Wednesday, May 18, 2011

ചുവന്ന റോസാപ്പൂക്കൾ

ഒരു ദിവസം ഞാനും മോളും കൂടി ഒരിടത്ത് പോയി വരുന്നു. സ്ഥലം ചെന്നൈ മഹാനഗരം.  ഇവിടെ എത്തിയിട്ട് അധിക ദിവസമായില്ല.

ഒരു ജംഗ്ഷനാണ്.  ബസ്സുകളും കാറുകളുമൊക്കെ  സിഗ്നൽ കാത്തുകിടക്കുന്നു. എ സി ബസ്സിലായിരുന്നു. ഡോർ  ഒന്നു തുറന്നു തന്നിരുന്നെങ്കിൽ ഇറങ്ങാമായിരുന്നു എന്നു മനസ്സിൽ കരുതി കൺഡക്റ്ററെ നോക്കി ഒന്നു ചിരിച്ചുനോക്കി. സ്നേഹമുള്ള കൺട്ക്ടറായിരുന്നു.  ഡോർ തുറന്നു തന്നു.   പകരമായി  സ്നേഹമുള്ള ഒരു ചിരി തിരികെ കൊടുത്തു. വെയിലത്ത് ഇത്രേം വഴി നടക്കാതെ കഴിഞ്ഞല്ലോ.

ചെന്നൈയിലും സ്നേഹമുള്ളവരൊക്കെ ഉണ്ട്,  എന്നോർത്ത് പുളകം കൊണ്ട് അങ്ങിനെ നടന്നു  തുടങ്ങി. താഴേക്കൊന്നു നോക്കിയപ്പോൾ റോഡിൽ നല്ല ചുവന്ന റോസാപ്പൂക്കൾ. പൂ, അതും ചുവന്നു തുടുത്ത റോസാപ്പൂ കണ്ടിട്ട്  കാണാതെ പോകുന്നതെങ്ങനെ? എന്നെക്കൊണ്ടാവില്ല..

ഞാൻ കുനിഞ്ഞെടുത്തു, ഒരെണ്ണം.  ഇതു വേണ്ടാ, ഇതിന്റെ ഇതളുകൾ ഒടിഞ്ഞിട്ടുണ്ട്. അപ്പുറത്ത് വേറേം ഉണ്ടല്ലോ. പിന്നെന്തിനാ ഇതു്? നല്ലതു നോക്കി ഒരു രണ്ടുമൂന്നെണ്ണം എടുത്തു.  പൂ കച്ചവടക്കാരൻ സൈക്കിളിൽ കൊണ്ടുപോകുമ്പോൾ കൊട്ട മറിഞ്ഞതാവും.

റോസ് മാത്രമല്ല, ചെട്ടിമല്ലിയുമുണ്ട്. മഞ്ഞയും ചുവപ്പുമൊക്കെ. ഞാൻ മോളോട് പറഞ്ഞു,  മോളേ, നല്ല മൂത്തതു നോക്കി  രണ്ടുമൂന്നെണ്ണം എടുത്തോ. വീട്ടിൽ കൊണ്ടുപോയി പാവാം. ഇത്തിരി മുറ്റമൊക്കെയുണ്ട്. അതിൽ മൂന്നാലു ചെടികൾ വച്ചിട്ടുമുണ്ട്. ഇനിയും ചെടികൾ എങ്ങിനെ സംഘടിപ്പിക്കും  എന്നു കരുതിയിരിക്കുമ്പഴാ നിനച്ചിരിക്കാതെ ഇതിങ്ങനെ മുന്നിൽ വീണുകിടക്കുന്നതു്. ദൈവത്തിന്റെ ഓരോരോ കളികൾ!  കാശു കൊടുത്ത് ചെടി വാങ്ങുന്ന ശീലമില്ലല്ലോ. നാട്ടിൽ ഓരോ വീട്ടിലും തെണ്ടിയാണല്ലോ ചെടികൾ സംഘടിപ്പിക്കാറ്. ഇതിപ്പോ ദാ നല്ല മൂത്ത വിത്ത്, മഞ്ഞയും ചുവപ്പും. നല്ല രണ്ടുമൂന്നു റോസാ‍പ്പൂക്കളും. അതാ പറഞ്ഞതു്, ദൈവത്തിന്റെ ഓരോരോ കളികൾ. അവിടെ ഇറക്കിത്തന്ന കൺടക്റ്റർക്കും, മറിഞ്ഞുപോയ പൂക്കൾ വാരിയെടുക്കാതെ അവിടെത്തന്നെ ഇട്ടിട്ടുപോയ പൂക്കാരനേയും മനസ്സിൽ നന്ദിയോടെ സ്മരിച്ചു.

