Monday, September 17, 2018

എന്നെ ഭയപ്പെടുത്തിയ പ്രളയം...

ഈ കഴിഞ്ഞ പ്രളയ കാലത്തിന്റെ നീറുന്ന ഒരു ഓർമ്മ.  ശരിക്കു പറഞ്ഞാൽ 2018 ആഗസ്ത് 17.  കൃത്യം ഒരു മാസംമുൻപ്. ഞാൻ  എന്റെ കഴിഞ്ഞ ബ്ലോഗിൽ മഴയുടെ സൗന്ദര്യത്തെ കുറിച്ച് എഴുതിയ അതേ പൂമുഖത്തിരുന്നു ഞാൻ എഴുതിയ വരികൾ.  അന്ന് മനസ്സിൽ തോന്നിയത് വെറുതെ ഒരു കടലാസിൽ കുറിച്ചിരുന്നു.   അതാണ് ഈ വരികൾ.

രണ്ട് ദിവസമായി   പേമാരിയാണ്.   പുഴ നിറഞ്ഞു കഴിഞ്ഞു. ഇന്നിനി  ഒറ്റയ്ക്ക് കിടക്കണ്ട എന്ന  തങ്കമണി ചേച്ചിയുടെ ഉപദേശം  മാനിച്ച് അവിടെ ആയിരുന്നു തലേന്ന്. രാത്രി മുഴുവൻ  മഴ.  പേമാരിയെന്നോ പെരുമഴയെന്നോ എന്താ പറയേണ്ടത് . ചേച്ചീ ഇടക്കിടെ ജനല് തുറന്നു ടോർച്ച് അടിച്ചുനോക്കും  മുറ്റത്ത്‌ വെള്ളമെത്തിയോ എന്ന്.  കട്ടിലിൽ നിന്നു കാല് വെക്കുന്നത്  വെള്ളത്തിലേക്കാണോ എന്ന പേടിയിലാണ്. ഒട്ടും ഉറങ്ങിയില്ല.

പിറ്റേന്ന്  നേരം വെളുത്തപ്പോൾ  വീട്ടിലേക്കു തിരിച്ചെത്തി.  ആരുമില്ല, ഒറ്റക്ക്.  ഒന്നും ചെയ്യാനും ഇല്ലായിരുന്നു.  ഒരു കടലാസിൽ കുറിച്ച് വച്ച എന്റെ മനസ്സാണിത്.  അത്  പകർത്തുന്നു ഞാനിവിടെ.
...........

ഇന്നും ഞാൻ ഇരിക്കുന്നത് ലോകത്തിലെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ പൂമുഖ  തിണ്ണയിൽ തന്നെയാണ്.  കുറച്ചു നാൾ മുൻപാണ് എന്റെ ഇതേ പൂമുഖത്തിരുന്ന് ഞാൻ എഴുതിയത് മഴയുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തെ  പറ്റി.

ആ സുന്ദരിയായ മഴയുടെ മറ്റൊരു മുഖം ഇന്നെന്നെ ഭയപ്പെടുത്തുന്നു.  തീർത്തും രൗദ്രഭവം.  ഇന്നിവിടെ ഇരിക്കുമ്പോൾ ആകെ ഒരു ഭയമാണ് എന്റെ മനസ്സിൽ.  മാനമാകെ കറുത്തിരുണ്ട,  ഒരു  പാഠം പഠിപ്പിച്ചിട്ടെ  പോകൂ എന്ന മട്ടിൽ ആരൊടൊക്കെയോ അരിശം തീർക്കുന്ന മഴയുടെ താണ്ഡവം.

വെള്ളമില്ല,  വെളിച്ചമില്ല, ചുറ്റും ദൈന്യത നിറഞ്ഞ മുഖങ്ങൾ മാത്രം.  രാവിലെ മത്സരിച്ച് ഓടിയെത്തുന്ന കിളികളില്ല, തുമ്പികളില്ല, അണ്ണാറക്കണ്ണന്മാറില്ല.    മുറ്റത്തെ ചുവന്ന ചെമ്പരത്തി മാത്രം ഇതൊന്നും എന്നെ തളർത്തുന്നേയില്ല എന്ന ഭാവത്തിൽ വിടർന്നു  നിൽക്കുന്നു.

