Saturday, December 31, 2022

മാനഹാനിയും ധനനഷ്ടവും

 വാരഫലം നോക്കുന്ന പതിവില്ല. എന്നാലും ഈ  ആഴ്ച അത് തന്നെയാവും എൻ്റെ വാരഫലത്തിൽ, ഉറപ്പ്.

ഒരു  ഒന്നൊന്നര മണിക്കൂർ നേരം എൻ്റെ  മൊബൈൽ ഒന്ന് ഓഫ് ആയപ്പോയി. പിന്നെ ഉണ്ടായ പുകില്.  എൻ്റമ്മോ.

അകലെയുള്ള മക്കൾ വിളിക്കുന്നു. രണ്ട് പ്രാവശ്യം, മൂന്ന് പ്രാവശ്യം, 4 പ്രാവശ്യം. മറുപടിയില്ല.  അവർ  ഇനിയീ നാട്ടിൽ വിളിക്കാൻ ആരുമില്ല ബാക്കി.

അമ്പലത്തിൽ തൊഴാനെങ്ങാനും പോയിട്ട് ഇത്തിരി കൂടുതൽ നേരം പ്രാർത്ഥിക്കാൻ തോന്നിയോ, അടുത്ത വീട്ടിൽ അകലെയുള്ള വീട്ടിൽ, എന്ന് വേണ്ട, എന്തിന് പറയുന്നു, ഒരു പ്രദേശം  മുഴുവൻ ഉത്കണ്ഠയുടെ മു ൾമുനയിൽ.

ഇതൊന്നമറിയാതെ പാവം ( ?) ഞാൻ ഗേറ്റും പൂട്ടി potato കറിയും ചപ്പാത്തിയും കഴിച്ച് relaxed ആയി ടിവിയുടെ മുൻപിൽ.  

ആരോ ഗേറ്റിൽ തട്ടുന്നു. ഇതാരാ ഈ നേരത്ത്? അപ്പുറത്തെ വീട്ടിലെ ചേച്ചി. അമ്പലത്തിലെ വഴിപാട് പായസം  തരാനായിരിക്കും. ഇന്നവരുടെ നിറമാല ആയിരുന്നല്ലോ. കുശാലായി. അത്താഴം കഴിഞ്ഞ് ഇത്തിരി മധുരം ആവാല്ലോ.

അവർ ഇനിയൊന്നും പറയാൻ ബാക്കിയില്ല.  എന്താ നീ ആരും വിളിച്ചിട്ട് ഫോൺ  എടുക്കാത്തെ, വേഗം മക്കളെ വിളിക്ക്. ഞങ്ങളൊക്കെ എത്ര തീ തിന്നു.  വല്ലപ്പോഴും ആ കുന്തം e  ഒന്നെടുത്ത് നോക്കിക്കൂടെ.

ഓടി ചെന്ന്  മോബൈൽ നോക്കി. ഈശ്വരാ, missed call ഏഴെട്ടെണ്ണം.  ഇതാരാ silent ആക്കിയെ?  

ചമ്മലോടെ എല്ലാരേം തിരിച്ചു വിളിച്ചു. അപ്പോഴേക്കും പലരും അന്വഷിച്ച് പുറപ്പെട്ടു തുടങ്ങിയിരുന്നു.   എല്ലാരും കൂടി എന്നെ, എന്ത് പറയാൻ, വയറു നിറഞ്ഞു.

ഞാനിന്ന് പേടിച്ചിട്ട് പുറത്തിങ്ങിയിട്ടില്ല. 

"എന്നാലും നീ ഇന്നലെ ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ". " ഓരോ മണിക്കൂർ കൂടുമ്പോ മക്കൾക്ക് ഒരു good morning ,  good night ഒക്കെ അയച്ചൂടെ നിനക്ക്.". " കുറച്ചുകൂടിയൊക്കെ ശ്രദ്ധിക്കണ്ടേ"  ഉപദേശങ്ങളുടെ പെരുമഴ...


എഴുത്തുകാരി


വാൽക്കാഷണം: കുറച്ചൊരു പൊടിപ്പും തൊങ്ങലും ഉണ്ട്. എന്നാലും സംഗതി സത്യം തന്നെ. എൻ്റെ പ്രിയപ്പെട്ട നാട്ടുകാരെ, നിങ്ങളോട് സ്നേഹം മാത്രം.


Wednesday, March 17, 2021

ഒരു വർഷം..

ഒരു വർഷമായിരിക്കുന്നു .  അതെ, നീണ്ട ഒരു വർഷം.  ഈ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടിയിട്ട്. 

കല്യാണങ്ങളില്ല,  ഉത്സവങ്ങളില്ല,  കൂടിച്ചേരലുകളില്ല,  എല്ലാരും സ്വന്തം  മാളങ്ങളിൽ. 

ആരെയും കാണാതെ, എവിടെയും പോകാതെ ജീവിതത്തിൽ നിന്നും ചീന്തി എറിഞ്ഞ ഒരു വർഷം. 

അറിഞ്ഞുകൊണ്ട് സ്വയം തീർത്ത എൻ്റെ മാത്രം ലോകം.

എൻ്റെ ചുമരുകൾക്കുളളിലിരുന്ന് ഞാൻ നോക്കിക്കൊണ്ടേയിരുന്നു, പുറം ലോകം.

തുടക്കത്തിൽ ഒരാഘോഷമായിരുന്നു കണ്ടത്. കാലങ്ങളായി  മറന്ന്‌ കിടന്ന  കൂട്ടുകാരെ  വിളിക്കലും ഓർമ്മ പുതുക്കലും സ്നേഹാന്വേഷണങ്ങളും. Whatsappൽ  പുതിയ പുതിയ  ഗ്രൂപ്പുകൾ ഉണ്ടായി വന്നു.  ആകെ ഒരു ബഹളം. വീണുകിട്ടിയ ഒരവധിക്കാലം പോലെ.  

പുതിയ പാചക പരീക്ഷണങ്ങൾ.

പെട്ടെന്ന് തീരുന്നൊരു അവധിക്കാലമല്ലിത്,  മറിച്ച് തിരികെ പോകാൻ മടിക്കുന്ന ഒരു വിരുന്നുകാരനാണ് വന്നിരിക്കുന്നതെന്ന് ബോധ്യമായതോടെ,  ഉത്സാഹം‌  ശൂന്യതക്ക്  വഴി മാറി.  പല ശബ്ദങ്ങളിൽ നിന്നെനിക്കത് മനസ്സിലായി.

