Sunday, December 23, 2012

ഒരു അപ്രഖ്യാപിത ബ്ലോഗ് മീറ്റ്

ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. തൃശ്ശൂരിലെ  വൃശ്ചികക്കാറ്റ്.  അതൊരു വല്ലാത്ത കാറ്റു തന്നെയാണേയ്.   രാവെന്നോ  പകലെന്നോ ഇല്ലാതെ.  എവിടുന്നാ ഇതിത്ര കൃത്യമായി വരുന്നതാവോ?  ഡിസംബര്‍ കഴിയുമ്പോള്‍ തനിയേ പോവും. വീണ്ടും വരും അടുത്ത വര്‍ഷം കിറുകൃത്യമായി.  ഏതു കലണ്ടറാവും നോക്കുന്നതു്.  മായന്‍ കലണ്ടറാണെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ കാറ്റിനെ നോക്കണ്ട.

അതൊക്കെ പോട്ടെ, അങ്ങനെയുള്ള ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, ഫോണ്‍ ബെല്ലടിക്കുന്നു. ആരായിരിക്കും?  ഫോണ്‍ എടുത്തു. ബിലാത്തിയില്‍ നിന്നാണെന്നു്. ബിലാത്തിയില്‍ നിന്നു് നല്ല പച്ച മലയാളത്തിലോ! നമുക്കു വെളുപ്പാന്‍ കാലത്ത് അവിടെ രാത്രിയാണെന്നോ അവര്‍ക്കു രാത്രിയാവുമ്പോള്‍ നമുക്കു പകലാണെന്നോ അങ്ങിനെയെന്തൊക്കെയോ ആണല്ലോ.   അതുകൊണ്ട് പിന്നെ സമയത്തിന്റെ കാര്യത്തില്‍  കൂടുതല്‍ ആലോചിച്ചില്ല.

 പറഞ്ഞുപിടിച്ചു വന്നപ്പഴല്ലേ കാര്യം പിടികിട്ടിയതു്. കക്ഷി  നമ്മുടെ ബിലാത്തിപ്പട്ടണം. ആശാന്‍ നാട്ടിലെത്തിയിട്ടുണ്ട്. എഴുത്തുകാരിയെ ഒന്നു കാണണം.   നാട്ടില്‍ വന്നാലത്തെ ഇദ്ദേഹത്തിന്റെ പ്രധാന വിനോദം  കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ബ്ലോഗര്‍മാരെയൊക്കെ  തിരഞ്ഞുപിടിച്ച് നേരിട്ടു കാണുക എന്നതാണെന്ന്‌ എവിടെയോ കേട്ടിട്ടുണ്ട്. എഴുത്തുകാരിയെ കാണാന്‍ താല്പര്യമുള്ള ഒരാള്‍ കൂടിയുണ്ടാവും കൂടെ, അതാരാണെന്നായി ഞാന്‍.  കൊല്ലേരി തറവാടി.

