Saturday, November 24, 2018

ഞാന്‍ കണ്ട യൂറോപ്പ്.....

ആമുഖം: ബൂലോഗത്ത്  വീണ്ടും വസന്തം വരുകയല്ലേ. ഒരു   കുഞ്ഞൂപൂ  എന്റെ വകയും.

എഴുതിയിട്ട് വര്ഷം രണ്ട് കഴിഞ്ഞു.  എന്തുകൊണ്ടോ അത് അന്ന്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തില്ല. ഈ നാട്ടുകാരുടെ ദുബായിലെ ഒരു  പ്രസിദ്ധീകരണത്തില്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ വളരെ ചുരുക്കിയാണ് എഴുതിയത്.  കാര്യമായ ഭേദഗതിയൊന്നും വരുത്താതെ  അതിവിടെ കൊടുക്കുന്നു.
......................

കുറേ  വര്‍ഷങ്ങളായി പടിവാതിലില്‍ വന്നു പിന്നെയും പിന്നെയും മുട്ടി വിളിച്ചിട്ടും കേട്ടില്ലെന്നു നടിച്ച,   ഇനി കേള്‍ക്കാതിരിക്കാനാവില്ലെന്നു മനസ്സിലാക്കിയ ഞാന്‍,   ഇപ്രാവശ്യം ആ വിളി കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചു.  രണ്ടും കല്പിച്ചങ്ങ്  ഇറങ്ങി പുറപ്പെട്ടു.

എന്റെ ആദ്യത്തെ വിദേശയാത്ര!

ജര്‍മ്മനി, ഇറ്റലി, റോം, പാരിസ്, സ്വിറ്റ്സര്‍ലാന്ഡ്, വത്തിക്കാന്‍.  ഒരു യൂറോപ്യന്‍ ട്രിപ്പ്‌.  ഏകദേശം ഒരു മാസം.  മേയ് അവസാനം മുതല്‍ ജൂണ്‍ പകുതി വരെ. അതാണത്രേ യൂറോപ്പില്‍ സന്ദര്‍ശകര്‍ക്ക്‌ പറ്റിയ സമയം.  winter  കഴിഞ്ഞു. summer  തുടങ്ങിയിട്ടുമില്ല.

ഒരുക്കങ്ങള്‍ തുടങ്ങി.  പാസ്‌ പോര്‍ട്ട്‌ ഉണ്ട്.  വിസ വലിയ പ്രശ്നങ്ങളൊന്നും കൂടാതെ കിട്ടി.

അങ്ങിനെ യാത്ര തുടങ്ങാനുള്ള സമയമായി. ബാംഗ്ലൂര്‍ - ദുബായ് - ഫ്രാങ്ക്ഫര്‍ട്ട്.   ഇവിടത്തെ രാവിലെ  10  മണിക്ക് വിമാനം  കയറി അവിടത്തെ രാത്രി  പത്ത് മണിക്ക്   അവിടെയെത്തി.   (ഇവിടത്തെക്കാള്‍ മൂന്നര  മണിക്കൂര്‍ പിന്നിലാണ് അവിടത്തെ സമയം)

അന്ന് രാത്രി വിശ്രമവും ഭക്ഷണവും. അടുത്തദിവസം മുതല്‍ കറക്കം.

ആദ്യ ദിവസങ്ങള്‍ ജര്‍മ്മനിയില്‍.  ജര്‍മ്മനി എന്ന് കേള്‍ക്കുമ്പോഴേ  ആദ്യം മനസ്സില്‍ വരുന്നത് ഹിറ്റ്ലര്‍ എന്നല്ലേ. ഒരു പേടി പോലെ എന്തോ ഒന്ന്.   പക്ഷെ അതല്ല  ഇന്നത്തെ ജര്‍മ്മനി. അതി മനോഹരം എന്നേ പറയാന്‍ പറ്റൂ.   വിശാലമായ ഭംഗിയുള്ള നിരത്തുകള്‍.  നിറയെ പച്ചപ്പ്‌.  ഒരു തരത്തിലുമുള്ള മലിനീകരണമില്ല. വളരെ മര്യാദയോടെ പെരുമാറുന്ന ആളുകള്‍.


നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മുഴുവന്‍ വെള്ളക്കാര്‍.   പണ്ടു മുതലേ വെള്ളക്കാരെ കാണുന്നത് നമുക്കൊക്കെ  ഒരു കൌതുകമല്ലേ.
ആ കൌതുകത്തിലായിരുന്നു ഞാനും. ഇനി കുറച്ചു നാള്‍ ഇവരുടെ കൂടെയാണല്ലോ.