പതിയെ പതിയെ,  പൊട്ടി മുളച്ച  പുതിയ സൗഹൃദങ്ങളിൽ, സുഖാന്വേഷണങ്ങളിൽ ഇടവേളകളുടെ ദൈർഘ്യം കൂടിക്കൂടി വന്നു.

ഇതിനൊരു മറുപുറവുമുണ്ട്.

മുടങ്ങിക്കിടന്ന വായന പൊടി തട്ടിയെടുത്തവർ.

കൃഷിയിലേക്ക് തിരിഞ്ഞവർ.  പച്ചക്കറിയും പൂന്തോട്ടവുമൊക്കെയായി.  

കാണാതിരുന്നിട്ടും കൂടുതൽ കൂടുതൽ. ദൃഢമായ ചില  സൗഹൃദങ്ങൾ. 

ഇടയിലെ മതിലുകൾ  ഒരു തടസ്സമേ ആയില്ല. 

അറ്റ്  പോയ  ചിലതും. അതൊന്നും യഥാർത്ഥ മായിരുന്നില്ല എന്ന തിരിച്ചറിവ്.

നല്ല ഒരു നാളെ വീണ്ടും വരും എന്ന പ്രത്യാശ. ചെറു നാമ്പുകൾ വന്നു തുടങ്ങുന്നു. അത് തന്നെയല്ലേ ജീവിതം.

എഴുത്തുകാരി.

Wednesday, November 27, 2019

അവസ്ഥാന്തരങ്ങൾ......


ഉച്ചക്ക് ഊണിന് ഒരു ഓലൻ കൂടിയായോലോ എന്നൊരാലോചന.   ഒരു കൂട്ടാനുണ്ട്, ഉപ്പേരിയുണ്ട്. പലപ്പോഴും ഒരണ്ണംപോലും ഉണ്ടാക്കാത്ത  മടിച്ചിയാണു ഞാന്‍ സ്വതവേ.

ഇനി തുടങ്ങാം. കൊപ്പക്കായ ആണ് താരം.
(കപ്പങ്ങ,  ഓമക്ക അങ്ങിനെ  പല സ്ഥലങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഇതിനെ ഞാന്‍ പപ്പായ എന്നു പറയാം, അതല്ലേ സൌകര്യം).

നല്ല ചെനച്ച (എന്നു വച്ചാല്‍ നല്ല മൂപ്പായി പഴുക്കാന്‍ തുടങ്ങുന്ന സ്റ്റേജ്)  പപ്പായ. വേവിച്ച്, രണ്ടുമൂന്നു പച്ചമുളക് കീറിയിട്ട്,  ഇത്തിരി പച്ച വെളിച്ചെണ്ണയൊഴിച്ച്,  പിന്നെ   ഒരു പിടി  കറിവേപ്പില, അതിലിത്തിരി നാളികേരപ്പാല് കൂടി ഒഴിച്ചാലോ, എന്റമ്മേ, ഒന്നും പറയണ്ട,

അന്ന് മടി ഇത്തിരി കുറഞ്ഞ ദിവസമായിരുന്നു. എന്നാല്‍ പിന്നെ ഇന്ന് ഓലന്‍ വച്ചിട്ടു തന്നെ കാര്യം.  വച്ച കാല്‍  പുറകോട്ടില്ലല്ലോ.

മുറ്റത്തൊരു മരമുണ്ട്..പിന്നെ പറമ്പില്‍ വേറെ രണ്ടെണ്ണം കൂടി.  ഇഷ്ടം പോലെ കായയും.   ഇടക്കിടെ മാധവന്‍  വന്നു ഓരോ കൊട്ട നിറയെ  കൊണ്ടുപോകും..ഏതു വഴിക്കാണോ പോണേ, അവിടെയുള്ളവര്‍ക്ക് കൊടുക്കും.(എന്നു പറയുന്നു).

ഇന്ന് ഞാന്‍ തന്നെ ഒരെണ്ണം പറിച്ചെടുക്കാന്‍ തീരുമാനിച്ചു.   .മുറ്റത്തെ മരത്തില്‍ കായുണ്ട്.  പക്ഷേ കാണാനൊരു ഭാഗിയില്ല. നീളനാണ്, തടിയും  കുറവ്.   അപ്പോള്‍ അത്  വേണ്ട.  അപ്പുറത്തെ മരത്തില്‍  നല്ല സുന്ദരിക്കായകള്‍.   ഉരുണ്ടു തടിച്ചിട്ട്.   അത് മതി.

ഇവിടെ ഉണ്ടായിരുന്ന തോട്ടി എടുത്തു അവിടെ കൊണ്ടുപോയി പപ്പായ പറിച്ചു.  പപ്പായ വീണു. ഒന്നല്ല രണ്ടെണ്ണം.  ഇനിയെന്താ എഴുത്തുകാരി അതുകൊണ്ടുപോയി ഓലന്‍ വച്ച് കഴിച്ചിട്ടുണ്ടാവും . എല്ലാം  ശുഭം  എന്നു വിചാരിക്കാന്‍ വരട്ടെ. ഒന്നും ശുഭമായില്ല. പപ്പായവീണു.   തൊട്ട് പിന്നാലേ തോട്ടിയും. അസ്സല് കനമുള്ള നല്ല  ഇരുമ്പിന്റ്റെ  തോട്ടി.  കിറുകൃത്യം  എന്റെ കാലില്.

കറക്റ്റ് ഒരു വിരലില്. അങ്ങടൂല്യാ ഇങ്ങടൂല്യാ.  സ്വര്‍ഗ്ഗോം നരകോം ഒരുമിച്ച് കണ്ടു.   വീണു കിടക്കുന്ന പപ്പായകളെ ആദ്യം എടുത്തെറിഞ്ഞു. അപ്പോഴവയ്ക്ക് ഒരു സൌന്ദര്യോം ഇല്ലായിരുന്നു.

 സംഭവം പിശകായി.    കാലിന് വണ്ണം കൂടിക്കൂടി വരുന്നു.

എല്ല് ഒടിഞ്ഞു അല്ലെങ്കില്‍  ചിന്നല്‍.  വിരലിന്ടെ  തുമ്പത്തായതുകൊണ്ട് പ്ലാസ്റ്ററല്ല,  വേറെന്തോ ഒരു സൂത്രപ്പണി.  ഒരാഴ്ച കഴിഞ്ഞു.  ആ കെട്ടഴിച്ചു. വല്യ വേദനയില്ല.  അത്യാവശ്യം പാല്‍ വാങ്ങല്‍, എ‌ടി‌എം,   ചെടികള്‍ക്കിത്തിരി വെള്ളമൊഴിക്കല്‍  ഒക്കെ തുടങ്ങി.