കാലം കുറേയായി ഒരു ബ്ലോഗ് മീറ്റ്  കൂടിയിട്ട്. ഇപ്പഴാര്‍ക്കുമങ്ങിനെയൊരു ചിന്തയേയില്ല. അതോ അതൊക്കെ ഓള്‍ഡ് ഫാഷനായിപ്പോയോ. എന്തായാലും  എനിക്കതു് വേഴാമ്പലിനു പുതുമഴ കിട്ടിയപോലെയായി.  എത്ര കാലമായി ഒരു ബ്ലോഗറെ ഒന്നു നേരില്‍  കണ്ടിട്ട്.   ഞാനുടനേ സമ്മതിച്ചു. സമയവും സ്ഥലവുമെല്ലാം തീരുമാനമായി. ഞാന്‍ കാത്തിരുന്നു. ആ ദിവസം നോക്കി ഒരു ആശുപത്രി യാത്ര. കൊടുങ്ങല്ലൂര്‍ക്കു്. അതാണെങ്കില്‍ പട്ടി ചന്തക്കു പോയ പോലെ ഏറ്റത്തിനങ്ങോട്ടും ഇറക്കത്തിനിങ്ങോട്ടും. രോഗിയെ കാണാന്‍ പറ്റിയില്ല. സ്റ്റിച് ഇടാന്‍ കൊണ്ടുപോയി. നാലഞ്ചു മണിക്കൂര്‍ കഴിയും റൂമിലേക്കു് തിരിച്ചുവരാന്‍. എനിക്കത്രനേരം വെയിറ്റ് ചെയ്യാനാവില്ലല്ലോ!  നമ്മുടെ ബ്ലോഗര്‍മാരുമായിട്ട് അപ്പോയിന്റ്മെന്റ് ഉള്ളതല്ലേ.  കൂട്ടിരിപ്പുകാരിയെ കണ്ടു, അന്വേഷണം കൈമാറാന്‍ പറഞ്ഞുപോന്നു.

എന്താ കൊടുക്കുക നമ്മുടെ ബ്ലോഗര്‍മാര്‍ക്കു്. മുരളിയും മുകുന്ദനുമൊക്കെയല്ലേ , എന്നാല്‍ പിന്നെ അവിലു തന്നെ ആയിക്കോട്ടേ എന്നു വച്ചു. (അല്ലാതെ പിന്നെ വേറെന്താ പെട്ടെന്നു തട്ടിക്കൂട്ടുക!). നെയ്യൊക്കെ ഒഴിച്ച് നല്ല കിടിലന്‍ അവില്‍ വിളയിച്ചതു്. (കഴിച്ചവരാരും അതു്  പറഞ്ഞില്ല. പക്ഷേ പറഞ്ഞില്ലെന്നു വച്ച് സത്യം സത്യമല്ലാതാകുന്നില്ലല്ലോ).

ബിലാത്തിപ്പട്ടണത്തെ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. ചെറായി മീറ്റിനു് കണ്‍കെട്ടും കൈകെട്ടുമൊക്കെയായിട്ട്  കയ്യിലെടുത്ത താരമല്ലേ! ഇനി   കൊല്ലേരി തറവാടി.  അതെന്തൊരു തറവാടിയാണോ എന്തോ. പേരു കേട്ടിട്ട്  കൊമ്പന്‍ മീശ വച്ച് തടിയനായ  ഒരു കാര്‍ന്നോരുടെ രൂപമാണ് മനസ്സില്‍  തെളിഞ്ഞതു്.  കാത്തുകാത്തിരുന്നു കണ്ണ് കഴച്ചു. അവസാനം ഒരു ഫോണ്‍ കാള്‍. ഏതു വഴിക്കു വന്നാലും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍കാര്‍  വഴി മുടക്കി വച്ചിരിക്കുന്നു.  Road closed.  അവസാനം മല മുഹമ്മദിന്റെ അടുത്തേക്കു പോവുക തന്നെ.. അവര്‍ ടൌണ്‍  ഹാളിന്റെ പുറകിലെ റോഡിലുണ്ട്.  ഞാന്‍ അങ്ങോട്ട് ഓടി.

