Friday, April 13, 2007

ചില കല്യാണ വിശേഷങ്ങള്‍/ചിന്തകള്‍

അയല്‍വക്കത്ത്‌ ഒരു കല്യാണം, ഞാനും പോയിരുന്നു. അപ്പോള്‍ കണ്ട/തോന്നിയ ചില കാര്യങ്ങള്‍:-

പണ്ടൊക്കെ (അത്ര പണ്ട്പണ്ടൊന്നുമല്ല, ഒരു 3-4 കൊല്ലം മുമ്പു വരെ) നാട്ടിലെ ഒരു വീട്ടില്‍ കല്യാണമായല്‍, അതിനു ചുറ്റുമുള്ള വീടുകളിലെല്ലാം തന്നെ അതു ഒരു ആഘോഷമായിരുന്നു.

കല്യാണത്തലേന്നു് വീട്‌ അലങ്കരിക്കണം, welcome Board വക്കണം, രണ്ടു ഭാഗത്തും കുലവാഴയും ചെന്തെങ്ങിന്‍കുലയും തൂക്കണം . അപ്പുറത്ത്‌, സദ്യയുടെ തിരക്കു്. പേരുകേട്ട ഒരു ദഹണ്ണക്കാരനുണ്ടാവും, അയാളുടെ ഒന്നോ രണ്ടോ സഹായികളും. ബാക്കിയെല്ലം, നാട്ടുകാരുതന്നെ.കഷണം നുറുക്കണം‍, നാളികേരം ചിരവണം, അടയുണ്ടാക്കണം, പാലു പിഴിയണം. രാത്രി 2 മണി വരെയെങ്കിലും എല്ലാരും ഉണ്ടാവും.

ഇനി അടുത്ത ദിവസം. കല്യാണത്തിനു രാവിലെ കാപ്പിയും പലഹാരവും കൊടുക്കല്‍, സദ്യ വിളമ്പല്‍, അങ്ങിനെ അങ്ങിനെ. ഇതെല്ലാം കൂട്ടുകാരുടേയും, അയലക്കക്കരുടേയുമെല്ലാം വളരെ താല്പര്യത്തോടെ ചെയ്യുന്ന ഒരു അവകാശം കൂടിയായിരുന്നു.

ഇതൊക്കെ അന്നു്. ഇന്നോ?

ഇന്നു് മിക്കവാറും കല്യാണങ്ങളൊന്നും വീട്ടിലല്ല, എല്ലാം 'Hall' ല്‍ ആണു്. മൊത്തത്തില്‍ കരാര്‍ കൊടുക്കാം, വീതിച്ചു കൊടുക്കണമെങ്കില്‍ അതുമാവാം. എല്ലാത്തിനും അവരുടെ ആള്‍ക്കാര്‍ ഉണ്ടു്. വിളമ്പാന്‍ uniform ഉം തലപ്പാവും ഒക്കെ വച്ചവര്‍. എല്ലത്തിനും fixed rate. നാട്ടുകാര്‍ക്കു്, എന്തിനു വീട്ടുകാര്‍ക്കുവരെ പ്രവേശനമില്ല. ആരും ഒന്നും അറിയണ്ട. കൈ കഴുകി ഇരുന്നാല്‍ മതി, ഭക്ഷണം കഴിക്കണം, പോണം. അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒന്നും ഒരു role ഉം ഇല്ല. അവരുടെയൊക്കെ സന്തോഷകരമായ ഒരു അവകാശമല്ലേ നഷ്ടപ്പെടുന്നതു്? ഒരു കൂട്ടായ്മയും.

ഇനി കുറച്ചു് പിന്നാമ്പുറം.ഇത്ര glamour ഇല്ലാത്ത വേറേ ചിലതു കൂടി വേണമല്ലോ കല്യാണം ഭംഗി ആവാന്‍.കല്യാണം hall ല്‍ ആണെങ്കിലും, അതിഥികള്‍ കുറച്ചു് വീട്ടിലും ഉണ്ടാവുമല്ലോ. അവര്‍ക്കു ഭക്ഷണമെല്ലാം hallല്‍ നിന്നു കൊണ്ടുവരും. അവരൊക്കെ കഴിച്ച എച്ചിലില എടുക്കല്‍, plate കഴുകല്‍, മേശ തുടക്കല്‍, പാത്രം കഴുകല്‍ ഇതിനൊന്നും 'event management' കാരില്ല, ഇപ്പോഴും. നമ്മുടെ പാവം പെണ്ണുങ്ങളേയുള്ളൂ. അതിലൊരാളെ നമുക്കു രാധ എന്നു വിളിക്കാം.

