Thursday, November 14, 2019

എന്നാലും ...

കുറച്ച് പ്രായമുള്ളൊരു  ടീച്ചര്‍. എന്റെ നാട്ടുകാരിയല്ല.   കുറച്ചു കാലം മുന്‍പ് ഇവിടെ അടുത്ത് കുറച്ച് സ്ഥലം വാങ്ങി. താമസം പഴയ സ്ഥലത്ത് തന്നെ.  മകന്‍ പുറത്താണ്.  ദുബായിലോ  മറ്റൊ.

പറമ്പില്‍   നിറയെ വാഴകള്‍.  അധികവും റോബസ്റ്റ .  ഇടക്ക് ടീച്ചര്‍ നേരിട്ട് വരും. ചിലപ്പോള്‍ പണിക്കാരന്‍ വരും. വാഴക്കുലകള്‍ വെട്ടിക്കൊണ്ടുപോകും. പറമ്പില്‍ വരുമ്പോള്‍ ഇവിടേം വരും. ഒരു കാപ്പികുടിക്കും. കുറച്ച്  നേരം വിശേഷങ്ങള്‍ പറഞ്ഞിരിക്കും.

ചെന്തെങ്ങിന്റെ തേങ്ങ വാങ്ങാന്‍  ചില നഴ്സറിക്കാര്‍ വരും.  വിത്തിനായിട്ട്.  അവര്‍ തന്നെ കയറി ഇടും.  നല്ല വിലയും കിട്ടും.   ടീച്ചറുടെ  പറമ്പിലും ഉണ്ടൊരു ചെന്തെങ്ങ്.  അത്  കണ്ടപ്പോള്‍  അവര്‍ക്കതും കിട്ടിയാല്‍ കൊള്ളാം.  ഞാന്‍ പറഞ്ഞു, അതിനെന്താ . ഞാന്‍  ചോദിക്കാമല്ലോ. ടീച്ചര്‍ക്കും കാശ് കിട്ടിക്കോട്ടെ.  ടീച്ചറെ വിളിച്ചു ചോദിച്ചു.  ഇത് പിന്നെ പതിവായി.  വിളിച്ചു സമ്മതം ചോദിക്കണം ( സമ്മതം ഉറപ്പാണ്,  എന്നാലും ചോദിക്കാതെ പാടില്ലല്ലോ) . ഞാന്‍ ആ പറമ്പില്‍ പോയി എണ്ണം നോക്കണം , കാശു വാങ്ങി സൂക്ഷിക്കണം, ടീച്ചര്‍ വരുമ്പോള്‍ കൊടുക്കണം. അതൊന്നും നോ പ്രോബ്ലം. രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കലല്ലേ.

മണ്ണുത്തിയിലൊന്ന് പോണമെന്ന് ഒരു ഉള്‍വിളി വന്നു ഇടക്കെനിക്ക്.  തെങ്ങിന്‍ തൈകള്‍, വാഴക്കന്നുകള്‍, അങ്ങനെ പലതും വാങ്ങണം.  (വല്യ കര്‍ഷക ശ്രീമതി ആണെന്നാ എന്റെ ഒരു ഭാവം. പക്ഷേ ഒന്നൂല്യാട്ടോ. ആകെ‌ ഒരിരുപത് സെന്‍റ് സ്ഥലോം കുറച്ച് തെങ്ങും വാഴയും മാത്രം).    കുട്ടി പോവുമ്പോ ഞാനും കൂടി വരാം. എനിക്കും വാങ്ങണം ചിലതൊക്കെ, ഒറ്റക്കൊന്നും പോവാന്‍ വയ്യ   എന്നായി ടീച്ചര്‍.  അതിനെന്താ ഞാന്‍ കൊണ്ടുപോകാം എന്നു ഞാനും.  പരോപകാരമാണല്ലോ  എന്റെ  ജീവിതലക്ഷ്യം!

എന്റെ വീട്  അമ്പലത്തിന് അടുത്താണ്.  അതുകൊണ്ട്  ടീച്ചര്‍ക്ക് വേറെയുമുണ്ടൊരു ഉപകാരം.   പലപ്പോഴും വിളിച്ചു പറയും, കുട്ടീ,  തിരുവോണത്തിന് ഒരു  പായസം  ചീട്ടാക്കി വക്കണേ.  എന്റെ കയ്യിലെ കാശു കൊടുത്ത്  അതും ഞാന്‍ ചെയ്യും.  ദോഷം പറയരുതല്ലോ  കാശൊക്കെ കിറുകൃത്യമായിട്ട്  തരും. 

