Monday, July 27, 2009

ടു ചെറായി

കുളിയും തേവാരവുമെല്ലാം കഴിഞ്ഞിറങ്ങിയപ്പോള്‍:  മണി 6.30.  ഏതെങ്കിലും ആലുവ ഫാസ്റ്റ് കിട്ടി വേഗത്തിലെത്താമല്ലോന്നു വച്ചു് ഒന്നു ചാലക്കുടി കൊണ്ടുവിടാനൊരു റിക്വസ്റ്റ് വച്ചുനോക്കി.ഞാ‍യറാഴ്ച 7 മണിവരെയുള്ള ഉറക്കം കളഞ്ഞതില്‍ മൊത്തം ബ്ലോഗേഴ്സിനെ ശപിച്ചുകൊണ്ടാവും എഴുന്നേറ്റുവന്നതു്.  ചാലക്കുടി വരെ പോകാന്‍ സമയമില്ല.  ഇന്നാണു് ആ മഹത്തായ സുദിനം, തെങ്ങുകേറ്റം, മൂന്നാലുമാസങ്ങള്‍ക്കുശേഷം. ഇനി ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും, മുകുന്ദന്റെ ഡേറ്റ് മിസ്സാക്കാന്‍ വയ്യ. ശരി, വേണ്ട. ഒരു കോമ്പ്രമൈസില്‍ അവസാനം കൊടകര വരെ എത്തിക്കിട്ടി.

കൊടകര - ചാലക്കുടി - ആലുവ - പറവൂറ്. അങ്ങിനെ പറവൂരു വരെയെത്തി.  ഭംഗിയായിട്ടു ചേറായി‍ എന്നെഴുതിയ ബസ്സില്‍ കയറി സുഖമായിട്ടിരുന്നു. (ആലുവ മുതല്‍  പറവൂരു വരെ ഒറ്റ നില്പായിരുന്നു) .കണ്‍‍ഡക്റ്ററോട് പറഞ്ഞു, രണ്ടു ചെറായി ദേവസ്വം. ഇതു രാവിലെ കുറ്റീം പറിച്ചെവിടന്നു വന്നെടാ എന്ന  മട്ടിലൊരു നോട്ടം. അതു ചെറായി പോവില്ലതേ. ബോര്‍ഡ് മാറ്റി വക്കാന്‍ മറന്നതാ. അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിട്ടു. ഭാഗ്യം, വന്ന വഴിക്കുള്ള കാശ് തരാന്‍ പറയാത്തതു്.

വീണ്ടുമൊരു ബസ്സ്. കണ്‍‍ഡക്റ്റര്‍, കിളി, ചുറ്റുമുള്ള യാത്രക്കാറ് എല്ലാരോടും പറഞ്ഞുവച്ചു, ദേവസ്വം നട ആവുമ്പോഴൊന്നു പറയണേ. സ്ഥലമെത്തിയപ്പോള്‍, എല്ലാരും കൂടിയൊരു കോറസ്സ്, ദേവസ്വം നട, ദേവസ്വം നട.

അവിടെ നിന്നൊരു ഓട്ടോ.. ചുരുക്കത്തില്‍,രണ്ടര മണിക്കൂറില്‍  ഒരു കാര്‍, 5 ബസ്സ്, ഒരു ഓട്ടോ ഇത്രയും വാഹനങ്ങളില്‍ കയറിയിറങ്ങി, അമരാവതിയിലെത്തി, അതിരുകളില്ലാത്തെ സൌഹൃദത്തിന്റെ നേര്‍ക്കഴ്ച്ചയിലേക്കു്.

