Monday, December 6, 2010

ശാന്തമീ ജീവിതം.....

ഇതു് ലക്ഷ്മിയേടത്തിയുടെ കഥ. കഥയല്ല, ജീവിതം. ചേച്ചി ഒരു സാധാരണ വീട്ടമ്മ, ജോലിക്കൊന്നും പോയിട്ടില്ല. ഇപ്പോൾ 61 വയസ്സ്.

ഭർത്താവ് നേരത്തേ മരിച്ചു, 14 വർഷം മുൻപേ.  രണ്ടു കുട്ടികളും പഠിക്കുകയായിരുന്നു.  രണ്ടുപേരും നന്നായി പഠിച്ചിരുന്നതുകൊണ്ട്,  ഭർത്താവിന്റെ ജോലിയിൽ നിന്നു  കിട്ടിയ കുറച്ചു കാശുകൊണ്ട് അവരെ പഠിപ്പിച്ചു. ആർഭാടങ്ങളൊന്നുമില്ലാത്ത  സാധാരണ ജീവിതം.  മകൾ ഡോക്ടറായി, മകൻ എഞ്ചിനീയറും.

രണ്ടുപേരുടേയും കല്യാണം കഴിഞ്ഞു., അവർക്കു കുട്ടികളുമായി. എല്ലാവരും അമേരിക്കയിൽ.  അവർ അവിടെ സുഖമായി കഴിയുന്നു.

ലക്ഷ്മിയേടത്തി ഇവിടെയാണ്.  ഒറ്റക്കു്. നാട്ടിലുണ്ടായിരുന്ന വീട് വിറ്റ് ഇവിടെ  സ്വന്തമായിട്ടൊരു ഫ്ലാറ്റ് വാങ്ങി  തനിച്ച് കഴിയുന്നു. ഭർത്താവിന്റെ പെൻഷനുണ്ട്.

തിരക്കു പിടിച്ചൊരു നിഗമനത്തിൽ എത്താൻ വരട്ടെ. വളർത്തി വലുതാക്കിയ മക്കൾ അവരുടെ കാര്യം നോക്കി വയസ്സായ അഛനമ്മമാരെ ഒറ്റക്കാക്കി പോകുന്നു എന്നതാണല്ലോ ഇപ്പോൾ പലയിടത്തേയും   പ്രശ്നം. എന്നാൽ ഇവിടെ നേരെ  മറിച്ചാണ്.   

വളരെ സ്നേഹത്തോടെ ആ മക്കൾ വിളിക്കുന്നു അമ്മയെ,  കൂടെ വന്നു താമസിക്കാൻ. മക്കൾ വിളിക്കുമ്പോൾ ആ അമ്മക്കു പോകാതിരിക്കാനുമാവുന്നില്ല. 

പക്ഷേ ചേച്ചി പറയുന്നതു്, എനിക്കിവിടെയാണിഷ്ടം. മക്കളൊക്കെ സുഖമായി, സന്തോഷമായി കഴിയുന്നു എന്നറിഞ്ഞാൽ മതി. എനിക്കെന്തെങ്കിലുമാവശ്യം വരുമ്പോൾ  അവരോടിയെത്തുമെന്നറിയാം എനിക്കു്.  അതു മതി, ഞാൻ happy ആണ്.

മൂന്നു വർഷമായി ഇവിടെ. അതുകൊണ്ട് അത്യാവശ്യം കൂട്ടുകാരുണ്ട്, ഒന്നു പുറത്തേക്കു പോണമെന്നു തോന്നിയാൽ പോകാം.രാവിലെ എണീറ്റ് ഇന്ന്‌ ഒന്നു ഗുരുവായൂരു പോണമെന്നു തോന്നിയാൽ അതാവാം. ഇന്നെവിടേം പോകണ്ട ടി വി കണ്ടിരിക്കാൻ തോന്നിയാൽ അങ്ങനെ. ഒരു ദിവസം ഭക്ഷണം വക്കണ്ട എന്നു തോന്നിയാൽ വേണ്ട, പുറത്തുപോയി കഴിക്കാം.

എന്നാലും ചേച്ചി പോകുന്നു, മക്കളെ വിഷമിപ്പിക്കാൻ വയ്യാത്തതുകൊണ്ട്.  മൂന്നോ നാലോ മാസം കഴിയുമ്പോൾ തിരികെ  കൊണ്ടാക്കണമെന്ന കരാറിൽ.

വയസ്സായ അഛനേയും അമ്മയേയും മക്കൾ നോക്കുന്നില്ല എന്നതിൽ നിന്നൊരു മാറ്റമല്ലേ ഇതു്.  ഇതു നേരേ മറിച്ചാണല്ലോ. അതുകൊണ്ട്  അതിവിടെ പറഞ്ഞൂന്നു മാത്രം!.

PB060084

എഴുത്തുകാരി.