കാര്യങ്ങള്‍ ഇങ്ങനെ വളരെ ഭംഗിയായി പോയിക്കൊണ്ടിരിക്കുന്ന  സമയത്ത്  എന്റെ പറമ്പ് പണിക്ക്  പുതിയ ഒരാളെത്തി. തമിഴന്‍ മുത്തു.

( ഗോവിന്ദന്‍   പണിത് പണിത്, പറമ്പില്‍ നേരെ നില്‍ക്കുന്ന ഒറ്റ വാഴപോലും, ഇല്ലാ.  ആശാന്‍ കൂലി വാങ്ങി പോകാന്‍ നോക്കി നില്‍ക്കും  വാഴകള്‍  മറിഞ്ഞു വീഴാന്‍ .  നേരെ നില്‍ക്കുന്നതിനേക്കാള്‍  കമിഴ്ന്നു കിടക്കുന്ന വാഴകളാണ്  കൂടുതല്‍.  കുലച്ചതും കുലക്കാത്തതുമായി. 

എന്നാ പിന്നെ പണിക്കാരനെ ഒന്നു  മാറ്റിക്കളയാം എന്ന  തീരുമാനത്തിന്റെ പുറത്താണ്  തമിഴന്‍ മുത്തുവിന്റ്റെ  രംഗപ്രവേശം). 

പുതിയ പണിക്കാരനെ മാക്സിമം  യൂട്ടിലൈസ് ചെയ്യണമല്ലോ, പിന്നെ ഞാനൊരു മഹാ കൃഷിക്കാരിയുമല്ലേ,  കംപ്ലീറ്റ് വാഴ വയ്ക്കാം.  എന്റെ  പറമ്പിലുള്ള കന്നുകള്‍ വച്ചു.  അപ്പുറത്തെ പറമ്പില്‍ നിന്ന് അഞ്ചെട്ടു പൂവന്‍ കന്ന്,  മണി ചേച്ചിയുടെ പറമ്പില്‍ നിന്ന് രണ്ടു മൂന്നു ഏറാടന്‍ കന്നുകള്‍.(അവിടെയൊന്നും ആളില്ലാട്ടോ.  എല്ലാം ഓവര്‍ ഫോണ്‍). ചോദിച്ചപ്പോള്‍  ആവശ്യമുള്ളത്  ഇളക്കി  എടുത്തോളാന്‍  പറഞ്ഞു).  പണിക്കാരനെ കിട്ടുമ്പോഴല്ലേ ചെയ്യാന്‍ പറ്റൂ.

വടക്കന്‍ കദളി, പാളയംകോടന്‍,  ഇത് രണ്ടും ആള്‍റെഡി ഉണ്ട്.      ഇപ്പോഴിതാ എറാടനും,  പൂവനും കിട്ടി.   അപ്പൊ ചെറിയ ഒരു അതിമോഹം. രണ്ടു റോബസ്റ്റയും  കൂടിയായാലോ. അത് മേല്പറഞ്ഞ ടീച്ചറുടെ പറമ്പിലേയുള്ളൂ.  ഇഷ്ടം പോലെ ഉണ്ട് താനും.  ഞാന്‍ ചോദിച്ചാല്‍ തരാതിരിക്കില്ല,  എന്നാലും ഒന്നു ചോദിക്കണമല്ലോ. അതല്ലേ അതിന്റെ ഒരു ശരി.

വിളിച്ചു.  വിശേഷങ്ങളൊക്കെ ചോദിച്ചു.  ആവശ്യം പറഞ്ഞു." ഞാന്‍ രണ്ടു റോബസ്റ്റ കന്ന് എടുത്തോട്ടെ പറമ്പീന്ന്".

"എന്തിനാ കുട്ടീ ചോദിക്കണേ, എത്രയാ വേണ്ടേന്നുവച്ചാ എടുത്തൂടെ" എന്ന മറുപടി പ്രതീക്ഷിച്ചു നിന്ന എനിക്ക് കിട്ടിയ മറുപടി ഇതായിരുന്നു. .

"കുട്ടി, അതിനിപ്പൊ മോന്‍ വന്നിട്ടുണ്ടല്ലോ.  അവനിവിടെ ഉള്ളപ്പോള്‍, അവനോടു ചോദിക്കാതെ ഞാനെങ്ങനെയാ  തരണേ,  അവനോടൊന്ന് ചോദിക്കട്ടേട്ടോ"  എന്ന്.  രണ്ടു വാഴക്കന്ന് തരാന്‍ മോന്റെ സമ്മതം വേണമെന്ന്.  ഞാന്‍ പറഞ്ഞു. .ശരി  അങ്ങനെ  ആയിക്കോട്ടെ ടീച്ചറേ എന്ന്.

