Friday, December 14, 2018

ഞാന്‍ കണ്ട യൂറോപ്പ് -- രണ്ടാം ഭാഗം

അടുത്ത ലക്‌ഷ്യം ആല്‍പ്സ് പര്‍വ്വതം.

പണ്ട് പന്തല്ലൂര്‍ സ്കൂളില്‍ സാമൂഹ്യപാടത്തില്‍ പഠിച്ച അതേ ആല്‍പ്സ് പര്‍വ്വതനിരകള്‍.  അന്ന് ആ മരബെഞ്ചിലിരുന്നു പഠിക്കുമ്പോള്‍ സങ്കല്പിച്ചിട്ടു പോലുമുണ്ടാവുമോ ഒരു ദിവസം അതിന്റെ നിറുകയില്‍ ഞാന്‍  പോവുമെന്ന്.  ഉണ്ടാവില്ല.

1200 കിലോമീറ്റര്‍ നീളത്തിലും 16000 അടി ഉയരത്തിലും  നീണ്ടുകിടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ പര്‍വ്വതനിര.  ആ യാത്ര തന്നെ ഒരു അനുഭവമാണ്.

പര്‍വ്വതത്തിലേക്കെത്തുന്ന ചെറിയ റോഡ്‌. ഇരുവശത്തും കൃഷിസ്ഥലങ്ങള്‍ . പച്ചക്കറികളും പഴങ്ങളും. കൊഴുത്തുരുണ്ട കന്നുകാലികളും കുതിരകളും മേഞ്ഞുനടക്കുന്നു.  കൊച്ചുകൊച്ചു വീടുകള്‍.  കന്യകയായ പ്രകൃതിയെ ഒന്ന് തൊട്ടുപോലും കളങ്കപ്പെടുത്തിയിട്ടില്ല ആരും .

മഞ്ഞുപുതച്ചു കിടക്കുന്നു എന്ന് പറയാന്‍ വയ്യ. ജൂണ്‍ മാസമായല്ലോ. മഞ്ഞ് ഉരുകിത്തുടങ്ങി.  വെള്ളപ്പുള്ളിയുള്ള പച്ചപ്പാവാട ഇട്ടപോലെ.  അവിടവിടെ മഞ്ഞ്.  അതിമനോഹരിയായ ആല്‍പ്സിന്റെ മുകളിലേക്ക് കയറാന്‍  കേബിള്‍ കാര്‍/റോപ് വേ ഉണ്ട്. കുത്തനെയുള്ള കയറ്റം.  മുകളിലെത്തിയാല്‍ ഏതോ അനന്തതയിലെത്തിപ്പെട്ടപോലെ. ചുറ്റും പ്രകൃതി മാത്രം.  കൈ കൊണ്ട് തൊടാവുന്നത്ര അടുത്ത് ആകാശം.

അവിടെ ആ അനന്തതയില്‍ നിന്നപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍.  അറിയില്ല. അരിച്ചുകയറുന്ന തണുപ്പ്.  മൂടല്‍മഞ്ഞ്.   ഒന്നും കാണാന്‍ വയ്യ.  വീട്ടില്‍ നിന്നും  നാട്ടില്‍ നിന്നും അകലെയകലെ.  ഭൂമിയില്‍ നിന്ന്  16000 അടി ഉയരത്തില്‍,  പ്രകൃതിയുടെ മടിത്തട്ടില്‍.  അതോ നിറുകയിലോ.  വാക്കുകള്‍  കൊണ്ട് പറയാനാവില്ല എനിക്കത്.

പാരിസ്
------------
ജര്‍മ്മനിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ വിമാനയാത്ര.

ഫ്രാന്‍സിന്‍റെ തലസ്ഥാനം.  കലാകാരന്മാര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഇടം.  കലകളുടെ, ഫാഷന്‍റെ തലസ്ഥാനം.  തിരക്ക് പിടിച്ച നഗരം.

ലോകമാഹാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറിന്‍റെ നാട്. വിശ്വപ്രസിദ്ധമായ  ശില്പ ങ്ങളുടെ, ചിത്രങ്ങളുടെ, കൊട്ടാരങ്ങളുടെ, മ്യൂസിയങ്ങളുടെ നാട്.  നോട്ടര്‍ ഡാം കത്തീഡ്രല്‍, മോണാലിസയുടെ ചിത്രം. ഒരുപാടുണ്ട് കാണാന്‍.


ആദ്യം പോയത്  ലോകമഹാത്ഭുതം, ഈഫല്‍ ടവര്‍ കാണാന്‍. 1989 ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പണി കഴിഞ്ഞു.  1000 അടി ഉയരത്തിലങ്ങിനെ തലയുയര്‍ത്തി നില്‍ക്കുന്നു ലോഹം കൊണ്ടൊരു മഹാത്ഭുതം.