കല്യാണം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവരാണധികവും.  എന്തിനാ വെറുതെ കുട്ടികളും വയ്യാവേലിയും  എന്നാവും ചിന്ത. ( കുട്ടികളെക്കാള്‍ കൂടുതല്‍  വളര്‍ത്തു മൃഗങ്ങള്‍ അല്ലേ എന്ന്  വരെ തോന്നിപ്പോയി). അതുകൊണ്ടു തന്നെ വിവാഹിതര്‍ക്കും മക്കള്‍ ഉള്ളവര്‍ക്കും ധാരാളം ആനുകൂല്യങ്ങളും ഉണ്ടത്രേ.  നമ്മള്‍ ജനസംഖ്യ കുറക്കാന്‍ നോക്കുമ്പോള്‍ അവര്‍ അത് കൂട്ടാനുള്ള ശ്രമത്തിലാണ്. എന്നിട്ടും നടക്കുന്നുമില്ല.

അതൊക്കെ പോട്ടെ.  നമുക്ക് യാത്ര തുടങ്ങാം.

ആദ്യ ദിവസം -- ജര്‍മ്മനിയിലെ ഒരു പ്രധാന നഗരമായഫ്രാങ്ക്ഫര്‍ട്ട് .   ചെറു പട്ടണമായ മൈന്‍സിലെ റെയിന്‍ നദിയിലൂടെ ഒരു യാത്ര. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വ്വതത്തില്‍ നിന്ന്  ഉത്ഭവിക്കുന്നതാണീ നദി. പഞ്ച നക്ഷത്ര സൌകര്യമുള്ള ഒരു ആഡംബര കപ്പല്‍, സുഖകരമായ കാലാവസ്ഥ.




ഇരു കരകളിലും പഴയ പ്രതാപം ഉറങ്ങി കിടക്കുന്ന കോട്ടകളും കൊട്ടാരങ്ങളും,   നിറയെ മുന്തിരിത്തോപ്പുകള്‍. മുകളിലെ ഡക്കില്‍  കാറ്റും കൊണ്ട് കടലയും കൊറിച്ച് (കടലയല്ലാട്ടോ അത് പോലെ എന്തോ ഒന്ന്) അങ്ങിനെ ഇരുന്നപ്പോള്‍  എല്ലാം സ്വപ്നമാണോ എന്ന് തോന്നിപ്പോയി.  കണ്ട കാഴ്ചകള്‍ ഇപ്പഴും  മനസ്സിലുണ്ട് മായാതെ.

മ്യൂണിക്   --- ജര്‍മ്മനിയിലെ മറൊരു മഹാ നഗരം.   രണ്ടു ലോക മഹായുദ്ധങ്ങളിലും കൂടി മിക്കവാറും പൂര്‍ണ്ണമായി തകര്‍ന്ന നഗരം. ഇന്നത്‌~ ലോകത്തിലെ ജീവിക്കാന്‍ ഏറ്റവും സുഖകരമായ  സ്ഥലങ്ങളില്‍  ഒന്നായിരിക്കുന്നു.  പച്ചപ്പും മരങ്ങളും, നിറയെ പൂക്കളും.   ആരും ചൂഷണം ചെയ്തിട്ടില്ല പ്രകൃതിയെ. മാലിന്യങ്ങള്‍ കാണാനേയില്ല  എവിടേയും..   അംബരചുംബികളായ കെട്ടിടങ്ങള്‍ താരതമ്യേന കുറവാണ്

ആദ്യം പോയത്~ ഒരു കൊട്ടാരത്തിലേക്ക്~ Nymphenburg Palace.

ബവേറിയന്‍ രാജാക്കന്മാരുടെ വേനല്‍ക്കാല  വസതി.  300 ഏക്കറില്‍ പരന്നു കിടക്കുന്നു. 300 വര്ഷം മുന്‍പ് പണിതത്.  50-60 വര്‍ഷമെടുത്തത്രേ അത് പണി തീരാന്‍   ചുറ്റും മരങ്ങളും  കാടും തടാകവും.




അടുത്ത  ലക്‌ഷ്യം  സ്വിറ്റ്സര്‍ലന്‍ഡ്  --- സഞ്ചാരികളുടെ പറുദീസ.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കാറില്‍ പോകാം. ജര്‍മ്മനിയുടെ അയല്‍രാജ്യം.  41200 sq. km. മാത്രംമുള്ള  യൂറോപ്പിലെ ഒരു കൊച്ചു രാജ്യം. മൂന്നില്‍ രണ്ടു ഭാഗവും കാടുകളും പര്‍വ്വതങ്ങളും തടാകങ്ങളും.  പാലുല്‍പ്പന്നങ്ങളും ചോക്ലേറ്റുമൊക്കെയാകുന്നു പ്രധാന ഉത്പാദനം, കയറ്റുമതിയും. .  പിന്നെ അറിയാല്ലോ, സ്വിസ് ബാങ്കും.