കാലിനും വിരലിനുമൊന്നും അതിഷ്ടായില്ല.. വേദന, നീര്. വിരലായാലും വിരലിന്റെ അറ്റമായാലും സൂത്രപ്പണിയൊന്നും നടക്കില്ല.  വീണ്ടും നിര്‍ബന്ധിത വിശ്രമം.  അല്ലെങ്കില്‍ പിടിച്ച് പ്ലാസ്റ്റര് ഇടുമെന്ന ഭീഷണി.  ചുരുക്കത്തില്‍  വീട്ടുതടങ്കല്‍ ഇനിയും. ഒരു  രണ്ടാഴ്ച.

പക്ഷേ ഒന്നുണ്ട്. സ്നേഹമുള്ളവരാട്ടോ എന്റെ അയൽവാസികൾ.  എന്നും രാവിലെ ബ്രേക്ഫാസ്റ്റും കൊണ്ട് വരും രാധ ചേച്ചി.  ഇഡ്ഡലി വിത്ത് ചട്ട്ണി, പൊങ്കല്‍, കോക്കനട്ട് റൈസ്. അങ്ങിനെ പോകുന്നു മെനു. ഉച്ചക്ക്  മണി ചേച്ചി. സാമ്പാര്‍, കൂര്‍ക്ക മെഴുക്ക് പുരട്ടി.   വേണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല!  ഞങ്ങൾ അങ്ങിനെയാണ്.

ഉർവ്വശീ ശാപം ഉപകാരം എന്നു കരുതണോ, അതോ,   അയ്യോ ഇങ്ങനെയായല്ലോ  എന്നു കരുതണോ എന്ന ആശയക്കുഴപ്പത്തിലാണ്  ഞാനിപ്പോള്‍.

ഒരാഴ്ച അങ്ങിനെ കഴിയട്ടെ അല്ലേ. തല്‍ക്കാലം  ഹാപ്പി ആയിട്ട്  പൂവ്വാ.

Thursday, November 14, 2019

എന്നാലും ...

കുറച്ച് പ്രായമുള്ളൊരു  ടീച്ചര്‍. എന്റെ നാട്ടുകാരിയല്ല.   കുറച്ചു കാലം മുന്‍പ് ഇവിടെ അടുത്ത് കുറച്ച് സ്ഥലം വാങ്ങി. താമസം പഴയ സ്ഥലത്ത് തന്നെ.  മകന്‍ പുറത്താണ്.  ദുബായിലോ  മറ്റൊ.

പറമ്പില്‍   നിറയെ വാഴകള്‍.  അധികവും റോബസ്റ്റ .  ഇടക്ക് ടീച്ചര്‍ നേരിട്ട് വരും. ചിലപ്പോള്‍ പണിക്കാരന്‍ വരും. വാഴക്കുലകള്‍ വെട്ടിക്കൊണ്ടുപോകും. പറമ്പില്‍ വരുമ്പോള്‍ ഇവിടേം വരും. ഒരു കാപ്പികുടിക്കും. കുറച്ച്  നേരം വിശേഷങ്ങള്‍ പറഞ്ഞിരിക്കും.

ചെന്തെങ്ങിന്റെ തേങ്ങ വാങ്ങാന്‍  ചില നഴ്സറിക്കാര്‍ വരും.  വിത്തിനായിട്ട്.  അവര്‍ തന്നെ കയറി ഇടും.  നല്ല വിലയും കിട്ടും.   ടീച്ചറുടെ  പറമ്പിലും ഉണ്ടൊരു ചെന്തെങ്ങ്.  അത്  കണ്ടപ്പോള്‍  അവര്‍ക്കതും കിട്ടിയാല്‍ കൊള്ളാം.  ഞാന്‍ പറഞ്ഞു, അതിനെന്താ . ഞാന്‍  ചോദിക്കാമല്ലോ. ടീച്ചര്‍ക്കും കാശ് കിട്ടിക്കോട്ടെ.  ടീച്ചറെ വിളിച്ചു ചോദിച്ചു.  ഇത് പിന്നെ പതിവായി.  വിളിച്ചു സമ്മതം ചോദിക്കണം ( സമ്മതം ഉറപ്പാണ്,  എന്നാലും ചോദിക്കാതെ പാടില്ലല്ലോ) . ഞാന്‍ ആ പറമ്പില്‍ പോയി എണ്ണം നോക്കണം , കാശു വാങ്ങി സൂക്ഷിക്കണം, ടീച്ചര്‍ വരുമ്പോള്‍ കൊടുക്കണം. അതൊന്നും നോ പ്രോബ്ലം. രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കലല്ലേ.

മണ്ണുത്തിയിലൊന്ന് പോണമെന്ന് ഒരു ഉള്‍വിളി വന്നു ഇടക്കെനിക്ക്.  തെങ്ങിന്‍ തൈകള്‍, വാഴക്കന്നുകള്‍, അങ്ങനെ പലതും വാങ്ങണം.  (വല്യ കര്‍ഷക ശ്രീമതി ആണെന്നാ എന്റെ ഒരു ഭാവം. പക്ഷേ ഒന്നൂല്യാട്ടോ. ആകെ‌ ഒരിരുപത് സെന്‍റ് സ്ഥലോം കുറച്ച് തെങ്ങും വാഴയും മാത്രം).    കുട്ടി പോവുമ്പോ ഞാനും കൂടി വരാം. എനിക്കും വാങ്ങണം ചിലതൊക്കെ, ഒറ്റക്കൊന്നും പോവാന്‍ വയ്യ   എന്നായി ടീച്ചര്‍.  അതിനെന്താ ഞാന്‍ കൊണ്ടുപോകാം എന്നു ഞാനും.  പരോപകാരമാണല്ലോ  എന്റെ  ജീവിതലക്ഷ്യം!

എന്റെ വീട്  അമ്പലത്തിന് അടുത്താണ്.  അതുകൊണ്ട്  ടീച്ചര്‍ക്ക് വേറെയുമുണ്ടൊരു ഉപകാരം.   പലപ്പോഴും വിളിച്ചു പറയും, കുട്ടീ,  തിരുവോണത്തിന് ഒരു  പായസം  ചീട്ടാക്കി വക്കണേ.  എന്റെ കയ്യിലെ കാശു കൊടുത്ത്  അതും ഞാന്‍ ചെയ്യും.  ദോഷം പറയരുതല്ലോ  കാശൊക്കെ കിറുകൃത്യമായിട്ട്  തരും. 