ലോകമഹത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഞാന്‍ കണ്ടിട്ടുണ്ട്.  അത് സൌന്ദര്യത്തിന്റെ പ്രതീകമാണെങ്കില്‍,  ഇത് ഗാംഭീര്യത്തിന്‍റെ പ്രതീകം.

എത്രയെത്ര വര്‍ഷങ്ങള്‍ക്ക് മുന്‍പ്,  technology ഇത്രയു  പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്ത് ഈ പടുകൂറ്റന്‍ ഗോപുരം എങ്ങിനെ പണിതുയര്‍ത്തി?  എന്ത് മാത്രം മനുഷ്യ പ്രയത്നം വേണ്ടി വന്നിരിക്കും. എത്രയോ പേര്‍ ജീവന്‍ വെടിഞ്ഞിരിക്കും?

ഫ്രാന്‍സിസ് മാഷും വിലാസിനി  ടീച്ചറുമൊക്കെ (ഇവരൊക്കെ എന്റെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു)  ഉരുവിട്ട് പഠിപ്പിച്ച ഏഴ് ലോകമഹാത്ഭുതങ്ങളിലൊന്നിന്റെ മുന്‍പിലാണ് ഞാനിപ്പോള്‍.  ഇതൊരു സ്വപ്നമാണോ എന്ന് തോന്നിപ്പോയി. ടവറിന്റെ മുകളില്‍ കയറാന്‍ കഴിഞ്ഞില്ല. അതിന്നും  ഒരു നിരാശയായി ബാക്കി നില്‍ക്കുന്നു. കനത്ത  മഴയും മൂടല്‍മഞ്ഞും. ആരെയും കടത്തി വിടുന്നില്ല.



Louvre Museum:

ലോകത്തിലെ ഏറ്റവും  വലിയ മ്യൂസിയം.  ഒരു പഴയ കാല രാജ കൊട്ടാരമാണിത്.  ഇപ്പോള്‍ Art Museum.  ശില്പങ്ങളുടെയും ചിത്രങ്ങളുടെയും ഒരു മായാപ്രപഞ്ചം.  ഇറ്റാലിയന്‍ ചിത്രകാരനായ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വ പ്രസിദ്ധമായ മോണാലിസ  ഇവിടെയാണ്‌.   1503-1504 ല്‍ ആണിത് വരച്ചത് എന്ന് കരുതപ്പെടുന്നു.


ഇനിയും ഒരുപാടുണ്ട്  കാണാന്‍.  ഫ്രാന്‍സിന്റെ പല ഭാഗത്തും മഴയും വെള്ളപ്പൊക്കവും . വിമാനത്താവളങ്ങള്‍ അടക്കാന്‍ തുടങ്ങുന്നു. തിടുക്കത്തില്‍ രക്ഷപ്പെട്ടു  പാരിസ് എയര്‍പോര്‍ട്ടിലെത്തി.   ജര്‍മ്മനിയിലേക്ക് മടങ്ങി.

തുടരും.. അടുത്തതില്‍ ഇറ്റലി, വത്തിക്കാന്‍.


എഴുത്തുകാരി.

Saturday, November 24, 2018

ഞാന്‍ കണ്ട യൂറോപ്പ്.....

ആമുഖം: ബൂലോഗത്ത്  വീണ്ടും വസന്തം വരുകയല്ലേ. ഒരു   കുഞ്ഞൂപൂ  എന്റെ വകയും.

എഴുതിയിട്ട് വര്ഷം രണ്ട് കഴിഞ്ഞു.  എന്തുകൊണ്ടോ അത് അന്ന്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തില്ല. ഈ നാട്ടുകാരുടെ ദുബായിലെ ഒരു  പ്രസിദ്ധീകരണത്തില്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ വളരെ ചുരുക്കിയാണ് എഴുതിയത്.  കാര്യമായ ഭേദഗതിയൊന്നും വരുത്താതെ  അതിവിടെ കൊടുക്കുന്നു.
......................

കുറേ  വര്‍ഷങ്ങളായി പടിവാതിലില്‍ വന്നു പിന്നെയും പിന്നെയും മുട്ടി വിളിച്ചിട്ടും കേട്ടില്ലെന്നു നടിച്ച,   ഇനി കേള്‍ക്കാതിരിക്കാനാവില്ലെന്നു മനസ്സിലാക്കിയ ഞാന്‍,   ഇപ്രാവശ്യം ആ വിളി കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചു.  രണ്ടും കല്പിച്ചങ്ങ്  ഇറങ്ങി പുറപ്പെട്ടു.

എന്റെ ആദ്യത്തെ വിദേശയാത്ര!

