Thursday, February 21, 2013

കുംഭത്തിലെ മഴയും പ്രകൃതിയുടെ വികൃതികളും....


രാത്രി  മഴ പെയ്തിരിക്കുന്നു.  വേനല്‍ മഴ. കുറേ നാളായി ഒളിച്ചു കളിക്കുന്നു.  വേനൽ ചൂടിന് ചെറിയൊരറുതി.  കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം എന്നല്ലേ. മാണിക്യമൊന്നും വേണ്ടാ. അങ്ങേയറ്റം ഇത്തിരി പൊന്നു മതി.  വേണ്ടവർക്കു കഴുത്തിലും കയ്യിലുമൊക്കെ ഇട്ടോണ്ടു നടക്കാല്ലോ!.

 അങ്ങിനെ എന്റെ ഭംഗി ചുളുവിലാരുമിപ്പോ ആസ്വദിക്കണ്ടാന്നു കരുതിയാണോ എന്തോ (മഴക്കും തുടങ്ങിയോ കുശുമ്പും കുന്നായ്മയും)  മഴ തുടങ്ങിയതു് രാത്രി രണ്ടു മണിക്കു്.  നേരം പുലരുന്നതുവരെ പെയ്തു.   എന്തിനാ അങ്ങനെ കരുതണേ അല്ലേ, ഈ വേനൽക്കാലത്ത് ആരും  കുട എടുത്തിട്ടുണ്ടാവില്ല, ആരേം ബുദ്ധിമുട്ടിക്കണ്ടാന്നു കരുതിയിട്ടും ആവാല്ലോ. അല്ലെങ്കിലും എന്റെ മനസ്സിലാ കുശുമ്പ്.

ശരി, രാവിലെ പറമ്പിലൊരു കറക്കം കറങ്ങാമെന്നു വച്ചിറങ്ങി.  മഴ കഴിഞ്ഞു  വെള്ളത്തുള്ളികളിറ്റു വീഴുന്ന സമയത്തെ നടത്തമാണെനിക്കിഷ്ടം. അതിനിടയിൽ കുശലം ചോദിക്കാൻ കയറിവന്ന  ചിലരതു മുടക്കി. നിങ്ങളിപ്പോ പോ, ഞാൻ മഴത്തുള്ളികളിറ്റു  വീഴുന്ന  മരങ്ങൾക്കിടയിലൂടെ
കുറച്ചുദൂരം ഒന്നു നടന്നോട്ടെ  എന്നൊക്കെ പറഞ്ഞാൽ, എഴുത്തുകാരിക്കു വട്ടാണെന്നു നാട്ടിൽ പരക്കാൻ അധിക നേരം വേണ്ടാ.   അതും വന്നതാരാണെന്നുവച്ചിട്ടാ.പരദൂഷണം കണ്ടുപിടിച്ച്  തൊഴിലാക്കിയ  രാഘവൻ നായരും.   മോഹമൊക്കെ ഞാൻ പെട്ടിയിൽ വച്ചു പൂട്ടി. അതാ ബുദ്ധി .

എന്റെ പറമ്പു വിസിറ്റ് തുടങ്ങിയപ്പോഴേക്കും ഇറ്റു വീഴാൻ വെള്ളമൊന്നും ബാക്കിയില്ല.. എല്ലാം കാറ്റും വെയിലും കൊണ്ടുപോയി.

അങ്ങനെ നടന്നുവന്നപ്പഴല്ലേ,  കണ്ടു, പ്രകൃതിയുടെ ചില വികൃതികള്‍.