എവിടുന്നൊക്കെയോ പശുക്കളുടെ  ശബ്ദം  കേൾക്കാം. സംഗീതാത്മകമല്ല,  മറിച്ച്, വിശപ്പിന്റെ, വേണ്ടപ്പെട്ടവർ അടുത്തില്ലാത്തതിന്റെ നൊമ്പരമാണത്.  വീടും തൊഴുത്തും മുങ്ങിയവർ, അവരുടെ പശുക്കളെ ഇവിടെ കൊണ്ട്‌ വന്നു കെട്ടിയിരിക്കുന്നു.  അവരൊക്കെ വെള്ളം നിറഞ്ഞ വീടുകളിലും  റെസ്ക്യൂ ക്യാമ്പുകളിലുമാണ്.

ഇന്നലെ വരെ,   ഞങ്ങളൊക്കെ കൂട്ടം കൂടി മഴയുടെ ക്രൂരതയേപ്പറ്റി, ഒറ്റപ്പെട്ടുപോയ വരെപ്പറ്റിയൊക്കെ  സംസാരിച്ചിരുന്നു.   ഇന്നതുമില്ല.  ഭയപ്പെടുത്തുന്ന നിശബ്ദത മാത്രം, അതിനെ ഭഞ്ജിച്ചു കൊണ്ട്‌ ഇടയ്ക്കിടെ വരുന്ന  കാതടപ്പിക്കുന്ന മഴ മാത്രം. ആർക്കും ഒന്നും പറയാനില്ല,  മുഖങ്ങളിൽ ദൈന്യത.  എല്ലാം അവസാനിക്കാൻ പോകുന്നോ എന്ന  ഭയപ്പെടുത്തുന്ന ചിന്ത മാത്രം.

എന്റെ അമ്മ പറയാറുണ്ട്  അമ്പലക്കടവിന്റെ അവസാനത്തെ പടി  എത്ര വെള്ളം വന്നാലും മുങ്ങില്ല.  അതു മുങ്ങിയാൽ പിന്നെ പ്രളയമാണെന്ന്.     ഞാൻ മാത്രമല്ല ഈ നാട് മുഴുവൻ ആ വിശ്വാസത്തിലായിരുന്നു.   ആ ധൈര്യത്തിലായിരുന്നു മനസ്സ്.  പക്ഷേ എല്ലാം തകിടംമറിച്ചുകൊണ്ടു ആ പടിയും മുങ്ങിയിരിക്കുന്നു, മനസ്സിൽ ഭയത്തിന്റെ നിഴൽ വീണുതുടങ്ങി..

വെള്ളമില്ല,  വെളിച്ചമില്ല,  ചാർജ് തീരാൻ കാത്തിരിക്കുന്ന മൊബൈലും.  പ്രിയപ്പെട്ടവരുടെ നേർത്തതെങ്കിലും  വിറയാർന്ന ശബ്ദങ്ങൾ. അതും ഇല്ലാതാവുകയാണോ.

നിരനിരയായി ആളുകൾ,  കവറുകളും തൂക്കി കയ്യിൽ കിട്ടിയതും കൊണ്ട്  ഓടുന്നു.  പലായനം എന്നൊക്കെ കേട്ടിട്ടില്ലേ? കണ്ടിട്ടുമുണ്ട് ടിവിയിലൊക്കെ.  അതാണിവിടെ.  ഓടുകയാണ് റെസ്‌ക്യു  ക്യാമ്പിലേക്ക്.  തിരിച്ചു കിട്ടിയ  ജീവനെയെങ്കിലും രക്ഷപ്പെടുത്താൻ.

ഒരുപാട്  പേര് അവിടെയും ഇവിടെയും കെട്ടിടത്തിന്റെ രണ്ടാം നിലകളിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷിക്കണേ രക്ഷിക്കണേ എന്ന അവരുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ,  വിളികൾ.  ഒന്നും  ചെയ്യാനാവാതെ  പകച്ചു നില്ക്കുന്ന ഞങ്ങൾ കുറച്ചുപേർ.

രാവിലെ പോയി കാര്യങ്ങൾ അന്വേഷിച്ചു  വന്ന റെസ്ക്യൂ ക്യാംപിൽ വീണ്ടും പോകാനാവാത്ത സ്ഥിതി.  ഇരച്ചെത്തുന്ന  വെള്ളം മതിലുകൾ  തീർത്തിരിക്കുന്നു.