ജര്‍മ്മനി, ഇറ്റലി, റോം, പാരിസ്, സ്വിറ്റ്സര്‍ലാന്ഡ്, വത്തിക്കാന്‍.  ഒരു യൂറോപ്യന്‍ ട്രിപ്പ്‌.  ഏകദേശം ഒരു മാസം.  മേയ് അവസാനം മുതല്‍ ജൂണ്‍ പകുതി വരെ. അതാണത്രേ യൂറോപ്പില്‍ സന്ദര്‍ശകര്‍ക്ക്‌ പറ്റിയ സമയം.  winter  കഴിഞ്ഞു. summer  തുടങ്ങിയിട്ടുമില്ല.

ഒരുക്കങ്ങള്‍ തുടങ്ങി.  പാസ്‌ പോര്‍ട്ട്‌ ഉണ്ട്.  വിസ വലിയ പ്രശ്നങ്ങളൊന്നും കൂടാതെ കിട്ടി.

അങ്ങിനെ യാത്ര തുടങ്ങാനുള്ള സമയമായി. ബാംഗ്ലൂര്‍ - ദുബായ് - ഫ്രാങ്ക്ഫര്‍ട്ട്.   ഇവിടത്തെ രാവിലെ  10  മണിക്ക് വിമാനം  കയറി അവിടത്തെ രാത്രി  പത്ത് മണിക്ക്   അവിടെയെത്തി.   (ഇവിടത്തെക്കാള്‍ മൂന്നര  മണിക്കൂര്‍ പിന്നിലാണ് അവിടത്തെ സമയം)

അന്ന് രാത്രി വിശ്രമവും ഭക്ഷണവും. അടുത്തദിവസം മുതല്‍ കറക്കം.

ആദ്യ ദിവസങ്ങള്‍ ജര്‍മ്മനിയില്‍.  ജര്‍മ്മനി എന്ന് കേള്‍ക്കുമ്പോഴേ  ആദ്യം മനസ്സില്‍ വരുന്നത് ഹിറ്റ്ലര്‍ എന്നല്ലേ. ഒരു പേടി പോലെ എന്തോ ഒന്ന്.   പക്ഷെ അതല്ല  ഇന്നത്തെ ജര്‍മ്മനി. അതി മനോഹരം എന്നേ പറയാന്‍ പറ്റൂ.   വിശാലമായ ഭംഗിയുള്ള നിരത്തുകള്‍.  നിറയെ പച്ചപ്പ്‌.  ഒരു തരത്തിലുമുള്ള മലിനീകരണമില്ല. വളരെ മര്യാദയോടെ പെരുമാറുന്ന ആളുകള്‍.


നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മുഴുവന്‍ വെള്ളക്കാര്‍.   പണ്ടു മുതലേ വെള്ളക്കാരെ കാണുന്നത് നമുക്കൊക്കെ  ഒരു കൌതുകമല്ലേ.
ആ കൌതുകത്തിലായിരുന്നു ഞാനും. ഇനി കുറച്ചു നാള്‍ ഇവരുടെ കൂടെയാണല്ലോ.

കല്യാണം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവരാണധികവും.  എന്തിനാ വെറുതെ കുട്ടികളും വയ്യാവേലിയും  എന്നാവും ചിന്ത. ( കുട്ടികളെക്കാള്‍ കൂടുതല്‍  വളര്‍ത്തു മൃഗങ്ങള്‍ അല്ലേ എന്ന്  വരെ തോന്നിപ്പോയി). അതുകൊണ്ടു തന്നെ വിവാഹിതര്‍ക്കും മക്കള്‍ ഉള്ളവര്‍ക്കും ധാരാളം ആനുകൂല്യങ്ങളും ഉണ്ടത്രേ.  നമ്മള്‍ ജനസംഖ്യ കുറക്കാന്‍ നോക്കുമ്പോള്‍ അവര്‍ അത് കൂട്ടാനുള്ള ശ്രമത്തിലാണ്. എന്നിട്ടും നടക്കുന്നുമില്ല.

അതൊക്കെ പോട്ടെ.  നമുക്ക് യാത്ര തുടങ്ങാം.

ആദ്യ ദിവസം -- ജര്‍മ്മനിയിലെ ഒരു പ്രധാന നഗരമായഫ്രാങ്ക്ഫര്‍ട്ട് .   ചെറു പട്ടണമായ മൈന്‍സിലെ റെയിന്‍ നദിയിലൂടെ ഒരു യാത്ര. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വ്വതത്തില്‍ നിന്ന്  ഉത്ഭവിക്കുന്നതാണീ നദി. പഞ്ച നക്ഷത്ര സൌകര്യമുള്ള ഒരു ആഡംബര കപ്പല്‍, സുഖകരമായ കാലാവസ്ഥ.




