Monday, September 17, 2018

എന്നെ ഭയപ്പെടുത്തിയ പ്രളയം...

ഈ കഴിഞ്ഞ പ്രളയ കാലത്തിന്റെ നീറുന്ന ഒരു ഓർമ്മ.  ശരിക്കു പറഞ്ഞാൽ 2018 ആഗസ്ത് 17.  കൃത്യം ഒരു മാസംമുൻപ്. ഞാൻ  എന്റെ കഴിഞ്ഞ ബ്ലോഗിൽ മഴയുടെ സൗന്ദര്യത്തെ കുറിച്ച് എഴുതിയ അതേ പൂമുഖത്തിരുന്നു ഞാൻ എഴുതിയ വരികൾ.  അന്ന് മനസ്സിൽ തോന്നിയത് വെറുതെ ഒരു കടലാസിൽ കുറിച്ചിരുന്നു.   അതാണ് ഈ വരികൾ.

രണ്ട് ദിവസമായി   പേമാരിയാണ്.   പുഴ നിറഞ്ഞു കഴിഞ്ഞു. ഇന്നിനി  ഒറ്റയ്ക്ക് കിടക്കണ്ട എന്ന  തങ്കമണി ചേച്ചിയുടെ ഉപദേശം  മാനിച്ച് അവിടെ ആയിരുന്നു തലേന്ന്. രാത്രി മുഴുവൻ  മഴ.  പേമാരിയെന്നോ പെരുമഴയെന്നോ എന്താ പറയേണ്ടത് . ചേച്ചീ ഇടക്കിടെ ജനല് തുറന്നു ടോർച്ച് അടിച്ചുനോക്കും  മുറ്റത്ത്‌ വെള്ളമെത്തിയോ എന്ന്.  കട്ടിലിൽ നിന്നു കാല് വെക്കുന്നത്  വെള്ളത്തിലേക്കാണോ എന്ന പേടിയിലാണ്. ഒട്ടും ഉറങ്ങിയില്ല.

പിറ്റേന്ന്  നേരം വെളുത്തപ്പോൾ  വീട്ടിലേക്കു തിരിച്ചെത്തി.  ആരുമില്ല, ഒറ്റക്ക്.  ഒന്നും ചെയ്യാനും ഇല്ലായിരുന്നു.  ഒരു കടലാസിൽ കുറിച്ച് വച്ച എന്റെ മനസ്സാണിത്.  അത്  പകർത്തുന്നു ഞാനിവിടെ.
...........

ഇന്നും ഞാൻ ഇരിക്കുന്നത് ലോകത്തിലെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ പൂമുഖ  തിണ്ണയിൽ തന്നെയാണ്.  കുറച്ചു നാൾ മുൻപാണ് എന്റെ ഇതേ പൂമുഖത്തിരുന്ന് ഞാൻ എഴുതിയത് മഴയുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തെ  പറ്റി.

ആ സുന്ദരിയായ മഴയുടെ മറ്റൊരു മുഖം ഇന്നെന്നെ ഭയപ്പെടുത്തുന്നു.  തീർത്തും രൗദ്രഭവം.  ഇന്നിവിടെ ഇരിക്കുമ്പോൾ ആകെ ഒരു ഭയമാണ് എന്റെ മനസ്സിൽ.  മാനമാകെ കറുത്തിരുണ്ട,  ഒരു  പാഠം പഠിപ്പിച്ചിട്ടെ  പോകൂ എന്ന മട്ടിൽ ആരൊടൊക്കെയോ അരിശം തീർക്കുന്ന മഴയുടെ താണ്ഡവം.

വെള്ളമില്ല,  വെളിച്ചമില്ല, ചുറ്റും ദൈന്യത നിറഞ്ഞ മുഖങ്ങൾ മാത്രം.  രാവിലെ മത്സരിച്ച് ഓടിയെത്തുന്ന കിളികളില്ല, തുമ്പികളില്ല, അണ്ണാറക്കണ്ണന്മാറില്ല.    മുറ്റത്തെ ചുവന്ന ചെമ്പരത്തി മാത്രം ഇതൊന്നും എന്നെ തളർത്തുന്നേയില്ല എന്ന ഭാവത്തിൽ വിടർന്നു  നിൽക്കുന്നു.