ഇവിടേക്കും ആളുകൾ എത്തി തുടങ്ങിയിരിക്കുന്നു.   കഴുത്തറ്റം വെള്ളത്തിൽ, നനഞ്ഞൊലിച്ചു്.  മാറിയുടുക്കാൻ പോലും ഒന്നുമില്ലാതെ.

ഞാൻ പോയി അവർക്ക് ഉടുക്കാൻ എന്തെങ്കിലും കൊടുക്കട്ടെ. ചൂടുള്ള ഒരു കട്ടൻ കാപ്പിയും..


എഴുത്തുകാരി.



























14 comments:

Typist | എഴുത്തുകാരി said...

വീട്ടിനുള്ളിൽ വെള്ളം കയറാത്ത ഈ നാട്ടിലെ അപൂർവ്വം ഭാഗ്യശാലികളിൽ ഒരാളാണ് ഞാൻ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഭീതിപ്പെടുത്തുന്ന മഹാപ്രളയത്തിന്റെ അനുഭാവാവിഷ്കാരങ്ങൾ ...!

Typist | എഴുത്തുകാരി said...

ശരിക്കും, മുരളീമുകുന്ദൻ, വല്ലാത്ത ദിവസങ്ങൾ തന്നെയായിരുന്നു.

ശ്രീ said...

ശരിയാണ് ചേച്ചീ.
ഇതുവരെ നമ്മൾ മലയാളികളിൽ കണ്ട് പരിചയമില്ലാത്ത ഒന്നായിരുന്നു മഴപ്പേടി! അത് മാറി.

എന്റെ നാട്ടിലും പ്രളയം സാമാന്യം നല്ല രീതിയിൽ നാശം വരുത്തി. 85% മുങ്ങി. വീട്ടുകാർ എല്ലാം 2 ദിവസം അടുത്തുള്ള വീട്ടിലും പിന്നെ നാട്ടുകാർ മൊത്തം 5 ദിവസം റെസ്ക്യൂ ക്യാമ്പിലും ആയിരുന്നു. എന്റെ വീട്ടിൽ അകത്ത് തന്നെ അരയ്ക്കൊപ്പം വെള്ളം കയറി, തറവാട്ടിൽ മുട്ടിനൊപ്പവും.

അവസാനം ബോട്ടിൽ ക്യാമ്പിലേയ്ക്ക് പോകുമ്പോൾ ചില വീടുകൾ ഒരു നില മുഴുവനും വെള്ളത്തിനടിയിൽ ആയിരുന്നത്രെ.

ഇപ്പോൾ നാട് മുഴുവൻ വീണ്ടും നേരെ ആയി വരുന്നേയുള്ളൂ... ഓണക്കാലം മുഴുവൻ എനിയ്ക്കും ശുചീകരണവാരം ആയിരുന്നു, നാട്ടിൽ ഒറ്റ വീട്ടുകാർ പോലും ഓണം ആഘോഷിച്ചിട്ടില്ല.

ഓർമ്മകളിൽ ഒരു പൊള്ളുന്ന ഓണക്കാലം!

Typist | എഴുത്തുകാരി said...

വല്ലാത്ത ഒരു അവസ്ഥയില്‍ കൂടെയാ കടന്നു പോയത്. ഓര്‍ക്കാന്‍ ഭയമാവുന്നു.

വിനുവേട്ടന്‍ said...

മനസ്സിലാവുന്നു... :(

Typist | എഴുത്തുകാരി said...

വിനുവേട്ടന്‍, thank you.

വീകെ. said...

മഹാപ്രളയത്തിന്റെ ഈ വിവരണം പൂർണ്ണമായും ശരി തന്നെയാണ്. അതും നമ്മുടെ നാട്ടിൽ സംഭവിച്ചുവെന്നതാണ് വിശ്വസിക്കാൻ പ്രയാസം.

കുറേക്കാലമായി ഈ വഴി വന്നിട്ട് .ആശംസകൾ എഴുത്തുകാരിച്ചേച്ചി.

Typist | എഴുത്തുകാരി said...

വീ കെ, സന്തോഷം ഈ വഴി വന്നതിന്.

Sukanya said...

പാലക്കാടും പ്രളയമുണ്ടായി എന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
പരിചയക്കാരുടെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ഈ പോസ്റ്റ്‌ ഇപ്പോഴാണ് കണ്ടത്.
മഴയുടെ സൌന്ദര്യഭാവം വിട്ട് രൌദ്രഭാവം കണ്ട നാളുകള്‍.

