്കളേയും, കപ്പയേയും, കാന്താരിമുള‍കിനേയുമൊക്കെ). നാളെ ഞാന്‍ ഭാര്യയേയും കൂട്ടി വന്നു് പണി കഴിക്കാം, ഓണായില്ലേ, മുറ്റത്തെ പുല്ല്‌ ചെത്തണം, പറമ്പൊന്നു വൃത്തിയാക്കണം എന്നൊക്കെ പറഞ്ഞ് 100 രൂപയും വാങ്ങി പോയ തങ്കപ്പനെ പിന്നെ ഈ വഴിക്കു കണ്ടിട്ടില്ല. തങ്കപ്പനില്ലെങ്കിലെനിക്കു പുല്ലാ! ഞാന്‍ പോരേ ഇതിനൊക്കെ എന്ന മട്ടില്‍, വല്യ പണിക്കാരിയാണെന്ന ഭാവത്തില്‍ ഇറങ്ങി വെട്ടുകത്തിയും കൈക്കോട്ടുമായി. ഇതു കഴിഞ്ഞിട്ടു വേണം എല്ലാരോടും പറയാന്‍, ഞാനാ എന്റെ പറമ്പു മുഴുവന്‍ വൃത്തിയാക്കിയത്, എന്നൊക്കെ മനോരാജ്യം കണ്ടുകൊണ്ട്‌ ചെടികള്‍ വെട്ടുന്നു, വൃത്തിയാക്കുന്നു, അങ്ങിനെ മുന്നേറിക്കൊണ്ടിരിക്കുന്നു. വെട്ടിയിട്ട ഒരു മരത്തിന്റെ (മരമൊന്നുമല്ല, വല്യ ചെടി) ചില്ലകള്‍ കുനിഞ്ഞു നിന്നു വെട്ടി മാറ്റുകയാണ്.

പിന്നെ ഒരു നിമിഷം ഞാന്‍ നോക്കിയപ്പോള്‍, ആഞ്ഞു വെട്ടിയതു് മരത്തിലല്ലാ, എന്റെ കാലില്‍ തന്നെയാണ്. ചോര പ്രളയം. ഒരു കഷണം അടര്‍ന്നു നില്‍ക്കുന്നു. വലിയ വിരലിന്റെ നഖത്തിന്റേയും വിരലിന്റേയും ജോയിന്റില്‍ തന്നെ. അതുകൊണ്ട്‌ സ്റ്റിച്ച് ഇടാന്‍ പോലും വയ്യ. എങ്ങിനെ ഇത്ര കൃത്യമായിട്ടൊപ്പിച്ചെടുത്തു എന്നാ ഡോക്റ്ററുടെ ചോദ്യം. എല്ലാം കൂടി ഒതുക്കി കെട്ടിവച്ചു. വേദനയും സഹിച്ചു ഈ പാവം ഞാന്‍ (ഇപ്പോ വേദനയൊന്നും ഇല്യാട്ടോ).


ഉടനേ കിച്ചന്‍ ആന്‍ഡ് അതര്‍ വര്‍ക്സ്, ഹാന്‍ഡ് ഓവര്‍ ചെയ്യപ്പെട്ടു. ഓടിനടന്നു പണിയെടുത്ത് കാല് അവിടേം ഇവിടേം തട്ടിയാല്‍ ‍പ്രശ്നായല്ലോ, സൂക്ഷിച്ചിരിക്ക്യല്ലേ നല്ലതു്? ഓണല്ലേ വരണതു്.

ചുരുക്കത്തില്‍ ഒരു മൂന്നു നാലു ദിവസത്തെ പ്രഭാത ദര്‍ശനം തര‍പ്പെട്ടൂന്നു പറഞ്ഞാല്‍ മതിയല്ലോ.രാവിലെ സിറ്റ് ഔട്ടില്‍ വന്നിരിക്കാം. ചായ അവിടെ കൊണ്ടു തരും.വല്യ വേദനയൊന്നൂല്യ, എന്നാലും ഉള്ളപോലെയൊക്കെ ഭാവിച്ചു ഞാന്‍ സുഖമായിട്ടവിടെ ഇരിക്കും. എന്റെ ഓട്ടം കണ്ടിട്ടു് ദൈവം തന്ന ഒരു കമ്പല്‍സറി റെസ്റ്റ് ആണോ എന്തോ!


എഴുത്തുകാരി.

വാല്‍ക്കഷണം - ഇന്നലെ എന്നെ കാണാന്‍ വന്ന ഒരു സുഹൃത്തിന്റെ മകന്‍ പറഞ്ഞതു് “ഇപ്പഴും ഈ കാലില്‍ തന്നെയാ, ഇടക്കൊരു ചൈഞ്ചു് ഒക്കെ ആവാട്ടോ” എന്നു്.