ഇരു കരകളിലും പഴയ പ്രതാപം ഉറങ്ങി കിടക്കുന്ന കോട്ടകളും കൊട്ടാരങ്ങളും,   നിറയെ മുന്തിരിത്തോപ്പുകള്‍. മുകളിലെ ഡക്കില്‍  കാറ്റും കൊണ്ട് കടലയും കൊറിച്ച് (കടലയല്ലാട്ടോ അത് പോലെ എന്തോ ഒന്ന്) അങ്ങിനെ ഇരുന്നപ്പോള്‍  എല്ലാം സ്വപ്നമാണോ എന്ന് തോന്നിപ്പോയി.  കണ്ട കാഴ്ചകള്‍ ഇപ്പഴും  മനസ്സിലുണ്ട് മായാതെ.

മ്യൂണിക്   --- ജര്‍മ്മനിയിലെ മറൊരു മഹാ നഗരം.   രണ്ടു ലോക മഹായുദ്ധങ്ങളിലും കൂടി മിക്കവാറും പൂര്‍ണ്ണമായി തകര്‍ന്ന നഗരം. ഇന്നത്‌~ ലോകത്തിലെ ജീവിക്കാന്‍ ഏറ്റവും സുഖകരമായ  സ്ഥലങ്ങളില്‍  ഒന്നായിരിക്കുന്നു.  പച്ചപ്പും മരങ്ങളും, നിറയെ പൂക്കളും.   ആരും ചൂഷണം ചെയ്തിട്ടില്ല പ്രകൃതിയെ. മാലിന്യങ്ങള്‍ കാണാനേയില്ല  എവിടേയും..   അംബരചുംബികളായ കെട്ടിടങ്ങള്‍ താരതമ്യേന കുറവാണ്

ആദ്യം പോയത്~ ഒരു കൊട്ടാരത്തിലേക്ക്~ Nymphenburg Palace.

ബവേറിയന്‍ രാജാക്കന്മാരുടെ വേനല്‍ക്കാല  വസതി.  300 ഏക്കറില്‍ പരന്നു കിടക്കുന്നു. 300 വര്ഷം മുന്‍പ് പണിതത്.  50-60 വര്‍ഷമെടുത്തത്രേ അത് പണി തീരാന്‍   ചുറ്റും മരങ്ങളും  കാടും തടാകവും.




അടുത്ത  ലക്‌ഷ്യം  സ്വിറ്റ്സര്‍ലന്‍ഡ്  --- സഞ്ചാരികളുടെ പറുദീസ.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കാറില്‍ പോകാം. ജര്‍മ്മനിയുടെ അയല്‍രാജ്യം.  41200 sq. km. മാത്രംമുള്ള  യൂറോപ്പിലെ ഒരു കൊച്ചു രാജ്യം. മൂന്നില്‍ രണ്ടു ഭാഗവും കാടുകളും പര്‍വ്വതങ്ങളും തടാകങ്ങളും.  പാലുല്‍പ്പന്നങ്ങളും ചോക്ലേറ്റുമൊക്കെയാകുന്നു പ്രധാന ഉത്പാദനം, കയറ്റുമതിയും. .  പിന്നെ അറിയാല്ലോ, സ്വിസ് ബാങ്കും.

 cost of living  താങ്ങാന്‍ കഴിയുന്നതല്ല.  ഒന്ന് കണ്ടു പോരാം എന്ന് മാത്രം. അല്ലെങ്കില്‍ പിന്നെ സ്വിസ് ബാങ്കില്‍ അക്കൗണ്ട്‌ വേണം. നമുക്കതില്ലല്ലോ. പോകുന്ന വഴി മുഴുവന്‍ പച്ചപ്പരവതാനി വിരിച്ച പോലെ.  മേഞ്ഞു നടക്കുന്ന പശുക്കളും കുതിരകളും. എവിടെ നോക്കിയാലും പല നിറത്തിലും തരത്തിലുമുള്ള പൂക്കള്‍. ഏതൊക്കെയോ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടന്നിട്ടുള്ള സ്ഥലം.  അന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല, എന്നെങ്കിലും  ഇവിടെയൊക്കെ  കാണാന്‍ കഴിയുമെന്ന്.

ആദ്യം പോയത്~ Rhine Falls  കാണാന്‍. മ്യൂണിക്കില്‍  കണ്ട അതേ റയിന്‍ നദിയില്‍.  വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തുവരെ പോകാം. ധൈര്യമുള്ളവര്‍ക്ക് അതിന്റെ ഒത്ത നടുവിലുള്ള ഒരു പാറക്കെട്ടില്‍ കയറി നില്‍ക്കുകയുമാവാം.


വെള്ളച്ചാട്ടത്തിന്റെ തൊട്ടു മുകളിലെ ഒരു പഴയ castle ല്‍ ആയിരുന്നു താമസം. യൂത്ത് ഹോസ്റല്‍ ആയി  മാറിയ ഒരു പഴയ കൊട്ടാരം.   അങ്ങനെ ഒരു ദിവസം  രാജകൊട്ടാരത്തില്‍ അന്തിയുറങ്ങാനും പറ്റി.