Typist | എഴുത്തുകാരി said...

Thank you, Sukanya, ഈ വഴി വന്നതിന്.

Manikandan said...

പണ്ടെന്നോ നടന്ന ഒരു പ്രളയം സൃഷ്ടിച്ചതാണ് ഞങ്ങൾ താമസിക്കുന്ന വൈപ്പിൻ എന്ന ദ്വീപ്. പെരിയാറിൽ ഇനി എന്നെങ്കിലും വരുന്ന ഒരു മഹാപ്രളയം അല്ലെങ്കിൽ ആഗോളതാപനത്തിന്റെ ഫലമായുണ്ടാവുന്ന കടലിലെ ജലനിരപ്പിലെ ഉയർച്ച ഇതിൽ ഏതെങ്കിലും ഒന്നിൽ കടലിൽ നിന്നും ഉയർന്നു വന്ന ഈ ദ്വീപ് വീണ്ടും കടലെടുക്കും എന്നാണ് വിശ്വാസം. പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോളും ആലുവയും കടങ്ങല്ലൂരും ചേന്ദമംഗലവും മുങ്ങിയപ്പോഴും വൈപ്പിനിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നു. പക്ഷെ അഷ്ടമി ദിവസത്തോടെ കഥ മാറി. ഉച്ചയൂണും കഴിഞ്ഞ് ഉമ്മറത്ത് വർത്തമാനം പറഞ്ഞിരിക്കുമ്പോൾ തെളിഞ്ഞ കാലാവസ്ഥയിൽ മഴയുടെ ലാഞ്ചനപോലും ഇല്ലാത്ത അന്തരീക്ഷത്തിൽ അങ്ങനെ ഇരിക്കുമ്പോൾ മുൻവശത്തെ ഗേറ്റിലൂടെ വെള്ളം സാവധാനം മിറ്റത്തേയ്ക്ക് ഒഴുകിയെത്തുന്നു. ഇടവഴിയിൽ പതുക്കെ ജനനിരപ്പ് ഉയരുന്നു. വീട്ടിൽ നിന്നും ഇറങ്ങി അപ്പുറത്തെ പറമ്പിൽ നോക്കുമ്പോൾ അവിടമെല്ലാം ഒരടി പൊക്കത്തിൽ വെള്ളം എത്തിക്കഴിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. വിലപിടിപ്പുള്ള രേഖകൾ എല്ലാം ഓരോ ബാഗുകളിൽ ആക്കി അലമാരയുടെ മുകളിലും വീടീന്റെ അകത്ത് സൺഷെയ്ഡിന്റെ പൊക്കത്തിലുള്ള തട്ടിലും വെച്ചും പിന്നാമ്പുറത്തെ വാതിൽ അടയ്ക്കാൻ അവിടെ എത്തിയപ്പോൾ വാഷിങ് മെഷീൻ ഇരിക്കുന്ന മുറിയിൽ അരയടിയോളം വെള്ളം എത്തിക്കഴിഞ്ഞിരുന്നു. വാഷിങ്മെഷീനും അടുക്കളയിൽ കയറ്റിവെച്ചു. വീടു പൂട്ടി അമ്മയേയും ഭാര്യയേയും മകനേയും കൂട്ടി നേരെ തറവാാട്ടിലേയ്ക്ക്. പിന്നെ രണ്ടു ദിവസം അല്പം ഭീതിയിൽ തന്നെ ആയിരുന്നു. ആകെ രണ്ടിയോളം വെള്ളമേ പൊങ്ങിയുള്ളു എന്നത് ഭാഗ്യം. വിശദമായി എഴുതണം. എല്ലാം ഒന്ന് കുറിച്ചു വെയ്ക്കണം. മടികാരണം നടക്കുന്നില്ല.

Anonymous said...

Slots at Chukchang Online Casino Review: $1000 Welcome Bonus
Play the latest casino 메리트카지노총판 games at choegocasino Chukchang online casino. Our unbiased Chukchang casino worrione review will show you the games they offer, payouts and free spins bonuses

gannancahow said...

Play Casinos | DMC
Find all 울산광역 출장마사지 the casinos that have 울산광역 출장안마 the best 이천 출장마사지 payouts and promotions, and the top 제주도 출장샵 casinos to play on. 안동 출장마사지 slots casino. No Deposit Bonus. No Deposit Bonus.