പറ്റാവുന്നതൊക്കെ എടുത്ത് നടക്കാൻ തുടങ്ങിയപ്പോൾ വെറുതേ ഒരു തോന്നൽ ആരൊക്കെയോ നോക്കുന്നുണ്ടോ എന്നു്. ഏയ്, തോന്നലാവും, എന്തിനാ നമ്മളെയിപ്പോ നോക്കണേ,  താഴെ വീണുകിടന്നിരുന്ന രണ്ടുമൂന്നു പൂവെടുത്തൂന്നല്ലേയുള്ളൂ, വേറൊന്നും ഞാൻ ചെയ്തിട്ടില്ല. അതും  വീണു കിടന്നിരുന്നതല്ലേ. റോസപ്പൂവിനെ ഇടക്കൊന്നു വാസനിച്ചു നടന്നു തുടങ്ങി. അപ്പഴും തോന്നി, അല്ല എന്തോ പ്രശ്നമുണ്ട്, അവരൊക്കെ നോക്കുന്നുണ്ട്.

ശങ്കിച്ച് ശങ്കിച്ച്  നടന്നുതുടങ്ങിയപ്പോൾ അടുത്ത കടയിലെ ഒരാൾ (ഇതേതു കോത്താഴത്തിൽ നിന്നു വരുന്നതാണപ്പ എന്നു തമിഴിൽ  വിചാരിച്ചുകൊണ്ട്,  അതെങ്ങിനെ മനസ്സിലായി  എന്നു ചോദിച്ചാൽ,  മനസ്സിലായി, അത്ര തന്നെ)  അടുത്തേക്കു  വരുന്നു, എന്നിട്ട് പറയുന്നു എന്നമ്മാ ഇതു്, അന്ത പൂക്കൾ എടുക്ക കൂടാത്‌.

സംഭവം എന്താന്നുവച്ചാല്, മരിച്ച ഒരാളുടെ ശവം കൊണ്ടുപോയപ്പോൾ (മരിക്കാത്ത ഒരാളുടെ ശവം കൊണ്ടുപോവുമോ എന്ന മറുചോദ്യം വേണ്ടാ. ഒന്നു ക്ലിയറാക്കി പറഞ്ഞൂന്നു മാത്രം!)  വഴി നീളെ ഇട്ടുപോയതാണാ പൂക്കൾ.  ഇവിടെ അങ്ങിനെയാണ്, കൊട്ടും മേളവും പടക്കം പൊട്ടിക്കലും, വഴിനീളെ പൂവെറിയലും ഒക്കെയായിട്ട് ആഘോഷമായിട്ടാണ് ലാസ്റ്റ് ജേണി. ഇപ്പഴല്ലേ അതൊക്കെ പിടികിട്ടുന്നതു്.

പൂക്കൾ താഴെയിട്ടിട്ട് വേഗം സ്ഥലം വിട്ടു. രണ്ടു പൂക്കൾ  കണ്ടപ്പോൾ ഇത്ര ആക്രാന്തം കാണിക്കേണ്ട  വല്ല കാര്യമുണ്ടായിരുന്നോ.

എഴുത്തുകാരി.