കാര്യങ്ങള്‍ ഇങ്ങനെ വളരെ ഭംഗിയായി പോയിക്കൊണ്ടിരിക്കുന്ന  സമയത്ത്  എന്റെ പറമ്പ് പണിക്ക്  പുതിയ ഒരാളെത്തി. തമിഴന്‍ മുത്തു.

( ഗോവിന്ദന്‍   പണിത് പണിത്, പറമ്പില്‍ നേരെ നില്‍ക്കുന്ന ഒറ്റ വാഴപോലും, ഇല്ലാ.  ആശാന്‍ കൂലി വാങ്ങി പോകാന്‍ നോക്കി നില്‍ക്കും  വാഴകള്‍  മറിഞ്ഞു വീഴാന്‍ .  നേരെ നില്‍ക്കുന്നതിനേക്കാള്‍  കമിഴ്ന്നു കിടക്കുന്ന വാഴകളാണ്  കൂടുതല്‍.  കുലച്ചതും കുലക്കാത്തതുമായി. 

എന്നാ പിന്നെ പണിക്കാരനെ ഒന്നു  മാറ്റിക്കളയാം എന്ന  തീരുമാനത്തിന്റെ പുറത്താണ്  തമിഴന്‍ മുത്തുവിന്റ്റെ  രംഗപ്രവേശം). 

പുതിയ പണിക്കാരനെ മാക്സിമം  യൂട്ടിലൈസ് ചെയ്യണമല്ലോ, പിന്നെ ഞാനൊരു മഹാ കൃഷിക്കാരിയുമല്ലേ,  കംപ്ലീറ്റ് വാഴ വയ്ക്കാം.  എന്റെ  പറമ്പിലുള്ള കന്നുകള്‍ വച്ചു.  അപ്പുറത്തെ പറമ്പില്‍ നിന്ന് അഞ്ചെട്ടു പൂവന്‍ കന്ന്,  മണി ചേച്ചിയുടെ പറമ്പില്‍ നിന്ന് രണ്ടു മൂന്നു ഏറാടന്‍ കന്നുകള്‍.(അവിടെയൊന്നും ആളില്ലാട്ടോ.  എല്ലാം ഓവര്‍ ഫോണ്‍). ചോദിച്ചപ്പോള്‍  ആവശ്യമുള്ളത്  ഇളക്കി  എടുത്തോളാന്‍  പറഞ്ഞു).  പണിക്കാരനെ കിട്ടുമ്പോഴല്ലേ ചെയ്യാന്‍ പറ്റൂ.

വടക്കന്‍ കദളി, പാളയംകോടന്‍,  ഇത് രണ്ടും ആള്‍റെഡി ഉണ്ട്.      ഇപ്പോഴിതാ എറാടനും,  പൂവനും കിട്ടി.   അപ്പൊ ചെറിയ ഒരു അതിമോഹം. രണ്ടു റോബസ്റ്റയും  കൂടിയായാലോ. അത് മേല്പറഞ്ഞ ടീച്ചറുടെ പറമ്പിലേയുള്ളൂ.  ഇഷ്ടം പോലെ ഉണ്ട് താനും.  ഞാന്‍ ചോദിച്ചാല്‍ തരാതിരിക്കില്ല,  എന്നാലും ഒന്നു ചോദിക്കണമല്ലോ. അതല്ലേ അതിന്റെ ഒരു ശരി.

വിളിച്ചു.  വിശേഷങ്ങളൊക്കെ ചോദിച്ചു.  ആവശ്യം പറഞ്ഞു." ഞാന്‍ രണ്ടു റോബസ്റ്റ കന്ന് എടുത്തോട്ടെ പറമ്പീന്ന്".

"എന്തിനാ കുട്ടീ ചോദിക്കണേ, എത്രയാ വേണ്ടേന്നുവച്ചാ എടുത്തൂടെ" എന്ന മറുപടി പ്രതീക്ഷിച്ചു നിന്ന എനിക്ക് കിട്ടിയ മറുപടി ഇതായിരുന്നു. .

"കുട്ടി, അതിനിപ്പൊ മോന്‍ വന്നിട്ടുണ്ടല്ലോ.  അവനിവിടെ ഉള്ളപ്പോള്‍, അവനോടു ചോദിക്കാതെ ഞാനെങ്ങനെയാ  തരണേ,  അവനോടൊന്ന് ചോദിക്കട്ടേട്ടോ"  എന്ന്.  രണ്ടു വാഴക്കന്ന് തരാന്‍ മോന്റെ സമ്മതം വേണമെന്ന്.  ഞാന്‍ പറഞ്ഞു. .ശരി  അങ്ങനെ  ആയിക്കോട്ടെ ടീച്ചറേ എന്ന്.

കുറേകഴിഞ്ഞ് വീണ്ടും  വിളിച്ചിട്ട് പറഞ്ഞു, അല്ലെങ്കില്‍ കുട്ടി ഒരെണ്ണം എടുത്തോളൂ  എന്ന്. അതിനു മോന്‍റെ സമ്മതം കിട്ടിയോ എന്നു ഞാന്‍ ചോദിച്ചില്ല.  ഞാന്‍ പറഞ്ഞു.  വേണ്ട,  എനിക്ക് വേറെ കിട്ടി എന്ന്.  റോബസ്റ്റ പഴം തിന്നില്ലാന്ന് വച്ച്  ആകാശം ഇടിഞ്ഞു  വീഴാനൊന്നും പോണില്ലല്ലൊ.

സാരല്യ. ടീച്ചര്‍ക്ക്  ഞാന്‍ വച്ചിട്ടുണ്ട്.  ഇനിയും ചെന്തെങ്ങുകാരന്‍  വരും,  ഞാന്‍  മണ്ണുത്തിക്ക് പോകൂം, തിരുവോണം വരും, പാല്‍പ്പായസോം ഉണ്ടാവും.  അല്ല പിന്നെ എന്നോടാ കളി.


എഴുത്തുകാരി.




Thursday, September 19, 2019

പട്ടി മാര്‍ക്കറ്റില്‍ പോയ പോലെ...

നിസ്സാരമായ ചില കാര്യങ്ങള്‍  അങ്ങനെയാണ്,  തല കുത്തി നിന്നാലും നടക്കില്ല. അത് അതിന്റെ വഴിക്കേ നടക്കൂ.

എന്താണെന്നല്ലേ. പറയാം. ഇന്ന് രാവിലത്തെ കഥയാണ്. കേട്ടോളൂ.