ഇനി മുകളില്‍ പറഞ്ഞ കല്യാണം. ആഭരണം (സ്വര്‍ണ്ണം) - 80 പവന്‍, സ്ത്രീധനം അതിനനുസരിച്ചുണ്ടാവണം ക്രിത്യം എത്രയാന്നറിഞ്ഞൂടാ, beautician - 5000/-, മൊത്തം ചിലവു് 10-12 ലക്ഷം വരും. ഇവിടെയും ഉണ്ടായിരുന്നൂ, ഒരു രാധ. അവള്‍ക്കു 400 രൂപ കൊടുക്കണോ 500 രൂപ കൊടുക്കണോ എന്നു തര്‍ക്കം. എങ്ങിനെയുണ്ട്‌ കൂട്ടുകാരേ?

എഴുത്തുകാരി.

Tuesday, April 10, 2007

സന്മനസ്സുള്ളവര്‍ക്ക്‌ ഭൂമിയില്‍ സമാധാനം

പെസഹ വ്യാഴം. പതിവുപോലെ ഉറങ്ങാന്‍ കിടന്നു. രാത്രി 1 മണി. Phone bell അടിക്കുന്നു. എടുക്കുന്നതിനുമുന്‍പേ ഒരു ഉല്‍ക്കണ്ഠ. രാത്രി 12 മണിക്കുശേഷവും രാവിലെ 5-6 മണിക്കും മുന്‍പുള്ള phone call ഒന്നും അത്ര സന്തോഷ്ഗകരമാവാറില്ലല്ലോ. ഇതിനപവാദമാകുന്നതു്, ബുദ്ധിമുട്ടിച്ചേ തീരൂ എന്നു വാശിയുള്ള ചില സുഹ്രുത്തുക്കളാവും, രാത്രി 12 മണിക്കു തന്നെ Happy New Year ഉം Happy Birthday യും ഒക്കെ പറയുന്നവര്‍.

കഥയിലേക്കു തിരിച്ചുവരാം. ഫോണ്‍ എടുത്തു. നാട്ടില്‍ തന്നെ കുറച്ചകലെയുള്ള ഒരു അമ്മയാണ്. സംഭവം ഇതാണ്. അവരുടെ മകന്‍ ഒന്നോ രണ്ടോ ദിവസം മുന്‍പു് ഇറ്റലിയിലേക്ക് പോയിരുന്നു. തല്‍കാലം ആ മകനെ നമുക്കു രാജു എന്നു വിളിക്കാം. പോയതു് ജോലി അന്വേഷിച്ചാണ്. വിസിറ്റിങ്ങ് വിസയില്‍. പ്രായം 35. ഭാര്യയും2 മക്കളും ഉണ്ട്‌. അമ്മയും, സുഖമില്ലാത്ത അച്ചനും. ഈ രാജൂ ഒറ്റക്ക്‌ Germany യിലെ Munich Railway Station ല്‍ പെട്ടുപോയി. Train , miss ആയി എന്നാണ് പറയുന്നതു്. English കാര്യമായിട്ടറിയില്ല, German ഉം ഇല്ല. ആദ്യമായിട്ട്‌ പുറത്തേക്ക്‌ പോയതാണ്. രാജു വീട്ടിലേക്കു വിളിച്കു ഭാര്യയോട്‌ പറയുന്നൂ, എന്നെ എങ്ങിനെയെങ്കിലും ഇവിടെനിന്നു് ഒന്നു രക്ഷപ്പെടുത്തു എന്നു്. ചുരുക്കത്തില്‍, അവര്‍ പറയുന്നത് ഇതാണ് നിങ്ങളുടെ ഒരു close relative Germany യില്‍ ഇല്ലേ, അവനോട് വിളിച്ചു പറഞ്ഞു എന്തെങ്കിലും ചെയ്യൂ എന്നു്.

ഉടനേ വിളിച്ചു, Munich ലേക്ക്‌. Telephone card ല്‍ ആകെ ഉള്ളതു് 18 രൂപ. Mobile കിട്ടുന്നില്ല, വീട്ടിലെ phone ഉം കിട്ടുന്നില്ല. പക്ഷേ ഓരോ call നും 2 രൂപ വച്ചു കുറയുകയും ചെയ്യുന്നു. അങ്ങിനെ അങ്ങിനെ 6 രൂപ ആയി.