Thursday, August 14, 2008

ഞാനും പോയി ഒരു യാത്ര

ബ്ലോഗിലെ യാത്രാവിവരണത്തിനു് സമ്മാനം കിട്ടിക്കൊണ്ടിരിക്കുന്ന കാലമല്ലേ(അടിക്കുറിപ്പു് നോക്കുക), എന്നാല്‍ ഞാനും എഴുതിയേക്കാം ഒരെണ്ണം എന്നു വച്ചു. പക്ഷേ യാത്ര പോകാതെ എങ്ങിനെ വിവരണം ഒപ്പിക്കും?

ഞാനും പുറപ്പെട്ടു. ആരുമാലോചിച്ചു ബുദ്ധിമുട്ടണ്ട, ആന്‍ഡമാനിലേക്കോ, ആഫ്രിക്കയിലേക്കോ ഒന്നുമല്ല. വെറുതെ നെല്ലായി മുതല്‍ തൃശ്ശൂരു വരെ. (എന്താ അതു യാത്രയല്ലേ!!)


അദ്ധ്യായം ഒന്നു്:
-----------

നെല്ലായില്‍ നിന്നു് ഒരു KSRTC ശകടത്തില്‍ കയറുന്നു. ഭാഗ്യവശാല്‍ ഒരു സീറ്റും കിട്ടി. രണ്ടു സ്റ്റോപ്പ് അപ്പുറ്ത്തു നന്തിക്കരയില്‍നിന്നും ഒരു വല്യപ്പനും വല്യമ്മയും കയറി. അവരും ഇരുന്നു. കുറുമാലിയില്‍നിന്നു് വേറൊരു ചേച്ചിയും കയറി. ഇപ്പോള്‍ കഥാപാത്രങ്ങളെല്ലാം രംഗപ്രവേശം ചെയ്തുകഴിഞ്ഞു.( ഇനിയും പലരും കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്‌. അവരൊന്നും നമ്മുടെ കഥേടെ നാ‍ലയലത്തു വരില്ല). അവര്‍ പരിചയക്കാരാണ്. സന്തോഷമായി രണ്ടു കൂട്ടര്‍ക്കും. ഭാണ്‍ഡക്കെട്ടഴിച്ചു, വര്‍ത്തമാനത്തിന്റെ. വല്യമ്മ ചേച്ചിയോട്‌ - നീ എവിടക്കാ?
ചേച്ചി - തൃശ്ശൂര്‍ക്കാ
വല്യമ്മ - എന്താ വിശേഷിച്ചു?
ചേച്ചി - ഏയ് വെറുതെ
വല്യമ്മ - വെറുതെയാ?
ചേച്ചി - ആ.
വല്യമ്മ - ഇതെന്നു തുടങ്ങി? (എന്നു വച്ചാല്‍ വെറുതെ തൃശ്ശൂര്‍ക്കു പോക്കു എന്നു തുടങ്ങി എന്നു സാരം)
ചേച്ചി - ചിരി മാത്രം. മറുപടിയില്ല.

പിന്നെ കുറേ വിശേഷങ്ങള്‍ എക്സ്ചേന്‍ജ്ജ് ചെയ്തു. എന്നിട്ടും തൃശ്ശൂരെത്തുന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ചേച്ചി വല്യമ്മയോട് - അമ്മാമ്മ എവിടെപ്പോയിട്ടാ.
വല്യമ്മ പറഞ്ഞു (വല്യമ്മ ആരാ മോള്!) ദാ‍, ഇവട വരെ. ഞങ്ങളെ നോക്കി കണ്ണിറുക്കി ഒരു ചിരിയും. എന്നിട്ടു കൂട്ടിചേര്‍ത്തു ‘അങ്ങ്നനെയായാ പറ്റ്വോ.

എങ്ങിനേണ്ട്, എങ്ങിനേണ്ട് (ഇന്നസന്റ് സ്റ്റൈലില്‍ വായിക്കണം!)