മുകളിലെത്തിയപ്പോള്‍ കുറച്ചുപേരൊക്കെ അവിടെയുണ്ട്. ആദ്യം കണ്ടതു് വാഴക്കോടന്‍ (ഒരു ചെറിയ മനുഷ്യന്‍. ഇയാളാണോ എന്റീശ്വരാ, ബൂലോഗത്തെ ഒറ്റ കുഞ്ഞിനെ വെറുതെ വിടാതെ ഈ വിക്രിയകളൊക്കെ ഒപ്പിക്കുന്നതു്!), ശുഭ്രവസ്ത്രധാരിയായി ഞാനൊരു പാവമാണേ എന്ന ഭാവത്തില്‍ പാവപ്പെട്ടവന്‍ (ഭാവാഭിനയം തീരെ മോശം, പാവപ്പെട്ടവനാണെന്നു കണ്ടാലും തോന്നും), അരീക്കോടന്‍ മാഷ് (കൃത്യമായി ഒരു മാഷ്ക്കു യോജിച്ച രൂപവും ഭാവവും), പോങ്ങൂസ് (സങ്കല്പത്തിലെ രൂപത്തിനൊപ്പമെത്താന്‍ കഴിഞ്ഞില്ല), ഡോക്റ്റര്‍ (കണ്ടാലേ അറിയാം ആളൊരു പാവമാണെന്നു്). പിന്നെ വളരെ ഡീസന്റായ സ്ത്രീജനങ്ങള്‍. നാസ്, ബിന്ദു (രണ്ടുപേരേയും കണ്ടപ്പഴേ മനസ്സിലായി), പിരിക്കുട്ടി (മനസ്സില്‍ മറ്റൊരു രൂപമായിരുന്നു), വാഴക്കോടി, അരീക്കോടി തുടങ്ങിയവരും.

ആരേയും ആദ്യമായിട്ടു കാണുന്ന ഒരു തോന്നലുമില്ല. എല്ലാരും എന്നും കാണുന്ന സുഹൃത്തുക്കളേപ്പോലെ..കാമറ കഴുത്തില്‍ കെട്ടിത്തൂക്കിയ ഹരീഷിനെ കണ്ടപ്പോഴെല്ലാര്‍ക്കുമൊരു നിരാശ. ( ഓ ഇതാണോ ഭീകരന്‍ ഹരീഷ്., പോരാ തീരെ പോരാ).

സമയം 9.30 ആയി. Registration  തുടങ്ങി. കൂടെ ചായയും വിത്ത്, ബിസ്കറ്റ്, ചക്കപ്പഴം  ആന്‍ഡ് ചക്ക അപ്പം (പാവം ലതി രാത്രി  മുഴുവനിരുന്നുണ്ടാക്കിയതു്).ഞാന്‍ നോക്കുമ്പോള്‍ ചിലരൊക്കെ പന്തലിനുള്ളിലേക്കു പോകുന്നില്ല. അവിടെത്തന്നെ നിന്നു ചുറ്റിക്കറങ്ങുന്നു. എനിക്കു കാര്യം പിടികിട്ടി. ഞാനും ഉണ്ടായിരുന്നു അവിടെയൊക്കെ തന്നെ.   രാവിലെ 6 മണിക്കൊരു ചായ കുടിച്ചതാണേയ്. (നിബന്ധനകളില്‍ പ്രത്യേകിച്ചൊരു കാര്യം പറഞ്ഞിരുന്നു - പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല, എല്ലാവരും കഴിച്ചിട്ടുവരണം.  ഇത്‌   നാട്ടുകാരന്റെ കുത്തിത്തിരിപ്പാണെന്നും എനിക്കിട്ടാണെന്നും ബലമായി സംശയിക്കുന്നു.- സ്മൈലി  ഉണ്ട്ട്ടോ.)

ഇനിയുള്ള ചരിത്രം എല്ലാവരുടേയും കൂടിയുള്ള ചരിത്രമാണ്. അതു് മറ്റാരെങ്കിലുമൊക്കെ പറയും. ഇപ്പോള്‍ 10 മണിവരെ ആയിട്ടുള്ളൂ. ഇനി മൂന്നു മണി ആവണമെങ്കില്‍, ഒരു മെഗാ ഖണ്ഡശ്ശ പോസ്റ്റ് വേണ്ടിവരും.‍ അതുകൊണ്ട് സഖാക്കളെ, ഞാനിനി ദീര്‍ഘിപ്പിക്കുന്നില്ല.

കുറച്ചു പടങ്ങളും കൂടിയില്ലാതെന്തു യാത്ര, എന്തു വിവരണം?

P7260008

പോകുന്ന വഴിയില്‍. എന്താണെന്നു മനസ്സിലായില്ല.