പാട് പെട്ടുണ്ടാക്കിയ അവില്‍  കളയാന്‍ പറ്റുമോ?  അതും പൊതിഞ്ഞു കയ്യിലെടുത്തു.    പണ്ട് കുചേലന്‍ കൃഷ്ണനെ കാണാന്‍ പോയ പോലെ. കണ്ടപ്പോള്‍ കൊല്ലേരി  ഒരു പാവം,  തടിയുമില്ല, കൊമ്പന്‍ മീശയുമില്ല. കൂടെ പ്രാണസഖി മാളുവുമുണ്ട്. ഞങ്ങള്‍ യാത്രയായി. മറ്റൊരു ബ്ലോഗ്ററെ കാണാന്‍. വീടറിയാമോ അല്ലെങ്കില്‍  ഒന്നു വിളിച്ചു ചോദിക്കണോ, എന്നു സംശയിച്ച എന്നോട്, ലണ്ടനില്‍ ചാരപ്പണി ചെയ്യുന്ന എന്നോടോ ഈ സില്ലി സില്ലി ക്വസ്റ്റ്യന്‍സ്, വാട് ഈസ് തിസ്,   എന്ന മട്ടില്‍ (എനിക്കതു മനസ്സിലായില്ലെന്നാ വിചാരം!)  എനിക്കസ്സലായിട്ടറിയാവുന്നതല്ലേ അവിടമൊക്കെ  എന്നു ബിലാത്തി. വീട് കണ്ടാല്‍ എനിക്കറിയാം എന്നു കൊല്ലേരി. സംശയലേശമില്ല ആര്‍ക്കും.  . സ്ഥലമെത്തിയപ്പഴോ  ഇവിടെ ഒരിടവഴി ഉണ്ടായിരുന്നല്ലോ,അതെവിടെപ്പോയി എന്നായി ബിലാത്തി (ഇടവഴി വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതാവും, അല്ല പിന്നെ).  അവസാനം ചോദിച്ചു  ചോ‍ാദിച്ച് വീടെത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍ കൊല്ലേരി, ആ ഇതുതന്നെ, വീടിതുതന്നെ. ഞാന്‍ പറഞ്ഞില്ലേ എനിക്കറിയാം. ഒരു വഴിക്കു കൊണ്ടുപോകാന്‍ പറ്റിയ  നല്ല ബെസ്റ്റ് പാര്‍ട്ടീസ്.

പ്രശാന്ത  സുന്ദരമായ ഒരു ഗ്രാമത്തില്‍, മനോഹരമായ ഒരു വീട്.

അതാണ്  നമ്മുടെ സാക്ഷാല്‍ വിനുവേട്ടന്റെ/നീലത്താമരയുടെ  വീട്.  നിറഞ്ഞ  ചിരിയോടെ നീലത്താമര. ലളിതമായ എന്നാല്‍ ഗംഭീരമായ് വീട്.

രസകരമായ കുറച്ചു നിമിഷങ്ങള്‍. ബിലാത്തിയുടെ ചില മാജിക് നുറുങ്ങുകള്‍,  അഞ്ചു  രൂപ  തന്നാല്‍ അതു് അഞ്ഞൂറ് ആക്കി തരാമോ എന്ന കൊല്ലേരിയുടെ മോഹത്തിനു്, അതു് അതിമോഹമല്ലേ മോനേ കൊല്ലേരി എന്നു ബിലാത്തി.  ബിലാത്തിപ്പട്ടണം,   കൊല്ലേരി തറവാടി, നീലത്താമര, എഴുത്തുകാരി എന്ന ഞാന്‍, തികച്ചും യാദൃശ്ചികമാവാം, എന്നാലും വഴി ചോദിച്ചുചോദിച്ച് ഞങ്ങളെ കൊണ്ടുപോയ ബിലാത്തിയുടെ ബന്ധുവായ ബ്ലോഗറായ  ഞങ്ങളുടെ സാരഥി, കൊല്ലേരിയുടെ മാളു, വിനുവേട്ടന്റെ മകന്‍, നീലത്താമരയുടെ അമ്മ. ഒരു മിനി ബ്ലോഗ് മീറ്റ് ആയില്ലേ.

വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ, അല്ല തീരുമാനത്തോടെ, ആ സുന്ദര സായാഹ്നത്തില്‍ വിട പറയുന്ന സായം സന്ധ്യയോടൊപ്പം ഞങ്ങളും തല്‍ക്കാലത്തേക്കു്  കൈവീശി പിരിഞ്ഞു.


എഴുത്തുകാരി.