അദ്ധ്യായം രണ്ട്‌:
-----------

തൃശ്ശൂരെത്തി. ബ്രൈറ്റ് ലൈറ്റിന്റെ ഒരു ടോര്‍ച്ച് കത്തുന്നില്ല.പോസ്റ്റ് ഓഫീസ് റോഡില്‍ അതു നന്നാക്കുന്ന ഒരു കടയുണ്ടെന്നു് എന്റെ സുഹൃത്തു പറഞ്ഞിരുന്നു. അവിടെ പോയപ്പോള്‍ അവര്‍ പറഞ്ഞു നന്നാക്കി തരാം. ടോര്‍ച്ച് നോക്കി. പിന്നെ പറഞ്ഞു, അല്ലെങ്കില്‍ വേണ്ടാ, കുറച്ചുകൂടി പോയിട്ടു വേറൊരു കടയുണ്ട്‌. അവിടെ കൊടുത്താല്‍ നിസ്സാര കാശു മതി, അവര്‍ വീട്ടിലെത്തിച്ചു തരും. ആ കടയിലേക്കുള്ള വഴി പറഞ്ഞുതന്നു. നേരെ പോണം. എന്നിട്ട് ആദ്യത്തെ വലത്തേക്കുള്ള റോഡ്. അങ്ങോട്ടു പോവരുതു്. അവിടെ വട്ടത്തിലൊരു കെട്ടിടം കാണും. “കാളിന്ദി” ന്നാണ് കടേടെ പേരു്. എന്നോടു ചോദിച്ചു, കട മനസ്സിലായോന്നു്. ഞാന്‍ കണ്ടുപിടിച്ചോളാമെന്നു പറഞ്ഞു നടന്നു തുടങ്ങിയപ്പോള്‍ ആ കടയിലെ ഒരു ജോലിക്കാരന്‍ (എന്നു തോന്നുന്നു) പറഞ്ഞു. ഞാന്‍ ആ വഴി പോകുന്നുണ്ട്‌, ഞാന്‍ കാണിച്ചു തരാമെന്നു്. ഞാന്‍ അയാളുടെ പിന്നാലെ പോയി. അപാര സ്പീഡായിരുന്നു ചേട്ടനു്, ഒപ്പമെത്താന്‍ ഞാന്‍ ബുദ്ധിമുട്ടി.

അദ്ധ്യായം മൂന്നു്:
-----------

വട്ടത്തിലുള്ള കെട്ടിടം വന്നു. അവിടെയുണ്ട് “കാളിന്ദി”. എന്റെ മാര്‍ഗ്ഗദര്‍ശി അവരോടു വിളിച്ചു പറഞ്ഞിട്ടാ പോയതു്, ദാ ഒരാളു വന്നിരിക്കുന്നു. (അതു് ബ്രൈറ്റ്ലൈറ്റിന്റെ കളക്ഷന്‍ സെന്റര്‍ ആയിരിക്കണം) ടോര്‍ച്ച് വാങ്ങി, ചാര്‍ജ്ജര്‍ വാങ്ങി, എന്റെ അഡ്രസ്സും ഫോണ്‍ നമ്പറുമെല്ലാം എഴുതിവാങ്ങി. കടയുടമസ്ഥനാണോന്നറിയില്ലാ, നോക്കട്ടെ എന്നു പറഞ്ഞു അതും കൊണ്ടുപോയി. ഇത്തിരി കഴിഞ്ഞു കത്തുന്ന ടോര്‍ച്ചുമായി പുറത്തേക്കു വന്നു. എന്തോ നിസ്സാര കേസായിരുന്നു. അവര്‍ക്കു തന്നെ ശരിയാക്കാവുന്നതു്. ഒരു മിനിമം 100 രൂപയെങ്കിലും ആ വഴിക്കു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എത്രയായി എന്നു ചോദിച്ചപ്പോള്‍ ഏയ്, ഒന്നും വേണ്ട എന്നു പറഞ്ഞു. ഒരു 25-50 ഒക്കെ സുഖമായിട്ടു വാങ്ങാമായിരുന്നു.

അദ്ധ്യായം 4:
---------

ഇനി അടുത്ത യാത്ര ഒരു ഹോസ്പിറ്റലിലേക്കു്. ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്കു ഒരു പെന്‍ ഹോസ്പിറ്റല്‍ ഉണ്ട്‌. ഒരുമാതിരിപെട്ട പേന രോഗങ്ങള്‍ക്കെല്ലാം ചികിത്സ അവിടെ കിട്ടും. ഹൃദയം, കരള്‍ എന്നുവേണ്ട, കിഡ്നി വരെ മാറ്റിവക്കാനുള്ള സംവിധാനങ്ങളുണ്ട്‌. സ്പെയര്‍ പാ‍ര്‍ട്സിനും മറ്റെവിടേയും പോണ്ട. ഞാനും കൊണ്ടുപോയി 5-6 രോഗികളെ. ജലദോഷപ്പനി മുതല്‍ മാറാരോഗം എന്നു ഞാന്‍ കരുതിയിരുന്നതു വരെ. കിടത്തി ചികിത്സ വേണ്ടവര്‍ക്കു അതുമാവാം. അവിടെ ഏല്പിച്ചു പോരാം.ഡോക്റ്റര്‍ പറയുന്ന ദിവസം പോയാല്‍ കൊണ്ടുപോരാം.ഒരുപാടുകാലമായിട്ടു ആ ഒറ്റ ഡോക്ടറേയുള്ളൂ അവിടെ. പേന മെഡിക്കല്‍ കോളേജില്‍ സീറ്റു കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണൊ എന്തോ പുതിയ ആരും വന്നിട്ടില്ല. തീരെ കത്തിയല്ല, 5 പേനക്കും കൂടി 25 രൂപയേ ആയുള്ളൂ.