എവിടുന്നൊക്കെയോ പശുക്കളുടെ  ശബ്ദം  കേൾക്കാം. സംഗീതാത്മകമല്ല,  മറിച്ച്, വിശപ്പിന്റെ, വേണ്ടപ്പെട്ടവർ അടുത്തില്ലാത്തതിന്റെ നൊമ്പരമാണത്.  വീടും തൊഴുത്തും മുങ്ങിയവർ, അവരുടെ പശുക്കളെ ഇവിടെ കൊണ്ട്‌ വന്നു കെട്ടിയിരിക്കുന്നു.  അവരൊക്കെ വെള്ളം നിറഞ്ഞ വീടുകളിലും  റെസ്ക്യൂ ക്യാമ്പുകളിലുമാണ്.

ഇന്നലെ വരെ,   ഞങ്ങളൊക്കെ കൂട്ടം കൂടി മഴയുടെ ക്രൂരതയേപ്പറ്റി, ഒറ്റപ്പെട്ടുപോയ വരെപ്പറ്റിയൊക്കെ  സംസാരിച്ചിരുന്നു.   ഇന്നതുമില്ല.  ഭയപ്പെടുത്തുന്ന നിശബ്ദത മാത്രം, അതിനെ ഭഞ്ജിച്ചു കൊണ്ട്‌ ഇടയ്ക്കിടെ വരുന്ന  കാതടപ്പിക്കുന്ന മഴ മാത്രം. ആർക്കും ഒന്നും പറയാനില്ല,  മുഖങ്ങളിൽ ദൈന്യത.  എല്ലാം അവസാനിക്കാൻ പോകുന്നോ എന്ന  ഭയപ്പെടുത്തുന്ന ചിന്ത മാത്രം.

എന്റെ അമ്മ പറയാറുണ്ട്  അമ്പലക്കടവിന്റെ അവസാനത്തെ പടി  എത്ര വെള്ളം വന്നാലും മുങ്ങില്ല.  അതു മുങ്ങിയാൽ പിന്നെ പ്രളയമാണെന്ന്.     ഞാൻ മാത്രമല്ല ഈ നാട് മുഴുവൻ ആ വിശ്വാസത്തിലായിരുന്നു.   ആ ധൈര്യത്തിലായിരുന്നു മനസ്സ്.  പക്ഷേ എല്ലാം തകിടംമറിച്ചുകൊണ്ടു ആ പടിയും മുങ്ങിയിരിക്കുന്നു, മനസ്സിൽ ഭയത്തിന്റെ നിഴൽ വീണുതുടങ്ങി..

വെള്ളമില്ല,  വെളിച്ചമില്ല,  ചാർജ് തീരാൻ കാത്തിരിക്കുന്ന മൊബൈലും.  പ്രിയപ്പെട്ടവരുടെ നേർത്തതെങ്കിലും  വിറയാർന്ന ശബ്ദങ്ങൾ. അതും ഇല്ലാതാവുകയാണോ.

നിരനിരയായി ആളുകൾ,  കവറുകളും തൂക്കി കയ്യിൽ കിട്ടിയതും കൊണ്ട്  ഓടുന്നു.  പലായനം എന്നൊക്കെ കേട്ടിട്ടില്ലേ? കണ്ടിട്ടുമുണ്ട് ടിവിയിലൊക്കെ.  അതാണിവിടെ.  ഓടുകയാണ് റെസ്‌ക്യു  ക്യാമ്പിലേക്ക്.  തിരിച്ചു കിട്ടിയ  ജീവനെയെങ്കിലും രക്ഷപ്പെടുത്താൻ.

ഒരുപാട്  പേര് അവിടെയും ഇവിടെയും കെട്ടിടത്തിന്റെ രണ്ടാം നിലകളിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷിക്കണേ രക്ഷിക്കണേ എന്ന അവരുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ,  വിളികൾ.  ഒന്നും  ചെയ്യാനാവാതെ  പകച്ചു നില്ക്കുന്ന ഞങ്ങൾ കുറച്ചുപേർ.

രാവിലെ പോയി കാര്യങ്ങൾ അന്വേഷിച്ചു  വന്ന റെസ്ക്യൂ ക്യാംപിൽ വീണ്ടും പോകാനാവാത്ത സ്ഥിതി.  ഇരച്ചെത്തുന്ന  വെള്ളം മതിലുകൾ  തീർത്തിരിക്കുന്നു.

ഇവിടേക്കും ആളുകൾ എത്തി തുടങ്ങിയിരിക്കുന്നു.   കഴുത്തറ്റം വെള്ളത്തിൽ, നനഞ്ഞൊലിച്ചു്.  മാറിയുടുക്കാൻ പോലും ഒന്നുമില്ലാതെ.

ഞാൻ പോയി അവർക്ക് ഉടുക്കാൻ എന്തെങ്കിലും കൊടുക്കട്ടെ. ചൂടുള്ള ഒരു കട്ടൻ കാപ്പിയും..


എഴുത്തുകാരി.