Thursday, March 26, 2009

ഇന്നലെ…....

ലക്ഷ്മിയമ്മ അതാണവരുടെ പേരു്‍‍‍‍‍. പ്രായം 70 വയസ്സില്‍ കുറയില്ല. ഒരു കാറ്റു വന്നാല്‍ പറന്നുപോകുമോ എന്നു തോന്നും. അത്ര കനം കുറഞ്ഞിട്ടാ. ആരുമായും ഒരു ചങ്ങാത്തവുമില്ല. കല്യാണം കഴിച്ചിട്ടില്ലെന്നാ ഞാന്‍ കരുതിയേ. പക്ഷേ കല്യാണം കഴിഞ്ഞതാത്രേ.  മക്കളില്ല. എന്തായാലും അവരൊറ്റക്കാ താമസം. കാരൂര്‍ എന്ന സ്ഥലത്ത് (ഇരിങ്ങാലക്കുട അടുത്താണോ?) 5 ഏക്കര്‍ സ്ഥലമുണ്ട്. കേരളത്തില്‍ എവിടെയാണെങ്കിലും ഇപ്പോള്‍ സ്ഥലത്തിന്റെ വിലയറിയാല്ലോ. സെന്റിനു പതിനായിരമാണെങ്കില്‍ പോലും എത്രയായി! പിന്നെ നെല്ലായില്‍ അവര്‍ താമസിക്കുന്ന വീട്.50 സെന്റും ഒരു പഴയ വീടും.  ഒരിക്കലും ഒരു നല്ല സാരിയുടുത്തു കണ്ടിട്ടില്ല. രണ്ടേ രണ്ടു സാരികള്‍, അതു മാറി മാറി ഉടുക്കും.

ലക്ഷ്മിയമ്മയുടെ  ഒരു ഏകദേശരൂപം കിട്ടിയില്ലേ?

ഇത്രയൊക്കെ സത്യം, എനിക്കറിയാവുന്നതു്. ഇനി കേട്ടുകേള്‍വി, നേരാവാം, നുണയാവാം. പറഞ്ഞതു സുഭദ്രമ്മയായതുകൊണ്ട്‌ മിനിമം മാര്‍ജിന്‍ 50%.

“എന്റെ കുട്ടീ അവരു ശരിക്കു ഭക്ഷണം പോലും കഴിക്കില്ല, രാവിലെ എന്നും ഗോതമ്പു ദോശ. കടുകു വറുത്തിടാന്‍ ഒരു ചീനച്ചട്ടിപോലും ഇല്ല, ഗ്ലാസ്സിലും പാത്രത്തിലുമൊക്കെയാത്രേ. (അതെങ്ങിനെയാന്നെന്നോട് ചോദിക്കല്ലേ, എനിക്കറിയില്ല). ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിനാ ലക്ഷ്മീ ഇതൊക്കെ ഇങ്ങിനെ കൂട്ടി വക്കുന്നതെന്ന്, എന്നിട്ടിപ്പോ എന്തായി”

ഞാന്‍ അവരോട് സംസാരിച്ചിട്ടേ ഇല്ല, എന്നുപറഞ്ഞൂടാ. ഒരേ ഒരു പ്രാവശ്യം ഒരു രണ്ടുകൊല്ലം മുമ്പൊരു മഴക്കാലത്തു്.അമ്പലത്തിന്റെ മുമ്പില്‍ വെള്ളം കെട്ടിക്കിടക്കുന്നു. അവര്‍ വഴിയുടെ ഒരരികില്‍നിന്നും ഒരു ചാക്കിന്റെ നാലു മൂലയും പിടിച്ചിട്ടു് അതിനുള്ളില്‍ (ചാക്കിനുള്ളിലല്ല) മണ്ണ് വാരി കൊണ്ടിടുന്നു. അതു കണ്ടിട്ടു ഞാന്‍ പറഞ്ഞു, “ലക്ഷ്മി അമ്മേ, അതൊറ്റക്കു ചെയ്യണ്ടാ, കമ്മിറ്റിക്കാരോട് പറഞ്ഞു് പണിക്കാരെക്കൊണ്ട്‌ ചെയ്യിക്കാം”. ഒരു നിമിഷം പോലും ആലോചിക്കാതെ അവരെന്നോട് ചോദിച്ചു “ഞാനിതു ചെയ്യുന്നതുകൊണ്ട്‌ നിങ്ങള്‍ക്കു കുഴപ്പമൊന്നുമില്ലല്ലോ” എന്നു്.