P7260004

ശരിക്കും സുന്ദരിയല്ലേ ചെറായിയെന്ന ഈ ഞാന്‍!.

P7260020

വാക്കുകള്‍ അപ്രസക്തം!

P7260030

ഞങ്ങള്‍ തിരക്കിലാണ്....

P7260011

നിബന്ധനകള്‍ കര്‍ശനമായും പാലിക്കുക.

P7260036

മനസ്സിലായല്ലോ!

P7260038

ആര്‍ക്കിട്ടാണോ പാര പണിയുന്നതു്!

P7260063

ഞാനാണ് ‍‍‍ ഞാന്‍  തന്നെയാണ് ഇന്നത്തെ താരം! ക്യൂ  പാലിക്കുക.

P7260100

പട്ടം പറത്തുന്ന കുട്ടി..

P7260017

കണ്ടാലറിയില്ലേ തറവാടിയാണെന്നു്!

P7260021

ഇതാണ് അമരാവതി..

P7260022

റജിസ്റ്റ്രേഷനു ഡിസ്കൌണ്ട് ഉണ്ടോ ആവോ? ;)

P7260035

അവിടെ അവരെന്തോ ചെയ്യട്ടെ, നമുക്കു കളിക്കാം.

P7260040

ഇതൊരു ഗൂഡാലോചനയാണല്ലോ!

P7260104

അതിരുകളില്ലാതെ.......

എഴുത്തുകാരി.

Saturday, July 18, 2009

മഴയത്ത്, വെറുതെ....

തോരാതെ  പെയ്യുന്ന  മഴ.  ആകെ ഇരുട്ട്‌. കാറ്റുമുണ്ട്‌. കര്‍ക്കിടകത്തില്‍ കാക്ക പോലും പറക്കില്ലെന്നല്ലേ?  പാവം കാക്ക. ഈ മഴയത്തു് പറന്നിട്ടെന്തിനാ?

ആരും വന്നില്ല ഇന്നു്. സഹായിക്കാന്‍ വരുന്ന കൊച്ചുപെണ്ണു് പോലും.. എന്തു പറ്റിയോ എന്തോ? വരാതിരുന്നതും ഒരു കണക്കിനു് നന്നായി. കുറച്ചുനേരം ഇവിടെ ഇങ്ങിനെ ഒറ്റക്കിരിക്കാല്ലോ. ഒന്നും ചെയ്യാതെ മഴയും കണ്ട്‌ പൂമുഖത്തങ്ങിനെ വെറുതെ ഇരിക്കുക.

ഒരു കപ്പ് ചായയുമെടുത്തു് പൂമുഖത്തു വന്നിരുന്നു.  മഴയെന്നും ഇഷ്ടമായിരുന്നു.  മഴയുടെ ശബ്ദവും കേട്ട്, ചൂടുള്ള ചായയും ഊതിയൂതി കുടിച്ചു്. കയ്യിലൊരു പുസ്തകവും കാണും. ഇന്നു് പെട്ടെന്നു് കൈയില്‍ കിട്ടിയതു്   പെരുമ്പടവത്തിന്റെ  'ഒരു സങ്കീര്‍ത്തനം പോലെ' .

വായിക്കാന്‍ തോന്നിയില്ല. മഴ ലേശം തോര്‍ന്നിട്ടുണ്ട്. ഓട്ടിന്‍പുറത്തുനിന്നു് ഇറ്റുവീഴുന്ന വെള്ളത്തുള്ളികള്‍. മുറ്റത്തെ മരങ്ങള്‍ പെയ്തുകൊണ്ടേയിരിക്കുന്നു. പുഴ നിറഞ്ഞിട്ടുണ്ടാവും. പണ്ട് കുട്ടിക്കാലത്തു വൈകീട്ട്  സ്കൂളില്‍ നിന്നു വന്നാല്‍, ആദ്യം ഓടി ചെന്നു നോക്കുന്നതു് പുഴയാണ്.  എത്ര പടി കൂടി മുങ്ങി എന്നു്.  മലയില്‍ നിന്നു് ഒഴുകി വരുന്ന മരങ്ങള്‍ പിടിക്കാന്‍  കുറുകെ കയറ് കെട്ടി കാത്തിരിക്കുന്ന കുട്ടപ്പനും സംഘവും.. നല്ല ഒഴുക്കായിരിക്കും. ആ ഒഴുക്കിലും നീന്തുന്ന ചേട്ടന്മാര്‍.‍.കടവില്‍ വന്നു കേറണമെങ്കില്‍, അകലെ ചെന്നു് ചാടണം.

