Friday, December 23, 2011

തണുപ്പ്......

എന്തൊരു തണുപ്പ്!.  രണ്ടു ദിവസമായി വെയിലു തീരെയില്ല. മൂടിക്കെട്ടി നിൽക്കുന്നു...  ആദ്യമായിട്ടല്ലേ ഇവിടെ.  ഈശ്വരാ ഇതിനിയും കൂടിക്കൂടി വരുമത്രേ.  എന്നിട്ടു കുറഞ്ഞുകുറഞ്ഞു വരുന്നതെന്നാണാവോ, അതറിയില്ല.

  ഇന്നലെ ഹരിദാസും സുമയും വന്നിരുന്നു.  ഞാൻ തണുപ്പെന്നു പറഞ്ഞപ്പോൾ സുമക്കു ചിരി  " തണുപ്പോ, ഇതോ, ഇതൊന്നുമായിട്ടില്ല അടുത്ത മാസമാവട്ടെ. അപ്പോ കാണാം. കിടക്കയൊക്കെ ഇങ്ങിനെ വെള്ളം വെള്ളം പോലിരിക്കും" .  അപ്പോ ഇതൊന്നുമല്ലേ ഇവിടത്തെ തണുപ്പ്.    പിന്നെ പറഞ്ഞതു സുമയായതുകൊണ്ട്, ഒരു അമ്പതു ശതമാനം മാർജിൻ കൊടുക്കാം. പകുതി വിശ്വസിച്ചാൽ മതി എന്നർഥം.  ഞാൻ പക്ഷേ സന്നാഹങ്ങളൊക്കെ  റെഡിയാക്കി വച്ചിട്ടുണ്ട്. സ്വെറ്ററുണ്ട്, ഷാളുണ്ട്, കമ്പിളിപ്പുതപ്പുണ്ട്.

പറയാൻ തുടങ്ങിയതു ഇതല്ല.  വിചിത്രയേക്കുറിച്ചാണ്. വിചിത്ര അടുത്തുള്ള വീടുകളിലൊക്കെ പണിക്കു പോവും. ഞാനും  വല്ലപ്പോഴും അത്യാവശ്യത്തിനു വിളിക്കാറുണ്ട്.  അവൾക്കു്  മക്കൾ 6.  മൂത്ത മകനു് 20 വയസ്സായിട്ടുണ്ടാവും.  അതിനു താഴെ വരിവരിയായി ബാക്കി അഞ്ചുപേർ.  അവൾക്കു  കഷ്ടി 40  കാണുമായിരിക്കും.  മകൻ അത്യാവശ്യം കൂലിപ്പണിക്കു പോയിത്തുടങ്ങി. ഭർത്താവ് പണിക്കു പോയാൽ പോയി, ഇല്ലെങ്കിലില്ല.  24 മണിക്കൂറും വെള്ളത്തിൽ. അവസാനം വിചിത്ര അയാളെ  അടിച്ചു പുറത്താക്കി. അടുത്തുള്ള ഒരു പണിതീരാത്ത കെട്ടിടത്തിന്റെ വാരാന്തയിലാണിപ്പോൾ   അയാൾ താമസം.

വിചിത്രയുടെ വീട്, കാടുപിടിച്ചു് കിടക്കുന്ന ഒരു സ്ഥലത്തിന്റെ നടുവിൽ കുറച്ചു സ്ഥലത്ത്  ഈ നീലക്കളറിലുള്ള ഷീറ്റ് ഇല്ലേ, അതു് വലിച്ചു കെട്ടിയ മേൽക്കൂര. താഴെയൊക്കെ മണ്ണ് തന്നെ.  ഒരു ദിവസം ആ താഴെയുള്ള പയ്യൻ കാലിൽ ഒരു കെട്ടും വച്ചു നടക്കുന്നു. അന്വേഷിച്ചപ്പോഴെന്താ, കാലിൽ എലി കടിച്ചതാണത്രേ. വളരെ നിസ്സാരമായിട്ടാ പറയുന്നെ. കുറച്ചു മഞ്ഞളും ചുണ്ണാമ്പുമൊക്കെ വച്ചു കെട്ടിയിട്ടുണ്ട്. ഡോക്ടറെ കാണിക്കണ്ടെ എന്നു ചോദിച്ചപ്പോൾ, ഇതിനിത്ര ഡോക്ടറെ  കാണിക്കാനെന്തിരിക്കുന്നു.എന്നു പറഞ്ഞിട്ടൊരു ചിരി.  ഞാനൊരു വിഡ്ഡിത്തം പറഞ്ഞപോലെ.  ഇതൊക്കെ ഇവിടെ പതിവാണെന്നു്.

കുറച്ചുനാൾ മുൻപത്തെ മറ്റൊരു  കഥ.  വിചിത്രയുടെ മൂത്ത മകൻ  രാത്രി കിടക്കുമ്പോൾ തല വക്കുന്നതു് ഷീറ്റ് വലിച്ചുകെട്ടാൻ ഇട്ടിട്ടുള്ള കല്ലിൽ.  ഇടക്ക്  ശബ്ദങ്ങളൊക്കെ കേക്കാറുണ്ടത്രേ.     നമ്മൾ ഓടൊക്കെ ഇളക്കി പുര മേയില്ലേ ഇടക്കു്, ഒരു ദിവസം അതുപോലെ ആ ഷീറ്റൊന്നു വലിച്ചുകെട്ടാൻ
കല്ലൊക്കെ ഇളക്കി മാറ്റിയപ്പോൾ അതിനകത്തു് നല്ല മൂർഖൻ പാമ്പ്, ഫാമിലി ആയിട്ട്. ഒന്നല്ല, രണ്ട്.  അതിനെ അടിച്ചുകൊന്നു് ഒരു ദിവസം മുഴുവൻ പ്രദർശിപ്പിക്കാൻ വച്ചിരുന്നത്രേ.

മൂർഖൻ പാമ്പിൽ തലവച്ചുറങ്ങുന്നവർക്കാണോ എലിയെ പേടി!.

സ്വെറ്ററിട്ട്, ഷാൾ പുതച്ച്, കട്ടിലിൽ  കിടന്നു് കമ്പിളിപ്പുതപ്പ് പുതച്ചുറങ്ങുന്ന ഞാൻ പറയുന്നു  തണുക്കുന്നുവെന്ന്.  വെറും ഷീറ്റ്  മാത്രം മേൽക്കൂരയുള്ള,  പാമ്പും എലിയും ഓടുന്ന വെറും നിലത്ത്  കൊച്ച  കുട്ടികളെയും കൊണ്ടു കിടന്നുറങ്ങുന്ന  വിചിത്രക്കും തണുക്കുന്നുണ്ടാവില്ലേ. വിചിത്രയുടെ  തണുപ്പിനാണോ എന്റെ തണുപ്പിനാണോ  തണുപ്പ് കൂടുതൽ.  അറിയില്ല.

എഴുത്തുകാരി.