തൃശൂര്‍ വരെ ഒന്ന് പോണം.

കുറച്ച് കാര്യങ്ങളുണ്ട്.  നീട്ടി നീട്ടി വയ്ക്കുന്നു.  മടി, മഴ, ഓണം, അങ്ങനെ കാരണങ്ങള്‍ പലതുണ്ട്.  പല പ്രാവശ്യമായി എന്നെ പറ്റിക്കാന്‍ ശ്രമിക്കുന്ന , യൂറോപ്പ് യാത്രയുടെ ബാക്കിപത്രമായ ഒരു 20 യുറോ നോട്ട് കയ്യിലുണ്ട്.  അതും ഒന്ന്  മാറണം. ഏകദേശം  നമ്മുടെ 50 രൂപ നോട്ട് പോലിരിക്കുമല്ലോ ഒരിക്കല്‍ ഒരു  അബദ്ധം പറ്റി. അതും ബസ്സില്‍ . കണ്ടക്ടറുടെ പുച്ഛം നിറഞ്ഞ നോട്ടം. ഇതെവിടുന്നു വരുന്നെടാ എന്ന മട്ടില്‍.  ഇനിയും അത് വയ്യ.  കുറച്ചു കാശു കിട്ടിയാല്‍ അതും ആയല്ലോ.  പിന്നെയുമുണ്ട്  അല്ലറ ചില്ലറ കാര്യങ്ങള്‍ വേറെ..

വല്യ മഴക്കുള്ള ലക്ഷണം ഒന്നും കാണുന്നില്ല.

ബസ് സ്റ്റോപ്പില്‍ തന്നേയുള്ള ശശിയുടെ കടയിലൊന്നു കയറി.  ഫാന്‍ കറങ്ങുന്നില്ല, ലൈറ്റ്കത്തുന്നില്ല,  പതിവ് പ്രശ്നങ്ങള്‍ തന്നെ. പരാതി ബോധിപ്പിച്ചു.  ശരിയാക്കാം എന്ന ഉറപ്പും കിട്ടി.

ദാ വരുന്നു ഒരു ബസ്‌.  ഈയിടെയായിട്ട് ഓടിച്ചാടി കയറലൊന്നും പതിവില്ല. മുന്നില്‍ വന്നു നിന്നാല്‍ കയറും, അതും സീറ്റ് ഉണ്ടെങ്കില്‍ മാത്രം. അങ്ങിനെയൊക്കെയാണ്  ഇപ്പഴത്തെ ഒരു രീതി. നമ്മുടെ ചൊല്ല്  ശരിയാവണമെങ്കില്‍ ഇന്നങ്ങിനെയൊന്നും ആയാല്‍ പറ്റില്ലല്ലോ. അതുകൊണ്ടാവും ,  ആ പതിവും മറി കടന്ന് ഓടി ബസ്സില്‍ക്കയറി.  ബോര്‍ഡും നോക്കിയില്ല. വരാനുള്ളത്  KSRTC  പിടിച്ചായാലും വരണമല്ലോ. ഇഷ്ടമുള്ള  സൈട് സീറ്റും കിട്ടി.  ഇനി സുഖം. ഒരു നാല്‍പതു മിനിറ്റ്.  കാഴ്ചകളും കണ്ടങ്ങിനെ ഇരിക്കാം.

ദാ വരുന്നു കണ്ടക്ടര്‍. " ഒരു തൃശൂര്‍". പറഞ്ഞപ്പോള്‍ പറയുന്നു ഇത് മണ്ണുത്തിയാണല്ലോ  എന്ന്. ആയിക്കോട്ടെ.  ഒരു ആമ്പല്ലൂര്‍ തരാന്‍ പറഞ്ഞു. അപ്പോഴേക്കും നല്ല  ബെസ്റ്റ് മഴയും.  ബസ്സിറങ്ങി സ്റ്റാന്‍ഡില്‍ കയറി നില്‍ക്കുമ്പോഴേക്കും മുഴുവന്‍  നനഞ്ഞു കുളിച്ചു.  ഒരൊന്നന്നര മഴ.  അവിടെ ഇരുന്ന് സുഖമായി മഴ കണ്ടു.  ബസ്സുകള്‍ വരുന്നു, പോകുന്നു. പിന്നെ ഞാന്‍ ഭയങ്കര  മിടുക്കിയല്ലേ. അതുകൊണ്ട്  കുടയും എടുത്തിട്ടില്ല.

തൃശൂര്‍ മഴ ഉണ്ടോ എന്നറിയാന്‍ ഒരു സുഹൃത്തിനെ വിളിച്ചു. കക്ഷി ഫോണ്‍ എടുക്കുന്നുമില്ല.  അവസാനം രണ്ടും കല്പിച്ചു ഞാന്‍ ഒരു തീരുമാനത്തിലെത്തി. ഇന്നിനി പോകുന്നില്ല.  ഒരു മാള   ബസ് വന്നു. അതില്‍ കയറി തിരിച്ചിങ്ങ് പോന്നു.

ചുരുക്കത്തില്‍ പറഞ്ഞാല്‍ പട്ടി മാര്‍ക്കറ്റില്‍ പോയപോലെ, അല്ലെങ്കില്‍, അച്ഛന്‍ പറഞ്ഞു കൊച്ചിക്ക്‌ പോകാന്‍. ഏറ്റത്തിന് അങ്ങടും പോയി എറക്കത്തിന് ഇങ്ങടും വന്നപോലെ.

എലക്ട്രീഷ്യനെ   കാണാന്‍ പോവാതിരുന്നെങ്കില്‍, ബസ്സില്‍ ഓടിക്കയറാതിരുന്നെങ്കില്‍,  ബസ്സിന്റെ ബോര്‍ഡ് ഒന്ന് വായിച്ചിരുന്നെങ്കില്‍, ഒരു  കുട കയ്യില്‍ കരുതിയിരുന്നെങ്കില്‍, എല്ലാം  മാറി മറിഞ്ഞേനെ.  പക്ഷെ എങ്ങനെ? വരാനുള്ളത് വഴിയില്‍ തങ്ങുമോ?

അതാ പറയണേ,  ചില കാര്യങ്ങള്‍ അങ്ങനെയാണ്. തല കുത്തി നിന്നാലും നടക്കില്ല.അത്ര തന്നെ.

.......................

വാല്‍ക്കഷണം: ഒന്നാം  യൂറോപ്പ് യാത്രയുടെ മൂന്നാം ഭാഗം, മൂന്നാം യാത്ര കഴിഞ്ഞെത്തിയിട്ടും ഇതുവരെ പോസ്റ്റ് ചെയ്തില്ല. ചെയ്യാം. എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ.