മടക്കയാത്ര:
---------
വേറെയും ഒന്നു രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു സ്വപ്നേടെ അടുത്തുള്ള സ്റ്റോപ്പില്‍ ചാലക്കുടി ബസ്സില്‍ കയറി ഇരുന്നു. പ്രിയപ്പെട്ട സൈഡ് സീറ്റില്‍. കാഴ്ച്ചയൊക്കെ കണ്ടു പോവാല്ലോ. പോലീസിന്റെ അനൌണ്‍സ്മെന്റ് -‘റൌണ്ടില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ ഉടനേ മാറ്റേണ്ടതാണ്. തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേയിരുന്നു. കുറച്ചു പോലീസുകാരേയും കണ്ടു. ഞാന്‍ ഇവിടെ വന്നപ്പോള്‍ ഇവിടേം ബോംബു ഭീഷണീയായോ എന്റെ വടക്കുന്നാഥാ എന്നു വിളിച്ചുപോയി. ചായ കുടിക്കാന്‍ പോയ ഡ്രൈവര്‍ ഓടി വന്നു, ഡബിള്‍ ബെല്ലു കിട്ടി. അങ്ങിനെ എന്റെ മടക്കയാത്രയും തുടങ്ങി.(എന്തിനായിരുന്നു ആ പോലീസ് അനൌണ്‍‍സ്മെന്റു് എന്നിപ്പഴും മനസ്സിലായിട്ടില്ല).

കലക്കീല്ലേ യാത്രാവിവരണം? സമ്മാനം തരണമെന്നുള്ളവര്‍ മടിക്കാതെ കടന്നു വരൂ.


എഴുത്തുകാരി.

അടിക്കുറിപ്പ് : നമ്മുടെ നിരക്ഷരന്‍ജിക്കും പ്രിയ ഉണ്ണികൃഷ്ണനും World Malayalee Council സംഘടിപ്പിച്ച യാത്രാവിവരണ ബോഗ് മത്സരത്തില്‍ സമ്മാന്നം കിട്ടിയിരിക്കുന്നു. അതില്‍ നിന്നു് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയതാണേയ്.

Tuesday, August 5, 2008

സ്മാരകശിലകള്‍

എപ്പഴും തൃശ്ശൂര്‍ക്കു പോകുമ്പോള്‍ ശ്രദ്ധിക്കാറുള്ളതാ ഇതു്. ഈ ചിത്രത്തിന്റെ കൌതുകം കൊണ്ടാ, നിങ്ങളേക്കൂടി കാണിക്കാം എന്നു വച്ചതു്. പക്ഷേ നമ്മള്‍ കാണാന്‍ മറന്നു പോകുന്ന ഒന്നുകൂടി ഉണ്ടിതില്‍-നാമാവശേഷമായി-
കൊണ്ടിരിക്കുന്ന ഓട്ടുകമ്പനികള്‍.

"നെല്ലായില്‍നിന്നും (ചാലക്കുടീന്നോ,കൊടകരേന്നോ ആയാലും മതീട്ടോ)തൃശ്ശൂര്‍ക്കു പോകുമ്പോള്‍ ആമ്പല്ലൂര്‍ ജങ്ങ്ഷനില്‍ വലത്തുഭാഗത്തു് മുകളിലേക്കു നോക്കിയാല്‍ എന്നെ കാണാം"


"ഹാവൂ, മനുഷ്യന്റെ കോടാലി ഇവിടെത്തില്ലല്ലോ, ആകാശം കൈയെത്തി പിടിക്കാമോന്നു നോക്കട്ടെ."

നന്തിക്കര, കുറുമാലി, മണലി ഭാഗങ്ങളായിരുന്നു ഓട്ടുകമ്പനികളുടെ കേന്ദ്രം. ഒരുപാടു് ഉണ്ടായിരുന്നു.ബസ്സില്‍ പോകുമ്പോള്‍ രസകരമായ കാഴ്ചയായിരുന്നു, ഇതിന്റെ പുകക്കുഴല്‍ കാണുന്നതും, എണ്ണുന്നതും.ഇപ്പോള്‍ രണ്ടോ മൂന്നോ കാണുമായിരിക്കും.ബാക്കി എല്ലാം പോയി. അതൊക്കെ എവിടെപോയി, എങ്ങിനെ പോയി ,എന്തുകൊണ്ട്‌ ഇല്ലാതായി എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല. ഇപ്പോള്‍ ഒന്നോ രണ്ടോ ബാക്കിയുണ്ട്‌. എന്നാ അതും ഇല്ലാതാവുന്നതെന്നറിയില്ല.

എഴുത്തുകാരി.