എനിക്കു കുഴപ്പമൊന്നുമില്ലാത്തതുകൊണ്ടും, ഇനിയവിടെ നിന്നാല്‍ ചിലപ്പോള്‍ ഉണ്ടായാലോ എന്നു പേടിച്ചും മറ്റാരും കേട്ടില്ലല്ലോ എന്നു സമാധാ‍നിച്ച്, വിഷണ്ണയായി ഞാന്‍ തിരിച്ചുപോന്നു, ഒന്നു സഹായിക്കാനും ആളാവാ‍നുമുള്ള ഒരു അവസരം ചീറ്റിപ്പോയതില്‍ കുണ്ഠിതപ്പെട്ടുകൊണ്ട്‌.

ഇനി ഞാന്‍ കാര്യം പറയാം.

ഇങ്ങിനെയൊക്കെയുള്ള  ലക്ഷ്മിയമ്മ പതിവുപോലെ ഇന്നലേയും വന്നു സന്ധ്യക്കു തൊഴാന്‍   (മഹാമുനിമംഗലം ക്ഷേത്രത്തില്‍). ക്ഷേത്രക്കടവുണ്ട്‌, ഇറങ്ങുന്നതു കുറുമാലി പുഴയിലേക്കു്.  നടയിലെന്നും വിളക്കു വക്കുന്നതവരാണ്‍. കയ്യും കാലും കഴുകിവന്നിട്ടു വിളക്കു കൊളുത്താം എന്നു പറഞ്ഞു പുഴയിലേക്കു പോയി. 5 മിനിറ്റു പോലും കഴിഞ്ഞിട്ടില്ല, വേറെയാരോ‍ പ്രദക്ഷിണം വക്കുമ്പോള്‍ കടവിലേക്കു നോക്കിയപ്പോള്‍, അവര്‍ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്നു. ആളുകള്‍ ഓടിവന്നു, ഫ്സ്റ്റ് ഐഡ് കൊടുത്തു. കൊടകര ശാന്തി (ആശുപത്രി) യില്‍ കൊണ്ടുപോയി, ഞാനും കണ്ടു കൊണ്ടുപോകുന്നതു്. അവിടെ എത്തുന്നതിനു മുന്‍പേ കഴിഞ്ഞു. എല്ലാം കൂടി 1/2 മണിക്കൂര്‍ തികച്ചെടുത്തില്ല.  കരയാന്‍ പോലും  ആരും ഉണ്ടായില്ല, ആര്‍ക്കുവേണ്ടിയും കാത്തിരിക്കേണ്ടി വന്നില്ല. ബഹളങ്ങളൊന്നുമില്ലാതെ, ശാന്തമായ, നിശ്ശബ്ദമായ ഒരു മരണം.

എത്രയോ വര്‍ഷങ്ങളായി എന്നും ഇറങ്ങുന്ന പുഴ.  എന്തുപറ്റി ഇന്നലെ മാത്രം?

-------------------

മരണം നിശ്ശബ്ദവും ശാന്തവും ആയിരുന്നെങ്കിലും, ഇപ്പോള്‍ ഇവിടം ശബ്ദമുഖരിതമാണ്. ചര്‍ച്ചകള്‍.

- ക്ഷേതക്കടവിലല്ലേ നടന്നതു്, സംശയിക്കണ്ടാ, ഭഗവാനു് അനിഷ്ടമായതെന്തോ സംഭവിച്ചിട്ടുണ്ട്‌. ആരെയാ വിളിക്കണ്ടതു ഒന്നു നോക്കിക്കാന്‍ , കൈമുക്കു മതിയോ അതോ തിരൂരങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരെ വിളിക്കണോ?

- ഇനിയീ സ്വത്തു മുഴുവന്‍ എന്തു ചെയ്യും? സര്‍ക്കാരു കൊണ്ടുപോവില്ലേ,. വല്ല അമ്പലത്തിലേക്കോ അനാഥാലയത്തിലേക്കോ എഴുതിവക്കായിരുന്നില്ലേ അവര്‍ക്ക്‌?

-  ഭാഗ്യമരണം.  രണ്ടൂസം കിടന്നാല്‍ ആരുണ്ടു നോക്കാന്‍. എത്രയോ കാലായി കുളിച്ചു തൊഴുണൂ, അതിനു ഫലല്യാണ്ടിരിക്യോ? കൃഷ്ണന്‍ തന്നെ കൊണ്ടുപോയതാവും..

------------------

എഴുത്തുകാരി.

Thursday, March 19, 2009

ഒരു യാത്രയുടെ തുടക്കം…..

ഞങ്ങള്‍ക്കുതന്നെ അറിയില്ല, ഈ യാത്ര എവിടേക്കാണെന്നു്, എന്നാലും പോവാതെ വയ്യല്ലോ!