എഴുത്തുകാരി.






Friday, December 14, 2018

ഞാന്‍ കണ്ട യൂറോപ്പ് -- രണ്ടാം ഭാഗം

അടുത്ത ലക്‌ഷ്യം ആല്‍പ്സ് പര്‍വ്വതം.

പണ്ട് പന്തല്ലൂര്‍ സ്കൂളില്‍ സാമൂഹ്യപാടത്തില്‍ പഠിച്ച അതേ ആല്‍പ്സ് പര്‍വ്വതനിരകള്‍.  അന്ന് ആ മരബെഞ്ചിലിരുന്നു പഠിക്കുമ്പോള്‍ സങ്കല്പിച്ചിട്ടു പോലുമുണ്ടാവുമോ ഒരു ദിവസം അതിന്റെ നിറുകയില്‍ ഞാന്‍  പോവുമെന്ന്.  ഉണ്ടാവില്ല.

1200 കിലോമീറ്റര്‍ നീളത്തിലും 16000 അടി ഉയരത്തിലും  നീണ്ടുകിടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ പര്‍വ്വതനിര.  ആ യാത്ര തന്നെ ഒരു അനുഭവമാണ്.

പര്‍വ്വതത്തിലേക്കെത്തുന്ന ചെറിയ റോഡ്‌. ഇരുവശത്തും കൃഷിസ്ഥലങ്ങള്‍ . പച്ചക്കറികളും പഴങ്ങളും. കൊഴുത്തുരുണ്ട കന്നുകാലികളും കുതിരകളും മേഞ്ഞുനടക്കുന്നു.  കൊച്ചുകൊച്ചു വീടുകള്‍.  കന്യകയായ പ്രകൃതിയെ ഒന്ന് തൊട്ടുപോലും കളങ്കപ്പെടുത്തിയിട്ടില്ല ആരും .

മഞ്ഞുപുതച്ചു കിടക്കുന്നു എന്ന് പറയാന്‍ വയ്യ. ജൂണ്‍ മാസമായല്ലോ. മഞ്ഞ് ഉരുകിത്തുടങ്ങി.  വെള്ളപ്പുള്ളിയുള്ള പച്ചപ്പാവാട ഇട്ടപോലെ.  അവിടവിടെ മഞ്ഞ്.  അതിമനോഹരിയായ ആല്‍പ്സിന്റെ മുകളിലേക്ക് കയറാന്‍  കേബിള്‍ കാര്‍/റോപ് വേ ഉണ്ട്. കുത്തനെയുള്ള കയറ്റം.  മുകളിലെത്തിയാല്‍ ഏതോ അനന്തതയിലെത്തിപ്പെട്ടപോലെ. ചുറ്റും പ്രകൃതി മാത്രം.  കൈ കൊണ്ട് തൊടാവുന്നത്ര അടുത്ത് ആകാശം.

അവിടെ ആ അനന്തതയില്‍ നിന്നപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍.  അറിയില്ല. അരിച്ചുകയറുന്ന തണുപ്പ്.  മൂടല്‍മഞ്ഞ്.   ഒന്നും കാണാന്‍ വയ്യ.  വീട്ടില്‍ നിന്നും  നാട്ടില്‍ നിന്നും അകലെയകലെ.  ഭൂമിയില്‍ നിന്ന്  16000 അടി ഉയരത്തില്‍,  പ്രകൃതിയുടെ മടിത്തട്ടില്‍.  അതോ നിറുകയിലോ.  വാക്കുകള്‍  കൊണ്ട് പറയാനാവില്ല എനിക്കത്.

പാരിസ്
------------
ജര്‍മ്മനിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ വിമാനയാത്ര.

ഫ്രാന്‍സിന്‍റെ തലസ്ഥാനം.  കലാകാരന്മാര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഇടം.  കലകളുടെ, ഫാഷന്‍റെ തലസ്ഥാനം.  തിരക്ക് പിടിച്ച നഗരം.

ലോകമാഹാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറിന്‍റെ നാട്. വിശ്വപ്രസിദ്ധമായ  ശില്പ ങ്ങളുടെ, ചിത്രങ്ങളുടെ, കൊട്ടാരങ്ങളുടെ, മ്യൂസിയങ്ങളുടെ നാട്.  നോട്ടര്‍ ഡാം കത്തീഡ്രല്‍, മോണാലിസയുടെ ചിത്രം. ഒരുപാടുണ്ട് കാണാന്‍.


ആദ്യം പോയത്  ലോകമഹാത്ഭുതം, ഈഫല്‍ ടവര്‍ കാണാന്‍. 1989 ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പണി കഴിഞ്ഞു.  1000 അടി ഉയരത്തിലങ്ങിനെ തലയുയര്‍ത്തി നില്‍ക്കുന്നു ലോഹം കൊണ്ടൊരു മഹാത്ഭുതം.

ലോകമഹത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഞാന്‍ കണ്ടിട്ടുണ്ട്.  അത് സൌന്ദര്യത്തിന്റെ പ്രതീകമാണെങ്കില്‍,  ഇത് ഗാംഭീര്യത്തിന്‍റെ പ്രതീകം.

എത്രയെത്ര വര്‍ഷങ്ങള്‍ക്ക് മുന്‍പ്,  technology ഇത്രയു  പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്ത് ഈ പടുകൂറ്റന്‍ ഗോപുരം എങ്ങിനെ പണിതുയര്‍ത്തി?  എന്ത് മാത്രം മനുഷ്യ പ്രയത്നം വേണ്ടി വന്നിരിക്കും. എത്രയോ പേര്‍ ജീവന്‍ വെടിഞ്ഞിരിക്കും?

ഫ്രാന്‍സിസ് മാഷും വിലാസിനി  ടീച്ചറുമൊക്കെ (ഇവരൊക്കെ എന്റെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു)  ഉരുവിട്ട് പഠിപ്പിച്ച ഏഴ് ലോകമഹാത്ഭുതങ്ങളിലൊന്നിന്റെ മുന്‍പിലാണ് ഞാനിപ്പോള്‍.  ഇതൊരു സ്വപ്നമാണോ എന്ന് തോന്നിപ്പോയി. ടവറിന്റെ മുകളില്‍ കയറാന്‍ കഴിഞ്ഞില്ല. അതിന്നും  ഒരു നിരാശയായി ബാക്കി നില്‍ക്കുന്നു. കനത്ത  മഴയും മൂടല്‍മഞ്ഞും. ആരെയും കടത്തി വിടുന്നില്ല.