   
കഴിഞ്ഞില്ല. കുറച്ചുകൂടിയുണ്ട്.  അത്  അടുത്തതില്‍.

എഴുത്തുകാരി.









Thursday, October 25, 2018

പട്ടിക്കു കിട്ടിയ മുഴുവന്‍ തേങ്ങ പോലെ....

പട്ടിക്കു കിട്ടിയ മുഴുവന്‍ തേങ്ങ എന്ന് കേട്ടിട്ടേയുള്ളൂ.  ഇപ്പൊ കണ്ടു.   ഒരു പാട്  കാലമായി കേക്കുന്ന ഈ സംഭവത്തിന്റെ ഗൗരവം പക്ഷെ ഇപ്പഴാ പിടി കിട്ടിയത്. എന്റമ്മോ,  അതിത്തിരി കടുപ്പം തന്നെയാ.  ഇനി സംഭവം എന്താന്നല്ലേ,

പറയാം പറയാം.

ഒരു ദിവസം അങ്ങിനെ വെറുതെ  ഇരുന്നപ്പോള്‍ എന്തെങ്കിലും മധുരം തിന്നാനൊരു കൊതി. അല്ലെങ്കിലും വെറുതേ ഇരിക്കുമ്പോൾ  ചെകുത്താൻ കേറി പണി തുടങ്ങുമെന്നല്ലേ .  അത് ഭയങ്കര  ശരിയായിരിക്കും. അല്ലെങ്കില്‍ ഇങ്ങനെ വരില്ലല്ലോ.

എന്തായാലും ത്രുശ്ശൂർ വരെ പോകേണ്ട കാര്യമുണ്ടായിരുന്നു.  എന്നാല്‍ ഇന്ന് തന്നെ പോയേക്കാം എന്ന് വച്ചു.   എന്തെങ്കിലും ഒന്ന് സംഘടിപ്പിക്കുകയും ചെയ്യാല്ലോ.. അങ്ങിനെ പോയി പോയി കാര്യങ്ങളൊക്കെ കഴിഞ്ഞു തൃശൂര്‍  എലൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് വരെ എത്തി.  നോക്കി നോക്കി നടന്നു നോക്കി.  അതാ ഇരിക്കുന്നു എനിക്കേറ്റവും പ്രിയപ്പെട്ട രസഗുള. എത്ര കാലമായി ഇത് കഴിച്ചിട്ട്.  വായിൽ കപ്പലോടിക്കാം. എനിക്ക്  വേണ്ടി ആരോ കൊണ്ടുവച്ചതുപോലെ.  ഇനി ഒന്നും  നോക്കാനില്ല.  ഒരു കുപ്പിയെടുത്തു.

വീട്ടിലെത്തി. പാക്കറ്റെടുത്തു.  ഇനി കുപ്പി  തുറക്കണം, ഒരെണ്ണമെടുത്തു വായിലേക്കിടണം.  അതങ്ങിനെ  അലിഞ്ഞലിഞ്ഞ്.........


പക്ഷെ ഇല്ലാ, കുപ്പി തുറക്കുന്നില്ല.

പഠിച്ച പണി പതിനെട്ടും പത്തൊൻപതും നോക്കിയിട്ടും രക്ഷയില്ല.  അനക്കമില്ല. ചൂട് വെള്ളത്തിൽ മുക്കി നോക്കി. സാധാരണ ഇത്തരമൊരു  ചുറ്റുപാടില്‍ ചെയ്യാവുന്ന എല്ലാം നോക്കി.   എവിടെ. നോ രക്ഷ.  ഇനി ഒന്നും ചെയ്യാനില്ല. നെടുവീർപ്പിട്ടു  കൊണ്ട് കണ്ണ്‍  ചെന്നെത്താത്ത ഒരു മൂലയില്‍  കൊണ്ടുവച്ചു.  ഒരു വിഷാദ ഗാനവും മൂളി ഞാന്‍ പതുക്കെ സ്ഥലം  വിട്ടു. 

