Friday, July 10, 2015

മുത്തും പവിഴവുമല്ല...

കടലിനേക്കാൾ ആഴമുള്ള മനസ്സ്.

എന്തെല്ലാമാണതിൽ അവൾ ഒളിപ്പിച്ചുവച്ചിരിക്കുന്നതു്?   മുത്തും പവിഴവുമില്ല,  സ്വപനങ്ങളുമില്ല.
മറിച്ചു  നിറയെ വേദനയും  സങ്കടങ്ങളും.

ഒരു തെറ്റു ചയ്തു.  അതിന്റെ വില ഈ ജിവിതമത്രയും  കൊടുത്തിട്ടും   തീർന്നില്ലെന്നോ!

അവൾ മാത്രമല്ലല്ലോ തെറ്റുകാരി.  അയാൾക്കു് പക്ഷേ എല്ലാം മറന്നു മറ്റൊരു ജീവിതം തുടങ്ങാൻ കഴിഞ്ഞു. അവൾക്കതിനു  കഴിഞ്ഞില്ല.   അത്രയേറെ സ്നേഹിച്ചുപോയി അയാളെ.

സമൂഹം ഇപ്പഴും  അവളെ ക്രൂശിച്ചുകൊണ്ടിരിക്കുന്നു.

 ഇന്നും കിട്ടിക്കാണും എന്തെങ്കിലും.  അതാവും എന്നെ കാണാൻ വന്നതു്.

എല്ലാവരും തെറ്റുകാരി   എന്ന് കുറ്റപ്പെടുത്തുന്ന അവൾ എന്തിനവളുടെ സങ്കടങ്ങൾ എന്നോടു മാത്രം പറയുന്നു. എന്നെക്കൂടി സങ്കടപ്പെടുത്താനോ?  അതോ എല്ലാം ക്ഷമയോടെ  കേട്ടിരുന്നിട്ട് പോട്ടെ,  സാരമില്ലെന്നു പറഞ്ഞൊന്നാശ്വസിപ്പിക്കുന്നത്  കേൾക്കാനോ .

മനസ്സിലുള്ളത് മുഴുവൻ ഒരു തുള്ളി കണ്ണീരുപോലും  വരാതെ എന്നോട് പറഞ്ഞിട്ട്   ഒന്നും സംഭവിക്കാത്തതുപോലെ നടന്നു നീങ്ങുമ്പോൾ  എന്റെ മനസ്സാണസ്വസ്ഥമായതു്. എന്നിട്ടെന്നോടൊരു ചോദ്യവും.  എന്തിനാ നിന്റെ മുഖം വാടിയതു്.  എനിക്കിതൊക്കെ ശീലമായിപ്പോയില്ലേ എന്നു്.

ഇനിയുമവൾ  വരും.  ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ, ഒരുപാട് പുതിയ  വിശേഷങ്ങളുമായി. 

എഴുത്തുകാരി.