ഇതിനിടയില്‍ net ല്‍ ഉണ്ടോ എന്നും നോക്കുന്നുണ്ട്‌. പക്ഷേ എപ്പോഴും offline. രാതി 31/2 വരെ നോക്കി. നോ രക്ഷ. ഇവിടെ 31/2 ആയപ്പോള്‍ അവിടെ 12 മണി ആയിട്ടുണ്ടാവുമല്ലോ. ഉറങ്ങിയിട്ടുണ്ടാവും. ഇതിനിടയില്‍, പാവം രാജുവിന്റെ ഭാര്യയുടെ phone 5 മിനിട്ടില്‍ ഒരിക്കല്‍ വരുന്നുണ്ട്`. എന്തായി കിട്ടിയോ, കിട്ടിയോ എന്നു ചോദിച്ച്‌. രാജു അവിടെ ഒറ്റക്കാണെന്നു പറഞ്ഞ് കരയുന്നു. പക്ഷേ എനിക്കൊന്നും ചെയ്യാനില്ല, അവരോടൊന്നും പറയാനും കഴിയുന്നില്ല.

ഒന്നും സംഭവിക്കാതെ ആ രാത്രി കടന്നുപോയി, പിറ്റേന്നു് രാവിലെ ആയി, അതായതു് ദു:ഖവെള്ളി.ശരിക്കും ദു:ഖം തോന്നി.പാവം രാജുവിന്റെ ഭാര്യ‍ വീണ്ടും വിളിക്കുന്നു. കട തുറന്ന ഉടനേ പോയി telephone card വാങ്ങി വന്നു. രാജുവിനെ ഇവിടെനിന്നു contact ചെയ്യാന്‍ ഒരു മാര്‍ഗ്ഗവുമില്ല, ആളുടെ കയ്യില്‍ അതിനുള്ള ഫോണ്‍ സംവിധാനങ്ങള്‍ ഇല്ല. അവിടെനിന്നു വിളിക്കുമ്പോള്‍ കിട്ടുന്ന വിവരങ്ങളേയുള്ളു. അവസാനം രാജുവിന്റെ ഭാര്യ പറഞ്ഞു, ഇവിടത്തെ സമയം 12 മണിക്കു, ഇറ്റലിക്കു വീണ്ടുമൊരു train ഉണ്ട്. അതില്‍ രാജുവിനു് പോകാന്‍ പറ്റും എന്നു്. സമാധാനമായി. ഇനി പേടിക്കേണ്ടല്ലോ.


12 മണി കഴിഞ്ഞു. പക്ഷേ രാജുവിനു് ആ train ലും പോകാന്‍ പറ്റിയില്ല. എങ്ങോട്ട് പോകുന്ന train
ആണെന്നൊന്നും അറിയാന്‍ പറ്റുന്നില്ലത്രേ. വീണ്ടും അവര്‍ ഞങ്ങളെ വിളിച്ചു തുടങ്ങി, ഞങ്ങള്‍ Germany യിലേക്കും. അവസാനം പകല്‍ 1 മണിയോടുകൂടി, ഞങ്ങളുടെ 'close relative' നെ കിട്ടി.
ആകെ കൊടുക്കാനുള്ള information (ഭാര്യക്കു അറിയാവുന്നതു്) ചുവന്ന ഒരു തൊപ്പിയുണ്ട്‌, കയ്യിലൊരു bag ഉണ്ട്`, ഒരു പെട്ടിയുണ്ട്‌. ഏതു platform ആണെന്നോ, മറ്റൊന്നും അറിയില്ല. Munich പോലൊരു സ്ഥലത്തെ Railway station ല്‍ നിന്നു് (39 platform ഉണ്ടത്രേ അവിടെ) ഈ മിനിമം details വച്ചുകൊണ്ട്‌ എങ്ങിനെ ഒരാളെ കണ്ടുപിടിക്കും? അറിയില്ല.