ഇനി ആരെങ്കിലും വരട്ടെ .  പക്ഷെ, അപ്പഴും ഉണ്ടല്ലോ ഒരു  പ്രശ്നം. ഇനി അവര്‍ക്ക് തുറക്കാന്‍ പറ്റി എന്നു തന്നെയിരിക്കട്ടെ,  ഒരു  മര്യാദക്കെങ്കിലും ഒന്നു പറയണ്ടേ  ഒന്നോ രണ്ടോ എടുത്തോളൂട്ടോ  എന്ന്.  തുടുതുടാന്നിരിക്കുന്ന  രസഗുളകളെ  നോക്കി,  ഏയ്‌, എനിക്ക് വേണ്ടെന്നേയ് എന്ന് പറയാന്‍ മാത്രം  സന്മനസ്സുള്ളവരാരും  എന്റെ പരിചയത്തിലില്ല. ഷുഗര്‍ ഉള്ളവരായിട്ടും  കാര്യമില്ല. അവരെയാ ഏറ്റവും പേടിക്കേണ്ടത്.   മധുരം ഇഷ്ടമില്ലാത്ത ആരെങ്കിലും ആവണം. നോക്കാം.

പാവം ഞാൻ അല്ലേ. വല്ലാതെ കൊതിച്ചുപോയി. അതുകൊണ്ടല്ലേ. 

വാൽക്കഷണം: ഇതുപോലൊരനുഭവം പണ്ടും ഉണ്ടായിട്ടുണ്ട്.  . അന്നു സഹായത്തിനു  വന്നത് ആരാണെന്നോ. ഒരു  പൊലീസുകാരൻ . പക്ഷെ പാവത്തിനും പറ്റിയില്ല കുപ്പി തുറക്കാന്‍. 

അതിവിടെ :  http://ezhuthulokam%20blogspot.com/

എഴുത്തുകാരി.

Monday, September 17, 2018

എന്നെ ഭയപ്പെടുത്തിയ പ്രളയം...

ഈ കഴിഞ്ഞ പ്രളയ കാലത്തിന്റെ നീറുന്ന ഒരു ഓർമ്മ.  ശരിക്കു പറഞ്ഞാൽ 2018 ആഗസ്ത് 17.  കൃത്യം ഒരു മാസംമുൻപ്. ഞാൻ  എന്റെ കഴിഞ്ഞ ബ്ലോഗിൽ മഴയുടെ സൗന്ദര്യത്തെ കുറിച്ച് എഴുതിയ അതേ പൂമുഖത്തിരുന്നു ഞാൻ എഴുതിയ വരികൾ.  അന്ന് മനസ്സിൽ തോന്നിയത് വെറുതെ ഒരു കടലാസിൽ കുറിച്ചിരുന്നു.   അതാണ് ഈ വരികൾ.

രണ്ട് ദിവസമായി   പേമാരിയാണ്.   പുഴ നിറഞ്ഞു കഴിഞ്ഞു. ഇന്നിനി  ഒറ്റയ്ക്ക് കിടക്കണ്ട എന്ന  തങ്കമണി ചേച്ചിയുടെ ഉപദേശം  മാനിച്ച് അവിടെ ആയിരുന്നു തലേന്ന്. രാത്രി മുഴുവൻ  മഴ.  പേമാരിയെന്നോ പെരുമഴയെന്നോ എന്താ പറയേണ്ടത് . ചേച്ചീ ഇടക്കിടെ ജനല് തുറന്നു ടോർച്ച് അടിച്ചുനോക്കും  മുറ്റത്ത്‌ വെള്ളമെത്തിയോ എന്ന്.  കട്ടിലിൽ നിന്നു കാല് വെക്കുന്നത്  വെള്ളത്തിലേക്കാണോ എന്ന പേടിയിലാണ്. ഒട്ടും ഉറങ്ങിയില്ല.

പിറ്റേന്ന്  നേരം വെളുത്തപ്പോൾ  വീട്ടിലേക്കു തിരിച്ചെത്തി.  ആരുമില്ല, ഒറ്റക്ക്.  ഒന്നും ചെയ്യാനും ഇല്ലായിരുന്നു.  ഒരു കടലാസിൽ കുറിച്ച് വച്ച എന്റെ മനസ്സാണിത്.  അത്  പകർത്തുന്നു ഞാനിവിടെ.
...........

ഇന്നും ഞാൻ ഇരിക്കുന്നത് ലോകത്തിലെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ പൂമുഖ  തിണ്ണയിൽ തന്നെയാണ്.  കുറച്ചു നാൾ മുൻപാണ് എന്റെ ഇതേ പൂമുഖത്തിരുന്ന് ഞാൻ എഴുതിയത് മഴയുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തെ  പറ്റി.

ആ സുന്ദരിയായ മഴയുടെ മറ്റൊരു മുഖം ഇന്നെന്നെ ഭയപ്പെടുത്തുന്നു.  തീർത്തും രൗദ്രഭവം.  ഇന്നിവിടെ ഇരിക്കുമ്പോൾ ആകെ ഒരു ഭയമാണ് എന്റെ മനസ്സിൽ.  മാനമാകെ കറുത്തിരുണ്ട,  ഒരു  പാഠം പഠിപ്പിച്ചിട്ടെ  പോകൂ എന്ന മട്ടിൽ ആരൊടൊക്കെയോ അരിശം തീർക്കുന്ന മഴയുടെ താണ്ഡവം.