 P3090166

എഴുത്തുകാരിയുടെ വീട്ടില്‍ എന്തു സുഖമായി കഴിഞ്ഞിരുന്നു ഞങ്ങള്‍, എന്തിനാ വെറുതെ  ഞങ്ങളെ പറഞ്ഞയക്കുന്നതു്?അത്രക്കിഷ്ടമില്ലാതായോ?

P3090162

ഇതു ശിവന്‍ (ചക്ക ശിവന്‍ എന്നു ഞങ്ങള്‍ പറയും) . ഏതറ്റം വരെയും പോകും, കോണിയോ ഏണിയോ ഒന്നും വേണ്ട. ഒരു വെറ്റില വള്ളിയില്‍ പിടിച്ചു കയറിയാ ഇവിടെ എത്തിയതു്. ഫോട്ടോ എടുക്കാം എന്നു പറഞ്ഞപ്പോള്‍ എന്നാല്‍ ചിരിച്ചു തന്നെയാവട്ടെ എന്നു സന്തോഷത്തോടെ.

 P3090167

ഇതു ഞങ്ങള്‍ക്കു വീഴാനുള്ള കുഷന്‍. പരിക്കു പറ്റാന്‍ പാടില്ലല്ലോ.  എന്തു കരുതലാണെന്നു നോക്കൂ !‍

P3090168 

ഇനി അവര്‍ വരും ഞങ്ങളെ കൊണ്ടുപോകാന്‍.

P3090174

ഞങ്ങള്‍ പോകുന്നു, എവിടേക്കെന്നറിയാതെ.

ചാലക്കുടിവരെ ഈ വണ്ടിയില്‍, അവിടന്നു് ഐസൊക്കെ ഇട്ട് ഡെല്‍ഹിക്ക് കൊണ്ടുപോകുമത്രേ.അവിടെ ചെന്നിട്ടോ?എന്നാലും തലസ്ഥാനം കാണാനുള്ളൊരു ഭാഗ്യം കിട്ടിയില്ലേ, നിസ്സാരകാര്യമാണോ?

എഴുത്തുകാരി.

Sunday, March 8, 2009

എന്റെ മുല്ലയും പൂക്കും

ഇന്നെനിക്കിത്തിരി സന്തോഷമുണ്ട്‌. എന്താണെന്നല്ലേ, പറയാം. ഒരു കുഞ്ഞു കാര്യാട്ടോ. കേട്ടുകഴിയുമ്പോള്‍ ഓ ഇതായിരുന്നോ എന്നൊന്നും ചോദിക്കല്ലേ!

ഇന്നു് എന്റെ മുല്ലവള്ളിയും പൂത്തു. “ഇതാപ്പോ നന്നായേ. ഈ ലോകത്തെങ്ങും മുല്ലവള്ളി പൂക്കാത്തപോലെ. മുല്ല പൂക്കാണ്ട് പിന്നെ കായ്ക്കാ ചെയ്യാ” നെറ്റി ചുളിക്കാന്‍ വരട്ടെ.

ഈ മുല്ലവള്ളി പൂക്കാന്‍ ഞാന്‍ കാത്തു കാത്തിരുന്നതു രണ്ടോ മൂന്നോ നാലോ വര്‍ഷങ്ങളല്ല, പിന്നെയോ നീണ്ട 10 വര്‍ഷങ്ങള്‍‍.അപ്പോ ഇതൊരിത്തിരി കാര്യോള്ള കാര്യല്ലേ?

ഞാന്‍ കോയമ്പത്തൂര്‍ നിന്നു കൊണ്ടുവച്ചുപിടിപ്പിച്ചതാണ്‍. അവള്‍ക്കു വളര്‍ച്ചക്കൊരു കുറവുമില്ല.പൂക്കാന്‍ മാത്രം മടി. ഞാനായതുകൊണ്ട് വെട്ടിക്കളഞ്ഞില്ല,കാത്തു കാത്തിരുന്നു. എന്നാലും ശരിക്കു പിണങ്ങി, തിരിഞ്ഞുനോക്കാറുമില്ല.

എന്നിട്ടിപ്പോ മൂന്നാലു ദിവസം മുന്‍പ്‌ അറിയാതൊന്നു നോക്കിയപ്പോള്‍ ദാ ഒരു കുല മൊട്ട്. അതില്‍ ആദ്യത്തെ മൊട്ടു വിരിയുകയാണിന്നു്. പറയൂ, എനിക്കു സന്തോഷം വന്നാല്‍ തെറ്റുണ്ടോ?

ദാ, നോക്കൂ


എഴുത്തുകാരി.