ഇന്നെന്തായാലും പുഴ നിറഞ്ഞിട്ടുണ്ടാവും, രണ്ടുമൂന്നു ദിവസമായില്ലേ നിര്‍ത്താതെ പെയ്യുന്നു.ഒന്നു പോയി നോക്കട്ടെ.

ഇതിലേ പോകാം..

ഒഴുകി ഒഴുകി ഇവിടെ വരെ എത്തി. നിക്കാന്‍ നേരമില്ല...

നിറഞ്ഞല്ലോ! ഇതു പെണ്ണുങ്ങള്‍ കുളിക്കുന്ന കടവു്..

നെല്ലായിലെത്തി. ഇനി ഒരു ലേശം വളഞ്ഞുപോണം...

ഇവരൊക്കെ മലയില്‍നിന്നേ എന്റെ കൂടെയുണ്ട്..

ഇതു ക്ഷേത്രക്കടവു്. രാവിലെ നോക്കുമ്പോള്‍ അഞ്ചു പടിയുണ്ടായിരുന്നു. ഈ പടികള്‍ എല്ലാം മുങ്ങിയാല്‍ പ്രളയം ആവുമത്രേ!

കരിങ്കല്ല്‌ കെട്ടിയ കടവാണിവിടെ, വെള്ളത്തിനടിയില്‍..

പേര് കുറുമാലി പുഴയെന്നാണെങ്കിലും,കുറുമാലി ഇനിയും എത്രയോ അകലെ!

യാത്രയാകുന്ന പുഴ, അമ്പലപ്പറമ്പില്‍ നിന്നുള്ള കാഴ്ച..

ഇനിയുമെത്രയോ ദൂരം, യാത്ര തുടരട്ടെ..


എഴുത്തുകാരി.

Friday, July 10, 2009

എന്റെ കഥ

തെളിഞ്ഞ പകല്‍. രാത്രി പെയ്ത മഴയില്‍ കുളിച്ചുനില്‍ക്കുന്ന പ്രകൃതി. രണ്ടുമൂന്നു ദിവസമായി പുറത്തുവരാതിരുന്ന സൂര്യന്‍ പതുക്കെ എത്തിനോക്കുന്നു. ചെറിയ ഒരു കാറ്റുമുണ്ട്‌. ആകപ്പാടെ ഒരു സുഖം.

എനിക്കിവിടെ നിന്നാല്‍ എല്ലാം കാണാം.  വെള്ളം നിറഞ്ഞൊഴുകുന്ന പുഴ, തലയെടുപ്പോടെ നില്‍ക്കുന്ന ക്ഷേത്രത്തിലെ കൊടിമരം, കുളിച്ചു തൊഴാന്‍ പോകുന്നവര്‍, അമ്പലമുറ്റത്ത്  ആ വെളുപ്പാന്‍ കാലത്തും, കര്‍ക്കിടകമാസത്തിലെ  പരിപാടികള്‍  എങ്ങനെ കേമമാക്കാം എന്നാലോചിക്കുന്ന അവൈലബിള്‍  കമ്മിറ്റി മെമ്പേഴ്സ് (കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കേമായില്ലെങ്കില്‍  പഴയ കമ്മിറ്റിക്കാരുടെ മുഖത്തു് എങ്ങിനെ നോക്കും പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?),  കിട്ടിയ ഇത്തിരി നേരം കൊണ്ട് നാട്ടുവിശേഷങ്ങള്‍ കൈമാറുന്നവര്‍/പരദൂഷണം പറയുന്നവര്‍.

അങ്ങനെ രാവിലത്തെ തിരക്കുകള്‍ കഴിഞ്ഞു് ഇടവഴിയൊന്നു ശാന്തമായി. കിളികളും അണ്ണാരക്കണ്ണന്മാരും എത്തിത്തുടങ്ങി.  ഇനി അവരുമായിട്ടാവാം അല്പം  കുശലം.