വെള്ളമില്ല,  വെളിച്ചമില്ല, ചുറ്റും ദൈന്യത നിറഞ്ഞ മുഖങ്ങൾ മാത്രം.  രാവിലെ മത്സരിച്ച് ഓടിയെത്തുന്ന കിളികളില്ല, തുമ്പികളില്ല, അണ്ണാറക്കണ്ണന്മാറില്ല.    മുറ്റത്തെ ചുവന്ന ചെമ്പരത്തി മാത്രം ഇതൊന്നും എന്നെ തളർത്തുന്നേയില്ല എന്ന ഭാവത്തിൽ വിടർന്നു  നിൽക്കുന്നു.

എവിടുന്നൊക്കെയോ പശുക്കളുടെ  ശബ്ദം  കേൾക്കാം. സംഗീതാത്മകമല്ല,  മറിച്ച്, വിശപ്പിന്റെ, വേണ്ടപ്പെട്ടവർ അടുത്തില്ലാത്തതിന്റെ നൊമ്പരമാണത്.  വീടും തൊഴുത്തും മുങ്ങിയവർ, അവരുടെ പശുക്കളെ ഇവിടെ കൊണ്ട്‌ വന്നു കെട്ടിയിരിക്കുന്നു.  അവരൊക്കെ വെള്ളം നിറഞ്ഞ വീടുകളിലും  റെസ്ക്യൂ ക്യാമ്പുകളിലുമാണ്.

ഇന്നലെ വരെ,   ഞങ്ങളൊക്കെ കൂട്ടം കൂടി മഴയുടെ ക്രൂരതയേപ്പറ്റി, ഒറ്റപ്പെട്ടുപോയ വരെപ്പറ്റിയൊക്കെ  സംസാരിച്ചിരുന്നു.   ഇന്നതുമില്ല.  ഭയപ്പെടുത്തുന്ന നിശബ്ദത മാത്രം, അതിനെ ഭഞ്ജിച്ചു കൊണ്ട്‌ ഇടയ്ക്കിടെ വരുന്ന  കാതടപ്പിക്കുന്ന മഴ മാത്രം. ആർക്കും ഒന്നും പറയാനില്ല,  മുഖങ്ങളിൽ ദൈന്യത.  എല്ലാം അവസാനിക്കാൻ പോകുന്നോ എന്ന  ഭയപ്പെടുത്തുന്ന ചിന്ത മാത്രം.

എന്റെ അമ്മ പറയാറുണ്ട്  അമ്പലക്കടവിന്റെ അവസാനത്തെ പടി  എത്ര വെള്ളം വന്നാലും മുങ്ങില്ല.  അതു മുങ്ങിയാൽ പിന്നെ പ്രളയമാണെന്ന്.     ഞാൻ മാത്രമല്ല ഈ നാട് മുഴുവൻ ആ വിശ്വാസത്തിലായിരുന്നു.   ആ ധൈര്യത്തിലായിരുന്നു മനസ്സ്.  പക്ഷേ എല്ലാം തകിടംമറിച്ചുകൊണ്ടു ആ പടിയും മുങ്ങിയിരിക്കുന്നു, മനസ്സിൽ ഭയത്തിന്റെ നിഴൽ വീണുതുടങ്ങി..

വെള്ളമില്ല,  വെളിച്ചമില്ല,  ചാർജ് തീരാൻ കാത്തിരിക്കുന്ന മൊബൈലും.  പ്രിയപ്പെട്ടവരുടെ നേർത്തതെങ്കിലും  വിറയാർന്ന ശബ്ദങ്ങൾ. അതും ഇല്ലാതാവുകയാണോ.

നിരനിരയായി ആളുകൾ,  കവറുകളും തൂക്കി കയ്യിൽ കിട്ടിയതും കൊണ്ട്  ഓടുന്നു.  പലായനം എന്നൊക്കെ കേട്ടിട്ടില്ലേ? കണ്ടിട്ടുമുണ്ട് ടിവിയിലൊക്കെ.  അതാണിവിടെ.  ഓടുകയാണ് റെസ്‌ക്യു  ക്യാമ്പിലേക്ക്.  തിരിച്ചു കിട്ടിയ  ജീവനെയെങ്കിലും രക്ഷപ്പെടുത്താൻ.

ഒരുപാട്  പേര് അവിടെയും ഇവിടെയും കെട്ടിടത്തിന്റെ രണ്ടാം നിലകളിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷിക്കണേ രക്ഷിക്കണേ എന്ന അവരുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ,  വിളികൾ.  ഒന്നും  ചെയ്യാനാവാതെ  പകച്ചു നില്ക്കുന്ന ഞങ്ങൾ കുറച്ചുപേർ.