Louvre Museum:

ലോകത്തിലെ ഏറ്റവും  വലിയ മ്യൂസിയം.  ഒരു പഴയ കാല രാജ കൊട്ടാരമാണിത്.  ഇപ്പോള്‍ Art Museum.  ശില്പങ്ങളുടെയും ചിത്രങ്ങളുടെയും ഒരു മായാപ്രപഞ്ചം.  ഇറ്റാലിയന്‍ ചിത്രകാരനായ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വ പ്രസിദ്ധമായ മോണാലിസ  ഇവിടെയാണ്‌.   1503-1504 ല്‍ ആണിത് വരച്ചത് എന്ന് കരുതപ്പെടുന്നു.


ഇനിയും ഒരുപാടുണ്ട്  കാണാന്‍.  ഫ്രാന്‍സിന്റെ പല ഭാഗത്തും മഴയും വെള്ളപ്പൊക്കവും . വിമാനത്താവളങ്ങള്‍ അടക്കാന്‍ തുടങ്ങുന്നു. തിടുക്കത്തില്‍ രക്ഷപ്പെട്ടു  പാരിസ് എയര്‍പോര്‍ട്ടിലെത്തി.   ജര്‍മ്മനിയിലേക്ക് മടങ്ങി.

തുടരും.. അടുത്തതില്‍ ഇറ്റലി, വത്തിക്കാന്‍.


എഴുത്തുകാരി.

Saturday, November 24, 2018

ഞാന്‍ കണ്ട യൂറോപ്പ്.....

ആമുഖം: ബൂലോഗത്ത്  വീണ്ടും വസന്തം വരുകയല്ലേ. ഒരു   കുഞ്ഞൂപൂ  എന്റെ വകയും.

എഴുതിയിട്ട് വര്ഷം രണ്ട് കഴിഞ്ഞു.  എന്തുകൊണ്ടോ അത് അന്ന്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തില്ല. ഈ നാട്ടുകാരുടെ ദുബായിലെ ഒരു  പ്രസിദ്ധീകരണത്തില്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ വളരെ ചുരുക്കിയാണ് എഴുതിയത്.  കാര്യമായ ഭേദഗതിയൊന്നും വരുത്താതെ  അതിവിടെ കൊടുക്കുന്നു.
......................

കുറേ  വര്‍ഷങ്ങളായി പടിവാതിലില്‍ വന്നു പിന്നെയും പിന്നെയും മുട്ടി വിളിച്ചിട്ടും കേട്ടില്ലെന്നു നടിച്ച,   ഇനി കേള്‍ക്കാതിരിക്കാനാവില്ലെന്നു മനസ്സിലാക്കിയ ഞാന്‍,   ഇപ്രാവശ്യം ആ വിളി കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചു.  രണ്ടും കല്പിച്ചങ്ങ്  ഇറങ്ങി പുറപ്പെട്ടു.

എന്റെ ആദ്യത്തെ വിദേശയാത്ര!

ജര്‍മ്മനി, ഇറ്റലി, റോം, പാരിസ്, സ്വിറ്റ്സര്‍ലാന്ഡ്, വത്തിക്കാന്‍.  ഒരു യൂറോപ്യന്‍ ട്രിപ്പ്‌.  ഏകദേശം ഒരു മാസം.  മേയ് അവസാനം മുതല്‍ ജൂണ്‍ പകുതി വരെ. അതാണത്രേ യൂറോപ്പില്‍ സന്ദര്‍ശകര്‍ക്ക്‌ പറ്റിയ സമയം.  winter  കഴിഞ്ഞു. summer  തുടങ്ങിയിട്ടുമില്ല.

ഒരുക്കങ്ങള്‍ തുടങ്ങി.  പാസ്‌ പോര്‍ട്ട്‌ ഉണ്ട്.  വിസ വലിയ പ്രശ്നങ്ങളൊന്നും കൂടാതെ കിട്ടി.

അങ്ങിനെ യാത്ര തുടങ്ങാനുള്ള സമയമായി. ബാംഗ്ലൂര്‍ - ദുബായ് - ഫ്രാങ്ക്ഫര്‍ട്ട്.   ഇവിടത്തെ രാവിലെ  10  മണിക്ക് വിമാനം  കയറി അവിടത്തെ രാത്രി  പത്ത് മണിക്ക്   അവിടെയെത്തി.   (ഇവിടത്തെക്കാള്‍ മൂന്നര  മണിക്കൂര്‍ പിന്നിലാണ് അവിടത്തെ സമയം)

അന്ന് രാത്രി വിശ്രമവും ഭക്ഷണവും. അടുത്തദിവസം മുതല്‍ കറക്കം.

ആദ്യ ദിവസങ്ങള്‍ ജര്‍മ്മനിയില്‍.  ജര്‍മ്മനി എന്ന് കേള്‍ക്കുമ്പോഴേ  ആദ്യം മനസ്സില്‍ വരുന്നത് ഹിറ്റ്ലര്‍ എന്നല്ലേ. ഒരു പേടി പോലെ എന്തോ ഒന്ന്.   പക്ഷെ അതല്ല  ഇന്നത്തെ ജര്‍മ്മനി. അതി മനോഹരം എന്നേ പറയാന്‍ പറ്റൂ.   വിശാലമായ ഭംഗിയുള്ള നിരത്തുകള്‍.  നിറയെ പച്ചപ്പ്‌.  ഒരു തരത്തിലുമുള്ള മലിനീകരണമില്ല. വളരെ മര്യാദയോടെ പെരുമാറുന്ന ആളുകള്‍.


നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മുഴുവന്‍ വെള്ളക്കാര്‍.   പണ്ടു മുതലേ വെള്ളക്കാരെ കാണുന്നത് നമുക്കൊക്കെ  ഒരു കൌതുകമല്ലേ.
ആ കൌതുകത്തിലായിരുന്നു ഞാനും. ഇനി കുറച്ചു നാള്‍ ഇവരുടെ കൂടെയാണല്ലോ.

