കുളിയും തേവാരവുമെല്ലാം കഴിഞ്ഞിറങ്ങിയപ്പോള്‍: മണി 6.30. ഏതെങ്കിലും ആലുവ ഫാസ്റ്റ് കിട്ടി വേഗത്തിലെത്താമല്ലോന്നു വച്ചു് ഒന്നു ചാലക്കുടി കൊണ്ടുവിടാനൊരു റിക്വസ്റ്റ് വച്ചുനോക്കി.ഞായറാഴ്ച 7 മണിവരെയുള്ള ഉറക്കം കളഞ്ഞതില്‍ മൊത്തം ബ്ലോഗേഴ്സിനെ ശപിച്ചുകൊണ്ടാവും എഴുന്നേറ്റുവന്നതു്. ചാലക്കുടി വരെ പോകാന്‍ സമയമില്ല. ഇന്നാണു് ആ മഹത്തായ സുദിനം, തെങ്ങുകേറ്റം, മൂന്നാലുമാസങ്ങള്‍ക്കുശേഷം. ഇനി ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും, മുകുന്ദന്റെ ഡേറ്റ് മിസ്സാക്കാന്‍ വയ്യ. ശരി, വേണ്ട. ഒരു കോമ്പ്രമൈസില്‍ അവസാനം കൊടകര വരെ എത്തിക്കിട്ടി.
കൊടകര - ചാലക്കുടി - ആലുവ - പറവൂറ്. അങ്ങിനെ പറവൂരു വരെയെത്തി. ഭംഗിയായിട്ടു ചേറായി എന്നെഴുതിയ ബസ്സില്‍ കയറി സുഖമായിട്ടിരുന്നു. (ആലുവ മുതല്‍ പറവൂരു വരെ ഒറ്റ നില്പായിരുന്നു) .കണ്‍ഡക്റ്ററോട് പറഞ്ഞു, രണ്ടു ചെറായി ദേവസ്വം. ഇതു രാവിലെ കുറ്റീം പറിച്ചെവിടന്നു വന്നെടാ എന്ന മട്ടിലൊരു നോട്ടം. അതു ചെറായി പോവില്ലതേ. ബോര്‍ഡ് മാറ്റി വക്കാന്‍ മറന്നതാ. അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിട്ടു. ഭാഗ്യം, വന്ന വഴിക്കുള്ള കാശ് തരാന്‍ പറയാത്തതു്.
വീണ്ടുമൊരു ബസ്സ്. കണ്‍ഡക്റ്റര്‍, കിളി, ചുറ്റുമുള്ള യാത്രക്കാറ് എല്ലാരോടും പറഞ്ഞുവച്ചു, ദേവസ്വം നട ആവുമ്പോഴൊന്നു പറയണേ. സ്ഥലമെത്തിയപ്പോള്‍, എല്ലാരും കൂടിയൊരു കോറസ്സ്, ദേവസ്വം നട, ദേവസ്വം നട.
അവിടെ നിന്നൊരു ഓട്ടോ.. ചുരുക്കത്തില്‍,രണ്ടര മണിക്കൂറില്‍ ഒരു കാര്‍, 5 ബസ്സ്, ഒരു ഓട്ടോ ഇത്രയും വാഹനങ്ങളില്‍ കയറിയിറങ്ങി, അമരാവതിയിലെത്തി, അതിരുകളില്ലാത്തെ സൌഹൃദത്തിന്റെ നേര്‍ക്കഴ്ച്ചയിലേക്കു്.
മുകളിലെത്തിയപ്പോള്‍ കുറച്ചുപേരൊക്കെ അവിടെയുണ്ട്. ആദ്യം കണ്ടതു് വാഴക്കോടന്‍ (ഒരു ചെറിയ മനുഷ്യന്‍. ഇയാളാണോ എന്റീശ്വരാ, ബൂലോഗത്തെ ഒറ്റ കുഞ്ഞിനെ വെറുതെ വിടാതെ ഈ വിക്രിയകളൊക്കെ ഒപ്പിക്കുന്നതു്!), ശുഭ്രവസ്ത്രധാരിയായി ഞാനൊരു പാവമാണേ എന്ന ഭാവത്തില്‍ പാവപ്പെട്ടവന്‍ (ഭാവാഭിനയം തീരെ മോശം, പാവപ്പെട്ടവനാണെന്നു കണ്ടാലും തോന്നും), അരീക്കോടന്‍ മാഷ് (കൃത്യമായി ഒരു മാഷ്ക്കു യോജിച്ച രൂപവും ഭാവവും), പോങ്ങൂസ് (സങ്കല്പത്തിലെ രൂപത്തിനൊപ്പമെത്താന്‍ കഴിഞ്ഞില്ല), ഡോക്റ്റര്‍ (കണ്ടാലേ അറിയാം ആളൊരു പാവമാണെന്നു്). പിന്നെ വളരെ ഡീസന്റായ സ്ത്രീജനങ്ങള്‍. നാസ്, ബിന്ദു (രണ്ടുപേരേയും കണ്ടപ്പഴേ മനസ്സിലായി), പിരിക്കുട്ടി (മനസ്സില്‍ മറ്റൊരു രൂപമായിരുന്നു), വാഴക്കോടി, അരീക്കോടി തുടങ്ങിയവരും.