അല്ലാ, പരിചയമില്ലാത്ത ആരൊക്കെയോ വരുന്നുണ്ടല്ലോ. അവരിങ്ങോട്ടാണല്ലോ. എന്തിനാ എന്റടുത്തേക്കു് വരുന്നതു്? മഴു, വെട്ടുകത്തി, വാള്‍ ,  ഇത്യാദി മാരകായുധങ്ങളുമായിട്ടാണു് വരവു്. എനിക്കെന്തോ ഒരു പന്തികേട് തോന്നുന്നു. അതെ, അതു തന്നെ. ഇനി ഒന്നും പറയാനുള്ള ശേഷിയില്ലെനിക്കു്. ‍‍

P7040029

ദുഷ്ടന്മാര്‍, വാളിനും കത്തിക്കും മൂര്‍ച്ച കൂട്ടുന്നു.

  P7040042

ഒരു പേടിയുമില്ലേ ഇവനൊന്നും, കേറിവരുന്നതു കണ്ടില്ലേ?

P7040044

മാനം മുട്ടെ നില്‍ക്കുന്നു  എന്ന ഒരു അഹങ്കാരമായിരുന്നില്ലേ എനിക്കു്?

P7040047

എത്ര വര്‍ഷം  കൊണ്ട്‌ ഞാനുണ്ടാക്കിയെടുത്തതായിരുന്നു, ഇതൊക്കെ..

P7040054

ഒരു നിമിഷം കൊണ്ട് കഴിഞ്ഞില്ലേ......

P7040052

ഇനി ഇതുമാത്രമായിട്ടെന്തിനാ, വേണ്ടാ, ...............

P7040062

എല്ലാരും പോകുന്നു, ഈ ഞാനും പോകുന്നു........

P7040061

എങ്ങോട്ടെന്നറിയില്ലല്ലോ, യാത്ര എങ്ങോട്ടെന്നറിയില്ലല്ലോ.....

ഇല്ല, എനിക്കു് സങ്കടമില്ല, തെല്ലൊരഹങ്കാരമായിരുന്നില്ലേ എനിക്കു്, മാനം മുട്ടെ ഉയര്‍ന്നപ്പോള്‍, ഓടിട്ട വീടിന്റെ മുകളിലേക്കു് വരെ പടര്‍ന്നു നിന്നപ്പോള്‍. ലോകം കീഴടക്കിയപോലെ. എനിക്കോര്‍ക്കാന്‍ വയ്യ, വലിയൊരു കാറ്റു വന്നാല്‍, എനിക്കു  പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നാല്‍, എല്ലാര്‍ക്കും  ഒരു പേടിസ്വപ്നമായിട്ടു്, വേണ്ടാ.... ‍    ‍

P7100006

സാരമില്ല, എനിക്കൊരു പകരക്കാരിയെ നിര്‍ത്തിയിട്ടാണല്ലോ ഞാന്‍ പോകുന്നതു്.

എഴുത്തുകാരി.

Wednesday, July 1, 2009

ചിന്താവിഷ്ടയായ അമ്മിണിക്കുട്ടി

പാവം അമ്മിണിക്കുട്ടി.  ചിന്താവിഷ്ടയായി താടിക്കു കൈയും കൊടുത്തിരിപ്പാണു്,  കെമിസ്റ്റ്രി ബുക്ക് പോയ അണ്ണാനെപ്പോലെ. പലരും ആഴ്ച്ചയില്‍ രണ്ടും മൂന്നും പോസ്റ്റിടുമ്പോള്‍…… ഓര്‍ത്തിട്ടു സങ്കടം വരുന്നു.