ഒരു നാടന്‍ ചെമ്പരത്തിച്ചെടി. രണ്ടു തരം പൂക്കള്‍. പലയിടത്തും വെള്ള ചെമ്പരത്തി റോസ് ചെമ്പരത്തിയായി മാറി കണ്ടിട്ടുണ്ട്.  ഇതു് അതല്ല, നല്ല നാടന്‍ ചുവന്ന ചെമ്പരത്തിയും നാടന്‍ ക്രീം ചെമ്പരത്തിയും.  ആംഗ്ലോ ഇന്ത്യന്‍ അഛനും നാടന്‍ അമ്മക്കും ഉണ്ടായ മക്കള്‍ പോലെ. സംഭവം, റോഡിനപ്പുറത്തെ വീട്ടില്‍ ചുവപ്പും എന്റെ വീട്ടില്‍ ക്രീമും ഉണ്ട്. എന്നാലും ഇത്ര അകലേ നിന്നുകൊണ്ട് ഇവരിതെങ്ങിനെ സാധിച്ചെടുത്തു! അക്കരെയിക്കരെ നിന്നിട്ടാശ തീരാതെ ഏതോ ഒന്നു റോഡ് മുറിച്ച്‌  മതിലു ചാടി കടന്നിരിക്കും.  

ദാ മറ്റൊരു കള്ളക്കളി. ഇതു കണ്ടോ, ഒരു ഞെട്ടില്‍ രണ്ട് മൊട്ടുകള്‍.  വെറും ഇരട്ടകളല്ല, സയാമീസ് ഇരട്ടകള്‍.  ഒരു ഞെട്ടില്‍ വിടര്‍ന്ന പൂക്കളേപ്പോലെ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഞാനിതുവരെ കണ്ടിട്ടില്ല.   നാളെ കൊഴിഞ്ഞുപോവാനുള്ളതല്ലേ, ഓരോ പൂവിനും ഓരോ ഞെട്ടൊക്കെ കൊടുത്ത് ബുദ്ധിമുട്ടുന്നതെന്തിനാ? എളുപ്പപ്പണി, അല്ലാതെന്താ.  ജാതിച്ചെടിയുടെ ഇടയില്‍ ഒളിച്ചിരിക്കയായിരുന്നു. കയ്യിലുണ്ടായിരുന്ന മൊബൈല്‍ കൊണ്ട് അപ്പോ ക്ലിക്കി ഞാന്‍.


ഇനി പത്രഭാഷയില്‍ പറഞ്ഞാല്‍  ഒരു ഫയല്‍  ചിത്രം.  അതും കുറുമ്പിന്റെ തന്നെ. പപ്പായക്കകത്ത്  കശുവണ്ടി പോലെ വിത്തുകള്‍. അപ്പുറത്തൊരു കശുമാവുണ്ടായിരുന്നു. രണ്ടും തമ്മില്‍  കടുത്ത പ്രണയമായിരുന്നിരിക്കണം. 


വിഷുവിനു ഇനിയുമുണ്ട്  ഒന്നൊന്നരമാസം. പക്ഷേ നാട്ടില്‍ പൂക്കാത്ത ഒരു കൊന്നപോലുമില്ല. എല്ലാ കൊന്നമരത്തിലും നിറയെ സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍.  വിഷുവിങ്ങെത്താന്‍ തിരക്കായോ എല്ലാര്‍ക്കും?

വിഷുവിനു്  വല്ലതും ബാക്കി കാണുമോ? “ നീ പൂ പൊട്ടിക്കുമ്പോള്‍ ഒരിത്തിരി പൂ  ഇലയില്‍ പൊതിഞ്ഞു് വെള്ളം തളിച്ച് എനിക്കും കൂടി വച്ചേക്കണേ, അല്ലാ, അതു ഞാന്‍ പറയേണ്ട കാര്യമില്ല, നീ ചെയ്യുമെന്നറിയാം” എന്നു പറഞ്ഞേല്പിക്കുന്നവര്‍ക്കു കൊടുക്കാന്‍   ഒരിത്തിരി പൂ ബാക്കിയുണ്ടാവുമോ, ആവോ?

എഴുത്തുകാരി.

വാല്‍ക്കഷണം: ഫയല്‍ ചിത്രമെന്നു വച്ചാല്‍  എന്റെ പഴയ പോസ്റ്റുകളില്‍ കൊടുത്തിരുന്ന ചിത്രം റീ പോസ്റ്റുന്നു എന്നര്‍ത്ഥം.