നമ്മുടെ relative എന്തു ചെയ്തു? Information കിട്ടിയ ഉടനെ station ലേക്കു് പുറപ്പെട്ടു. (ഭാഗ്യത്തിനു് അയാളുടെ സ്ഥലത്തുനിന്നു് 20 മിനിറ്റ്‌ യാത്രയേ ഉള്ളുവത്രേ ഈ സ്റ്റേഷനിലേക്കു്). നമ്മുടെ നാട്ടിലെ ഉത്സവപ്പറമ്പുകളില്‍ കുട്ടികളെ കാണാതാവുമ്പോള്‍ ചെയ്യാറുള്ളതുപോലെയ്യുള്ള “വിളിച്ചുപറയല്‍” അവിടെ ഉണ്ടോ എന്നറിയില്ല, ഇനി അഥവാ, ഉണ്ടെങ്കില്‍ തന്നെ നമ്മുടെ രാജുവിനു മനസ്സിലാവുമോ എന്നും അറിയില്ല. പിന്നെ ചെയ്യാവുന്നതു` ഒന്നേയുള്ളു. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടി ഓടി അന്വേഷിക്കുക.

ഭാഗ്യത്തിനു് അഞ്ചാമത്തെ platform ല്‍ നില്‍ക്കുന്നു, നമ്മുടെ കഥാനായകന്‍.. രക്ഷകന്‍ അദ്ദേഹത്തെ കാണുന്നു, വീട്ടിലേക്കു കൊണ്ട്`പോകുന്നു, ഒരു ദിവസം അവിടെ താമസിച്ചു , അടുത്ത‍ ദിവസം ഇറ്റലിയിലേക്കു train കയറ്റി വിടുന്നു.

നാട്ടില്‍ അമ്മയും, അച്ചനും, ഭാര്യയും happy. അവര്‍ ഇപ്പോള്‍ ആ രക്ഷകനെ വിളിക്കുന്നതു് "ദൈവദൂതന്‍" എന്നാണ്. ഭാര്യ പറഞ്ഞതു് ദൈവദൂതനേപ്പോലെ ഈ രക്ഷകന്‍ വന്നില്ലായിരുന്നെങ്കില്‍, എന്റെ രാജു കഴിഞ്ഞേനേ എന്നാണ്.

അങ്ങിനെ 12 മണിക്കൂര്‍ നേരത്തെ operation, success.

ഒന്നോര്‍ത്തുനോക്കൂ, ആ മാനസികാവസ്ഥയില്‍, ഒരു രാത്രി മുഴുവന്‍, കേരളത്തിലെ കൊടും ചൂടില്‍നിന്നു പോയ ഒരാള്‍, അവിടെ 5-6 ഡിഗ്രി തണുപ്പില്‍, അതിനുള്ള തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ, ആരെങ്കിലും രക്ഷപ്പെടുത്താന്‍ വരുമെന്ന യാതൊരു ഉറപ്പും ഇല്ലാതെ, ശരിക്കു ഭക്ഷണം പോലും ഇല്ലാതെ കഴിച്ചുകൂട്ടുക.

അവസാനം അവര്‍ എന്റെ വീട്ടില്‍ വന്നു, രാജുവിനെ കണ്ടു chatting ഉം നടത്തി, അമ്മയും ഭാര്യയും സമാധാനമായി പോയി. സുഖമില്ലാത്ത അച്ചന്‍ അതിനുശേഷമാണത്രേ ഭക്ഷണം പോലും കഴിച്ചതു്.
അവര്‍ സമാധാനമായി , സന്തോഷമായി ദു:ഖവെള്ളിയാഴ്ചയുടെ പ്രദക്ഷിണത്തിലും പങ്കെടുത്തു.

ഈ ഈസ്റ്റര്‍ ദിവസങ്ങളില്‍, ഒരു നല്ല കാര്യത്തില്‍, ഒരു കണ്ണിയാവാനെങ്കിലും എനിക്കും കഴിഞ്ഞല്ലോ എന്നോര്‍ത്തു ഞാനും സന്തോഷിക്കുന്നു.


എഴുത്തുകാരി.

അടിക്കുറിപ്പു്: (1) പേര് മാത്രം സാങ്കല്പികം, ബാക്കിയെല്ലാം സത്യം.
(2) ഈ ദൈവദൂതനായി വന്ന രക്ഷകന്‍ identity വെളിപ്പെടുത്താന്‍ താല്പര്യം
ഇല്ലെന്നു പറഞ്ഞതുകൊണ്ട്` പേരു് പറയുന്നില്ല. എന്തായാലും ഒരു ബ്ലോഗര്‍ ആണ്.