അവളുടെ പാവം ഭര്‍ത്താവു് ഒന്നുറക്കെ വിലപിച്ചു് (ഇവിടെ) നാട്ടുകാരേം ബൂലോഗരേം അറിയിച്ചൂന്നല്ലാതെ ഒരു കാര്യോം ഉണ്ടായില്ല, നാണക്കേട്‌ മാത്രം മിച്ചം. കഥയും കിട്ടിയില്ല, കവിതയും കിട്ടിയില്ല. ഒരു ‘എന്റെ പാചകം’ തുടങ്ങാംന്നു വച്ചപ്പോള്‍, അതൊക്കെ അങ്ങേ വീട്ടിലെ രാധച്ചേച്ചിയുടേതാണെന്നു് ഉറക്കെ വിളിച്ചുപറയുകേം ചെയ്തു. അമ്മിണിക്കുട്ടിക്കു എന്തായാലും ഒന്നു ബോദ്ധ്യമായി. അങ്ങേരോട് പറഞ്ഞിട്ടൊന്നും നടക്കാന്‍ പോകുന്നില്ല.

പക്ഷേ ഇന്നമ്മിണിക്കുട്ടി happy യാണു്. എന്താന്നല്ലേ,  പറയാം, പറയാം, തിരക്കു കൂട്ടല്ലേ.

ഒട്ടും പ്രതീക്ഷിക്കാതെയാണു് ഇന്നലെ മാളു‍ വന്നതു്, അവളുടെ ബാല്യകാലസുഹൃത്ത്, അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി മാളൂട്ടി, മാളവിക. അന്നൊക്കെ എല്ലാരും പറഞ്ഞിരുന്നതു്, ഇവരെന്താ ഇരട്ടപെറ്റവരാണോ, എന്നാണു്.ഒരാളെ ഒറ്റക്കു കാണില്ല.ഒന്നുകില്‍ മാളു ഇവിടെ, അല്ലെങ്കില്‍ അമ്മിണിക്കുട്ടി അവിടെ. ഒന്നാം ക്ലാസ്സുമുതല്‍ ഒരുമിച്ചായിരുന്നു. പിന്നെ ജീവിതത്തിന്റെ ഗതിവിഗതികളില്‍ (ശരിയല്ലേ) പെട്ട് മാളു‍ മുംബൈക്കു പോയി. പാവം അമ്മിണിക്കുട്ടി ഇവിടേയും. അന്നൊരുപാട് സങ്കടോമുണ്ടായിരുന്നു, ഈ കാട്ടുമുക്കില്‍ ഒറ്റക്കു് ബാക്കിയായിട്ടു്.

ഇപ്പോള്‍ അവള്‍ വന്നിരിക്കുന്നു അമ്മിണിക്കുട്ടിയെ കാണാന്‍, മുംബൈയില്‍ നിന്നു്, പണ്ടത്തെ ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും, ഇപ്പഴത്തെ പ്രാരാബ്ധങ്ങളുടേയും ഭാണ്ഡക്കെട്ടുമായിട്ടു്. അതും ഒട്ടും നിനിച്ചിരിക്കാതെ. അവള്‍ക്ക് സുഖമാണവിടെ. വലിയ ഉദ്യോഗസ്ഥനായ ഭര്‍ത്താവു്. നന്നായി പഠിക്കുന്ന മിടുക്കരായ രണ്ട് ആണ്‍കുട്ടികള്‍.

അവള്‍ പറഞ്ഞു, ‍ 5-6 ദിവസം നിന്റെ കൂടെ കഴിയാനാ ഞാന്‍ വന്നതു്. എനിക്കു മടുത്തെടോ അവിടെ. എപ്പഴും തിരക്കോട് തിരക്കു്.‍ എല്ലാത്തില്‍ നിന്നും എല്ലാവരില്‍ നിന്നും ഓടി വന്നതാണു്. കറച്ചുനാള്‍ എനിക്കു ആ പഴയ മാളൂട്ടിയാവണം.

ഇവിടേയും ഒരുപാട് മാറ്റങ്ങളുണ്ടാവും. അറിയാഞ്ഞിട്ടല്ല,  എന്നാലും നമ്മുടെ പുഴയുണ്ട്, അമ്പലമുണ്ട്, (ആ ഠ വട്ടമായിരുന്നു, അന്നത്തെ അവരുടെ സാമ്രാജ്യം, പിന്നെ സ്കൂളും, അതു വിട്ടൊരു ലോകമില്ല)).‌ അതൊന്നും ആരും കൊണ്ടുപോയിട്ടില്ലല്ലോ. പിന്നെ നീയുമുണ്ട്‌. എനിക്കു് ആ പഴയ മാളുവാകാന്‍‍ അതു് ധാരാളം മതി.