 cost of living  താങ്ങാന്‍ കഴിയുന്നതല്ല.  ഒന്ന് കണ്ടു പോരാം എന്ന് മാത്രം. അല്ലെങ്കില്‍ പിന്നെ സ്വിസ് ബാങ്കില്‍ അക്കൗണ്ട്‌ വേണം. നമുക്കതില്ലല്ലോ. പോകുന്ന വഴി മുഴുവന്‍ പച്ചപ്പരവതാനി വിരിച്ച പോലെ.  മേഞ്ഞു നടക്കുന്ന പശുക്കളും കുതിരകളും. എവിടെ നോക്കിയാലും പല നിറത്തിലും തരത്തിലുമുള്ള പൂക്കള്‍. ഏതൊക്കെയോ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടന്നിട്ടുള്ള സ്ഥലം.  അന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല, എന്നെങ്കിലും  ഇവിടെയൊക്കെ  കാണാന്‍ കഴിയുമെന്ന്.

ആദ്യം പോയത്~ Rhine Falls  കാണാന്‍. മ്യൂണിക്കില്‍  കണ്ട അതേ റയിന്‍ നദിയില്‍.  വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തുവരെ പോകാം. ധൈര്യമുള്ളവര്‍ക്ക് അതിന്റെ ഒത്ത നടുവിലുള്ള ഒരു പാറക്കെട്ടില്‍ കയറി നില്‍ക്കുകയുമാവാം.


വെള്ളച്ചാട്ടത്തിന്റെ തൊട്ടു മുകളിലെ ഒരു പഴയ castle ല്‍ ആയിരുന്നു താമസം. യൂത്ത് ഹോസ്റല്‍ ആയി  മാറിയ ഒരു പഴയ കൊട്ടാരം.   അങ്ങനെ ഒരു ദിവസം  രാജകൊട്ടാരത്തില്‍ അന്തിയുറങ്ങാനും പറ്റി.


   
കഴിഞ്ഞില്ല. കുറച്ചുകൂടിയുണ്ട്.  അത്  അടുത്തതില്‍.

എഴുത്തുകാരി.









21 comments:

Typist | എഴുത്തുകാരി said...

അതിനു ശേഷം വീണ്ടും പോയി ഒരിക്കല്‍ കൂടി. എന്നിട്ടും ആദ്യ യാത്രയുടെ വിശേഷങ്ങള്‍ ഇടാന്‍ ഇപ്പഴാ സമയമായത്‌. എല്ലാത്തിനും ഓരോ സമയമുണ്ടെന്നാണല്ലോ!

വിനുവേട്ടന്‍ said...

അത് ശരി... ഇതിനിടെ യൂറോപ്യൻ പര്യടനവും നടത്തിയോ... എന്നാൽ പിന്നെ വച്ച് താമസിപ്പിക്കണ്ട... വിശേഷങ്ങളൊക്കെ ഇങ്ങ് പോന്നോട്ടെ...

പിന്നെ ജർമ്മനി... നമ്മുടെ നോവലുകളുടെ പശ്ചാത്തലമാണ് കേട്ടോ... നന്നായി കണ്ടോളൂട്ടോ...

Typist | എഴുത്തുകാരി said...

നമ്മുടെ കോണ്‍റാഡും ഡെനിസും ഒക്കെ കറങ്ങിയിരുന്ന സ്ഥലം അല്ലേ.

റാണിപ്രിയ said...

വായിച്ചു യൂറോപ്പിൽ പോയപോലെ ആയീ .
ബൂലോകം ഉണരട്ടെ. ദേവൂട്ടിയും എഴുതീ ട്ടോ
https://ranipriyaa.blogspot.com/2018/11/blog-post.html

വിനുവേട്ടന്‍ said...

അതെ... അത് തന്നെ... :)

Manikandan said...

ഇത്ര ഗംഭീരമായ ഒരു പര്യടനം നടത്തിയിട്ട് അത് വിശദമായി തന്നെ എഴുതൂ ചേച്ചി. അല്പം സമയമെടുത്തായാലും. വളരെ നാളുകൾക്ക് ശേഷമാണ് ഇവിടെ എത്തുന്നത്. അതെന്തായാലും ഇങ്ങനെ ഒരു യാത്രാവിവരണം വായിക്കാൻ അവസരം ഉണ്ടായതിൽ സന്തോഷം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു കൊട്ടപ്പറയോളം കലക്കൻ യാത്രകൾ നടത്തിയിട്ട്
അരനാഴി പോലും വിവരണം തരാത്തതിൽ വിഷമമുണ്ട് ,
യാത്രാവിവരണക്കാരുടെ കഞ്ഞി കുടി മുട്ടിക്കണ്ടാണ് വെച്ചിട്ടാവും..ല്ലേ
പിന്നെ ഇനി മൂന്നാം വട്ടം വരുമ്പോൾ ഈ ബിലാത്തിപട്ടണം കൂടി സന്ദർശിക്കണം കേട്ടോ

Typist | എഴുത്തുകാരി said...

