ഒരു എറണാകുളം യാത്ര. രണ്ടുപേര്‍ എനിക്കുവേണ്ടി തൃശ്ശൂര്‍ക്കു വരുന്നതിലും നല്ലതു് ഞാന്‍ മാത്രം അങ്ങോട്ടു പോവുന്നതല്ലേ, അതെ.
അവരെന്നെ കാത്തുനിക്കും. ഞാന്‍ കച്ചേരിപ്പടിയില്‍ ഇറങ്ങും. അവിടെ നിന്നൊരുമിച്ചു പോകാം. അതാണ് കരാറ്. ഒരാളാണെങ്കില്‍ ബൂലോഗത്തെ S K പൊറ്റേക്കാട്, മറ്റേയാള്‍ ഞാന്‍ കൊടകരക്കും പുതുക്കാട്ടെക്കും പച്ചക്കറി വാങ്ങാന്‍ പോകുന്നപോലെ ദുബായിക്കു ഷട്ടില്‍ അടിക്കുന്ന ബ്ലോഗറ്.. എനിക്കാണെങ്കില്‍ എറണാകുളം വല്യ പിടി പോയിട്ട് കൊച്ചുപിടിപോലുമില്ല. പക്ഷേ ബൂലോഗത്ത് മാത്രമല്ല, ഭൂലോകത്തും ചുറ്റിക്കറങ്ങുന്ന ഇവരോടൊക്കെ കൊച്ചി അറിയില്ലെന്നു പറഞ്ഞാല്‍ മോശമല്ലേ? ഞാനാരാ മോള്‍, ഞാന്‍ പറഞ്ഞു , ഞാന്‍ എത്തിക്കോളാം.
കൊച്ചിയിലൊരു ബൂലോഗ സംഗമം നടക്കാന്‍ പോവുകയല്ലേ, എന്നാലൊരു പൈലറ്റ് സംഗമം ആയിക്കോട്ടെ എന്നു വച്ചു് നാട്ടുകാരനെ ഒന്നു വിളിച്ചു നോക്കി. ആശാന്‍ പറഞ്ഞു, ചേച്ചി ഞാന്‍ കൊച്ചിയില്‍ പോയിട്ട് കേരളത്തിലേയില്ല എന്നു്. നേരാണോ ആവോ :)
കലൂരെത്തിയപ്പോള്‍ ഞാന്‍ വിളിച്ചു. ( ഞാന്‍ കണ്ടക്റ്ററുടെ അടുത്ത് ചെന്നിരിപ്പാണ്. കച്ചേരിപ്പടിയെത്തുമ്പോള്‍ പറയണമെന്നു ചട്ടം കെട്ടിയിട്ട്). ബൂലോഗത്തു പിന്നെ സ്വന്തം പേരില്ലല്ലോ, പാവത്താനും, നിസ്സഹായനും, എഴുത്തുകാരിയുമൊക്കെയല്ലേയുള്ളൂ. . ഞാന്‍ പറഞ്ഞു എഴുത്തുകാരിയാണ്, കേക്കുന്നില്ല, വീണ്ടും ഉറക്കെ എഴുത്തുകാരി, എഴുത്തുകാരി ...(മുകേഷിന്റെ കമ്പിളിപ്പുതപ്പ് സ്റ്റൈല്‍). കണ്ടക്റ്റരും ചുറ്റുമുള്ളവരുമൊക്കെ നോക്കുന്നു. ഒരുപാടെഴുത്തുകാരികളേക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാലും ഇതാദ്യമായിട്ടാ സ്വയം എഴുത്തുകാരിയാണെന്നു വിളിച്ചു കൂവുന്നതു കേള്‍ക്കുന്നതു്. അല്ല, ഇനിയിപ്പോ സ്വന്തം പേരു തന്നെ അതായിരിക്കുമോ? ജനിച്ചപ്പഴേ അഛനുമമ്മക്കും തോന്നിക്കാണുമോ ഇവളൊരു എഴുത്തുകാരിയാവുമെന്ന്. എന്തായാലും എല്ലാവരും അന്തം വിട്ടിരിപ്പാണ്. ഭാഗ്യം കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതിനുമുന്‍പ് കച്ചേരിപ്പടിയെത്തി, ഞാനിറങ്ങി.
കാത്തുനില്‍ക്കാമെന്നു പറഞ്ഞവരെവിടെ? കാണാനില്ല. ഫോണ്‍ വന്നു. ചേച്ചി ബസ്സ് വന്ന വഴിക്കു നേരെ നടന്നോളൂ, ഞാന്‍ അങ്ങോട്ടും നടക്കാം, നമുക്കു കൂട്ടിമുട്ടാം. വണ്ടി അവിടെ park ചെയ്യാന്‍ പറ്റില്ല. ശരി ആയിക്കോട്ടേ . ഞാന്‍ വച്ചടിച്ചു. നടന്നു നടന്നു കാലും ചെരുപ്പും തേഞ്ഞതല്ലാതെ എവിടെ കൂട്ടിമുട്ടുന്നു, നോ രക്ഷ. ഭൂമി ഉരുണ്ടതല്ലേ എവിടേയെങ്കിലും വച്ചു കൂട്ടിമുട്ടുമായിരിക്കും എന്നു വച്ചു നിക്കാന്‍ പോയില്ല, നടന്നു. വീണ്ടും വിളിച്ചിട്ടു്‍ ചേച്ചി എവിടെയാണെന്നു ചോദിച്ചു, ഞാന്‍ നോക്കിയപ്പോള്‍ Govind Furnishing ന്റെ മുന്‍പില്. എന്നോട് പറഞ്ഞു, ഇനി ഒരടി നടക്കല്ലേ , അല്ലെങ്കില്‍ നമ്മളൊരിക്കലും കൂട്ടിമുട്ടില്ല എന്നു്. ഇതെന്താ ഇങ്ങനെ, നേരത്തെ നടക്കാന്‍ പറഞ്ഞു, ഇപ്പോ നിക്കാന്‍ പറയുന്നു. ആ എന്താണാവോ?
കുറച്ചുകഴിഞ്ഞപ്പോള്‍ അതാ വരുന്നു കക്ഷി പാവം വിയര്‍ത്തുകുളിച്ചു്. നല്ല നട്ടുച്ച നേരം. ബസ്സ് വന്ന വഴിക്കു നടക്കാന്‍ പറഞ്ഞു, ഞാന്‍ നടന്നു, ബസ്സ്‍ പോയ വഴിക്കാണെന്നു മാത്രം. ബസ്സ് അവിടെ നിര്‍ത്തിയില്ലെങ്കില്‍ അല്ലെങ്കില്‍ ഞാന്‍ അവിടെ ഇറങ്ങിയില്ലെങ്കില്‍ ബസ്സ് വന്ന വഴി അതല്ലേ(അല്ല, അങ്ങനേം ആലോചിക്കാല്ലോ!)
എന്നിട്ട് ഞങ്ങള്‍ രണ്ടുപേരും കൂടി മൂന്നാമത്തെ ബ്ലോഗറുടെ അടുത്ത് എത്തി. തല്‍ക്കാലം കഥ അവിടെ നിക്കട്ടെ.
എഴുത്തുകാരി.
----------------------
വാല്‍ക്കഷണം: ഒന്നാം ബൂലോഗവാസി - ഈ ഞാന്‍.
നട്ടുച്ച നേരത്ത്, വെയിലത്തു നടന്നു തളര്‍ന്ന രണ്ടാം ബൂലോഗവാസി - സാക്ഷാല്‍ നിരക്ഷരന്‍.
മൂന്നാം ബൂലോഗവാസി - അതുല്യ.