അമ്മിണിക്കുട്ടി പാവം ഭര്‍ത്താവിനോട് (അമ്മിണിക്കുട്ടി വിചാരിക്കുന്നപോലെ അത്ര പാവമൊന്നുമല്ല) പറഞ്ഞു, ഇനി കുറച്ചു ദിവസത്തേക്കു അമ്മിണിക്കുട്ട്യേ അമ്മിണിക്കുട്ട്യേന്നു നീട്ടി വിളിക്കണ്ടാ, ഞാന്‍ ഇവിടെയുണ്ടെങ്കിലും ഇവിടെയില്ല. എനിക്കും ആവാം ഇടക്കൊക്കെ ഒരു ലീവ്‌. ഞാനും എന്റെ മാളുവും‍ പഴയ കാലത്തേക്കു പോകുന്നു. അതിനിടയില്‍ ഒരാളും വരണ്ട.

ഞങ്ങള്‍ക്കു പുഴയില്‍ കുളിക്കണം, (താളി തേച്ചു കുളിക്കണമെന്നു പറഞ്ഞാല്‍,അതും നീരോലി, താളി ഒടിക്കാന്‍ വേലി എവിടെ) നീന്തി അക്കരെ പോയി കമ്പൊടിച്ചു തിരിച്ചെത്തണം, (അതല്ലേ തെളിവു്, അക്കരെ തൊട്ടതിനു്).പുഴക്കടവിലങ്ങിനെ കൊതീം നുണേം പറഞ്ഞിരിക്കണം. നേരം വെളുക്കും മുന്‍പു് വൈലൂര്‍ പോയി കുളിച്ചു തൊഴണം. ആറേശ്വരത്തും കുമരഞ്ചിറയും പോണം, കാറൊന്നും വേണ്ട, അന്നു ഞങ്ങള്‍ നടന്നാ പോകാറു്.(ഉം, നടന്നതു തന്നെ, രണ്ടും മെലിഞ്ഞു മെലിഞ്ഞു ഉപ്പും ചാക്കു പോലെയായി) . അതിലൊരു മാറ്റോം പറ്റില്ല. തനി തനിയാവര്‍ത്തനം.

ഇതൊന്നും പോരാതെ ചോറ്റുപാത്രത്തില്‍ ചോറൊക്കെയായിട്ട്, പന്തല്ലൂര്‍ സ്കൂളില്‍ പോയി, പഴയ ക്ലാസ്സിലെ ബെഞ്ചിലൊക്കെ ഒന്നിരിക്കണം, ഉച്ചക്കു ക്ലാസ്സിലിരുന്നു ചോറുണ്ണണം(.ഇനിയിപ്പോ സ്കൂള്‍ കുട്ടികളെപ്പോലെ കുഞ്ഞുടുപ്പുമിട്ടാവുമോ യാത്ര!വട്ടാണെന്നു പറഞ്ഞു രണ്ടിനേം പിടിച്ചു പടിഞ്ഞാറേക്കോട്ടെലു് കൊണ്ടാക്കുമോ ആവോ).

ചുരുക്കത്തില്‍ അമ്മിണിക്കുട്ടി തിരക്കിലാണു്, സന്തോഷത്തിലും. പഴയകാലത്തിലേക്കൊരു തിരിച്ചുപോക്കു് നടത്തി തിരിച്ചെത്തിയാല്‍ അമ്മിണീക്കുട്ടിക്കു് എത്ര പോസ്റ്റിനുള്ള വകയായി. അതും ‍. നൊസ്റ്റാല്ജിക് ഓര്‍മ്മകള്‍. അതിനല്ലേ ബൂലോഗത്തിപ്പോ ഡിമാന്‍ഡ്. അമ്മിണിക്കുട്ടിയെ അങ്ങനെ തോല്പിക്കാംന്നൊന്നും ആരും വിചാരിക്കണ്ട.

കൂട്ടുകാരേ, ഉടന്‍ പ്രതീക്ഷിക്കാം, അമ്മിണിക്കുട്ടിയുടെ ബാല്യകാല സ്മരണകള്‍.

എഴുത്തുകാരി.