രാവിലെ പോയി കാര്യങ്ങൾ അന്വേഷിച്ചു  വന്ന റെസ്ക്യൂ ക്യാംപിൽ വീണ്ടും പോകാനാവാത്ത സ്ഥിതി.  ഇരച്ചെത്തുന്ന  വെള്ളം മതിലുകൾ  തീർത്തിരിക്കുന്നു.

ഇവിടേക്കും ആളുകൾ എത്തി തുടങ്ങിയിരിക്കുന്നു.   കഴുത്തറ്റം വെള്ളത്തിൽ, നനഞ്ഞൊലിച്ചു്.  മാറിയുടുക്കാൻ പോലും ഒന്നുമില്ലാതെ.

ഞാൻ പോയി അവർക്ക് ഉടുക്കാൻ എന്തെങ്കിലും കൊടുക്കട്ടെ. ചൂടുള്ള ഒരു കട്ടൻ കാപ്പിയും..


എഴുത്തുകാരി.



























Saturday, June 23, 2018

മഴയുടെ താളം....

എനിക്കിഷ്ടമായി ഈ മഴ.   ചിലപ്പോൾ ഒരു ചെറു ചാറ്റൽ മഴയായി,   ചിലപ്പോൾ. ആരോടോ കലഹിച്ചിട്ടെന്ന പോലെ ഇരമ്പിയാർത്തുകൊണ്ട്.   ഉണരുന്നത് മഴയുടെ സംഗീതം കേട്ടു കൊണ്ട്,  ഉറങ്ങുന്നതോ മഴയുടെ  താരാട്ട് കേട്ടുകൊണ്ടും

ആരാ പറഞ്ഞത്   മഴ  നമ്മളോട് പിണങ്ങിപ്പോയെന്ന് .  നമ്മൾ  കാടൊക്കെ വെട്ടിത്തെളിച്ച് മരുഭൂമിയാക്കി.  ഇനി അവൾ വരില്ലെന്നൊക്കെ.  എന്നിട്ട് എത്ര ഭംഗിയായിട്ടാ വന്നത്.   എന്താ  വരാത്തത് എന്ന്‌ ആകുലപ്പെടാൻ തുടങ്ങുന്നതിനു മുൻപേ,  ഇക്കല്ലോം മഴ ചതിച്ചു  എന്ന് പരാതിപ്പെടാൻ അവസരം കിട്ടുന്നതിനു  മുൻപേ  എത്തിയില്ലേ.

പുഴ നിറഞ്ഞു, കിണറൊക്കെ നിറഞ്ഞു.

ആരെ കണ്ടാലും ഇതേ പറയാാനുള്ളൂ. എന്തൊരു അടച്ചു പിടിച്ച  മഴയാ ഇത്. ഒന്ന് പുറത്തിറങ്ങാൻ കൂടി വയ്യ. പക്ഷേ ഇതു തന്നെയല്ലേ മഴക്കാലത്തിന്റെ സൗന്ദര്യം.

എനിക്കു ചിലപ്പോൾ  തോന്നിയിരുനു, മഴയുടെ ആ  പഴയ സ്റ്റൈൽ ഒക്കെ ആകെ  മാറി പോയോ. പഴയ ഭംഗിയൊക്കെ പൊയ്പ്പോയോ എന്നൊക്കെ..  പക്ഷേ ഇല്യാട്ടോ. ഒരു മാറ്റവുമില്ല.  പൂർവ്വാധികം സുന്ദരിയായിട്ടു തന്നെയാ വന്നിരിക്കുന്നത് ..  ശരിക്കും പണ്ടത്തെ അതേ മഴ.  ഇരമ്പി വരുന്ന ശബ്ദം കേൾക്കാം.  പണ്ട് ഇരമ്പലിന്റെ ശബ്ദം കേക്കുമ്പഴേ മുറ്റത്തേക്ക് ഒറ്റ ഓട്ടമായിരുന്നു. എന്നിട്ട് മേലോട്ട് മുഖമുയർത്തി അങ്ങിനെ നിൽക്കും  ആദ്യത്തെ തുള്ളി വന്നു വിഴുമ്പോഴുള്ള ഒരു സുഖം!  ഇന്ന് മഴ നനയലൊന്നും ഇല്ല.  എന്നാലും ഇറയത്ത് ആ ഇരമ്പലും കേട്ടങ്ങിനെ ഇരിക്കാൻ എന്തു സുഖം!

ഈ ആർത്തു പെയ്യുന്ന  മഴയും കണ്ട്, കേട്ട്  ആസ്വദിച്ചിരിപ്പാണു കൂട്ടുകാരേ,  ഞാൻ എന്റെ ഈ  പൂമുഖപ്പടിയിൽ...  വരുന്നോ നിങ്ങളും?


എഴുത്തുകാരി.