കുറേകഴിഞ്ഞ് വീണ്ടും  വിളിച്ചിട്ട് പറഞ്ഞു, അല്ലെങ്കില്‍ കുട്ടി ഒരെണ്ണം എടുത്തോളൂ  എന്ന്. അതിനു മോന്‍റെ സമ്മതം കിട്ടിയോ എന്നു ഞാന്‍ ചോദിച്ചില്ല.  ഞാന്‍ പറഞ്ഞു.  വേണ്ട,  എനിക്ക് വേറെ കിട്ടി എന്ന്.  റോബസ്റ്റ പഴം തിന്നില്ലാന്ന് വച്ച്  ആകാശം ഇടിഞ്ഞു  വീഴാനൊന്നും പോണില്ലല്ലൊ.

സാരല്യ. ടീച്ചര്‍ക്ക്  ഞാന്‍ വച്ചിട്ടുണ്ട്.  ഇനിയും ചെന്തെങ്ങുകാരന്‍  വരും,  ഞാന്‍  മണ്ണുത്തിക്ക് പോകൂം, തിരുവോണം വരും, പാല്‍പ്പായസോം ഉണ്ടാവും.  അല്ല പിന്നെ എന്നോടാ കളി.


എഴുത്തുകാരി.




21 comments:

Typist | എഴുത്തുകാരി said...

എനിക്ക് തന്നെ അറിയാം, ഇതൊക്കെ ഞാന്‍ വീണ്ടും ചെയ്യും....

ഗൗരിനാഥന്‍ said...

ഇത് പോലെ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. എത്ര അനുഭവം ഉണ്ടായാലും ഞാൻ ഇത് പോലെ തന്നെ പല കേസുകളിലും പെരുമാറും.. ഈയടുത്തായി ആർക്ക് എന്ത് ചെയത് കൊടുത്താലും പ്രതീക്ഷിക്കാതെ ആണ് ചെയ്യുന്നത്

Muralee Mukundan , ബിലാത്തിപട്ടണം said...

പരോപകാര സിദ്ധാന്തം മറക്കേണ്ട ...കേട്ടോ 

Typist | എഴുത്തുകാരി said...

ഗൌരീനാഥന്‍, അത് തന്നെയാണ് ശരി, തിരിച്ചു പ്രതീക്ഷിക്കണ്ട. സന്തോഷം വന്നതിന്.

Typist | എഴുത്തുകാരി said...

ബിലാത്തിപ്പട്ടണം, ഇല്ലെന്നെ, എന്തൊക്കെ പറഞ്ഞാലും അങ്ങിനെ ആവാന്‍ പറ്റില്ല. നാട്ടില്‍ വരാറില്ലേ ഇപ്പോള്‍?

UMA said...

പണ്ട് പണ്ട് ഞാൻ ചേച്ചിയെ വായിച്ചിട്ടുണ്ടെന്നൊരു തോന്നൽ.
ഒരു റോബസ്റ്റ കന്നും ഒരു നേന്ത്രന്റെ കന്നും നട്ട് വളർത്തി വലുതാക്കി നല്ല നിലയിൽ എത്തിക്കണമെന്ന് എന്റെ കുറേ നാളായിട്ടുള്ള ആഗ്രഹമാണ്. കഴിഞ്ഞ കുറച്ചു നാളായിട്ട് പച്ചക്കറി നട്ടുവളർത്തനം ന്നാണ് ആഗ്രഹം അതിനുള്ള ശ്രമത്തിലാണ്. അല്ലാ ..... ഇതൊക്കെ ഇപ്പൊ ഇവടെന്തിനാ ഞാൻ പറയണേ ലെ????

മാധവൻ said...

ടീച്ചർ കൊള്ളാം...മകൻ അതിലും മിടുക്കൻ....
ചിലപ്പോ മകൻ ഒന്നും അറിഞ്ഞിട്ടുപോലുമുണ്ടാവില്ല...
ശ് ർ ർ ർ ർ ന്ന് വായിച്ചു തീർത്തു..
നല്ല രസം തോന്നി വായിക്കാൻ

മാധവൻ said...

പിന്നേയ് ഇന്ന് dd മലയാളത്തിലെ ഇന്റർവ്യൂ ൽ എച്മുകുട്ടി
ഈ ബ്ലോഗിനെ പറ്റി പറഞ്ഞിരുന്നു ttaa

Typist | എഴുത്തുകാരി said...