റാണിപ്രിയ, സന്തോഷം. നന്ദി ഈ വഴി വന്നതിന്.

Manikandan, സന്തോഷം വായനക്കും അഭിപ്രായത്തിനും.

Typist | എഴുത്തുകാരി said...

Muralee Mukundan, ഒരു യാത്ര കൂടി ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. തീര്‍ച്ചയായും ബിലാത്തിപ്പട്ടണം വഴി പോവാം.

പ്രയാണ്‍ said...

ആഹാ... ആ കാലമായി കണ്ടിട്ട്!

Typist | എഴുത്തുകാരി said...

ആഹാ, പ്രയാണ്, very happy to see you. ബൂലോഗത്തൊന്നും കാണാറില്ല. ഞാനും വല്ലപ്പോഴുമേ ഉള്ളു.

നാട്ടിലുണ്ടോ ഇപ്പോള്‍?

Punaluran(പുനലൂരാൻ) said...

യാത്രാവിശേഷങ്ങൾ ഒക്കെ വിശദമായി പോരട്ടെ ..ഫോട്ടോയിൽ ഒന്ന് തല കാണിക്കുന്നതുകൊണ്ട് കുഴപ്പം ഇല്ല മാഡം..ആശംസകൾ

Typist | എഴുത്തുകാരി said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

നന്ദി, പുനലൂരാന്‍.

ആ ഫോട്ടോകളിലൊന്നും ഞാന്‍ പെട്ടില്ല അത്രയേയുള്ളൂ. ഒരു മൂന്നു നാല് പോസ്റ്റുകള്‍ക്ക് മുന്‍പ് "ഒരു കുഞ്ഞുബ്ലോഗ്‌ മീറ്റ്‌" ല്‍ ബിലാത്തിപ്പട്ടണം, വിനുവേട്ടന്‍, പിന്നെ ഈ എഴുത്തുകാരി എല്ലാവരുടെയും ഫോട്ടോ ഉണ്ട്. ലിങ്ക് കൊടുക്കാന്‍ പറ്റുന്നില്ല. സമയം കിട്ടുമ്പോള്‍ പോയി നോക്കൂ.

Areekkodan | അരീക്കോടന്‍ said...

30 ദിവസത്തെ യാത്രയുടെ വിവരണം 3 ദിവസം കൊണ്ട് തീർക്കാനുള്ള പരിപാടിയാണേന്ന് തോന്നുന്നു.വിശദമായ വിവരണം വരട്ടെ ചേച്ചീ.

Manikandan said...

ഒരു പഴയ ബ്ലോഗ് മീറ്റിന്റെ ചിത്രങ്ങൾ ചേച്ചിയും ഉള്ളത് ഇവിടെ ഉണ്ട്. https://maneezviews.blogspot.com/2009/05/thodupuzha-blog-meet.html

Typist | എഴുത്തുകാരി said...

അരീക്കോടന്‍, നന്ദി.ഒരുപാട് വിശദീകരിച്ചാല് ബോറടിക്കില്ലേ. അതുകൊണ്ട് ചുരുക്കി. എന്തായാലും ഒന്നോ രണ്ടോ ഭാഗം കൂടിയുണ്ടാവും.

Typist | എഴുത്തുകാരി said...

Manikandan, ഒരുപാട് സന്തോഷം. പഴയ ലിങ്ക് ഒക്കെ തപ്പി എടുത്ത് ഇട്ടതിന്. അതും, ഹരീഷിന്റെയും, ഒക്കെ വായിച്ചു. നല്ല നാളുകള്‍ ആയിരുന്നു ഇല്ലേ അതൊക്കെ. ബൂലോഗത്തിന്റെ സുവര്‍ണ്ണ കാലം. എവിടെപ്പോയി ആ പഴയ കൂട്ടുകാരൊക്കെ?

Manikandan said...

മിക്കവരും ഫേസ്ബുക്കിൽ ഉണ്ട് ചേച്ചി.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കുറേ നാളായി എങ്കിലും എഴുത്ത് ഗംഭീരം
അണ്ണാൻ കുഞ്ഞ് മരം കേറ്റം മറക്കുമോ? ബൂലോകം എന്ന സുന്ദരലോകം തിരികെ വരുമോ.വരണം എനിക്കും വരണം. ഇപ്പോൾ എല്ലാവരേയും തപ്പി നടന്നു കമൻറ്സിട്ടു കൊണ്ട് അന്വേഷണം അറിയിക്കുന്നു.

ശ്രീ said...

അതു ശരി, ഇങ്ങനെ ഒരു സംഭവം നടന്നോ... അറിഞ്ഞില്ലല്ലോ!