ആരേയും ആദ്യമായിട്ടു കാണുന്ന ഒരു തോന്നലുമില്ല. എല്ലാരും എന്നും കാണുന്ന സുഹൃത്തുക്കളേപ്പോലെ..കാമറ കഴുത്തില്‍ കെട്ടിത്തൂക്കിയ ഹരീഷിനെ കണ്ടപ്പോഴെല്ലാര്‍ക്കുമൊരു നിരാശ. ( ഓ ഇതാണോ ഭീകരന്‍ ഹരീഷ്., പോരാ തീരെ പോരാ).
സമയം 9.30 ആയി. Registration തുടങ്ങി. കൂടെ ചായയും വിത്ത്, ബിസ്കറ്റ്, ചക്കപ്പഴം ആന്‍ഡ് ചക്ക അപ്പം (പാവം ലതി രാത്രി മുഴുവനിരുന്നുണ്ടാക്കിയതു്).ഞാന്‍ നോക്കുമ്പോള്‍ ചിലരൊക്കെ പന്തലിനുള്ളിലേക്കു പോകുന്നില്ല. അവിടെത്തന്നെ നിന്നു ചുറ്റിക്കറങ്ങുന്നു. എനിക്കു കാര്യം പിടികിട്ടി. ഞാനും ഉണ്ടായിരുന്നു അവിടെയൊക്കെ തന്നെ. രാവിലെ 6 മണിക്കൊരു ചായ കുടിച്ചതാണേയ്. (നിബന്ധനകളില്‍ പ്രത്യേകിച്ചൊരു കാര്യം പറഞ്ഞിരുന്നു - പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല, എല്ലാവരും കഴിച്ചിട്ടുവരണം. ഇത് നാട്ടുകാരന്റെ കുത്തിത്തിരിപ്പാണെന്നും എനിക്കിട്ടാണെന്നും ബലമായി സംശയിക്കുന്നു.- സ്മൈലി ഉണ്ട്ട്ടോ.)
ഇനിയുള്ള ചരിത്രം എല്ലാവരുടേയും കൂടിയുള്ള ചരിത്രമാണ്. അതു് മറ്റാരെങ്കിലുമൊക്കെ പറയും. ഇപ്പോള്‍ 10 മണിവരെ ആയിട്ടുള്ളൂ. ഇനി മൂന്നു മണി ആവണമെങ്കില്‍, ഒരു മെഗാ ഖണ്ഡശ്ശ പോസ്റ്റ് വേണ്ടിവരും. അതുകൊണ്ട് സഖാക്കളെ, ഞാനിനി ദീര്‍ഘിപ്പിക്കുന്നില്ല.
കുറച്ചു പടങ്ങളും കൂടിയില്ലാതെന്തു യാത്ര, എന്തു വിവരണം?
പോകുന്ന വഴിയില്‍. എന്താണെന്നു മനസ്സിലായില്ല.
ശരിക്കും സുന്ദരിയല്ലേ ചെറായിയെന്ന ഈ ഞാന്‍!.
വാക്കുകള്‍ അപ്രസക്തം!
ഞങ്ങള്‍ തിരക്കിലാണ്....
നിബന്ധനകള്‍ കര്‍ശനമായും പാലിക്കുക.
മനസ്സിലായല്ലോ!
ആര്‍ക്കിട്ടാണോ പാര പണിയുന്നതു്!
ഞാനാണ് ഞാന്‍ തന്നെയാണ് ഇന്നത്തെ താരം! ക്യൂ പാലിക്കുക.
പട്ടം പറത്തുന്ന കുട്ടി..
കണ്ടാലറിയില്ലേ തറവാടിയാണെന്നു്!
ഇതാണ് അമരാവതി..
റജിസ്റ്റ്രേഷനു ഡിസ്കൌണ്ട് ഉണ്ടോ ആവോ? ;)
അവിടെ അവരെന്തോ ചെയ്യട്ടെ, നമുക്കു കളിക്കാം.
ഇതൊരു ഗൂഡാലോചനയാണല്ലോ!
അതിരുകളില്ലാതെ.......
എഴുത്തുകാരി.