കല്യാണം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവരാണധികവും.  എന്തിനാ വെറുതെ കുട്ടികളും വയ്യാവേലിയും  എന്നാവും ചിന്ത. ( കുട്ടികളെക്കാള്‍ കൂടുതല്‍  വളര്‍ത്തു മൃഗങ്ങള്‍ അല്ലേ എന്ന്  വരെ തോന്നിപ്പോയി). അതുകൊണ്ടു തന്നെ വിവാഹിതര്‍ക്കും മക്കള്‍ ഉള്ളവര്‍ക്കും ധാരാളം ആനുകൂല്യങ്ങളും ഉണ്ടത്രേ.  നമ്മള്‍ ജനസംഖ്യ കുറക്കാന്‍ നോക്കുമ്പോള്‍ അവര്‍ അത് കൂട്ടാനുള്ള ശ്രമത്തിലാണ്. എന്നിട്ടും നടക്കുന്നുമില്ല.

അതൊക്കെ പോട്ടെ.  നമുക്ക് യാത്ര തുടങ്ങാം.

ആദ്യ ദിവസം -- ജര്‍മ്മനിയിലെ ഒരു പ്രധാന നഗരമായഫ്രാങ്ക്ഫര്‍ട്ട് .   ചെറു പട്ടണമായ മൈന്‍സിലെ റെയിന്‍ നദിയിലൂടെ ഒരു യാത്ര. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വ്വതത്തില്‍ നിന്ന്  ഉത്ഭവിക്കുന്നതാണീ നദി. പഞ്ച നക്ഷത്ര സൌകര്യമുള്ള ഒരു ആഡംബര കപ്പല്‍, സുഖകരമായ കാലാവസ്ഥ.




ഇരു കരകളിലും പഴയ പ്രതാപം ഉറങ്ങി കിടക്കുന്ന കോട്ടകളും കൊട്ടാരങ്ങളും,   നിറയെ മുന്തിരിത്തോപ്പുകള്‍. മുകളിലെ ഡക്കില്‍  കാറ്റും കൊണ്ട് കടലയും കൊറിച്ച് (കടലയല്ലാട്ടോ അത് പോലെ എന്തോ ഒന്ന്) അങ്ങിനെ ഇരുന്നപ്പോള്‍  എല്ലാം സ്വപ്നമാണോ എന്ന് തോന്നിപ്പോയി.  കണ്ട കാഴ്ചകള്‍ ഇപ്പഴും  മനസ്സിലുണ്ട് മായാതെ.

മ്യൂണിക്   --- ജര്‍മ്മനിയിലെ മറൊരു മഹാ നഗരം.   രണ്ടു ലോക മഹായുദ്ധങ്ങളിലും കൂടി മിക്കവാറും പൂര്‍ണ്ണമായി തകര്‍ന്ന നഗരം. ഇന്നത്‌~ ലോകത്തിലെ ജീവിക്കാന്‍ ഏറ്റവും സുഖകരമായ  സ്ഥലങ്ങളില്‍  ഒന്നായിരിക്കുന്നു.  പച്ചപ്പും മരങ്ങളും, നിറയെ പൂക്കളും.   ആരും ചൂഷണം ചെയ്തിട്ടില്ല പ്രകൃതിയെ. മാലിന്യങ്ങള്‍ കാണാനേയില്ല  എവിടേയും..   അംബരചുംബികളായ കെട്ടിടങ്ങള്‍ താരതമ്യേന കുറവാണ്

ആദ്യം പോയത്~ ഒരു കൊട്ടാരത്തിലേക്ക്~ Nymphenburg Palace.

ബവേറിയന്‍ രാജാക്കന്മാരുടെ വേനല്‍ക്കാല  വസതി.  300 ഏക്കറില്‍ പരന്നു കിടക്കുന്നു. 300 വര്ഷം മുന്‍പ് പണിതത്.  50-60 വര്‍ഷമെടുത്തത്രേ അത് പണി തീരാന്‍   ചുറ്റും മരങ്ങളും  കാടും തടാകവും.




അടുത്ത  ലക്‌ഷ്യം  സ്വിറ്റ്സര്‍ലന്‍ഡ്  --- സഞ്ചാരികളുടെ പറുദീസ.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കാറില്‍ പോകാം. ജര്‍മ്മനിയുടെ അയല്‍രാജ്യം.  41200 sq. km. മാത്രംമുള്ള  യൂറോപ്പിലെ ഒരു കൊച്ചു രാജ്യം. മൂന്നില്‍ രണ്ടു ഭാഗവും കാടുകളും പര്‍വ്വതങ്ങളും തടാകങ്ങളും.  പാലുല്‍പ്പന്നങ്ങളും ചോക്ലേറ്റുമൊക്കെയാകുന്നു പ്രധാന ഉത്പാദനം, കയറ്റുമതിയും. .  പിന്നെ അറിയാല്ലോ, സ്വിസ് ബാങ്കും.

 cost of living  താങ്ങാന്‍ കഴിയുന്നതല്ല.  ഒന്ന് കണ്ടു പോരാം എന്ന് മാത്രം. അല്ലെങ്കില്‍ പിന്നെ സ്വിസ് ബാങ്കില്‍ അക്കൗണ്ട്‌ വേണം. നമുക്കതില്ലല്ലോ. പോകുന്ന വഴി മുഴുവന്‍ പച്ചപ്പരവതാനി വിരിച്ച പോലെ.  മേഞ്ഞു നടക്കുന്ന പശുക്കളും കുതിരകളും. എവിടെ നോക്കിയാലും പല നിറത്തിലും തരത്തിലുമുള്ള പൂക്കള്‍. ഏതൊക്കെയോ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടന്നിട്ടുള്ള സ്ഥലം.  അന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല, എന്നെങ്കിലും  ഇവിടെയൊക്കെ  കാണാന്‍ കഴിയുമെന്ന്.

ആദ്യം പോയത്~ Rhine Falls  കാണാന്‍. മ്യൂണിക്കില്‍  കണ്ട അതേ റയിന്‍ നദിയില്‍.  വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തുവരെ പോകാം. ധൈര്യമുള്ളവര്‍ക്ക് അതിന്റെ ഒത്ത നടുവിലുള്ള ഒരു പാറക്കെട്ടില്‍ കയറി നില്‍ക്കുകയുമാവാം.


വെള്ളച്ചാട്ടത്തിന്റെ തൊട്ടു മുകളിലെ ഒരു പഴയ castle ല്‍ ആയിരുന്നു താമസം. യൂത്ത് ഹോസ്റല്‍ ആയി  മാറിയ ഒരു പഴയ കൊട്ടാരം.   അങ്ങനെ ഒരു ദിവസം  രാജകൊട്ടാരത്തില്‍ അന്തിയുറങ്ങാനും പറ്റി.


   
കഴിഞ്ഞില്ല. കുറച്ചുകൂടിയുണ്ട്.  അത്  അടുത്തതില്‍.

എഴുത്തുകാരി.