Uma, പണ്ട് വായിക്കാൻ വഴിയുണ്ട്. മാസത്തിൽ നാലഞ്ചു പോസ്റ്റ് ഒക്കെ ഇട്ടിരുന്നു. അതൊക്കെ അന്ത കാലം. ഇപ്പോൾ വർഷത്തിൽ ഒന്നുപോലും കഷ്ടി.

വാഴകൾ അത്ര വലിയ പ്രശ്നക്കാരൊന്നുമല്ല, പാവങ്ങളാ.ധൈര്യമായി നട്ടു വളർത്തിക്കോളൂ.

പിന്നെ സന്തോഷം ഈ വഴി വന്നതിന്.

Typist | എഴുത്തുകാരി said...

വഴിമരങ്ങൾ, ഉറപ്പല്ലേ മകൻ അറിഞ്ഞിട്ടുപോലും ഇല്ലെന്ന്. അത്‌ വെറുതെ തലയിൽ വച്ചുകൊടുത്തതല്ലേ.

ഞാൻ കണ്ടില്ലാട്ടോ ഇന്റർവ്യൂ. എന്താ പറഞ്ഞതു്, നല്ലതു വല്ലോം പറഞ്ഞൊ?

പിന്നെ ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനുമൊക്കെ പെരുത്ത് സന്തോഷം.

മാധവൻ said...

ചേച്ചീ..സോഷ്യൽ മീഡിയാസ് എഴുത്തിൽ സ്ത്രീകൾക്ക് നൽകിയ ഇടത്തെ കുറിച്ച് സംസാരിക്കുമ്പോൾ
മണ്ണിര എന്ന ബ്ലോഗ്ഗരേയും ..എഴുത്തുകാരി എന്ന ബ്ലോഗ്ഗരേയും
പരാമര്ശിച്ചുകൊണ്ടാണ് എച്മു ചേച്ചി മറുപടി പറഞ്ഞത്.

Typist | എഴുത്തുകാരി said...

വഴിമരങ്ങള്‍, നന്ദി

മഹേഷ് മേനോൻ said...

എനിക്കും ഇതുപോലത്തെ അനുഭവങ്ങൾ ഉണ്ട്. പിന്നെ അനുഭവങ്ങളിൽ നിന്ന് പഠിച്ചില്ല എന്നുമാത്രം ;-) വാഴക്കഥ നന്നായി.. റോബസ്റ്റ തിന്നില്ലെന്നുകരുതി നമുക്കൊന്നും വരാനില്ല അല്ലപിന്നെ ;-)

ഞാൻ ആദ്യമായിട്ടാണിവിടെ. എന്റെ ബ്ലോഗിലെ കമന്റ് കണ്ടു ബാക്ക് ലിങ്ക് തേടിവന്നതാണ്. നല്ല രസമായി എഴുതി. ബാക്കി കഥകളും വായിക്കാംട്ടാ.. :-)

Typist | എഴുത്തുകാരി said...

മഹേഷ് മേനോൻ, സന്തോഷം ഈ വഴി വന്നതിന്.

വിനുവേട്ടന്‍ said...

ങ്ഹെ... ഇതെപ്പം പോസ്റ്റ് ചെയ്തു...? ഇതൊന്നും അറിയുന്നില്ലല്ലോ...

എന്നാലും ടീച്ചറേ... വേണ്ടായിരുന്നു ഞങ്ങളുടെ എഴുത്തുകാരി ചേച്ചിയോട് ഈ ചതി...

Typist | എഴുത്തുകാരി said...

വിനുവേട്ടൻ, സന്തോഷം. ഇടക്കകൊന്നു വന്നു നോക്കിക്കോളൂ ഈ വഴിയും.

pravaahiny said...

ഒരു വാഴത്തൈ അല്ലേ ചോദിച്ചുള്ളൂ.

Typist | എഴുത്തുകാരി said...

Pravaahiny, അതേ, അതു മാത്രമേ ഞാൻ ചോദിച്ചുള്ളൂ.
സന്തോഷം, വന്നതിന്.

Areekkodan | അരീക്കോടന്‍ said...

അല്ല പിന്നെ

Typist | എഴുത്തുകാരി said...

അരീക്കോടന്‍,
സന്തോഷം.

Anonymous said...

Lucky Club Casino Site
Lucky Club Casino is a free online luckyclub casino that has an established reputation in the online gambling industry. The site offers a lot of gambling games and  Rating: 4.9 · ‎22 votes